മണ്ഡല പരിചയം: കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി

രാവണൻ കണ്ണൂർ May 4, 2016

മറ്റു മണ്ഡലങ്ങളെ ഇവിടെ പരിചയപ്പെടാം.

110. കുന്നത്തൂർ

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ മൺട്രോതുരുത്ത്, കിഴക്കേക്കല്ലട, എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. സിപിഎമ്മിന് സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ ആര്‍.എസ്.പി ആണ് സ്ഥിരമായി മത്സരിക്കാറുള്ളത്. ആര്‍.എസ്.പിയുടെ കുത്തക മണ്ഡലം എന്നറിയപ്പെടുന്നു സംവരണ മണ്ഡലമായ കുന്നത്തൂര്‍,. 1957 മുതല്‍ ഇതുവരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ ഒന്‍പതു തവണ ആര്‍.എസ്.പി സ്ഥാനാർത്ഥികളാണ് ഇവിടെ നിന്നും ജയിച്ചിട്ടുള്ളത്. രണ്ടായിരത്തി ഒന്നുമുതല്‍ മൂന്ന് തവണയായി ആര്‍.എസ്.പിക്ക് വേണ്ടി കോവൂര്‍ കുഞ്ഞുമോന്‍ ഇവിടെ നിന്നും വിജയിക്കുന്നു. ആര്‍.എസ്.പി ഇടതുപക്ഷം വിട്ടു യു.ഡി.എഫില്‍ ചേക്കേറിയെങ്കിലും കോവൂര്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പി ലെനിനിസ്റ്റ് എന്ന പേരില്‍ പാര്‍ട്ടി ഉണ്ടാക്കി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നു. ഇത്തവണ ഇടതുപക്ഷത് നിന്നും അദ്ദേഹം തന്നെ മത്സരിക്കുന്നു. യു.ഡി.എഫിന് വേണ്ടി ആര്‍.എസ്.പിയില്‍ നിന്നും ഉല്ലാസ് കോവൂരും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തഴവ സഹദേവനും മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പിക്ക് 4.13% വോട്ടു ലഭിച്ചിരുന്നു. മാവേലിക്കര ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കുന്നത്തൂർ നിയമസഭാമണ്ഡലം.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകള്‍ : 193106

പോള്‍ ചെയ്ത വോട്ടുകള്‍ : 143918

പോളിങ്ങ് ശതമാനം : 74.53 ​

സ്ഥാനാർത്ഥി പാർടി വോട്ട്
കോവൂർ കുഞ്ഞുമോൻ ആർഎസ്പി 71923
(ഭൂരിപക്ഷം - ​12088​)
പി. കെ. രവി കോൺഗ്രസ് 59835
രാജി പ്രസാദ് ബിജെപി 5949

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ്സ് 63686
(ഭൂരിപക്ഷം - 87)
ചെങ്ങറ സുരേന്ദ്രന്‍ സിപിഐ 63599
പി.സുധീര്‍ ബി.ജെ.പി. 11902​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ ​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​കുന്നത്തൂർ 7 7 1 2
​​​​മൈനാഗപ്പള്ളി 9 10 2 1
​പോരുവഴി 9 1 4 4
ശാസ്താംകോട്ട 11 6 0 2
ശൂരനാട് വടക്ക് 11 5 0 2
​ശൂരനാട് തെക്ക് 9 6 1 0
പടിഞ്ഞാറേ കല്ലട 9 5 0 0
കിഴക്കേ കല്ലട 11 3 1 0
മൺട്രോ തുരുത്ത് 9 3 0 1
പവിത്രേശ്വരം 11 5 2 1

111. കൊട്ടാരക്കര

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര നഗരസഭയും എഴുകോൺ, കരീപ്ര, മൈലം, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, വെളിയം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് കൊട്ടാരക്കര നിയമസഭാമണ്ഡലം. 1957 മുതല്‍ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളില്‍ അഞ്ചു തവണ ഇടതുപക്ഷം ഇവിടെനിന്നും വിജയിച്ചു. 1977 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ ബാലകൃഷ്ണ പിള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇവിടെ നിന്നും വിജയിച്ചു. ഒരു കാലം വരെ കൊട്ടാരക്കര എന്നാല്‍ ബാലകൃഷ്ണപിള്ള എന്നായിരുന്നു അര്‍ത്ഥം. പക്ഷെ രണ്ടായിരത്തി ആറില്‍ സി.പി.ഐ.എമ്മിലെ ഐഷ പോറ്റി പിള്ളയെ തോല്‍പ്പിച്ചു കൊട്ടാരക്കര സ്വന്തമാക്കി. രണ്ടായിരത്തി പതിനൊന്നിലും ഐഷ പോറ്റിയിലൂടെ സി.പി.ഐ(എം) മണ്ഡലം നിലനിര്‍ത്തി. കേരള കോൺഗ്രസ്(ബി)യും ബാലകൃഷ്ണ പിള്ളയും ഇപ്പോള്‍ ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു​. സി.പി.ഐ(എം) ഇത്തവണ ഐഷ പോറ്റിയെ ​തന്നെ മൂന്നാം അങ്കത്തിനു ഇറക്കിയിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി സവിന്‍ സത്യനും ബി.ജെ.പിക്ക് വേണ്ടി കെ. രാജേശ്വരിയമ്മയും ജനവിധി തേടുന്നു. മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പി ​4.63% വോട്ടു നേടിയിരുന്നു.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകള്‍ : 183590

പോള്‍ ചെയ്ത വോട്ടുകള്‍ : 137437

പോളിങ്ങ് ശതമാനം : 74.86 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ഐഷ പോറ്റി സിപിഐ(എം) 74069
(ഭൂരിപക്ഷം - ​20592​)
എൻ. എൻ. മുരളി കേരള കോൺഗ്രസ് (ബി) 53477
വയക്കൽ മധു ബിജെപി 6370

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ്സ് 61444
(ഭൂരിപക്ഷം - 4645)
ചെങ്ങറ സുരേന്ദ്രന്‍ സിപിഐ 56799
പി.സുധീര്‍ ബി.ജെ.പി. 11785​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ ​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​കൊട്ടാരക്കര ​നഗരസഭ 18 10 1 0
​​​​​എഴുകോൺ 9 5 0 2
​കരീപ്ര 12 3 2 1
മൈലം 11 3 3 3
കുളക്കട 14 5 0 0
​നെടുവത്തൂർ 6 7 3 2
ഉമ്മന്നൂർ 13 5 1 1
വെളിയം 15 3 1 0

112. പത്തനാപുരം

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. ​ഇടതുപക്ഷത്തിനു ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണിത്. 1957 മുതല്‍ 2011 വരെ നടന്ന ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രമെടുതാല്‍ ആദ്യകാലങ്ങളില്‍ കൃത്യമായ ഇടതുപക്ഷ ചായ്വ് കാണിച്ച മണ്ഡലം രണ്ടായിരത്തി ഒന്നുമുതല്‍ കേരള കോൺഗ്രസ് പിടിച്ചെടുത്തതായി കാണാം. പതിനാലു തവണ നടന്ന ഇലക്ഷനില്‍ ഒന്‍പതു തവണ സി.പി.ഐ സ്ഥാനാർത്ഥികള്‍ വിജയിച്ചപ്പോള്‍ രണ്ടായിരത്തി ആറില്‍ കേരള കോൺഗ്രസ് (ബി) ഗണേഷ് കുമാറിനെ ഇറക്കി മണ്ഡലം പിടിച്ചെടുത്തു പിന്നീട് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഗണേഷ് കുമാര്‍ തന്നെ ഇവിടെ നിന്നും വിജയിച്ചു. കേരള കോൺഗ്രസ് (ബി) യു.ഡി.എഫ് ബന്ധം വിട്ടു ഇടതുപക്ഷവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ. ബി. ഗണേഷ് കുമാര്‍ ഇത്തവണ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായാണ് ഇവിടെ മത്സരിക്കുന്നത്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി സിനിമാ താരം ജഗദീഷും ബി.ജെ.പി സ്ഥാനാർത്ഥിയായി സിനിമാതാരം ഡി. രഘുവും (ഭീമന്‍ രഘു) ജനവിധി തേടുന്നു.​ ബി.ജെ.പി കഴിഞ്ഞ തവണ ഇവിടെ 2.21% വോട്ടുകള്‍ നേടിയിരുന്നു. മാവേലിക്കര ലോകസഭയില്‍ ഉള്‍പ്പെടുന്നു പത്തനാപുരം നിയമസഭാ മണ്ഡലം.

​​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​ ​ ആകെ വോട്ടുകള്‍ : 172337

പോള്‍ ചെയ്ത വോട്ടുകള്‍ : 128367

പോളിങ്ങ് ശതമാനം : 74.49 ​

സ്ഥാനാർത്ഥി പാർടി വോട്ട്
കെ. ബി. ഗണേഷ് കുമാർ കേരള കോൺഗ്രസ് (ബി) 71421
(ഭൂരിപക്ഷം - ​20402​)
കെ. രാജഗോപാൽ സിപിഐ(എം) 51019
ആർ. സുഭാഷ് പട്ടാഴി ബിജെപി 2839

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ്സ് 55769
(ഭൂരിപക്ഷം - 7818)
ചെങ്ങറ സുരേന്ദ്രന്‍ സിപിഐ 47951
പി.സുധീര്‍ ബി.ജെ.പി. 11785​

​2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​പത്തനാപുരം 15 2 0 2
​​​​​പട്ടാഴി 9 4 0 0
​പട്ടാഴി വടക്കേക്കര 9 4 0 0
പിറവന്തൂർ 10 8 2 1
തലവൂർ 11 8 1 0
​വിളക്കുടി 13 6 0 1
​മേലില 8 6 1 0
വെട്ടിക്കവല 10 10 1 0

113. കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ലയിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ പള്ളിക്കത്തോട് എന്നീ പഞ്ചായത്തുകള്‍ അടങ്ങിയ നിയമസഭാമണ്ഡലമാണ് കാഞ്ഞിരപ്പള്ളി നിയമസഭാമണ്ഡലം. 2008ലെ മണ്ഡല പുനക്രമീകരണത്തില്‍ കാഞ്ഞിരപ്പള്ളിയും വാഴൂരും യോജിപ്പിച്ച് നിലവില്‍ വന്ന മണ്ഡലമാണിത്. കേരള കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും സി.പി.എമ്മിനും ശക്തമായ സ്വാധീനമുള്ള മണ്ഡലം ആണ് കാഞ്ഞിരപ്പള്ളി. രണ്ടായിരത്തി പതിനൊന്നില്‍ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിലെ എന്‍. ജയരാജ് സി.പി.ഐയിലെ സുരേഷ് ടി നായരെ തോല്പിച്ചു ഇവിടെ നിന്ന് നിയമസഭയില്‍ എത്തി. ഇത്തവണയും എന്‍. ജയരാജ് തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഇടതുപക്ഷത്ത് നിന്നും സി.പി.ഐക്ക് വേണ്ടി വി. ബി. ബിനുവും ബി.ജെ.പി സ്ഥാനാർത്ഥിയായി മനോജ്‌ വി. എനും മത്സരിക്കുന്നു. രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പിക്ക് ഇവിടെ നിന്ന് 7.10% വോട്ടുകള്‍ ലഭിച്ചിരുന്നു. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലം, ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കാര്യമായ വോട്ടുവര്‍ധന ഉണ്ടായിരുന്നു ഇവിടെ.

2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​

ആകെ വോട്ടുകള്‍ : 161393

പോള്‍ ചെയ്ത വോട്ടുകള്‍ : 113141

പോളിങ്ങ് ശതമാനം : 70.10 ​

സ്ഥാനാർത്ഥി പാർടി വോട്ട്
എൻ. ജയരാജ് കേരള കോൺഗ്രസ് (എം) 57021
(ഭൂരിപക്ഷം - ​12206​)
സുരേഷ് ടി നായർ സിപിഐ 44815
കെ. ജി. രാജ്മോഹൻ ബിജെപി 8037

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. ​

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 45593
(ഭൂരിപക്ഷം - ​9726​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 35867
എം. ടി. രമേഷ് ബിജെപി 20840

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​ചിറക്കടവ് 9 5 6 0
​​​​​കാഞ്ഞിരപ്പള്ളി 11 8 1 3
​മണിമല 4 6 0 5
കങ്ങഴ 6 7 1 1
കറുകച്ചാൽ 7 5 1 3
​നെടുംകുന്നം 5 10 0 0
​വാഴൂർ 6 5 2 3
വെള്ളാവൂർ 5 5 2 1
പള്ളിക്കത്തോട് 2 6 5 0

114. പൂഞ്ഞാർ

കോട്ടയം ജില്ലയിലെ ​ഈരാറ്റുപേട്ട മുനിസിപാലിറ്റിയും ​എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാർ നിയമസഭാമണ്ഡലം. പൂഞ്ഞാര്‍ കേരള കോൺഗ്രസ്സിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി തൊമ്മന്‍ ടി. എ. സി.പി.ഐയിലെ ചാക്കോയെ തോല്‍പ്പിച്ചു എം.എല്‍.എ ആയി. 1960ലും തൊമ്മന്‍ ടി. എ. തന്നെ ഇവിടെ നിന്നും ജയിച്ചു മണ്ഡലം നിലനിര്‍ത്തി. പിന്നീട് ഒരിക്കലും കോൺഗ്രസ്സിനു സ്വന്തം സ്ഥാനാർത്ഥികളെ ഇവിടെ നിര്‍ത്താൻ കഴിഞ്ഞിട്ടില്ല. സി.പി.ഐ(എം), സി.പി.ഐ സ്ഥാനാർത്ഥികള്‍ ഒരിക്കലും ഇവിടെ നിന്നും വിജയിച്ചിട്ടുമില്ല. പക്ഷെ കേരളകോൺഗ്രസ് പാര്‍ട്ടികൾ ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ചപ്പോള്‍ മുന്നണി സ്ഥാനാർത്ഥികള്‍ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 1967 മുതല്‍ ഇങ്ങോട്ടേക്ക് ഒരു തവണ ഒഴികെ കേരള കോൺഗ്രസ്സ് ഗ്രൂപ്പുകള്‍ മാത്രമാണ് ഇവിടെ ജയിച്ചിട്ടുള്ളത്. 1987ല്‍ ജെ.എന്‍.പിക്ക് വേണ്ടി എന്‍. എം. ജോസഫ് പി. സി. ജോര്‍ജിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. പി. സി. ജോര്‍ജ് ഇടതു വലതു മുന്നണികളില്‍ നിന്നായി കേരള കോൺഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ ഇവിടെ നിന്നും ആറു തവണ മത്സരിച്ചു ജയിച്ചിട്ടുണ്ട്. ഇത്തവണ ഇടതുപക്ഷവും വലതു പക്ഷവും കയ്യൊഴിഞ്ഞ പി. സി. ജോര്‍ജ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇടതുപക്ഷത്ത് നിന്നും കേരള കോൺഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സ്ഥാനാർത്ഥിയായി പി. സി. ജോസഫും യു.ഡി.എഫില്‍ നിന്നും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ജോര്‍ജ്ജ്കുട്ടി അഗസ്തിയും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എം. ആര്‍. ഉല്ലാസും ജനവിധി തേടുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ കേരള കോൺഗ്രസ്സുകാര്‍ തമ്മില്‍ നേര്‍ക്ക്‌നേർ ഏറ്റുമുട്ടുന്നു. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ പൂഞ്ഞാർ നിയമസഭാ മണ്ഡലം. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നില്‍ ​ 4.25% വോട്ടു ലഭിച്ചിരുന്നു.

​2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം:​​​​

ആകെ വോട്ടുകള്‍ : 167745

പോള്‍ ചെയ്ത വോട്ടുകള്‍ : 117809

പോളിങ്ങ് ശതമാനം : 70.23 ​

സ്ഥാനാർത്ഥി പാർടി വോട്ട്
പി. സി. ജോർജ്ജ് കേരള കോൺഗ്രസ് (എം) 59809
(ഭൂരിപക്ഷം - ​15704​)
മോഹൻ തോമസ് ഇടത് സ്വതന്ത്രൻ 44105
കെ. സന്തോഷ് കുമാർ ബിജെപി 5010

​2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ​ പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.​ ​

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 43614
(ഭൂരിപക്ഷം - ​2761​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 40853
എം. ടി. രമേഷ് ബിജെപി 15099

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി 13 11 0 4
​​​​​എരുമേലി 13 7 1 2
​മുണ്ടക്കയം 7 11 0 5
പാറത്തോട് 8 10 0 1
കൂട്ടിക്കൽ 2 8 1 2
​കോരുത്തോട് 8 2 0 3
​പൂഞ്ഞാർ 7 3 2 1
പൂഞ്ഞാർ തെക്കേക്കര 11 3 0 0
തീക്കോയി 3 8 0 2
തിടനാട് 5 8 1 0

115. തിരുവല്ല

പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താനം പഞ്ചായത്തുകൾ അടങ്ങിയതാണ് തിരുവല്ല നിയമസഭാ മണ്ഡലം. കേരള കോൺഗ്രസ്സിനു നല്ല സ്വാധീനം ഉള്ള മണ്ഡലത്തില്‍ അവരുടെ ഗ്രൂപ്പ് പോരുകള്‍ കാരണം ഇടതുപക്ഷ മുന്നണിക്ക്‌ സീറ്റുകള്‍ കിട്ടാറുണ്ട്. എട്ടു തവണ കേരള കോൺഗ്രസ് സ്ഥാനാർത്ഥികള്‍ ഇവിടെ നിന്നും വിജയിച്ചു എം.എല്‍.എ ആയിട്ടുണ്ട്‌. ഇപ്പോഴത്തെ എം.എല്‍.എ മാത്യു ടി തോമസ്‌ മൂന്ന് തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987ലും 2006ലും 2011ലും ജനതദളിനു വേണ്ടി ഇദ്ദേഹം ഇവിടെ നിന്നും വിജയിച്ചു. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ വിക്ടര്‍ ടി തോമസിനെയാണ് പരാജയപ്പെടുത്തിയത്. ഇത്തവണ മാത്യു ടി തോമസ്‌ തന്നെ ഇടതുപക്ഷ മുന്നണിയില്‍ നിന്നും മത്സരിക്കുന്നു. കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ജോസഫ്‌ എം പുതുശ്ശേരിയും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടും ജനവിധി തേടുന്നു. നല്ല മത്സരം നടക്കുന്നൊരു മണ്ഡലമാണിത്. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ തിരുവല്ല നിയമസഭാ മണ്ഡലം. ബി.ജെ.പിക്ക് രണ്ടായിരത്തി പതിനൊന്നില്‍ 6.05% വോട്ടു ലഭിച്ചിരുന്നു. ഇവിടെ നിയമസഭയിലെ ലീഡ് ലോക്സഭയില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല. ബി.ജെ.പി വോട്ടുകളിലും വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം

ആകെ വോട്ടുകള്‍ : 193159

പോള്‍ ചെയ്ത വോട്ടുകള്‍ : 126642

പോളിങ്ങ് ശതമാനം : 65.56 ​

സ്ഥാനാർത്ഥി പാർടി വോട്ട്
മാത്യു ടി തോമസ് ജെഡിഎസ് 63289
(ഭൂരിപക്ഷം - ​10767​)
വിക്ടർ ടി തോമസ് കേരള കോൺഗ്രസ് (എം) 52522
രാജൻ മൂലവീട്ടിൽ ബിജെപി 7656

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്. ​

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 55701
(ഭൂരിപക്ഷം - ​2761​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 42420
എം. ടി. രമേഷ് ബിജെപി 19526

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​തിരുവല്ല മുനിസിപ്പാലിറ്റി 8 22 4 5
​​​​​കടപ്ര 7 7 0 1
​കവിയൂർ 5 5 4 0
കുട്ടൂർ 3 2 6 4
നെടുമ്പ്രം 5 1 0 0
​നിരണം 5 5 0 3
​പെരിങ്ങര 4 8 2 1
ആനിക്കാട് 4 7 2 0
കല്ലൂപ്പാറ 2 6 1 5
മല്ലപ്പള്ളി 6 6 2 0
പുരമറ്റം 4 9 0 0
കുന്നന്താനം 10 3 2 0

116. റാന്നി

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. 1957 മുതല്‍ 1991 വരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളില്‍ ആകെ ഒരു തവണ മാത്രമേ ഇടതുപക്ഷത്തിനു ഇവിടെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ 1996 മുതല്‍ സി.പി.ഐ.എമ്മിന് വേണ്ടി രാജു എബ്രഹാം ഇവിടെ നിന്നും നാല് തവണ മത്സരിച്ചു ജയിച്ചു. ശക്തമായ യു.ഡി.എഫ് മണ്ഡലം എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന റാന്നി ഇപ്പോള്‍ ഇടതുപക്ഷത്തിന്‍റെ കുത്തകമണ്ഡലം ആയി മാറിയിരിക്കയാണ്. കഴിഞ്ഞ തവണ രാജു എബ്രഹാമിന് എതിരെ മത്സരിച്ചതു കോണ്‍ഗ്രസ്സിലെ ഫിലിപ്പോസ് തോമസ്‌ ആയിരുന്നു. 2014ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട അദ്ദേഹം ഇപ്പോള്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്നു. ഇത്തവണയും സി.പി.ഐ(എം) രാജു എബ്രഹാമിനെ തന്നെ മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസ്സിനു വേണ്ടി മറിയാമ്മ ചെറിയാനും ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി പദ്മകുമാറും മത്സരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഇവിടെ ​6.18 % വോട്ടുകള്‍ ഉണ്ടായിരുന്നു. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ റാന്നി നിയമസഭാ മണ്ഡലം. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യു.ഡി.എഫിന് ആയിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നത്. കൂടാതെ ബി.ജെ.പി വോട്ടുനില മെച്ചപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം പരിശോധിക്കുക.

ആകെ വോട്ടുകള്‍ : 175285

പോള്‍ ചെയ്ത വോട്ടുകള്‍ : 120361

പോളിങ്ങ് ശതമാനം : 68.67 ​

സ്ഥാനാർത്ഥി പാർടി വോട്ട്
രാജു ഏബ്രഹാം സിപിഐ(എം) 58391
(ഭൂരിപക്ഷം - ​6614​)
പീലിപ്പോസ് തോമസ് കോൺഗ്രസ് 51777
സുരേഷ് കാദംബരി ബിജെപി 7442

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ റാന്നി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 48909
(ഭൂരിപക്ഷം - ​9091​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 39818
എം. ടി. രമേഷ് ബിജെപി 18531

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​റാന്നി 8 4 0 1
​​​​​റാന്നി പഴവങ്ങാടി 11 4 1 1
​റാന്നി അങ്ങാടി 1 7 2 3
റാന്നി പെരുനാട് 3 11 0 1
അയിരൂർ 4 6 4 2
​ചെറുകോൽ 3 7 3 0
​നാറാണാംമൂഴി 7 5 0 1
വടശ്ശേരിക്കര 4 8 2 1
വെച്ചൂച്ചിറ 7 7 0 1
എഴുമറ്റൂർ 4 6 1 3
കോട്ടാങ്ങൽ 2 8 2 1
കൊറ്റനാട് 3 7 2 1

117. ആറന്മുള

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഉൽപ്പെടുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയും ആറന്മുള, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളും ചേർന്ന നിയമസഭാ മണ്ഡലമാണ് ആറന്മുള. ​ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് ആറന്മുള. 1996ല്‍ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഇടതുപക്ഷ സ്വതന്തന്‍ ആയി നിന്ന് സി.എം.പി നേതാവ് എം. വി. രാഘവനെ ഇവിടെ നിന്നും തോല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്നു 2006ല്‍ കെ. സി. രാജഗോപാല്‍ സി.പി.ഐ(എം) സ്ഥാനാർത്ഥിയായി നിന്നും ഇവിടെ നിന്നും ജയിച്ചതൊഴിച്ചാല്‍ ഇടതുപക്ഷത്തിനു ബാലികേറാമലയാണ് ആറന്മുള. കോണ്‍ഗ്രസിലെ കെ. ശിവദാസന്‍ നായര്‍ ആണ് നിലവിലെ എം.എല്‍.എ. കഴിഞ്ഞ തവണ കെ. സി. രാജഗോപാലിനെ തോല്‍പ്പിച്ചാണ് ശിവദാസന്‍ നായര്‍ നിയമസഭയില്‍ എത്തിയത്. ഇത്തവണയും വി. ശിവദാസന്‍ നായര്‍ തന്നെ കോണ്‍ഗ്രസ്സിനു വേണ്ടി മത്സരിക്കുന്നു. ഇടതുപക്ഷത്ത് നിന്നും സി.പി.ഐ(എം) സ്ഥാനാർത്ഥിയായി പ്രമുഖ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജും ബി.ജെ.പിക്ക് വേണ്ടി എം. ടി. രമേഷും മത്സരിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ വോട്ടു പിടിക്കാന്‍ സാധ്യതയുള്ള മണ്ഡലം ആണ് ആറന്മുള. വളരെ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് ​ ആറന്മുള ​ നിയമസഭാ മണ്ഡലം. രണ്ടായിരത്തി പതിനൊന്നില്‍ ബി.ജെ.പിക്ക് ​7.52% വോട്ടുകള്‍ കിട്ടിയിരുന്നുവെന്ന് മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പില്‍ അവർക്ക് കാര്യമായ വോട്ടു വര്‍ധനയും ഈ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു ​ ആറന്മുള നിയമസഭാ മണ്ഡലം.

​​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 205978

പോള്‍ ചെയ്ത വോട്ടുകള്‍ : 135975

പോളിങ്ങ് ശതമാനം : 66.01 ​

സ്ഥാനാർത്ഥി പാർടി വോട്ട്
ശിവദാസൻ നായർ കോൺഗ്രസ് 64845
(ഭൂരിപക്ഷം - ​6511​)
കെ. സി. രാജഗോപാലൻ സിപിഐ(എം) 58334
കെ. ഹരിദാസ് ബിജെപി 10227

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 58826
(ഭൂരിപക്ഷം - ​11349​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 47477
എം. ടി. രമേഷ് ബിജെപി 23771

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​പത്തനംതിട്ട മുനിസിപ്പാലിറ്റി 8 22 0 2
​​​​​ആറന്മുള 9 6 3 0
​ചെന്നീർക്കര 5 7 1 1
ഇലന്തൂർ 4 6 3 0
കോഴഞ്ചേരി 5 5 2 1
​കുളനട 4 4 7 1
​മല്ലപ്പുഴശ്ശേരി 4 5 3 1
മെഴുവേലി 7 6 0 1
നാരങ്ങാനം 4 4 4 2
ഓമല്ലൂർ 6 4 4 0
​ഇരവിപേരൂർ 11 4 1 1
കോയിപ്രം 5 7 2 3
തോട്ടപ്പുഴശ്ശേരി 3 7 2 1

118. കോന്നി

പത്തനംതിട്ട ജില്ലയിലെ കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, ചിറ്റാർ, സീതത്തോട്, ഏനാദിമംഗലം, കലഞ്ഞൂർ എന്നീ പഞ്ചായത്തുകളടങ്ങുന്നതാണ് കോന്നി നിയമസഭാ മണ്ഡലം. 1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എട്ടു തവണ കോണ്‍ഗ്രസ്സിനും നാല് തവണ ഇടതുപക്ഷത്തിനും ഇവിടെ നിന്നും ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 1996 മുതല്‍ നാല് തവണയായി ഇപ്പോഴത്തെ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ആണ് കോന്നിയില്‍ നിന്നും വിജയിച്ചു വരുന്നത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്ന കോന്നി അടൂര്‍ പ്രകാശിന്‍റെ വരവോടെ വലതുപക്ഷ മണ്ഡലം ആയി മാറി. മന്ത്രിക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ മൂലം പ്രകാശിനെ മാറ്റി വേറെ ഒരാളെ പരിഗണിക്കാന്‍ സാധ്യത ഉണ്ടായിരുന്നു എങ്കിലും അവസാന നിമിഷം അടൂര്‍ പ്രകാശിന് തന്നെ സീറ്റ് കിട്ടി. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എമ്മില്‍ നിന്നും ആര്‍. സനല്‍ കുമാറും ബി.ജെ.പിക്ക് വേണ്ടി ഡി. അശോക്‌ കുമാറും ജനവിധി തേടുന്നു. പത്തനംതിട്ട ലോകസഭാ മണ്ഡത്തില്‍ ഉള്‍പ്പെടുന്നു കോന്നി നിയമസഭാ മണ്ഡലം. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 4.57% വോട്ടു ലഭിച്ചിരുന്നു.

​2011 ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം​

ആകെ വോട്ടുകള്‍ : 182384

പോള്‍ ചെയ്ത വോട്ടുകള്‍ : 131070

പോളിങ്ങ് ശതമാനം : 71.86 ​

സ്ഥാനാർത്ഥി പാർടി വോട്ട്
അടൂർ പ്രകാശ് കോൺഗ്രസ് 65724
(ഭൂരിപക്ഷം - ​7774​)
എം. എസ്. രാജേന്ദ്രൻ സിപിഐ(എം) 57950
വി. എസ്. ഹരീഷ് ചന്ദ്രൻ ബിജെപി 5994

2014 ലോകസഭാ തെരഞ്ഞെടുപ്പിൽ കോന്നി നിയമസഭാ മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ ഇപ്രകാരമാണ്.

സ്ഥാനാർത്ഥി പാർടി വോട്ട്
ആന്റോ ആന്റണി കോൺഗ്രസ് 53480
(ഭൂരിപക്ഷം - ​8096​)
പീലിപ്പോസ് തോമസ് സ്വതന്ത്രൻ 45384
എം. ടി. രമേഷ് ബിജെപി 18222

2015 പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കണക്കുകൾ:​​

പഞ്ചായത്ത് എൽഡി‌എഫ് യുഡി‌എഫ് ബിജെപി+ മറ്റുള്ളവർ
​​​​​കോന്നി 5 11 0 2
​അരുവാപ്പുലം 7 8 0 0
മലയാലപ്പുഴ 7 2 4 1
പ്രമാടം 8 11 0 0
​മൈലപ്ര 1 9 0 3
​തണ്ണിത്തോട് 5 8 0 0
വള്ളിക്കോട് 6 8 1 0
ചിറ്റാർ 8 5 0 0
സീതത്തോട് 10 3 0 0
​ഏനാദിമംഗലം 8 5 2 0
കലഞ്ഞൂർ 11 5 3 1
Assembly Election 2016, constituency analysis 2016, Essay, Politics Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments