പൊതുവിദ്യാഭ്യാസ മേഖലയും പത്താം ക്ലാസ്സ്‌ പരീക്ഷാഫലവും

സി. ഉസ്മാന്‍ May 19, 2011

Image Credit : Flickr @ albany_tim


ഈ വർഷത്തെ പത്താംതരം പരീക്ഷാഫലം ഏപ്രിൽ 28 നു തന്നെ പ്രഖ്യാപിച്ചിരിക്കുന്നു. ഈ തവണ വിജയം 91.37%. കഴിഞ്ഞ അഞ്ചു വർഷം ഇടതുപക്ഷ സർക്കാർ പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തിയ സ്ഥിരതയാർന്ന പ്രവർത്തനങ്ങളുടെ തെളിവായിത്തന്നെ ഇതിനെ കാണാം. കഴിഞ്ഞ നാലുവർഷവും വിജയം തൊണ്ണൂറുശതമാനത്തിനു മുകളിൽ ആണ്.

ഈ വർഷം പരീക്ഷാവിജ്ഞാപനം 04-09-2010 -നു പ്രസിദ്ധീകരിച്ചു. 2011 മാർച്ച് 14 തിങ്കളാഴ്ച മുതൽ 26 ശനിയാഴ്ച വരെ ആണ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. 2732 കേന്ദ്രങ്ങളിൽ ആയി (കേരളത്തിൽ 2712, ഗൾഫിൽ 11, ലക്ഷദ്വീപിൽ 9) 458559 കുട്ടികൾ റഗുലർ വിഭാഗത്തിലും 4771 കുട്ടികൾ പ്രൈവറ്റ് ആയും പരീക്ഷ എഴുതി. കഴിഞ്ഞ വർഷത്തെക്കാൾ 8559 കുട്ടികൾ കൂടുതൽ ആയിരുന്നു ഇത്തവണ.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ S.S.L.C., T.H.S.S.L.C., T.H.L.C (Special School) ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് (2008ഇൽ മെയ് 13ഇനും 2009ഇൽ മെയ് 8ഇനും 2010ഇൽ മെയ് 3ഇനും ഇത്തവണ ഏപ്രിൽ 28ഇനും ആയിരുന്നു ഫലപ്രഖ്യാപനം). മധ്യവേനലവധിക്കാലത്തു തന്നെ സേ പരീക്ഷയും മൂല്യനിർണയവും പൂർത്തിയാക്കുന്ന അത്ഭുതവും പ്രാവർത്തികമായി ക്കഴിഞ്ഞു. ചോദ്യപേപ്പറുകൾ ഫെബ്രുവരി അവസാനം തന്നെ വിദ്യാഭ്യാസജില്ലകളിൽ എത്തിച്ചു. ഈ വർഷവും ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്കുകളിലും ആണ്‌ സൂക്ഷിച്ചത്. സംസ്ഥാനത്തെ ആകെ പരീക്ഷാകേന്ദ്രങ്ങളെ 491 ക്ലസ്റ്ററുകൾ ആയി തിരിച്ച് ഒരോ ക്ലസ്റ്ററിലും ഉൾപ്പെടുന്ന പരീക്ഷാകേന്ദ്രങ്ങളിലെ ചോദ്യപേപ്പറുകൾ ഒരുമിച്ച് താഴെ പറയുന്ന രീതിയിൽ ബാങ്കുകളിലും ട്രഷറികളിലും എത്തിക്കുകയായിരുന്നു.

ക്രമനമ്പര്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിച്ച ബാങ്കുകള്‍ / ട്രഷറികള്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിച്ച ബാങ്ക് / ട്രഷറികളുടെ എണ്ണം
1 എസ്.ബി.ടി 142
2 എസ്.ബി.ഐ 14
3 കാനറ ബാങ്ക് 6
4 കോര്‍പ്പറേഷന്‍ ബാങ്ക് 1
5 സിണ്ടിക്കേറ്റ് ബാങ്ക് 6
6 യൂണിയന്‍ ബാങ്ക് 6
7 ട്രഷറികള്‍ 316

പരീക്ഷാ ദിവസങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ആഫീസരുടെ നേതൃത്വത്തില്‍ ക്ലസ്റ്റർ അടിസ്ഥാനത്തിൽ രൂപീകരിച്ച ടീം ചോദ്യപേപ്പറുകൾ സ്കൂളുകളിൽ എത്തിക്കുകയും ചെയ്തു. ചോദ്യപേപ്പറുകൾ സംസ്ഥാന അതിർത്തിയിൽ നിന്നും വിദ്യാഭ്യാസജില്ലാകേന്ദ്രങ്ങളിൽ കൊണ്ടുവന്നപ്പൊഴും, പിന്നീട് മൂല്യനിർണയ സമയത്തും പൂർണ്ണസുരക്ഷ പ്രത്യേകം ഉറപ്പു വരുത്തിയിരുന്നു (പത്താംതരം പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചാലക്കമ്പൊളത്തിൽ വില്പ്പ്പന നടത്തുകയും ചോദ്യപേപ്പർ കെട്ടുകൾ അനാഥമായി കോഴിക്കോട്ടെ തെരുവുകളിൽ കിടക്കുകയും ചെയ്ത യു.ഡി.എഫ് ഭരണകാലത്തെ കുറിച്ചു ഈ അവസരത്തിൽ ആലോചിക്കാം) ഏപ്രിൽ 1 മുതൽ 20 വരെ സംസ്ഥാനത്ത് 4 മേഖലകളിൽ ആയി 54 കേന്ദ്രീകൃതമൂല്യനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു. 108 ക്യാമ്പ് ആഫീസർമാരുടെ നേതൃത്വത്തിൽ 1181 അഡീഷണൽ ചീഫ് എക്സാമിനർമാരും 12225 അസ്സിസ്റ്റന്റ് എക്സാമിനർമാരും മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കഴിഞ്ഞ അഞ്ചുവർഷക്കാലം ഇടതുപക്ഷസർക്കാരിനെതിരെ ഉള്ള രാഷ്ട്രീയാക്രമണങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചതു വിദ്യഭ്യാസമേഖലയിൽ ആണ്. ഈ മേഖലയിലെ എല്ലാ ചലനങ്ങളും മാറ്റങ്ങളും അതീവജാഗ്രതയോടെയാണ് കേരളജനത നിരീക്ഷികാറുള്ളത്. മൂന്നുകോടിയിൽ അധികം വരുന്ന മലയാളികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ നിറവേറ്റാൻ ഏറെക്കുറെ പ്രാപ്തമായ ഒരു പൊതു വിദ്യാഭ്യാസ ശൃംഖല കേരളത്തിനുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും തികഞ്ഞ ബോധ്യമുള്ളവരാണ് കേരളീയർ. സ്വകാര്യമൂലധനത്തിന്റെ കമ്പോളതാല്പര്യങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സുനാമി പൊലെ ഇടിച്ചു കയറുമ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല ഒരു കോട്ടപോലെ പ്രതിരോധം തീർക്കുന്നു. വിദ്യാഭ്യാസമേഖലയിലെ വിവിധ വർഗ്ഗതാല്പര്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പലപ്പോഴും കേരളത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഇടതുപക്ഷസർക്കാർ തികഞ്ഞ ലക്ഷ്യബോധത്തോടെ ആണ് വിദ്യഭ്യാസരംഗത്ത് പ്രവർത്തിച്ചത്. ഉന്നതവിദ്യാഭ്യാസമേഖലകളിലെ ഉപരിവർഗ്ഗകോട്ടകളിലേക്ക് സാധാരണക്കാർക്ക് പ്രവേശനകവാടം തുറക്കാനുള്ള പോരാട്ടമായിരുന്നു സ്വശ്രയവിദ്യഭ്യാസ നിയമം. മൂലധനതാല്പര്യങ്ങളും ജുഡീഷ്യറിയും ചേർന്ന് ആ സംരംഭത്തെ താൽക്കാലികമായി പരാജയപ്പെടുത്തി എങ്കിലും പ്രസ്തുത നിയമനിർമ്മാണവും തുടർന്നുള്ള സംവാദങ്ങളും രൂപപ്പെടുത്തിയ സാമൂഹ്യനീതിബോധം ഇപ്പോഴും സജീവമായിത്തന്നെ നിലനിൽക്കുന്നു. അൺ എയ്ഡഡ് ദന്തഗോപുരങ്ങൾക്കുമാത്രം അവകാശപ്പെട്ടിരുന്ന പൊതുവിദ്യാഭ്യാസ ഗുണമേന്മ പൊതുവിദ്യാലയങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു കേരളപാഠ്യപദ്ധതി ചട്ടക്കൂട് - 2007 -ന്റെ രൂപീകരണവും തുടർന്നു നടന്ന പാഠപുസ്തക മാറ്റവും. പാഠ്യപദ്ധതി മുന്നോട്ടു വച്ച വിമർശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ഠിതസമീപനവും ഉപരിവർഗ്ഗങ്ങളുടേയും മതമേധാവികളുടെയും താല്പര്യങ്ങളെ അലോസരപ്പെടുത്തുന്നതായിരുന്നു. അതിരൂക്ഷമായ ആഭാസസമരങ്ങൾ കൊണ്ടാണ് ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാൻ അവർ ശ്രമിച്ചത്. പാഠപുസ്തകങ്ങൾ കൂട്ടത്തോടെ കത്തിച്ചും അധ്യാപകനെ ചവിട്ടിക്കൊന്നും പടർന്നു കത്തിയ സമരം ജനശക്തിക്കുമുന്നിൽ കെട്ടടങ്ങി.

വര്ഷം മോഡറേഷന്‍ ഇല്ലാതെ മോഡറേഷനോടുകൂടി മോഡറേഷന്‍ നല്‍കിയത് വഴി പാസായവര്‍ വ്യത്യാസം
2000 42.89% 56.18% 13.29
2001 43.58% 56.22% 12.64
2002 9.91% 60.62% 10.71
2003 52.52% 64.85% 12.33
2004 56.69% 70.06% 13.37
മോഡറേഷന്‍ ഇല്ലാതെ
2005 58.49% - -
2006 68% 68% 0 +10%
2007 82.29% 82.29% 0 +14%
2008 92.09% 92.09% 0 +10%
2009 91.92% 91.92% - -0.17%
2010 90.72% 90.72% - -1.2%
2011 91.37% 91.37% - +0.65

പഠനത്തിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെടുത്തുന്നു, പരീക്ഷകൾ ഇല്ലാതാക്കുന്നു തുടങ്ങിയ ആരോപണങ്ങളും പ്രചാരണങ്ങളും ആണ് പിന്നാലെ എത്തിയത്. കേരളത്തിൽ പാദവാർഷിക പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, വാർഷിക പരീക്ഷ എന്നിങ്ങനെ മൂന്നു പരീക്ഷകൾ ഉണ്ടായിരുന്നത് മധ്യവാർഷിക പരീക്ഷ, വാർഷിക പരീക്ഷ എന്നിങ്ങനെ ക്രമീകരിച്ചു. പരീക്ഷയുടെ പേരിൽ പഠനദിനങ്ങൾ അമിതമായി നഷ്ടപ്പെടുന്നത് ഒഴിവാക്കാനായിരുന്നു ഈ ക്രമീകരണം. എഴുത്തുപരീക്ഷയോടൊപ്പം തുടർമൂല്യനിർണയത്തിനു കൂടി പ്രാധാന്യം നൽകുന്ന രീതി നടപ്പാക്കി. പാദവാർഷിക പരീക്ഷ ഒഴിവാക്കിയപ്പോൾ മറ്റുപരീക്ഷകൾ ശക്തിപ്പെടുകയും, തുടർമൂല്യനിർണയത്തിനു കൂടുതൽ വസ്തുനിഷ്ടമായ രീതികൾ ആവിഷ്കരിക്കുകയും ചെയ്തു. എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തണമെന്ന് കൃത്യമായി നിർദ്ദേശിച്ചു. മാത്രമല്ല, 11ആം ക്ലാസിൽ പൊതുപരീക്ഷ നടപ്പാക്കുകയും ചെയ്തു (ഇതു നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ആണ് കേരളം). പഠനത്തെയും പരീക്ഷയേയും കേരളം ഗൗരവപൂർവ്വം കണക്കിലെടുത്തപ്പോൾ, യു.പി.എ സർക്കാരിലെ മാനവവിഭവ വകുപ്പുമന്ത്രി കപിൽ സിബൽ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിൽ ഒന്നു പത്താം തരം പരീക്ഷയേ വേണ്ടാ എന്നു വെക്കും എന്നാണ്. സംസ്ഥാനങ്ങളിൽ നിന്നു എതിപ്പുകൾ വന്നപ്പോൾ ഇത് സി.ബി.എസ്.സി. സ്കൂളുകളിൽ മാത്രം നടപ്പാക്കാൻ ശ്രമിച്ചു. എന്നാൽ അതേ സമയം കേരളത്തിലെതിനു തുല്യമായ മികവുറ്റ ഒരു തുടർമൂല്യനിർണ്ണയരീതി നടപ്പാക്കാൻ സി.ബി.എസ്.സി. ക്കു ഇതുവരെ കഴിഞ്ഞിട്ടുമില്ല. യു.പി.എ സർക്കാർ കൊട്ടിഘൊഷിച്ചു കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അപര്യാപ്തതകളെ കുറിച്ചു ഇതിനകം ഒരുപാട് ചർച്ചകൾ വന്നു കഴിഞ്ഞതാണ്. കഴിഞ്ഞ വർഷം സി.ബി.എസ്.സി കുട്ടികളുടെ രക്ഷിതാക്കൾ കേരളസർക്കാരിനു മുന്നിൽ ഒരഭ്യർത്ഥന വച്ചിരുന്നു. തങ്ങളുടെ കുട്ടികൾക്കുകൂടി അവസരം ലഭിക്കത്തക്കവിധം ഏകജാലകപ്രവേശനത്തിന്റെ സമയം നീട്ടണം എന്ന്. സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ സി.ബി.എസ്.സി ക്കു കഴിയാതിരുന്നാതായിരുന്നു ഇതിനു കാരണം. ഈ വർഷവും അതുതന്നെയാണു സ്ഥിതി.

വിദ്യാഭ്യാസരംഗത്തെ മുന്നിർത്തി ആഭാസസമരങ്ങൾ നയിച്ച യു.ഡി.എഫിനു് വിദ്യാഭ്യാസരംഗത്തെ ഉയർന്ന നിലവാരം, നടത്തിപ്പിലെ കാര്യക്ഷമത, മികച്ച വിജയ ശതമാനം, പരീക്ഷാ നടത്തിപ്പിലെ വേഗത, അക്കാദമിക്ക് പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യയുടെ പ്രയോഗം തുടങ്ങിയ ഉജ്ജ്വലനേട്ടങ്ങൾ ആണു് മറുപടി.

അഭിമാനകരമായ അഞ്ച് വർഷങ്ങൾ ആയിരുന്നു കടന്നുപോയത്. എന്നാൽ ഭാവിയെ ചെറുതല്ലാത്ത ആശങ്കയൊടെത്തന്നെയാണു്‌ വിദ്യാഭ്യാസപ്രവർത്തകർ കാണുന്നത്. 2001-06ഇലെ യു.ഡി.എഫ് സർക്കാർ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചത് മറക്കാറായിട്ടില്ല. വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കി കൊണ്ടിരുന്ന പാഠ്യപദ്ധതി പരിഷ്കരണം അപ്പാടെ കീഴ്മേൽ മറിച്ചുകൊണ്ടായിരുന്നു വലതുപക്ഷഭരണം അന്നു തുടങ്ങിയതു തന്നെ. പുതിയ പാഠപുസ്തകങ്ങൾ ഒന്നടങ്കം പിൻവലിക്കാൻ ആയിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്തു സൂപ്പിയുടെ ആദ്യ ഉത്തരവ് ! പാഠപുസ്തകങ്ങൾ ഇല്ലാതെ അദ്ധ്യാപകരും വിദ്യാർഥികളും നട്ടം തിരിഞ്ഞു. അദ്ധ്യാപക നിയമനങ്ങളൂം പരിശീലനപരിപാടികളും മുടങ്ങി. പരീക്ഷകൾ താളം തെറ്റി. ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസ് ചോദ്യപേപ്പർ ചോർന്നു. സ്ഥിരതയും നിലവാരവും വിശ്വസ്യതയും പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കു കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല വലിച്ചെറിയപ്പെട്ടു. അതേ സമയം വിദ്യാഭ്യാസകച്ചവട സ്ഥാപനങ്ങളെ കണ്ണും പൂട്ടി പ്രൊത്സാഹിപ്പിച്ചു. അൺ-എയ്ഡഡ് സ്കൂളുകളും സ്വാശ്രയസ്ഥാപനനങ്ങളും കൂണുപോലെ മുളച്ചു പൊന്തി. പൊതുമേഖലയെ തകർക്കുകയും ആ ഇടങ്ങൾ പിടിച്ചടക്കാൻ സ്വകാര്യമേഖലയെ സഹായിക്കുകയും ചെയ്യുക എന്ന പൊതുവായ അജണ്ട കേരളത്തിന്റെ വിദ്യാസരംഗത്തേക്കു കൂടി വിപുലീകരിക്കുകയായിരുന്നു ആ സർക്കാർ. അതേ വലതുപക്ഷ നയങ്ങൾ പിൻപറ്റുന്ന ഈ യു.ഡി.എഫ് സർക്കാറിൽ നിന്നും വ്യത്യസ്തമായൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ അഞ്ചുവർഷക്കാലം സർക്കാറിന്റെയും അദ്ധ്യാപകവിദ്യാർഥി സമൂഹത്തിന്റേയും പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെയും അധ്വാനത്തിൽ പടുത്തുയർത്തിയ നേട്ടത്തിന്റെ ഈ കൊടിക്കൂറകൾ ഇവിടെ ഇനിയും ഉയർന്ന് പാറാൻ പ്രതിലോമനീക്കങ്ങൾക്ക് എതിരേ പ്രതിരോധത്തിന്റെ കോട്ടകൾ ഉയർത്തി ജാഗരൂകരായി ഇരിക്കേണ്ടതുണ്ട്.


കെ.എസ്.ടി.എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.

education, Essay, SSLC, Kerala, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

എത്രമാത്രം ജ‍ാ‍ഗ്രതയാണ്

എത്രമാത്രം ജ‍ാ‍ഗ്രതയാണ് ഇടതുപക്ഷം പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കാണിക്കുന്നത്. എന്നു ഉസ്മാന്‍ മാഷ് നമ്മളോടു പറയുന്നു. ഇതൊന്നുമറിയാതെ സ്വകാര്യ മേഖല കാണിക്കുന്ന ജാഡകള്‍ മതി നമ്മള്‍ക്ക് എന്നു വന്നിരിക്കുന്നു ഈ മഹത്തായ സംവിധാനത്തെ തകര്‍ക്കാനാണ് ,സഭയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ പോലും പുറത്തു പോകാന്‍ ഭൂരിപക്ഷമില്ലാത്ത പുതിയ സര്‍ക്കാര്‍ശ്രമിക്കുന്നത്. ഇനി ചോദ്യപേപ്പറുകള്‍ പഴയ പോലെ ചന്തയില്‍ കിട്ടുമായിരിക്കും .കശേരയില്‍ ഇരിക്കുന്നതിനു മുന്‍പ് പുതിയ സി ബി എസ് ഇ സ്കൂളുകള്‍ക്ക് അനുവാദം നല്‍കുന്നത് പൊതു വിദ്യാഭ്യാസത്തെ എങ്ങിനെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്നതിന്റെ തെളിവാണ്. വിദ്യഭ്യാസ കച്ച വടക്കാരില്‍നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണം .തൊപ്പിയിട്ടും,പൊട്ടിട്ടും ,ളോഹധരിച്ചും മുന്നിലെത്തുന്ന കച്ചവടക്കാരെ തിരിച്ചറിയാന്‍ സമൂഹം തയ്യാറാകണം .