സിറിയ: ഉറവ വറ്റാത്ത ചോരപ്പുഴയുടെ ചരിത്ര പശ്ചാത്തലങ്ങൾ (ഭാഗം 1)

നിഖിൽ സി. ബി October 1, 2016

ഫൈസൽ രാജകുമാരൻ
കടപ്പാട്: വിക്കിപ്പീഡിയ


1975ൽ വടക്കൻ സിറിയയിൽ ഖനനം നടത്തിയ പുരാവസ്തു ഗവേഷകർ എബല എന്ന ഒരു പുരാതന നഗരവും നഗരത്തോടനുബന്ധമായി 3500 ബി സി മുതൽ 2400 ബി സി വരെ ഒരു സെമറ്റിക് സാമ്രാജ്യം (Akkadian Empire) നിലനിന്നിരുന്നു എന്നും കണ്ടെത്തിയിരുന്നു. ചെങ്കടലിനു വടക്കുഭാഗത്തായി തുർക്കി വരെയും പടിഞ്ഞാറു മെസോപ്പൊട്ടോമിയ വരെയും വ്യാപിച്ച് കിടന്നിരുന്ന ഈ നഗര പ്രദേശത്തു ഏകദേശം രണ്ടു ലക്ഷത്തി അറുപതിനായിരത്തോളം ആളുകൾ താമസിച്ചിരുന്നെന്നും അനുമാനിക്കുന്നു. ഓട്ടോമൻ തുർക്കികളുടെ നിയന്ത്രണത്തിൽ വരുന്നതിന്നു മുൻപ് കനാന്യർ, ഫീനിഷ്യൻസ്, ഹീബ്രൂസ്‌, അറീമിയൻ, അസ്സീറിയൻ, പേർഷ്യൻ, ഗ്രീക്ക്, റോമൻ, നബാറ്റിയൻ തുടങ്ങി നിരവധി സാമ്രാജ്യങ്ങളുടെ നിയന്ത്രണത്തിലൂടെ ഈ പ്രദേശം കടന്നു പോയിട്ടുണ്ട്.

ക്രിസ്തുമതത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടും സിറിയക്ക് പ്രാധാന്യമുണ്ട്. സെന്റ്പോൾ ക്രിസ്തുമതം സ്വീകരിച്ചതും ലോകത്തിലെ ആദ്യത്തെ സംഘടിത ക്രൈസ്തവ പള്ളി പുരാതന സിറിയയിലെ ആന്റിയോച്ചിൽ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ഡമാസ്കസിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നെന്നു പറയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പല ഉദ്യമങ്ങളുമായി അദ്ദേഹം യാത്ര പുറപ്പെട്ടതും ഇവിടെ വച്ചാണ്.

1833 മുതൽ 1840 വരെ ഉള്ള ചുരുങ്ങിയ കാലം ഈജിപ്തിൽ നിന്നുള്ള ഇബ്രാഹിം പാഷയുടെ കീഴിലായിരുന്നതൊഴിച്ചാൽ ഏകദേശം നാന്നൂറ് വർഷക്കാലം ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ തന്നെയായിരുന്നു ഡമാസ്കസ്. 1517 മുതൽ 1919 വരെ ഓട്ടോമൻ സാമ്രാജ്യക്കാർ ആണ് ഇന്നത്തെ സിറിയ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ അടക്കി ഭരിച്ചത്. പല മത വിഭാഗങ്ങളും ഗോത്രവർഗ്ഗക്കാരും ഉൾക്കൊള്ളുന്ന പ്രദേശങ്ങളായിരുന്നു അക്കാലത്തു സിറിയയും സിറിയയയുടെ അയൽ പ്രവിശ്യകളായ ലെബനനും, ജോർദാനും, പലസ്‌തീനും എല്ലാം.

അത്യധികം ജനവാസമുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് ഇന്ന് സിറിയയുടെ തലസ്ഥാനനഗരമായ ദമാസ്കസ്. എ.ഡി 636ലാണ് ഈ നഗരം മുസ്‌ലിം ഭരണത്തിന് കീഴിലായതു. വളരെ പെട്ടെന്ന് തന്നെ നഗരത്തിന്റെ അധികാരവും അന്തസ്സും അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും സ്‌പെയിൻ മുതൽ ഇന്ത്യ വരെ വ്യാപിച്ചു കിടന്നിരുന്ന ഉമയ്യദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഈ നഗരം മാറുകയും ചെയ്തു. 1260ൽ മാമ്ലൂക് സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ തലസ്ഥാനമായിരുന്നു ഡമാസ്കസ്. 13ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മംഗോളിയൻ രാജാവായ തൈമൂറിന്റെ തേരോട്ടത്തിൽ ഡമാസ്കസ് നഗരം വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. അനേകമായിരം ശില്പങ്ങളും കൊത്തുപണികളും തകർക്കപ്പെടുകയും ശില്പികളെ സമർഖണ്ടിലേക്കു പാലായനം ചെയ്യിക്കുകയും ചെയ്തു. പിന്നീട് ഈജിപ്ത്തിൽ നിന്നുള്ള മാമ്ലൂക് സാമ്രാജ്യത്തിലെ രാജാക്കന്മാർ ഈ നഗരം പുനര്നിര്മ്മിക്കുകയും 1516-17ലെ മാമ്ലൂക്-ഓട്ടോമൻ യുദ്ധത്തിലെ പരാജയം വരെ തങ്ങളുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി അടക്കി വക്കുകയും ചെയ്തു. 1833 മുതൽ 1840 വരെ ഉള്ള ചുരുങ്ങിയ കാലം ഈജിപ്തിൽ നിന്നുള്ള ഇബ്രാഹിം പാഷയുടെ കീഴിലായിരുന്നതൊഴിച്ചാൽ ഏകദേശം നാന്നൂറ് വർഷക്കാലം ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ തന്നെയായിരുന്നു ഡമാസ്കസ്. 1517 മുതൽ 1919 വരെ ഓട്ടോമൻ സാമ്രാജ്യക്കാർ ആണ് ഇന്നത്തെ സിറിയ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ അടക്കി ഭരിച്ചത്. പല മത വിഭാഗങ്ങളും ഗോത്രവർഗ്ഗക്കാരും ഉൾക്കൊള്ളുന്ന പ്രദേശങ്ങളായിരുന്നു അക്കാലത്തു സിറിയയും സിറിയയയുടെ അയൽ പ്രവിശ്യകളായ ലെബനനും, ജോർദാനും, പലസ്‌തീനും എല്ലാം.

ഓട്ടോമൻ സുൽത്താന്മാരുടെ ഭരണം മിക്കവാറും പ്രദേശങ്ങളിൽ നേരിട്ടല്ലായിരുന്നു. അതാതു പ്രദേശങ്ങളിലെ ഗോത്രവർഗ്ഗങ്ങളുടെയും മത വിഭാഗങ്ങളുടെയും ആനുപാതികാനുസരണം മിക്ക പ്രദേശങ്ങളിലും തങ്ങളുടെ വിശ്വസ്തരും തദ്ദേശീയരുമായ വിവിധ വിഭാഗക്കാരായ നാടുവാഴികളെ അവർ നിയമിച്ചു. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ജൂതന്മാരും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മിക്ക പ്രദേശങ്ങളും ഇത്തരം നാടുവാഴികളുടെ പരമാധികാരത്തിന് കീഴിലായിരുന്നു. അവർക്കു സ്വന്തമായി നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം ഉണ്ടായിരുന്നു. നാടുവാഴികൾ തമ്മിലുള്ള പിണക്കങ്ങളും സഹവർത്തിത്വങ്ങളും സർവ്വസാധാരണമായിരുന്നു. ചില നാടുവാഴികളെ നിയന്ത്രിക്കാൻ മറ്റു ചില നാടുവാഴികളെ ഓട്ടോമൻ സുൽത്താൻമാർ അധികാരപ്പെടുത്തിയിരുന്നു. ഈ ഒരു ഭരണ സംവിധാനത്താൽ തങ്ങളോളമോ അല്ലെങ്കിൽ തങ്ങളേക്കാൾ താരതമ്യേന ശക്തി കുറഞ്ഞവരോ ആയ മറ്റു നാടുവാഴികളുടെ നിയന്ത്രണത്തിലാവേണ്ടി വന്നവർക്ക്‌ സ്വാഭാവികമായും എതിർപ്പുണ്ടായിരുന്നു, അതവർ പ്രകടിപ്പിച്ചും തുടങ്ങി. ഈ അവസരം മുതലെടുത്ത് ഓട്ടോമൻമാരെ തുരത്തി അവരുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുക എന്ന ലക്ഷ്യത്തോടെ യൂറോപ്യൻ ശക്തികൾ ഇത്തരം എതിർപ്പു പ്രകടിപ്പിക്കുന്ന നാടുവാഴികളെ പിന്തുണക്കാൻ തീരുമാനിച്ചു. ഉദാഹരണത്തിന് ഫ്രഞ്ചുകാർ ക്രിസ്ത്യാനികളെയും ബ്രിട്ടീഷുകാർ ഭ്രൂസ്‌ എന്നറിയപ്പെടുന്ന ഷിയാ സുന്നി വിഭാഗത്തിൽപ്പെട്ട ഒരു വിഭാഗത്തെയും പിന്തുണച്ചു. ഏതൊരു കൊളോണിയൻ ശക്തികളെയും പോലെ തന്നെ ഓട്ടോമൻകാരും ഇത്തരം എതിർപ്പുകളെ അടിച്ചമർത്താൻ ശ്രമിച്ചതോടെ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടു കൂടി തന്നെ സിറിയ ഉൾക്കൊള്ളുന്ന അറബ് പ്രദേശം ഒരു കലാപ കലുഷിത മേഖലയായിരുന്നു.


നസ്രേത്തിലെ യുദ്ധം: അന്ത്വാൻ ഷോൻ ഗ്രൂയുടെ പെയിന്റിംഗ്

1875ൽ ബോസ്നിയയിലും ഹെർസിഗോവിനയിലും 1876ൽ ബൾഗേറിയയിയിലും 1892 -93 വരെ ആർമേനിയയിലും നടന്ന എതിർപ്പുകൾ ഓട്ടോമൻ സുൽത്താൻമാർ അടിച്ചമർത്തിയെങ്കിലും ദക്ഷിണ യൂറോപ്പ് വരെ വ്യാപിച്ചിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിനു ഇത്തരം ദേശീയതയിലൂന്നിയ പോരാട്ടങ്ങൾ വലിയ തിരിച്ചടിയാണ് നൽകിയത്. ഭരണഘടനാധിഷ്ടിതമായ ഒരു ഭരണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ആയിരത്തി തൊള്ളായിരത്തി എട്ടിൽ ഒരുപറ്റം യുവാക്കൾ അബ്ദുൽ ഹമീദ് എന്ന ഓട്ടോമൻ ഭരണാധികാരിക്കെതിരെ പ്രതിഷേധം നയിച്ചിരുന്നു. യുവ തുർക്കി വിപ്ലവം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രതിഷേധത്തിന്റെ ഫലമായി സുൽത്താൻ ഹമീദിന് തന്റെ ഭരണവ്യവസ്ഥകൾ പുനർ നിര്ണയിക്കേണ്ടതായി വന്നു. ഒരു ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥയിലേക്കു യുവതുർക്കി വിപ്ലാവാനാന്തരം ഈ മേഖല പതിയെ മാറുകയായിരുന്നു.

ഓട്ടോമൻ സാമ്രാജ്യം ഇത്തരം എതിർപ്പുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഇതേ അവസരത്തിൽ തന്നെയാണ് ലോകത്തു പല ഭാഗങ്ങളിലും വിപ്ലവങ്ങൾ പൊട്ടിപുറപ്പെട്ടതും ഒന്നാം ലോക മഹായുദ്ധത്തിലേക്കു ലോകം കടന്നതും. ബ്രിട്ടനേയും ഫ്രാൻസിനെയും എതിർക്കുക എന്ന ലക്‌ഷ്യം മുന്നിൽകണ്ട് ഓട്ടോമൻകാർ ജർമനിയെയാണ് ഒന്നാം ലോക മഹായുദ്ധത്തിൽ പിന്തുണച്ചത്. സിറിയ എന്ന സ്വതന്ത്ര അറേബ്യൻ രാജ്യം ഈയവസരത്തിലൊന്നും നിലവിൽ വന്നിട്ടില്ലായിരുന്നു എന്ന കാര്യം ഓർമ്മിപ്പിക്കട്ടെ.

ബ്രിട്ടനും ഒരു പരിധി വരെ ഫ്രാൻസും ഓട്ടോമൻകാരെ തുരത്താൻ വേണ്ടി ഒന്നാം ലോക മഹായുദ്ധത്തെ ഉപയോഗിക്കാമെന്ന് കണക്കു കൂട്ടിയിരുന്നു. അതുമാത്രമല്ല തങ്ങളുടെ ശത്രുവിനെ അടിയറ പറയിക്കാൻ അറബ് ദേശീയതയെ കൂട്ട് പിടിക്കാനും ബ്രിട്ടീഷ് ഫ്രഞ്ച് കൊളോണിയൽ സാമ്രാജ്യങ്ങൾ തയ്യാറായി. അറബ് സ്വാതന്ത്ര്യസമരങ്ങളെ പിന്തുണക്കുക എന്ന വ്യാജേന അറേബ്യൻ തദ്ദേശ്ശീയരുടെ ചിലവിൽ തങ്ങളുടെ അതിരുകൾ വികസിപ്പിക്കുക എന്നതായിരുന്നു ഈ രണ്ടു സാമ്രാജ്യത്വ ശക്‌തികളുടെയും ലക്‌ഷ്യം.

ഒന്നാം ലോക മഹായുദ്ധകാലത്തു മക്കയിലെ ഗവർണർ ആയിരുന്നു ഷരീഫ് ഹുസൈൻ ഇബ്ൻ അലി. ഇദ്ദേഹത്തിന്റെയും ഇദ്ദേഹത്തിന്റെ പുത്രന്മാരുടെയും സഹായവും ബ്രിട്ടീഷ് ഫ്രഞ്ച് ശക്തികൾ നേടിയിരുന്നു. ഇത് വളരെ തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇസ്ലാം മതത്തെ സംബന്ധിച്ചിടത്തോളം വിശുദ്ധ നഗരമായ മക്കയുടെ അധികാരി എന്ന നിലയിലും പ്രവാചകനായ മുഹമ്മദിന്റെ പിന്മുറക്കാർ എന്നറിയപ്പെട്ടിരുന്ന ഹാഷമായിത് കുടുംബാംഗം എന്ന രീതിയിലും ഷറീഫ് ഹുസൈന് നല്ല സ്വീകാര്യത ഉണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിർദ്ദേശാനുസരണം ശരീഫ് ഹുസ്സയിൻ അറബ് ഓട്ടോമൻ ഭരണത്തിനെതിരെ കലാപം നയിച്ചു. സിറിയയിലെ ആലെപ്പോ മുതൽ യെമനിലെ ആദെൻ വരെയുള്ള പ്രദേശങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്ന് മോചിപ്പിച്ചു തന്റെ കീഴിലുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി ഭരണം നടത്താമെന്നതായിരുന്നു ശരീഫ് ഹുസ്സയിൻറെ മനസ്സിലിരുപ്പ്. ഈ നിബന്ധനയോടെ ആയിരുന്നു ഹുസൈൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണച്ചത്.

ഓട്ടോമൻ സാമ്രാജ്യത്തെ അടിയറവു പറയിക്കുക എന്നത് ഒന്നാം ലോക മഹായുദ്ധത്തിൽ പല രാജ്യങ്ങൾക്കും ഒരു തന്ത്ര പ്രധാനമായ ആവശ്യമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വം നിലനിർത്തുക എന്നുള്ളത് സ്വാഭാവികമായും ഓട്ടോമാൻമാരുടെയും ലക്‌ഷ്യം ആയിരിക്കുമല്ലോ. ലോക മഹായുദ്ധകാലത്തെ പ്രധാനപ്പെട്ട ഒരു പോരാട്ടം ഈ കാരണങ്ങളുള്ളതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചിമേഷ്യൻ തിയേറ്റർ എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പല രാജ്യങ്ങളും ഇരു ഭാഗത്തായി പങ്കെടുത്തു. ജർമ്മനിയും, ഓസ്ട്രിയയും, ഹംഗറിയും ചേർന്ന അച്ചുതണ്ട് ശക്‌തികളുടെ സഹായത്തോടെ കുർദുകളും ചില അറബ് ഗോത്ര വർഗ്ഗവിഭാഗങ്ങളും ഇറാനികളും ചേർന്ന ഓട്ടോമൻകാരുടെ സൈന്യം ഒരു ഭാഗത്തും ബ്രിട്ടനും ഫ്രാൻസും റഷ്യയും ചേർന്ന സഖ്യ കക്ഷികൾ മറുവശത്തും അണി നിരന്നു.

ശരീഫ് ഹുസ്സയിൻ നയിച്ച ഈ കലാപത്തിനെ പൊതുവെ അറിയപ്പെടുന്നത് അറബ് കലാപം (Arab revolt) എന്ന പേരിലാണ്. ഈ കലാപത്തിന് ഏതാനും വർഷങ്ങൾ മുൻപ് നടന്ന യുവതുർക്കി വിപ്ലവം ഏതാണ്ട് ഒരു സെക്കുലർ സ്വഭാവത്തോടെ ആയിരുന്നു. ഓട്ടോമൻകാരുടെ ദുര്ഭരണത്തിനും അടിച്ചമർത്തലുകള്ക്കും എതിരായിരുന്നു ഇത്. എന്നാൽ യുവതുർക്കി വിപ്ലവക്കാർ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ വെള്ളം കലർത്തി എന്നും മറ്റും ഉള്ള അധിക്ഷേപം ശരീഫ് ഹുസ്സയിൻ ഉന്നയിച്ച്‌ കൊണ്ടേ ഇരുന്നു. മാത്രവുമല്ല താൻ പ്രവാചകന്റെ പിന്മുറക്കാരനാണെന്നു തുടർച്ചയായി അദ്ദേഹം തന്റെ അനുയായികളെ ഓർമപ്പെടുത്തി. അധികാര പ്രാപ്തിക്കു വേണ്ടി മതം സാവധാനം ഉപയോഗിക്കപ്പെടുകയായിരുന്നു.

ഓട്ടോമൻ സാമ്രാജ്യത്തെ അടിയറവു പറയിക്കുക എന്നത് ഒന്നാം ലോക മഹായുദ്ധത്തിൽ പല രാജ്യങ്ങൾക്കും ഒരു തന്ത്ര പ്രധാനമായ ആവശ്യമായിരുന്നു. തങ്ങളുടെ സാമ്രാജ്യത്വം നിലനിർത്തുക എന്നുള്ളത് സ്വാഭാവികമായും ഓട്ടോമാൻമാരുടെയും ലക്‌ഷ്യം ആയിരിക്കുമല്ലോ. ലോക മഹായുദ്ധകാലത്തെ പ്രധാനപ്പെട്ട ഒരു പോരാട്ടം ഈ കാരണങ്ങളുള്ളതായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചിമേഷ്യൻ തിയേറ്റർ എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പല രാജ്യങ്ങളും ഇരു ഭാഗത്തായി പങ്കെടുത്തു. ജർമ്മനിയും, ഓസ്ട്രിയയും, ഹംഗറിയും ചേർന്ന അച്ചുതണ്ട് ശക്‌തികളുടെ സഹായത്തോടെ കുർദുകളും ചില അറബ് ഗോത്ര വർഗ്ഗവിഭാഗങ്ങളും ഇറാനികളും ചേർന്ന ഓട്ടോമൻകാരുടെ സൈന്യം ഒരു ഭാഗത്തും ബ്രിട്ടനും ഫ്രാൻസും റഷ്യയും ചേർന്ന സഖ്യ കക്ഷികൾ മറുവശത്തും അണി നിരന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം ബ്രിട്ടനും ഫ്രാൻസിനും റഷ്യക്കും മറ്റു ചില സഹായങ്ങളും ലഭിച്ചിരുന്നു എന്നുള്ളതാണ്. ജൂതന്മാരും അസ്സീറിയൻസും ഗ്രീക്കുകാരും ബഹുഭൂരിപക്ഷം വരുന്ന അറബുകളും ബ്രിട്ടനെ പിന്തുണച്ചിരുന്നു. അത് പോലെ ആർമേനിയ റഷ്യയെയും.


1851ലെ ഓട്ടോമൻ സിറിയയുടെ മാപ്പ്
കടപ്പാട്: വിക്കിപ്പീഡിയ

യുദ്ധത്തിന്റെ പല ഘട്ടങ്ങളിലായി നിലവിൽ വന്ന ചില കരാറുകളുടെ അടിസ്ഥാനത്തിൽ പല രാജ്യങ്ങളും യുദ്ധത്തിൽ നിന്ന് പിന്മാറിക്കൊണ്ടിരുന്നു. എഡ്‌മണ്ട് അലമ്പിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈജിപ്ത്യൻ സംയുക്ത സേന ഡമാസ്കസ് പിടിച്ചെടുത്തു. ബ്രിട്ടീഷുകാർ ഉടനെ തന്നെ ഫൈസലിനെ ഡമാസ്കസിലേക്കു വിളിപ്പിച്ചു. തന്റെ പിതാവിന്റെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര അറബ് രാജ്യത്തെ കുറിച്ച് കേൾക്കാനാഗ്രഹിച്ചു വന്ന ഫൈസലിനെ കാത്തിരുന്നത് പക്ഷെ ബ്രിട്ടീഷുകാർ ഫ്രാൻസുമായി ഉണ്ടാക്കിയ സൈക്സ്-പൈകോട് (ഏഷ്യൻ മൈനർ) കരാറിനെ കുറിച്ചുള്ള വാർത്തയാണ്. ബ്രിട്ടനും ഫ്രാൻസും ചേർന്ന് റഷ്യയുടെ സമ്മതത്തോടെ 1916ൽ വളരെ രഹസ്യമായി ഉണ്ടാക്കിയ ഒരു കരാറായിരുന്നു ഇത്. ഓട്ടോമൻമാരെ പരാജയപ്പെടുത്തി അറബ് മേഖല ഈ മൂന്നു രാജ്യങ്ങൾ തമ്മിൽ എങ്ങനെ വീതം വെക്കണം എന്നതു കൃത്യമായി ഈ കരാറിന്റെ അടിസ്ഥാനത്തിൽ നേരത്തേ തന്നെ രേഖപ്പെടുത്തിയിരുന്നു. അത് പ്രകാരം സിറിയ ഉൾപ്പെടുന്ന മേഖല യഥാർത്ഥത്തിൽ ഫ്രാൻസിന് അധികാരപ്പെട്ടതായിരുന്നു. വിപ്ലവനന്തരം നിലവിൽ വന്ന സോവിയറ്റ് യൂണിയൻ ആണ് 1917ൽ ഏഷ്യൻ മൈനർ കരാർ പരസ്യപ്പെടുത്തിയത്. ഇതോടു കൂടി ഇളിഭ്യരായ ബ്രിട്ടൻ ഫൈസലിനെ സിറിയയുടെ അധികാരി ആയി അംഗീകരിക്കുകയായിരുന്നു.

ബ്രിട്ടീഷുകാരുടെ ഈ ചതിയിൽ ഫൈസൽ ഒട്ടും തൃപ്തനല്ലായിരുന്നു. എങ്കിലും കാര്യങ്ങൾ എല്ലാം ശരിയാവാൻ ഇനിയും സമയമുണ്ടെന്ന ആശ്വാസത്തിൽ അലമ്പിയുടെ സമ്മത പ്രകാരം 1918 ഒക്ടോബര് 5നു ഫൈസൽ ഒരു സ്വതന്ത്ര പരമാധികാര ഭരണഘടനാധിഷ്ഠിതമായ ഗവണ്മെന്റ് പ്രഖ്യാപിച്ചു. മതത്തിനതീതമായി നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ പൂർണ അറബ് നിയന്ത്രണത്തിലുള്ള ഒരു ഭരണമായിരിക്കും ഇതെന്നും അദ്ദേഹം അടിവരയിട്ടു.

അങ്ങനെയാണ് സിറിയ എന്ന സ്വതന്ത്ര പരമാധികാര രാജ്യം നിലവിൽ വന്നത്. ഫൈസലും അദ്ദേഹത്തിന്റെ സിറിയൻ അനുയായികളും ചേർന്ന് സിറിയയെ പുനർനിർമ്മിക്കാൻ തുടങ്ങി. യുദ്ധത്തിന്റെ ഫലമായി പൂട്ടിക്കിടന്ന സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാനും പുതിയ സ്കൂളുകൾ തുറക്കാനും തീരുമാനമായി. അറബി ഭാഷ ഔദോഗിക ഭാഷയായി നിശ്ചയിച്ചു. പാഠപുസ്തകങ്ങളെല്ലാം തുർക്കിഷിൽ നിന്നും അറബിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. ഭരണഘടനാ നിർമ്മാണത്തിനായി ഒരു കമ്മിറ്റിയെയും ഫൈസൽ ചുമതലപ്പെടുത്തി. എന്നാൽ ഏതാനും മാസങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ഭരണം സിറിയയിൽ നിലനിന്നുള്ളൂ. മൈസലൂണ് യുദ്ധത്തിലൂടെ ഫ്രഞ്ച് സൈന്യം സിറിയ കയ്യടക്കുകയായിരുന്നു.

Essay, Middle East, Politics, World Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments