അമ്മയറിയാന്‍

സിബില്‍കുമാര്‍ ടി ബി November 1, 2010

മുകളില്‍ ബൊളീവിയയുടെ നിലാവ്. താഴെ ഞാന്‍ ഒറ്റയ്ക്കാണ്. എന്നെ ഒറ്റയ്ക്കാക്കുന്നതില്‍ അമ്മയ്ക്കെന്നും ഭയയമായിരുന്നു. ഇന്ന് അമ്മ ഭയക്കേണ്ടതില്ല. ഈ കൊടുംകാട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ശക്തി അമ്മയ്ക്കൂഹിക്കാവുന്നതിലും അപ്പുറമാണ്. ആ ശക്തി എല്ലാ ഭയങ്ങളും എന്നില്‍ നിന്നകറ്റുന്നു. ഒന്നു മാത്രം അമ്മയെ വിഷമിപ്പിച്ചേക്കാം. എന്നും എനിക്കു കൂട്ടായി അമ്മക്ക് ധൈര്യം പകര്‍ന്ന അമ്മയുടെ പ്രിയപുത്രന്‍ ഷിക്കോവ് ഇന്നെന്റെയൊപ്പം ഇല്ല.

ഈ കാട് ഞങ്ങള്‍ ഓടിക്കയറുകയായിരുന്നു. അപ്രതീക്ഷിതമായി എവിടെ നിന്നൊക്കെയോ കേട്ട വെടിയൊച്ച മഴക്കാടിന്റെ ഇരുട്ടിലേക്ക് ഞങ്ങളെ ഓടിക്കുകയായിരുന്നു. ചെറിയ ചെറിയ പാറകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് മറിഞു വീണ മരങ്ങളും കടന്ന്... ഒന്നും ഞങ്ങള്‍ക്ക് തടസ്സമായിരുന്നില്ല. തിങ്ങി നിറഞ്ഞ മരങ്ങളോ, മഴക്കാട്ടിലെ ചെന്നായ്ക്കളോ, അമ്മയെ "അലിഡ" പാഠപുസ്തകത്തില്‍ നിന്നു വായിപ്പിചു കേള്‍പ്പിച്ച ബൊളീവിയന്‍ മഴക്കാട്ടിലെ വിഷപാമ്പുകളോ ഞങ്ങള്‍ക്കെതിരായിരുന്നില്ല. പകലും രാത്രിയും ഞങ്ങള്‍ക്കു പകലായി അനുഭവപ്പെട്ടു. ഒടുവില്‍ കാലുകള്‍ കിതച്ചു തുടങ്ങിയപ്പോള്‍ മഴക്കാട് രക്ഷയ്‌ക്കെത്തി. മഴക്കാടിന്റെ അനുഗ്രഹമായി നീണ്ടു നിന്ന മഴ ഞങ്ങളെ രക്ഷിക്കുകയായിരുന്നു. വെടിയൊച്ചക്കു മേലെയായി മഴയൊച്ച വന്നപ്പോള്‍ വെടിയൊച്ച താനെ ഇല്ലാതായി, മുഖത്ത് കുത്തിക്കൊള്ളുന്ന മഴത്തുള്ളികള്‍ക്കും മഴയ്ക്കിടയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്ന കാറ്റിനും എതിരെ മഴക്കാടിന്റെ ഉള്ളിലേക്കു ഞങ്ങള്‍ പിന്നെയും ഓടി. വെടിയൊച്ച ഇനി ഞങ്ങളെത്തേടിയെത്തില്ല എന്നുറപ്പായപ്പോള്‍ പാറകള്‍ക്കിടയിലിരുന്ന് ഞങ്ങള്‍ കിതച്ചു.

അമ്മയെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം പറയട്ടെ. അമ്മയുടെ മടിത്തട്ടു മുതല്‍ ക്യൂബയുടെ മന്ത്രിക്കസേര വരെ എന്നെ പിന്‍തുടര്‍ന്ന അമ്മയുടെ ദുഖമായിരുന്ന് എന്റെ ആസ്‌ത്മാ രോഗം ഈ ബൊളീവിയന്‍ കാട്ടില്‍ എന്നില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. കിതപ്പിനിടയില്‍ അവന്‍ അമ്മയെക്കുറിച്ചു ചോദിച്ചു. അമ്മയോടോ ഫിദലിനോടോ ഒന്നും പറയാതെ ക്യൂബ വിട്ടത് അമ്മയെ ദുഖിപ്പിക്കുമെന്ന് അവര്‍ ശങ്കിക്കുന്നു. അവന്റെ സംശയം എന്നെ പൊട്ടിച്ചിരിപ്പിക്കുമെന്ന് തോന്നി. മുലപ്പാലിനൊപ്പം അമ്മ എനിക്ക് പറഞ്ഞു തന്നത് വെനിസ്വേലയിലെ തേയിലത്തോട്ടങ്ങളില്‍ നരകിക്കുന്ന മനുഷ്യരുടെ കഥകളായിരുന്നു. വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത് അമ്മയുടെ മുന്നില്‍ ആഹ്ലാദത്തോടെ നിന്ന എന്നെ ആദ്യമായി അമ്മ ഓര്‍മ്മിപിക്കുന്നത് ലാറ്റിനമേരിക്കയില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്ന ചൂഷണം എന്ന രോഗത്തെക്കുറിച്ചും ആ വിഷം കുത്തിവെച്ച കാലന്‍ കഴുകന്മാരെക്കുറിച്ചുമായിരുന്നു. അവനെ ഞാനോര്‍മ്മിപ്പിച്ചു വെനിസ്വേലയും ബൊളീവിയയും ആ കാലന്‍ കഴുകന്റെ കാലുകള്‍ക്കിടയില്‍ പിടയുമ്പോള്‍ ആ അമ്മ ആഗ്രഹിക്കുന്നത് ക്യൂബന്‍ അധികാരക്കസേരയില്‍ കുളിര്‍കാറ്റേറ്റിരിക്കുന്ന മകനെയായിരിക്കില്ല.

ഒരു ദുഖം എന്നെ അലട്ടുന്നുണ്ട്. അത് അമ്മയെയും അലട്ടുന്നുണ്ടാവം. ഞാന്‍ ഫിദലിനോട് പിണങ്ങി ക്യൂബ വിട്ടതാണെന്നു വാര്‍ത്തകള്‍ പ്രചരിക്കുന്നതായി കേള്‍ക്കുന്നു. അമ്മ അത് വിശ്വസിക്കില്ല എന്നെനിക്കറിയാം. എനിക്കെങ്ങനെയാണ് എന്റെ ഫിദലിനോട് പിണങ്ങാനാവുക. ഫിദല്‍ എനിക്കു മിത്രം മാത്രമല്ല, ഗുരുവുമാണ്. നീണ്ട കാലം കൊണ്ട് തളര്‍ത്തപ്പെട്ട ക്യൂബയെ കൈ പിടിച്ചുയര്‍ത്തുവാന്‍ ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുകയാണ് എന്റെ മിത്രം ഫിദല്‍. ഞാനും ഫിദലിനു ഒരു താങ്ങായി അവിടെ ഉണ്ടാവണമായിരുന്നു. പക്ഷെ ബൊളീവിയ...

അമ്മേ.. ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. അകലെ നിന്ന് ഒരു കാട്ടുപക്ഷിയുടെ മനോഹരശബ്ദം, ബൊളീവിയയുടെ മോചനം അടുത്തിരിക്കുന്നു. മഴ അവസാനിച്ചു. ചെറിയ ചാലുകളായി അരുവി ഒഴുകുകയാണ്. ആ ശബ്ദത്തിനിടയിലൂടെ പിന്നെയും വെടിയൊച്ചകള്‍ കേട്ടു തുടങ്ങി. ഇനി കയറുവാനുള്ളത് വഴുക്കലുകള്‍ പിടിച്ച പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആണ്. ഏതു സമരത്തിനും അവസാനം നമുക്ക് കടക്കുവാനുള്ളത് ഒരു വലിയ കടമ്പയായിരിക്കും. അത് കഴിഞ്ഞാണല്ലോ നമ്മുടെ വിജയവും. അമ്മ അന്ന് പറഞ്ഞു തന്നത് ഞാനോര്‍ക്കുന്നു. വഴുക്കലുകള്‍ വീണ ഈ പാറക്കൂട്ടങ്ങള്‍ ഓടിക്കയറുമ്പോള്‍... എനിക്ക് മറയായ് ഷിക്കോവ് എന്റെ പിന്നില്‍ തന്നെ തുടരുന്നതായി തോന്നി. അവന്റെ ചുവടുകള്‍ നോക്കതെ എന്റെ കാലുകള്‍ വഴുതുന്നുണ്ടോയെന്നവന്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ ചുവടുകള്‍ തെന്നുമ്പോള്‍... ഞാന്‍ വീഴാതിരിക്കാന്‍ അവന്റെ കൈകള്‍ പലപ്പോഴായി സഹായത്തിനെത്തി. ഒടുവില്‍ വെടിയൊച്ചകള്‍ അടുത്തടുത്തു വന്നു. പാറക്കൂട്ടങ്ങള്‍ പിന്നെയും വലുതായ്, ഞങ്ങള്‍ക്കിടയില്‍ മറയായ് വന്നു. ഒടുവില്‍ അവന്‍ പറഞ്ഞു. "ചെഗുവേരാ... നീ തിരിഞ്ഞു നോക്കാതെ ഓടുക" അവന്‍ പറയുന്നത് ആവശ്യമാണ്. ഞാന്‍ അവനോട് പറഞ്ഞു. "ഷിക്കോ... നീ എന്നെയും കാക്കേണ്ടതില്ല... നീയും എവിടെയെങ്കിലും പോയൊളിക്കുക..." പിന്നെ വലുതായ് വരുന്ന പാറകള്‍ക്കിടയിലൂടെ നേര്‍ത്തു നേര്‍ത്തു ഉത്ഭവത്തിലേക്കടുക്കുന്ന അരുവികളില്‍കൂടി പിന്നെയുമ് ഞങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലും അവന്റെ കാലൊച്ച ഞാന്‍ ചെറുതായി കേട്ടു. ഓടുവില്‍ ഞങ്ങള്‍ക്കിടയില്‍ പാറകള്‍ ഒരുപാട് അകലം സൃഷ്ടിച്ചു. പിന്നെ അവന്റെ കാലൊച്ച നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയായി.

ഇവിടെ ഞാന്‍ വെറുതെ ഇരിക്കുകയാണ്. ഈ മഴക്കാട്ടില്‍ നിലാവുദിച്ചിരിക്കുന്നു. ഷിക്കോവ് എവിടെ എത്തി എന്നെനിക്കറിയില്ല. പാറകള്‍ക്കിടയില് കേട്ട വെടിയൊച്ചക്കു പിന്നാലെയായി കേട്ടത് അവന്റെ അലര്‍ച്ചയാണെന്നു ഞാന്‍ എങ്ങനെ വിശ്വസിക്കും? അവനേതായലും എന്നെ തേടിയെത്തും. ഈ മരച്ചുവട്ടിലിരുന്ന് ഞാന്‍ ഏറെ നേരം അവനെ കുറിച്ചു ചിന്തിച്ചു. അവന്‍ പറയുമായിരുന്നു, "ചിന്തിക്കുമ്പോള്‍ നീ എല്ലാവരെക്കുറിച്ചും ചിന്തിക്കുക" എന്റെ ചിന്തകള്‍ വരെ അവനെ അനുസരിക്കുകയായിരുന്നു. ചന്ദ്രന് പിന്നെയും പ്രകാശം വര്‍ദ്ധിക്കുന്നു. ഈ നിലയില്‍ ഈ മരത്തിനു മുകളില്‍ ഉറങ്ങുന്ന പക്ഷികളെ കാണാം. എല്ലാവരും ഉറക്കത്തിലാണ്. പലതരം പക്ഷികള്‍. അവയെല്ലാം ആ കാണുന്ന കൊമ്പിലെ പഴങ്ങളായിരിക്കും ഭക്ഷിക്കുന്നത്. രാത്രി പലതരം പക്ഷികള്‍ ഒരേ കൊമ്പില്‍ ഉറങ്ങുന്നത് പോലെ പകല്‍ അവക്കെല്ലാം ഒരേ കുലയില്‍ നിന്ന് ഭക്ഷിക്കാം. അതെല്ലാം അവര്‍ക്ക് തുല്യമായി അവകാശപ്പെട്ടതായിരിക്കും. അതോ ഓരോ പഴക്കുല ജനിക്കുമ്പോഴും അതു എന്റേത് എന്നവര്‍ വീതിച്ചെടുക്കുമോ? അങ്ങനെ ഒരിക്കലും ആയിരിക്കില്ല. ആ മരം അവര്‍ക്കുള്ളതാണ്. ആ മരത്തിന്റെ ചില്ലകളില്‍തന്നെ അവര്‍ കൂട് കൂട്ടുന്നു. നമ്മള്‍ മാത്രമെന്തേ ഇങ്ങനെ ആയി? ഈ നാട് നമുക്കുള്ളതല്ലേ? അതിലുള്ളതെല്ലാം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതല്ലേ? നമ്മള്‍ നമ്മളെ രാജ്യത്തിനായി നല്കുമ്പോള്‍ നമുക്കുള്ളതെല്ലാം രാജ്യം നല്കില്ലേ? നമ്മുടെ രാജ്യവും എന്നാണ് ഈ മരം പോലെയാവുക? എല്ലാവരോടും തുല്യമായി നീതി കാണിച്ച്,.. എല്ലാവര്‍ക്കും ഭക്ഷണം നല്കി കൂടു കൂട്ടാന്‍ ഇടം കൊടുത്തു...

എനിക്കെന്നാണ് തിരിച്ചെത്തുവാന്‍ കഴിയുക എന്ന് നിശ്ചയമില്ല. വന്നാല്‍ തന്നെയും എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞു അമ്മയ്ക്കും "കുട്ടികള്‍ക്കുമായി" ജീവിക്കണം എന്ന ആഗ്രഹവും ഇപ്പോള്‍ അവശേഷിക്കുന്നില്ല. അമ്മയും അങ്ങനെ പ്രതീക്ഷിക്കുന്നുണ്ടാവില്ലല്ലോ. കഴിയുന്നതെല്ലാം നമ്മള്‍ രാജ്യത്തിനായി ചെയ്യുക. രാജ്യം നമുക്ക് വേണ്ടതെല്ലാം നല്കും. ഞാനും അതു പോലെ ചെയ്യുന്നു. ഫിദലിന്റെ കത്തുകള്‍ എന്നെ തേടിയെത്താറുണ്ട്. അനയുടെ വിശേഷങ്ങള്‍ എഴുതുമ്പോള്‍ ആ വിപ്ലവകാരിയും അമ്മയുടെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ഒരു കുട്ടിയെപ്പോലെ എനിക്കു അനുഭവപ്പെടുന്നു. സാമ്രാജ്യത്വവാദികള്‍ ബൊളീവിയയില്‍ രക്തം വീഴ്ത്തിത്തുടങ്ങി. ഇനിയെത്തുന്ന പെസഹക്കു അവര്‍ കുടിക്കുവാന്‍ ഏറെ കൊതിക്കുന്നത് എന്റെ രക്തമായിരിക്കും. എന്റെ ആയുധത്തിനും ഇനി വിശ്രമമില്ല. ഒന്നെനിക്കുറപ്പുണ്ട്. എന്റെ തിരിച്ചുവരവ് എത്ര വൈകിയാലും "കാസ്ട്രോ"യും "ക്യൂബ"യും അമ്മക്കൊപ്പം എന്നുമുണ്ടാവും. "അലിഡ" മാനിഫെസ്റ്റോയുടെ താളുകള്‍ മറിച്ചു തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. അമ്മയെ ക്യൂബ രക്ഷിക്കും എന്ന വിശ്വാസത്തോടെ...

  • ചെഗുവേര
Che, Fiction, Literature, Commons, Struggles Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ÙãÆÏ çÍƵ¢...

ÙãÆÏ çÍƵ¢...

മലയാളത്തില്‍ എഴുതാനായിരുന്നോ ശ്രമം?

ഒന്നും വായിക്കാന്‍ പറ്റുന്നില്ല. തുടക്കക്കാര്‍ക്കു മലയാളത്തില്‍ എഴുതാന്‍ ഒരു എളുപ്പവഴി പറയാം - Take gmail. Choose malayalam from the language button. Then write Malayalam words in English, as how we usually write. The transliterary feature will convert it in malayalam.

Vaayikkan oru sukham

Vaayikkan oru sukham und...ithil njan ettavum ishtapedunna vari "ഇനിയെത്തുന്ന പെസഹക്കു അവര്‍ കുടിക്കുവാന്‍ ഏറെ കൊതിക്കുന്നത് എന്റെ രക്തമായിരിക്കും. "