ഉമ്മ സമരത്തില്‍ വെളിപ്പെടുന്ന രക്ഷകര്‍തൃത്വ ആകുലതകള്‍

xdfdfd
Image Credits: The New Indian Express

മറൈൻ ഡ്രൈവ് ഉമ്മ സമരത്തിലെത്തും വിധം

കോണ്‍ഗ്രസ്‌ ചാനലായ ´ജയ് ഹിന്ദ് ´ കോഴിക്കോട് ഡൌണ്‍ടൗണ്‍ കഫേയെ പറ്റി ´സദാചാരവിരുദ്ധ´ അന്വേഷണ റിപ്പോർട്ട്‌ കൊടുത്തതിന്റെ പേരില്‍ ബി.ജെ.പി യുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകർ ഒക്ടോബര്‍ 23 നു മുസ്ലീം ചെറുപ്പക്കാര്‍ നടത്തുന്ന ഡൗണ്‍ടൗണ്‍ എന്ന സ്ഥാപനം അടിച്ചു തകർത്തു. 'ജയഹിന്ദ്' കാർ കാണിച്ച ദൃശ്യങ്ങളില്‍ ഏറ്റവും പ്രകോപനപരമായി തോന്നിയേക്കാമായിരുന്നത് ഒരു ആണും പെണ്ണും കെട്ടിപിടിച്ച് ഉമ്മവയ്ക്കുന്ന രംഗമായിരുന്നു. അതുകൊണ്ടാകണം ഫാർമിസ് ഹാഷിം എന്ന യുവാവ് തന്റെ ഫേസ്ബുക്ക് ചുമരില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ഒരു 'ചുംബനക്കൂട്ടായ്മ' സംഘടിപ്പിച്ചാലോ´1എന്ന് ആഗ്രഹിക്കുന്നത്. അത് വളർന്നാണ് നവംബര്‍ രണ്ടിനു കൊച്ചി മറൈൻ ഡ്രൈവില്‍ കിസ്സ് ഓഫ് ലൗ എന്ന പ്രതിഷേധം (ഉമ്മ സമരം) സംഘടിപ്പിക്കപ്പെടുന്നത്.

യുവമോർച്ചയുടെ സദാചാര ഗുണ്ടാ ആക്രമണം ത്വരഗമായി പ്രവർത്തിച്ച് കൊണ്ട് തങ്ങളുടെ വ്യക്തിത്വത്തിന്റെ മേല്‍ തങ്ങള്‍ക്ക് തന്നെയാണു ആധിപത്യം എന്ന പ്രഖ്യാപനം ആയിരുന്നു അഥവാ വ്യക്തിക്കു മുകളിലുള്ള (സമൂഹ്യ) രക്ഷകര്‍തൃത്വങ്ങളെ കുടഞ്ഞെറിയാന്‍ രൂപപ്പെട്ട കലാപമായിരുന്നു ഉമ്മ സമരം . ഏറ്റവും കൂടുതല്‍ കര്‍തൃത്വ ഭാരങ്ങള്‍ താങ്ങേണ്ടത് സ്ത്രീ സമൂഹമാണ് എന്ന യാഥാർത്ഥ്യം കൊണ്ട് ഉമ്മ സമരത്തിന്റെ ഒരു പ്രധാന നേട്ടക്കാര്‍ സ്ത്രീ സമൂഹം തന്നെയാണ്

ഉമ്മ സമരത്തിന്റെ പ്രഖ്യാപന ശേഷം സ്വാഭാവികമായും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ നടന്നു. നവംബര്‍ 2 നു മുൻപ് ഉമ്മ സമരത്തെ പ്രതികൂലിച്ചു കണ്ട വാദങ്ങള്‍ പ്രധാനമായും ശ്രദ്ധിച്ചത് അഞ്ചെണ്ണമാണ്.

  1. വർഗ്ഗപരത2
  2. പ്രകടനപരത3
  3. സദാചാരത്തെ എതിർക്കുന്ന എല്ലാവർക്കും പങ്കെടുക്കാന്‍ കഴിയായ്ക4 5
  4. ചുംബനത്തിനെ രതിയില്‍ നിന്നും വേർപ്പെടുത്തല്‍2
  5. ഡൗണ്‍ടൗണ്‍ എന്ന മുസ്ലീം സ്ഥപനത്തിനെതിരെ നടന്ന അക്രമത്തില്‍ ഉള്ള മുസ്ലീം വിരോധത്തിനെതിരെ ഉള്ള നിശബ്ദത.6

പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്‍ഗണനകളാണു രാഷ്ട്രീയം തീരുമാനിക്കുന്നത് എന്നതിനാല്‍ സദാചാര പോലീസിങ്ങ് എന്ന മനുഷ്യാവകാശ ധ്വംസനത്തിനെതിരെ എന്നതിനാല്‍ ആദ്യ നാലും മുന്‍ഗണനകളില്‍ ഉമ്മ സമരത്തിനു ശേഷമേ വരൂ7. എന്നാല്‍ മുസ്ലീം വിരോധത്തിനെതിരെ ഉള്ള നിശബ്ദത ഗൗരവമായി പരിഗണിക്കപ്പെടേണ്ടതായിരുന്നു. പ്രത്യേകിച്ചും ¨ചുംബന സമരത്തെ എതിർക്കില്ലെന്നും എന്നാൽ ഡൌണ്‍ടൌണിനെതിരെ സമരം തുടരുമെന്നും ¨ യുവമോർച്ച പ്രഖ്യാപിച്ച സാഹചര്യത്തില്‍ തന്നെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് ചർച്ചകള്‍ നടന്നിരുന്നു.8

മറൈൻ ഡ്രൈവിലും തുടർന്നും രൂപപ്പെട്ട രക്ഷകർതൃത്വങ്ങള്‍

മറൈൻ ഡ്രൈവിലെ സംഘർഷാന്തരീക്ഷവും സ്റ്റേറ്റിന്റെ ഇടപെടലും, സമരക്കാരെ അടിച്ചോടിക്കാന്‍ വന്ന സദാചാര ഗുണ്ടകളും, ആക്രമികള്‍ക്ക് പകരം അക്രമിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ അറസ്റ്റും മറ്റെല്ലാത്തിനും മേൽ സദാചാര ഗുണ്ടായസത്തിനെതിരെ ശക്തമായി നിലപാടെടുക്കേണ്ടതിലേക്ക് ഉമ്മ സമരത്തെ കൊണ്ടെത്തിച്ചു. 9

മറൈൻ ഡ്രൈവിലെ ഉമ്മ സമരം കണ്ടത് സദാചാരത്തിന്റെ കുറുവടിയുമായി വന്ന പലതരം രക്ഷകര്‍തൃത്വങ്ങളെയാണ്.

  1. പോലീസിന്റെ രൂപത്തില്‍ കണ്ട സ്റ്റേറ്റ് എന്ന രക്ഷകന്‍
  2. ഭാരതീയതയുടെ രക്ഷകര്‍
  3. ഇസ്ലാമിക ആചാരങ്ങളുടെ രക്ഷകര്‍
  4. പിന്നെ പെങ്ങമ്മാരെ സംരക്ഷിക്കുന്ന ആങ്ങളമാരായി ഏതാണ്ടു കെ. എസ്. യുവിന്റെ രൂപത്തിലും.

മുന്‍പേ എഴുതിയത് പോലെ ഉമ്മ സമരം എന്നത് തന്നെ രക്ഷകര്‍തൃത്വത്തിനെതിരെയുള്ള, തങ്ങളുടെ ഏജന്‍സി തങ്ങള്‍ക്ക് തന്നെ കിട്ടുന്നതിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു എന്നതിനാല്‍ മറൈൻ ഡ്രൈവില്‍ പ്രത്യക്ഷപ്പെട്ട എല്ലാ രക്ഷകര്‍തൃത്വങ്ങളും ചോദ്യം ചെയ്യപ്പെട്ടു. കൂട്ടത്തില്‍, ഡൗണ്‍ടൗണ്‍ ആക്രമത്തിന്റെ ഒരു പ്രധാന വസ്തുത മുസ്ലീം വിരോധമാണെന്ന കാര്യം വകവെയ്ക്കാതെ, ഉമ്മ സമരത്തിനെതിരെ നിന്ന് പ്രതിഷേധിച്ച മുസ്ലീം സംഘടനകളും വിമർശിക്കപ്പെട്ടു. എന്നാല്‍ ആ വിമർശനത്തിന്റെ പ്രതിസ്വരം കേട്ടത് ചില ദളിത് എഴുത്തുകാരില്‍ നിന്നാണ്.10 "പലരും ആഗ്രഹിക്കുന്നതുപോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലിംകള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം." എന്ന രീതിലെ പ്രസ്താവനകളുടെ രൂപത്തില്‍ മുസ്ലീം രക്ഷകതൃത്വം ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരം പ്രതിസ്വരങ്ങള്‍ ഉണ്ടായത് എന്നതില്‍ യാദൃശ്ചികതയില്ല. ഉമ്മ സമരത്തില്‍ പങ്കെടുത്ത, ഇസ്ലാമില്‍ വിശ്വസിക്കുന്നതും അല്ലാത്തതുമായ മുസ്ലീം സ്വത്വങ്ങളെ ഒറ്റയടിക്ക് നിരാകരിക്കാന്‍ ഈ കര്‍തൃത്വത്തിനാകുന്നുണ്ട്. മാത്രമല്ല, ദളിത് എഴുത്തുകാരില്‍ ഒരുഭാഗം, പ്രത്യേകിച്ചും ദളിത് സ്ത്രീസ്വത്വവാദികള്‍, താന്താങ്ങളുടെ കർതൃത്വത്തില്‍ ഉറച്ച് ഉമ്മ സമരത്തെ അനുകൂലിച്ച് 11എടുത്ത നിലപാടുകള്‍ പിന്നേയും അപ്പന്‍ കളിക്കുന്നവരാല്‍ ചോദ്യം ചെയ്യപ്പെട്ടു.

“മുസ്ലിം സമുദായത്തിന്റെ അധികാരത്തെ തൊടാതെയുള്ള പക്ഷം ചേരലുകള്‍ മറ്റാര്‍ക്ക് ഗുണം ചെയ്താലും ദളിതര്‍ക്ക് ഗുണം ചെയ്യും എന്ന് താന്‍ കരുതുന്നില്ല" എന്ന നിലപാടുകളെ12“ തലച്ചോറ് ഉപയോഗിക്കാന്‍ ഇന്നും മടിക്കുന്ന ദലിത് അവര്‍ണ്ണ സ്ത്രീകളോടുള്ള" അപ്പന്റെ ഉപദേശങ്ങളായി പ്രത്യക്ഷപ്പെട്ടു.13

ദളിത് സ്ത്രീസ്വത്വവാദികള്‍ വളരെ ശക്തമായ നിലപാടുമായി, തങ്ങളുടെ കർതൃത്വം തങ്ങളില്‍ തന്നെയെന്ന് ഉറച്ച് , പൊതുവിടത്തില്‍ തങ്ങളുടെ ഇടം കണ്ടെത്തി മുന്നോട്ട് പോകുന്നത് വളരെ പ്രതീക്ഷ നല്കുന്ന ഇടപ്പെടലാണ് 14. അവർക്ക് പറയാനുള്ളത്“അനുഗമിക്കാം ,ഒപ്പം നടക്കാം പക്ഷെ നയിക്കാം എന്ന് കരുതരുത് !” എന്നു തന്നെയാണ്.15

പുതിയ രക്ഷകര്‍തൃത്വങ്ങള്‍ ഉയർത്തുന്ന രാഷ്ടീയമാനങ്ങള്‍

ഏതൊരു അരികുവത്കരിക്കപ്പെട്ട സമൂഹവും തങ്ങളൂടെ അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിന്റെ ആദ്യപാദത്തില്‍ തന്നെ കുടഞ്ഞെറിയുന്ന ഒന്നാണ് തങ്ങളുടെ മുകളിലുള്ള കര്‍തൃത്വം. കര്‍തൃത്വത്തിന്റെ രക്ഷയ്ക്ക് കൊടുക്കേണ്ടി വരുന്ന വില അത് അതത് കാലത്തുയർത്തുന്ന ശിക്ഷയാണ് എന്ന ചരിത്രപാഠമാണു രക്ഷകര്‍തൃത്വ നിരാകണത്തിലേക്ക് സ്വത്വസമൂഹങ്ങളെ നയിക്കുന്നത്. താന്താങ്ങളുടെ കർതൃത്വം സ്വയം ഏറ്റെടുത്ത് കൊണ്ട് മാത്രമേ ഏതൊരു സ്വത്വസമൂഹത്തിനും അതിന്റെ അസ്തിത്വം പൂർണ്ണമായി ഉണ്ടാക്കിയെടുക്കാന്‍ പറ്റൂ. ഇത് സ്ത്രീ, ദളിത്, മുസ്ലീം, ലൈംഗീക ന്യൂനപക്ഷങ്ങള്‍ എന്നു വേണ്ട ഭൂരിപക്ഷസമൂഹം മനഃപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന മറ്റേത് സമൂഹങ്ങള്‍ക്കും ബാധകമാണ്. കേരളത്തിലെ ദളിത് സമൂഹം ഇത് നേരത്തെ തിരിച്ചറയുകയും അതിനെതിരെ ശക്തമായി തന്നെ നിലപാടെടുക്കുകയും ചെയ്തീട്ടുണ്ട്. രക്ഷകര്‍തൃത്വ മനോഭാവത്തിനും നിലപാടുകൾക്കുമെതിരെ ഈയിടെ കണ്ടതില്‍ ഏറ്റവും ശക്തമായതും കേരളത്തില്‍ സ്വാധീനമുണ്ടാക്കിയതുമായ ഒന്ന്´ഞങ്ങളുടെ തന്തമാരാകേണ്ട (Don´t be our fathers)´ എന്ന രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററിയാണ് 16. അരുദ്ധതി റോയ് -അയ്യങ്കാളി- അംബേദ്കര്‍ വിഷയത്തിലും ദളിത് സമൂഹത്തിന്റെ ആശങ്ക ഈ രക്ഷ കര്‍തൃത്വത്തെ ചൊല്ലിയാണ്.17 കേരളത്തിലെ രാഷ്ട്രീയ സാധ്യതകളെ രാഷ്ടീയ മുന്‍വിധികളില്ലാതെ നോക്കി കണ്ടിരുന്നവര്‍ അല്പ്പം പ്രതീക്ഷയോടെ നോക്കിയിരുന്ന ഒന്നാണ് ദളിത് -മുസ്ലീം ഐക്യം. സ്വത്വരാഷ്ടീയം അല്ലെങ്കില്‍ പ്രാതിനിധ്യ രാഷ്ട്രീയത്തിന് അധികാര രാഷ്ടീയത്തില്‍ തന്നെ ചലനങ്ങള്‍ ഉണ്ടാക്കാനാകുമെന്നു കരുതിയിരുന്നവർക്ക് ഒരു പുനഃരാലോചനയ്ക്കുള്ള അവസരമാണ് ഉമ്മ സമരമുയര്‍ത്തിയ രക്ഷകര്‍തൃത്വ ഇടപ്പെടലുകള്‍ ഉണ്ടാക്കിയത്. അരികുവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ രക്ഷകര്‍തൃത്വത്തെ നിരാകരിക്കുമ്പോഴും അവര്‍ തമ്മിലുള്ള പരസ്പര രക്ഷകര്‍തൃത്വ ഇടപ്പെടലുകള്‍, അതും ആണ്‍മേല്ക്കോയ്മയുടെ കീഴില്‍, എത്രത്തോളം ആശാവഹമാണ് എന്നതാണ് ഉമ്മസമരമുയർത്തിയ ചോദ്യം.

ഉമ്മ സമരത്തില്‍ പ്രത്യക്ഷപ്പെട്ട മൂന്നു പ്രധാന ആശങ്കകളാണു ഈ ലേഖനത്തില്‍ പങ്കു വയ്ക്കാനുള്ളത്

  1. മതരഹിത പുരോഗമനം എന്നത് അശ്ലീലമാമാകുന്നത്

    മത ആണ്‍മേല്‍ക്കോയ്മയുടെ കര്‍തൃത്വം ഏറ്റെടുത്ത് വ്യവഹരിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ റദ്ദ് ചെയ്യേണ്ടി വരിക മതരാഹിത്യത്തെ തന്നെയായിരിക്കും. ഇന്ത്യയുടെ മതേതരമെന്നത് തന്നെ മതങ്ങളെ അവഗണിച്ച് കൊണ്ടല്ല എന്നാല്‍ (തുല്യമായി) പരിഗണിച്ച് കൊണ്ടാണ്. മതരഹിതര്‍ എന്ന കൂട്ടര്‍ കേരളം പോലൊരു സ്ഥലത്ത് ജനസംഖ്യയുടെ ഏറ്റവും കുറവ് ശതമാനം ആയിരിക്കും. മതത്തിന്റെ മനുഷ്യത്വവിരുദ്ധ, ആണ്‍കോയ്മ നിറഞ്ഞ മൂല്യങ്ങളോട് പടവെട്ടി പുറത്ത് കടക്കുന്ന ഒരോ മനുഷ്യനും മനുഷ്യത്വത്തിലേക്കും അതു വഴി പുരോഗമനത്തിലേക്കും തന്നെയാണു നടക്കുന്നത് എന്നത് സംശയമില്ലാത്ത കാര്യമാണ്. Don´t be our fathers എന്ന ഡൊക്യുമെന്റ്റിയില്‍ തന്നെ ഉന്നയിക്കുന്ന ചോദ്യം ´ഇന്ന് അമ്പലത്തില്‍ പോയില്ലേ, എന്ന് ചോദിക്കുന്നവരോട് എന്തേ നിങ്ങള്‍ ഇന്ന് അമ്പലത്തില്‍ പോയോ´ എന്ന് തിരിച്ച് ചോദിക്കാനുള്ള അവകാശമാണ്. അതേ സമയം മതരഹിതര്‍ എന്നത് ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നവര്‍ മുതല്‍ അരാജകരെന്നും, സ്വതന്ത്രചിന്തകള്‍ എന്നും സ്വയം വിശേഷിപ്പിക്കുന്ന വലിയൊരു സ്പെക്ട്രമാണു. മതരഹിത പുരോഗമനമെന്നത് ഒരു അശ്ലീല വാക്കു പോലെ എടുത്തുപയോഗിക്കുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ ആണ്‍കോയ്മ സഖ്യം ഒരു സമൂഹത്തിന്റെ പുരോഗമന മൂല്യങ്ങളെ തുരങ്കം വയ്ക്കുകയാണ്.
  2. ആണ്‍മേല്‍ക്കോയ്മ സ്ത്രീസ്വത്വത്തിന്റെ തലച്ചോറ് പരിശോധിക്കുന്നത്

    ഏതു മതത്തിന്റെ ആയാലും ആണ്‍കോയ്മയെ പിന്‍പറ്റുകയോ അതിനെ കാണാതിരിക്കുകയോ ചെയ്യുന്നവരുടെ ഒരു ലക്ഷ്യം അത്തരം സ്ഥാപനങ്ങളുടെ പുരുഷാധിപത്യം സ്ത്രീയ്ക്കുമേല്‍ പ്രയോഗിക്കുന്ന ഹിംസ കണ്ടില്ലെന്നു നടിക്കുക എന്നതാണ്. അങ്ങനെ വരുമ്പോഴോണ് പെണ്ണിന്റെ തലച്ചോറ് ഒരു വലിയ വിഷയമാകുന്നത്. മതത്തിനകത്തു നിന്നു തന്നെയുള്ള സ്ത്രീകളൂടെ ചോദ്യം ചെയ്യലുകളെ ഈ പുതു മുസ്ലീം കർതൃത്വത്തിനു അവഗണിക്കേണ്ടി വരുന്നതും അതുകൊണ്ട് തന്നെ.18"ഇസ്ലാമും ഇവരും ചേര്‍ന്ന് പ്രദാനം ചെയ്യാന്‍ പോകുന്ന ജനാധിപത്യം എത്തരത്തിലുള്ളതാണെന്ന് പറയുമോ?"എന്ന ചോദ്യങ്ങള്‍ ഉമ്മ സമരം പ്രസക്തമാക്കുന്നുണ്ട്.19. പൊതുവിടത്തില്‍ പിടിച്ചെടുക്കേണ്ട ദളിത് ഇടങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമല്ല, മറിച്ച് അന്നത്തെ എഴുത്തിടങ്ങള്‍ക്ക് വേണ്ടിയുള്ള സർക്കസാണ് ഇത്തരം കര്‍തൃത്വഭാരങ്ങള്‍ എന്ന ആരോപണവുമുണ്ട് 20
  3. ലൈംഗിക ന്യൂനപക്ഷങ്ങളെ ഇനിയും അരികുവത്കരിക്കാനാകുന്നത്

    സ്ത്രീസ്വത്വത്തിനേക്കാളും പൊതുസമൂഹം ചവിട്ടി അരച്ച് കൊണ്ടിരിക്കവരാണ് ലൈംഗീക ന്യൂനപക്ഷങ്ങള്‍. മതത്തിന്റെ കര്‍തൃത്വവക്താക്കള്‍ അത്തരം സമൂഹങ്ങളെയും നിഷേധിക്കേണ്ടതുണ്ട്. ഉമ്മ സമരം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കൂടി പൊതുവിടം തങ്ങളുടേതാണ് എന്ന് പറയാന്‍ അവസരം ഉണ്ടാക്കിയിരിക്കുകയാണ്. 21.

തങ്ങള്‍ വളരെ കഷ്ടപ്പെട്ട് സിദ്ധന്തവത്കരിച്ച് കൊണ്ട് വന്നതാണ് രക്ഷകർതൃത്വ നിരാകരണം എന്ന് അഭിമാനിക്കുമ്പോള്‍ തന്നെ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ വരാത്ത വിധം പുതിയ നിലപാടുകളും സിദ്ധാന്തങ്ങളും സ്വതവാദത്തില്‍ ഉണ്ടായില്ലെങ്കില്‍22 സ്വത്വവാദത്തിലെ വലിയ ഒരു സഖ്യത്തെ കരുതി കണ്ട പ്രതീക്ഷകളൊക്കെ മഴയ്ക്ക് മുൻപുള്ള മാമ്പൂക്കളാകും!!

  • 1. https://www.facebook.com/farmis/posts/10153219814326549
  • 2. a. b. http://www.azhimukham.com/news/2419/down-town-restaurant-calicut-sangh-parivar-moral-policing-kerala-ndf-league-class-deepak-sankaranarayanan
  • 3. https://www.facebook.com/sebinaj/posts/10152843560629083?pnref=story
  • 4. http://utharakalam.com/?p=12089&fb_action_ids=10154846914090265&fb_action_types=og.comments
  • 5. https://plus.google.com/u/0/+KunjilaMascillamani/posts/gCryrngHuj9
  • 6. https://www.facebook.com/afthab.ellath/posts/10153226782418368
  • 7. https://www.facebook.com/da.ly.9279/posts/826567507395476
  • 8. https://www.facebook.com/shajika/posts/10152571773999164?fref=nf
  • 9. http://utharakalam.com/?p=12039
  • 10. http://utharakalam.com/?p=12076
  • 11. http://goo.gl/ybLYhm
  • 12. http://goo.gl/lo8bjg
  • 13. https://www.facebook.com/kk.b.raj.1/posts/797001453679806
  • 14. https://www.facebook.com/praveenaa.thaali/posts/1126436924077537?fref=nf&pnref=story
  • 15. https://www.facebook.com/permalink.php?story_fbid=306058679588539&id=100005532283660&fref=nf
  • 16. https://www.youtube.com/watch?v=qdWkenUAV2Y
  • 17. http://epaper.malayalamvaarika.com/385303/Malayalam-Vaarika/28112014#dual/32/1
  • 18. https://www.facebook.com/jaseela.cv/posts/322511611288215?fref=nf
  • 19. https://www.facebook.com/sethu.vasu.75/posts/543533055790131
  • 20. https://www.facebook.com/simynazareth/posts/10153027160643132?pnref=story
  • 21. https://www.facebook.com/kissinthestreet/photos/a.793342014037343.1073741828.793059734065571/800196900018521/?type=1&fref=nf
  • 22. https://www.facebook.com/asajithkumar/posts/10203067720960412