പടിവാതിക്കൽ: പ്രണയത്തിന്റെയും മരണത്തിന്റെയും അദൃശ്യ ബാന്ധവം

“വലയിൽ കുടുങ്ങിയ മത്സ്യത്തെ വെള്ളത്തിൽ തന്നെ കുറെ നേരം സൂക്ഷിക്കുന്ന ഒരു മുക്കുവനെ പോലെയാണ് മരണം. മത്സ്യം നീന്തീകൊണ്ടിരിക്കും, പക്ഷേ അത് കുടുങ്ങി കഴിഞ്ഞതാണ്. മുക്കുവന് തനിക്കിഷ്ടമുള്ളപ്പോള്‍ അതിനെ വലിച്ചു കരയ്ക്കിടും.” - പടിവാതിക്കൽ (ഐ എസ് തുര്‍ഗേനെവ്)
ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഏതെന്ന തിരഞ്ഞെടുപ്പ് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായിരിക്കണം. എന്തെന്നാൽ എറ്റവും പ്രിയപ്പെട്ട പുസ്തകത്തെയാണ് നാം തിരഞ്ഞെടുക്കുന്നത്, ദര്‍ശനത്തെയല്ല. എറ്റവും പ്രിയപ്പെട്ട ദര്‍ശനം ഏതെന്ന തിരഞ്ഞെടുപ്പും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന് തന്നെ ആയിരിക്കണം. എന്തെന്നാൽ ഏറ്റവും പ്രിയപ്പെട്ട ദര്‍ശനത്തെയാണ് നാം തിരഞ്ഞെടുക്കുന്നത്, മുന്‍ നിശ്ചയങ്ങളൊന്നുമേശാതെ വന്നലയ്ക്കുന്ന ജീവിതാവസ്ഥകളെയല്ല. സങ്കീര്‍ണ്ണമായ ഈ ലാളിത്യം നമ്മെയെല്ലാം ഭരിക്കുന്നു. 'പടിവാതിക്കൽ' ഏറ്റവും പ്രിയപ്പെട്ട പുസ്തകമെന്ന് പറയുന്നതിനായി ആലോചനയുടെ ഒരംശം പോലും വേണ്ടിവരുന്നില്ലെന്നത് ആഹ്ളാദം നൽകുന്ന ഒരു കാര്യമായി മാറുന്നു. പഴയ ശൈലിയിൽ ഞാന്‍ ഇങ്ങനെയാണ് പറയേണ്ടത്: ഐ എസ് തുര്‍ഗേനെവ് എഴുതി എഫ് ഡി കൊന്സ്തന്തീനൊവ് സംവിധാനം ചെയ്ത്, ഓമനയുടെ മനോഹരമായ വിവര്‍ത്തനത്തോടെ പ്രോഗ്രസ് പബ്ലിഷേസ് 1981ൽ സോവിയറ്റ് യൂണിയനിൽ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തിയ, പടിവാതിക്കൽ, രണ്ടായിരാമാണ്ടിന്റെ അവസാന പകുതിയിൽ, മടപ്പള്ളി ഗവണ്മെന്റ് കോളേജിന്റെ പഴകിയ ചില്ല് ജനാലകള്‍ തള്ളി തുറന്ന് പ്രേമവും പിശറും അസ്പഷ്ടമായ വിഷാദവുമായി പടിഞ്ഞാറന്‍ കാറ്റിനൊപ്പം മുന്നറിയിപ്പുകളൊന്നുമില്ലാതെ വന്ന് ചേര്‍ന്നു. വായിച്ചിട്ട് ആര്‍ക്കും ഇഷ്ടപ്പെടാത്ത ഒരു പുസ്തകം എന്നൊക്കെപ്പറഞ്ഞ്, എന്നാൽ തനിക്കതിഷ്ടമായി എന്ന കാര്യം സൂചിപ്പിക്കാതെ ഒരു സുഹൃത്ത് ആ പുസ്തകം തരികയാണുണ്ടായത്. കടും ചട്ടയ്ക്ക് മേൽ, വെള്ളയും ഇരുണ്ട നീലയും ഡിസൈനിൽ പുറം കവറുമായി, ഒരു സോവിയറ്റ് പുസ്തകം.
1853ലെ ചൂടുള്ള ഒരു ഗ്രീഷ്മ ദിനത്തിൽ കൂന്സെവോയ്ക്കടുത്ത് മസ്ക്വാ നദിയുടെ തീരത്ത്, പൊക്കമുള്ള ഒരു ലൈം മരത്തിന്റെ തണലിൽ രണ്ട് യുവാക്കള്‍ വിശ്രമിക്കുകയായിരുന്നു. ഇരുണ്ട നിറവും, നല്ല ഉയരവും ഉദ്ദേശം ഇരുപത്തിമൂന്ന് വയസ്സ് പ്രായവും ഉണ്ട് ഒരാള്‍ക്ക്. അറ്റം കൂര്‍ത്ത് വളഞ്ഞ മൂക്കും ഉയര്‍ന്ന നെറ്റിത്തടവുമുള്ള ആ യുവാവ്, ചെറിയ ചാരക്കണ്ണുകള്‍ അൽപം ഇറുക്കിപ്പിടിച്ച് നേരിയ ഒരു പുഞ്ചിരിയുമായി വിദൂരതയിലേക്ക് ഉറ്റ് നോക്കിക്കൊണ്ട് ചിന്താധീനനായി മലര്‍ന്നു കിടക്കുകയായിരുന്നു. സ്വര്‍ണ്ണനിറമുള്ള ചുരുണ്ട മുടിയുടെ ഉടമസ്ഥനായ അപരന്, ശിരസ്സ് കൈപ്പടം കൊണ്ട് താങ്ങി കമിഴ്ന്ന് കിടന്നു. അയാളും ദൂരെയെവിടെയോ നോക്കിക്കൊണ്ടാണ് കിടന്നിരുന്നത്. അയാള്‍ക്ക് കൂട്ടുകാരനേക്കാള്‍ മൂന്ന് വയസ്സ് കൂടും. ആദ്യത്തേയാള്‍ അന്ദ്രയ് പെത്രാവിച്ച് ബെര്സേനെവ്. സ്വര്‍ണ്ണ മുടിക്കാരനായ അയാളുടെ കൂട്ടുകാരന്റെ പേര്, പാവെൽ യാക്കോവ്ലെവിച്ച് ഷൂബിന്‍. ശരി,പുസ്തകം വായനക്കാരുടെ ജീവിതവുമായി ഇണങ്ങുന്നത് വിചിത്രമായ തലങ്ങളിലാണ്. ഞങ്ങളുടെ കാര്യം തന്നെ നോക്കുക, രണ്ടായിരമാണ്ട് ഓജസ്സുള്ള കൗമാരം എന്നൊക്കെ പറയാറുണ്ടെങ്കിലും, തലമുറകളുടെ ആ ഇടനേരത്തിൽ ചൂട് തണിഞ്ഞ കൂട്ടങ്ങളായി ഞങ്ങള്‍ ജീവിച്ച് വരികയായിരുന്നു. ആഗോളീകൃത ഇന്ത്യയുടെ ഒന്നാമത്തെ ദശകം ഞങ്ങള്‍ പിന്നിട്ട് കഴിഞ്ഞിരുന്നു. പിന്നീടാരോ വിശേഷിപ്പിച്ചതുപോലെ എണ്‍പതുകളിൽ ജനിച്ച്, ആഗോളീകൃത സമൂഹത്തിന്റെ സംത്രാസത്തിലേക്ക് ഒരു സാംസ്കാരിക കുടിയേറ്റത്തിന് നിര്ബന്ധിതരായവരിൽപ്പെട്ടവര്. ഈ പശ്ചാത്തലത്തിലെ പുതിയ ശീലങ്ങളുടെതോ, സന്ദേഹങ്ങളുടെതോ ആയ ജഡത്വത്തിൽ നിന്ന് കൊണ്ട് വായിച്ചപ്പോള്‍, പടിവാതിക്കൽ അസ്പഷ്ടമായി ഉള്ളിൽ കലങ്ങിക്കിടന്ന മൂന്ന് കാര്യങ്ങളിൽ പെട്ടെന്ന് വ്യക്തത വരുത്തി. മൂന്ന് കാര്യങ്ങള്‍: ജീവിതത്തിന്റെ യജമാനന്, ഉടലിരമ്പം, പുറമേക്ക് തേട്ടുന്ന വയലന്‍സ്. മൂന്നു കാര്യങ്ങള്‍; അതിങ്ങനെയാണ് വെളിവായത്. ജീവിതത്തിന്റെ യജമാനന് മരണമാണ്, ഉടലിരമ്പം അതിന്റെ കേളികൊട്ടാണ്, വയലന്‍സ് പിന്നത്തെ ജ്വരമൂര്ച്ഛയും.
ഏറ്റവും പ്രിയപ്പെട്ട പുസ്തകം ഏതെന്ന തിരഞ്ഞെടുപ്പ് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നായിരിക്കണം. എന്തെന്നാൽ എറ്റവും പ്രിയപ്പെട്ട പുസ്തകത്തെയാണ് നാം തിരഞ്ഞെടുക്കുന്നത്, ദര്‍ശനത്തെയല്ല. എറ്റവും പ്രിയപ്പെട്ട ദര്‍ശനം ഏതെന്ന തിരഞ്ഞെടുപ്പും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്ന് തന്നെ ആയിരിക്കണം. എന്തെന്നാൽ ഏറ്റവും പ്രിയപ്പെട്ട ദര്‍ശനത്തെയാണ് നാം തിരഞ്ഞെടുക്കുന്നത്, മുന്‍ നിശ്ചയങ്ങളൊന്നുമേശാതെ വന്നലയ്ക്കുന്ന ജീവിതാവസ്ഥകളെയല്ല. സങ്കീര്‍ണ്ണമായ ഈ ലാളിത്യം നമ്മെയെല്ലാം ഭരിക്കുന്നു.
മനുഷ്യര്‍, തലമുറകള്ക്കതീതരായി അല്പപ്രാണികളായി കരിഞ്ഞു തീരുന്ന കാഴ്ചയെക്കുറിച്ച് തന്നെ പുസ്തകം സംസാരിച്ചു. 1850 കളിലെ റഷ്യ, പുസ്തകത്തിൽ അമര്‍ന്ന് തെളിയുന്നു. അഭിജാതവും, അടിമകളുടെ അധ്വാനത്തിന്മേൽ അറിയാതെ തെളിഞ്ഞ് നിറയുന്നതുമായ ഉപരിവര്‍ഗ്ഗ സൗഖ്യത്തിന്റെ ഒരടര്. മാറ്റത്തിന്റെ ഉരുകിയുറവകള് മെല്ലെ പ്രത്യക്ഷപ്പെടുന്നതും നാം കാണുന്നു. കുലീനമായ സ്താഹോവ് ഭവനത്തിൽ, അവരുടെ അരുമയായ ഇരുപത്തിയൊന്നുകാരി, യെലേന നിക്കൊലായെവ്ന, അടച്ച് പൂട്ടിയ ആഭിജാത്യത്തിന്റെ ജനാലകള്‍ തുറന്നിടുന്നു. നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന വേലിക്കപ്പുറം, ആരുമറിയാതെ, അടിയാളരുടെ വേദന നിറഞ്ഞ പാട്ടുകളിലൊന്ന് കളിയായി പഠിപ്പിച്ച്, പിന്നെ, എപ്പോഴോ, ദാരിദ്യ്രത്താൽ ഒരു തൂവൽ പോലെ മരിച്ച് പോവുകയും ചെയ്യുന്ന, അവരുടെ കളികൂട്ടുകാരി. എളുപ്പം പിടി തരാത്ത ഒരു വെളിച്ചം പോലെ യെലേന വളര്‍ന്നു. മറ്റൊരു തരം കുലീനത്വം അവരൊടൊപ്പം വളരുകയും, സ്താഹോവ് ഭവനം അവരിൽ ആന്തരികമായി അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഉപരിവര്ഗ്ഗസൗഖ്യത്തിന്റെ സുരക്ഷിത വലയത്തിനുള്ളിൽ, തന്റെ ഹൃദയത്തിന്റെ ഈ അസാധാരണ പ്രതികാരണങ്ങള്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുമില്ല. അതേ സമയം നിതാന്തമായ കുസൃതിയോടെ നമ്മുടെ ശില്പി, ഷൂബിന്‍ (പാവെൽ യാക്കോവ്ലെവിച്ച് ഷൂബിന്‍) അവരെ ആരാധിക്കുകയും, കോമാളിത്തം നിറഞ്ഞ പ്രകടനങ്ങളിലൂടെ അസ്വാസ്ഥ്യം നിറഞ്ഞ തന്റെ പ്രേമചാപല്യങ്ങളെ മറച്ച് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അയാള്‍ കുസൃതിയിൽ ജിവിക്കുന്നു അയാള്‍ അസ്വാസ്ഥ്യങ്ങളിലും, കോമാളിത്തങ്ങളിലും ജീവിക്കുന്നു. അതേസമയം അയാള്‍ മികച്ച ഒരു ശിൽപകലാ വിദ്യാര്‍ത്ഥിയായി തുടരുകയും സ്താഹോിവ് ഭവനത്തിലെ ചെറുപ്പക്കാരിയും ഉത്തമയുമായ, സോയ നികീതിഷ്നയെ വിറളി പിടിപ്പിച്ച് കൊണ്ട് എപ്പോഴും അവരുടെ പിറകെ കളി പറഞ്ഞ് നടക്കുകയും ചെയ്തു.
റഷ്യന്‍ സ്വാതന്ത്യ്രത്തിന്റെ വികാസരേഖകള് കഥയോടൊപ്പം തെളിഞ്ഞ് വരുന്നതായി നമുക്ക് കാണാം. ഉപദേശീയതകള്‍ കാലങ്ങളായുള്ള അടിച്ചമര്‍ത്തലുകളിൽ നിന്നും, പുന:സംഘടിപ്പിക്കപ്പെടാവുന്ന രീതിയിൽ ആന്തരിക ശക്തി പ്രാപിച്ചു വരുന്നതിന്റെ അടയാളങ്ങള്‍ കഥയെ ആദ്യപകുതിയ്ക്ക് ശേഷം മുന്നോട്ട് നയിക്കുന്നു. അങ്ങേയറ്റം അന്തര്‍മുഖനും എന്നാൽ തന്റെ ദേശവിമോചനമെന്ന ലക്ഷ്യം മൂര്‍ച്ചയുള്ള ഒരു കുന്തമുനപോലെ ഉള്ളിൽ സൂക്ഷിക്കുന്നവനു മായ, സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ ഒരു ബള്‍ഗേറിയന്‍ യുവാവുമായി, വിചിത്രവും അസ്വാഭാവികവുമായ സാഹചര്യങ്ങളെ മറികടന്ന്, അടച്ച് പൂട്ടിയ ആഭിജാത്യത്തിന്റെ ഉള്ളിലേക്കൊതുങ്ങി വളര്ന്നവളായ യെലനാ നിക്കൊലായെവ്ന, അടുക്കുന്നു. ആദ്യ കാഴ്ചയിൽ തന്നെ അസാധാരണവും ഭാരം നിറഞ്ഞതുമായ ഒരു വികാരം അവരെ തമ്മിലടുപ്പിക്കുന്നു. ആന്തരികവിമോചനമെന്ന അജ്ഞേയവും വേദനാജനകവുമായ മാനസികാവസ്ഥ, യെലേനയെ, ബള്‍ഗേറിയന്‍ വിമോചനമെന്ന അപകടകരവും പിന്തിരിയലില്ലാത്തതുമായ ജീവിതരേഖയിൽ മുന്നേറുന്ന ഇന്സറോവിലേക്ക്, ദിമിത്രി നിക്കനോറൊവിച്ച് ഇന്സാറൊവ്, എത്തിക്കുന്നു. ഇന്സാറോവ് തന്റെ പ്രേമത്തെ അപകടകരമായി തിരിച്ചറിയുന്നു അതിനാൽ തന്നെ, അയാള്‍ തന്റെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഒന്ന് കൂടി ഉറയ്ക്കുകയും വൈകാരികമായി ചുരുങ്ങുകയും ചെയ്യുന്നു. എന്നാലോ, നിരന്തരമായ ശ്രമങ്ങള്‍ക്ക് ശേഷവും, വേദനയിലും വിഷാദത്തിലും പുതഞ്ഞ ലാവാപ്രവാഹമായി അയാള്‍ പിന്നേയും പ്രേമത്തെ അറിയുന്നു. യെലേനയോ ജനനം മുതൽ തന്നോടൊപ്പം ഉണ്ടായിരുന്ന അസാധാരണ നിസ്സംഗതയെ അതിന്റെ സ്ഥൂലാര്‍ത്ഥത്തിൽ മനസ്സിലാക്കാന്‍ തുടങ്ങിയതായി തിരിച്ചറിയുന്നു. അത് ആഹ്ളാദകരം തന്നെ. എന്നാൽ അസ്പഷ്ടമായ വേദനകളോടെ മനുഷ്യര്‍ വിമോചനമെന്ന മിഥ്യയെ പിന്തുടരുകയും വിചിത്രമായ സംഘര്‍ഷങ്ങളിലേയ്ക്കും, അവസാനം നിശ്ചയിക്കപ്പെട്ട വിരാമത്തിലേക്കും, എത്തുന്നതിന്റെ മാറ്റമില്ലാത്ത കഥ ഇവിടെയും തുടരുന്നു. "വേര്‍പാടിന്റെ ശബ്ദമുള്ളതെങ്കിലും തണുത്ത ചുംബനങ്ങള്‍ ഇനിയും നമ്മള് കണ്ടുമുട്ടുമെന്നുമുള്ള പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍" എന്നാൽ മരണത്തിഌം വേര്പിരിക്കാനാവില്ലെന്നുള്ള നിശ്ചയദാര്‍ഢ്യം.
മനുഷ്യരുടെ വിഷാദസ്വത്വത്തിന്റെ വെളിച്ചത്തിൽത്തന്നെ നോവലിൽ സാന്നിധ്യമുള്ള ബെര്സേനെവ് (അന്ദ്രയ് പെത്രാവിച്ച് ബെര്സേനെവ്) മോസ്കോ സര്‍വ്വകാലാശാലയിൽ നിന്നും തത്വശാസ്ത്രത്തിൽ ഉന്നത ബിരുദം നേടുകയും, തിരിച്ചെത്തി, ആദ്യത്തെ ചൂടുള്ള ഗ്രീഷ്മദിനത്തിൽ, കുറെ കാലത്തെ അതികഠിനമായ മാനസികാധ്വാനം ലക്ഷ്യപ്രാപ്തി എത്തിയതിന്റെ പതിഞ്ഞ ആനന്ദത്തിൽ, തന്റെ ഹ്രസ്വമായ വിശ്രമദിനങ്ങളിലേക്ക് കടന്നതിന്റെ സൂചനയിലാണ് പടിവാതിക്കൽ തുടങ്ങുന്നത്. അയാള്‍ക്ക് ലക്ഷ്യ പ്രാപ്തി എത്തിയെന്ന ബോധ്യമുണ്ട്. അയാള്‍ പ്രശസ്തവും, ബുദ്ധിമുട്ടേറിയതുമായ സര്‍വ്വകലാശാല ബിരുദം നേടിയിരിക്കുന്നു അയാള്‍ക്ക് ഇരുപത്തിമൂന്ന് വയസ്സ് തികഞ്ഞിട്ടേയുള്ളൂ. ആ ദിവസങ്ങളിലൊന്നിൽ, താന്‍ യെലേനാ നിക്കോലാ യെവ്നയുമായി പ്രണയത്തിലാണെന്നു അയാള്‍ മുറുകിയ ആനന്ദത്തോടെ തിരിച്ചറിയുന്നു. യെലേനയും അയാളും തമ്മിൽ ഉത്തമമായ സൗഹ്യദം നിലനിൽക്കുന്നുണ്ട്. പ്രായത്തിൽ തന്റെ ഇളയവളെങ്കിലും, യെലേനയോട് അയാള്‍ക്ക് ആദരവും ബഹുമാനവുമുണ്ട്. യെലേനയ്ക്ക് അയാളുടെ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും മതിപ്പുണ്ട്. അവര്‍ മണിക്കൂറുകളോളം വൈരസ്യമില്ലാതെ സംസാരിച്ചു നിൽക്കാറുണ്ട്, വിവിധ വിഷയങ്ങളെപ്പറ്റി.
മനുഷ്യര്‍ കൃത്യമായ ഇടങ്ങളിൽ ജീവിതം തുടങ്ങുകയും, സ്പഷ്ടമായ ബോധ്യങ്ങളിൽ ജീവിതം തുടരുകയും ചെയ്യുന്നു. എന്നാൽ ഒരു ചെറിയ ചലനം കാലിഡോസ്കോപ്പിലെ ദൃശ്യ വിന്യാസത്തെ അടിമുടി മാറ്റിമറിക്കുന്നു. പ്രണയം അവരിൽ വിമോചനത്തിന്റെ ആന്ദത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. അസംബന്ധത്തിന്റെ ചെടിപ്പിൽ ആനന്ദത്തിന്റെ വിതപ്പാട്. എന്നാൽ വികാരരഹിതവും നിശ്ചിതവുമായ മരണം, നശ്വരതയെന്ന ശാശ്വത യാഥാര്‍ത്ഥ്യത്തിന്റെ ഇടപെടൽ ഉണ്ടാക്കുന്നു.
ബെര്സേനെവ് ഒരിക്കൽ സര്‍വ്വകലാശാലയിലെ തന്റെ അസാധാരണനായ ഒരു ബള്‍ഗേറിയന്‍ സുഹൃത്തിനെക്കുറിച്ച് യെലേനയോട് സംസാരിക്കുന്നു. തന്റെ ദേശത്തിന്റെ വിമോചനത്തിനായി അയാള്‍ എത്ര മാത്രം സമര്പ്പിതനാണെന്ന് ബെര്സേനെവ് സൂചിപ്പിക്കുന്നു. തന്റെ രക്തക്കുഴലുകള്‍ വികസിച്ചതായി യെലേനക്ക് അഌഭവപ്പെടുന്ന ആ നിമിഷം വിമോചന സങ്കൽപത്തിന്റെ അദൃശ്യപ്രവാഹം അവരിലൂടെ കടന്നു പോകുന്നു. ബെര്സേനെവ് സ്വതേ വിഷാദവാനായ ഒരു ചെറുപ്പക്കാരനാണ്. യെലേനയോടുള്ള തന്റെ അസ്പഷ്ടമായ പ്രണയം അയാള്‍ തിരിച്ചറിയുന്നുണ്ട്, എന്നാൽ അയാള്‍ മനുഷ്യരിലെ യുക്തിയെ പ്രാഥമികമായി അംഗീകരിക്കുന്ന ഒരാളാണ്. അയാള്‍ തന്റെ നിഴലിൽ നിന്നും ഇന്സാറൊവിനെ, പ്രണയത്തിന്റെ വെളിച്ചത്തിലേക്ക് നീക്കി നിര്‍ത്തുന്നു. ആ ബള്ഗേറിയക്കാരന് കടന്ന് വന്നതാണ് എല്ലാം കുഴപ്പത്തിലാക്കിയതെന്ന് ഷൂബിള് ഒരിക്ക ബെര്സേനെവിനോട് പറയുന്നുണ്ട്. തനിക്ക് യേലേനയോട് കടുത്ത പ്രണയമുണ്ടെന്നും, എന്നാൽ യെലേന ബെര്സേനെവിനെയാണ് പ്രണയിക്കുന്നതെന്നും, അതിനാൽ തനിക്ക് കരയാനും, പഴയ വിഷാദ ഗീതങ്ങള്‍ പാടി നടക്കാഌം അവകാശമുണ്ടെന്നും ഷൂബിന്‍ തന്നെ മുൻപൊരിക്കൽ ബെര്സേനെവിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇന്സാറൊവിന്റെ വരവ്, കാര്യങ്ങളെ മാറ്റി മറിച്ചു എന്ന് ഷൂബിന്‍ കരുതുന്നു. തനിക്ക് ഇന്സാറൊവിനെ ഇഷ്ടമല്ല എന്നും ഷൂബിന്‍ സൂചിപ്പിച്ചു. നിഷ്കളങ്കനായ ഒരു ചങ്ങാതിയാണ് ഷൂബിന്‍. ആയാള്‍ ജീവിതത്തിന്റെ ലളിതമായ ആഖ്യാനങ്ങളിലൂടെ നടന്ന് പോവാന്‍ താൽപര്യപ്പെടുന്നു. അയാള്‍ കളിമ്പങ്ങളിൽ അഭിരമിക്കുന്നു, അയാള്‍ പാടുകയും തോന്നുമ്പോഴൊക്കെ കരയുകയും, ചിരിക്കുകയും ചെയ്യുന്നു. ബെര്സേനെവ്, പതിഞ്ഞ കാൽവെപ്പുകളോടെ, ജിവിതത്തിന്റെ വിഷാദഗരിമ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് നീങ്ങുന്നു.
ഇന്സാറൊവ് സ്വയം ഒരു ആദ്യബലിയായി മുന്നോട്ട് പോകുന്നവനാണ്. തന്റെ രക്തം, തന്റെ ചിന്തകള്‍, തന്റെ ജീവിതം; വിമോചനമെന്ന വിദൂര സ്വപ്നത്തിനായി അയാള്‍ സന്ദേഹരഹിതനായി അവ സമര്‍പ്പിക്കുന്നു. അയാള്‍ മറ്റുള്ളവരെ കാത്ത് നിൽക്കുന്നില്ല, അയാളെ പിന്തിരിപ്പിക്കുന്നതിനായി ഒന്നിനും സാധിക്കുന്നില്ല, മരണത്തിനൊഴികെ. യെലേന അയാളുടെ ഹ്യദയത്തിൽ ഒരിടമുണ്ടാക്കി എന്നത് യഥാര്‍ത്ഥത്തിൽ അതിശയകരമാണ്. എന്നാൽ യെലേനക്കല്ലാതെ അത്തരമൊരിടം സ്വന്തമാക്കാനാവില്ലെന്നത് അതിനെ അതിശയകരമല്ലാതാക്കിത്തീര്ക്കുന്നുമുണ്ട്.
മനുഷ്യര്‍ കൃത്യമായ ഇടങ്ങളിൽ ജീവിതം തുടങ്ങുകയും, സ്പഷ്ടമായ ബോധ്യങ്ങളിൽ ജീവിതം തുടരുകയും ചെയ്യുന്നു. എന്നാൽ ഒരു ചെറിയ ചലനം കാലിഡോസ്കോപ്പിലെ ദൃശ്യ വിന്യാസത്തെ അടിമുടി മാറ്റിമറിക്കുന്നു. പ്രണയം അവരിൽ വിമോചനത്തിന്റെ ആന്ദത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. അസംബന്ധത്തിന്റെ ചെടിപ്പിൽ ആനന്ദത്തിന്റെ വിതപ്പാട്. എന്നാൽ വികാരരഹിതവും നിശ്ചിതവുമായ മരണം, നശ്വരതയെന്ന ശാശ്വത യാഥാര്‍ത്ഥ്യത്തിന്റെ ഇടപെടൽ ഉണ്ടാക്കുന്നു. ഇന്സാറൊവ് തന്റെ വിപ്ളവ പ്രവര്‍ത്തനങ്ങള്‍ക്കിടയ്ക്ക് അസുഖബാധിതനായി മരണമടയുകയാണ്. അപ്പോഴേക്കു അയാളോടൊപ്പം പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായിമാറിയിരുന്ന യെലേന, മൃതദേഹവുമായി നിഗൂഢമായ് എങ്ങോ മറയുന്നു. തിരമാലകളുടെയും പേമാരിയുടെയു ഇരുളിന്റെയും പശ്ചാത്തലം; തിരിച്ചു പോക്കില്ലാത്ത വഴിത്തിരിവുകള്‍.
തുര്‍ഗേനെവ് എഴുതുന്നു “അതോ ജിവിതം അതിന്റെ ഹ്രസ്വമായ വിനോദം അവസാനിപ്പിച്ച്, വിളക്കുകള്‍ കെടുത്തി, മരണത്തിന്റെ പിടിയലമര്‍ന്നു കാണുമോ? ചിലപ്പോള്‍ ഞെട്ടിയുണര്‍ന്ന് ഭീതിയോടെ നാം ചോദിക്കും, എനിക്ക് മുപ്പത് അല്ലെങ്കിൽ നാല്പത് അല്ലെങ്കിൽ അന്‍പത് വയസ്സായതെങ്ങിനെ? മരണം ഇത്രവേഗം അടുത്തുവന്നതെങ്ങിനെ? വലയിൽ കുടുങ്ങിയ മത്സ്യത്തെ വെള്ളത്തിൽ തന്നെ കുറെ നേരം സൂക്ഷിക്കുന്ന ഒരു മുക്കുവനെപ്പോലെയാണ് മരണം. മത്സ്യം നീന്തികൊണ്ടിരിക്കും, പക്ഷെ അത് കുടുങ്ങിക്കഴിഞ്ഞതാണ്. മുക്കുവന് അയാള്‍ക്കിഷ്ടമുള്ളപ്പോള്‍ അതിനെ വലിച്ചു കരയ്ക്കിടും.” ആനന്ദത്തിന്റെ ഏതൊരു തുമ്പിച്ചിറകടിയും എത്രമാത്രം ക്ഷണികമാണെന്നുള്ള ഉത്തമബോധ്യം മനുഷ്യനെ എങ്ങിനെയാണ് സ്വാധീനിക്കുക? ഓരോ പുലരിയിലും ആദ്യത്തെ സൂര്യകിരണങ്ങള്‍ക്ക് സ്വാഗതം പറഞ്ഞ്, പിന്നെ കനം കുറഞ്ഞ് നിറഞ്ഞ ഹ്യദയവുമായി ഉറങ്ങാന്‍ പോകും വരെയള്ള സമയം; ചെറിയ തെളിഞ്ഞ സന്ദേഹങ്ങളില്ലാത്ത നീരൊഴുക്കുകളുടെ ഉപമയാണ് മനസ്സിൽ വരുന്നത്.
അശാന്തമായ റഷ്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിൽ തുര്‍ഗേനെവ്, മനുഷ്യരുടെ അന്തിമവിധിയെക്കുറിച്ച് സംസാരിച്ചു. പ്രണയത്തിലൂടെ വിമോചനത്തിന്റെ വാതിൽ തുറക്കാന്‍ ശ്രമിച്ച്, അശാന്തവും നിശ്ചയിക്കപ്പെട്ടതുമായ മരണത്തിലേക്ക് ചെന്ന് ചേരേണ്ടവരുടെ അസംബന്ധ ദിനസരികള്. പ്രണയത്തിന്റെ ഓപ്പിയം; മരണത്തിന്റെ നിതാന്ത ജാഗരം. ശ്രീമതി ഓമനയുടെ വിവര്‍ത്തനം, കഥയിൽ പതിഞ്ഞടങ്ങുന്ന മറ്റൊരു കഥപോലെ തിളങ്ങുന്നു. മലയാളത്തിൽ അടുത്തിടെ വന്ന മറ്റൊരു വിവര്‍ത്തനം (ലിപി പപ്ലിക്കേഷന്സ്, കോഴിക്കോട്) പ്രാഗ്രസ്സ് പബ്ലിക്കേഷന്‍സിന്റെ ‘പടിവാതിക്കൽ ’ പോലെ സ്വാഭാവികമായി തോന്നുന്നേയില്ല. അത് സാങ്കേതികബദ്ധവും വിരസവുമായ മറ്റെന്തോ ആണ്. അതിൽ ഒരു അപരവിന്യാസമാണുള്ളത്. അതിൽ അസ്പഷ്ട വിഷാദം പടരുന്ന റഷ്യ ഇല്ല. അതിൽ, മിന്യനെറ്റ് പൂക്കളുടെ സുഗന്ധവുമില്ല.