മാധ്യമങ്ങളുടെ ശ്രീമതി വിരോധം : ഒരു മാര്‍ക്സിയന്‍ വായന

Rajeev T. K. January 10, 2012

മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ ക്ലിപ്പിംഗ്


പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടുവെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചുനിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. പാട്ടു കേട്ടാല്‍ നൃത്തം ചെയ്യുവാനും, താളം പിടിക്കുവാനുമുള്ള താല്‍പര്യവും അവകാശവും ശ്രീമതി ടീച്ചര്‍ക്കും രാജ് ഘട്ടില്‍ നൃത്തം വെച്ച സുഷമാ സ്വരാജിനുമുണ്ട് എന്ന തിരിച്ചറിവില്‍ തീരുന്ന പ്രശ്നമേയുള്ളൂ അത്. മലയാളിയുടെ കുപ്രസിദ്ധമായ സന്മാര്‍ഗ്ഗ ബോധത്തിന്റെ തെളിവെന്നോണം സോഷ്യല്‍ മീഡിയയില്‍ ഷയറും റീഷയറും പോസ്റ്റുമായി ഈ വാര്‍ത്ത‍ പടര്‍ന്നു. വലതന്മാര്‍ മാത്രമല്ല ചില ഇടതു പുരോഗമന ചിന്താഗതിക്കാരും പാര്‍ട്ടി സഹയാത്രികരും വരെ ശ്രീമതി ചെയ്തത് മോശമായി പോയി എന്ന് അടക്കം പറഞ്ഞു. അത്തരം ഒരു സ്വകാര്യ സംഭാഷണത്തില്‍ നിന്ന്

"ഇടതു പക്ഷത്തോട് പതുക്കെ അടുത്തു കൊണ്ടിരിക്കുന്ന ഒരു അനുഭാവിയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ക്ലാസ് റൂമാണ് ഇത്തരം പ്രസംഗവേദികള്‍. അതിന്റെ പ്രാധാന്യവും അതിന്റെ ഗൌരവവും ചോര്‍ന്നു പോകുക തന്നെ ചെയ്യും അവിടെ അടിപൊളി സിനിമാപാട്ടുകള്‍ കോര്‍ത്തിണക്കി ഗാനമേള നടത്തിയാലും ശരി പാര്‍ടി നേതാക്കള്‍ ഡാന്‍സു കളിച്ചാലും. ഒരു തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടി എന്ന ഐഡന്റിറ്റി ഉറപ്പിക്കാന്‍ കിട്ടുന്ന പാഴാക്കാന്‍ പാടില്ലാത്ത അവസരങ്ങളാണു ഈ സമ്മേളനങ്ങള്‍...അതു ശ്രീമതി ടീച്ചര്‍ മനസ്സിലാക്കിയിട്ടില്ല എന്നതിന്റെ തെളിവായിട്ടാണ് ഞാന്‍ ആ നൃത്തത്തെ കാണുന്നത്. "

ഇടതുപക്ഷത്തു നിന്നുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ അവലോകനം - ഒരു മാര്‍ക്സിയന്‍ വായന - അതാണ് ഈ ലേഖനം.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?

ഇവിടെ ആദ്യം ചോദിക്കേണ്ട ചോദ്യം: ചിലര്‍ ആശങ്കപ്പെടുന്നത് പോലെ ഈ സംഭവം സമ്മേളനത്തിലെ ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കോ ആശയ പ്രചരണത്തിനോ തടസ്സമായിരുന്നോ? ഉത്തരം വ്യക്തമാണ്‌ - അല്ല. സമ്മേളനത്തിന്റെ കാര്യപരിപാടിക്ക് ഒരു തടസ്സവും വന്നിട്ടില്ല. സി പി എമിന്റെ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഒടുവില്‍ പതിവ് പോലെ പ്രകടനവും പൊതു സമ്മേളനവും വിളിച്ചു കൂട്ടിയിരുന്നു. പൊതുയോഗം തുടങ്ങുന്നതിനു മുന്‍പ് വിപ്ലവ ഗാനങ്ങളും നാടന്‍ പാട്ടുകളും അടങ്ങുന്ന ഗാനമേള നടക്കുന്നു. ചെങ്കൊടികളും തോരണങ്ങളും മുദ്രാവാക്യങ്ങളും വിപ്ലവ ഗാനങ്ങളും കൊണ്ട് തേക്കിന്‍കാടു മൈതനമാകെ ഒരു ഉത്സവത്തിമിര്‍പ്പില്‍ ഇളകി മറിയുന്നു. വേദിയില്‍ ഇരുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി, നാടന്‍ പാട്ടിനൊത്ത് താളം പിടിച്ചു, ചുവടു വെച്ചു. പാട്ട് അവസാനിച്ചപ്പോള്‍ മുദ്രാവാക്യം വിളിക്കുകയും അഭിവാദ്യം ചെയ്തു ഡയസില്‍ കസേരയില്‍ തിരികെ ചെന്നിരിക്കുകയുമായിരുന്നു.

അപ്പോള്‍ പിന്നെ എന്താണ് ഇതിനു ഇത്ര വാര്‍ത്താ പ്രാധാന്യം? മുഖ്യധാര മാധ്യമങ്ങള്‍ക്കുള്ള സി പി എം വിരോധവും കേരളീയ സമൂഹത്തിലെ പുരുഷ മേധാവിത്വവും മാത്രമാണോ അതിനു കാരണം? അവിടെ കൂടിയവര്‍ക്ക് തോന്നാത്ത അസ്വാഭാവികത അല്ലെങ്കില്‍ അനൌചിത്യം, ചില ഇടതു സഹയാത്രികര്‍ക്ക് പോലും ഈ വാര്‍ത്ത കേട്ടപ്പോള്‍ തോന്നിയതെങ്ങനെ? മൂന്നു വ്യത്യസ്ത തലങ്ങളില്‍ ഈ വിഷയം വിശകലനം നടത്തണം എന്നാണ് എന്റെ അഭിപ്രായം. 1 ) വാര്‍ത്ത നിര്‍മ്മാണ-പ്രസരണ-വിപണന പ്രക്രിയ 2) വാര്‍ത്ത‍ ഉത്‌പാദനത്തിന്റെ രസതന്ത്രം 3) ലിംഗപരമായ അസമത്വത്തിന്റെ കേരളത്തിലെ വിപണി മൂല്യം.

വാര്‍ത്ത എന്ന ഉല്‍പ്പന്നം

ജനാധിപത്യത്തിന്റെ "നാലാം എസ്റ്റേറ്റ്‌ " എന്നും മറ്റും മാധ്യമ പ്രവര്‍ത്തനത്തെ ഉയര്‍ത്തി കാണാന്‍ ശ്രമിക്കുന്ന ലിബറല്‍ ബുജികള്‍ക്കു അംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് - വാര്‍ത്ത, കമ്പോളത്തിലെ ഒരു ഉല്പന്നമാണ് എന്നത് . ഒട്ടേറെ സവിശേഷതകള്‍ ഉള്ള ഒരു ഉത്പാദന പ്രക്രിയയാണ്‌ വാര്‍ത്തയ്ക്കുള്ളത്. വാര്‍ത്തയുടെ നിര്‍മ്മാണ-പ്രസരണ-വിപണന പ്രക്രിയ ഏതാണ്ട് പൂര്‍ണമായും കയ്യടക്കി വെച്ചിരിക്കുന്നത് മനോരമയും മാതൃഭുമിയും മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ പോലുള്ള വമ്പന്‍ മാധ്യമ ശൃംഘലകളാണ്, അല്ലെങ്കില്‍ ഇടത്തരം വാണിജ്യ സംരംഭങ്ങളാണ്. ഈ കമ്പനികളുടെ നിക്ഷിപ്ത താല്പര്യങ്ങളും രാഷ്ട്രീയ ചായ്‌വും ഒക്കെ അങ്ങാടി പാട്ടാണ് പക്ഷെ അതിലെല്ലാം ഉപരി ഇവര്‍ക്കൊരു ഒരു പൊതു സ്വഭാവമുണ്ട്. വാര്‍ത്ത എന്ന ഉല്പന്നത്തിന്റെ നിര്‍മ്മാണ-പ്രസരണ ചെലവ് മിക്കതും നിറവേറ്റുന്നതു പരസ്യങ്ങള്‍ വഴി ഇതര വാണിജ്യ സ്ഥാപനങ്ങളാണ്. കുറച്ച് കൂടെ കണിശമായി പറഞ്ഞാല്‍ ഇരു-വശങ്ങളുള്ള ഒരു കമ്പോളം (two-sided market). ഇതില്‍ മാധ്യമം എന്ന നിര്‍മ്മാണ-പ്രസരണ-വിപണന സംവിധാനത്തിന്റെ ഒരു വശത്തു വായനക്കാര്‍ (ഉപഭോക്താക്കള്‍), മറു വശത്ത് ഇതര വാണിജ്യ സംരംഭങ്ങള്‍ (പരസ്യക്കാര്‍). നോം ചോംസ്കി പറഞ്ഞത് പോലെ, പ്രേക്ഷകരെയും വായനക്കാരെയുമാണ് ഒരര്‍ത്ഥത്തില്‍ ഇവിടെ പരസ്യക്കാര്‍ക്ക് മുന്നില്‍ മാധ്യമങ്ങള്‍ വില്‍ക്കുന്നത്. പൊതു സ്ഥലത്ത് നടക്കുന്ന ഒരു സമ്മേളനം വാര്‍ത്തയാകുമ്പോള്‍ അവിടെ നടക്കുന്നത് ഉപയോഗ മൂല്യം എന്നതിലുപരി ക്രയ-വിക്രയ മൂല്യമുള്ള ഒരു ചരക്കിന്റെ (commodity) നിര്‍മ്മിതിയാണ്. മറ്റൊരു വിധത്തില്‍ അല്പം കൂടി ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, റിപ്പോര്‍ട്ടര്‍ എന്ന ചാനല്‍ "democrazy" പരിപാടി വഴി പ്രേക്ഷകനെ ചുങ്കത്ത് ജുവലറിക്ക് കാഴ്ച വെച്ച്, മിച്ച മൂല്യം കരസ്ഥമാക്കുന്നു.

പാര്‍ട്ടി സമ്മേളന വാര്‍ത്ത എന്ന ചരക്ക്

പക്ഷെ പൊതു മണ്ഡലത്തില്‍ നടക്കുന്ന ഉപയോഗ മൂല്യമുള്ള എല്ലാ കാര്യങ്ങളും "വാര്‍ത്ത" ആകുന്നില്ല. അവിടെ ആണ് മാധ്യമങ്ങളുടെ ആന്തരിക രസതന്ത്രം അല്പം കൂടി ആഴത്തില്‍ മനസ്സിലാക്കേണ്ടത്. മാര്‍ക്സും ഗ്രാംഷിയും അല്തുസ്സരും ചോംസ്കിയും ഒക്കെ ഈ രംഗത്ത്‌ അനവധി സംഭാവനകള്‍ നടത്തിയിട്ടുണ്ട്, അതിലേക്കൊന്നും ആഴത്തില്‍ പോകാന്‍ തുനിയുന്നില്ല [2]. ഉപഭോക്താവിന്റെ അഭിരുചി, താല്പര്യങ്ങള്‍ എന്നിവ പൂര്‍ണമായും നിരാകരിച്ചു മുന്നേറാന്‍ ഒരു കച്ചവടക്കാരനും പറ്റില്ല. അത് കൊണ്ട് തന്നെ ഇടതുപക്ഷ അനുഭാവികളും ജനാധിപത്യ വിശ്വാസികളെയും അടങ്ങുന്ന കേരളത്തിലെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ പ്രത്യക്ഷത്തില്‍ മാനിച്ചു കൊണ്ട്, എന്നാല്‍ തങ്ങളുടെ വാണിജ്യ- വര്‍ഗ്ഗ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്ത ആണ് ഉത്തമം. സി പി എം സമ്മേളനം എന്ന് അച്ചു നിരത്തിയാല്‍ വലതും ഇടതും ഉള്ള ജനം വായിക്കും എന്ന് വ്യക്തമായറിയാം. പക്ഷെ സാമ്രാജ്യത്വം, വിദേശ മൂലധനം, ഉദാരവല്‍ക്കരണം എന്നതൊക്കെ വാര്‍ത്തയാക്കാന്‍ ഏഷ്യാനെറ്റിനും മനോരമയ്ക്കും പറ്റില്ലല്ലോ, അത് കൊണ്ടവര്‍ പാര്‍ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കെന്നും, നൃത്ത ചുവടെന്നും ഒക്കെ പറഞ്ഞു കൌതുകം തോന്നിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നു. മറക്കരുത്, ഇതൊക്കെ ഒരു സെക്കന്റ്‌ അല്ലെങ്കില്‍ ഇഞ്ച് പോലും പരസ്യത്തിനു മുറിവേല്‍പ്പിക്കാതെ വേണം! വാര്‍ത്ത എന്തോ ആകട്ടെ, സ്പോന്‍സര്‍ ചെയ്യുന്നത് ചുങ്കത്ത് ജുവലറി ആണേ മറക്കരുത്!

വാര്‍ത്ത എന്തോ ആകട്ടെ, സ്പോന്‍സര്‍ ചെയ്യുന്നത് ചുങ്കത്ത് ജുവലറി ആണേ മറക്കരുത്! വാര്‍ത്ത എന്തോ ആകട്ടെ, സ്പോന്‍സര്‍ ചെയ്യുന്നത് ചുങ്കത് ജുവല്ലെരി ആണേ മറക്കരുത്!

ലിംഗ വിവേചനത്തിന്റെ വിപണി രഹസ്യം

ഇതൊക്കെ ആണെങ്കിലും പി കെ ശ്രീമതി താളം പിടിച്ചത് എങ്ങനെ വിവാദമായി? സംഘികളുടെ സ്വന്തം സുഷമ സ്വരാജ് രാജ് ഘട്ടില്‍ നൃത്തം വെച്ചു ഗാന്ധിയെ അവഹേളിച്ചു എന്ന് പറഞ്ഞു എന്തൊരു ബഹളമായിരുന്നു എന്ന് ഓര്‍ക്കുന്നില്ലേ? ലിംഗപരമായ അനീതി ഉണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്‌. പൊതുസ്ഥലങ്ങളില്‍ സ്ത്രീയുടെ പെരുമാറ്റത്തിന് ഏകപക്ഷീയമായി കല്‍പ്പിച്ചിരിക്കുന്ന പെരുമാറ്റചട്ടം തന്നെയാണ് ഈ വാര്‍ത്തയില്‍ ആരോപ്പിക്കപ്പെടുന്ന അസ്വാഭാവികതക്ക് പ്രധാന കാരണം. എഴുത്തില്‍ മസാല കലര്‍ന്ന ശൈലി വഴിയും, വീഡിയോ ദൃശ്യങ്ങളില്‍ സ്ലോ-മോഷന്‍, കാപ്ഷന്‍, റീപ്ലേ പോലുള്ള വിദ്യകള്‍ ഉപയോഗിച്ചും ആ വാര്‍ത്തയുടെ ഉള്ളടക്കം അസ്വഭാവികവല്‍ക്കരിക്കപ്പെടുന്നു. ഈ ലിംഗ വിവേചനത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വശം കൂടി മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന പരസ്യ സ്രോതസ്സാണ് സ്വര്‍ണ്ണം, ആഡംബര വസ്തുക്കള്‍ എന്നിവ. അവയുടെ വിപണനത്തിനു അനുയോജ്യമായ ഒരു സ്ത്രീ സങ്കല്‍പം നിര്‍മ്മിച്ചെടുക്കണം. വീട്ടിലെ സ്വകാര്യ മണ്ഡലത്തില്‍ കൂലിയില്ലാ തൊഴിലും (ക്രയ-വിക്രയ മൂല്യം നന്നേ കുറവായ ഉത്പന്നങ്ങള്‍), തൊഴില്‍ സ്ഥലത്ത് പലപ്പോഴും കൂലി കുറഞ്ഞ തൊഴിലാളിയും - വിശ്രമ/വിനോദ വേളയില്‍ വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു അടങ്ങി നടക്കുന്ന സ്ത്രീയാണ് കേരളത്തില്‍ വിപണിക്കാവശ്യം. സ്ത്രീകള്‍ക്ക് നൃത്തം വെക്കാം, ആടാം പാടാം - സിനിമാറ്റിക് ഡാന്സിലോ റിയാലിറ്റി ഷോയിലോ ആഭരണ പരസ്യത്തിലോ - കച്ചവട മൂല്യം ഉള്ളിടത്തോളം ഒരു കുഴപ്പവുമില്ല. അവിടെ വിപണിയിലെ ശക്തികള്‍ ഒരു കപട "പുരോഗമന" മുഖം മൂടി അണിയുന്നു. ഇത് എല്ലായിപ്പോഴും എല്ലായിടത്തും ഇങ്ങനെ തന്നെ ആവണമെന്നില്ല. ഉദാഹരണത്തിന് ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ ഈ തോതിലുള്ള യാഥാസ്ഥിതികത്വം വിറ്റു പോകില്ല എന്നവര്‍ തിരിച്ചറിയുന്നു. ഇതേ മാധ്യമ ശൃംഖലകള്‍ ശ്രീമതി ടീച്ചറുടെ നൃത്തചുവടുകള്‍ ആ എഡീഷനുകളില്‍ മൂടി വെക്കുന്നു! മറുവശത്ത് സൗദി അറേബിയ പോലുള്ള തികഞ്ഞ യാഥാസ്ഥിതിക സമൂഹങ്ങളില്‍ സാമ്പത്തിക മൂല്യമുള്ള ഇടപാടുകളില്‍ സ്ത്രീ പങ്കെടുക്കുന്നില്ല. സ്ത്രീ നിര്‍വഹിക്കുന്ന ഗാര്‍ഹിക തൊഴില്‍, ക്രയ-വിക്രയ മൂല്യം ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നു. അവിടെയും തന്ത്രം വേറെ - പക്ഷെ ആത്യന്തികമായി മൂലധന താല്പര്യങ്ങള്‍ക്ക് തന്നെ മേല്‍ക്കൈ. പി കെ ശ്രീമതിയുടെ നൃത്തചുവടുകള്‍ അങ്ങനെ ഫ്രണ്ട് പേജ് വാര്‍ത്തയാകുന്നു. അവര്‍ നൃത്തം വെച്ചില്ലായിരുന്നു എങ്കില്‍ മറ്റൊരു "വാര്‍ത്ത" നിർമ്മിക്കപ്പെടും. വി എസിന്റെ അടുത്ത് ഒഴിഞ്ഞ കസേര, കൈയിലെ പേന, എന്നിവയൊക്കെ ഇത് പോലെ അല്ലെ സി പി എം സമ്മേളനങ്ങള്‍ സംബന്ധിച്ച് പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു കാണുന്നത്!

"അപ്പൊ നൃത്തം വെച്ചാല്‍ വിപ്ലവം പെട്ടെന്ന് വരുമോ സഖാവെ?"

മാര്‍ക്സിയന്‍ തത്ത്വവിചാരത്തില്‍ അധിഷ്ടിതമായ ഒരു അന്വേഷണമാണ് നമ്മള്‍ ഇവിടെ നടത്തിയത്. ആകസ്മികമായി ഇവിടെ വീണു കിട്ടിയിരിക്കുന്നത്, നമ്മുടെ വിമോചന സ്വപ്നങ്ങളും അവ കൈവരിക്കാനുള്ള സൈദ്ധാന്തിക-പ്രായോഗിക കാര്യപരിപാടി അരക്കിട്ടുറപ്പിക്കാനുള്ള ഒരു അവസരമാണ്. നമുക്ക് നഷ്ടപ്പെടാന്‍ വിലങ്ങുകള്‍ മാത്രം എന്ന തിരിച്ചറിവാണ് തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിന്റെ ചാലകശക്തി. സമൂഹത്തിലെ ഭൗതിക ശക്തിയെ നിയന്ത്രിക്കുന്ന വര്‍ഗ്ഗത്തിന്റെ ആശയങ്ങളാണ് തത്ത്വശാസ്ത്രത്തിന്റെ മണ്ഡലത്തിലും മേല്‍ക്കൈ നേടുന്നത് എന്ന മാര്‍ക്സിന്റെ നിരീക്ഷണം പ്രസക്തമാണ്‌[3]. 21-ആം നൂറ്റാണ്ടിലെ കേരളത്തിലെ മുതലാളിത്ത-ഫ്യൂഡല്‍ വ്യവസ്ഥയുടെ ഈ ഘട്ടത്തില്‍ ഈ വിലങ്ങുകള്‍ പല രൂപങ്ങളില്‍ ഭാവങ്ങളില്‍ അവതരിക്കുന്നു. പലതരം ഉപാധികള്‍ ഉപയോഗിച്ച് നടത്തുന്ന അടിച്ചമര്‍ത്തല്‍ ബലവും അടിയാളരുടെ സമ്മതവും ഉപയോഗിച്ച് മുന്നേറുന്നു എന്നതാണ് സത്യം. പ്രശസ്ത ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ്‌ അന്തോണിയോ ഗ്രാംഷി പറഞ്ഞത് ശ്രദ്ധേയമാണ്:

Every State is ethical in as much as one of its most important functions is to raise the great mass of the population to a particular cultural and moral level, a level (or type) which corresponds to the needs of the productive forces for development, and hence to the interests of the ruling classes. The school as a positive educative function, and the courts as a repressive and negative educative function, and the courts as a repressive and negative educative function, are the most important State activities in this sense: but in reality, a multitude of other so-called private initiatives and activities tend to the same end—initiatives and activities which form the apparatus of the political and cultural hegemony of the ruling classes[4].

മുഖ്യധാര മാധ്യമങ്ങള്‍ വഴി അടിച്ചേല്‍പ്പിക്കുന്ന ഈ ജീര്‍ണിച്ച മൂല്യബോധത്തിനെതിരെ ശബ്ദം ഉയർന്നേ പറ്റു. അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്നമല്ല, എല്ലാതരം ചൂഷണങ്ങളില്‍ നിന്നുമുള്ള വിമോചനം എന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ പ്രശ്നമാണ്. ഇനിയും പൊതു സമ്മേളനവേദികള്‍ പൊതുയോഗങ്ങള്‍ പ്രകടനങ്ങള്‍ സ്റ്റഡി ക്ലാസുകള്‍ ഇതര കൂട്ടായ്മകള്‍ എന്നിവ അര്‍ത്ഥവത്തായ സംഗീതവും നൃത്തവും മുദ്രാവാക്യങ്ങളും കൊണ്ട് മുഖരിതമാകണം. അങ്ങനെ ചെയ്യുന്നത് വഴി ചരിത്രം സമ്മാനിച്ച ഈ വിലങ്ങുകള്‍ - അവ കാരിരുമ്പിന്റെയോ തങ്കത്തിന്റെയോ ബൂര്‍ഷ്വാ-ഫ്യൂഡല്‍ മൂല്യബോധത്തിന്റെയോ ആകട്ടെ - അണിയാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന് ഒന്നുകൂടെ ഉറക്കെ പ്രഖ്യാപിക്കാം.

അവലംബം

  1. Simon P. Anderson , Jean Jaskold Gabszewicz. 2006. The Media and Advertising: A Tale of Two-Sided Markets. Handbook of Cultural Economics; Edited by. Victor Ginsburgh and David Throsby
  2. Culture, Society and Media Edited by Michael Gurevitch, Tony Bennett, James Curran, and Janet Woollacott. p.
  3. Karl Marx. The German Ideology. 1845. Part I: Feuerbach. Opposition of the Materialist and Idealist Outlook
  4. Antonio Gramsci, Selections from the prison notebooks of Antonio Gramsci. Edited by by Quintin Hoare and Geoffrey Nowell-Smith, 1971. p. 258
Essay, Gender, Kerala, Labour, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

Brilliant article.

Brilliant article.You have clearly exposed the mainstream media who are nothing more than bedfellows of exploiters in our society.

ToI vs Hindu

Rajeev, I think it would be nice to write a sequel to this in the wake of ToI vs Hindu ad-war.

Hmm. Can you elaborate why

Hmm. Can you elaborate why you think so? I dont like spending too much time on media analysis, because a lot of it is a costly diversion from real issues (in my humble opinion). Personally, I find those Hindu ads amusing, at first glance and then nauseating on second thought. The reason why this is a high stakes game is because it's not a fight for readership, rather for advertisers. "Stay ahead" as a tagline itself is interesting. They didn't say "think ahead", "move ahead" or anything such..It is about those who _are_ ahead, staying ahead. Then again, maybe I am reading too much between the lines. The Hindu, in particular, their edit staff deserve my subscription rupees, but if I am a daily wages employee at an assembly line, I am not sure HIndu's circulation dept would want my Rs. They'd rather keep it to an elite crowd to maximize the ad revenue stream.

Ad-fight for advertisers

The point that you made - that is an ad-fight for advertisers ultimately - is what needs to be elaborated. What I had in mind originally was an article which talks about the brand fight between the "new elite" or the "financial elite" readership of ToI and the "old elite" or "social elite" readership of Hindu.