സമകാലീന ഇന്ത്യൻ സമ്പദ് വ്യവസ്ഥയും നരേന്ദ്ര മോഡി സർക്കാരും (ഭാഗം 2): മോഡി സർക്കാരിന്റെ സാമ്പത്തിക കാഴ്ചപ്പാട്

ഈ ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം.

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് മൂന്നു ഘട്ടങ്ങളിലൂടെ ആണ് . ഒന്നാം ഘട്ടം 'ഗുജറാത്ത് മോഡൽ വികസനം' എന്ന ഒരു മിത്ത് സൃഷ്ടിക്കുക എന്നതായിരുന്നു. 2001 മുതൽ പത്തു വർഷക്കാലത്തോളം മോഡി ഇതിനായി ചിലവഴിച്ചു. സംസ്ഥാനത്തിന്റെ വിഭവങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുകയാണ് മോഡി ഇക്കാലത്ത് ചെയ്തത്. 2012 ഏപ്രിലിൽ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തു വച്ച സി എ ജി റിപ്പോര്ട്ട്, സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങൾ ആയ ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് റിലയൻസിന് 52 കോടിയുടെയും ഗുജറാത്ത് ഊർജ്ജ വികാസ് നിഗം ലിമിറ്റഡ്, അദാനി ഗ്രൂപ്പ് കമ്പനികൾക്ക് 162 കോടിയുടെയും നേട്ടമുണ്ടാക്കാൻ നിയമവിരുദ്ധമായി ഇടപെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ഖജനാവിന് കോടികളും ദരിദ്രരായ കർഷകർക്ക് ജീവിത സമ്പാദ്യം മുഴുവനും നഷ്ടപ്പെടുത്തി, ആയിരക്കണക്കിന് ഏക്കർ ഭൂമി കമ്പോളവില പോലും നല്കാതെ , എസ്സാർ സ്റ്റീൽ , ഫോർഡ് , എൽ & ടി തുടങ്ങിയ കുത്തകകൾക്ക് മറിച്ചു കൊടുത്ത ചരിത്രവും റിപ്പോർട്ടിൽ വായിക്കാം. വ്യവസായ ഭീമൻ അദാനി ഗുജറാത്തിലെ കച്ചിൽ, പാട്ടത്തിനു കൊടുത്തിരിക്കുന്നത് 7,350 ഹെക്ടർ ഭൂമി ആണ്. ഇതിൽ 1200 ഹെക്ടറോളം കൃഷിയിറക്കിയിരുന്ന വയലുകൾ ഗ്രാമീണരിൽ നിന്നും 2005 - 2007 കാലയളവിൽ തുച്ഛമായ വിലക്ക് സർക്കാർ കവർന്നെടുത്ത് കമ്പനിക്കു കൈമാറിയതാണ്.

പൊതു ഖജനാവിലെ പണം ഉപയോഗിച്ച്, ദേശീയ മാധ്യമങ്ങളിൽ പോലും പരസ്യം ചെയ്ത് രാജ്യത്തെ ഇളക്കിമറിച്ച രാഷ്ട്രീയ പ്രചാരണമാണ് രണ്ടാം ഘട്ടം. മോഡി പ്രധാന മന്ത്രി ആയാൽ ഗുജറാത്തിൽ അനുഭവിച്ച സ്വാതന്ത്ര്യം ഇന്ത്യ മുഴുവനും അനുഭവിക്കാം എന്ന തിരിച്ചറിവ് മോഡിക്ക് സർവപിന്തുണയും നല്കുന്നതിന് ഇന്ത്യയിലെയും വിദേശത്തെയും കോർപ്പറേറ്റുകളെ പ്രേരിപ്പിച്ചു. മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ആപ്കോ പോലെ അന്താരാഷ്ട്ര തലത്തിൽ സാമ്രാജ്യത്വ ബന്ധങ്ങൾ ഉള്ള ഇവെന്റ്റ് മാനേജ്‌മന്റ്‌ ഗ്രൂപ്പിനെ പബ്ലിക് റിലേഷൻസ് ചുമതല ഏൽപ്പിക്കുകയും അവരെഴുതിയ തിരക്കഥയിൽ നായക വേഷം കെട്ടി മോഡി ആടുകയും ചെയ്തു. കോർപ്പറേറ്റു താത്പര്യങ്ങൾ നിയന്ത്രിക്കുന്ന കുത്തക മാധ്യമ പ്രചരണം കൂടി ആയപ്പോൾ കാര്യങ്ങൾ ഏറെ എളുപ്പമായി. നവലിബറൽ പരിഷ്കാരങ്ങൾ പിന്തുടർന്ന കോണ്‍ഗ്രസ്‌ ഭരണത്തിനു കീഴിൽ പ്രതിസന്ധിയിലായ ഇന്ത്യൻ ഗ്രാമീണ ജനജീവിതം, അനിവാര്യമായ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നു ഇന്ത്യൻ കോർപ്പറേറ്റുകൾക്കും മോഡിക്കും വ്യക്തമായി അറിയാമായിരുന്നു. 2014 ലെ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ പ്രകടന പത്രിക ഈ നിരീക്ഷണത്തെ ശരി വയ്ക്കുന്നു. മാറ്റം തങ്ങൾക്കു (മാത്രമേ) നൽകാനാകൂവെന്ന ഉള്ളു പൊള്ളയായ വാഗ്ദാനമാണ് മോഡിയും മാധ്യമങ്ങളും അവരെ പോറ്റുന്ന കോർപ്പറേറ്റുകളും മുന്നോട്ടു വച്ചത് . സർക്കാർ - കോർപ്പറേറ്റു ബാന്ധവത്തിലൂടെ കോടികളുടെ അഴിമതി ആരോപണങ്ങളിൽ മുങ്ങിത്ത പ്പുന്ന കോണ്‍ഗ്രസ്സിനാവട്ടെ ഫലപ്രദവും പ്രായോഗികവുമായ ബദലുകളെ കുറിച്ചു സംസാരിക്കാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടിരുന്നു. രാജ്യത്ത് ഉയർന്നു വരുന്ന അരാഷ്ട്രീയ മധ്യവർഗ്ഗ യുവത്വം മോഡിയുടെ ഈ പ്രചരണം ഏറ്റെടുക്കുകയും ചെയ്തു.

മൃഗീയ ഭൂരിപക്ഷത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിതനായ മോഡിയുടെ കഴിഞ്ഞ ഒരു വർഷത്തെ ഭരണമാണ് മൂന്നാം ഘട്ടം. മേൽ സൂചിപ്പിച്ച രാഷ്ട്രീയ പരിണിതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ സർക്കാരിന്റെ വർഗ്ഗ സ്വഭാവം സംബന്ധിച്ചും ആ വർഗ്ഗ സ്വഭാവത്തെ മൂടിവയ്ക്കുവാനുള്ള ബോധപൂർവ്വമായ ശ്രമത്തെ സംബന്ധിച്ചും ചില അനുമാനങ്ങളിൽ എത്തി ചേരാനാകും.

ധനകാര്യ മൗലികവാദവും ഈ സർക്കാരിന്റെ വർഗ്ഗ സ്വഭാവവും

തൊഴിൽ രഹിത വളർച്ചാ പന്ഥാവിൽ നീങ്ങുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗ്രാമീണ മേഖല കൂടുതൽ വരുമാന ശോഷണത്തിലെക്കും പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്ന സ്ഥിതിവിശേഷം സർക്കാരിന്റെ പൊതു ചിലവുകൾ വെട്ടിക്കുറക്കുന്നതിലൂടെ സംജാതമാകുന്നു. തെളിവുകൾ സാമ്പത്തിക സർവേയിൽ ലഭ്യമാണ്. ഇന്ത്യയുടെ തൊഴിൽ ഇലാസ്തികത കുറഞ്ഞു വരുന്നതായി സർവേ വിലയിരുത്തുന്നു (സാമ്പത്തിക സർവേ 2014-15). ഉയർന്ന വളർച്ചാ നിരക്ക് നിലനിൽക്കുമ്പോൾ തന്നെ തൊഴിൽ അവസരങ്ങളുടെ വർദ്ധനവിൽ കുറവു വന്നിരിക്കുന്നു . തൊഴിൽ അവസരങ്ങളുടെ വർദ്ധനവ് 1.5% ആയിരിക്കുമ്പോൾ തൊഴിലാളികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 2.2 - 2.3 ശതമാനം ആണ്. ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ വളർച്ചാ നിരക്ക് ഏറെ വർദ്ധിച്ച 2004-2012 കാലയളവിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലും വൻ കുറവ് രേഖപ്പെടുത്തി. 33.3 ശതമാനത്തിൽ നിന്ന് 25.3 ശതമാനത്തിലേക്ക് ഗ്രാമീണ മേഖലയിലും, 16.6 ശതമാനത്തിൽ നിന്ന് 14.7 ശതമാനത്തിലേക്ക് നഗര മേഖലയിലും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ കരുതൽ തൊഴിൽ ശേഖരത്തിന്റെ അളവ് വർദ്ധിച്ച് കൊണ്ടിരിക്കുന്നു എന്ന ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തെ നിരീക്ഷണത്തെ കണക്കുകൾ സാധൂകരിക്കുന്നു. എന്താണ് ഈ അവസ്ഥക്ക് കാരണം? പരിഷ്കാരാനന്തര സർക്കാരുകളുടെ ബഡ്ജറ്റുകൾ എല്ലാം തന്നെ സർക്കാരിന്റെ ധനകാര്യ അച്ചടക്കം പ്രധാനമാണെന്ന കാഴ്ചപ്പാട് വച്ചുപുലർത്തുന്നു എന്നത് തന്നെയാണ് ഇതിനു കാരണം. ഈ ധനകാര്യ മൗലിക വാദം (fiscal fundamentalism) തന്നെയാണ് 2014-15 സാമ്പത്തിക സർവേയുടെയും 2015 -16 കേന്ദ്ര ബഡ്ജെറ്റിന്റെയും അടിസ്ഥാന കാഴ്ചപ്പാട് . ധനകാര്യ അച്ചടക്കം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് മാറ്റം വരുത്തുന്നത് വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തുന്ന ധനകാര്യ മന്ത്രി, 2015-16 സാമ്പത്തിക വർഷത്തിൽ ധനകമ്മി 3.9 ശതമാനവും റെവന്യൂ കമ്മി 2.8 ശതമാനവുമായി നിജപ്പെടുത്താൻ ഉദ്ദേശിക്കുന്നു. പൊതു ചിലവുകളെ വ്യാപകമായി വെട്ടിക്കുറച്ച് കൊണ്ട് നേടി എടുക്കാൻ ഉദ്ദേശിക്കുന്ന ഈ ധനകാര്യ അച്ചടക്കമാണ് ഉയർന്നു വരുന്ന കരുതൽ തൊഴിൽ ശേഖരത്തിനും, വരുമാന ശോഷണത്തിനും പ്രധാന കാരണം.

തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമല്ല ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി ബന്ധപ്പെട്ട പല പൊതു ചിലവുകളിലും 15 % അധികം കുറവ് ഈ സർക്കാർ വരുത്തിയിട്ടുണ്ട്. Integrated Child Development Scheme, സ്കൂളുകളിലെ ഉച്ച ഭക്ഷണം (Mid Day Meals Scheme) , സർവ ശിക്ഷ അഭിയാൻ, അംഗണ്‍വാടി തൊഴിലാളികൾക്കും ആഷ പ്രവർത്തകർക്കും ഉള്ള ആനുകൂല്യങ്ങൾ, ഗ്രാമീണ ജല വിതരണം, ശുചിത്വം, പഞ്ചായത്തി രാജ് സംവിധാനം തുടങ്ങി ഒട്ടേറെ ചിലവുകളിൽ നാമമാത്രമായ ധനവിനിയോഗമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ജനങ്ങളെ പോലും അറിയിക്കാതെ, തികച്ചും ഏകാധിപത്യപരമായി നടപ്പിൽ വരുത്തുന്ന ധനകാര്യ നിയന്ത്രണ രീതി പൗരന്റെ മൗലികമായ അവകാശങ്ങളിലൊന്നായ 'അറിയാനുള്ള അവകാശത്തെ' പോലും നിഷേധിക്കുന്ന ഒന്നാണ്

എന്നാൽ പൊതു ധനവിനിയോഗത്തിലൂടെ ഊർജ്ജ- ഗതാഗത മേഖലകളിലെ പശ്ചാത്തല സൗകര്യ വികസനത്തെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദു ആയി അവതരിപ്പിക്കുന്നുണ്ട്. നല്ലത് തന്നെ. ഈ മേഖലകളുടെ വികാസത്തിന് പൊതു മേഖലയെ തിരഞ്ഞെടുത്തത് നയപരമോ ആശയപരമോ ആയ ഔന്നത്യം കൊണ്ടല്ല എന്നറിയാം. അങ്ങിനെയായിരുന്നു എങ്കിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനു വ്യക്തമായ ദിശാബോധം നല്കിയ ആസൂത്രണ കമ്മീഷനെ പൊളിച്ച് അടുക്കേണ്ടതില്ലായിരുന്നല്ലോ? പശ്ചാത്തല സൗകര്യങ്ങൾ ഏറെ വികസിച്ചാൽ ഭാവിയിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് ഈ മേഖലയിലേക്ക് നിക്ഷേപങ്ങൾ നടത്താൻ (crowding in of private investments) എളുപ്പമായിരിക്കും എന്നതാണ് നവലിബറൽ ബുദ്ധി. പൊതു ചെലവ് ഉപയോഗിച്ച് മുൻപ് നിർമിച്ച പശ്ചാത്തല സൗകര്യങ്ങൾ ഇത്തരത്തിൽ സ്വകാര്യ സംരംഭകർക്ക് ഉപയോഗിക്കാൻ തുറന്നുകൊടുക്കുന്ന സ്വകാര്യ വത്കരണ രീതി രണ്ടാം തലമുറ പരിഷ്കാരത്തിന്റെ കേന്ദ്ര സ്വഭാവമാണ്. ഉയർന്ന സാമ്പത്തിക വളർച്ച നേടാൻ ഈ സർക്കാർ സ്വകാര്യ നിക്ഷേപകർക്ക് നിക്ഷേപസൗകര്യം ഒരുക്കി നല്കാൻ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയാണ് “മേക്ക് ഇൻ ഇന്ത്യ". അതിരുകളില്ലാത്ത ഈ സ്വകാര്യവത്കരണ പ്രക്രിയക്ക് ഭൂമി ആവശ്യമാണ്‌. പാവപ്പെട്ട കര്ഷകന്റെ ഭൂമി കവർന്നെടുക്കാൻ വിഭാവനം ചെയ്യുന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് ഈ ഉദ്ദേശത്തോടെയാണ് ( Krishnan,Vijoo 2015). ധനകാര്യ അച്ചടക്കത്തിന്റെ പേരില് അടിയന്തിരമായി അറ്റകുറ്റപ്പണികളും അനിവാര്യമായ പുതിയ ജലസേചന സൗകര്യങ്ങളും വികസിപ്പിക്കാൻ ഉതകുന്ന വിധം രാജ്യത്തെ 50 ശതമാനത്തിലേറെ ജനങ്ങൾ അവരുടെ ജീവിത സാഹചര്യങ്ങൽക്കായി അധ്വാനിക്കുന്ന കാർഷിക മേഖലയിൽ പൊ തുചിലവുകൾ വർദ്ധിപ്പിച്ചിട്ടില്ല. 2015-16 ബഡ്ജറ്റും സാമ്പത്തിക സർവേയും ഉയർന്ന മിച്ച മൂല്യം ഉണ്ടാക്കുന്ന കോർപ്പറേറ്റ് മേഖലയിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചും ചർച്ചകൾ സജീവമാണ്. വരുമാന ശോഷണത്തിന്റെയും ദാരിദ്ര്യത്തിന്റെയും മുന്നിൽ നിസ്സഹായരായ ഗ്രാമീണ ജനതയ്ക്ക് ജീവിതോപാധികൾ കണ്ടെത്താനുള്ള പശ്ചാത്തല സൗകര്യങ്ങൾ നേരിട്ട് ഒരുക്കുന്നതിന് പകരം ഒരിക്കൽ പൊതു പണം ഉപയോഗിച്ച് നിർമിച്ച പശ്ചാത്തല സൗകര്യങ്ങളെ നിർബാധം ഉപയോഗിക്കാൻ - സ്വകാര്യ മേഖലക്ക് നിക്ഷേപങ്ങൾ ക്രൌഡ് ഇൻ ചെയ്യിക്കാൻ- അവസരം നല്കാനുള്ള മോഡി സർക്കാരിന്റെ നീക്കം അതിന്റെ വർഗ്ഗസ്വഭാവം തുറന്നു കാട്ടുന്നു.

ഇടക്കാല ബഡ്ജറ്റിനെ അപേക്ഷിച്ച് ബഡ്ജെറ്റ് എസ്ടിമേറ്റിന്റെ 4 .3 ശതമാനം തുകയുടെ വർദ്ധനവ്‌ മാത്രമാണ് കാർഷിക മേഖലയിൽ ഈ ബഡ്ജറ്റ് വിഭാവനം ചെയ്യുന്നത്. ഗ്രാമീണ വികസനത്തിനാകട്ടെ ഇത് 4.00 ശതമാനം ആണ്. കഴിഞ്ഞ വർഷത്തെ 9 ശതമാനം വിലക്കയറ്റം കണക്കിലെടുത്താൽ ഈ ഇനങ്ങളിലെ യഥാർത്ഥ ചെലവ് കുറയുകയാണ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാകും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത് വെറും 34699 (കഴിഞ്ഞ ബഡ്ജറ്റിൽ ഇത് 34000 കോടി) കോടി മാത്രമാണ്. ധനകാര്യ അച്ചടക്കത്തിന്റെ പേരില് മാറ്റിവച്ച , തൊഴിലാളികൾക്ക് നല്കാനുണ്ടായിരുന്ന 6000 കോടിയിൽ അധികം രൂപയുടെ വേതന കുടിശ്ശിക സംസ്ഥാനങ്ങൾക്ക് നല്കി തീർത്തിട്ടുണ്ട് എന്നാണു അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാർ ഇപ്പോഴും പണം സംസ്ഥാനങ്ങൾക്ക് നല്കിയിട്ടില്ല. മാത്രമല്ല പണപ്പെരുപ്പം കണക്കിലെടുത്താൽ തൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തൽ ഇടക്കാല ബഡ്ജറ്റിൽ ഉള്ളതിനേക്കാൾ യഥാർത്ഥത്തിൽ കുറവാണ് എന്നു കാണാം. ഇത് ഗ്രാമീണ കാർഷിക രംഗത്തിന്റെ വരുമാന ശോഷണത്തിനും പ്രതിസന്ധിക്കും കാരണമാകും. ഇത്തരത്തിൽ ജീവിത പ്രതിസന്ധിക്ക് പരിഹാരം ആകാൻ സാധ്യതയുള്ള തൊഴിലുറപ്പ് പദ്ധതിക്ക് തുഛമായ വിഹിതം മാത്രം അനുവദിക്കുന്നത് എൻ ഡി എ സർക്കാരിന്റെ വർഗ്ഗ സ്വഭാവത്തിനു മറ്റൊരു ഉദാഹരണമാണ്. ഇതിൽ ഏറെ അത്ഭുതപ്പെടാൻ ഒന്നുമില്ല എന്ന് ഗുജറാത്തിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജാൻ ബ്രമർ എന്ന സാമൂഹിക ശാസ്ത്രജ്ഞൻ നടത്തിയ പഠനം പരിശോധിച്ചാൽ വ്യക്തമാകും. ഗുജറാത്തിലെ ഗ്രാമീണ മേഖലയിൽ ഉയർന്ന ജാതിക്കാർ തങ്ങളുടെ ഗ്രാമത്തിലെ താഴ്ന്ന ജാതിക്കാരെ പണിയെടുക്കാൻ വിസമ്മതിക്കുന്ന സാമൂഹിക സാഹചര്യമാണ് നിലനില്ക്കുന്നത്. ഇതിനു പുറമേ ജോലി കാർഡുകളിലെ തിരിമറി, വ്യാജരേഖ നിർമ്മാണം, കൂലി വിതരണത്തിലെ കാലതാമസം, ഗ്രാമീണ തലം മുതൽ സംസ്ഥാന തലം വരെ നീളുന്ന അഴിമതി തുടങ്ങി ഗുജറാത്തിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അതിന്റെ ആത്മാവില്ലാതാക്കി നടപ്പാക്കിയ മോഡിയിൽ നിന്നും വേറെന്താണ് പ്രതീക്ഷിക്കാനുള്ളത്?

തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമല്ല ഗ്രാമീണ മേഖലയിലെ ജനങ്ങളുമായി ബന്ധപ്പെട്ട പല പൊതു ചിലവുകളിലും 15 % അധികം കുറവ് ഈ സർക്കാർ വരുത്തിയിട്ടുണ്ട്. Integrated Child Development Scheme, സ്കൂളുകളിലെ ഉച്ച ഭക്ഷണം (Mid Day Meals Scheme) , സർവ ശിക്ഷ അഭിയാൻ, അംഗണ്‍വാടി തൊഴിലാളികൾക്കും ആഷ പ്രവർത്തകർക്കും ഉള്ള ആനുകൂല്യങ്ങൾ, ഗ്രാമീണ ജല വിതരണം, ശുചിത്വം, പഞ്ചായത്തി രാജ് സംവിധാനം തുടങ്ങി ഒട്ടേറെ ചിലവുകളിൽ നാമമാത്രമായ ധനവിനിയോഗമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ജനങ്ങളെ പോലും അറിയിക്കാതെ, തികച്ചും ഏകാധിപത്യപരമായി നടപ്പിൽ വരുത്തുന്ന ധനകാര്യ നിയന്ത്രണ രീതി പൗരന്റെ മൗലികമായ അവകാശങ്ങളിലൊന്നായ 'അറിയാനുള്ള അവകാശത്തെ' പോലും നിഷേധിക്കുന്ന ഒന്നാണ് (ജയതി ഘോഷ് 2014). 14 ആം ധനകാര്യ കമ്മീഷന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന വരുമാന വിഹിതത്തിൽ നിന്നും ചിലവുകൾക്കുള്ള പണം കണ്ടെത്തികൊള്ളണം എന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ കാഴ്ചപ്പാട്. പക്ഷെ സംസ്ഥാനങ്ങളുടെ ധനകാര്യ സ്ഥിതി ഏറെ മെച്ചപ്പെടുത്തുന്ന നിർദ്ദേശങ്ങളല്ല 14 ആം ശമ്പള കമ്മീഷന്റെതെന്നും (പട്നായിക്, പ്രഭാത്, 2015) ഇന്ത്യയുടെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ സംസ്ഥാനങ്ങളുടെ ധനവിനിയോഗത്തിനു ഒട്ടേറെ പരിമിതികൾ ഉണ്ടെന്നും( ഐസക്, തോമസ്‌ & പിനാകി ചക്രവർത്തി,) ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

2014-15 കാലയളവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 11.5 ശതമാനം ആണ് വർദ്ധിച്ചത്. ഇത് മൊത്തം നികുതി വരുമാനത്തിന്റെ വർദ്ധനവിന്റെ തോതിലും കുറവാണ്. ഒരു പുരോഗമനാത്മക നികുതി സംവിധാനത്തിൽ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമ്പോൾ നികുതി വരുമാനവും വർദ്ധിക്കെണ്ടാതായിട്ടുണ്ട്. കാർഷിക, കാർഷികേതര മേഖലകളും കോർപ്പറേറ്റ് മേഖലയും സർക്കാരിലേക്ക് അടക്കുന്ന നികുതിയുടെ ആകെ തുകയാണ് മൊത്തം നികുതി വരുമാനം. ഇന്ത്യയുടെ നികുതി - ജി ഡി പി അനുപാതം മിക്ക ലോക സമ്പദ് വ്യവസ്ഥകളെയും അപേക്ഷിച്ച് കുറവാണ്. ഉയർന്ന വളർച്ചാ നിരക്ക് അവകാശപ്പെടാവുന്ന കോർപ്പറേറ്റ് മേഖലയിൽ നിന്നുള്ള നികുതി വരുമാനവർദ്ധനവ്‌ 7.8 ശതമാനം മാത്രമാണ് . അതായത് ഉയർന്ന വരുമാനം നേടുന്ന കോർപ്പറേറ്റ് മേഖലയുടെ നികുതി അടവ് വരുമാന വളർച്ചയെ അപേക്ഷിച്ചു കുറവാണ് എന്നർത്ഥം. 2015-16 ബഡ്ജറ്റിൽ നാലുവർഷം കൊണ്ട് കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറച്ചുകൊണ്ട് വരുമെന്ന വാഗ്ദാനവുമുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ കോർപ്പറേറ്റ് നികുതി നിരക്ക് ഏറെ കൂടുതലാണെന്നും ഇത് ഇന്ത്യ നിക്ഷേപ സൗഹൃദ ഇടമല്ലെന്ന പ്രതീതി ജനിപ്പിക്കും എന്നും ധനമന്ത്രി വിശദീകരിക്കുന്നു. സ്വകാര്യ നിക്ഷേപകരുടെയും കുത്തകകളുടെയും താൽപര്യം മാത്രമാണ് ഈ സർക്കാർ സംരക്ഷിക്കുന്നതെന്നതിന് ഒന്നാംതരം തെളിവാണ് ഇത്.

xdfdfd
യു. എസ്. പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശന വേളയിൽ രാഷ്ട്രത്തലവന്മാരെ കാണാൻ വരിയായി കാത്തു നില്ക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ കടപ്പാട്: ഫിനാൻഷ്യൽ എക്സ്പ്രസ്

കോർപ്പറേറ്റുകൾക്ക് പ്രാമുഖ്യം നല്കികൊണ്ട്, ഗ്രാമീണ ജനതയുടെ ജീവിത പ്രതിസന്ധി കണക്കിലെടുക്കാതെ രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ച സാധ്യമാക്കുന്ന നവ ലിബറൽ നയങ്ങൾ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളു ടേയും കണ്ണുനീര് ഒപ്പും എന്ന പരാമർശം ഈ സർക്കാരിന്റെ യഥാർത്ഥ നവ ലിബറൽ മുഖം മറച്ചു വയ്ക്കാനുള്ള തന്ത്രമാണ്. ഈ തന്ത്രത്തിന്റെ ഭാഗമായ ചില വാദഗതികൾ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഒന്നാമതായി സർക്കാർ എല്ലാവരുടെതുമാണെന്നാണ് അവകാശവാദം. കൂടാതെ നല്ല ദിനങ്ങൾ (അച്ഛേ ദിൻ) വരാനിരിക്കുന്നു എന്നാണു വാഗ്ദാനം. രണ്ടാമതായി പോഷകാഹാര കുറവ്, ദാരിദ്ര്യം തുടങ്ങിയ ജീവിത പ്രതിസന്ധികൾ ഒരു 'മിഷൻ മോഡിൽ' പരിഹരിക്കും, അഴിമതിരഹിതവും ക്രിയാത്മകവുമായ ഭരണ സംവിധാനം രൂപകൽപന ചെയ്യും, സാർവ്വദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തും , സർക്കാർ ചിലവിൽ എല്ലാവർക്കും ആരോഗ്യ സംരക്ഷണ സംവിധാനം ഒരുക്കും, തുടങ്ങി എത്ര വേണമെങ്കിലും നീട്ടാവുന്ന വാഗ്ദാനങ്ങൾ അടങ്ങിയ ഒരു പ്രകടന പത്രിക ആണ് ബി ജെ പി ഇന്ത്യൻ ജനതയ്ക്ക് മുന്നില് വച്ചത്. ഈ പ്രകടന പത്രികയിലെ നിർദ്ദേശങ്ങൾ ഓരോന്നായി നടപ്പിലാക്കാൻ പണം വേണം. സർക്കാർ പണം ചിലവഴിച്ചാൽ ധനകാര്യ കമ്മി വർദ്ധിക്കും എന്നും അത് ആഗോള ഫിനാൻസ് മൂലധനത്തിന് അഹിതവും അസ്വീകാര്യവും ആയി തീരുമെന്നും അറിയാത്തവരല്ല ബി ജെ പി കാർ. കള്ളപണം തിരിച്ചു പിടിക്കണമെന്നാണ് സർക്കാരിന്റെ വാദം. കള്ളപ്പണം തിരിച്ചു കൊണ്ടുവരണമെന്നു ആവശ്യപ്പെട്ടത് യോഗ ഗുരുവായ ബാബ രാംദേവ് ആയിരുന്നു. ഈ നിർദേശത്തിന്റെ പ്രായോഗിക പ്രശ്നങ്ങൾ വിസ്മരിക്കപ്പെട്ടു. എന്നെങ്കിലും പ്രാവർത്തികമായാൽ,ഉയർന്ന വിലക്കയറ്റം ഉൾപടെ ദൂരവ്യാപകമായ സാമ്പത്തിക ഫലങ്ങൾ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കാൻ പര്യാപ്തമായ ഒന്നാണ് കള്ളപ്പണം തിരിച്ചു പിടിക്കുമെന്ന വാദം. എന്നാൽ ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു വിഭാഗം ജനങ്ങളുടെ സ്വീകാര്യത എങ്കിലും ഉറപ്പുവരുത്തണം. അതിനായി സർക്കാരിന്റെ യഥാർത്ഥ വർഗ്ഗ സ്വഭാവം മറച്ചു വയ്ക്കുവാനാണ് 'അച്ഛേ ദിൻ' ബിഗ്‌ ബാങ്ങ് റിഫോർമ്സ് , JAM, മൻ കി ബാത്ത് തുടങ്ങിയ ഇത്തരം പ്രായോഗിക പ്രസക്തി ഇല്ലാത്ത സംജ്ഞകളിൽ അഭിരമിച്ച് ആനന്ദം കണ്ടെത്തുന്നത്. ഒന്നാം എൻ ഡി എ സർക്കാരിന്റെ അവസാന കാലത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും പട്ടിണിമരണങ്ങളുടെ ദാരുണമായ വിവരങ്ങൾ പുറത്തുവരുമ്പോൾ 'ഇന്ത്യ തിളങ്ങുന്നു' എന്ന വ്യാപക പ്രചാരണം അഴിച്ചു വിട്ടവരാണ് ഇവർ.

ഫാസിസ്റ്റു സംഘടനകളാൽ നിയന്ത്രിതമായ, ഏകജാലക സ്വഭാവമുള്ള സർക്കാർ ആണ് ഇക്കഴിഞ്ഞ ഒരു വർഷം ഇന്ത്യ ഭരിച്ചത്. താൻ കോണ്‍ഗ്രസ്സിനെക്കാൾ വലിയ നവ ലിബറൽ വക്താവാണ്‌ എന്ന് മോഡി കഴിഞ്ഞ ഒരു വർഷം കൊണ്ട് തെളിയിച്ചിരിക്കുന്നു. ഇടക്ക് തലപൊക്കുന്ന ഏകാധിപത്യ - ഫാസിസ്റ്റു കാഴ്ചപ്പാടുകളുടെ സാമ്പത്തിക രൂപങ്ങളെ സംബന്ധിക്കുന്ന വ്യക്തമായ സൂചനകൾ സൂക്ഷ്മമായ പരിശോധനയിൽ നമുക്ക് ലഭിക്കും. പ്രായോഗികതയിലൂന്നിയതും ഒട്ടും ആദർശാധിഷ്ടിതമല്ലാത്തതുമായ സാമ്പത്തിക പ്രവർത്തനമാണ് എല്ലാ നവ ലിബറൽ സർക്കാരുകളെയും പോലെ ഈ സർക്കാരിന്റെയും മുഖമുദ്ര.

0.6 - 1.1 ശതമാനം മൊത്തം ആഭ്യന്തര ഉത്പാദന വർദ്ധനവ്‌ ആണ് ഈ സർക്കാർ 2015 -16 ൽ പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ എണ്ണ വിലയിൽ ഉണ്ടായ കുറവ് കോർപ്പറേറ്റ് ബാലൻസ് ഷീറ്റിൽ ഉണർവ് ഉണ്ടാക്കും എന്നതാണ് ധന മന്ത്രിയുടെ കണ്ടുപിടുത്തം. ഇത് സമ്പദ് വ്യവസ്ഥയിൽ വരുത്തുന്ന ഉത്പാദന ചെലവ് ചുരുക്കം ജനങ്ങൾക്ക്‌ ഗുണകരമാകുമെന്നാണ് പ്രത്യാശിക്കുന്നത്. പക്ഷെ എക്സ്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത് വഴി ജനങ്ങൾക്ക്‌ ലഭിക്കേണ്ട ഈ ഗുണഫലത്തിന്റെ വലിയൊരു ഭാഗം സർക്കാർ കവർന്നെടുത്തു. കാർഷിക മേഖലയിലെ വളർച്ച വർദ്ധിക്കാൻ സഹായകരമാകുന്ന വിധത്തിൽ രാജ്യത്ത് നല്ല മഴ ലഭിക്കും എന്നതാണ് സാമ്പത്തിക സർവേയുടെ മറ്റൊരു കണ്ടുപിടുത്തം. അതേ സമയം ഇന്ത്യയുടെ ഗ്രാമീണ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരിക്കുന്നത് ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തതയും ശോചനീയമായ അവസ്ഥയുമാണ് (ഘട്ടക്, മയിത്രേഷ് 2014, വർമ്മ എ. കെ 2011, ശ്രീധർ വി , 2006). ഔദ്യോഗികമായി ജലസേചന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് മൊത്തം കാര്ഷിക ഭൂമിയുടെ 50 ശതമാനത്തിൽ മാത്രമാണ് (ദേഹാട്രി പി വി 2008).സാമ്പത്തിക സൂചകങ്ങളിൽ ഏറ്റവും അസ്ഥിരതയുള്ള ഒന്നാണ് മഴ ലഭ്യത. 50 ശതമാനത്തിലേറെ ജനങ്ങൾ അവരുടെ ജീവിത സാഹചര്യങ്ങൾക്ക് ആശ്രയിക്കുന്ന കാർഷിക മേഖലയുടെ വളർച്ചയെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം ഇന്നും മഴ ലഭ്യത ആണ്. ഇന്ത്യയുടെ മൊത്തം കാര്ഷിക ഭൂമിയുടെ 50 ശതമാനം ഇന്നും മഴയെ ആശ്രയിച്ചാണ്‌ ഉത്പാദനം നടത്തുന്നത്. ജലസേചന സൗകര്യങ്ങളുടെ ഈ അപര്യാപ്തത മഴപോലെ അസ്ഥിര സ്വഭാവമുള്ള പ്രകൃതിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് കർഷകരെ തള്ളി വിടുന്നു.

ഉപസംഹാരം

ഫാസിസ്റ്റു സംഘടനകളാൽ നിയന്ത്രിതമായ, ഏകജാലക സ്വഭാവമുള്ള സർക്കാർ ആണ് ഇക്കഴിഞ്ഞ ഒരു വർഷം ഇന്ത്യ ഭരിച്ചത്. താൻ കോണ്‍ഗ്രസ്സിനെക്കാൾ വലിയ നവ ലിബറൽ വക്താവാണ്‌ എന്ന് മോഡി കഴിഞ്ഞ ഒരു വർഷം കൊണ്ട് തെളിയിച്ചിരിക്കുന്നു. ഇടക്ക് തലപൊക്കുന്ന ഏകാധിപത്യ - ഫാസിസ്റ്റു കാഴ്ചപ്പാടുകളുടെ സാമ്പത്തിക രൂപങ്ങളെ സംബന്ധിക്കുന്ന വ്യക്തമായ സൂചനകൾ സൂക്ഷ്മമായ പരിശോധനയിൽ നമുക്ക് ലഭിക്കും. പ്രായോഗികതയിലൂന്നിയതും ഒട്ടും ആദർശാധിഷ്ടിതമല്ലാത്തതുമായ സാമ്പത്തിക പ്രവർത്തനമാണ് എല്ലാ നവ ലിബറൽ സർക്കാരുകളെയും പോലെ ഈ സർക്കാരിന്റെയും മുഖമുദ്ര. പാഴാകുന്ന സബ്സിഡി, കാര്യക്ഷമമല്ലാത്ത ഗവന്മെന്റ്, ധനകാര്യ അച്ചടക്കം, ആഗോള ഫിനാൻസ് മൂലധനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ സംബന്ധിക്കുന്ന ആശങ്ക തുടങ്ങിയ നവലിബറൽ കാലത്തെ സർക്കാരുകളുടെ എല്ലാ പൊതു സ്വഭാവവും ഈ സർക്കാരും കാണിക്കുന്നുണ്ട്. കൂടുതൽ തീവ്രവും ചടുലവുമായ രീതിയിലാണ് ഈ സർക്കാർ സാമ്പത്തിക പരിഷ്കരണം മുന്നോട്ടു കൊണ്ടുപോകുന്നത്. രണ്ടാം യു പി എ സർക്കാരിന്റെ മിക്ക സാമ്പത്തിക നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കാൻ പാർലമെന്റിൽ പ്രതിപക്ഷമെന്ന നിലയിൽ ഇടതുപക്ഷത്തോടൊപ്പം നിന്ന പാർടി ആണ് ബി ജെ പി. 2014 ൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ തങ്ങളുടെ സാമ്പത്തിക കാഴ്ചപ്പാട് എന്താണെന്നോ സാമ്പത്തിക നയങ്ങൾ എന്തായിരിക്കും എന്നോ വ്യക്തമാക്കുന്നതിൽ ബി ജെ പി ദയനീയമായി പരാജയപ്പെട്ടു. സാമാന്യ ബുദ്ധിയുള്ളവർ കാര്യമാക്കാത്ത "ഗുജറാത്ത് മോഡൽ" വികസനം എന്ന മിത്ത് മാത്രമായിരുന്നു ബി ജെ പി യുടെ തിരഞ്ഞെടുപ്പ് കാലത്തെ സാമ്പത്തിക വീക്ഷണം. അതുകൊണ്ടുതന്നെ 2014-15 വർഷത്തെ സാമ്പത്തിക സർവേയും 2014-15, 2015-16 കാലത്തെ കേന്ദ്ര ബഡ്ജെറ്റുകളും വിവിധ വിഷയങ്ങളെ സംബന്ധിച്ച് പുറത്തിറക്കിയ ഓർഡിനൻസുകളും മോഡി സർക്കാറിന്റെ സാമ്പത്തിക വീക്ഷണം എന്തെന്ന് മനസ്സിലാക്കാനുള്ള പ്രധാനപ്പെട്ട അവലംബങ്ങളാണ് . ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ സമകാലീന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ നേരിടുന്നതായി ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത് വിലയിരുത്തിയ ഒരു ജീവിത പ്രതിസന്ധിക്കു പോലും ഉത്തരം നല്കാൻ തക്ക പക്വതയാർന്ന സാമ്പത്തിക കാഴ്ചപ്പാട് ഈ സർക്കാരിനില്ല എന്ന സത്യം തിരിച്ചറിയാം.

അവലംബം

A K Verma (2011) Farmers’ Suicides and Statehood Demand in Bundelkhand july 9, 2011 vol xlvi no 28 EPW Economic 10 & Political Weekly

C.P. Chandrasekhar and Jayati Ghosh Have Workers in Gujarat Benefited from “Development”? available at http://www.thehindubusinessline.com/opinion/columns/c-p-chandrasekhar/ha...

Chakraborty Pinaki and T M Thomas Isaac (2008), Intergovernmental Transfers: Disquieting Trends and the Thirteenth Finance Commission, Vol - XLIII No. 43,

Deaton Angus, Jean Drèze (2009), Food and Nutrition in India: Facts and Interpretations, Economic and Political Weekly, February 14, vol xliv No 7, pp 42-62.

Deepak Nayyar (2006), Economic Growth in Independent India; Lumbering Elephant or Running Tiger?, Vol - XLI No. 15, April 15.pp 1481-1485.

Dehadrai P.V., 2008, “Irrigation in India” FAO Corporate Document Repository, available at http://www.fao.org/docrep/007/y5082e/y5082e08.htm

Economic Survey 2014-15, available at http://indiabudget.nic.in/survey.asp

Ghatak Maitreesh, Parikshit Ghosh, and Ashok Kotwal(2014), Growth in the Time of UPA; Myths and Reality, Economic and Political Weekly, Vol - XLIX No. 16, April 19, pp 34-43.

Ghosh Jayati (2014), Fiscal Correction versus Democracy in India, available at http://www.macroscan.org/cur/dec14/cur12122014Fiscal_Correction.htm

----------------- (2014), The BJP's Election Manifesto, Frontline, Print edition: May 2.

---------------- (2014) The Real Story on Gujarat’s Development available at http://www.macroscan.org/cur/sep14/cur10092014Gujarat_Development.htm

----------------- (2015), Agriculture in Crisis, available at http://www.frontline.in/cover-story/agriculture-in-crisis/article7048078...

Jan Breman (2013) The Practice of Poor Relief in Rural South Gujarat in The Long Road to Social Security, Assessing the Implementation of National Social Security Initiatives for the Working Poor in India Edited by K.P. Kannan and Jan Breman, OUP India.

Krishnan,Vijoo (2015), Unite Against Land Acquisition Bill, 2015 : Fight Corporate Land Grab and Protect Land Rights, available at http://beta.bodhicommons.org/article/unite-against-land-acquisition-bill...

Monsoon and Indian Agriculture – Conjoined or Decoupled? Available at https://rbi.org.in/Scripts/BS_ViewBulletin.aspx?Id=15564

Patnaik, Prabhat (2015) Budget 2015-16: Bonanza for the corporate People’s Democracy, March 08, 2015.

--------------- (2013), Independent India at Sixty-Five, Social Scientist, Vol. 41, No. 1/2 (January-February 2013), pp. 5-15.

--------------- (2013). Growth versus Redistribution, Patnaik People’s Democracy, Vol. XXXVII, No. 33, August 18.

Patnaik, Utsa (2006) Increasing hunger amongst relative plenty, available at http://infochangeindia.org/agenda/hunger-a-food-security/increasing-hung...

-------------- (2007), Neoliberalism and Rural Poverty in India, Economic and Political Weekly, Vol - XLII No. 30, July 28, 2007pp 3132-3150.

--------------- (2013), Poverty Trends in India 2004-05 to 2009-10, Updating Poverty Estimates and Comparing Official Figures, Vol - XLVIII No. 40, October 05, pp 43-58.

R Nagaraj and Shruti Pandey (2013), Have Gujarat and Bihar Outperformed the Rest of India? A Statistical Note, Economic and Political Weekly, Vol - XLVIII No. 39, September 28, pp 39-41.

Sainath P (2013), Over 2,000 fewer farmers every day, available at http://www.thehindu.com/opinion/columns/sainath/over-2000-fewer-farmers-...

Union Budjet 2015-16, available at http://indiabudget.nic.in/survey.asp

V SRIDHAR Why Do Farmers Commit Suicide? The Case of Andhra Pradesh Economic and Political Weekly April 22, 2006 1559-1569.

World Bank (2015), http://www.worldbank.org/