ഇടത് വസന്തത്തിലും വിഷപുഷ്പങ്ങള്‍

Siddik Rabiyath June 5, 2016

Image Courtesy: Indian Express


വസന്തം മനോഹരമാണ്. നിറഭേദങ്ങളോടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്, പ്രത്യേകിച്ചും ഇടതു വസന്തം. മെയ് മാസം ഇന്ത്യയില്‍ വസന്തം അവശേഷിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ഇങ്ങു മലയാള ഭൂമിയില്‍ തുലാവര്‍ഷ അകമ്പടിയോടെ പുതുജീവന്‍ വയ്ക്കുകയാണ്. അതിന്റെ വിത്തുകള്‍ മെയ് പതിനാറിന് മലയാളക്കരയിലുള്ളവര്‍ വിതക്കുകയും മെയ് പത്തൊന്‍പതിന് വിരിയുകയും ചെയ്തു. നൂറ്റിനാൽപ്പത് ഇനം പൂക്കളാണ് കേരളത്തില്‍ പരമാവധി വിരിയാനുള്ളത്. അതില്‍ 91 എണ്ണവും ചുവന്ന നിറത്തിലാണ് ഇക്കുറി വിരിഞ്ഞത്. ഇതിനാലാണ് ഈ വസന്തം ചുവന്ന വസന്തം എന്ന് വിശേഷിപ്പിക്കുന്നത്. സിപിഎം എന്ന കേരളത്തിലെ രക്തപുഷ്പമാണ് ഈ വസന്തം കീപ്പെടുത്തിയിരിക്കുന്നത് (58/140). ചുവപ്പുവസന്തത്തിലെ മറ്റൊരു ഇനം സിപിഐ ആണ് (19). സിപിഎം എന്ന പുഷ്പവര്‍ഗ്ഗത്തിലെ സ്വതന്ത്ര ഗുണമുള്ള അഞ്ച് പൂക്കളും ഈ വസന്തത്തിലെ വിശേഷമാണ്. കൂടാതെ മതേതര മൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജനതാദള്‍ മൂന്നും എന്‍സിപി രണ്ടും വംശനാശ ഭീഷണി നേരിടുന്ന നാല് ഇനത്തില്‍ നിന്നും ഓരോന്നും ഈ ചുവപ്പ് വസന്തന്തിന്റെ ഭാഗഭാക്കായി. കോലീബി വസന്തത്തില്‍ പ്പെട്ട പൂക്കളില്‍ ത്രിവര്‍ണ്ണന് 22 ഉം പച്ചില പൂവിന് 18 ഉം രണ്ടിലപ്പൂവിന് 6 ഉം ജേകബിയനും, പൂഞ്ഞാര്‍ പൂവും ഒരെണ്ണം വീതവും വിരിഞ്ഞു. കോലീബികുണ്ടില്‍ ഒരു വിഷതാമരയെ വിരിയിച്ചു എന്നതില്‍ കോലീബി വസന്തത്തിന്റെ ഭാവി ശോഭനമാകുമെന്നാണ് പുഷ്പ വിശാരദന്മാര്‍ അനുമാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് വസന്തത്തെ മണ്ഡലങ്ങള്‍ തിരിച്ച് മനസ്സിലാക്കേണ്ട ആവശ്യകത. അതിലേക്കായി ഈ ലേഖനം വിഷതാമരക്ക് ജന്മം നല്‍കിയ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ വിശകലന വിധേയമാക്കുകയാണ്.

തിരുവനന്തപുരം

പൂക്കളോടുള്ള ജനകീയ വികാരം മനസ്സിലാക്കണമെങ്കില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള വിശകലനം തന്നെ വേണ്ടിവരുമെന്ന് പറഞ്ഞല്ലോ. പൊതുവില്‍ കേരളത്തിലെ വസന്ത പശ്ചാത്തലം ഏതു പുഷ്പവര്‍ഗ്ഗം തിരുവനന്തപുരം നേടുമോ അവര്‍ സംസ്ഥാനം ഒട്ടാകെ തങ്ങളുടെ മേല്‍കൈ നേടും എന്നാണു വെയ്പ്പ് . കാലാവസ്ഥയിലും മണ്ണിന്റെ ഗുണകണങ്ങളിലെ ഏറ്റകുറലുകളുമാണ് ഇതിന് കാരണം. 2016 ല്‍ തിരുവനന്തപുരത്തെ മൊത്തം പതിനാല് സീറ്റില്‍ ഒന്‍പതും എല്‍ഡിഎഫ് കരസ്തമാക്കുമ്പോള്‍ 40 ശതമാനം പേരാണ് എല്‍ഡിഎഫിനെ അനുകൂലിക്കുന്നത്. ഇതേസമയം യുഡിഎഫിന് ലഭിച്ച പിന്തുണ 2016 ല്‍ 34.5 ശതമാനവും എന്‍ഡിഎ ക്ക് ഇത് 22 ശതമാനവുമാണ്. രണ്ടായിരത്തി പതിനൊന്നിലെ കണക്കില്‍ എല്‍ഡിഎഫ്ന് ജില്ലയിലെ ഭൂരിപക്ഷം നഷ്ടമായപ്പോഴും ജനപിന്തുണ യഥാവിധി എല്‍ഡിഎഫ് 44.2 ശതമാനവും, യുഡിഎഫ് 42.79 ശതമാനവും, എന്‍ഡിഎ 10 ശതമാനവുമാണ്. ഈ കണക്ക് സൂചിപ്പിക്കുന്നത് എല്‍ഡിഎഫിനും കുറഞ്ഞതോതിലും യുഡിഎഫിനു വലിയതോതിലും തിരുവനന്തപുരത്ത് ജനപിന്തുണ കുറഞ്ഞു എന്ന വസ്തുതയാണ്. അഥവാ പരമ്പരാഗതമായി ഇടത് വലത് പക്ഷങ്ങളെ അനുകൂലിരുന്നവര്‍ വ്യക്തമായി ബിജെപിയിലേക്ക് കുടിയേറി കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. അത് ആശങ്കജനകവുമാണ്. ബിഡിജെഎസ് എന്ന ജാതി ഈഴവ പാര്‍ടി ഇടത് വലത് കോട്ടകളില്‍ നിര്‍ണ്ണായകമായ വിള്ളല്‍ വരുത്തിയിരിക്കുന്നു എന്നതാണ് ഇതിലെ പ്രസക്തമായ സൂചന. തിരുവനന്തപുരത്തെ ബിജെപിയുടെ എക്കാലത്തെയും പരമാവധി ജനപിന്തുണ പത്ത് ശതമാനമെന്നത് ജാതി ഈഴവ പിന്തുണയോടെ ഇരുപത്തി രണ്ട് ശതമാനം കടക്കുമ്പോള്‍ ജാതീയ-വര്‍ഗ്ഗീയതയുടെ പുതിയ ബന്ധങ്ങളാണ് കേരള രാഷ്ട്രീയത്തില്‍ സ്പഷ്ടമാകുന്നത്. ഇത് തരുന്നകാഴ്ച മതേതര ബന്ധങ്ങള്‍ നിലനില്‍ക്കുമ്പോഴും ജാതി-വര്‍ഗ്ഗീയബന്ധങ്ങള്‍ അതിവേഗം ശക്തിപ്പെടുന്നു എന്നതാണ്. ഇവിടെയാണ്‌ ഇടതുപക്ഷം അതിന്റെ മതേതര മൂല്യത്തിലും കാഴ്ചപ്പാടിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്. ജാതി-മത ഏകീകരണ-ധ്രുവീകരണങ്ങള്‍ ശക്തമാകുമ്പോഴും ഇതില്‍ കീഴ്പ്പെടാതെ സൂക്ഷിക്കണം എന്ന വലിയ വെല്ലുവിളികൂടി ഇടത്പക്ഷത്ത് നിക്ഷിപതമാകുന്നു. അങ്ങനെയും ഒരു വലിയ സമൂഹം കേരളത്തിലെ മറ്റിടങ്ങളിലെന്നപോലെ തിരുവനന്തപുരത്തും ഉണ്ടെന്നത് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ വര്‍ദ്ധിച്ച് വരുന്ന തീവ്ര ജാതി-വര്‍ഗ്ഗീയ എകീകരണങ്ങ ജില്ലയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. മതേതര ബന്ധങ്ങളെ എകീകരിക്കുന്നതില്‍ ഇടത് റോള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ തിരുവനന്തപുരത്തെ രാഷ്ട്രീയ സാഹചര്യത്തെ മതേതര ഇടതുപക്ഷത്തിന് ഒപ്പം നിര്‍ത്താനാകൂ. ഇതിന്റെ വിശദ വിവരങ്ങള്‍ മണ്ഡലാ‍ടിസ്ഥാനത്തില്‍ നമുക്ക് കാണാം.

Map of Legislative Constituencies in Thiruvananthapuram district

വര്‍ക്കല (127)

വര്‍ക്കല മണ്ഡലത്തിന്റെ രാഷ്ട്രീയ പാരമ്പര്യം ഇടതുപക്ഷത്തോടൊപ്പം നിന്നിരുന്നു എന്നതാണ് ചരിത്രം. 1965 ലെ തിരഞ്ഞെടുപ്പില്‍ ഷാഹുല്‍ഹമീദിന്റെ ജയം ഒഴിച്ചാല്‍ കൊണ്ഗ്രസ്സിനു 2001 വരെ ഈ മണ്ഡലത്തില്‍ കാര്യമായ സ്വാധീനം ഉണ്ടെന്ന് പറയാനാകില്ല. ഈ കാലയളവില്‍ ഇടത് പക്ഷത്തിന്റെ വോട്ട് ഷെയര്‍ 50 മുതല്‍ 55 ശതമാനം വരെയാണ്. വ്യക്തമായ ആധിപത്യം തന്നെയാണ് ഈ നിയമസഭ മണ്ഡലത്തില്‍ ഇടത് പക്ഷത്തിന്‍റെത്. വര്‍ക്കല കഹാര്‍ 2001 ല്‍ 48.9 ശതമാനം വോട്ട് നേടിയാണ്‌ മണ്ഡലം പിടിച്ചത്. ഇതേ തേരോട്ടം 2011 വരെ തുടരുകയും, ആതിരഞ്ഞെടുപ്പില്‍ 52.4 ശതമാനം വോട്ടാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2016 തിരഞ്ഞെടുപ്പ് പ്രസക്തമാകുന്നത്. എല്‍ഡിഎഫ് 2011 ല്‍ നേടിയതില്‍നിന്നും ഒരുശതമാനം വോട്ടിന്റെ കുറവോടുകൂടി 41.58 ശതമാനം വോട്ട് നേടിയാണ് മണ്ഡലം തിരിച്ച് പിടിക്കുന്നത്. എന്നാല്‍ 52.4 ശതമാനം വോട്ടില്‍ നിന്നും യുഡിഎഫ് നിലം പതിച്ചിരിക്കുന്നത് 39.7 ശതമാനം വോട്ടിലേക്കാണ്. നേരെമറിച്ച് ബിജെപി 2011 ല്‍ നേടിയ 3.1 ശതമാനം വോട്ട് എന്‍ഡിഎ യുടെ ബിഡിജെഎസ് 15.56 ശതമാനമായി ഉയര്‍ത്തിയിരിക്കുന്നു. വ്യക്തമായും ജാതി ഹിന്ദു വോട്ട് ഇരുമുന്നണികളില്‍ നിന്നും നഷ്ട്ടമായിരിക്കുന്നു. പ്രത്യേകിച്ചും യുഡിഎഫില്‍ നിന്നും.

ആറ്റിങ്ങല്‍ (128)

വക്കം പുരുഷോത്തമന്റെ മണ്ഡലം എന്ന് അറിയപ്പെട്ടിരുന്ന ആറ്റിങ്ങല്‍ പിടിടുക്കുന്നത് 1987 ല്‍ ആനത്തലവട്ടം ആനന്ദനാണ്. അതിഷം ഇടത് പക്ഷം അധികാരത്തില്‍ വന്നപ്പോഴെല്ലാം ഈ മണ്ഡലം ഇടത് മണ്ഡലമായി തുടര്‍ന്നു. അത് 2011 ല്‍ പട്ടികജാതി സംവരണ മണ്ഡലമായപ്പോഴും ഇടതുപ ക്ഷത്തെ നെഞ്ചോട്‌ ചേര്‍ത്തു. 55 ശതമാനം വോട്ട് നേടിയാണ്‌ അഡ്വ: സത്യന്‍ ജയിച്ചത്‌ 2016 ല്‍ അത് രണ്ട് ശതമാനം കുറഞ്ഞ് 53 ശതമാനമായി. എന്നാല്‍ കോണ്‍ഗ്രസ്സിന് 2011 ല്‍ 30 ശതമാനത്തോളം ഉള്ള വോട്ട് ഇപ്പോള്‍ 23.58 ആയി ചുരിങ്ങിയിരിക്കുന്നു. പാരമ്പര്യമായി എല്‍ഡിഎഫ് – യുഡിഎഫ് നേടിയിരുന്ന വോട്ടിന്റെ പത്തിലധികം ശതമാനം ചേര്‍ത്തു 20 ശതമാനമാണ് ബിജെപിയിലേക്ക് ഈ തിരഞ്ഞെടുപ്പില്‍ മാറിയിരിക്കുന്നത്. ഇതാണ് ആറ്റിങ്ങല്‍ നല്‍കുന്ന ചിത്രം.

ചിറയിന്‍കീഴ് (129)

പഴയ കിളിമാനൂര്‍ മണ്ഡലത്തെയാണ് പുനക്രമീകരണത്തിന് ശേഷം ചിറയിന്‍കീഴ് ആക്കിയത്. 1977 മുതല്‍ സിപിഐ യുടെ മണ്ഡലമാണ് കിളിമാനൂര്‍. ചിറയിന്‍കീഴ് പട്ടികജാതി സംവരണ മണ്ഡലമാക്കിയത്തിനു ശേഷവും സിപിഐ യുടെ വി ശശി 2011 ലും 2016 ലും വിജയിച്ചു. പോചെയ്ത 52.9 ശതമാനവും 2011 ല്‍ എല്‍ഡിഎഫ് കരസ്ഥമാക്കിയപ്പോള്‍ 2016 ല്‍ അത് 46.9 ആയി ചുങ്ങി. ഇതേ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് 42.07 ശതമാനത്തില്‍ നിന്നും 36.5 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. എന്നാല്‍ ഈ ഇടത് കോട്ടയില്‍ പോലും 2011 ല്‍ മത്സരിക്കാനാളില്ലാത്ത തരത്തില്‍ നിന്നും തങ്ങളുടെ കന്നി മത്സരത്തില്‍ 14.14 ശതമാനം വോട്ട് നേടിയത് കൂടുതല്‍ ഗൗരവതരമായി എടുക്കേണ്ടതുണ്ട്.

നെടുമങ്ങാട്‌ (130)

ഇടതിനും വലതിനും ഒരുപോലെ പ്രാധിനിത്യമുള്ള മണ്ഡലമാണ് നെടുമങ്ങാട്. കൂടുതല്‍ തവണയും എല്‍ഡിഎഫ് മണ്ഡലം നേടിയിട്ടുണ്ടെങ്കിലും 1987 മുതല്‍ കോണ്ഗ്രസ് സ്ഥാനാര്‍ഥിയായി പാലോട് രവിയാണ് മത്സരരംഗത്ത്. സിറ്റിംഗ് എം എല്‍ എ കൂടിയായ രവിയെ സി ദിവാകരന്‍ തോല്പിച്ചാണ് മണ്ഡലം പിടിച്ചത്. ഇന്നണികളുടെയും തുല്യമായ വോട്ടിങ്ങ് ശതമാനം പലപ്പോഴും തലനാരിഴ വിജയമാണ് നെടുമങ്ങാട് നല്‍കിയിരുന്നത്. ഇവിടെ ഒരു ശക്തിയായി ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വളര്‍ന്നിരിക്കുന്നു. അതായത് 2011 ല്‍ 4.78 ശതമാനം വോട്ട് മാത്രം ലഭിച്ചിരുന്ന കക്ഷിക്ക് ഇപ്പോള്‍ 2016 ല്‍ 23.42 ശതമാനമായത് വര്‍ദ്ധിച്ചിരിക്കുന്നു. ഈ വര്‍ധനവ്‌ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത് യുഡിഎഫില്‍ 12 ശതമാനം ആകുമ്പോള്‍ ഇടത് പക്ഷത്തിനും മാറിയ സാഹചര്യത്തില്‍ 5 ശതമാനം വോട്ട് നഷ്ട്ടപ്പെട്ടിരിക്കുന്നു എന്നതും പ്രസക്തമാണ്. ജാതിവോട്ടുകള്‍ വലതുപക്ഷത്തില്‍ നിന്നും വന്‍തോതിലും ഇടത് പക്ഷത്ത് നിന്നും ചെറിയ തോതിലും നഷ്ടമായിട്ടുണ്ട് എന്നത് കൂടുതല്‍ ജാഗ്രത നിറഞ്ഞ പ്രവര്‍ത്തനം ഇവിടെ ആവശ്യപ്പെടുന്നുണ്ട്.

വാമനപുരം (131)

തിരുവനന്തപുരത്തെ മറ്റൊരു ഇടതുപക്ഷ മണ്ഡലമാണ് വാമനപുരം. 1977 മുതല്‍ ഇതുവരെ ഈ മണ്ഡലം സിപിഎമ്മിന് നഷ്ടമായിട്ടില്ല. സിപിഎം വോട്ടിംഗ് ഷെയറും ഈ കാലത്ത് സ്ഥിരമായി തുടരുന്നത് കാണാം. സിറ്റിംഗ് എം എല്‍ എ യുടെ ഭൂരിപക്ഷവും വോടിംഗ് ശതമാനവും നേരിയതോതില്‍ ഈ തെരഞ്ഞെടുപ്പില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫ് വോട്ട് 2011 അപേക്ഷിച്ച് 44.7 ല്‍ നിന്നും 39.7 ആയി കുറഞ്ഞിട്ടുണ്ട്. ഇത്രയും കുറവ് എന്‍ഡിഎ യുടെ വോട്ട് ആയി (4.24 ശതമാനത്തില്‍ നിന്നും 9.86) കൂടിയിട്ടുണ്ട്.

കഴക്കൂട്ടം (132)

എക്കാലത്തും യുഡിഎഫ് മണ്ഡലമാണ് കഴക്കൂട്ടം. കടകംപള്ളി സുരേന്ദ്രന്‍ ഒഴികെ ആരും ഇവിടെ സിപിഎം ബാനറില്‍ ജയിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്നുതവണ 2001 മുതല്‍ മൂന്ന് ടേം പൂര്‍ത്തിയാക്കി ഗോഥയില്‍ ഇറങ്ങിയ എം എ വാഹിദിന് ഇക്കുറി പിഴച്ചു. 2016 ബിജെപി കൊണ്ഗ്രസ്സിലെ ജാതി വോട്ടുകള്‍ പൂര്‍ണ്ണമായും ചോര്‍ത്തിയ തിരഞ്ഞെടുപ്പ് കൂടിആയിമാറി ഇത്. 2011 ല്‍ 46.38ശതമാനം വോട്ട് നേടിയ യുഡിഎഫ്നു 2016 28.25 ശതമാനം മാത്രം നേടി മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടു. എല്‍ഡിഎഫ്നു 2011 ല്‍ 44.38 ശതമാനം വോട്ട് കിട്ടിയത് 2016 ല്‍ 37.38 ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ ബിജെപി ഏറ്റവും കൂടുതല്‍ മുന്നേറ്റം നടത്തിയ മണ്ഡലങ്ങളില്‍ ഒന്നായ കഴക്കൂട്ടത്ത് 6.9 ശതമാനമായിരുന്നു 2011ലെ ഷെയറെങ്കില്‍ 31.9 ശതമാനമായി അത് 2016 ല്‍ ഉയര്‍ന്നു. യുഡിഎഫില്‍ നിന്നും പൊഴിഞ്ഞ 18 ശതമാനം വോട്ടും എല്‍ഡിഎഫിന്റെ 6 ശതമാനവും ചേര്‍ത്തു തങ്ങള്‍ രണ്ടാമതെത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ച ഈ മണ്ഡലത്തിന്റെ മാറ്റം യുഡിഎഫില്‍ നിന്നും ബിജെപിയിലേക്കുള്ള അകലം നേര്‍ത്തതാണ് എന്ന് അടിവരയിടുന്നു.

വട്ടിയൂര്‍കാവ് (133)

പഴയ തിരുവനന്തപുരം നോര്‍ത്ത് എന്ന മണ്ഡലം ചെറിയ മാറ്റങ്ങളോടെ 2008 ല്‍ വട്ടിയൂര്‍ക്കാവ് ആവുകയും 2011 ലെ പൊതു തെരഞ്ഞെടുപ്പില്‍ മണ്ഡലം എല്‍ഡിഎഫില്‍ നിന്നും യുടിഎഫിന്റെ കെ മുരളീധരന്‍ നേടുകയുമുണ്ടായി. 50.19 ശതമാനം വോട്ടോടുകൂടിയാണ് ആറാമത് മണ്ഡലത്തില്‍ ജനവിധി തേടിയ സിപിഎമ്മിന്റെ എം വിജയകുമാറിനെ മുരളീധരന്‍ പരാജയപ്പെടുത്തി മണ്ഡലം നേടിയത്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാന വിഷയം 2006 ലെ തിരഞ്ഞെടുപ്പില്‍ 50.61 ശതമാനം വോട്ട് ലഭിച്ച എല്‍ഡിഎഫ്നു 2011 ല്‍ 35.84 ശതമാനം വോട്ടും 2016 ലത്‌ 29.5 ശതമാനവുമായി കുറയുകയാണ് ഉണ്ടായത്. ഇത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് ആകുന്ന സ്ഥിതിയാണ് സംജാതമാക്കിയത്. ഈ കാലയളവിലെ ബിജെപി വോട്ട് ഷെയര്‍ 2006 ല്‍ കേവലം 4.7 ശതമാനം മാത്രമുണ്ടായിരുന്നത് 2011 ല്‍ 11.98 ശതമാനവും 2016 ആകുമ്പോള്‍ 31.87 ശതമാനമായി ഉയര്‍ന്നു. ഇത് യഥാര്‍തത്തില്‍ ഇടത് പക്ഷത്തിന് വരുത്തിയ നഷ്ടം 19 ശതമാനമാണ്. വലതുപക്ഷത്ത്‌നിന്നും പൊതുവില്‍ ബിജെപി എന്ന തീവ്ര വര്‍ഗ്ഗീയ മുന്നണിയിലേക്ക് ഉള്ള കുത്തൊഴുക്ക് 2016 ല്‍ മാത്രം പതിമൂന്നോളം ശതമാനമാണ്. ഈ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് ഈ മണ്ഡലത്തെ തീവ്ര-വര്‍ഗ്ഗീയ വലതുപക്ഷത്തിന്റെ കൈകളിലാകും.

തിരുവനന്തപുരം (134)

മുന്‍പ് തിരുവനന്തപുരം വെസ്റ്റ്‌ മണ്ഡലമായിരുന്നത് പുനക്രമീകരണത്തിലൂടെയാണ് തിരുവനന്തപുരം ആയി മാറിയത്. പൊതുവില്‍ യുഡിഎഫ് പ്രതിനിധികളാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇത്തവണയും കോണ്ഗ്രസ്സിന്റെ സിറ്റിംഗ് എം എല്‍ എ കൂടിയായ വി എസ് ശിവകുമാര്‍ ആണ് മണ്ഡലം പിടിച്ചത്. എല്‍ഡിഎഫ് ന് 40 ശതമാനം വോട്ട് ലഭിച്ചിരുന്ന മണ്ഡലത്തില്‍ കോണ്ഗ്രസ്സില്‍ നിന്നും എല്‍ഡിഎഫിലേക്ക് വന്ന സ്ഥാനാര്‍ത്തിമൂലം വോട്ട് 28.18 ശതമാനമായി താഴ്ന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ 45.87 വോട്ട് കിട്ടിയ ശിവകുമാര്‍ ന് ഇത്തവണ 36.82 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇടതിലും വലതിലും ഒരുപോലെ ചോര്‍ന്ന വോട്ട് യഥാര്‍ത്തത്തില്‍ മുന്നേറ്റം ഉണ്ടാക്കിയത് ബിജെപിക്കാണ്. ഇവരുടെ വോട്ട് ഷെയര്‍ പത്ത് ശതമാനത്തില്‍ നിന്നും 27.54 ശതമാനമായി വര്‍ദ്ധിച്ചു. ഇത് ബിജെപി നേടിയ മുന്നേറ്റങ്ങളില്‍ വളരെ പ്രസക്തമാണ്.

നേമം (135)

കേരളചരിത്രത്തില്‍ ബിജെപിയെ 2016 ല്‍ തേരിലേറ്റിയ മണ്ഡലമാണ് നേമം. പഴയ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിലെ ചില ഭാഗങ്ങളും പഴയ നേമം വാര്‍ഡിലെ കുറച്ച് ഭാഗങ്ങളും ചേര്‍ന്നതാണ് 2011 ലെ തിരഞ്ഞെടുപ്പ് നേരിടുന്ന നേമം. വി ശിവന്‍ കുട്ടിക്ക് വ്യക്തമായ മേല്‍കൈ ഉള്ള മണ്ഡലം കൂടിയാണ് നേമം. എന്നാല്‍ മണ്ഡല പുനക്രമീകരണത്തിന് മുന്‍പ് കോണ്ഗ്രസ്സിനു വ്യക്തമായ സ്വാധീനമുണ്ടായിരിക്കെ 2011 തിരഞ്ഞെടുപ്പില്‍ ബിജെപി രാജഗോപാലിനെ നിര്‍ത്തിയപ്പോള്‍ യുഡിഎഫ് വോട്ട് നാല്പത് ശതമാനത്തില്‍ നിന്നും 17.38 ശതമാനമാകുകയും ബിജെപി വോട്ട് 37.49 ശതമാനമാകുകയുമുണ്ടായി. ഇതേ കാലയളവില്‍ എല്‍ഡിഎഫില്‍ വോട്ട് 42.99 ശതമാനമായിരുന്നു. എന്നാല്‍ 2016 തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് 17.38 ശതമാനത്തില്‍ നിന്നും വീണ്ടും കുറഞ്ഞ് 9.7 ശതമാനമായി കൂപ്പ്കുത്തി. ഈ കുറവ് പൂര്‍ണ്ണമായും ബിജെപിയില്‍ പോകുകയും രാജഗോപാല്‍ 47.46 ശതമാനം നേടി ഒന്നാമതാകുകയും ചെയ്തു. ബിജെപിയുടെ ഏറ്റവും വലിയ നിലനില്കുമ്പോഴും ഇടതുപക്ഷ വോട്ട് ഒന്നര ശതമാനത്തില്‍ താഴെമാത്രമേ നഷ്ടമായുള്ളൂ. ഈ നഷ്ടവും ചേര്‍ത്താണ് ബിജെപി അവരുടെ വിഷപുശ്പം കേരള മണ്ണില്‍ വിരിയിച്ചത്. മറ്റൊരുരീതിയി കാണുകയാണെങ്കില്‍ കൊണ്ഗ്രസ്സും ബിജെപിയും ലയിച്ച് ബിജെപി എന്ന രാഷ്ട്രീയ കക്ഷിയെ കേരളത്തില്‍ അവരോധിക്കുകയാണുണ്ടായത്.

അരുവിക്കര (136)

ആര്യനാട് മണ്ഡലം പുനക്രമീകരിച്ചാണ് അരുവിക്കര മണ്ഡലം വരുന്നത്. ആര്യനാട് മണ്ഡലത്തിന്റെ രൂപീകരണം മുതല്‍ 1991 വരെ ഈ മണ്ഡലം ഇടത്പക്ഷമായിരുന്നു പ്രതിനിധീകരിച്ചത്. എന്നാല്‍ ഇത് അവസാനിച്ച് ജി കാര്‍ത്തികേയന്‍ 1991 ല്‍ മണ്ഡലം കരസ്ഥമാക്കുകയും മരിക്കുന്നത് വരെ കാര്‍ത്തികേയന്‍ എം എല്‍ എ ആയിരുന്നു. 2016 ല്‍ യുഡിഎഫ് തങ്ങളുടെ വോട്ട് ഷെയര്‍ 48.79 ശതമാനത്തില്‍ നിന്നും 49.37 ശതമാനമായി കൂട്ടിയ ഏക മണ്ഡലം കൂടിയാണ് അരുവിക്കര. എല്‍ഡിഎഫ്നു 2011 ല്‍ ലഭിച്ച 39.62 ശതമാനം കുറഞ്ഞ് 34.49 ശതമാനമായി. ഈ കുറവ് എന്‍ഡിഎ സഖ്യം വോട്ടാക്കി 6.61 ശതമാനത്തില്‍ നിന്നും 2016 ല്‍‍ 14.12 ശതമാനമാക്കി സ്ഥിതി മെച്ചപ്പെടുത്തി.

പാറശാല (137)

നാടാര്‍ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് പാറശാല മണ്ഡലം. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം ജാതി മത സമവാക്യങ്ങളില്‍ ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും യുഡിഎഫ് – എല്‍ഡിഎഫ് സ്വീകാര്യത ഒപ്പത്തിനൊപ്പം എന്ന് പറയാവുന്ന മണ്ഡലം കൂടിയാണ് പാറശാല. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്ന്റെ എ ടി ജോര്‍ജ് 44.8 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ആനാവൂര്‍ നാഗപ്പന്‍ 44.43 ശതമാനമായിരുന്നു. എന്നാല്‍സിറ്റിംഗ് എംഎല്‍ എ പരാജയപ്പെടുത്തിക്കൊണ്ടാണ് എല്‍ഡിഎഫ് മണ്ഡലം പിടിച്ചത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫി 12 ശതമാനം വോട്ട് കുറഞ്ഞ് 32.88 ആയപ്പോള്‍ എല്‍ഡിഎഫിന് കാര്യമായി മണ്ഡലത്തില്‍ വോട്ട് 39.86 ശതമാനമായി കുറയുകയുണ്ടായി. ഇതില്‍ രസകരമായ സംഗതി 2011 ല്‍ എല്‍ഡിഎഫിന് കിട്ടിയ 60073 വോട്ട് 70156 ആയി വര്‍ദ്ധിക്കുമ്പോഴും പോ ചെയ്ത വോട്ട് ഷെയര്‍ കുറയുന്നതായി കാണാം. ഇവിടെയാണ്‌ ബിജെപിക്ക് ലഭിച്ച വോട്ട് വര്‍ദ്ധനവ്‌ പ്രസക്തമാകുന്നത്. 2011 ല്‍ 7.63 ശതമാനം വോട്ട് മാത്രം നേടാനായപ്പോള്‍ 2016 ല്‍ അത് 20.9 ശതമാനമെന്ന വ്യക്തമായ സാന്നിധ്യം തെളിയിച്ചിരിക്കുന്നു. ഇവിടെ ഇടത് വലത് മുന്നേറ്റത്തിന്റെ ഏറിയ തോതിലും പുതിയ സമ്മതിദായകരെ എവിടെയാണ് പ്രതിഷ്ടിച്ചത് എന്നത് കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

കാട്ടാക്കട (138)

തിരുവനന്തപുരം ഈസ്റ്റ് മണ്ഡലം പുനക്രമീകരിച്ചപ്പോള്‍ നിലവില്‍ വന്ന മണ്ഡലമാണ് കാട്ടാക്കട. മുന്‍ യുഡിഎഫ് സ്പീകര്‍ ശക്തന്‍ നാടാരുടെ ശക്തികേന്ദ്രമാണ് കാട്ടാക്കട. 2011 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 44.63 ശതമാനം വോട്ട് ലഭിച്ചപോള്‍ എല്‍ഡിഎഫിന് 33.62 ശതമാനം വോട്ട് കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഇത് എല്‍ഡിഎഫിന് 2011 ല്‍ ജില്ലയില്‍ ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ട് ഷെയര്‍ ആണ്. ഇവിടെ നിന്നാണ് എല്‍ഡിഎഫ് 2016 ല്‍ തങ്ങളുടെ വോട്ട് 33.62 ല്‍ നിന്നും 35.93 ശതമാനമായി ഉയര്‍ത്തിയത്. യുഡിഎഫിന് ഇതേസമയം തങ്ങളുടെ വോട്ട് പത്ത് ശതമാനത്തോളം നഷടപ്പെടുത്തി 35.34 ശതമാനമായി മണ്ഡലത്തിലെതന്നെ മോശം പ്രകടനം കാഴ്ചവച്ചു. ഈ സാഹചര്യവും പൂര്‍ണ്ണമായി ബിജെപി മുതലാക്കുന്നതാണ് കാട്ടാക്കടയിലും ആവര്‍ത്തിച്ചത്. ഇവിടെ 2011 ല്‍ ബിജെപിക്കുണ്ടായിരുന്ന ജില്ലയിലെ വോട്ട് ശതമാനത്തിലേ രണ്ടാസ്ഥാനം (19.2) കുറച്ച് കൂടി മെച്ചപ്പെടുത്തി 26.94 ശതമാനമാക്കി. ഇവിടെയും സൂചിപ്പിക്കപ്പെടുന്നത് ഒരു ത്രികോണ മത്സരം ഉണ്ടായാല്‍ ഇടത് മതേതര-പുരോഗമന ആശയത്തിന് നല്ല സ്വീകാര്യത ഇപ്പോഴും ഉണ്ട് എന്നാണു. ഇതിനെ മെച്ചപ്പെടുത്തുന്ന ശ്രമങ്ങള്‍ വരും തിരഞ്ഞെടുപ്പുകളില്‍ ഇടതിന് മേല്‍കൈ നല്‍കും എന്ന് വേണം നിരീക്ഷിക്കാന്‍.

കോവളം (139)

നീല ലോഹിതദാസിന്റെ മണ്ഡലമായാണ് പൊതുവില്‍ കോവളം അറിയപ്പെടുന്നത്. അഞ്ചു തവണ വിജയിച്ച അദ്ദേഹം പീഡനകേസില്‍ പുറത്തായപ്പോള്‍ ഈ സീറ്റ് ജോര്‍ജ് മേഴ്സിയര്‍ 2006 ല്‍ പിടിച്ചു. ജമീല പ്രകാശം 2011 ല്‍ കോവളം നിയോജക മണ്ഡലം ജോര്‍ജ് മേഴ്സിയറില്‍ നിന്നും 46.7 ശതമാനം വോട്ട് നേടി പിടിച്ചെടുത്തു. എന്നാല്‍ 2016 ലിത് കുറഞ്ഞ് 37.44 ശതമാനമായി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 41.84 ശതമാനത്തില്‍ നിന്നും വോട്ട് നില 39.14 ശതമാനമായി ചുരിങ്ങിയെങ്കിലും എന്‍ഡിഎ സഖ്യം പിടിച്ചത് ഇടത് പക്ഷത്തില്‍ വരേണ്ടുന്ന ജാതി ഹിന്ദു വോട്ടുകളായതിനാല്‍ ഇടത് പക്ഷത്തിന് തിരിച്ചടിയായി. കാരണം വെറും 7.3 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് 20.12 ശതമാനം വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കുമ്പോള്‍ നിലവിലുള്ള എല്ലാ ജാതി മത ബന്ധങ്ങളും പുനര്‍വായിക്കപ്പെടുകായാണ് എന്നുവേണം മനസ്സിലാക്കാന്‍. ഉദാഹരണത്തിന് തീരദേശത്ത് നിന്നും യുഡിഎഫ്-എല്‍ഡിഎഫ് വോട്ട് ചോര്‍ച്ച ഇല്ലാതെ മുന്നണികള്‍ക്കു ലഭിക്കുകയും ജാതി ഹിന്ദു വോട്ട് വലിയതോതില്‍ വിഭജിക്കുകയും ചെയ്യുന്ന കാഴച്ചയാണ് കോവളം നിയോജക മണ്ഡലം നല്‍കുന്നത്.

നെയ്യാറ്റിന്‍കര (140)

പരമ്പരാഗതമായി യുഡിഎഫ്-എല്‍ഡിഎഫ് ബദലുകള്‍ മാറിമാറി നിലനിര്‍ത്തിയിരുന്ന മണ്ഡലമാണ് നെയ്യാറ്റിന്‍കര. എന്നാല്‍ സിപിഎമ്മിന്റെ വി ജെ തങ്കപ്പന്‍ യുഡിഎഫിന്റെ തമ്പാനൂര്‍ രവിയില്‍ നിന്നും പിടിച്ചെടുത്ത സീറ്റ് ഈ തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ ഡി എഫിന്റെ വോട്ട് ഷെയറില്‍ ഒരുശതമാനത്തോളം കുറവുണ്ടെങ്കിലും യുഡിഎഫിന് വലിയ നഷ്ടം സംഭവിക്കാത്ത മണ്ഡലം കൂടിയാണ് നെയ്യാറ്റിന്‍കര. യുഡിഎഫിനു മൂന്ന് ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ അത് ബിജെപി മുതല്കൂട്ടക്കി തങ്ങളുടെ നില 6.03 ശതമാനത്തില്‍ നിന്നും 11.53 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. ഇത് ജില്ലയില്‍ ബിജെപിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വോട്ട് ശതമാനമാണ് എന്നുകൂടി മനസ്സിലാക്കണം. ബിജെപിയുടെ വളര്‍ച്ച ദുബലമായി കൊണ്ടിരിക്കുന്ന കോണ്ഗ്രസ് യുഡിഎഫ് മണ്ണിലാണ് എന്നത് ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതികരണം.

2016 അസംബ്ലി തിരഞ്ഞെടുപ്പ് നല്‍കുന്ന പാഠങ്ങള്‍

മുകളില്‍ നിരീക്ഷിച്ചത് പോലെ തിരുവനന്തപുരത്ത് വാമനപുരം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലും ബിജെപി ഇക്കുറി അവരുടെ ജനപിന്തുണ രണ്ടക്കം കടത്തിയിട്ടുണ്ട്. ഇവിടെത്തന്നെ ഒരു മണ്ഡലത്തില്‍ 47 ശതമാനവും രണ്ട് മണ്ഡലങ്ങളില്‍ മുപ്പത് ശതമാനത്തിന് മുകളിലും വോട്ട് നേടി. നാല് മണ്ഡലങ്ങളില്‍ ഇരുപത് ശതമാനത്തിന് മുകളില്‍ വ്യക്തമായ മുന്നേറ്റം എന്‍ഡിഎ തലസ്ഥാനത്ത് നേടികഴിഞ്ഞു (കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന ഗ്രാഫും പട്ടികയും കാണുക). ഇത് സൂചിപ്പിക്കുന്നത് ജില്ലയിലെ പകുതി സീറ്റുകളും സമീപഭാവിയില്‍ ബിജെപിയെ തുണക്കാം എന്ന വസ്തുതയാണ്. ഈ മണ്ഡലങ്ങളുടെ ഒരു ഭൗമ രാഷ്ട്രീയം കണക്കിലെടുത്താല്‍ മധ്യവര്‍ഗ്ഗ ജാതി ഹിന്ദു വോട്ടുകളുടെ ഏകീകരണം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ മേഖലയാണ് ഈ ഏഴ് മണ്ഡലങ്ങളും. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടതെന്നു മനസ്സിലാക്കേണ്ടത്ത് ഇടത് പക്ഷത്തിന്റെ ആവശ്യമാണ്‌. അല്ലാത്തപക്ഷം കേരളത്തിന്റെ മതേതര മുഖത്തിന് തീര്‍ച്ചയായും കളങ്കം വരുന്നതായിരിക്കും. ജാതി-വര്‍ഗ്ഗീയ ഏകീകരണം സാധ്യമാക്കാനുള്ള തീവ്ര ഹിന്ദു നിലപാട് ഒരു തരത്തില്‍ ഉദ്ദേശലബ്ദിയിലേക്ക് നീങ്ങുന്നു എന്ന് വേണം ഇവിടെ മനസ്സിലാക്കാന്‍. ഇത് സൂചിപ്പിക്കുന്നത് ഇടത്പക്ഷത്തിന്റെ വോട്ടുകള്‍ യുഡിഎഫിനു സംഭവിച്ച ചോരാതിരിക്കണമെങ്കില്‍ മതേതരമൂല്യങ്ങളെ ശക്തിപ്പെടുത്തി മുന്നേറുക മാത്രമാണ് പ്രത്യാശ. കാരണം കൊണ്ഗ്രസ്സിനെ സംബന്ധിച്ച് അണികളുടെ ബിജെപിയിലേക്കുള്ള യാത്ര ബദലുകടെതോ ആശയത്തിലധിഷ്ടിതമായ വരമ്പുകളാല്‍ ഒതുക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇവതമ്മിലുള്ള വേര്‍തിരിവും അസ്പഷ്ടമാണ്. അതിനാല്‍ തന്നെ നാളെ യുഡിഎഫ് എന്‍ഡിഎ ആയി പരിണമിച്ചാലും ആശങ്കപ്പെടുവാനില്ല. ഈ സാധ്യതയെ ജാഗ്രതയോടെയും സമചിത്തതയോടെയും മതേതര ആശയത്തിലൂന്നിയ പുരോഗമന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമേ ഇടത് പക്ഷത്തിന് സമീപിക്കാനാകു. അതുതന്നെയാവും കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതും.

Map of Legislative Constituencies in Thiruvananthapuram district


Map of Legislative Constituencies in Thiruvananthapuram district


Table 1 Constituency wise Voting Share of Different Major Political Front in Thiruvananthapuram
Varkala Attingal Chirayinkeezh Nedumangadu Vaamanapuram Kazhakkootam Vattiyoorkavu
Party\Year 2011 2016 2011 2016 2011 2016 2011 2016 2011 2016 2011 2016 2011 2016
LDF 42.68 41.58 55.44 52.96 52.93 46.9 43.84 38.49 46.51 46.55 44.38 37.38 35.84 29.5
UDF 52.4 39.71 29.22 23.58 42.07 36.5 47.87 36.07 44.7 39.77 46.38 28.25 50.19 37.43
BJP/NDA 3.11 15.56 4.23 20.07 NA 14.14 4.78 23.42 4.24 9.86 6.86 31.9 11.98 31.87
Thiruvananthapuram Nemom Aruvikkara Parasala Kattakkada Kovalam Neyyattinkara
Party\Year 2011 2016 2011 2016 2011 2016 2011 2016 2011 2016 2011 2016 2011 2016
LDF 40.87 28.18 42.99 41.39 39.62 34.49 44.43 39.86 33.62 35.93 47.6 37.44 48.2 47.2
UDF 45.87 36.82 17.38 9.7 48.79 49.32 44.8 32.88 44.63 35.34 41.84 39.14 42.98 40.11
BJP/NDA 10.76 27.54 37.49 47.46 6.61 14.12 7.63 20.9 19.22 26.94 7.3 20.12 6.03 11.53പഠന സ്രോതസ്സ്

 1. 127 - Varkala Assembly Constituency
 2. 128 - Attingal Assembly Constituency
 3. 129 - Kilimanoor (SC) Assembly Constituency
 4. 130 - Vamanapuram Assembly Constituency
 5. 131 - Ariyanad Assembly Constituency
 6. 132 - Nedumangad Assembly Constituency
 7. 133 - Kazhakuttam Assembly Constituency
 8. 134 - Trivandrum North Assembly Constituency
 9. 135 - Trivandrum West Assembly Constituency
 10. 136 - Trivandrum East Assembly Constituency
 11. 137 - Nemom Assembly Constituency
 12. 138 - Kovalam Assembly Constituency
 13. 139 - Neyyattinkara Assembly Constituency
 14. 140 - Parassala Assembly Constituency
 15. 127 - Varkala - Kerala
 16. 128 - Attingal - Kerala
 17. 129 - Kilimanoor - Kerala
 18. 130 - Vamanapuram - Kerala
 19. 131 - Ariyanad - Kerala
 20. 132 - Nedumangad - Kerala
 21. 133 - Kazhakuttam - Kerala
 22. 134 - Trivandrum North - Kerala
 23. 135 - Trivandrum West - Kerala
 24. 136 - Trivandrum East - Kerala
 25. 137 - Nemom - Kerala
 26. 138 - Kovalam - Kerala
 27. 139 - Neyyattinkara - Kerala
 28. 140 - Parassala - Kerala
 29. Legislative Assembly Election Kerala 2016
2016 legislative elections, BJP, election analysis, Essay, growth of communal forces, Nemam, Politics, Thiruvananthapuram, trivandrum, Kerala, Secularism Share this Creative Commons Attribution-ShareAlike 2.5 India

Reactions

Add comment

Login to post comments