മണ്ഡല പരിചയം: വടകര, കുറ്റ്യാടി​

രാവണൻ കണ്ണൂർ March 30, 2016

മറ്റു മണ്ഡലങ്ങളെ പരിചയപ്പെടാം ഇവിടെ.

17. വടകര

കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടകര നിയമസഭാമണ്ഡലം. ഈ നിയമസഭ മണ്ഡലം വടകര ലോകസഭാ മണ്ഡലത്തിൽ പെടുന്നു. സി.പി.ഐ.എമ്മിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് വടകര. ജനതാദൾ ആണ് ഇവിടെ സ്ഥിരമായി മത്സരിക്കുന്നത്. 1977ൽ കെ. ചന്ദ്രശേഖരൻ ജനതാദൾ സ്ഥാനാർത്ഥിയായി മത്സരിച്ച് കോണ്‍ഗ്രസ്സിലെ പി. വിജയനെ തോൽപ്പിച്ചു. അതിനു ശേഷം 1980ൽ സി.പി.ഐ.എമ്മിലെ പി. വി. കുഞ്ഞിരാമനെ പരാജയപ്പെടുത്തി. തുടർച്ചയായി അഞ്ചു തവണ കെ. ചന്ദ്രശേഖരൻ ഇവിടെ നിന്നും നിയമസഭയിലെത്തി. വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണി വിട്ടതിനു ശേഷം, എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായിരുന്ന ജനതാദൾ (എസ്)ലെ സി. കെ. നാണു എസ്.ജെ.ഡിയുടെ എം.കെ. പ്രേംനാഥിനെ പരാജയപ്പെടുത്തി. രണ്ട് ജനതാദള്ളുകൾ തമ്മിലായിരുന്നു മത്സരം, അതുകൊണ്ട് തന്നെ നേരിയ ഭൂരിപക്ഷത്തിനാണ് സി. കെ. നാണു വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ബി.ജെ.പിക്ക് 6.05% വോട്ടുകൾ ലഭിച്ചു. ആർ.എം.പിയിലെ എൻ. വേണു സ്വതന്ത്രൻ ആയി നിന്ന് പതിനായിരത്തിലധികം വോട്ടുകൾ കഴിഞ്ഞ തവണ ഇവിടെ നിന്ന് നേടിയിട്ടുണ്ട്. ഇത്തവണ കെ. കെ. രമ ആർ.എം.പി സ്ഥാനാർത്ഥി ആയി ഇവിടെ മത്സരിച്ചേക്കും. ​ ​2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.​

ആകെ വോട്ട്: 141290

പോൾ ചെയ്യപ്പെട്ട വോട്ട്: 114267

പോളിംഗ് ശതമാനം: 80.87

​2011ൽ ഇടതുപക്ഷത്തിനു 847 വോട്ടിൻറെ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ, ​2014ൽ അത് കീഴ്‌മേൽ മറിഞ്ഞ് മുല്ലപള്ളിക്ക് 15341 വോട്ടിൻറെ ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയായി മാറി. ആർ.എം.പിക്ക് 2011ൽ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് 2014ൽ ലഭിച്ചത്. ബി.ജെ.പിയും കാര്യമായ വർദ്ധന ഉണ്ടാക്കിയില്ല.

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം. ഒഞ്ചിയത്ത് ലീഗ് പിന്തുണയോടെ ആർ.എം.പി ഭരിക്കുന്നു, ചോറോട് ആർ.എം.പിയുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്നു.

18. കുറ്റ്യാടി

2008-ലെ നിയമസഭാ പുനഃർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം. 2011 സി.പി.ഐ.എമ്മിലെ മുതൽ കെ. കെ. ലതിക ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. ഇത്തവണയും കെ. കെ. ലതിക തന്നെയാവും ഇവിടെ മത്സരിക്കുക. യു.ഡി.എഫിൽ നിന്നും മുസ്ലീം ലീഗ് തന്നെയാവും ഇവിടെ മത്സരിക്കുക. ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് ഇവിടെയില്ല, എങ്കിലും കഴിഞ്ഞ തവണ 4.40% വോട്ടുകൾ നേടി സാന്നിധ്യം തെളിയിച്ചിട്ടുണ്ട് എന്ന് കാണാം. വടകര ലോകസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു കുറ്റ്യാടി.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 162140

പോൾ ചെയ്യപ്പെട്ട വോട്ട്: 142453

പോളിംഗ് ശതമാനം: 87.86

2011ൽ കെ. കെ. ലതികയ്ക്ക് കിട്ടിയ ഏതാണ്ട് അതെ ഭൂരിപക്ഷം ലോകസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിക്ക് കിട്ടി എന്നതിൽ നിന്ന് ഇടതുപക്ഷ വോട്ടുകളിൽ കാര്യമായ വിള്ളലുകൾ ഉണ്ടായി എന്ന് മനസിലാക്കാം. കുറ്റ്യാടി മണ്ഡലത്തിൽ ആർ.എം.പിക്ക് 2087 വോട്ടുകളും എസ്.ഡി.പി.ഐക്ക് 2007 വോട്ടുകളും കിട്ടിയിട്ടുണ്ട്. ബി.ജെ.പി രണ്ടായിരം വോട്ടിനടുത്ത് വർധന ഉണ്ടാക്കിയിട്ടുണ്ട് അതുകൊണ്ട് തന്നെ മണ്ഡലം നിലനിർത്താൻ ഇടതിന് നന്നായി വിയർക്കേണ്ടി വരുമെങ്കിലും കെ. കെ. ലതികയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങൾ കൃത്യമായി വോട്ടായി മാറിയാൽ 2014ൽ നഷ്ടപെട്ട ഭൂരിപക്ഷം തിരിച്ചു പിടിക്കാൻ കഴിയുമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു. ​2014 ലോകസഭാ തിരെഞ്ഞെടുപ്പിൽ കുറ്റ്യാടി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:

മറ്റു മണ്ഡലങ്ങളെ പരിചയപ്പെടാം ഇവിടെ.

Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments