കുടുംബശ്രീകളുടെ രാപ്പകലുകള്‍ ; ‘ലൈംഗിക പെരിസ്ട്രോയിക്ക’കള്‍ തോല്‍ക്കുന്ന കാലം

Da Ly May 25, 2015

ടയ്ക്കൽ വിപ്ലവം മുതൽ ചുംബന സമരം വരെ വൈവിദ്ധ്യമാർന്ന പല സമരങ്ങളും പ്രതിഷേധങ്ങളും രൂപപ്പെട്ട കേരള രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്ത് നടന്നതിൽ ഏറെ സവിശേഷതകളാർജ്ജിച്ച സമരമാണു കുടുംബശ്രീ പ്രവർത്തകർ നടത്തിയ രാപ്പകൽ സമരം. വര്‍ഗ്ഗ-വർഗ്ഗേതരത്വത്തെ കുറിച്ചും, സ്ത്രീ ശരീരത്തിന്റെ ലൈംഗിക വിപണന സാധ്യതകളെക്കുറിച്ചും, യാതൊരു അടിസ്ഥാനവും ഇല്ലാതെ എഴുതപ്പെട്ട സൈദ്ധാന്തികമായ മുന്‍വിധികളെ, തങ്ങളുടെ അതീവ ലളിതമെന്നു തോന്നിക്കുന്ന, എന്നാല്‍ ഒട്ടും തന്നെ എളുപ്പമല്ലാത്ത, നിരന്തര പ്രവർത്തനങ്ങളിലൂടെ അട്ടിമറിച്ച ‘കഥ’-യാണു കുടുംബശ്രീ. അതിലെ ലേറ്റസ്റ്റ് വേർഷനാണു കാലവർഷത്തിനു മലയാളിക്കു ചൂടാന്‍ തയ്യാറാക്കപ്പെടുന്ന മാരി കുട1. തങ്ങളുടെ കാലില്‍ നില്ക്കാന്‍ ഈ പെൺകൂട്ടങ്ങൾക്ക് പോരാട്ടം നടത്തേണ്ടി വന്നത് 'യഥാർത്ഥ' ഇടത് സൈദ്ധാന്തികരോട് മാത്രമല്ല, ഇപ്പോഴത്തെ സർക്കാരിനോടും ബ്ലേഡ് പലിശക്കാരോടും കൂടെയാണ്.

രാപ്പകല്‍ സമരം

കോൺഗ്രസ്സ് നേതൃത്വത്തില്‍ ഉണ്ടാക്കിയ ‘ജനശ്രീ’-യെ ഉപയോഗിച്ച് കുടുംബശ്രീയെ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ 2012 ഒക്ടോബർ രണ്ടു മുതൽ പത്തുവരെ സംസ്ഥാനത്തൊട്ടാകെയുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നടയില്‍ പന്തലുകെട്ടി നടത്തിയ സമരമാണു ‘രാപ്പകല്‍ സമരം’ 2. 1998-ൽ കേന്ദ്ര സർക്കാരിന്റെ സ്വർണ്ണ ജയന്തി സഹകാരി റോസ്ഗാർ യോജന (S.J.S.R.Y) പദ്ധതി പ്രകാരം ദേശീയ കാർഷിക ഗ്രാമവികസന ബാങ്കിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെ കേരള സംസ്ഥാനത്തിലെ കേവലദാരിദ്ര്യം പത്തുവർഷക്കാലം കൊണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കിയ സമഗ്ര ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയാണ് ‘കുടുംബശ്രീ’ 3.

സ്ത്രീകൾക്ക് തുടർച്ചയായി സമരം ചെയ്യാനാകില്ലെന്നും അതിനാൽ തന്നെ ഈ സമരവും കെട്ടടങ്ങിക്കൊള്ളും എന്ന സർക്കാർ ധാർഷ്ട്യത്തിന്റെ മുനയൊടിച്ചുകൊണ്ടു രാപ്പകൽ പാട്ടുപാടിയും നൃത്തം ചെയ്തും എട്ടു ദിവസം കൊണ്ട് ദുർബലകളെന്നും ‘ചവറുകോരി’കളെന്നും മുദ്രകുത്തപ്പെട്ട ഈ സ്ത്രീകൾ ഈ സമരത്തെ വിജയിപ്പിച്ചെടുത്തു. അതിലുപരി, വർഗ്ഗ-വർഗ്ഗേതര സമരങ്ങളിൽ പുതിയ സിദ്ധാന്തങ്ങളും നിലപാടുകളും എടുക്കേണ്ടതിന്റെ ആവശ്യകതയെ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട് രാപ്പകല്‍ സമരം.

നഗരമാലിന്യനിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ ആലപ്പുഴ എങ്ങനെ കേരളത്തിനു മാതൃകയായോ അതേ രീതിയില്‍, ആലപ്പുഴയിലും പിന്നീട് മലപ്പുറത്തും പരീക്ഷിച്ച് വിജയിച്ച കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.ഡി.എസ്)യാണു കുടുംബശ്രീയുടെ അടിസ്ഥാന മാതൃക. ത്രിതല ഘടനയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഇന്നു നിരവധി മേഖലകളിൽ അവരുടെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട് 4. ഇതിൽ മൈക്രോഫിനാൻസിലൂടെയുള്ള ദാരിദ്ര്യ നിർമ്മാർജ്ജനം 5 എന്ന ലക്ഷ്യത്തിനുമപ്പുറം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണരംഗത്തും രാഷ്ട്രീയപാർട്ടി‌‌കളിലെ സജീവ പ്രവർത്തനരംഗത്തും കഴിവും ആത്മാർത്ഥതയുമുള്ള വനിതകളുടെ സ്വാഭാവികമായ കടന്നുവരവിനും അതുവഴി വനിതകളുടെ രാഷ്ട്രീയശാക്തീകരണത്തിനും കുടുംബശ്രീ ഒരു ചാലകമായി എന്നതാണു കുടുംബശ്രീയുടെ ഏറ്റവും എടുത്തു പറയേണ്ട മറ്റൊരു വിജയം. അതുകൊണ്ടുതന്നെയായിരിക്കണം എം. എം ഹസ്സന്റെ നേതൃത്വത്തില്‍ ‘ജനശ്രീ’ എന്ന സംഘടനയിലൂടെ കുടുംബശ്രീയെ അട്ടിമറിയ്ക്കാനായി യു.ഡി.എഫ് തുനിഞ്ഞിറങ്ങിയതും. കുടുംബശ്രീ പ്രവർത്തകരെ രാപ്പകൽ സമരത്തിലേയ്ക്ക് നയിച്ചത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ്:

1) കേന്ദ്ര സര്‍ക്കാരിന്റെ വന്‍പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) കേരളത്തിലെ നോഡല്‍ ഏജന്‍സിയായി ‘ജനശ്രീയെ’ മാറ്റാനുള്ള നീക്കം

2) നാലു ശതമാനം ഉണ്ടായിരുന്ന വായ്പാ പലിശ യു.ഡി.എഫ്. സർക്കാർ 12% ആക്കിയത്

3) കുടുംബശ്രീയുടെ കീഴിലെ ഭവനശ്രീ പദ്ധതിയുടെ കടബാധ്യത

4) കേന്ദ്ര ഗവണ്മെന്റിന്റെ നോഡൽ ഏജൻസിയായ കുടുംബശ്രീയെ മറികടന്ന് ജനശ്രീക്ക് 14.26 കോടി രൂപ കേന്ദ്രാവിഷ്‌കൃത പദ്ധതി വഴി കിട്ടാനിടയായത്

കുടുംബശ്രീയിലൂടെ വൻ‌‌വിജയമായി മാറിയ മൈക്രോഫിനാൻസ് എന്ന സാമ്പത്തിക സുരക്ഷാമാതൃകയെ കോർപ്പറേറ്റ് താല്പര്യങ്ങൾക്കായി ബലികഴിക്കാനും 6 കുടുംബശ്രീയെ അട്ടിമറിക്കാനുമുള്ള മാർഗ്ഗമായി ‘ജനശ്രീ’യെ വളർത്തിക്കൊണ്ടുവരാനുള്ള കോൺഗ്രസ്സിന്റെ ഗൂഡശ്രമങ്ങളാണു പിന്നീട് രാപ്പകൽ സമരത്തെ പിന്തുയ്ക്കാൻ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. കുടുംബശ്രീകൾ 4% പലിശയ്ക്ക് മൈക്രോഫിനാൻസ് വായ്പ്കൾ നല്കുമ്പോൾ, തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത അയൽക്കൂട്ടങ്ങളിൽ ബ്ലേഡ് പണമിടപാട് രംഗത്തെ സ്വകാര്യ ഏജൻസികൾ മൈക്രോഫിനാൻസിന്റെ പേരിൽ 40- 50 % പലിശയ്ക്ക് പണം നല്കുന്ന പദ്ധതികൾ നടപ്പാക്കിയതും അതിൽ അഴിമതിയ്ക്ക് കുപ്രസിദ്ധനായ ഒരു ‘മൈക്രോഫിന്’ സ്ഥാപനത്തിന്റെ തലവനെ ജനശ്രീഫിനിന്റെ ഡയറക്ടറാക്കാനുള്ള നടപടിയും 7 ഈ അട്ടിമറിയുടെ സാക്ഷ്യപത്രങ്ങളായി.

സ്ത്രീകൾക്ക് തുടർച്ചയായി സമരം ചെയ്യാനാകില്ലെന്നും അതിനാൽ തന്നെ ഈ സമരവും കെട്ടടങ്ങിക്കൊള്ളും എന്ന സർക്കാർ ധാർഷ്ട്യത്തിന്റെ മുനയൊടിച്ചുകൊണ്ടു രാപ്പകൽ പാട്ടുപാടിയും നൃത്തം ചെയ്തും എട്ടു ദിവസം കൊണ്ട് ദുർബലകളെന്നും ‘ചവറുകോരി’കളെന്നും മുദ്രകുത്തപ്പെട്ട ഈ സ്ത്രീകൾ ഈ സമരത്തെ വിജയിപ്പിച്ചെടുത്തു. അതിലുപരി, വർഗ്ഗ-വർഗ്ഗേതര സമരങ്ങളിൽ പുതിയ സിദ്ധാന്തങ്ങളും നിലപാടുകളും എടുക്കേണ്ടതിന്റെ ആവശ്യകതയെ ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട് രാപ്പകല്‍ സമരം. ലൈംഗിക പെരിസ്ട്രോയിക്കയെന്നും അമേരിക്കൻ ഗൂഡപദ്ധതിയെന്നും വലതുവ്യതിയാനം വരാത്തവർ വിളിച്ചാക്ഷേപിച്ച ജനകീയാസൂത്രണ പദ്ധതികളെക്കുറിച്ച് പുനഃർവിചിന്തനം നടത്താനും കേരളത്തില്‍ ഉയർന്നു കേൾക്കുന്ന സ്ത്രീസ്വത്വവാദികളുടെ നിലപാടുകളെ ചോദ്യം ചെയ്യാനും കുടുംബശ്രീക്കാരുടെ രാപ്പകൽ സമരവിജയം വഴി തുറന്നിട്ടിരിക്കുന്നു.

ലൈംഗിക പെരിസ്ട്രോയിക്കയുടെ പാഠങ്ങൾ

എന്താണു ലൈംഗിക പെരിസ്ട്രോയിക്ക?
ജനകീയാസൂത്രണക്കാലത്ത്, എം. എൻ വിജയന്റെ നേതൃത്വത്തിൽ ഇറക്കിയിരുന്ന പാഠം മാസികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ടാണ് ‘എം. എ ബേബിയുടെ ലൈംഗിക പെരിസ്ട്രോയിക്ക’8. എൺപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ, പ്രത്യേകിച്ചും റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഗോർബച്ചേവിന്റെ നേതൃത്വത്തില്‍, പരിവർത്തനം ലക്ഷ്യം വച്ച് ഉണ്ടായ മുന്നേറ്റമാണു പെരിസ്ട്രോയിക്ക. അതിനെ തുടർന്നു ലൈംഗിക നിലപാടുകളില്‍ റഷ്യന്‍ സമൂഹത്തിനുണ്ടായ മാറ്റം പെരിസ്ട്രോയിക്കയുടെ വലിയൊരു വീഴ്ചയായി സിദ്ധാന്തവത്കരിക്കപ്പെട്ടു. ഇരുപതുവർഷങ്ങള്‍ക്കിപ്പുറവും സമാനമായൊരു സമീപനമാണു കുടുംബശ്രീയെക്കുറിച്ച് ആശങ്കപ്പെടാനും സിദ്ധാന്തം രൂപീകരിക്കാനും പ്രൊഫ. എം എന്‍ വിജയനും പാഠം മാസികയും തെരെഞ്ഞെടുത്തത്.

സ്ത്രീകേന്ദ്രീകൃത-ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ വളർന്നു വരുന്ന സ്വയാശ്രയ സ്ത്രീയെ ഉപയോഗിച്ച് ഒരു ലൈംഗിക വിപണി സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയാണു പാഠം ലേഖനത്തിന്റെ അടിസ്ഥാനം. ‘സ്ത്രീശാക്തീകരണ പദ്ധതിയുടെ ഉച്ചസ്ഥാനമാണു ഈ ലൈംഗിക സ്വാതന്ത്ര്യാഘോഷം’ എന്നാണു പാഠത്തിലെ ലൈംഗിക പെരിസ്ട്രോയിക്ക ലേഖനം വാദിച്ചത്. ചുരുക്കത്തിൽ ‘സ്ത്രീ സ്വാശ്രയ സംഘങ്ങളുടെ മുഖ്യ പ്രവർത്തനം സ്വകാര്യവായ്പാ വ്യവഹാരമാണെന്നും, ഇത്തരം സാമ്പത്തിക വ്യവഹാരം വേതനത്തിന്റെ-സ്വാതന്ത്ര്യത്തിൽ നിന്നും വായ്പയുടെ-ബന്ധനത്തിലേക്കും ശാരീരികാദ്ധ്വാനത്തിലൂന്നിയ ഉത്പാദനത്തിന്റെ മണ്ഡലത്തിൽ നിന്നും ലൈംഗിക വ്യാപാരത്തിന്റെ മണ്ഡലത്തിലേക്കും സ്ത്രീ ജീവിതത്തെ സങ്കോചിപ്പിക്കുന്നുവെന്നു’ ലേഖനം സ്ഥാപിച്ചു. അന്ന് പാഠത്തിന്റെ ലേഖനത്തിനു വന്‍ സ്വീകാര്യതയുണ്ടായി. കുടുംബശ്രീയെയും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളെയും വലിയ തോതില്‍ തുരങ്കം വയ്ക്കാന്‍ ഇത്തരം ലേഖനങ്ങള്‍ക്ക് കഴിഞ്ഞു. കുടുംബശ്രീ വഴി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ്‌ ചെയ്‌ത്‌ പുറംകമ്പോളങ്ങളില്‍ വില്‍ക്കുന്നതിന്‌ അയല്‍ക്കൂട്ടങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടാക്കിയ മാരാരിക്കുളം വികസനപദ്ധതി സ്വാഭാവികമായിത്തന്നെ ഇത്തരം സിദ്ധാന്തങ്ങൾക്ക് ഇരയായിത്തീർന്നു. ബ്രാന്റിംഗ്, മാർക്കെറ്റിംഗ് തുടങ്ങിയവയിലെ വിപുലപ്പെടുത്തലുകൾ നിലച്ചെങ്കിലും ഈ സിദ്ധാന്തവത്കരണത്തിന്റെ കാലത്തും തീരെ തോറ്റു പോകാതെ അയല്ക്കൂട്ട പെണ്ണുങ്ങള്‍ മൈക്രോ ഫിനാന്സും വളരെ ചെറിയ രീതിയിലെ ഉത്പന്നങ്ങളുമായി പിടിച്ചു നിന്നു. അതിനു പിന്നീടു ഫലമുണ്ടായി. 37.8 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ ഇന്ന് ഏഷ്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീമുന്നേറ്റങ്ങളില്‍ ഒന്നാണു. ദൂരദർശനില്‍ ‘ഇനി ഞങ്ങള്‍ പറയാം’ എന്ന റിയാലിറ്റി ഷോയിലൂടെ 9 അവരുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനതലങ്ങളൂം അവയിലെ ഏകോപനവും മികവും, സർവോപരി, സാമ്പത്തിക സ്വയാശ്രയത്തിലേക്കുള്ള സമഗ്രമായ മുന്നേറ്റവും വെളിവാക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഇതൊക്കെത്തന്നെയാണു യാതൊരു അടിത്തറയും ഇല്ലാത്ത ഈ ‘യഥാർത്ഥ’ ഇടതുപക്ഷ ഗൂഡാലോചനാ സിദ്ധാന്ത വായാടിത്തത്തിനു പ്രവര്ത്തനങ്ങള്‍ കൊണ്ടുള്ള മറുപടി.

‘സ്ത്രീകേന്ദ്രീകൃതമായ ഒരു സ്വകാര്യ വായ്പാ പദ്ധതിയാണു ജീവിതമെന്നും ആ ജീവിതത്തിൽ സ്ത്രീയ്ക്ക് പുരുഷനുമേൽ ആധിപത്യം ഉണ്ടാകുമെന്നും അപ്പോൾ അവളു ടെ ലൈംഗിക ജീവിതാവകാശത്തിന്റെ അതിരുകൾ അനന്തമായി വികസിക്കുമെന്നും കുടുംബം ഒരു അനുഷ്ഠാനം മാത്രമായി തീരുമെന്നും വികസനാസൂത്രണ ലൈംഗിക സിദ്ധാന്തകാരന്മാർ വാദിക്കുന്നു’ എന്നാണു പാഠം എഴുതിയത്. അതിനായി സൈദ്ധാന്തിക അടിത്തറ ഉണ്ടാക്കുകയാണു സ്ത്രീകള്‍ക്കായുള്ള ഈ മൈക്രോഫിനാന്‍സ് പദ്ധതികൾ എന്നു പാഠം ഗൂഡാലോചനാസിദ്ധാന്തം ചമച്ചു. കുടുംബശ്രീയുടേയും അത് ഇന്ന് ഇന്ത്യയിലും ലോകം മുഴുവനും ഉണ്ടാക്കിയ സ്ത്രീ-സ്വയാശ്രയ മാതൃകയേയും അടിസ്ഥാനമാക്കി തങ്ങളുടെ ‘ആശങ്കകൾ’ എത്രമാത്രം സ്ത്രീവിരുദ്ധമായിരുന്നുവെന്ന് പരിശോധിക്കാനും സമ്മതിക്കാനും പാഠത്തിനും അതിന്റെ ഇന്നത്തെ പിന്തുടർച്ചക്കാര്‍ക്കും ബാധ്യതയുണ്ട് എന്നും രാപ്പകല്‍ സമരം ഓര്‍മ്മപ്പെടുത്തുന്നു.

വര്‍ഗ്ഗ-വര്‍ഗ്ഗേതര സൈദ്ധാന്തിക കെട്ടറകൾ

വര്‍ഗ്ഗരഹിത സമൂഹം മാത്രമേ സ്ത്രീ-പുരുഷ സമത്വത്തിലേയ്ക്ക് നയിക്കൂ എന്ന ആശയമാണു കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്ന പുസ്തകത്തിലൂടെ ഏംഗല്‍സ് ഉന്നയിച്ചത്. വളരെക്കാലം അത് തന്നെയായിരുന്നു സ്ത്രീമുന്നേറ്റങ്ങളോടുള്ള മാർക്സിയന്‍ സമീപനം. എന്നാല്‍ വർഷങ്ങൾക്ക് ശേഷം ആ പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ താന്‍ നടത്തിയ പഠനങ്ങളിലൂടെ എലനോര്‍ ലീകോക് എന്ന ആന്ത്രപോളജിസ്റ്റ് ആദിമ (primitive) കമ്യൂണിസ്റ്റ് സമൂഹങ്ങളില്‍ എങ്ങനെ സ്ത്രീ-പുരുഷ സമത്വം ഉണ്ടായിരുന്നു എന്ന് വളരെ വിശദമായി വിശദീകരിക്കുന്നതിനൊപ്പം തന്നെ, സ്ത്രീസമൂഹം, അത് റാഡിക്കൽ മധ്യവർഗ്ഗമായാലും അദ്ധ്വാന വർഗ്ഗമായാലും, നിയമപരമായി നേടിയെടുക്കേണ്ട അവകാശങ്ങള്‍ ഒന്നു തന്നെയായിരിക്കും എന്നും അവര്‍ ഒരു കൂട്ടമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നും സമർത്ഥിച്ചു.

രാപ്പകല്‍ സമരത്തിനു മുമ്പുതന്നെ ‘ചവറ് വാരി’ എന്ന വാക്കിനു മുകളില്‍ ചെറുകിട സംരഭകര്‍, കൃഷിക്കാര്‍, രാഷ്ടീയ പ്രവര്‍ത്തകര്‍ എന്ന ലേബലുകളും കുടുംബശ്രീ നേടിയെടുത്തിരുന്നു. എങ്കിലും രാപ്പകല്‍ സമരത്തെ പിന്തുണയ്ക്കാനോ അതിനെ സ്ത്രീവാദത്തിന്റെ ഒരു മുഖമായി അവതരിപ്പിക്കാനോ കഴിഞ്ഞില്ല എന്നത് കേരളത്തിലെ സ്ത്രീവാദത്തിന്റെ ഒരു പരാജയമായി കരുതേണ്ടി വരും.

അന്താരാഷ്ട്ര ഇടതുപക്ഷ സമൂഹത്തിലും ഇടത് സ്ത്രീസ്വത്വവാദ സമൂഹത്തിലും വളരെയേറെ മാറ്റങ്ങളുണ്ടാക്കിയ ഈ പഠനം 10 പക്ഷേ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ സ്ത്രീപക്ഷ വക്താവായ ഇ.എം എസും കാര്യമായി എടുത്തതേയില്ല. ഏംഗല്‍സിന്റെ സിദ്ധാന്തം തന്നെ ഇവിടെ നിലനിന്നു 11. അതേസമയം പാര്‍ട്ടിയിൽ ഏർപ്പെടുത്തുന്ന സ്ത്രീ സംവരണം നേതൃത്വത്തിലെത്തുന്ന സഖാക്കളുടെ കഴിവു കുറയ്ക്കുമെന്ന അഭിപ്രായമായിരുന്നു ഇഎംഎസ്സിനു 12. ഇത്തരത്തിൽ ഈയടുത്ത കാലം വരെ വെള്ളം കടക്കാതെ കെട്ടിയടച്ചിരുന്ന വർഗ്ഗ-വർഗ്ഗേതര അറകളെയാണു കുടുംബശ്രീയുടെ വിജയവും രാപ്പകൽ സമരത്തിലെ സി.പി.എം ന്റെ പിന്തുണയും കൂടിച്ചേർന്നു പൊളിച്ചു കളയുന്നത് 13. വികേന്ദ്രീകരണത്തിന്റേയും പങ്കാളിത്ത വികസനത്തിന്റേയും ഇക്കാലത്ത്, വർഗ്ഗത്തിനതീതമായി, ദുർബല വിഭാഗങ്ങളുടെ സമരങ്ങളിൽ ഇടപെടേണ്ടതിന്റേയും അവയെ ശക്തിപ്പെടുത്തേണ്ടതിന്റേയും ആവശ്യകത ഈ സമരം തെളിയിച്ചു. കുടുംബശ്രീയിലൂടെ രാഷ്ട്രീയ രംഗത്തെത്തിപ്പെട്ട സ്ത്രീകളുടെ വിജയം ഇഎംസിന്റെതു പോലുള്ള ആശങ്കകളെ ഇല്ലാതാക്കുന്നു. പ്രധാനമായും കുടുംബശ്രീയിലൂടെ നടന്ന ഈ മുന്നേറ്റങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ഇനിയും വർഗ്ഗസിദ്ധാന്തത്തിനാകില്ല എന്നതാണു ഈ സമരത്തിൽ ബ്രിന്ദ കാരാട്ട് പോലുള്ള മുതിർന്ന സി.പി.എം അംഗങ്ങളുടെ ഇടപെടൽ അടയാളപ്പെടുത്തുന്നത്. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സ് നയരേഖയിലെ മാസ്സ് മൂവ്മെന്റുകളൂടെ അവലോകനം 14 ഈ ദിശയില്‍ കൂടിയുള്ളതാകുമെന്നു കരുതാം.

സ്ത്രീസ്വത്വവാദത്തിന്റെ വരേണ്യ ആശങ്കകള്‍

സ്ത്രീയെ ലൈംഗിക ഉത്പന്നമാക്കാനാണു ജനകീയാസൂത്രണത്തിലൂടെ കുടുംബശ്രീ ശ്രമിക്കുന്നത് എന്നതായിരുന്നു വലത് വ്യതിയാനം വരാത്ത ഇടതുപക്ഷക്കാര്‍ എന്നവകാശപ്പെട്ടവരുടെ വാദമെങ്കില്‍, സ്ത്രീയെ വെറും ചവറു കോരികളാക്കി തളച്ചിടാനുള്ള ശ്രമമാണു ഇതെന്നായിരുന്നു പല പ്രശസ്ത സ്ത്രീസ്വത്വവാദികളും കുടുംബശ്രീയുടെ തുടക്കക്കാലത്ത് ആരോപിച്ചിരുന്നത്. പ്രധാനമായും ദാരിദ്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നതിനാലും തൊഴിലുറപ്പു പദ്ധതികള്‍ പലതും ശുചിത്വവുമായി ബന്ധപ്പെട്ടു വന്നിരുന്നതിനാലും കുറേക്കാലം ഈ ആരോപണത്തെ സമൂഹത്തില്‍ ഉറപ്പിച്ച് നിറുത്താന്‍ ആരോപകർക്ക് സാധിക്കുകയും കുടുംബശ്രീയെക്കുറിച്ചുള്ള പൊതുബോധം അങ്ങനെ ആയിത്തീരുകയും ചെയ്തു. എന്നാല്‍ രാപ്പകല്‍ സമരത്തിനു മുമ്പുതന്നെ ‘ചവറ് വാരി’ എന്ന വാക്കിനു മുകളില്‍ ചെറുകിട സംരഭകര്‍, കൃഷിക്കാര്‍, രാഷ്ടീയ പ്രവര്‍ത്തകര്‍ എന്ന ലേബലുകളും കുടുംബശ്രീ നേടിയെടുത്തിരുന്നു. എങ്കിലും രാപ്പകല്‍ സമരത്തെ പിന്തുണയ്ക്കാനോ അതിനെ സ്ത്രീവാദത്തിന്റെ ഒരു മുഖമായി അവതരിപ്പിക്കാനോ കഴിഞ്ഞില്ല എന്നത് കേരളത്തിലെ സ്ത്രീവാദത്തിന്റെ ഒരു പരാജയമായി കരുതേണ്ടി വരും. അതേസമയം ഇടതുപക്ഷം സമരം ഏറ്റെടുത്ത് കഴിഞ്ഞപ്പോള്‍ സി.പി.ഐ.എം സമരത്തെ ഹൈജാക് ചെയ്തു എന്ന ആരോപണവുമായെത്തിയ 15 സ്ത്രീസ്വത്വവാദം പുറത്തെടുക്കുന്നത് തങ്ങളുടെ വരേണ്യ ആശങ്കകളാണോ അതോ പാഠം പറയുന്നത് പോലെ ´ദാമ്പത്യവും ഒരു പുരുഷന്‍ ഒരു സ്ത്രീയ്ക്ക് എന്ന് വ്യവസ്ഥ ചെയ്യുന്ന മോണോഗമിയും തീവ്ര വലതുപക്ഷ വ്യതിയാനങ്ങള്‍´ ആണെന്നു ഈ സ്ത്രീസ്വത്വവാദികളും വിലയിരുത്തുന്നതു കൊണ്ടാണോ എന്ന ശങ്കയുണ്ടാക്കുന്നു.

എന്തായിരുന്നാലും ദാരിദ്ര്യനിർമ്മാർജ്ജനത്തിനൊപ്പം തന്നെ സ്ത്രീയ്ക്ക് കൂടിച്ചേരാനും പ്രവർത്തിക്കാനും വളരെ വലിയൊരു ‘രാഷ്ട്രീയയിടം’ (political space) കുടുംബശ്രീ ഉണ്ടാക്കുന്നു എന്നത് അതിന്റെ വിമർശകർക്കാർക്കും തന്നെ തള്ളികളയാന്‍ കഴിയില്ല. ആ രാഷ്ട്രീയയിടത്തിലേക്കുള്ള ഏതൊരു കടന്നുകയറ്റത്തെയും അവര്‍ പ്രതിരോധിക്കുക തന്നെ ചെയ്യും എന്നതിന്റെ തെളിവാണു രാപ്പകല്‍ സമരവും അതിനെ തുടര്‍നന്നുണ്ടായ അലയൊലികളും. തങ്ങളുടെ അസ്തിത്വം തെളിയിക്കുകയും ടാക്സി സര്‍വീസും മറ്റനവധി പദ്ധതികളുമായി മുന്നേറുകയും ചെയ്യുന്ന കുടുംബശ്രീ സ്വയംവളര്‍ച്ചയ്ക്കൊപ്പം കേരള രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ പുതിയ സിദ്ധാന്തങ്ങള്‍ക്കും നയങ്ങള്‍ക്കും അടിത്തറ പാകാന്‍ ഇടവരുത്തുമെന്നു കൂടി പ്രത്യാശിക്കാം.

കടപ്പാട് : കിരണ്‍ തോമസ് - പാഠം മാസികയുടെ കോപ്പി ക്രൈം വാരിക പുനഃപ്രസിദ്ധീകരിച്ചത് ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്തിന്.


സൂചിക:


 1. https://www.facebook.com/thomasisaaq/posts/1098786043470869?pnref=story
   

 2. http://www.mathrubhumi.com/online/malayalam/news/story/1874399/2012-10-1...
   

 3. http://kudumbashree.org/malayalam/?q=ataglance
   

 4. http://www.keralacm.gov.in/index.php/component/content/article/34/2694-k...
   

 5. http://malayalamvaarika.com/2012/june/01/report3.pdf
   

 6. http://workersforum.blogspot.in/2007/09/blog-post_17.html
   

 7. B L Biju, K G Abhilash Kumar Class Feminism The Kudumbashree Agitation in Kerala, March 2, 2013 vol xlvIiI no 9 Economic & Political Weekly
   

 8. The origin of family,property and state edited with an Introduction by Eleanor Burke Leacock
   

 9. See 3
   

 10. See 8
   

 11. സ്ത്രീകളെപ്പറ്റി ഇ.എം.എസ് പുറം 71
   

 12. സ്ത്രീകളെപ്പറ്റി ഇ.എം.എസ് പുറം 120
   

 13. See 7
   

 14. See 11
   

 15. See 11
   

Essay, Kudumbashree, May Day, mayday, Politics, Struggles, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments