മണ്ഡല പരിചയം: അരൂർ, ചേർത്തല, ആലപ്പുഴ

രാവണൻ കണ്ണൂർ April 29, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

99. അരൂർ

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന ​അരൂർ, അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശേരി, ചേന്നംപള്ളിപ്പുറം, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. 1957 മുതൽ 2011 വരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ഇടതുപക്ഷത്തിനൊപ്പവും നാല് തവണ വലതുപക്ഷതും നിന്ന മണ്ഡലമാണ് അരൂർ​. കെ. ആർ. ഗൌരിയമ്മ സി.പി.ഐ.എമ്മിൽ ഉണ്ടായിരുന്ന സമയത്ത് ഏഴു തവണയും സി.പി.ഐ.എമ്മിൽ നിന്നും വിട്ടു ജെ.എസ്.എസ് ​രൂപികരിച്ചതിനു ശേഷം യു.ഡി.എഫിന് വേണ്ടി രണ്ടു തവണയും മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2011ൽ കോൺഗ്രസിലെ എ. എ. ഷുക്കൂറിനെ പരാജയപ്പെടുത്തി എ. എം. ആരിഫ് ആണ് ഇവിടെ നിന്നും വിജയിച്ചത്. മണ്ഡലത്തിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആരിഫ് ജനകീയനായ നേതാവാണ്‌. എ. എം. ആരിഫ് തന്നെ ഇത്തവണയും ഇവിടെ ഇടതുപക്ഷത്തിനു വേണ്ടി മത്സരിക്കുന്നു. സി. ആർ. ജയപ്രകാശ് കോൺഗ്രസ്സിനു വേണ്ടിയും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി ടി. അനിയപ്പനും ജനവിധി തേടുന്നു. രണ്ടായിരത്തി പതിനൊന്നിൽ ബി.ജെ.പി ഇവിടെ ​5.10% വോട്ടുകൾ നേടിയിരുന്നു. ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഉൾപ്പെടുന്നു അരൂർ.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​​

ആകെ വോട്ടുകൾ : 173906

പോൾ ചെയ്ത വോട്ടുകൾ : 146676

പോളിങ്ങ് ശതമാനം : 84.34 ​

സ്ഥാനാർത്ഥി പാർടി വോട്ട്
എ. എം. ആരിഫ് സിപിഐ(എം) 76675
(ഭൂരിപക്ഷം - ​16852)
എ. എ. ഷുക്കൂർ കോൺഗ്രസ്സ് 59823
ടി. സജീവ് ലാൽ ബിജെപി 7486

​ 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 66584
(ഭൂരിപക്ഷം - ​963)
സി. ബി. ചന്ദ്രബാബു സിപിഐ(എം) 65621
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
6907

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​അരൂകുറ്റി 9 3 0 1
​​​​അരൂർ 11 11 0 0
​ചേന്നംപള്ളിപ്പുറം 8 7 2 0
എഴുപുന്ന 3 7 2 4
കോടംതുരുത്ത് 5 7 2 1
​കുത്തിയതോട് 5 5 2 4
പാണാവള്ളി 14 3 0 1
പെരുമ്പളം 4 7 1 1
തൈക്കാട്ടുശ്ശേരി 7 5 3 0
തുറവൂർ 13 5 0 0

100. ചേർത്തല

ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകൾ അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം. നിരവധി ഐതിഹാസിക സമരങ്ങൾ നടന്നിട്ടുള്ള ചേർത്തലയിൽ രാഷ്ട്രീയ ചായ്വുകൾ പലപ്പോഴും മാറി മറിഞ്ഞിട്ടുണ്ട്.1977 മുതൽ രണ്ടായിരത്തി പതിനൊന്നുവരെ നടന്ന ഒൻപതു തെരഞ്ഞെടുപ്പുകളിൽ അഞ്ചു തവണ കോൺഗ്രസ്സും നാല് തവണ ഇടതുപക്ഷവും ഈ മണ്ഡലത്തിൽ നിന്നും ജയിച്ചു. കോൺഗ്രസ് നേതാക്കളായ വയലാർ രവിയും എ. കെ. ആന്റണിയും രണ്ടു തവണ വീതം ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും സി.പി.ഐയുടെ പി. തിലോത്തമനാണ് ഇവിടെ നിന്നും വിജയിച്ചത്. കഴിഞ്ഞ തവണ ജെ.എസ്.എസ് നേതാവ് ഗൌരിയമ്മ ഈ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വൻപരാജയം നേരിടുകയുണ്ടായി. യു.ഡി.എഫ് വിട്ട ഗൌരിയമ്മ ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണ്. സി.പി.ഐയുടെ സിറ്റിംഗ് സീറ്റായ ചേർത്തലയിൽ ഇത്തവണയും നിലവിലെ എം.എൽ.എ പി. തിലോത്തമൻ തന്നെയാണ്‌ മത്സരിക്കുന്നത്. കോൺഗ്രസ്സിൽ നിന്നും എസ്. ശരത്തും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി പി. എസ്. രാജീവും മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നിൽ 3.66​% വോട്ടു നേടിയിരുന്നു ബി.ജെ.പി. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഉൾപെടുന്നു ചേർത്തല മണ്ഡലം. ലോകസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ, കായംകുളം നിയമസഭാ മണ്ഡലത്തിൽ ഒഴിച്ച് ബാക്കി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കെ. സി. വേണുഗോപാലിന് ആയിരുന്നു മുൻ‌തൂക്കം കിട്ടിയത്.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 190467

പോൾ ചെയ്ത വോട്ടുകൾ : 162283

പോളിങ്ങ് ശതമാനം : 85.20 ​

സ്ഥാനാർത്ഥി പാർടി വോട്ട്
പി. തിലോത്തമൻ സിപിഐ 86193
(ഭൂരിപക്ഷം - ​18315)
കെ. ആർ. ഗൗരിയമ്മ ജെ.എസ്.എസ് 67878
പി. കെ. ബിനോയ് ബിജെപി 5933

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ചേർത്തല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 76747
(ഭൂരിപക്ഷം - ​1349)
സി. ബി. ചന്ദ്രബാബു സിപിഐ(എം) 75398
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
6149

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​ചേർത്തല മുനിസിപ്പാലിറ്റി 13 19 0 3
​​​​തണ്ണീർമുക്കം 14 6 3 0
​കഞ്ഞിക്കുഴി 13 5 0 0
മുഹമ്മ 12 4 0 0
ചേർത്തല തെക്ക് 9 12 1 0
​വയലാർ 8 6 1 1
പട്ടണക്കാട് 13 4 0 2
കടക്കരപ്പള്ളി 7 6 0 1

101. ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരസഭയുടെ വടക്കൻ പ്രദേശങ്ങളിലെ 25 വാർഡുകളും, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് ആലപ്പുഴ. രണ്ടായിരത്തി എട്ടിൽ മണ്ഡല പുനക്രമീകരണം നടന്നപ്പോൾ മാരാരിക്കുളവും ആലപ്പുഴയും ചേർന്ന് രൂപീകൃതമായ മണ്ഡലം ആണ് ആലപ്പുഴ. 1977 മുതലുള്ള ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ഇടതിനോപ്പവും വലതിനോപ്പവും നിന്ന മണ്ഡലമാണിതെന്നു കാണാം. സി.പി.ഐയുടെ പ്രമുഖ നേതാവായിരുന്ന പി. കെ. വാസുദേവൻ നായർ രണ്ടു തവണയും കോൺഗ്രസ്സിലെ കെ. സി. വേണുഗോപാൽ മൂന്ന് തവണയും ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 1977 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണ ഒഴിച്ച് നിർത്തിയാൽ എല്ലാ തവണയും ഇടതുപക്ഷത്തോടു ചേർന്ന് നിന്ന മണ്ഡലമാണ് മാരാരിക്കുളം. ആർ.എസ്.പി നേതാവായ എ. വി. താമരാക്ഷൻ മൂന്ന് തവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ ഒരു തവണ വിജയിക്കുകയും ഒരു തവണ കോൺഗ്രസ്സിന്റെ പി. ജെ. ഫ്രാൻസിസിൽ നിന്നും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. തുടർന്നു രണ്ടായിരത്തി ഒന്നിലും രണ്ടായിരത്തി ആറിലും ഡോക്ടർ തോമസ്‌ ഐസക്കിലൂടെ സി.പി.ഐ.എം മണ്ഡലം നിലനിർത്തി. കോൺഗ്രസ്സിനും ഇടതുപക്ഷത്തിനും വേരോട്ടമുള്ള ഈ മണ്ഡലത്തിൽ തോമസ്‌ ഐസക്ക് ആണ് നിലവിലെ എം.എൽ.എ. ജനകീയനായ തോമസ്‌ ഐസക്ക് മണ്ഡലത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിന്‌ ആകമാനം മാതൃകയാണ്. ജൈവകൃഷി, മാലിന്യ സംസ്കരണം ഉൾപ്പെടെ അനേകം പദ്ധതികളുമായി മണ്ഡലവും ആയി നിരന്തര സമ്പർക്കം പുലർത്തുന്ന നേതാവാണ്‌ അദ്ദേഹം. ഇത്തവണയും തോമസ്‌ ഐസക്ക് തന്നെ ഇടതുപക്ഷത്ത് നിന്നും മത്സരിക്കുന്നു. കോൺഗ്രസ്സിനു വേണ്ടി ലാലി വിൻസെന്റും ബി.ജെ.പിക്ക് വേണ്ടി രഞ്ജിത്ത് ശ്രീനിവാസും ജനവിധി തേടുന്നു. രണ്ടായിരത്തി പതിനൊന്നിൽ ബി.ജെ.പി ഇവിടെ 2.51% വോട്ടുകൾ നേടിയിരുന്നു. ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു ആലപ്പുഴ നിയമസഭാ മണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകൾ : 173665

പോൾ ചെയ്ത വോട്ടുകൾ : 141243

പോളിങ്ങ് ശതമാനം : 81.33 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ഡോ. ടി. എം. തോമസ് ഐസക്ക് സിപിഐ(എം) 75857
(ഭൂരിപക്ഷം - ​16342)
പി. ജെ. മാത്യു കോൺഗ്രസ്സ് 59515
കൊട്ടാരം ഉണ്ണികൃഷ്ണൻ ബിജെപി 3540

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. സി. വേണുഗോപാൽ കോൺഗ്രസ്സ് 70206
(ഭൂരിപക്ഷം - ​7699)
സി. ബി. ചന്ദ്രബാബു സിപിഐ(എം) 62507
എ. വി. താമരാക്ഷൻ ആർ.എസ്.പി
(ബോൾഷെവിക്)
3827

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​ആലപ്പുഴ നഗരസഭ 19 26 4 3
​​​​മാരാരിക്കുളം വടക്ക് 8 6 2 2
​മാരാരിക്കുളം തെക്ക് 15 8 0 0
മണ്ണഞ്ചേരി 12 9 0 2
ആര്യാട് 15 3 0 0
Assembly Election 2016, constituency analysis 2016, Essay, Politics, Kerala Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments