ബഹുമാനപ്പെട്ട കോടതിയുടെ മാര്‍ക്സിസ്റ്റ് വായന

സുനില്‍ പെഴുങ്കാട് August 14, 2010

നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് സമ്പന്നന്റെ താല്പര്യസംരക്ഷണത്തിന് വേണ്ടിയാണ്. ന്യാധിപന്മാര്‍ ആകുന്നതു ഇടത്തരക്കാരോ സമ്പന്നവര്‍ഗ്ഗത്തില്‍പെട്ടവരോ ആയിരിക്കും. ന്യായാധിപരുടെ സാമൂഹികവും നൈതികവും ആയ കാഴ്ചപ്പാട് രൂപപ്പെടുന്നത് തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ നിന്നു തന്നെ ആണ്. ഇക്കാരണങ്ങളാല്‍ തന്നെയാണ് തൊഴിലാളി-മുതലാളി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ അവര്‍ ഉള്ളവന്റെ പക്ഷത്തു ആവുന്നത്. (ഫ്രെഡറിക്ക് എംഗല്‍സ്, ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവസ്ഥ, 1844)

വര്‍ഷങ്ങള്‍ക്കു മുന്‍പു നമ്മുടെ ഉന്നത നീതിപീഠം "മഹത്തായൊരു" മാര്‍ക്സിയന്‍ വായന നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് താത്വികമായ ദിശാബോധം നല്‍കിയ ഇഎംഎസ്സ് എന്ന നേതാവിന് മാര്‍ക്സ്-എംഗല്‍സ് കൃതികള്‍ വായിക്കുന്നതിലുണ്ടായ അപാകതകളും തെറ്റുകളും "ചൂണ്ടിക്കാണിക്കുകയായിരുന്നു" ബഹുമാനപ്പെട്ട കോടതി. കോടതി വിധിയെ കുറിച്ച് ഇ.എം.എസ്സ് തന്റെ "മാര്‍ക്സിസം-ലെനിനിസവും ബൂര്‍ഷ്വാ കോടതിയും" എന്ന കുറിപ്പില്‍ ഇങ്ങനെ പ്രതികരിച്ചു -

"...ഒരു കുറ്റാരോപിതന്‍, താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയതത്വശാസ്ത്രത്തെ മനസ്സിലാക്കുന്നതില്‍ വരുത്തിയെന്നു പറയുന്ന പിഴവുകള്‍ തെളിയിക്കുക്ക എന്നതാണോ ഒരു കോടതിയുടെ കര്‍ത്തവ്യം എന്നെനിക്കറിയില്ല. എന്റെ മനസ്സില്‍, കോടതികളുടെ ചുമതല, നിലവിലുള്ള നിയമങ്ങളെ വ്യാഖ്യാനിക്കുകയും അതു നടപ്പില്‍ വരുന്നു എന്നുറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളതുമാണ്..."

ഓരോ കാലഘട്ടത്തിലും നിലന്നിരുന്ന ചൂഷക വ്യവസ്ഥിതിയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തു പുരോഗമിക്കാനുള്ള മനുഷ്യന്റെ സ്വപ്‌നങ്ങള്‍ ആണ് നാം ഇന്ന് കാണുന്ന ജനാധിപത്യജീവിതത്തെ രൂപപ്പെടുത്തിയത്. ഇനിയും മുന്നോട്ടു കുതിക്കാന്‍ ഉള്ള സ്വപ്‌നങ്ങള്‍ ഉള്ള ഏതൊരു ജനതയും ആ സ്വപ്‌നങ്ങള്‍ ആവിഷ്കരിക്കാനുള്ള സമരങ്ങള്‍ തുടരുക തന്നെ ചെയ്യും. ഇന്നലെകളിലെ മാനവിക സ്വപ്‌നങ്ങള്‍ ഇന്നിന്റെ നിയമങ്ങള്‍ നിര്‍ണയിച്ച പോലെ നാളത്തെ നിയമ വ്യവസ്ഥകളെക്കുറിച്ച് ഇന്നിന്റെ പുതിയ ലോകത്ത് നിന്ന് പുരോഗമനകാഴ്ചപ്പാട് പുലര്‍ത്തുന്ന ചിലരെങ്കിലും ചിന്തിക്കുന്നുണ്ട്. നിലനില്‍ക്കുന്ന വ്യവസ്ഥയെ വിശുദ്ധവും ഇളകാത്തതും ആയിക്കാണുന്ന ദുഷിച്ച ഇന്നിന്റെ സംരക്ഷകരെ ഈ ചിന്തകള്‍ വെകിളി പിടിപ്പിക്കും. പക്ഷമില്ലായ്മയുടെ ഇടത്തിലേക്ക് തല്കാലം ചേക്കേറി, മാനവികതയുടെ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന തത്വശാസ്ത്രങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ച്, തങ്ങളുടെ വര്‍ഗതാല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ തന്നെയാണ്, അതെ കാരണങ്ങളാല്‍ എല്ലാക്കാലവും നീതിന്യായവ്യവസ്ഥയുടെ സംരക്ഷകരായി ചമഞ്ഞ് എത്തുന്നത്‌ എന്ന് ശ്രദ്ധേയമാണ്.

വരേണ്യതയുടെ പക്ഷത്തു നിന്ന് ലോകത്തെ കാണുന്നവര്‍ക്ക് കാര്യങ്ങളുടെ പോക്കില്‍ വലിയ കുഴപ്പങ്ങള്‍ ഒന്നും തോന്നുന്നില്ലെങ്കിലും, അധ്വാനിക്കുന്നവന്റെ പക്ഷത്തു നിന്ന് ലോകത്തെ കാണുന്നവര്‍ക്ക് എതിര്‍ക്കപ്പെടണ്ട പലതും കണ്ണിലും ചിന്തയിലും തടയുന്നുണ്ട്‌. എന്നാല്‍ ഇങ്ങനെ എതിര്‍ക്കപ്പെടെണ്ടതിനെ എതിര്‍ക്കേണ്ട പോലെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും മാത്രമാണ് നീതിപീഠം ഉള്‍പ്പെടയുള്ള ഭരണകൂടഉപാധികള്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്. 1957-ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷിക നിയമം കീഴ്ക്കോടതിയും സുപ്രീം കോടതിയും കടന്നു പുറത്തു വന്നപ്പോള്‍ അതിലെ പല സുപ്രധാന നിയമങ്ങളും അസാധുവാക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ 1967-ലെ രണ്ടാം ഇ എം എസ് മന്ത്രിസഭക്ക് സമഗ്ര ഭൂപരിഷകരണ ബില്‍ തയ്യാറാക്കേണ്ടി വന്നു. മുന്‍ അനുഭവങ്ങള്‍ മനസ്സില്‍ വച്ചായിരിക്കണം, മുഖ്യമന്ത്രി ഇ എം എസ് 1967 നവംബര്‍ 9 ഇന് പത്രസമ്മേളനത്തില്‍ പിന്നീട് കോളിളക്കം സൃഷ്‌ടിച്ച ഒരു പ്രസ്താവന നടത്തി.

"മര്‍ദ്ദനഉപകരണം ആയാണ് മാര്‍ക്സും എംഗല്‍സും ജുഡീഷ്യറിയെ കണക്കാക്കിയത്. രാഷ്ട്രീയ സംവിധാനം യാതൊരു മാറ്റവും കൂടാതെ തുടരുന്ന ഈ കാലത്തും അത് അപ്രകാരം തുടരുന്നു. വര്‍ഗ്ഗവിരോധവും സ്വാര്‍ത്ഥതാല്പര്യങ്ങളും മുന്‍വിധികളും ആണ് ന്യാധിപരെ നയിക്കുന്നതും നിയന്ത്രിക്കുന്നതും. നന്നായി വേഷം ധരിച്ച കുടവയറനായ ധനികനും മോശം വേഷം ധരിച്ച നിരക്ഷരനായ സാധുവിനും ഇടയ്ക്കു നീതി നിര്‍ണയിക്കുമ്പോള്‍ കോടതി സ്വഭാവേന ആദ്യം പറഞ്ഞ ആളെ അനുകൂലിക്കുന്നു."

ഇതിനെ തുടര്‍ന്ന് ഇ എം എസ് നെതിരെ കോടതി അലക്ഷ്യ കേസ് വരികയും 1000 രൂപ പിഴ ശിക്ഷ കിട്ടുകയും ചെയ്തു. ജുഡീഷ്യല്‍ ആക്ടിവിസം എന്ന ആശയത്തിന് കാരണമായ ശക്തമായ ജനപക്ഷ ഇടപെടലുകള്‍ കോടതികളില്‍ നിന്നുണ്ടായ ഒരു ഹ്രസ്വ കാലഘട്ടത്തിനു ശേഷം, ആ പുരോഗമന ആശയത്തിന്റെ തന്നെ പേരില്‍ പിന്തിരിപ്പന്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത് ഏതാണ്ട് പതിവായിരിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ആഗോളവത്കരണം സൃഷ്‌ടിച്ച ആരാഷ്ട്രീയതയെ നിലനിര്‍ത്താനും, ഇരകളെ ഒറ്റപ്പെടുത്തി വേട്ടക്കാരെ രക്ഷിക്കാനും, സ്വകാര്യ മുതലാളിത്തത്തിന് സംരക്ഷണം നല്‍കുന്നതിനും ആയി കോടതി വിധികള്‍ മാറുന്നതിനു കുറച്ചല്ല ഉദാഹരണങ്ങള്‍. ബന്ദ് നിരോധനം, വിദ്യാര്‍ഥി രാഷ്ട്രീയ നിരോധനം, സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ സ്വകാര്യ മാനേജ്മെന്റിന് അനുകൂലമായി വന്ന വിധികള്‍, സൂര്യനെല്ലി കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടാന്‍ ഉള്ള വിധി, കൊക്കോകോളക്ക് അനുകൂലമായി വന്ന വിധി എന്ന് തുടങ്ങി ഏറ്റവും ഒടുവില്‍ പൊതുയോഗങ്ങള്‍ക്ക് നിരോധിക്കുന്നത് വരെ എത്തി നില്‍ക്കുന്നു ഈ ഇടപെടലുകള്‍.

ഒരു ജനാധിപത്യ സമൂഹം എങ്ങനെ പെരുമാറണം എന്ന് ആരാണ് നിശ്ചയിക്കേണ്ടത് എന്ന വളരെ പ്രധാനപ്പെട്ട ചോദ്യം ഇന്ന് ഉയരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇ എം എസ് പറഞ്ഞ ആ വാചകങ്ങള്‍ നമ്മള്‍ വീണ്ടും ഓര്‍ത്തു പോകുന്നു.

Ideology, Note Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments