വായനയ്ക്ക് മുന്‍പേ എരിഞ്ഞുതുടങ്ങിയ വേനല്‍താളുകള്‍

വിവേക് ചന്ദ്രന്‍ March 27, 2011

Image Credits: books.indulekha.com


ജുഫൈറിലെ കഥാകാരന്‍ അവസാനത്തെ വരിയും പറഞ്ഞു വിളക്കൂതി. എന്നിട്ടും ഞങ്ങള്‍ കുട്ടികള്‍ക്ക് ഉറക്കം വന്നില്ല. കാരണം, മധ്യാരണ്യഴിയുടെ പൊടിക്കാറ്റില്‍ ഞങ്ങളുടെ കണ്ണുകള്‍ തിളച്ച് ഒലിക്കുന്നുണ്ടായിരുന്നു. ഭ്രാന്ത് പിടിക്കാതിരിക്കാന്‍ ഒറ്റപെടുമ്പോള്‍ കഥയിലെ ആട്ടിടയന്‍ ഒരുവിട്ടിരുന്ന അര്‍ഥമില്ലാത്ത വാക്കുകള്‍ ഞങ്ങളുടെ തലയിണ അനക്കങ്ങളില്‍ നിന്നും കേട്ട് തുടങ്ങിയിരുന്നു. ചെമ്മരിയുടെ കടുത്ത ചൂരുള്ള ഗോതമ്പുമണികള്‍ ഞങ്ങളും സ്വപ്നത്തില്‍ തിരഞ്ഞു കൊണ്ടിരുന്നു. അന്ന് ആദ്യമായി കഥാകാരന്റെ രൂപത്തില്‍ വന്ന ഈസ നബിയെന്ന വലിയ ആട്ടിടയന്‍ ഞങ്ങള്‍ക്ക് നരകത്തിന്റെ പുതിയ പര്യായങ്ങള്‍ പറഞ്ഞു തന്നു.

ആടുജീവിതം നജീബിന്റെ മണല്‍ദിവസങ്ങളുടെ കഥയാണ്‌. ആകാശത്തിന്റെ ചുവന്ന പശ്ചാത്തലത്തില്‍ വെളിച്ചവേരുകളില്‍ കോര്‍ത്ത്‌ ഒട്ടിച്ചു നിര്‍ത്തിയ സൂര്യന് ചുവട്ടില്‍ ഞരമ്പുകള്‍ പൊങ്ങിയ പൊള്ളി തിളച്ച മുഖവുമായി നില്‍ക്കുന്ന നജീബ്... മണല്‍ മടക്കുകളില്‍ ഉണങ്ങിയ കുബ്ബൂസ് മോരികളും വാടി തുരുമ്പിച്ച വെള്ളവുമായി കല്പ്പാന്തങ്ങള്‍ താണ്ടി മണലാകാശത്തില്‍ വെള്ളിഞരമ്പുകള്‍ പുളയുന്നതും കാത്തു രാത്രികള്‍ രുചിച്ചു ചെമ്മരികൂട്ടങ്ങളില്‍ അരക്കെട്ടിലെ തിളചോലിക്കുന്ന സൂര്യനെ ഹോമിച്ച് അവധൂതനായ നജീബ്...

ആടുജീവിതം ഗ്രാമീണ മലയാളി അമ്പരപ്പുകളുടെ കഥയാണ്. ഗള്‍ഫ്‌ യുദ്ധം ഉയര്‍ത്തിയ അശാന്തിയുടെ പൊടികാറ്റുകള്‍ അസ്തമിച്ച ഇടവേളയിലെ സായന്തനങ്ങളിലോന്നില്‍ റിയാദില്‍ പറന്നിറങ്ങിയ നജീബിന്റെ അന്ധാളിപ്പുകളിലെക്ക് ഇടിച്ചു കയറുന്ന അര്‍ബാബ് അയാളെ യാത്രക്ക് ക്ഷണിക്കുന്നു. രാത്രിയുടെ തൂവലിന്‍ കീഴില്‍ ആറിതണുത്ത മരുഭൂമിയിലൂടെയുള്ള അവരുടെ മടുപ്പിക്കുന്ന യാത്ര അവസാനിക്കുന്നത്‌ ഒരു കൂറ്റന്‍ മസ്രയ്ക്ക് 1 മുന്നിലാണ്. അവിടെ വെച്ച് നജീബ് പരിചയപ്പെടുന്ന വലിയ അരപ്പട്ട കെട്ടിയ പഴയ ആട്ടിടയന്റെ എല്ലിച്ചു ജടപിടിച്ച ഭീകരരൂപം അയാള്‍ക്ക് തന്നെ കാത്തിരിക്കുന്ന വിധിയുടെ സ്വഭാവികാമായ പരിണാമം വെളിവാക്കുന്നു. (ഇയാള്‍ നജീബിന് തന്റെ വരാനിരിക്കുന്ന നാളുകളിലേക്ക് പിടിച്ച ദൂരദര്‍ശിനിയാണ്.) അതുകൊണ്ട് തന്നെ പിന്നീടൊരിക്കല്‍ ഭീകരരൂപി മസ്രയില്‍ നിന്നും രക്ഷപെട്ടെന്നു തിരിച്ചറിയുമ്പോള്‍ നജീബ് തലയറഞ്ഞു ചിരിക്കുന്നു. (മസ്രയുടെ പിന്‍മുറ്റത് നിന്നും പിന്നീട് അയാള്‍ പൊടിമണ്ണില്‍ പുതഞ്ഞു കിടക്കുന്ന വലിയ അരപ്പട്ട കെട്ടിയ എല്ലിന്‍കൂടം കണ്ടെടുക്കുന്നുണ്ട്.) പതിയെ നജീബ് സ്വന്തം ജീവിതവുമായി സമരസപെട്ടു തുടങ്ങുമ്പോഴും അനുഭവങ്ങളോടുള്ള അമ്പരപ്പ് കലര്‍ന്ന പ്രതികരണം അയാളുടെ അനുഭവസാക്ഷ്യങ്ങളെ മരണത്തിനും അതീതമായ പീഡന പര്‍വങ്ങളിലൂടെ കടന്ന് പോയ മലയാളി യൌവ്വനത്തിന്റെ ദിനസരിപുസ്തകത്തിലെ വരികളില്‍ കടന്നുകൂടാനിടയുള്ള വിരസതയില്‍ നിന്നും മോചിപ്പിക്കുന്നു. പിന്നീടൊരു രാത്രിയില്‍ മരുഭൂമിയില്‍ മഴ തുടങ്ങുന്നു. ഇടിമിന്നലുകള്‍ ഭയന്ന് കട്ടിലില്‍ കൂനിയിരിക്കുന്ന അര്‍ബാബിനു2 മുന്നിലൂടെ തലവെട്ടി അലറുന്ന മഴപെയ്തിലേക്കിറങ്ങി നടന്നു രക്ഷപ്പെടാമായിരുന്നെങ്കിലും നജീബ് അമ്പരപ്പിന്റെ ചതുപ്പുകളില്‍ കുടുങ്ങി അവസരങ്ങള്‍ സ്വയം നഷ്ടപ്പെടുത്തുന്നു. പിന്നെയും ഭ്രാന്ത് പിടിപ്പിക്കുന്ന നൈരന്തര്യത്തിന്റെ രാപ്പകലുകള്‍ ... അടുത്ത മസ്രകളില്‍ തടവിലാക്കപെട്ടവരുമായുള്ള ആശയവിനിമയം നജീബില്‍ അണഞ്ഞു തുടങ്ങിയ വിമോചനത്തിന്റെ കനലുകള്‍ പതിയെ ആളി കത്തിക്കുന്നു. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച്‌ അവര്‍ മരുഭൂമിക്ക് കുറുകെയുള്ള യാത്ര തുടങ്ങുമ്പോള്‍ പ്രതിനായക വേഷത്തിലേക്ക് അര്‍ബാബ് എന്ന വെറും മരുജീവിക്ക് പകരം പ്രകൃതി എന്ന അളവില്ലാത്ത ശക്തി സ്വയം പ്രതിഷ്ഠ നേടുന്നു. അതിജീവനത്തിന്റെ പൊള്ളുന്ന മണല്‍വഴികള്‍ താണ്ടുന്നതിനിടയില്‍ ഭ്രാന്തിന്റെ ഞെരിവട്ടങ്ങളില്‍ കുടുങ്ങി ഒറ്റപ്പെട്ടുപോകുന്ന നജീബ് അവസാനം നഗരത്തിന്റെ പുറമ്പോക്കിലെ മലയാളി അഭയങ്ങളിലെത്തി തളര്‍ന്നു വീഴുന്നു. (ഇവിടെ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുമായി നിങ്ങള്‍ അവസാനത്തെ അധ്യായത്തില്‍ എത്തുന്നു.) ജയിലില്‍ പത്താക്ക ഇല്ലാത്തവരെ പാര്‍പ്പിക്കുന്ന സെല്ലില്‍ നാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം കണ്ടു കിടക്കുന്ന നജീബിന് മുന്നില്‍ അര്‍ബാബ് വീണ്ടും അവതരിക്കുന്നു. പക്ഷെ, ഇത്തവണ അയാള്‍ നജീബിനെ തിരിച്ചറിയുന്നില്ല. വിചിത്രമായ ഈ പ്രതികരണത്തിന് അര്‍ബാബ് കൊടുക്കുന്ന മറുപടിയാണ് ആടുജീവിതത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വരികള്‍ .

മനുഷ്യന്‍ തന്റെ ജീവന് കൊടുക്കുന്ന ഏറ്റവും കൂടിയ മതിപ്പ് ആടുജീവിതത്തിലെ നജീബിലൂടെ വെളിവാകുമ്പോള്‍ അതിനു കാരണമാകുന്ന അശുദ്ധ രക്തത്തിന്റെ കൈവഴികളില്‍ ഉറഞ്ഞുകൂടിയ മനുഷ്യത്വമില്ലായ്മയും ചര്‍ച്ച ചെയ്യപ്പെടുന്നു. കമ്പോളം ഭരിക്കുന്ന സമൂഹങ്ങളിലെ അര്‍ബാബ്മാരിലൂടെ കൈമാറപ്പെടുന്ന ഈ അശുദ്ധ രക്തത്തിന്റെ തിരയിളക്കം നമ്മുടെ ക്യുബിക്കിളുകളിലെ വര്‍ക്ക്‌ സ്റ്റേഷന്‍റെ മടുപ്പിക്കുന്ന രാത്രി വെളിച്ചങ്ങളിലും നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ തോന്നൂറിന്റെ ആദ്യപാദത്തിലെ ഗള്‍ഫ്‌ പശ്ചാത്തലമാക്കി എഴുതിയ നോവലിന് ഇന്നും പ്രസക്തി കൈവരുന്നു. അതിജീവനത്തിന്റെ കാത്തിരിപ്പ്‌വര്‍ഷങ്ങള്‍ പ്രമേയമാകുന്ന ഒരുപാട് രചനകളില്‍ നിന്നും ആടുജീവിതം വേറിട്ട്‌ നില്‍ക്കുന്നത് വിമോചനം വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുക്കാന്‍ മറന്നു പോയ കഥാനായകന്റെ ദൈന്യത കൊണ്ട് മാത്രമാവില്ല, അത് തരുന്ന തിരിച്ചറിവുകള്‍ കൊണ്ട് കൂടിയാവും... കടുത്ത ഏകാന്തതയിലും വിമോചനത്തിന്റെ വരികള്‍ക്ക് ജീവിതസക്തിയെകാള്‍ തെളിച്ചമില്ല എന്ന് വെളിവാക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ നമ്മള്‍ അറിയുന്നു, മനുഷ്യന്‍ തനിക്ക് തുല്യത അനുഭവിക്കുന്ന കൂട്ടായ്മയുടെ സാനിധ്യത്തില്‍ മാത്രമാണ് വിമോചനത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുന്നത്, സ്വതന്ത്ര്യം ഒരു സാമൂഹിക ആര്‍ഭാടം മാത്രമാണെന്ന്. ചിത്രകഥാ പുസ്തകത്തിന്റെ ഇടതാളുകളിലെ സമസ്യകളിലേത് പോലെ ഒരറ്റത്ത് വരച്ചിട്ട മസ്രക്ക് മുന്നില്‍ നില്‍ക്കുന്ന നജീബിന്റെ ചിത്രത്തില്‍ നിന്നും ചെറുകുടലിനെ ഓര്‍മിപ്പിക്കുന്ന അനേകം പിരിവുകള്‍ ഉള്ള വഴിയിലൂടെ പുറത്തെ മരുപച്ചകളിലെക്ക് എത്താനുള്ള 'വഴി വരയ്ക്കാന്‍' തയ്യാറാവുന്ന ഇബ്രാഹിം ഖാദിരി എന്ന സോമാലിയന്‍ യുവാവില്‍ ചെറിയൊരു അളവ് വരെയെങ്കിലും ദൈവീകത്വം ആരോപിക്കപെടുന്നുണ്ട് . മരുഭൂമിയുടെ കനിവില്ലായ്മയില്‍ നിന്നും, ഭ്രാന്തിനോളം എത്തുന്ന ദാഹത്തില്‍ നിന്നും നജീബിനെ രക്ഷിച്ചെടുത്ത്‌ മോചനത്തിന്റെ അവസാനത്തെ മൈല്‍കുറ്റിയില്‍ ഇരുത്തി അപ്രത്യക്ഷനാവുന്ന ഖാദിരിയെ നജീബിന്റെ പിടിവിട്ടു തുടങ്ങിയ മനസ്സിന്റെ maifestations ആയിട്ട് കാണുമ്പോള്‍ ഒരു പക്ഷെ യാദ്രിശ്ചികതയുടെ ഒരു അദ്ധ്യായം തന്നെ നമുക്ക് പൊറുക്കാന്‍ സാധിക്കും.

വിദേശമണ്ണില്‍ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെയും ചെറുസമൂഹങ്ങളുടെയും രീതി-വൈചിത്ര്യങ്ങളും അതിജീവനവും കഥകളായി പരിണമിക്കുന്ന ഒരു രീതി ഇതിലൂടെ പരിചയിച്ചു തുടങ്ങുന്ന കഥാകൃത്ത്‌ പിന്നീട് ആ മേഖലയില്‍ ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ് (ഇ.എം.എസ്സും പെണ്‍കുട്ടിയും, അദീസ് അബാബ etc.) . ആടുജീവിതത്തില്‍ നജീബിന്റെ പൊട്ടുവര്‍ത്തമാനങ്ങളിലൂടെ ഉഷ്ണമേഖലയിലെ തീതുള്ളികളെ ഒരു ജാലക പാളിക്ക് അപ്പുറത്ത് നിര്‍ത്തി നമുക്ക് പരിചയപ്പെടുത്തിയ ബെന്യാമിന്‍-ശൈലിക്ക് കൂടുതല്‍ അടുപ്പം വാക്കെഴുതിന്റെ പുതിയ സങ്കേതമായ ബ്ലോഗുകളില്‍ കണ്ടുവരാറുള്ള "പച്ച മലയാള" തോടാണ്. അത് തന്നെയാണ് നിങ്ങളുടെ തൊട്ടടുത്ത ബര്‍ത്തില്‍ യാത്ര ചെയ്യുന്ന ഏതൊരു സഹായാത്രികന്റെയും കാരിയര്‍ ബാഗിലെ സൈഡ് സിബ്ബില്‍ കാണാന്‍ ഇടയുള്ള ഒരു പുസ്തകമായി 'ആടുജീവിത'തിനെ മാറ്റുന്നതും.

  • 1. മസ്ര - ആട്ടിടയന്റെ താവളം
  • 2. അര്‍ബാബ് - രക്ഷകന്‍ (അനേകം മസ്രകളുടെ ഉടയോന്‍)
aadujeevitham, benyamin, novel, Literature, Review, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ഇത് നജീബിന്റെ മാത്രം ജീവിതമല്ല.

ആടുജീവിതം നജീബിന്റെ മാത്രം കഥയല്ല. ബെന്യാമിൻ കണ്ടെത്താത്ത ഇപ്പോഴും മസറകളിൽ നജീബിനേക്കാൾ വേദനതിന്നുന്ന ഒരു പാട് നജീബുമാരുടെ ജീവിതം കൂടിയാണ്. ശീതികരണിയുടെ തണുപ്പിലും , സുഖങ്ങളിലും മുഴുകുമ്പോഴും വളരെ ദൂരത്തല്ലാതെ ഇത്തരം ജീവിതങ്ങളും ഉണ്ടാവും എന്ന് ഞങ്ങളെ കാണിച്ചു തരുകയും , അത് ഒരു നെരിപ്പോടു പോലെ ഊതി കത്തിക്കുകയും ചെയ്യുന്നു ആടുജീവിതം.