ഇന്റര്‍നെറ്റ് സമത്വത്തിനായി ഒരു ന്യൂ ഇയര്‍ റിസൊല്യുഷന്‍

വര്‍ഷം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രമേ ബാക്കിയുള്ളുവല്ലോ. ശാസ്ത്ര - കലാ - സാഹിത്യ - സാമൂഹ്യ - രാഷ്ട്രീയാങ്കണങ്ങളിലെല്ലാം സംഭവ ബഹുലമായ വത്സരം. വാര്‍ത്താ വിനിമയ - സാങ്കേതിക വികാസ മേഖലകളിലെ ദ്രുത വളര്‍ച്ചയും ഇന്റര്‍നെറ്റ് സേവനങ്ങളുടേയും മൊബൈല്‍ ഡിവൈസുകളുടേയും സാര്‍വത്രികവും ചെലവു കുറഞ്ഞതുമായ ലഭ്യതയും സാമൂഹ്യമാദ്ധ്യമസജീവതയുടെ പാരമ്യതയും ഒക്കെ ചേര്‍ന്നു മനുഷ്യന്‍ സ്മാര്‍ട്ട് ആയി ക്ഷീണിച്ചു തളര്‍ന്ന വര്‍ഷവും കൂടിയാണു പോയ്പ്പോവുന്നത്. ചൈനയ്ക്കു ശേഷം ലോകത്തെ ഇടവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റായി ഇന്ത്യ മാറുകയാണ്. ഗ്രാമ - നഗര ഭേദമില്ലാതെ ടെക് ഉപഭോഗത്തിന്‍റെ തോത് കുതിച്ചുയരുന്നു. സാമൂഹ്യമാധ്യമവികാസം എല്ലാ കാഴ്ചപ്പാടുകളേയും രാഷ്ട്രീയ - സാമൂഹ്യ സ്ഥിതിഗതികളേയും സമ്പദ് വ്യവസ്ഥയുടെ ചലനങ്ങളേയും ഒക്കെ സ്വാധീനിക്കുന്ന നിര്‍ണായക നിലവാരത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നു. ഓണ്‍ലൈനിലെ ചലനങ്ങള്‍ ആണ് ലോകത്തിന്‍റെ ദൈനംദിന നടത്തിപ്പിനെ നിയന്ത്രിക്കുന്നത് എന്നു വരുന്നു. തിരിച്ചും, ഗ്രൌണ്ടിലെ കാലുറപ്പും വിധിയും ഒക്കെ ഇന്‍റര്‍നെറ്റിലും ദൃശ്യ- സാമൂഹ്യ പ്ലാറ്റ് ഫോമുകളില്‍ പ്രതിഫലിക്കുകയും തീര്‍പ്പുകല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ‘നെറ്റ് ന്യൂട്രാലിറ്റി’ എന്ന ആശയം സജീവമായി ഉണര്‍ന്നുയര്‍ന്നു കേട്ട വര്‍ഷമാണ്‌ 2015. നെറ്റ് ഉപഭോഗത്തിന്‍റെ,സാധ്യതകളുടെ, വളര്‍ച്ചയുടെ കയ്യും കണക്കും നിരത്തി ഇന്റര്‍നെറ്റ് സമത്വം എന്ന സംജ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ നിര്‍ണായകമാവുകയാണ്.

നെറ്റ് ന്യൂട്രാലിറ്റി

ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഏജന്‍സികളും (ഭരണകൂടങ്ങളും കൂടി) ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന ഡാറ്റയെ യാതൊരു വിധ വിവേചനവും ഇല്ലാതെ പരിഗണിക്കണം എന്ന തത്വം ആണ് ഇന്റര്‍നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി.

ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഏജന്‍സികളും (ഭരണകൂടങ്ങളും കൂടി) ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന ഡാറ്റയെ യാതൊരു വിധ വിവേചനവും ഇല്ലാതെ പരിഗണിക്കണം എന്ന തത്വം ആണ് ഇന്റര്‍നെറ്റ് സമത്വം അഥവാ നെറ്റ് ന്യൂട്രാലിറ്റി. തിമോത്തി വൂ എന്ന ഒരു അമേരിക്കന്‍ നിയമ വിദഗ്ധന്‍ ആണ് 2003ല്‍ ഈ പരികല്‍പ്പന മുന്നോട്ടു വച്ചത്. ഉപയോക്താവ്,സന്ദര്‍ശിക്കുന്ന വെബ്സൈറ്റ് , അതിന്‍റെ ഉള്ളടക്കം, നിര്‍മിതി, അതു ലഭ്യമാക്കുന്ന സേവനം, വിവരങ്ങള്‍, അറ്റാച്ച്മെന്റുകള്‍, തുടങ്ങി യാതൊരു വിധ വേര്‍തിരിവും ഇല്ലാതെ ഇതിനെല്ലാം നിരപേക്ഷിതമായി വേണം ഇന്റര്‍നെറ്റ് സേവനം നല്‍കുവാന്‍ എന്ന ഈ ആശയപ്രകാരം വെള്ളവും വൈദ്യുതിയും ഗ്യാസും ഒക്കെ നമുക്കു ലഭ്യമായ ശേഷം നമ്മുടെ ആവശ്യങ്ങളും സൌകര്യങ്ങളും അനുസരിച്ചു നമ്മള്‍ ഉപയോഗിക്കുന്നതു പോലെ നെറ്റിനെ ഒരു പബ്ലിക് യൂട്ടിലിറ്റി ആയി കണക്കാക്കുവാന്‍ കഴിയും. ഇന്റര്‍നെറ്റ് ഇന്ന് ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയാത്ത അവശ്യവസ്തുവാണ് എന്നത് സംശയമില്ലാത്ത സംഗതിയും ആണല്ലോ. ഉപയോഗിക്കുന്ന ആളുടെ പൂര്‍ണ സ്വാതന്ത്ര്യം ആണ് നെറ്റ് ന്യൂട്രാലിറ്റി മുന്നോട്ടു വയ്ക്കുന്നത്. വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന്, വിവരങ്ങള്‍ ശേഖരിക്കുന്നതിന്, ആസ്വദിക്കുന്നതിന്, ഒന്നും സേവനദാതാക്കളുടെയോ നിയന്ത്രണസംവിധാനങ്ങളുടെയോ ഇടപെടലുകളോ സമ്മര്‍ദങ്ങളോ പരിധി കല്‍പ്പിക്കുന്നതിനെതിരെയാണ് നെറ്റ് ന്യൂട്രാലിറ്റിയുടെ ശബ്ദം ഉയരുന്നത്.

xdfdfd

ഇന്റർെനറ്റ് ഡോട്ട് ഓർഗ്

സോഷ്യൽ നെറ്റ്‌വർക്ക് കമ്പനിയായ ഫേസ്ബുക്കും സാംസംഗ്, മോട്ടോറോള, മീഡിയാടെക്, ഓപ്പറ , നോക്കിയ തുടങ്ങി ആറോളം കമ്പനികളും ചേർന്നുള്ള ഒരു പുതിയ രീതിയിലുള്ള ഒരു സംയോജിത ഇന്റർനെറ്റ് വ്യവസായ മാതൃകയാണ് internet.org. ഇതു പ്രകാരം അവികസിത, വികസ്വര രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ പരിമിതങ്ങളായ ഇന്റർനെറ്റ് സേവനം ലഭ്യമാകും. എന്നാല്‍ ഏതൊക്കെ സേവനങ്ങൾ നൽകണമെന്ന തീരുമാനങ്ങൾ പങ്കാളി കമ്പനികളിൽ നിക്ഷിപ്തമായിരിക്കും. ഈ സംരഭത്തില്‍ ഇന്ത്യയില്‍ റിലയന്‍സ് ആണ് ഫേസ്ബുക്കിന്റെ പങ്കാളി. 2013 ഓഗസ്റ്റോടെ ഇന്റര്‍നെറ്റ് സേവനം സകലര്‍ക്കും പ്രാപ്യമാക്കുക എന്ന പ്രഘോഷണത്തോടെ ആരംഭിച്ച പദ്ധതി ആണിത്. വെബ് ലോകത്തെ മുന്‍നിര ലാഭം കൊയ്യല്‍ ഭീമന്മാരില്‍ ഒരാളായ ഫേസ്ബുക്ക് അതിന്‍റെ ആക്കം കൂട്ടുവാനും ഈ രംഗത്തെ കൂടുതല്‍ നിയന്ത്രണങ്ങള്‍ തങ്ങളുടെ കൈപ്പിടിയിലാക്കി ആശാന്മാരാവാനും അവരുടെ കമ്പനി വളര്‍ച്ചാ ടൈം ലൈനില്‍ രൂപം നല്‍കിയിട്ടുള്ള ഒരു ബിസിനസ്സ് സംരഭം മാത്രമാണത്. കൂടുതല്‍ ഫേസ്ബുക്ക് യൂസര്‍മ്മാര്‍ - കൂടുതല്‍ ലാഭം ! എല്ലാ മോണോപ്പൊളി കമ്പനികളെയും പോലെ സകല ഉപഭോക്താവിന്റെയും കീശയുടെ പാതാളം വരെ കയ്യിട്ടു വാരി വളരാനുള്ള ടാക്ടിക്സ്.

ഏറ്റവും പ്രധാനപ്പെട്ട സംഗതി മുകളില്‍ സൂചിപ്പിച്ച ഇന്റര്‍നെറ്റ് സമത്വപരികല്‍പ്പനകള്‍ക്ക് മുഴുവന്‍ എതിരാണ് ഫേസ്ബുക്ക് കൊണ്ടു വന്ന ഈ പദ്ധതി എന്നതാണ്. ഫ്രീ ഇന്റര്‍നെറ്റ് …. ഫ്രീ ഇന്റര്‍നെറ്റ് എന്നു വാചകമടിക്കു കുറവൊന്നുമില്ലെങ്കിലും പ്രധാനമായും ഫേസ്ബുക്കിന്റെയും അതിന്‍റെ പാര്‍ട്ണര്‍മാരുടെയും സേവനങ്ങള്‍ ആവും ഇതു വഴി ലഭ്യമാക്കുക. അതിനവര്‍ക്ക് അവരുടെ സൌകര്യവും ആര്‍ത്തിയും അനുസരിച്ച് നിയന്ത്രണങ്ങളും ചാര്‍ജും ഏര്‍പ്പെടുത്താം. വാട്ടര്‍ അതോറിട്ടി പൈപ്പു വഴി വെള്ളം തരുന്നു. അതു കുടിക്കണോ കുളിക്കണോ പെഗ്ഗില്‍ ഒഴിക്കണോ എന്നൊക്കെ നമ്മളാണല്ലോ തീരുമാനിക്കുന്നത്. എന്നാല്‍ കുടിക്കാന്‍ എടുക്കുന്ന വെള്ളത്തിന്‌ പ്രത്യേകം ചാര്‍ജ് , കുളിക്കാന്‍ വെള്ളം ഇപ്പോഴില്ല എന്നൊക്കെ അവര്‍ പറയുന്ന സംവിധാനം ആലോചിച്ചു നോക്കൂ. ഇത്തരമൊരു അവസ്ഥയിലേക്ക് നെറ്റ് ഉപഭോക്താവിനെ കൊണ്ടെത്തിയ്ക്കുകയാണ് ഫെയ്സ്ബുക്ക്. ആഗോള ടെക് ബിസിനെസ്സിന്റെ പുതിയ രൂപം. എതിര്‍പ്പുകള്‍ വ്യാപകമായപ്പോള്‍ പ്രതിരോധിക്കുവാന്‍ പല വേലത്തരങ്ങളും ഫേസ്ബുക്ക് ഇറക്കി. മോഹിപ്പിക്കുന്ന ഓഫറുകള്‍ വച്ചു. തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സൈറ്റുകള്‍ ഒക്കെ ലഭ്യമാക്കും , പരസ്യങ്ങള്‍ ഉണ്ടാവില്ല തുടങ്ങിയ നമ്പരുകള്‍ ഇട്ടു. ഒടുവില്‍ കാമ്പയിന്‍ പേരു വരെ മാറ്റി - ലതാകുന്നു “ ഫ്രീ ബേസിക്സ്" അഥവാ പഴയ വീഞ്ഞ് പുത്യേ കുപ്പിയില്‍!

ഫ്രീ ബേസിക്സ്

ഫ്രീ എന്ന കൊതിപ്പിക്കുന്ന പേരിന്‍റെ അകമ്പടിയോടെ 2015 മേയില്‍ ഫേസ്ബുക്ക് മുന്നോട്ടു വച്ച പദ്ധതി അവികസിത രാജ്യങ്ങളിലെ സാധാരണക്കാർക്കും അവശ്യ ഇന്റർനെറ്റ് സൗജന്യമായി നൽകുക, കൂടുതൽ ഇന്റർനെറ്റധിഷ്ഠിത ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആകര്‍ഷകവും പുരോഗമനപരമെന്നു തോന്നിപ്പിക്കുന്നതുമായ ലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. മുന്‍പു സൂചിപ്പിച്ചതുപോലെ ഫേസ്ബുക്ക് + പങ്കാളികള്‍ എന്നിവരുടെ സേവനം ആണ് സൌജന്യം. അല്ലാത്തവയ്ക്കെല്ലാം ഉള്ള ആക്സസ് എങ്ങിനെയെന്ന് അവര്‍ തീരുമാനിക്കും. പെയ്ഡ് ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിക്കുന്നത് റിലയന്‍സ് പോലെയുള്ള പങ്കാളികള്‍ക്ക് ചാകരയാവും. ഡാറ്റാ നിരക്ക് കൂടും. അവര്‍ക്ക് അപ്രമാദിത്വം കൈവരും. കൂടാതെ ഈ ഉപഭോക്താക്കളുടെ മുഴുവന്‍ പ്രധാനപ്പെട്ട സ്വകാര്യ വിവരങ്ങളും മറ്റും സേവന ദാതാക്കള്‍ക്ക് നല്‍കേണ്ടി വരും. അതിന്‍റെ ഭവിഷ്യത്തുകള്‍ പറഞ്ഞറിയിക്കേണ്ട കാര്യവുമില്ല. ഫ്രീ ബേസിക്സിൽ പരസ്യമില്ലെന്നു പറയുന്നെങ്കിലും എല്ലാക്കാലത്തേക്കും അതങ്ങനെ തന്നെ ആയിരിക്കും എന്ന് യാതൊരു ഉറപ്പുമില്ല. (ഫ്രീ ആയി തുടങ്ങിയ യൂട്യൂബ് വീഡിയോകള്‍ ഇപ്പോള്‍ പരസ്യം സ്കിപ്പ് ചെയ്യാതെ കാണാനാവാത്ത അവസ്ഥ ഓര്‍ക്കുക) . ഫ്രീ ബേസിക്സ് സംബന്ധിച്ചുള്ള സകല ഇണ്ടാസുകളും ഫേസ്ബുക്കിന്റെ കയ്യിലാണ്. അതൊരു ഓപ്പണ്‍ പ്ലാറ്റ് ഫോമും അല്ല. എപ്പോഴക്കെ എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്നൊക്കെ അവര്‍ക്കു നിശ്ചയിക്കാം. കാശു കൊടുക്കുകയും വേണം ഭാഗ്യവശാല്‍ കടിക്കുന്ന പട്ടിയെ കിട്ടിയാല്‍ അതിനെ വളര്‍ത്തുകയും വേണ്ടി വന്നേക്കും. സ്വകാര്യ കമ്പനിയായ ഫേസ്ബുക്കിന് ലോകത്തിന്‍റെ മുക്കിലും മൂലയിലും എല്ലാം ഇന്റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിപ്പിച്ചു സാമൂഹ്യ പ്രതിബദ്ധതയും സാങ്കേതിക വിദ്യയുടെ വ്യാപനം വഴി ലോകത്തെ മാറ്റി മറിക്കാനും മുട്ടി നില്‍ക്കുകയായാണെന്നു വരെ നമുക്കു തോന്നിപ്പോവും! ഫേസ്ബുക്ക് തങ്ങളുടെ ഇന്ത്യയിലെ വരുമാനത്തിന്‍റെ മൂന്നിലൊന്ന്, (ഏതാണ്ട് നൂറു കോടി രൂപ) ഫ്രീ ബേസിക്സിന്റെ പ്രചാരണത്തിനും ലോബിയിങ്ങിനും ഒക്കെയായി ഇറക്കി കഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ തട്ടകത്തില്‍ ക്ഷണിച്ചിരുത്തി ഒരുങ്ങി ഇറങ്ങിയിരിക്കുയാണ്.

xdfdfd

അതിനിടെ ഈ വര്‍ഷമാദ്യം ഇന്ത്യന്‍ ടെലികോം മന്ത്രാലയം നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി റിപ്പോര്‍ട്ട് നല്‍കുവാന്‍ DoT Committee on Net Neutrality എന്നപേരില്‍ ഒരു പാനലിനെ നിയമിച്ചിരുന്നു. ഏതാണ്ട് നാല്‍പത്തി അഞ്ചോളം സേവനദാതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി സംവദിച്ചതിനുശേഷം അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഫേസ്ബുക്കിന്റെ ഇന്‍റര്‍നെറ്റ്ഡോട്ട് ഓര്‍ഗ് പദ്ധതി പച്ചയായ നെറ്റ്ന്യൂട്രാലിറ്റി ലംഘനം ആണെന്നു കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ കമ്മറ്റി റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ഫ്രീബേസിക്സ് എന്നു പേരു മാറിയതും. ഒരു അംഗീകൃത സര്‍ക്കാര്‍ കമ്മറ്റി രാജ്യത്തു നിന്നും അടിച്ചോടിക്കണം എന്നു പറഞ്ഞ ഏര്‍പ്പാടിനു കുഴലൂതാന്‍ ആണ് ഈ രാജ്യത്തെ പ്രധാനമന്ത്രി ഫേസ്ബുക്കിന്‍റെ ചെലവില്‍ അവിടെപ്പോയിരുന്നു മോങ്ങിയതെന്നത് വേറെ കാര്യം! ഹെന്തുപറയാന്‍! എന്തായാലും പത്രപ്പരസ്യങ്ങള്‍ , ബില്‍ബോര്‍ഡുകള്‍ , ടിവി സിനിമാ യൂട്യൂബ് പരസ്യങ്ങള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ പേരില്‍ ത്രിവര്‍ണ്ണ പ്രൊഫൈല്‍ പിക്ചര്‍ മാറ്റല്‍ തുടങ്ങി നന്നായി പണമിറക്കിയും തെറ്റിദ്ധാരണാ കാമ്പെയ്ന്‍ (ഫ്രീ എന്നൊക്കെ പറഞ്ഞു ആളെപ്പറ്റിക്കാന്‍ ചെന്നതിനു നെറ്റ് ന്യൂട്രാലിറ്റി നയങ്ങള്‍ നിലവിലുള്ള ബ്രസീലില്‍ നിന്നും മറ്റും ഫേസ്ബുക്കിന് കണക്കിനു കിട്ടികൊണ്ടോടേണ്ടിയും വന്നിട്ടുണ്ട്) വഴിയും ഇന്ത്യയുടെ ഭാവി ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള നയരൂപീകരണം മുഴുവനിപ്പോള്‍ ഫ്രീ ബേസിക്സില്‍ കിടന്നു കറങ്ങുകയാണ്. സാങ്കേതിക സര്‍വാധിപത്യ പ്രവണതകള്‍ ഈ രൂപത്തില്‍ ആളെ പറ്റിക്കാനും നമ്മെ കൊള്ളയടിച്ചു കൊന്നു കൊലവിളിക്കാനും നാമെന്തറിയണം കാണണം കേള്‍ക്കണമെന്നെല്ലാം കുറച്ചു കമ്പനികള്‍ ചേര്‍ന്നു തീരുമാനിക്കുന്ന ഫാസിസ്റ്റ് മോഡ് കടന്നു വരുമ്പോഴും ലതിനെയെല്ലാം ചോദ്യം ചെയ്യുവാനും നിലയ്ക്കു നിര്‍ത്തുവാനുമുള്ള കഴിവ് നമ്മുടെ ജനതയ്ക്കും ഭരണകൂടത്തിനുമുണ്ടോ എന്നതു തെളിഞ്ഞു വരേണ്ട അസുലഭാവസരം കൂടിയാകുന്നു ഈ പുതുവര്‍ഷം!

ട്രായി പോളിസി

ഇന്ത്യയിലെ വാര്‍ത്താവിനിമയ നിയന്ത്രണ ഏജന്‍സിയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) . ടെലിക്കമ്മ്യൂണിക്കേഷൻ മേഖലയിലെ സേവനങ്ങൾക്ക് ഈടാക്കുന്ന തുക നിജപ്പെടുത്താനും, ടെലികോം - ഇന്റര്‍നെറ്റ് കമ്പനികൾ നൽകുന്ന സേവനങ്ങൾ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും അധികാരമുള്ള സ്വതന്ത്ര സംഘടനയാണ് 1997 ല്‍ നിലവിൽ വന്ന ട്രായ്. ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നടത്തിപ്പുകാരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മൊയലാളിമാരെല്ലാം ചേര്‍ന്നു രണ്ടും തുനിഞ്ഞിറങ്ങിയിരിക്കുന്ന സ്ഥിതിയ്ക്ക് കനത്ത പ്രതിരോധം തീര്‍ത്തില്ലയെങ്കില്‍ പണി പാലും വെള്ളത്തിലും വരെ വരുവാനും മതി. ഇന്ത്യയാണ് സ്ഥലം…...

ഫ്രീ ബേസിക്‌സ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നടത്തിപ്പുകാരായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും മൊയലാളിമാരെല്ലാം ചേര്‍ന്നു രണ്ടും തുനിഞ്ഞിറങ്ങിയിരിക്കുന്ന സ്ഥിതിയ്ക്ക് കനത്ത പ്രതിരോധം തീര്‍ത്തില്ലയെങ്കില്‍ പണി പാലും വെള്ളത്തിലും വരെ വരുവാനും മതി. ഇന്ത്യയാണ് സ്ഥലം…...

ഫ്രീ ബേസിക്സ് വിഷയത്തില്‍ ട്രായ് പൊതുജനാഭിപ്രായത്തിനായി ഒരു കണ്‍സള്‍ട്ടേഷന്‍ നടത്തുന്നുണ്ട്. ഈ കണ്‍സള്‍ട്ടേഷന്‍ ജനുവരി ഏഴിന് അവസാനിക്കുകയും ചെയ്യും. ഇതിലേക്ക് ഇന്റര്‍നെറ്റ്ഡോട്ട്ഒര്‍ഗിനു അനുകൂലമായി തങ്ങളുടെ സകല ഉപഭോക്താക്കളെ കൊണ്ടും ഫേസ്ബുക്ക് ട്രായിക്ക് തട്ടിപ്പു മെയില്‍ അയയ്പ്പിക്കുന്നുമുണ്ട്. ഫ്രീ ബേസിക്സ് അപകടത്തില്‍ പെട്ടു നില്‍ക്കുകയാണെന്നും മറ്റുമുള്ള ഒരു ഫോബിയ സൃഷ്ടിച്ചു കൊണ്ടാണ് ഫേസ്ബുക്ക് ആ കാംപയ്ന്‍ മെയില്‍ ആസൂത്രണം ചെയ്തത്. നിങ്ങളില്‍ പലരും ഒരു പക്ഷേ ഇതിനോടകം അതു ചെയ്തിട്ടും ഉണ്ടാകും. ഏതാണ്ട് അഞ്ചര ലക്ഷം മെയിലുകള്‍ ഇതിനോടകം ഈ വകുപ്പില്‍ ഫേസ്ബുക്കിന്റെ കുരുക്കില്‍ കുടുങ്ങിയവരുടെ വകയായി ട്രായിക്ക് പോയിട്ടുണ്ട്. കാശിറക്കി കളി ആയതിനാല്‍ തന്നെ ജയിക്കാന്‍ വേണ്ടിയുള്ള കളികള്‍ തന്നെയാവുമത്.

നമുക്കു ചെയ്യാവുന്നത്

xdfdfd

ട്രായി - ഗവണ്‍മെന്റ് പോളിസികള്‍ എങ്ങിനെ തന്നെ രൂപപ്പെട്ടു വന്നാലും ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത സംബന്ധിച്ചും നെറ്റ് യൂസേജില്‍ ഭാവിയില്‍ നടക്കാനിരിക്കുന്ന വമ്പന്‍ കൊള്ളയടിയ്ക്കും അപ്രമാദിത്വത്തിനും എതിരെ ശക്തമായ പൊതുജനാഭിപ്രായം രേഖപ്പെടുത്തുക തന്നെ വേണം. സി പി ഐ എം പോലെയുള്ള അപൂര്‍വ്വം രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമാണ് ഈ വിഷയത്തില്‍ ശക്തമായ നിലപാടുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍പ് നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ ഏതാണ്ട് പത്തുലക്ഷത്തില്‍ അധികം മെയിലുകള്‍ അയച്ചു പ്രതിരോധം തീര്‍ക്കുവാനും ശബ്ദമുയര്ത്തുവാനും നമുക്കു സാധിച്ചിട്ടുമുണ്ട്. ഇതിനായി സേവ് ഇന്റര്‍നെറ്റ് എന്ന കാമ്പയിന്‍ രൂപീകരിച്ചിട്ടുണ്ട്. മെയിലിന്‍റെ കണ്ടന്‍റ് എന്താണ് എന്നതിനേക്കാള്‍ എണ്ണങ്ങള്‍ കൊണ്ടുള്ള കളികളാണ് ഫേസ്ബുക്കിന് പഥ്യം. സോ ലവന്‍ അഞ്ചര ലക്ഷം പ്ലസ് എന്ന നമ്പരില്‍ നില്‍ക്കുകയാണ്! എന്നിരുന്നാല്‍ തന്നെയും ഇന്നിതു വരേയും ഇന്നലെയുമായി മാത്രം അയയ്ക്കപ്പെട്ട അന്‍പതിനായിരത്തില്‍ പരം ഈ മെയിലുകള്‍ ഉള്‍പ്പെടെ ഏതാണ്ട് മൂന്നു ലക്ഷം സന്ദേശങ്ങള്‍ നെറ്റ് ഉപയോഗത്തിന് വിവേചനത്തോടെയുള്ള താരിഫ് നടപ്പിലാക്കുന്നതിന് എതിരെ ട്രായിയിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞു. സമയം അവസാനിക്കുന്നതിനു മുന്‍പ് അതു പരമാവധി എണ്ണം അയയ്ക്കേണ്ടതും ഉണ്ട്. പ്രതിരോധം കരുത്തു നേടിയതോടെ ഫ്രീബേസിക്സ് പ്രചാരത്തിനും ലോബിയിങ്ങിനും ഒക്കെയായി ഫേസ്ബുക്ക് കൂടുതല്‍ പണം ചെലവഴിക്കാനുള്ള തീരുമാനത്തിലുമാണെന്നാണ് അറിയാനായത്. ഏതാനും മിനിട്ടുകള്‍ മാത്രമെടുത്ത് നമുക്കീ പ്രതിരോധത്തില്‍ പങ്കു ചേരാം.

  1. http://savetheinternet.in ല്‍ ചെല്ലുക
  2. Respond to TRAI now എന്ന ബോക്സില്‍ ക്ലിക്കുക - റെഡിമൈഡ് മറുപടി പ്രത്യക്ഷപ്പെടും.
  3. കമ്പ്യൂട്ടറില്‍ നിന്നാണെങ്കില്‍ വരുന്ന മറുപടി നിങ്ങളുടെ ഇമെയിലേയ്ക്ക് To CC അഡ്രസ്സുകള്‍ സഹിതം കോപ്പി പേസ്റ്റ് ചെയ്യുക (Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണില്‍ ക്ലിക്കിയാല്‍ To CC Subject ഒക്കെ തന്നെ പുതിയ മെയില്‍ വിന്‍ഡോയില്‍ തുറന്നുവരും. മെസ്സേജ് മാത്രം കോപ്പി പേസ്റ്റു ചെയ്‌താല്‍ മതി) .
  4. മൊബൈലില്‍ നിന്നാണെങ്കില്‍ ഇതു നിങ്ങളുടെ ഇമെയില്‍ ആപ്പില്‍ തന്നെ തുറന്നു വരും . കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല.
  5. മെസ്സേജ് നിങ്ങള്‍ക്കു വായിച്ചു നോക്കാം. കൂട്ടിച്ചേര്‍ക്കാം/തിരുത്താം
  6. സെന്‍ഡുക. ഇത്രേയുള്ളൂ

ടി വകുപ്പില്‍ എത്ര മെയിലുകള്‍ പോയി എന്ന് ഓരോ അര മണിക്കൂറിലും ബുള്ളറ്റിന്‍ ബാബു എന്ന ട്വിട്ടര്‍ അക്കൌണ്ടില്‍ നിന്നും അറിയാം. യൂസര്‍ v/s ഫേസ്ബുക്ക് അല്ലെങ്കില്‍ ഫ്രീ ബേസിക്സ് എന്നതിനേക്കാള്‍ യൂസര്‍ v/s ട്രായ് പോളിസി എന്ന ലൈനിലേക്ക് കാര്യങ്ങള്‍ മാറിയേ പറ്റൂ എന്ന ഒരു സൈഡ് ലൈനും ഇവിടെയുണ്ട്. ദേശീയത അളമുട്ടിയൊഴുകി നില്‍ക്കുന്ന നാഷണലിസ്റ്റുകള്‍, ആന്‍റി ക്യാപ്പിറ്റലിസ്റ്റ് - വര്‍ക്കിംഗ് - നോണ്‍ വര്‍ക്കിംഗ് ക്ലാസ്, സെന്‍റര്‍ ലെഫ്റ്റ് - ലെഫ്റ്റ് - ലെഫ്റ്റ് ലിബറല്‍ -- എക്സ്ട്രീം ലെഫ്റ്റുകള്‍, സാമ്രാജ്യത്വ വിരുദ്ധര്‍, അമാനവ സഹോദരങ്ങള്‍, ഇതിലൊന്നും പെടാത്ത സാദാ ബനാനാ റിപ്പബ്ലിക്കന്‍സ്, മിഡിലീസ്റ്റ് ഇന്ത്യന്‍സ്, യൂറോപ്പു യൂയെസ് നോണ്‍ റസിഡന്റ് ദേശീസ്, സെല്‍ഫി ഫ്രീക്കുകള്‍, അവനവന്‍ പ്രകാശന ബ്ലോഗ്ഗേഴ്സ് തുടങ്ങി ജാതി - മത - ദേശ - വര്‍ണ - ലിംഗ - രാഷ്ട്രീയ - തൊഴില്‍ ഭേദമന്യെ സകലമാന മനുഷ്യര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗികളായ എല്ലോര്‍ക്കുമെല്ലോര്‍ക്കും ഒരുമിച്ചൊന്നായി കൈകോര്‍ത്തുപിടിച്ച് പ്രതിഷേധിക്കാനുള്ള സുവര്‍ണാവസരം എന്ന നിലയ്ക്കും കൂടി ഈ കാമ്പൈന്‍ ജോറായി വരേണ്ടതാണ്. 2016 പടിവാതില്‍ക്കല്‍ നില്‍ക്കെ എഴുതി പട്ടികപ്പെടുത്തിയ ന്യൂ ഇയര്‍ റിസൊല്യൂഷനുകളില്‍ ഏറ്റവുമാദ്യം ചെയ്യുവാന്‍ ഏറ്റവും ഉചിതവും ലളിതവുമായ ഒന്ന്! നെറ്റ് ന്യൂട്രാലിറ്റിയ്ക്കു വേണ്ടി, ഫ്രീ ബേസിക്സിനെതിരെ ട്രായിക്ക് ഒരു മെയില്‍ !

ഏവര്‍ക്കും ബോധിയുടെ ഹൃദയംഗമമായ പുതുവത്സരാശംസകള്‍

വി എസ്