സിപിഐ(എം) 2019ല്‍ അധികാരത്തില്‍ വന്നാല്‍ എന്ത് സംഭവിക്കും?

What will happen if CPI(M) comes to power in 2019?

2019ലെ പൊതുതെരെഞ്ഞെടുപ്പില്‍ സിപിഐ(എം) നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ വന്നാല്‍ എന്തൊക്കെ നയങ്ങളായിരിക്കും നടപ്പിലാക്കുക? നിലവില്‍ നിന്നും എന്ത് വ്യത്യാസമായിരിക്കും ആ സര്‍ക്കാര്‍ സൃഷ്ടിക്കുവാന്‍ പോകുന്നത്? ഇടതുബദല്‍ എന്താണ്? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സിപിഐ(എം)ന്റെ രാഷ്ട്രീയരേഖയില്‍ ഉള്ളത്. സിപിഐ(എം)ന്റെ ഇരുപത്തിരണ്ടാമത്തെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കുവാന്‍ പോകുന്ന കരട് രാഷ്ട്രീയനയത്തില്‍, സിപിഐ(എം) മുന്നോട്ട് വയ്ക്കുന്ന ഇടതുബദലിനെ സംബന്ധിച്ചുള്ള ഭാഗങ്ങളുടെ (2.113, 2.114) സ്വതന്ത്രമലയാളം പരിഭാഷയാണ് ചുവടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന  സാമ്പത്തിക-സാമൂഹിക-വിദേശനയങ്ങള്‍ക്ക് ബദലായി എന്താണ് സിപിഐ(എം) മുന്നോട്ട് വയ്ക്കുന്നതെന്ന് കരട് നയത്തിലെ ഈ ഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്. 2018 ഏപ്രില്‍ 18ന് ഹൈദരാബാദില്‍ വെച്ച് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസില്‍ ഈ ഭാഗം ഉള്‍പ്പടെയുള്ള രാഷ്ട്രീയപ്രമേയം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമമാക്കും.

നവലിബറല്‍, ബൂര്‍ഷ്വാ-ഭൂപ്രഭുനയങ്ങളുടെ  ബദലാണ്  ഇടതുപക്ഷ-ജനാധിപത്യ പദ്ധതി. തൊഴിലാളിവര്‍ഗം, കര്‍ഷകര്‍, ഗ്രാമീണത്തൊഴിലാളികള്‍, അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. വര്‍ഗസമരങ്ങളും ബഹുജനമുന്നേറ്റങ്ങളും കെട്ടിപ്പടുക്കുവാനും, ഇടതുപക്ഷ-ജനാധിപത്യ ബദല്‍ ഉയര്‍ത്തിക്കാട്ടി ഇടതുപക്ഷ ജനാധിപത്യശക്തികളെ പ്രവര്‍ത്തനസജ്ജമാക്കുവാനും മേല്പറഞ്ഞ വിശാലമായൊരു കൂട്ടം പ്രശ്നങ്ങളും ആവശ്യങ്ങളും മൂര്‍ത്തമാക്കേണ്ടതുണ്ട്.

ഈ പദ്ധതിയുടെ രൂപരേഖ ഇപ്രകാരമാണ്:

  1. മതനിരപേക്ഷത: മതത്തെയും ഭരണകൂടത്തെയും വേര്‍പെടുത്തണമെന്ന അടിസ്ഥാനതത്വത്തിലൂന്നിയുള്ള മതനിരപേക്ഷത ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കണം. മതപരവും ജാതീയവുമായ വര്‍ഗീയ-വിദ്വേഷപ്രചാരണങ്ങള്‍ നിയമവിരുദ്ധമാക്കുവാനുള്ള നിയനിര്‍മാണം നടത്തണം. ഭരണകൂടസ്ഥാപനങ്ങളില്‍ നിന്നും ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ നീക്കം ചെയ്യണം.

  2. ഫെഡെറലിസം: സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കിട്ടുന്ന തരത്തില്‍ കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ പുനഃസംഘടിപ്പിക്കണം. ഇതിനായി കണ്‍കറന്റ് ലിസ്റ്റ് പുതുക്കണം. ഭരണഘടനയുടെ 356-ാം അനുഛേദത്തിന് അനുയോജ്യമായൊരു ബദൽ  വ്യവസ്ഥ ഉണ്ടാകണം. ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ ഉടച്ചുവാര്‍ക്കണം. 370-ാം അനുഛേദം പുനഃസ്ഥാപിച്ച് ജമ്മു-കശ്മീരിന് പരമാവധി സ്വയംഭരണാവകാശം നല്‍കണം.

  3. ജനാധിപത്യം: പൗരരുടെ ജനാധിപത്യാവകാശങ്ങള്‍ വികസിപ്പിക്കണം. AFSPA, UAPA നിയമങ്ങള്‍ പിന്‍വലിക്കണം. ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്നും രാജ്യദ്രോഹത്തിനുള്ള വകുപ്പ് എടുത്ത് കളയണം. വധശിക്ഷ ഇല്ലാതെയാക്കണം. സാമ്പത്തിക ദുഃസ്വാധീനങ്ങള്‍ ഇല്ലാതെയാക്കുവാന്‍ തെരെഞ്ഞെടുപ്പ് പരിഷ്കരണം കൊണ്ടു വരണം. ഭാഗികപട്ടികാ സംവിധാനമുള്ള ആനുപാതികപ്രാതിനിധ്യസമ്പ്രദായം (Proportional Representation with Partial List System) കൊണ്ടുവരണം.

  4. സാമ്പത്തികനയവും വികസനവും

    1. സമതുലിതവും സ്വാശ്രയവുമായ വികസനം പ്രോല്‍സാഹിപ്പിക്കുവാന്‍ ആസൂത്രണം പുനഃസ്ഥാപിക്കണം. ഉല്പാദനശക്തികള്‍ വികസിപ്പിക്കണം, തൊഴിലവസരങ്ങള്‍ നിര്‍മിക്കണം, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ കുറയ്ക്കണം.

    2. അടിസ്ഥാനപരമായ ഭൂപരിഷ്കരണം  നടപ്പാക്കുകയും കാര്‍ഷികബന്ധങ്ങളുടെ ജനാധിപത്യപരമായ പരിവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യണം. സഹകരണകൃഷിയും വിപണനവും വികസിപ്പിക്കണം.

    3. സ്വകാര്യവല്‍ക്കരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനഃദേശീയവല്‍ക്കരിക്കണം. വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം എന്നിവയില്‍ നടപ്പിലാക്കിയ സ്വകാര്യവല്‍ക്കരണം പിന്‍വലിക്കണം. കുത്തകകളെ ഇല്ലാതെയാക്കണം. സമ്പത്തിന്റെ പുനഃവിതരണം ഉറപ്പാക്കുവാനുള്ള ധന-നികുതി നടപടികള്‍ കൈക്കൊള്ളണം. കള്ളപ്പണം ഇല്ലാതെയാക്കുവാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണം. സാമ്പത്തികധാരകളെ നിയന്ത്രണവിധേയമാക്കണം.

  5. തൊഴിലാളി വര്‍ഗത്തിന്റെ അവകാശങ്ങള്‍

    1. തൊഴിലാളി വര്‍ഗം: മാസം 18000 രൂപയില്‍ കുറയാതെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിയമപരമായി ഉറപ്പാക്കുകയും കൂലി ഉപഭോഗവിലസൂചികയുമായി ബന്ധപ്പെടുത്തുകയും വേണം. രഹസ്യബാലറ്റ് വഴി ട്രേഡ് യൂണിയനുകളുടെ അംഗീകാരം ഉറപ്പാക്കണം. തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷയും മാനേജ്‌മെന്റില്‍ തൊഴിലാളികളുടെ പങ്കാളിത്തവും ഉറപ്പാക്കണം. തൊഴിലുകളുടെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കണം.

    2. കര്‍ഷകർ: കാര്‍ഷികോല്പന്നങ്ങള്‍ക്ക് ഉല്പാദനച്ചെലവും അതിന്റെ അമ്പത് ശതമാനവും താങ്ങ് വിലയായി നല്‍കണം. ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുവാനുള്ള നടപടികളുണ്ടാകണം. ചെറുകിട-ഇടത്തരം കര്‍ഷകരുടെ മുഴുവന്‍ കടവും കേന്ദ്ര ഗവണ്‍മെന്റ് എഴുതിത്തള്ളണം. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നിര്‍ബന്ധിതവും അന്യായവുമായി കാര്‍ഷികഭൂമി പിടിച്ചെടുക്കുന്നതിനെതിരെ സംരക്ഷണം വേണം. കോര്‍പറേറ്റ് കൃഷിയും സ്വകാര്യവല്‍ക്കരണവും നിരോധിക്കണം.

    3. കര്‍ഷകത്തൊഴിലാളികൾ: കര്‍ഷകത്തൊഴിലാളികളുടെ കൂലിയും സാമൂഹികസുരക്ഷയും ഉറപ്പുവരുത്തുന്നതിന് കേന്ദ്രം നിയമനിര്‍മാണം നടത്തണം. ഗ്രാമീണത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കണം. തൊഴിലുറപ്പു പദ്ധതി വികസിപ്പിക്കുകയും കര്‍ശനമായി നടപ്പിലാക്കുകയും വേണം.

  6. ജനക്ഷേമം: ഭക്ഷണധാന്യങ്ങളെക്കൂടാതെ മറ്റ് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പൊതുവിതരണ സമ്പ്രദായം. എല്ലാവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം. മുതിര്‍ന്ന പൗരര്‍ക്ക് സാമൂഹികസുരക്ഷയും ആരോഗ്യപരിപാലനസംവിധാനങ്ങളും. സുരക്ഷിതമായ കുടിവെള്ളവും ശുചീകരണസംവിധാനങ്ങളും ഉറപ്പുവരുത്തും. നാഗരികദരിദ്രര്‍ക്ക് ഭവനങ്ങള്‍. ചെലവുകുറഞ്ഞ പൊതുഗതാഗതസംവിധാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. തൊഴിലെടുക്കുവാനും, വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനുമുള്ള അവകാശങ്ങള്‍ ഉറപ്പാക്കും.

  7. ലിംഗസമത്വം: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ എല്ലാ അതിക്രമങ്ങളും ഇല്ലാതെയാക്കുവാനും ഉത്തരവാദികളായവരെ ശിക്ഷിക്കുവാനും നടപടികള്‍ സ്വീകരിക്കും. തുല്യ ജോലിക്ക് തുല്യ കൂലി. ട്രാന്‍സ്ജെന്‍ഡെര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം.

  8. സാമൂഹിക നീതിയും പൗരാവകാശവും

    1. ദളിതര്‍: ജാതിവ്യവസ്ഥയും എല്ലാ തരത്തിലുമുള്ള ജാതിചൂഷണവും നിര്‍മാര്‍ജനം ചെയ്യണം. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും തൊട്ടുകൂടായ്മക്കുമെതിരെ കര്‍ശന ശിക്ഷ വേണം. നികത്തപ്പെടാതെ കിടക്കുന്ന സംവരണസീറ്റുകളും, സ്ഥാനക്കയറ്റങ്ങളും നികത്തണം. സ്വകാര്യമേഖലയില്‍ സംവരണം വേണം.

    2. ആദിവാസികള്‍: ആദിവാസികളുടെ ഭൂ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവരില്‍ നിന്നും നിയമവിരുദ്ധമായി അന്യാധീനപ്പെട്ട ഭൂമി തിരികെ കൊടുക്കുകയും വേണം. വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കണം. ചെറുകിട വനോല്പനങ്ങള്‍ക്ക് താങ്ങുവില നല്‍കണം. ആദിവാസി ഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടണം. അഞ്ചും ആറും ഷെഡ്യൂളുകളും PESAയും സംരക്ഷിക്കപ്പെടണം.

    3. ന്യൂനപക്ഷങ്ങള്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വെറുപ്പിലധിഷ്ഠിതമായ കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനശിക്ഷ നല്‍കണം. മുസ്ലിം സമൂഹത്തിന്റെ സാമൂഹികക്ഷേമത്തിനും ആരോഗ്യപരിപാലനത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രത്യേക സംവിധാനങ്ങളൊരുക്കണം.

    4. വൈകല്യങ്ങളുള്ള വ്യക്തികള്‍: തുല്യാവസരങ്ങളും തുല്യവേദികളും. പൊതുവിടങ്ങളും, ഗതാഗതസംവിധാനങ്ങളും, ആശയവിനിമയവും, വിനോദോപാധികളും തടസ്സരഹിതമായി പ്രാപ്യമാക്കണം.

    5. യുവജനങ്ങളുടെയും കുട്ടികളുടെയും അവകാശങ്ങള്‍: തൊഴിലെടുക്കാനുള്ള അവകാശം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കണം. യുവജനങ്ങളുടെ സമഗ്രമായ വികസനത്തിനുതകുന്ന കായിക-സാംസ്കാരിക-നൈപുണ്യ പരിശീലന സംവിധാനങ്ങള്‍ ഒരുക്കണം.

  9. വിദ്യാഭ്യാസം, ആരോഗ്യം & പരിസ്ഥിതി

    1. പൊതുവിദ്യാഭ്യാസ സംവിധാനം വികസിപ്പിക്കുകയും എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് സാധ്യമാക്കുന്ന തരത്തില്‍ അതിന്റെ നിലവാരം ഉയര്‍ത്തുകയും വേണം. വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ ചെലവ്, കുറഞ്ഞത് ജിഡിപിയുടെ ആറ് ശതമാനമായിട്ടെങ്കിലും ഉയര്‍ത്തുക. ശാസ്ത്രീയാവബോധവും മതനിരപേക്ഷതയും ഉറപ്പു വരുത്തുന്ന രീതിയില്‍ പാഠ്യപദ്ധതിയും വിഷയങ്ങളും പരിഷ്കരിക്കുക. സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഫീസും പാഠ്യപദ്ധതിയും നിയന്ത്രണവിധേയമാക്കുക.

    2. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഫണ്ട് ചെയ്യുന്ന തരത്തിലുള്ള, സൗജന്യ ആരോഗ്യപരിപാലനം ലഭ്യമാക്കുന്ന  ഒരു ദേശീയ ആരോഗ്യ സംവിധാനം വികസിപ്പിക്കുക. ഇത് സാധ്യമാക്കുവാന്‍ പൊതു ആരോഗ്യത്തിനുള്ള ചെലവ് കുറഞ്ഞത് ജിഡിപിയുടെ അഞ്ച് ശതമാനമായെങ്കിലും ഉയര്‍ത്തുക. സ്വകാര്യ ആരോഗ്യപരിപാലനസ്ഥാപനങ്ങളെ നിയന്ത്രണവിധേയമാക്കുക. അവശ്യ ഔഷധങ്ങളുടെ വില കുറയ്ക്കുക.

    3. ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും എല്ലാ മേഖലകളിലും ഫലപ്രദമായ നിയന്ത്രണങ്ങള്‍ വഴിയും ഊര്‍ജസംരക്ഷണം വഴിയും ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം കുറയ്ക്കുവാന്‍ നടപടികള്‍. പുനഃരുപയോഗ ഊര്‍ജം പ്രോല്‍സാഹിപ്പിക്കുക. ഊര്‍ജ അസമത്വം കുറയ്ക്കുക. നദികളിലേയും ജലാശയങ്ങളിലേയും മലിനീകരണം നിയന്ത്രിക്കുക.

  10. സംസ്കാരവും മാധ്യമങ്ങളും: വര്‍ഗീയവും നിഗൂഢമായ സ്വാധീനങ്ങളെ ചെറുക്കുവാന്‍ മതനിരപേക്ഷവും വിവിധാംശനിര്‍മിതവുമായ ഒരു സംസ്കാരം വികസിപ്പിക്കുക. നാടോടി കലകളും പാരമ്പര്യവും പരിപോഷിപ്പിക്കുക. എല്ലാ ദേശീയഭാഷകള്‍ക്കും തുല്യപദവി. പൊതുപ്രക്ഷേപണ സേവനങ്ങള്‍ ശക്തിപ്പെടുത്തുക. മാധ്യമങ്ങളുടെ cross-ownership അവസാനിപ്പിക്കുക. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ നിയന്ത്രണ അതോറിറ്റി.

  11. വിദേശനയം: അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിൽ നിന്നും പിന്മാറുക. സാമ്രാജത്യവിരുദ്ധവും സ്വതന്ത്രവുമായ വിദേശനയം.