പ്രതിരോധത്തിന്റെ കവിത

സര്‍ഗ്ഗധാര August 24, 2011

Image Credits: Sargadhara


മലയാളകവിതയിലെ പുതുതലമുറയിലെ ശ്രദ്ധേയനായ കവിയും ചലച്ചിത്രഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുമായി 'സര്‍ഗ്ഗധാര' നടത്തിയ അഭിമുഖ സംഭാഷണം. ബാംഗ്ലൂരിലെ ചില മലയാളികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന ഒരു മാഗസീനാണ് 'സര്‍ഗ്ഗധാര'. സര്‍ഗ്ഗധാര സാംസ്കാരിക സമിതിയുടെ "കവിതയുടെ മുരുകതാളം" എന്ന പരിപാടിയില്‍ അതിഥിയായാണ് മുരുകന്‍ ഉദ്യാനനഗരിയിലെത്തിയത്.

സര്‍ഗ്ഗധാര: എന്നു മുതലാണ് കവിതയുടെ 'കണ്ണട' ധരിച്ചത്?

മുരുകന്‍ കാട്ടാക്കട: ചെറുപ്പകാലത്തുതന്നെ കവിതയെഴുത്തുന്ന ശീലമുണ്ടായിരുന്നു, സ്കൂളില്‍ പടിക്കുമ്പോള്‍ കവിതകളെഴുതി പലരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. 1998 മുതലാണ് കവിത എഴുതി ശ്രദ്ധിക്കപെട്ടത്.

സര്‍ഗ്ഗധാര: മുരുകന്‍ കവിതകളെ ആഗോളീകരണത്തിന്റെ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ കവിത എന്നു വിശേഷിപ്പിച്ചാല്‍?

മുരുകന്‍ കാട്ടാക്കട: തീര്‍ച്ചയായും അങ്ങിനെ വിശേഷിപ്പിക്കാവുന്നതാണ്. പ്രത്യേകിച്ചും ബാഗ്ദാദ്, നാത്തൂന്‍, തിരികെയാത്ര തുടങ്ങിയ കവിതകളില്‍ അധിനിവേശത്തിനെതിരായ ഒരു പ്രതിരോധ നിലപാട് ബോധപൂര്‍വ്വം തന്നെ കൈക്കൊണ്ടിട്ടുണ്ട്.

സര്‍ഗ്ഗധാര: മുരുകന്റെ ആലാപനത്തിന്റെ കരുത്ത് കവിതയുടെ സ്വീകാര്യതയില്‍ പ്രധാനമായി നില്‍ക്കുന്നു. ആലാപനത്തിലൂടെ കവിതകള്‍ കൂടുതലായി ജനങ്ങളിലെത്തുന്നുണ്ട്. ഇതുകൊണ്ട് കവിതയുടെ യഥാര്‍ത്ഥ സംവേദനം സാധ്യമാകുന്നുണ്ടെന്ന് പറയാനാവുമോ? ** മുരുകന്‍ കാട്ടാക്കട:** ആലാപനം കൊണ്ടുമാത്രം കവിതയുടെ യഥാര്‍ത്ഥ സംവേദനം ഉണ്ടാവണമെന്നില്ല. ഞാന്‍ തന്നെ മറ്റു പല കവികളുടെയും കവിതകള്‍ ആലപിച്ചിട്ടുണ്ട്. ആലപിച്ച എല്ലാ കവിതകള്‍ക്കും ഒരേ സ്വീകര്യതയല്ല ഉണ്ടായിട്ടുള്ളത്. അതിനര്‍ത്ഥം ആസ്വാദകന്റെ ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന പ്രമേയങ്ങള്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത് എന്നാണ്.

സര്‍ഗ്ഗധാര: അധിനിവേശം, പരിസ്ഥിതി ഈ വിഷയങ്ങള്‍ ഇത്രയേറെ ഊന്നിപ്പറയുമ്പോള്‍ രാഷ്ട്രീയം പ്രകടമായി വരുന്നു. കവിതയെ രാഷ്ട്രീയായുധമാക്കാന്‍ ഇക്കാലത്തും കഴിയുമോ?

മുരുകന്‍ കാട്ടാക്കട: തീര്‍ച്ചയായും, ഇതെല്ലാം ഈ വിഷയങ്ങളോട് തോന്നുന്ന എന്റെ നിലപാടിന്റെ വിളിച്ചുപറയലാണ്. 'രക്തസാക്ഷി' എന്ന കവിതയില്‍ ഗാന്ധി, ചെഗുവേര എന്നിവരുള്‍പ്പെടെ ചരിത്രത്തിലെ എല്ലാകാലത്തേയും രക്തസാക്ഷികളെയാണ് ഞാന്‍ കാണുന്നത്. എന്റെ കവിതയില്‍ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പറയേണ്ടതുതന്നെ എന്നു ബോധ്യമുള്ള ആര്‍ക്കും എന്റെ കവിത ഉപയോഗിക്കമെല്ലോ. ആ ബോധ്യം കൂടുതലുള്ളത് ഇടതുപക്ഷ മനസ്സുള്ളവര്‍ക്കാണ്. അതുകൊണ്ടുതന്നെ അവര്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട്.

സര്‍ഗ്ഗധാര: ചലിച്ചിത്രഗാനരചനയെ ഗൗരവമായി കാണുന്നുണ്ടോ? ഗാനങ്ങളില്‍ പോയകാല സൗരഭ്യം വീണ്ടെടുക്കാനവുമെന്ന് പ്രതീക്ഷിക്കാമോ? പ്രത്യേകിച്ച് മുരുകനോടൊപ്പം റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍ എന്നിവര്‍ രംഗത്ത് വന്നതുകൊണ്ട് ...

മുരുകന്‍ കാട്ടാക്കട: തീര്‍ച്ചയായിട്ടും കാണുന്നുണ്ട്. ഈയ്യിടെ പുതിയചിത്രം 'രതിനിര്‍വ്വേദം' വന്നു. പത്മരാജനുള്ള പുതിയതലമുറയുടെ ഒരു 'ട്രിബ്യൂട്ട്' ആണത്. അതില്‍ എന്റെ നാല് പാട്ടുകളുണ്ട്. എല്ലാ പാട്ടുകളും നന്നായിരിക്കുന്നു. കവികള്‍ ഈ മേഖലയില്‍ വരുന്നത് അങ്ങനെയൊരു കാലത്തെ തിരിച്ചുപിടിക്കാന്‍ സഹായിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. അതിന്റെ ലക്ഷണങ്ങള്‍ കാണുന്നുമുണ്ട്. മലയാള ഗാനരംഗത്ത് ഈയിടെയായി നല്ല പാട്ടുകളും വരുന്നുണ്ട്. ധാരാളം പാട്ടുകള്‍ വരുന്നതുകൊണ്ടാണ് എല്ലാം മോശമായി തോന്നുന്നത്. ഇടയ്ക്കിടയ്ക്ക് ശുദ്ധമായ നല്ല പാട്ടുകള്‍ വരുന്നുണ്ട്.

സര്‍ഗ്ഗധാര: പുതുകവികളെക്കൂറിച്ച് എന്താണഭിപ്രായം?

മുരുകന്‍ കാട്ടാക്കട: പുതിയ തലമുറയില്‍ നല്ല കവികളുണ്ട്. അവര്‍ പക്ഷെ പലതരത്തിലുള്ള കണ്‍ഫ്യൂഷനിലാണ്. എങ്ങനെയെഴുതണം, ഏതുതരത്തിലെഴുതണം, എഴുതാമോ, ചൊല്ലാമോ, താളത്തിലെഴുതാമോ ഇങ്ങനെയുള്ള വര്‍ത്തമാനങ്ങളില്‍ കുടുങ്ങി അവരൊരു കണ്‍ഫ്യൂഷനിലാണ്. അത്തരം കണ്‍ഫ്യൂഷനുകളില്‍ നിന്ന് മുക്തരായി അവര്‍ അവര്‍കിഷ്ടമുള്ള രീതിയില്‍, അവര്‍ക്കു പ്രതികരിക്കാവുന്ന രീതിയില്‍ പ്രതികരിച്ചാല്‍ നല്ല രീതിയില്‍ മലയാളഭാഷയും കവിതയും നിലനില്‍ക്കുമെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.


പുസ്തക രൂപത്തില്‍ മാത്രം വിതരണം ചെയ്തുപോരുന്ന സര്‍ഗ്ഗധാരയെ സൈബര്‍ ലോകത്തിലൂടെ ഇനിയും അനേകം പേരുടെ കൈകളിലെത്തിക്കാം എന്ന ചിന്തയില്‍ ബോധി ആദ്യപടിയായി സര്‍ഗ്ഗധാരയുടെ 2011 ജൂലൈ പതിപ്പ് (പുസ്തകം 1, ലക്കം 5) പൂര്‍ണ്ണരൂപത്തില്‍ ഇവിടെ ലഭ്യമാക്കുന്നു.

poetry, Resistance, കവിത, മുരുകന്‍ കാട്ടാക്കട, Interview, Kerala, Struggles, Arts & Literature Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments