ആന്റോണിയൊ ഗ്രാംഷി:ഫാഷിസ്റ്റ് തുറങ്കു തകര്‍ത്ത വിപ്ലവകാരി

നറോദിന്‍ January 21, 2012

Antonio Gramsci. Sketch by MKCM.


[Editorial Team Note: 75 years after his death, Antonio Gramsci (January 22, 1891 – April 27, 1937), the famous Italian Marxist Leninist, remains one of the beacons for left-progressive politics. This biographical sketch is the first in a series of articles that review and critically engage with Gramscian thought and lessons for contemporary praxis.]


സാര്‍ദീനിയ എന്ന മെഡിറ്ററേനിയന്‍ ദ്വീപ് പല കാലഘട്ടങ്ങളില്‍ പല സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. റോമാക്കാരും, അറബികളും, സ്പെയിനും, ഓസ്ട്രിയയും ഒക്കെ അവരുടെ ഭൂപടങ്ങളില്‍ സാര്‍ദീനിയയെ പല തവണ വരച്ചു ചേര്‍ത്തു. എന്നാല്‍ സാര്‍ദീനിയന്‍ ഭാഷയും, സംസ്കാരവും, അവയിലൂടെ സാര്‍ദീനിയന്‍ ജനതയും അവരുടേതായ വ്യക്തിത്വങ്ങള്‍ എന്നും കാത്തു സൂക്ഷിച്ചു. ദുസ്സഹമായ ഭരണങ്ങളെ അട്ടിമറിച്ചും, അസഹ്യരായ ഭരണാധികാരികളെ കൊന്നെറിഞ്ഞും സാര്‍ദീനിയ ചരിത്രത്തില്‍ മുന്നോട്ട് നീങ്ങി. ഫ്യൂഡലിസത്തിന്റെ തമസ്സില്‍ യൂറോപ്പിന് വഴി തെറ്റിയപ്പോഴും സാര്‍ദീനിയ ഫ്യൂഡലിസത്തെ എതിര്‍ത്തു, തള്ളി പറഞ്ഞു. 1891ല്‍ സാര്‍ദീനിയക്ക് സ്ഥാനം ഇറ്റലിയുടെ ഭൂപടത്തില്‍ ആയിരുന്നു. ലോകമുതലാളിത്തത്തിന്റെ തന്നെ ഒരു ഗവേഷണശാലയായിരുന്നു അന്ന് ഇറ്റലി. റോമാസാമ്രാജ്യത്തിന്റെ ഓര്‍മ്മകളില്‍ പുളകം കൊണ്ടിരുന്ന ഇറ്റലി. വത്തിക്കാന്റെ സ്വന്തം ഇറ്റലി. ആ ഇറ്റലിയിലെ സാര്‍ദീനിയയില്‍ ആണ് സാംസ്കാരിക അധീശത്വത്തെയും, ജൈവ ബുദ്ധിജീവികളെയും, രാഷ്ട്രീയ സമൂഹത്തെ കുറിച്ചും വ്യാകുലപ്പെട്ട ആന്റോണിയൊ ഗ്രാംഷി ജീവിതത്തെകുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും പഠിച്ചു തുടങ്ങുന്നത്.

ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്ന ബാല്യം ആയിരുന്നു ആന്റോണിയൊ ഗ്രാംഷിയുടേത്. സാമ്പത്തിക ക്രമക്കേട് നടത്തി എന്ന ആരോപണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗ്രാംഷിയുടെ പിതാവ് ഫ്രാന്ചെസ്കൊയെ ജയിലില്‍ എത്തിച്ചപ്പോള്‍ പതിനൊന്നാം വയസ്സില്‍ സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങി. ചെറുപ്പത്തിലെ ഒരു വീഴ്ച ആന്റോണിയൊക്ക് സമ്മാനിച്ചത് കൂനും, ജീവിതകാലം മൊത്തം വേട്ടയാടിയ അനാരോഗ്യവും ആയിരുന്നു. സായുധ സോഷ്യലിസത്തിന്റെ വക്താവായ ജ്യേഷ്ഠന്‍ ഗെണ്ണാരൊയുടെ കൂടെ താമസിച്ച് അന്റോണിയൊ തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1911ല്‍ സര്‍ക്കാര്‍ സ്കോളര്‍ഷിപ്പില്‍ വടക്കന്‍ ഇറ്റലിയിലെ ട്യൂറിന്‍ സര്‍വ്വകലാശാലയില്‍ സാഹിത്യപഠനം തുടങ്ങി. അത് ട്യൂറിന്റെ വ്യവസായവത്കരണത്തിന്റെ കാലം. ട്രേഡ് യൂണിയനുകളുടെയും അവകാശപ്പോരാട്ടങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും കാലം. ട്യൂറിന്റെ വ്യവസായ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഇറ്റലിയുടെ നാനാഭാഗത്ത് നിന്നും തൊഴിലാളികള്‍ എത്തിയ കാലം. അതില്‍ നല്ലൊരു ശതമാനം തൊഴിലാളികളും ആന്റോണിയൊയുടെ സാര്‍ദീനിയയില്‍ നിന്നുള്ളവര്‍.

Editorial board of Ordine Nuovo Editorial board of the socialist journal "Ordine Nuovo" co-founded by Gramsci. The inaugural issue carried the slogan:
    Educate yourselves
        because we'll need all your intelligence.
    Rouse yourselves
        because we'll need all your enthusiasm.
    Organize yourselves
        because we'll need all your strength.
Image courtesy: marxists.org

സാര്‍ദീനിയക്കാരായ തൊഴിലാളികളോടുള്ള സഹവാസം 1913ല്‍ ആന്റോണിയൊയെ നയിച്ചത് ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കായിരുന്നു. 1915ല്‍ ഗ്രാംഷി തന്റെ പഠനം രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപേക്ഷിച്ചു. പാര്‍ട്ടി പത്രമായ 'അവന്തി!' യിലൂടെ ഗ്രാംഷി എന്ന തൊഴിലാളി നേതാവ് വളര്‍ന്നു. 1919ല്‍ അമാടിയൊ ബോര്‍ടിഗയെ പോലുള്ള നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഗ്രാംഷി ട്യൂറിനിലെ തൊഴിലാളിസഭകളെയും ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട 'അര്‍ദിതി ദെല്‍ പൊപ്പൊലൊ' പോലുള്ള സംഘടനകളേയും പിന്തുണച്ചു. ഈ രണ്ട് നീക്കങ്ങള്‍ക്കും ലഭിച്ച ലെനിന്റെ പ്രശംസയും പിന്തുണയും ഒരു പരിധി വരെ തീവ്രഇടതുപക്ഷവാദിയായ ബോര്‍ടിഗയുടെ വിമര്‍ശനത്തില്‍ നിന്ന് ഗ്രാംഷിയെ രക്ഷിച്ചു. പക്ഷെ തൊഴിലാളിസഭകളുടെ അടിച്ചമര്‍ത്തലും, വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ശക്തിയും ലെനിനിസ്റ്റ് രീതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യകതയെ കുറിച്ച് ഗ്രാംഷിയെ ബോധവാനാക്കി.

1921ല്‍ രൂപവത്കരിച്ച ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ നേതാവ് ആന്റോണിയൊ ഗ്രാംഷി ആയിരുന്നില്ല. മറിച്ച് ആന്റോണിയൊ ഗ്രാംഷിയുടെ നിലപാടുകളെ നിരന്തരം എതിര്‍ത്തിരുന്ന അമാടിയൊ ബോര്‍ടിഗയായിരുന്നു. 1921 മുതല്‍ 1924 വരെ പാര്‍ട്ടിയെ നയിച്ച ബോര്‍ടിഗ ട്രോട്സ്കിയിസ്റ്റ് ആയി മുദ്രകുത്തപെട്ട് 1930ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ട്രോട്സ്കിയിസത്തിന്റെ പ്രേതം ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അവസാനം വരെ പിന്തുടര്‍ന്നു. തങ്ങള്‍ ട്രോട്സ്കിയിസ്റ്റുകള്‍ അല്ല എന്ന് സോവിയറ്റ് നേതൃത്വത്തിനെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി നേതാക്കള്‍ മത്സരിച്ചു. അപ്രിയസത്യങ്ങള്‍ വിളിച്ച് പറയാന്‍ ഒരിക്കലും മടിക്കാത്ത ഗ്രാംഷിക്ക് ഇതു എളുപ്പത്തില്‍ വഴങ്ങുന്ന ഒരു ശീലമായിരുന്നില്ല. 1926ല്‍ ലോകകമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സ്റ്റാലിനിസത്തിന്റെ നിഴല്‍ വീണപ്പോള്‍ ഗ്രാംഷി അതിനെതിരെ പ്രതികരിച്ചു. അന്ന് കോം ഇന്റേണ് (Communist International) എഴുതിയ കത്തില്‍ ലിയോണ്‍ ട്രോട്സ്കിയുടെ നേതൃത്വത്തില്‍ ഉള്ള സ്റ്റാലിന്‍വിരുദ്ധ കൂട്ടായ്മയെ നിശിതമായി വിമര്‍ശിച്ച ഗ്രാംഷി, സ്റ്റാലിന്റെ പോരായ്മകളും ചൂണ്ടിക്കാണിക്കാന്‍ മറന്നില്ല. ആ കത്ത് പക്ഷെ ഒരിക്കലും കോം ഇന്റേണില്‍ വായിക്കപ്പെട്ടില്ല. മോസ്കൊയിലെ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി പാല്‍മിറോ തൊഗ്ലിയാട്ടി ആ കത്ത് കോം ഇന്റേണില്‍ എത്തിച്ചില്ല. അതുകൊണ്ട് തന്നെ ഗ്രാംഷിയെ ഓര്‍മിക്കാന്‍ ആ കൃതികളും ആ ശവക്കല്ലറയും കൂടാതെ ആകെ ഉള്ള സ്മാരകം മോസ്കൊയിലെ ഒരു ശിലാഫലകം മാത്രം.

ഗ്രാംഷിയുടെ നാള്‍വഴി
1891 ഇറ്റലിയില്‍ സാര്‍ദീനിയില്‍ ജനനം
1897 അച്ഛനെ സാമ്പത്തിക ക്രമക്കേടാരോപിച്ചു തടവിലടക്കുന്നു
1903 സാമ്പത്തിക ക്ലേശം മൂലം പഠനം നിര്‍ത്തി തൊഴില്‍ സ്ഥലത്തേക്ക്
1905 സ്കൂള്‍ വിദ്യാഭ്യാസം പുനരാരംഭിക്കുന്നു
1911 ടുരിന്‍ സര്‍വകലാശാലയില്‍ ചേരുന്നു; സാമ്പത്തികമായും ശാരീരികമായും ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ പഠനം
1913 സോഷ്യലിസ്റ്റ്‌ പാര്‍ടിയില്‍ അംഗമാകുന്നു
1919 "ഓര്ടിനെ ന്യുവോ" എന്ന പ്രസിദ്ധീകരണം തുടങ്ങുന്നു; തൊഴിലാളി സമരം ശക്തമാകുന്നു ഫാക്ടറി കൌണ്‍സിലുകള്‍ നിലവില്‍ വരുന്നു
1921 ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം; സെന്‍ട്രല്‍ കമ്മിറ്റി അംഗമാകുന്നു
1922 മുസ്സോളിനി അധികാരത്തില്‍ വരുന്നു; വ്യാപകമായ അടിച്ചമര്‍ത്തല്‍; റഷ്യയിലേക്ക് യാത്ര; വിവാഹം
1924 പാര്ലമെന്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നു
1926 രാജ്യ സുരക്ഷ കുറ്റം ആരോപിച്ചു അറസ്റ്റ് ചെയ്യപ്പെടുന്നു
1928 20 കൊല്ലം തടവ്‌ ശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവ്
1934 ആരോഗ്യ സ്ഥിതി പരിഗണിച്ചു ജയില്‍ മോചനം; പോലീസ് നിരീക്ഷണത്തില്‍ ക്ലിനിക്കില്‍ ചികിത്സ
1937 മരണം
1948 ജയില്‍ നോട്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു; എഡിറ്റര്‍ ഫെലിചെ പ്ലടോനെ
1975 ജയില്‍ നോട്ട് പുസ്തകങ്ങളുടെ ക്രിടികല്‍ പതിപ്പ് പ്രസിദ്ധീകരണം; എഡിറ്റര്‍ വാലെന്റിനോ ഗെരാടാന

'ഇരുപതു വര്‍ഷത്തേക്ക് ആ തലച്ചോറ് പ്രവര്‍ത്തനരഹിതമാക്കാന്‍ വേണ്ടി' മുസ്സോലിനിയുടെ കാവല്‍പട്ടികള്‍ ജയിലിലടച്ച ആന്റോണിയൊ ഗ്രാംഷിയെ രക്ഷിക്കാന്‍, പല രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയും രക്ഷിച്ച സോവിയറ്റ് യൂണിയന് കഴിയാതെ പോയത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീരാ നഷ്ടം തന്നെ ആണ്. എന്ത് കൊണ്ട് പില്‍കാലത്ത് ഗ്രാംഷിയെ പിടിച്ചെടുക്കാന്‍ പുരോഗമനവിരുദ്ധ ശക്തികള്‍ക്ക് സാധിച്ചു എന്ന ചോദ്യം സ്വാഭാവികമാണ്. അതിന് പ്രധാന കാരണം ഗ്രാംഷിയുടെ ലേഖനങ്ങളിലെ സിംഹഭാഗവും ടുറിയിലെ ജയിലില്‍ രചിക്കപെട്ട "തുറുങ്കിലെ കുറിപ്പുകള്‍"(Prison Notes) എന്നറിയപെടുന്നവയാണ്. ജയിലിലെ ഫാഷിസ്റ്റ് സെന്‍സറിനെ അതിജീവിക്കാന്‍ വേണ്ടി ഗ്രാംഷി തന്റെ ലേഖനങ്ങളിലെ വാക്കുകള്‍ സങ്കീര്‍ണമാക്കാന്‍ ബാദ്ധ്യസ്ഥനായി. ഇത് കൂടാതെ, തുറങ്കിലെ കുറിപ്പുകള്‍ സത്യത്തില്‍ ഒരു കൃതി അല്ല, മറിച്ച് സ്വാതന്ത്ര്യലബദ്ധിക്ക് ശേഷം ഗ്രാംഷി എഴുതാന്‍ ഉദ്ദേശിച്ചിരുന്ന കൃതികള്‍ക്ക് വേണ്ടി സമാഹരിച്ച ചിന്തകള്‍ ആയിരുന്നു. ഇതു പിന്നീട് ഗ്രാംഷിയെ വായിക്കാന്‍ ശ്രമിച്ചവരില്‍ പലരിലും തെറ്റിദ്ധാരണകള്‍ ഉളവാക്കി. അങ്ങനെ രാഷ്ട്രീയപ്രയോഗവും, സാംസ്കാരികഅധീശത്വവും, മനസ്സിലാക്കാന്‍ പ്രയാസമുള്ള ആശയങ്ങളായി. ഇത് ഗ്രാംഷിയെ പിടിച്ചെടുക്കാന്‍ പുരോഗമനവിരുദ്ധശക്തികള്‍ക്ക് വഴിയൊരുക്കുകയും ചേയ്തു. ഗ്രാംഷിയുടെ ജയില്‍ ജീവിതത്തിന് മുമ്പുള്ള ലേഖനങ്ങളെ ഗ്രാംഷി തന്നെ വിശേഷിപ്പിച്ചത് അത് രചിച്ച ദിവസത്തിനപ്പുറം അപ്രസക്തമായവ എന്നാണ്. അത് കൊണ്ട് തന്നെ ഗ്രാംഷിയെ എങ്ങനെ വായിക്കണം എന്ന് മനസ്സിലാക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗ്രാംഷിയെ എങ്ങനെ വായിക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കുന്നതും.ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാന്‍ ഗ്രാംഷിയെ വായിച്ച് മനസിലാക്കി എന്ന് അവകാശപ്പെട്ട എന്‍റിക്കൊ ബെര്‍ലിങ്ക്വേര്‍ പാര്‍ട്ടിയെ നയിച്ചത് യൂറോകമ്മ്യൂണിസത്തിന്റെ ചതിക്കുഴിയിലേക്കായിരുന്നു. അവിടെ നിന്നു കമ്മ്യൂണിസം മരിച്ചു എന്നും, ചരിത്രം അവസാനിച്ചു എന്നും പ്രഖ്യാപിക്കാന്‍ വലിയ താമസമുണ്ടായില്ല. തങ്ങളുടെ നിഷ്ക്രിയത്വത്തെ ന്യായീകരിക്കാന്‍ ഒരു പറ്റം നേതാക്കള്‍ ഗ്രാംഷിയെ ഒരു മറയായി മാറ്റിയപ്പോള്‍ ആ വിപ്ലവകാരി കമ്മ്യൂണിസത്തെ തള്ളി പറഞ്ഞവനായി ചിത്രീകരിക്കപ്പെട്ടു, ദന്തഗോപുരത്തില്‍ ഇരുന്ന് പ്രബന്ധങ്ങള്‍ എഴുതിക്കൂട്ടിയ വ്യാജബുദ്ധിജീവി ആയി മുദ്രകുത്തപെട്ടു, പില്കാലത്ത് പോസ്റ്റ്-മോഡേണിസത്തിന്റെ ദത്തുപുത്രനായി വാഴ്ത്തപ്പെട്ടു.

Prison at Turi di Bari Prison at Turi di Bari where Gramsci was held for five years. At his trial, the fascist government demanded, "For twenty years we must stop this brain from functioning".
Image courtesy: International Gramsci Society

അടിമയാക്കപ്പെട്ട മനുഷ്യന്‍ എന്തു കൊണ്ട് അടിമയായി തുടര്‍ന്ന് അടിമത്വത്തെ അംഗീകരിച്ച് ഒടുവില്‍ അടിമത്വത്തെ സാധൂകരിക്കാന്‍ ശ്രമിക്കുന്നു എന്ന് ഗ്രാംഷി വിശദീകരിച്ചത് സാംസ്കാരിക അധീശത്വം എന്ന പരികല്പന മുന്‍നിര്‍ത്തിയാണ് . "മുതലാളിമാരില്ലാതെ എന്തു തൊഴിലാളി?" എന്ന നാടന്‍ ചോദ്യത്തിന്റെ ഉത്തരവും ഗ്രാംഷിയുടെ സാംസ്കാരിക അധീശത്വത്തിന്റെ ചിന്തകളില്‍ കാണാം.. സാംസ്കാരിക അധീശത്വം എന്തെന്ന് മനസ്സിലായാല്‍, എന്തുകൊണ്ട് വത്തികാന്‍ ഇറ്റാലിയന്‍ സഭാവിശ്വാസികളെ ബെനിറ്റോ മുസ്സോളിനി എന്ന കിരാതന്റെ പിറകില്‍ ആണിനിരത്തി എന്ന് മനസ്സിലാകും. പോപ്പ് പീയുസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഫാഷിസത്തിന്റെ സാമ്പത്തികരാഷ്ട്രീയനയങ്ങളോട് തോന്നിയ മതിപ്പ് എന്തുകൊണ്ടെന്നു മനസ്സിലാകും. എന്തുകൊണ്ട് എത്യോപ്പിയില്‍ കൂട്ടക്കൊലയ്ക്ക് പോയ ഇറ്റാലിയന്‍ ഫാഷിസ്റ്റ് സേനയെ വത്തിക്കാനിലെ പുരോഹിതന്‍മാര്‍ അനുഗ്രഹിച്ചയച്ചു എന്നും മനസ്സിലാകും. എന്തുകൊണ്ട് ഇന്നും പുരോഗമന ശക്തികള്‍ക്കെതിരെ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കാന്‍ പള്ളികള്‍ ബാധ്യസ്ഥരാകുന്നു എന്നും മനസ്സിലാകും. എന്തുകൊണ്ട് 1937ല്‍ മരണത്തോട് മല്ലിടുന്ന ഗ്രാംഷിയെ ഒരു ക്രിസ്തീയ മതവിശ്വാസിയായി മുദ്രകുത്താന്‍ കത്തോലിക്ക സഭയ്ക്ക് ശ്രമിക്കേണ്ടി വന്നു എന്ന് മനസ്സിലാകും. എന്തുകൊണ്ട് 2006ല്‍ മത്തായി ചാക്കോ മരിച്ചപ്പോള്‍ "അവസാന നിമിഷങ്ങളില്‍ അദ്ദേഹം ഒരു ക്രിസ്തീയ മതവിശ്വാസി ആയി മാറിയിരുന്നു" എന്നു കേരളത്തിലെ സഭയക്ക് വാദിക്കേണ്ടി വന്നു എന്നും മനസ്സിലാകും. അപ്പോള്‍ നിസ്സംശയം മനസ്സിലാകും, ആന്റോണിയൊ ഗ്രാംഷി എന്ന ആ സാര്‍ദീനിയന്‍ വിപ്ലവകാരി ഇന്നും വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശി തന്നെ എന്ന്.

ഫാഷിസ്റ്റ് ഭീകരതയ്ക്ക് തടയിടാന്‍ കഴിയാതെ പോയ ഗ്രാംഷിയന്‍ വിചാരധാരയെ ഇന്ന് ഒരു പറ്റം പുരോഗമനവിരുദ്ധശക്തികള്‍ കൈയ്യടക്കിയിരിക്കുന്നു. ഗ്രാംഷി മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് അല്ല എന്നും ഗ്രാംഷിയന്‍ ചിന്തകള്‍ അപ്രസക്തമാണെന്നും സ്ഥാപിക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുന്നു. പറയത്തക്ക ഒരു പ്രതിരോധത്തിന്റെ അഭാവത്തില്‍ അവര്‍ ഒരു പരിധി വരെ വിജയിക്കുന്നു. വരൂ... നമുക്ക് ഗ്രാംഷിയെ വായിക്കാം, ഗ്രാംഷിയെ മനസ്സിലാക്കാം, ഗ്രാംഷിയെ നമ്മുക്ക് വീണ്ടെടുക്കാം.

Communist Party, Fascism, gramsci, gramsci-special-edition, Italy, Politics, Note Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ഗ്രാംഷി മാതൃഭൂമിയിലും !

ഇന്നു വീട്ടില്‍ വന്ന മാതൃഭൂമി ആഴ്ചപതിപ്പ് (2012 ജനുവരി 29) മറിച്ച് നോക്കിയപ്പോള്‍ അതാ കിടക്കുന്നു എന്‍. എം.പിയേഴ്സണിന്റെ വക ഒരു ലേഖനം : "മണ്ടോടി കണ്ണനും അന്റോണിയോ ഗ്രാംഷിയും". എന്നാല്‍ ശീര്‍ഷകത്തിലെ ഗ്രാംഷിയെ ലേഖനത്തില്‍ ഒരിടത്തും കാണാനില്ല. (ഗ്രാംഷി മുസ്സോളിനിയുടെ തടവറയെ മാര്‍ക്സിസത്തിന്റെ നിര്‍മാണപ്പുരയാക്കി എന്ന ഒരു പ്രയോഗം ഒഴികെ.) അല്‍ത്തൂസറേ കുറിച്ചു ഒന്നിലതികം തവണ പറയുന്നുണ്ട് താനും.

ലേഖനം മുഴുവന്‍ നിറഞ്ഞു നില്കുന്നത് ഒരു സി.പി.എം വിരോദം മാത്രം. (ഇതൊരു ലേഖന പംക്തിയുടെ രണ്ടാമത്തെ എപ്പിഡോസാണെന്നു തോന്നുന്നു. കഴിഞ്ഞ ലക്കം ഞാന്‍ കണ്ടിരുന്നില്ല. ഇനി അതിലെങ്ങാനും ഗ്രാംഷിയെ കുറിച്ചു പറഞ്ഞു കാണുമോ എന്നറിയില്ല.) അല്ലെങ്കില്‍ വെറുതെ ഒരു ജാടക്കു ഗ്രാംഷിയെ വലിച്ചു തലകെട്ടിലിട്ടു എന്നു മാത്രം.

പറഞ്ഞു വരുന്നത് ഗ്രാംഷിയെ കൃത്ത്യമായി മനസ്സിലാക്കേണ്ടത് കൂടുതല്‍ കൂടുതല്‍ അനിവാര്യമാകുന്നു എന്നതാണ്. ഇല്ലെങ്കില്‍ ആ ധീരവിപ്ലവകാരിയെ ഇതുപോലെ ചിലര്‍ വീണ്ടും വീണ്ടും തുറങ്കിലടക്കും.

ഗ്രംഷിയെ പോയിട്ട് മാര്‍ക്സിസം

ഗ്രംഷിയെ പോയിട്ട് മാര്‍ക്സിസം എന്താണ് എന്ന് പോലും അറിയാത്ത ആളാണ് ഈ പിയെഴ്സന്‍ . ടിയാന്‍ ആഗോളവല്‍ക്കരണ കാലത്തെ മാര്‍ക്സിസം എന്താണ് എന്ന് ഒരു പൊസ്തകം ഒക്കെ ഇറക്കിയിട്ടുണ്ട് ..കലികാലത്ത് ഇത് പോലെ ഉള്ള പടപ്പുകള്‍ ഉണ്ടാകും എന്ന് തോന്നുന്നു ...
അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്ന വീരു സാറിന്റെ കാര്യം പറയേണ്ടല്ലോ ... കൂലിക്കെഴുതുക്കാര്‍ക്ക് ഈ ഏപ്രില്‍ കഴിയുന്നത്‌ വരെ ട്രോളിംഗ് നിരോധനം എടുത്തു കളഞ്ഞിരിക്കുകയാണ് ... ഗ്രാംഷി നമ്മോടു ക്ഷേമിക്കട്ടെ ...

:-)

:-)

ഗ്രാമ്ഷിയെ

ഗ്രാമ്ഷിയെ വായിക്കുവാനെനിക്കായില്ല