കമ്മ്യൂണിസ്റ്റ് പരിപ്പുവടയില്ല, അഥവാ ഗാന്ധിയൻ ലാളിത്യവും മർക്സിസ്റ്റ് അവകാശവും ഒന്നല്ല

വിശാഖ് ശങ്കർ May 31, 2016

പരിപ്പുവടയും കട്ടൻ ചായയും എന്ന ഒരു പഴയ ബിംബമുണ്ട്. അത് ഒരു കമ്യൂണിസ്റ്റ് മാതൃകാ ബിംബമായത് എങ്ങനെയെന്നറിയില്ല. കാരണമുണ്ടാകാം. എനിക്കറിയില്ല എന്ന് മാത്രമാണ് പറയുന്നത്. ഞാൻ കടയിൽ നിന്ന് ഇത്തരം വിഭവങ്ങൾ സ്വന്തമായി വാങ്ങി കഴിക്കാൻ തുടങ്ങിയ 1986 മുതൽക്കെങ്കിലും ഉഴുന്ന് വടയ്ക്കും പരിപ്പുവടയ്ക്കും ഒരേ വിലയാണ്. കട്ടൻ ചായയ്ക്ക് പാൽ ചായയിൽ നിന്ന് വില വ്യത്യാസം ഉണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ എണ്ണയിൽ പൊരിച്ചെടുക്കുന്ന വടകൾ മിക്കവാറും എല്ലാത്തിനും ഒരേ വിലയാണ്. അതായത് ചുരുങ്ങിയത് ലാളിത്യം പ്രമാണിച്ചാണ് അതങ്ങനെയായത് എന്നെങ്കിലും കരുതാനാവില്ല. പിന്നെ എന്താണ് ഇതിന്റെ പിന്നിലെ യുക്തി?

ജനാധിപത്യപൂർവ്വ കാലത്ത് നിലനില്ക്കുന്ന അധികാരത്തിനെതിരേ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യർക്ക് അവർ എതിർക്കുന്ന വ്യവസ്ഥയിൽ നിന്ന് മാനുഷികമായ പരിഗണനകൾ പോലും പ്രതീക്ഷിക്കാനാവുമായിരുന്നില്ല. ആ അധികാരത്തെ നിലനിർത്തുന്ന ഹെഗമണിക്കെതിരേ ആണ് പോരാട്ടമെങ്കിൽ അവർ മിക്കവാറും ആ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് തിരസ്കൃതരാകും. ഒളിവിലും തെളിവിലും മാറി മാറി കിട്ടുന്നത് ഭക്ഷിച്ച്, പറ്റുന്നിടത്ത് കിടന്നുറങ്ങിയാവും അവരുടെ ജീവിതം. കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളും അങ്ങനെ ജീവിച്ചവരാണ്.

രാജവാഴ്ച അവസാനിക്കുകയും ജനാധിപത്യമെന്ന പുതിയ വ്യവസ്ഥ നിലവിൽ വരികയും അതിനെ അംഗീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിൽ എത്തുന്ന ലോകത്തിലെ തന്നെ ആദ്യകാല ഭരണകൂടങ്ങളിൽ ഒന്നായി കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ മാറുകയും ചെയ്തതോടെ കഥ മാറി. എന്നു വച്ച് ജന്മി കുടിയാൻ സമ്പ്രദായത്തിന്റെ യുക്തികൾ പൂർണ്ണമായും ഇല്ലാതായുമില്ല. ഒരു പാർലമെന്ററി രാഷ്ട്രീയ കക്ഷി എന്ന നിലയിൽ പ്രതിപക്ഷവും ഭരണപക്ഷവുമായി കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിൽ തുടർന്ന പിന്നീടുള്ള അര നൂറ്റാണ്ടിലേറെ നീണ്ട കാലഘട്ടത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി പ്രതിനിധാനം ചെയ്യുന്ന പല സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് മൂല്യങ്ങൾക്കും പൊതുബോധത്തിൽ പോലും അനിഷേദ്ധ്യമായ ഒരു മേൽകൈ ഉണ്ടായി.

ഇതോടെ വലത് രാഷ്ട്രീയം ഇടത് മൂല്യങ്ങളെ ആക്രമിക്കുക എന്ന പാഴ്വേല അവസാനിപ്പിച്ചു. ഇതിനർത്ഥം സംഘടിത ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കുക എന്ന അജണ്ട ഉപേക്ഷിക്കപ്പെട്ടു എന്നല്ല. അതിന്റെ രീതിശാസ്ത്രം മാറി. ഇടത് രാഷ്ട്രീയ സംഘടനകൾ എന്ന ഭൗതിക യാഥാർത്ഥ്യത്തെ അതിലും, അനുഭാവി വൃന്ദങ്ങളിലും ഉള്ള കാൽപനികധാരകൾ ഉപയോഗിച്ച് അസാധുവാക്കുക എന്നതായി പുതിയ തന്ത്രം. പഴയ കമ്യൂണിസ്റ്റുകാരെയും, അവരുടെ ജീവിതത്തെയും, കടന്നുപോയ യാതനകളെയും അതിന്റെ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് അടർത്തി മാറ്റി കാൽപനികമായി ആദർശവൽക്കരിക്കുകയും അതിലൂടെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ആനുകാലിക ഭൗതിക പ്രതിനിധാനത്തെ, പാര്‍ടിയെയും പാര്‍ടി പ്രവർത്തകരെയും ഉൾപ്പെടെ വ്യാജമെന്ന് മുദ്രകുത്തുകയും ചെയ്യുക എന്നതാണ് അത്.

എം സ്വരാജും എം ബി രാജേഷും ശ്രീരാമകൃഷ്ണനും സുനിൽ കുമാറും ഒക്കെ ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പുതിയ തലമുറ ഒളിവിൽ കഴിഞ്ഞിട്ടുണ്ടോ, പരിപ്പുവട തിന്നിട്ടുണ്ടോ, പാൽ ചായയല്ലാതെ വേണ്ടത്ര കട്ടൻ ചായ കുടിച്ചിട്ടുണ്ടോ, പിന്നെ ഇവനൊക്കെ എന്ത് കമ്യൂണിസ്റ്റ്, അതൊക്കെ എ കെ ജിയുടെയും ഇ എം എസ്സിന്റെയും കാലം എന്ന തരം ചരിത്ര നിഷേധിയായ നെടുവീർപ്പുകൾ കമ്യൂണിസ്റ്റ് അനുഭാവികളിൽ പോലും കുത്തിവച്ചുകൊണ്ടാണ് വലത് രാഷ്ട്രീയം ഇന്ന് തങ്ങളുടെ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 'യഥാർത്ഥ' ഇടത് പക്ഷം വലത് കോർപ്പറേറ്റ് മാദ്ധ്യമ പുരകളിൽ ഇരുന്ന് അവർക്കായി ചെയ്തുകൊടുക്കുന്നത് ആ പദ്ധതിയുടെ നടത്തിപ്പാണ്.

'ഞാൻ അധികവും അണ്ടർ ഗ്രൗണ്ടിലായിരിക്കും'

തങ്ങൾക്കെതിരായ ഒരു വൻ സാമൂഹ്യ-രാഷ്ട്രീയ സമരത്തിന്റെ താക്കീതുകൾ നിറഞ്ഞ ചരിത്രത്തെ അതിനെക്കുറിച്ചുള്ള ചില കാൽപനിക ഗൃഹാതുരത്വങ്ങളിലേക്ക് ചുരുക്കി അപഹാസ്യമാക്കിത്തീർക്കുക എന്നത് കമ്പോളം ഉത്തരാധുനിക കാലത്ത് ഫലപ്രദമായി പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രമാണ്. ഇത് തന്നെയാണ് പതിറ്റാണ്ട് മുമ്പ് തിയേറ്ററിൽ നിന്ന് മാറിയെങ്കിലും ഇന്നും പൊതുബോധത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ‘സന്ദേശം’ എന്ന സിനിമയുടെ സമവാക്യവും. അതിലെ കായമെന്താണ്, കമ്യൂണിസമെന്താണെന്നറിയാത്ത 'യഥാർത്ഥ' കമ്യൂണിസ്റ്റ് നായകൻ പെണ്ണുകാണലിന്റെ ഭാഗമായി തന്നെക്കുറിച്ച് പറയുന്ന വാചകമാണ് 'ഞാൻ അധികവും അണ്ടർ ഗ്രൗണ്ടിലായിരിക്കും' എന്നത്.

ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം വീട്ടിന്റെ തട്ടിൻ പുറത്ത് ഒരുത്തനെ ഒളിപ്പിക്കുന്നതല്ലാതെ അദ്ദേഹം ഒളിവിൽ പോകുന്നത് സിനിമയിൽ ഒരിടത്തും ഒരു പരാമർശമായി പോലും കടന്നുവരുന്നില്ല എന്നത് പ്രത്യേകം ഓർക്കുക. അന്ന് ചരിത്രപരമായ ഒരു ആവശ്യത്തിന്റെ ഭാഗമായി നടന്നിരുന്ന ഒളിവിൽ പോകൽ എന്ന കൃത്യത്തെ കമ്യൂണിസത്തിന്റെ സ്ഥായിയായ ഒരു മുദ്രയായി വ്യാഖ്യാനിക്കുക. അങ്ങനെ ഒരിക്കൽ പോലും ഒളിവിൽ പോകാത്ത ഇക്കാലത്തെ കമ്യൂണിസ്റ്റ്കാരനെ ഒരു വിപ്ലവ ഗൃഹാതുരത്വം മാത്രമായി ചുരുക്കുക. ആ തന്ത്രം കമ്യൂണിസ്റ്റ് അനുഭാവി, കമ്യൂണിസ്റ്റ് വിരോധി വ്യത്യാസമില്ലാത്ത മലയാളി പൊതുബോധത്തിന്റെ ഭാഗമായി കഴിഞ്ഞു. ആ നിലയ്ക്ക് മലയാളി പൊതുബോധം കമ്യൂണിസ്റ്റാണ്; പക്ഷേ അത് ചെറുക്കാൻ ശ്രമിച്ച മുതലാളിത്തത്തിന് സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഒരു വെല്ലുവിളിയും ഉയർത്താത്ത, പ്രത്യുൽപാദന ബന്ധിയായി തികച്ചും ഷണ്ഡം തന്നെയായ ഒരു തരം 'യഥാർത്ഥ കമ്യൂണിസ്റ്റ്' ബ്രാൻഡ് ആണെന്ന് മാത്രം.

ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം വീട്ടിന്റെ തട്ടിൻ പുറത്ത് ഒരുത്തനെ ഒളിപ്പിക്കുന്നതല്ലാതെ അദ്ദേഹം ഒളിവിൽ പോകുന്നത് സിനിമയിൽ ഒരിടത്തും ഒരു പരാമർശമായി പോലും കടന്നുവരുന്നില്ല എന്നത് പ്രത്യേകം ഓർക്കുക. അന്ന് ചരിത്രപരമായ ഒരു ആവശ്യത്തിന്റെ ഭാഗമായി നടന്നിരുന്ന ഒളിവിൽ പോകൽ എന്ന കൃത്യത്തെ കമ്യൂണിസത്തിന്റെ സ്ഥായിയായ ഒരു മുദ്രയായി വ്യാഖ്യാനിക്കുക. അങ്ങനെ ഒരിക്കൽ പോലും ഒളിവിൽ പോകാത്ത ഇക്കാലത്തെ കമ്യൂണിസ്റ്റ്കാരനെ ഒരു വിപ്ലവ ഗൃഹാതുരത്വം മാത്രമായി ചുരുക്കുക. ആ തന്ത്രം കമ്യൂണിസ്റ്റ് അനുഭാവി, കമ്യൂണിസ്റ്റ് വിരോധി വ്യത്യാസമില്ലാത്ത മലയാളി പൊതുബോധത്തിന്റെ ഭാഗമായി കഴിഞ്ഞു. ആ നിലയ്ക്ക് മലയാളി പൊതുബോധം കമ്യൂണിസ്റ്റാണ്; പക്ഷേ അത് ചെറുക്കാൻ ശ്രമിച്ച മുതലാളിത്തത്തിന് സൈദ്ധാന്തികമോ, പ്രായോഗികമോ ആയ ഒരു വെല്ലുവിളിയും ഉയർത്താത്ത, പ്രത്യുൽപാദന ബന്ധിയായി തികച്ചും ഷണ്ഡം തന്നെയായ ഒരു തരം 'യഥാർത്ഥ കമ്യൂണിസ്റ്റ്' ബ്രാൻഡ് ആണെന്ന് മാത്രം .

അത്തരം ഒരു പൊതുബോധത്തിലാണ് പരിപ്പുവടയും കട്ടൻ ചായയും ഒളിവിൽ പോക്കും രക്തഹാരവും സൂക്തം ഉരുവിടലും ഒക്കെയായി ഒരു പ്രസ്ഥാനവും അതിന്റെ സുദീർഘമായ പ്രവർത്തി ചരിത്രവും, പ്രായോഗിക, സൈദ്ധാന്തിക ഉള്ളടക്കങ്ങളും ബിംബവൽക്കരിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴും എം എൽ എ ആയിട്ടും പരിപ്പുവട കഴിച്ചു, കാലത്ത് കട്ടൻചായയേ കുടിക്കു തുടങ്ങിയവ കമ്യൂണിസ്റ്റ് സത്തയായി ആഘോഷിക്കപ്പെടുന്നത്. അതായത് നിർമ്മിതമായ ഈ യഥാർത്ഥ, അയഥാർത്ഥ ബോധവും അതിന്റെ സ്ഥൂലവൽക്കരിക്കപ്പെട്ട മാറ്റുരക്കൽ മാനകങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരുടെ കുത്തകയൊന്നുമല്ല. നല്ല പത്തര മാറ്റ് നാടൻ കമ്യൂണിസ്റ്റ് അനുഭാവികളും ഇതിന്റെ ഇരകൾ തന്നെയാണ്.

കമ്യൂണിസം എന്ന അധോലോകം ഏത് ലോകത്തിലും അധോലോകം ഉണ്ടാകാം. അതിന് കൃത്യമായ നിർവചനമോ വേർതിരിവോ സാദ്ധ്യമല്ല. പൊതുബോധത്തിന് എതിരായ എന്തിനെയും അതുമായി ബന്ധിപ്പിക്കാം. എന്നാൽ പൊതുബോധം അതിൽ തന്നെ ഒരു ശരിയാണെന്ന് അംഗീകരിക്കാനാവില്ല എന്നതിനാൽ പൊതുബോധത്തെ എതിർക്കുന്ന എന്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന സാമാന്യ വൽക്കരണവും അംഗീകരിക്കാനാവില്ല.

ജന്മി കുടിയാൻ വ്യവസ്ഥയുടെ ഹെജമണിക്കെതിരെ ആളെ കൂട്ടി ആദ്യകാല കമ്യൂണിസ്റ്റുകൾ ആശയ പ്രചരണം നടത്തിയിരുന്നത് ഹോളുകൾ വാടകയ്ക്കെടുത്ത് പത്രത്തിൽ പരസ്യം നൽകി ആയിരുന്നില്ല. മുഖ്യാധാരാ സമൂഹത്തിന്റെ സ്ഥലരാശിയിൽ നിന്ന് ഒറ്റപ്പെട്ട കാട്ടിലും, തുരുത്തിലും രാത്രികാലങ്ങളിൽ പന്തം കൊളുത്തിയ വെട്ടത്തിൽ ഒക്കെ ആയിരുന്നു. ആ ചരിത്ര ഘട്ടത്തിൽ അവർ കൂടിയിരുന്ന സ്ഥലങ്ങൾ ഒക്കെയും മുഖ്യധാരാ സമൂഹത്തിന്റെ കാഴ്ചപ്പാടിൽ 'അണ്ടർ ഗ്രൗണ്ട്' തന്നെയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽക്കേ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ ആദ്യകാലങ്ങളിൽ കായികവും രാഷ്ട്രീയവും സാമൂഹ്യവും ആയ നിരവധി വെല്ലുവിളികളെ നേരിട്ടാണ് പ്രവർത്തിച്ചിരുന്നത്. കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ജന്മി കുടിയാൻ വ്യവസ്ഥയ്ക്കെതിരെ പാര്‍ടി നടത്തിയ സമരം പൊതുബോധത്തിനെതിരായ, നിലനിൽക്കുന്ന സാമൂഹ്യ, രാഷ്ട്രീയ മേൽകോയ്മകൾക്ക് എതിരായ സമരം കൂടി ആയിരുന്നു എന്നതിനാൽ അതിന് പലപ്പോഴും അക്രമാസക്തമായ പ്രതികരണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അവയെ കായികമായും സാമൂഹ്യമായും സാംസ്കാരികമായും പ്രതിരോധിച്ചുകൊണ്ടാണ് അത് നിലനിന്നതും. അതുകൊണ്ട് തന്നെ പാര്‍ടിയുടെ ആദ്യകാല നേതാക്കളും പ്രവർത്തകരും പാര്‍ടി നിർദ്ദേശങ്ങൾ അനുസരിച്ച് ഒളിവിൽ പോയും പിടികൊടുത്തും കൊടുക്കാതെയും ഒക്കെയാണ് പ്രസ്ഥാനത്തെ, അത് വിഭാവനം ചെയ്ത സമഗ്ര സാമൂഹ്യ പരിവർത്തനം എന്ന സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോയത്. അതിന് അവർക്ക് മുഖ്യധാരാ സമൂഹത്തിൽ ഇടം ഇല്ലായിരുന്നു എന്നതിനാൽ അവർക്ക് അണ്ടർ ഗ്രൗണ്ടുകൾ തേടേണ്ടിവന്നു എന്നല്ലാതെ കമ്യൂണിസം അധോതലപ്രേമികൾ ചേർന്ന് അവരാൽ നിശ്ചയിച്ച അധോതല അനുരാഗത്തിന്റെ മാനിഫെസ്റ്റോ അല്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തി ചരിത്രത്തെ, അതിലെ ചരിത്രപരമായ പരിണാമങ്ങളെ മുഴുവൻ അടർത്തി മാറ്റിവച്ച് അതിനെ ഏതാനും ചില സ്ഥൂല ബിംബങ്ങളിലേക്ക് ചുരുക്കുക എന്നത് എന്തായാലും ആ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ല. അത്തരം ചില എളുപ്പം അപഹാസ്യമാക്കാവുന്ന ബിംബങ്ങളിലേക്ക് ആ ആശയങ്ങളെ ചുരുക്കുന്നത് ആർക്കാവും ഗുണകരം എന്ന് ആലോചിക്കേണ്ടതാണ്. പുന്നപ്രയിലെ വയലാർ രക്തസാക്ഷി മണ്ഡപം ഒരു ചരിത്രസ്മാരകമാണ്. അവിടെ ഉറങ്ങുന്ന സഖാക്കൾക്ക് സമാനമായ ഒരു അന്ത്യം ഇന്നത്തെ കമ്യൂണിസ്റ്റുകാരന് സ്വപ്നം കാണാൻ പറ്റില്ല. അതുകൊണ്ട് അവർ രണ്ടാം കിട കമ്യൂണിസ്റ്റുകൾ ആകുമോ? അങ്ങനെയെങ്കിൽ വയലാർ രക്തസാക്ഷികൾ രക്തസാക്ഷിത്വം വരിച്ചത് രക്തസാക്ഷികളുടെ നൈരന്തര്യത്തിനായി ആയിരിക്കണം. ആണോ?

കാൽപനിക ബിംബങ്ങൾ കൊണ്ട് മറയ്ക്കപ്പെടുന്ന വസ്തുതകൾ

കമ്യൂണിസം എന്നത് ദാരിദ്ര്യത്തിന്റെ നൈരന്തര്യത്തിൽ ഊന്നുന്ന ഒരു പ്രത്യയശാസ്ത്രമാണ് എന്ന ഒരു ധാരണ, അത് ദാരിദ്ര്യത്തെ ആഘോഷിക്കുന്നു എന്ന ഒരു ബോദ്ധ്യം പോലും കമ്യൂണിസ്റ്റ് വിരുദ്ധർക്ക് ഉണ്ടോ എന്നല്ല, ചില കമ്യൂണിസ്റ്റുകാർക്ക് ഉണ്ടോ എന്ന് സംശയം ഉണ്ട്. അതുകൊണ്ടാണ് വാടക വീട്ടിൽ താമസിക്കുന്ന, ബാങ്കിൽ പണമില്ലാത്ത കമ്യൂണിസ്റ്റുകാർ സ്വയം ഒരു ആദർശമാകുന്നത്. ജോലി ചെയ്യുന്നതിന് അർഹമായ കൂലി വേണമെന്ന്, അത് ഔദാര്യമല്ല, അവകാശമാണെന്ന് അടിവരയിടുന്ന ഒരു പ്രത്യയശാസ്ത്രം എങ്ങനെ ദാരിദ്യത്തിന്റെ ആഘോഷമായി എന്നത് ഇനിയും മനസിലാവാത്ത ഒരു സംഗതിയാണ്.

മോഡിയുടെ സൊമാലിയൻ ഉപമയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഇന്നും നമ്മുടെ ഓർമ്മയിൽ നിന്ന് മാറിയിരിക്കാൻ ഇടയില്ല. അവിടെയും ഉയർന്നുവന്ന ഒരു പ്രമുഖ വാദം ദാരിദ്ര്യം ഒരു കുറ്റമല്ല, അതിന് പിന്നിൽ പ്രവർത്തിക്കുന്ന സാമൂഹ്യ-രാഷ്ട്രീയമാണ് കുറ്റകരം എന്നതാണ്. എന്നുവച്ചാൽ ദാരിദ്ര്യം ഒരു മേന്മയായി നിലനിർത്തേണ്ടതല്ല, ഉണ്ടെന്ന് കണ്ടാൽ അത് ഉള്ള മേഖലയിൽ നിന്നും നിർമാർജനം ചെയ്യേണ്ട ഒന്നാണ്. അതായിരുന്നല്ലോ നമ്മുടെ 'ഗരീബി ഹഡാവോ' എന്ന പഴയ വൻവിജയം നേടിയ മുദ്രാവാക്യവും. പക്ഷേ ഇതൊക്കെ പറയുമ്പോഴും ദാരിദ്ര്യം ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ അത് നിലനിർത്തേണ്ട ഒരു മൂല്യമാണെന്ന ധാരണയും പ്രബലമാണെന്ന് പറയാതെ വയ്യ. വാടകവീട്ടിൽ താമസിക്കുന്നതും, ബാങ്കിൽ പണമില്ലാത്തതും മുതൽ നിത്യവൃത്തി കഷ്ടിയാകുന്നത് ഉൾപ്പെടെ അതിലൂടെ കടന്നുപോകുന്നവരെല്ലാം രാഷ്ട്രീയ പ്രവർത്തകർ മാത്രമാണെങ്കിൽ അത് അതിൽ തന്നെ ഒരു വൻ സാമൂഹ്യ- രാഷ്ട്രീയ പുരോഗമനമാകുന്ന അവസ്ഥ!

ജനാധിപത്യവ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഇതൊക്കെ പിന്നെയും അതിൽ തന്നെ മൂല്യങ്ങളായി നിലനിൽക്കുന്നതെന്ന് ഓർക്കണം. ഒരു രാജ്യം തന്നെ പൈതൃകാവകാശമായി കിട്ടിയ രാജാവ്, അയാൾ കോണകം മാത്രമുടുത്ത് ബാക്കി ലാഭിക്കുന്ന തുക മുഴുവൻ ജനനന്മയ്ക്ക് ഉപയോഗിക്കുക എന്നത് ഒരു കാൽപനികമാത്ര സാദ്ധ്യതയാണെന്ന തിരിച്ചറിവിൽ നിന്നാണ് ജനാധിപത്യം എന്ന ആശയം തന്നെയും ഉണ്ടാകുന്നത്. അതിനെ ഫ്യൂഡൽ യുക്തികൾക്കുള്ളിൽ നിലനില്ക്കുന്ന എളിമയും ലാളിത്യവുമായി ഏച്ചുകെട്ടി റദ്ദ് ചെയ്യുന്നത് ചുരുങ്ങിയ പക്ഷം ജനാധിപത്യവിരുദ്ധമെങ്കിലുമാണ്. രാജാധിപത്യത്തിലും ജന്മി കുടിയാൻ വ്യവസ്ഥയിലും കരുണയുള്ള അധികാരി ഒരു സ്വയം നന്മ ആയിരുന്നു; ജനാധിപത്യത്തിൽ അല്ല. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിനിധാനത്തിലൂടെ ലഭിക്കുന്ന ഭരണാവകാശം അധികാരികൾ ഉപയോഗിക്കേണ്ടത് ആ വ്യവസ്ഥയുടെ യജമാനന്മാരായ പൊതുജനത്തിന്റെ അവകാശ സംരക്ഷണത്തിനായാണ്.അതിന് അവരിൽ ഒരാൾ മാത്രമായ അവരുടെ പ്രതിനിധി സ്വന്തം അവകാശങ്ങൾ ബലികഴിക്കേണ്ടതില്ല. നിത്യേനെ പട്ടിണികിടന്ന് സ്വന്തം വിഹിതവും ചേർത്ത് പ്രജയെ ഊട്ടുന്ന രാജാവും, നിത്യേനെ പ്രജകളിൽ ഒരുത്തനെ വീതം ശാപ്പിടുന്ന ബക സമനായ അധികാര കേന്ദ്രവും ഒക്കെയും ഒന്നിന്റെ വലിച്ച് നീട്ടിയ രണ്ടാണ്. ജനാധിപത്യം എന്നത് കരുണയല്ല, അതിന്റെ കാവൽ വാചകം ‘അവകാശമാണ്’.

ജനാധിപത്യത്തിലെ തമ്പ്രാക്കളുടെ ഫ്യൂഡൽ ഹാങ്ങ് ഓവറുകൾ

ഒരു സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിൽ ഫ്യൂഡലിസം മാറി ജനാധിപത്യം വന്നു എന്നൊക്കെയാണ് നാം വിശ്വസിക്കുന്നത്. പക്ഷേ അപ്പോഴും നമ്മുടെ 'ജനാധിപത്യ' ബോധത്തിനുള്ളിൽ പ്രച്ഛന്നമായി സഞ്ചരിക്കുന്ന, അതിനെ നിയന്ത്രിക്കുക തന്നെ ചെയ്യുന്ന ഫ്യുഡൽ ഗോത്ര മൂല്യങ്ങളെ കുറിച്ച് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ വേണ്ടത്ര ബോധമുള്ളവർ അല്ല തന്നെ. അതുകൊണ്ടാണ് ഏത് വ്യവസ്ഥ നിലവിൽ വന്നാലും അതിനെ ഫലത്തിൽ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അതിന്റെ അന്തർധാരകൾ അർദ്ധ ഫ്യൂഡലും എന്തിന് ഗോത്രീയം തന്നെയുമായി നിലനില്ക്കുന്നത്.

ഒരു രൂപ മാസ വേതനം പറ്റുന്ന ഒരു മുഖ്യമന്ത്രിയെങ്കിലും ഉണ്ടായിരുന്ന നാടാണിത്; പിന്നീട് സ്വയം നിശ്ചിത ശമ്പള വർദ്ധന വല്ലതും ഉണ്ടായോ എന്ന് അറിയില്ലെങ്കിൽ പോലും. ഇവിടെ ഒരു മറുചോദ്യവുമുണ്ട്. ഒരു രൂപാ വേതനത്തിൽ ഒരു മുഖ്യമന്ത്രിയ്ക്ക് കഴിയാവുന്ന വ്യവസ്ഥയിൽ പൗരന് പരമാവധി രണ്ട് രൂപ മാസവരുമാനം എങ്കിലും മതിയാകില്ലേ? കാൽപനിക രാഷ്ട്രീയം അകാല്പനിക യാഥാർത്ഥ്യങ്ങളിൽ നിന്ന് കവർന്നെടുക്കുന്നത് അതാണ്.എല്ലാവർക്കും ജോലിക്ക് തത്തുല്യമായ വേതനം ലഭിക്കുക എന്നത് ആഡംബരമല്ല, അവകാശമാണ് എന്നത്. ഇന്നും അർദ്ധ ഫ്യൂഡൽ ആയി നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ തനിക്ക് ആവശ്യത്തിന് വരുമാനം അല്ലാതെ തന്നെ ഉണ്ട് എന്നതിനാൽ ഒരു ജനപ്രതിനിധി ആ നിലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വേണ്ടെന്ന് വച്ചാൽ അതിൽ ധനാത്മകമായി ഒന്നുമില്ല എന്നല്ല. കാര്യങ്ങൾ വസ്തുതാപരമായി അങ്ങനെ തന്നെയാണെങ്കിൽ അത്തരം തീരുമാനങ്ങൾ ബഹുമാനിക്കപ്പെടേണ്ടവ തന്നെയാണ്. പക്ഷേ അവയെ അത് നിലനിൽക്കുന്ന വിശദാംശങ്ങളിൽ നിന്ന് വേർപെടുത്തി വിശകലനം ചെയ്‌താൽ ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ ഇല്ലാത്തത് പോലും ആദർശവൽക്കരിക്കേണ്ടിവരും.

എല്ലാവർക്കും അവരവർ ചെയ്യുന്ന ജോലിക്ക് തത്തുല്യമായ വേതനം ലഭിക്കുക എന്നത് ആഡംബരമല്ല, അവകാശമാണ് എന്നത്. ഇന്നും അർദ്ധ ഫ്യൂഡൽ ആയി നിലനിൽക്കുന്ന ഒരു വ്യവസ്ഥയിൽ തനിക്ക് ആവശ്യത്തിന് വരുമാനം അല്ലാതെ തന്നെ ഉണ്ട് എന്നതിനാൽ ഒരു ജനപ്രതിനിധി ആ നിലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വേണ്ടെന്ന് വച്ചാൽ അതിൽ ധനാത്മകമായി ഒന്നുമില്ല എന്നല്ല. കാര്യങ്ങൾ വസ്തുതാപരമായി അങ്ങനെ തന്നെയാണെങ്കിൽ അത്തരം തീരുമാനങ്ങൾ ബഹുമാനിക്കപ്പെടേണ്ടവ തന്നെയാണ്. പക്ഷേ അവയെ അത് നിലനിൽക്കുന്ന വിശദാംശങ്ങളിൽ നിന്ന് വേർപെടുത്തി വിശകലനം ചെയ്‌താൽ ഉമ്മൻ ചാണ്ടിക്ക് സ്വന്തമായി മൊബൈൽ ഇല്ലാത്തത് പോലും ആദർശവൽക്കരിക്കേണ്ടിവരും.

വി. കെ. സി. മമ്മദ്‌ കോയ മേയറായിരുന്നപ്പോൽ ഔദ്യോഗിക വാഹനം ഉപയോഗിക്കുകയോ, അതിന്റെ അലവൻസുകൾ എഴുതി എടുക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ അതുകൊണ്ട് എം. സ്വരാജ്, എം എൽ എ എന്ന നിലയിൽ ലഭിക്കുന്ന വാഹനം ഉപയോഗിക്കുന്നതിനെയും വിശകലനം ചെയ്‌താൽ എങ്ങനെയിരിക്കും? പുള്ളി 'രക്തസാക്ഷി' ആയിട്ടില്ല, പൊലീസ് വെടിവയ്പ്പിൽ ആശുപത്രിയിൽ കിടന്നിട്ടില്ല, കമ്യുണിസ്റ്റ് വേട്ടക്കാലത്തെ പോലീസ് മർദ്ദനം അനുഭവിച്ചിട്ടില്ല, അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്നിട്ടില്ല, അതുകൊണ്ട് മിണ്ടുകയും വേണ്ട എന്ന ജയശങ്കര യുക്തി എടുക്കുക. ഇത് തന്നെയല്ലേ സന്ദേശം യുക്തിയും?

സഖാവ് ശശീന്ദ്രനെ ചെരുപ്പ് വച്ച് അളക്കരുത്

സഖാവ് ശശീന്ദ്രന്റെ ന്യായമായും ആഘോഷിക്കപ്പെടേണ്ട രാഷ്ട്രീയ ജീവിതത്തെ ആഘോഷിക്കുന്ന ധാരാളം പോസ്റ്റുകളും ഫെയ്സ് ബുക്കിൽ കണ്ടു. പക്ഷെ അവയിൽ പലതും ആ ജീവിതത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തിന് പകരം 'നഗ്നപാദ'ങ്ങളുടെയും, നീക്കിയിരുപ്പില്ലായ്മയുടെയും ആഘോഷമായി തീരുന്നത് നിരാശാജനകമാണ്. ഇത് ഇടത് രാഷ്ട്രീയത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ അല്ല, ഒരുപക്ഷേ ഇനിയും അതിജീവിക്കാത്ത ഗാന്ധിയൻ ആത്മീയതയുടെ ചടപ്പിൽ (ഹാങ്ങ് ഓവർ) നിന്ന് ഉണ്ടാകുന്നതാണ്.

ഇടത് രാഷ്ട്രീയം ഉള്ളവൻ അത് ഉപേക്ഷിക്കുന്ന വ്യക്തിഗത ത്യാഗത്തിന്റെ മാഹാത്മ്യത്തിൽ ഊന്നുന്നതല്ല. അവശ്യം വേണ്ടത് എല്ലാവർക്കും ലഭിക്കുക എന്നത് ഓരോരുത്തരുടെയും അവകാശമാണെന്ന ആത്മാഭിമാനത്തിൽ ഊന്നുന്നതാണ്. ദാരിദ്ര്യത്തിൽ അഭിമാനിക്കാൻ ഒന്നുമില്ല. അതുകൊണ്ട് തന്നെ അതിന്റെ ബിംബങ്ങളിലും. ചെരുപ്പ് വാങ്ങാനും പണമില്ലാത്ത മനുഷ്യർ ഈ ലോകത്തുണ്ടെങ്കിൽ അത് ആഘോഷിക്കേണ്ട മേന്മയല്ല, നേരിടേണ്ട അവസ്ഥയാണ്. ദാരിദ്ര്യം കൊണ്ടാണ് സഖാവ് ശശീന്ദ്രൻ ചെരുപ്പിടാത്തതെന്നൊന്നും അദ്ദേഹം എവിടെയും പറഞ്ഞതായി അറിയില്ല. ഇനി ലളിതജീവിതം എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് അദ്ദേഹം ചെരുപ്പിടാതെ നടക്കുന്നത് എന്നാണ് വാദമെങ്കിൽ അതിന് അദ്ദേഹം ഒരു ഗാന്ധിയനുമല്ല, കറകളഞ്ഞ കമ്യൂണിസ്റ്റുകാരനാണ്. ഗാന്ധിയുടെ ദാരിദ്ര്യം സംരക്ഷിക്കാനായി ചിലവിടേണ്ടിവന്ന പണത്തെ കുറിച്ചുള്ള സരോജിനി നായിഡുവിന്റെ പ്രശസ്തമായ പരാമർശം ഓർക്കുക. ഗാന്ധീയൻ ലാളിത്യം സഖാവ് ശശീന്ദ്രന് ആഭരണമല്ല, വിലങ്ങാണ്.

ഗാന്ധി വ്യക്തിതലത്തിൽ ഒരു ലളിത ജീവിതം നയിച്ചു. പക്ഷേ വിഭവങ്ങളുടെ അസമാനമായ വിതരണത്തെ വ്യവസ്ഥയാക്കിയ ചാതുർവർണ്ണ്യത്തിനെതിരെ ഒരു വാക്ക് ഉരിയാടിയില്ല. സമത്വം ഒരു അവകാശമൊന്നുമല്ല, വ്യക്തിഗത ഔദാര്യത്തിലൂടെ അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന അധീശവർഗ്ഗത്തിന്റെ പ്രതിനിധികൾ പക്ഷേ ദൈവത്തിന് മറ്റാരെക്കാളും പ്രിയങ്കരരാകും എന്ന ഒത്തുതീർപ്പ് സമവാക്യമാണ് അദ്ദേഹത്തിന്റേത്. എന്നാൽ ഇടത് രാഷ്ട്രീയം വിഭവവിതരണത്തിലെ ആന്തരിക അനീതിയെ മറച്ച് പിടിക്കാൻ വ്യക്തിഗത കരുണയെ പ്രോമോട്ട് ചെയ്യുന്ന, അതിലൂടെ സമ്പന്നന്റെ ത്യാഗത്തിലൂടെ ദരിദ്രൻ ജീവിക്കുന്നത് ആദർശമാക്കുന്ന, ആത്യന്തികമായി ദാരിദ്ര്യത്തെ ആഘോഷിക്കുന്ന ഒരു വ്യാജ സിദ്ധാന്തമല്ല. ഇവിടെ ആനുകൂല്യവും, അവകാശവും തമ്മിലുള്ളത് നിർണ്ണായകമായ ഒരു അന്തരമാണ്.

ഈ ജാതി വെറുപ്പിക്കലാണെങ്കിൽ ശീലമില്ലെങ്കിലും ശശീന്ദ്രൻ സഖാവ് നാളെ ഒരു ചെരുപ്പ് വാങ്ങി ഇട്ടെന്നിരിക്കും; എന്തിനും ഒരു പരിധിയില്ലേ!

സഖാവ് ശശീന്ദ്രൻ ചെരുപ്പ് ധരിക്കാത്തതിന് അദ്ദേഹത്തിന് വ്യതിഗതമായ കാരണങ്ങൾ ഉണ്ടാകും. പക്ഷേ അവയല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഔന്നത്യത്തെ നിർണ്ണയിക്കുന്നത്, മറിച്ച് പൊതുജീവിതത്തിൽ കൈക്കൊണ്ട നിസ്തുലമായ അർപ്പണവും, ചടുലതയുമാണ്. അദ്ദേഹം മാർക്സിസത്തിൽ ഡോക്ടറേറ്റ് നേടിയ ആളല്ല. പക്ഷേ മാർക്സിയൻ ദർശനങ്ങളെ സ്വന്തം പ്രായോഗിക രാഷ്ട്രീയ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങളിലൂടെ വിശകലനം ചെയ്തും, തിരുത്തി തന്നെയും നിലനില്ക്കുന്ന ഒരു നേതാവാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ ബോദ്ധ്യങ്ങളെയും അവയിലെ അചഞ്ചലത്വത്തെയും ചെരുപ്പുകൊണ്ട്, അതുപോലുള്ള സ്ഥൂലവൽക്കരിച്ച ലാളിത്യ ബിംബങ്ങൾ കൊണ്ട് അളക്കാൻ ആവില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ചെരുപ്പിടാത്ത ശശീന്ദ്രൻ സഖാവും, ചെരുപ്പിടുന്ന പിണറായിയും കൊടിയേരിയും, ഷൂ ധരിച്ചിരുന്ന മാർക്സും ഒന്നും പാദരക്ഷകളുടെ പ്രത്യയശാസ്ത്രമായിരുന്നില്ല ആത്യന്തികമായി മുന്നോട്ട് വച്ചത്: രണ്ട് കാലിൽ നടക്കുന്ന ജീവികൾക്കിടയിൽ വികസിച്ച അന്തരങ്ങളുടെ, അനീതികളുടെ സാമൂഹ്യ-രാഷ്ട്രീയ വിശകലനമാണ്. പ്രത്യയശാസ്ത്രത്തിൽ പാദരക്ഷവരെ, അതിന്റെ രാഹിത്യം വരെ വരുമെന്നതുകൊണ്ട് അവ ആകില്ലല്ലോ അതിന്റെ ആധാരം. അതുകൊണ്ട് ഒരു സഖാവ് ശീലം കൊണ്ട് ചെരുപ്പ് ഉപേക്ഷിച്ചെങ്കിൽ അതിനെ ചെരുപ്പിടാത്തത് ഭൂമിയുടെ സ്പന്ദനങ്ങളെ പാദം കൊണ്ട് ചെവിയോർക്കാനാണെന്ന നിലയ്ക്ക്‌ ആദർശവൽക്കരിച്ച് നാറ്റിക്കരുത്.

ഈ ജാതി വെറുപ്പിക്കലാണെങ്കിൽ ശീലമില്ലെങ്കിലും ശശീന്ദ്രൻ സഖാവ് നാളെ ഒരു ചെരുപ്പ് വാങ്ങി ഇട്ടെന്നിരിക്കും; എന്തിനും ഒരു പരിധിയില്ലേ!

CK Saseendran, Essay, Gandhian values, marxism, Politics, poverty, Sandesam cinema, Ideology, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments