പങ്കുവെപ്പു രാഷ്ട്രീയവും തദ്ദേശഭരണ വിഭജനവും

ഡോ. ടി. എം. തോമസ് ഐസക് June 23, 2011

Image Credit : Wikipedia


അധികാരം വികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണ വകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരാവട്ടെ അതതു തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു കീഴില്‍. ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍; മൂന്നു ഉദ്യോഗസ്ഥ കേഡറുകള്‍; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു സമാന്തരമായി ഗ്രാമവികസന വകുപ്പ്. പ്രത്യക്ഷത്തില്‍ തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍. ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ ഗളച്ഛേദം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കുന്നില്ല; ഗ്രാമവികസനവകുപ്പ് പ്രത്യേകമായി സംഘടിപ്പിക്കുകയാണ് ഇതിനു പരിഹാരം; 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്തും കേരളത്തിൽ പഞ്ചായത്തുകളും നഗരസഭകളും രണ്ട് മന്ത്രിമാരുടെ കീഴിലായിരുന്നിട്ടുണ്ട്; കഴിഞ്ഞ അഞ്ചുവര്‍ഷമൊഴികെ എക്കാലത്തും ഗ്രാമവികസന വകുപ്പിന് പ്രത്യേകം മന്ത്രിയുമുണ്ടായിരുന്നു; ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും നഗരഭരണത്തിനും ഗ്രാമഭരണത്തിനും പ്രത്യേകം മന്ത്രിമാരുണ്ട്; മൂന്ന് മന്ത്രിമാരുടെ ചുമതലയുടെ ഏകോപനത്തിന് മുഖ്യമന്ത്രി അധ്യക്ഷനായുളള കാബിനറ്റ് ഉപസമിതിയുമുണ്ട്; മൂന്ന് മന്ത്രിമാര്‍ക്കും കൂടി ഒരു പ്രിന്‍സിപ്പൽ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട് തുടങ്ങിയവയാണ് വകുപ്പു വെട്ടിമുറിച്ചതിന് യുഡിഎഫുകാര്‍ പറയുന്ന ന്യായങ്ങള്‍.

കേരളമാണ് ഇന്ത്യയ്ക്ക് മാതൃക, മറിച്ചല്ല.

അധികാരവികേന്ദ്രീകരണ ഭരണപരിഷ്കാരങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളെ മാതൃകയാക്കാനാവില്ല. 73,74 ഭരണഘടനാ ഭേദഗതികള്‍ പാസായിട്ടും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പ്രായോഗികമായി അധികാരവും സമ്പത്തും താഴേതലത്തിലേയ്ക്ക് കൈമാറിയിട്ടില്ല. ഈ ചുമതല നിറവേറ്റിയത് കേരളമാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി അന്യാദൃശ്യമായ തോതിൽ താഴേയ്ക്ക് പണവും അധികാരവും നമ്മുടെ സംസ്ഥാനത്ത് താഴേത്തട്ടിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളം ഇന്ത്യയ്ക്കാണ് മാതൃക. തിരിച്ചല്ല.

അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് കേന്ദ്രത്തിലും സംസ്ഥാനത്തും ഒരു പൊതുവകുപ്പ് കൂടിയേ തീരൂവെന്ന് കേന്ദ്ര പഞ്ചായത്തുവകുപ്പു മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യരും അഭിപ്രായപ്പെടുന്നു. രാജീവ്ഗാന്ധിയ്ക്കും ഇതേ അഭിപ്രായമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രത്തിൽ ഈ സമീപനം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കേരളം അതു ചെയ്തു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “ ഇത് രാജ്യത്തിന്റെ ഇതരസംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണ്... ഒരു പൊതുവകുപ്പ് മൂന്നായി വിഭജിക്കുന്നത് ഒരു പിന്തിരിപ്പന്‍ നടപടിയാണ്. ഒരുപക്ഷേ, രാഷ്ട്രീയമായിട്ടുളള അനിവാര്യതകളുണ്ടാകാം. പക്ഷേ ഐഡിയലായ സാഹചര്യത്തിൽ ഒരുവകുപ്പേ പാടുളളൂ. ഒറ്റവകുപ്പിലേയ്ക്ക് സര്‍ക്കാര്‍ തിരിച്ചു പോകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു ” (ഇന്ത്യന്‍ എക്സ്പ്രസ്, 28 മെയ്, 2011).

കേരളത്തിന്റെ അനുഭവം

1957ൽ രണ്ടു വകുപ്പിനും രണ്ടു മന്ത്രിമാരായിരുന്നുവെന്ന യുഡിഎഫിന്റെ ന്യായം ബൂമറാങ്ങാണ്്. അന്ന് നഗരത്തിനും ഗ്രാമത്തിനും പ്രത്യേകം മന്ത്രിമാര്‍ ഉണ്ടായിരുന്നുവെങ്കിലും നിയമസഭയിൽ അവതരിപ്പിച്ച തദ്ദേശഭരണ നിയമത്തിൽ നഗര ഗ്രാമങ്ങളെ സംയോജിപ്പിക്കുന്ന ജില്ലാ കൌണ്‍സിലാണ് വിഭാവനം ചെയ്തിരുന്നത്. നഗരങ്ങള്‍ക്ക് നഗരസഭകളും ഗ്രാമപ്രദേശത്തിന് ജില്ലാ പഞ്ചായത്തും എന്നീ അറകളായി ജില്ലയെ പകുത്തിരുന്നില്ല. കളക്ടര്‍ അടക്കമുളള ജില്ലാതല ഉദ്യോഗസ്ഥര്‍ ജില്ലാ കൌണ്‍സിലിനു കീഴിലായിരുന്നു. ഈ നിയമം പാസായിരുന്നെങ്കിൽ പഞ്ചായത്തുകളെയും നഗരസഭകളെയും ഒറ്റവകുപ്പാക്കുന്നത് അനിവാര്യമാകുമായിരുന്നു. 1957ലെ സര്‍ക്കാരിനൊപ്പം ഈ നിയമത്തെയും കോണ്‍ഗ്രസ് അട്ടിമറിച്ചു.

അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് 1957ലെ സര്‍ക്കാരിന്റെ കാഴ്ചപ്പാടാണ് ഇപ്പോള്‍ ദേശീയതലത്തിൽ കോണ്‍ഗ്രസും പകര്‍ത്തുന്നത്. ജില്ലാ പഞ്ചായത്തിനു പകരം ജില്ലാ കൌണ്‍സിലാണ് അഭികാമ്യമെന്ന് വീരപ്പമൊയ്ലി അധ്യക്ഷനായുളള കേന്ദ്ര ഭരണപരിഷ്കാര കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുവേണ്ട ഭരണഘടനാ ഭേദഗതിയുടെ കരട് സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ദേശീയനയത്തിനു പോലും വിരുദ്ധമായാണ് യുഡിഎഫ് കേരളത്തിൽ വകുപ്പ് വെട്ടിമുറിച്ചത്.

ടി. കെ. രാമകൃഷ്ണന്‍ ഗ്രാമവികസന വകുപ്പിന്റെയും പാലൊളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ചുമതല വഹിച്ചിരുന്ന കാലത്ത് ബ്ളോക്ക്തല ഉദ്യോഗസ്ഥവൃന്ദം ബ്ളോക്ക് പഞ്ചായത്തുമായി സംയോജിക്കാന്‍ വിസമ്മതിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിക്കുന്നതിന് വിഷമതകളുണ്ടായി. ജില്ലാ പഞ്ചായത്തിനു സമാന്തരമായി ഡിആര്‍ഡിഎ പ്രവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തിലാണ് 2000ൽ ഗ്രാമവികസനവകുപ്പ് തദ്ദേശവകുപ്പിൽ ലയിപ്പിക്കുന്നതിന്റെ ആദ്യപടിയായി ഡിആര്‍ഡിഎ നിര്‍ത്തലാക്കിയത്.

തുടര്‍ന്ന് അധികാരത്തിൽ വന്ന യുഡിഎഫ് ഇത് അട്ടിമറിച്ചു. ഡിആര്‍ഡിഎ അവര്‍ പുനരുജ്ജീവിപ്പിച്ചു. 2006ലെ എൽഡിഎഫ് സര്‍ക്കാര്‍ ഡിആര്‍ഡിഎ പരിപൂര്‍ണമായി നിര്‍ത്തലാക്കി, ഉദ്യോഗസ്ഥരെ ജില്ലാ പഞ്ചായത്തിലേയ്ക്ക് പുനര്‍വിന്യസിച്ചു. ബ്ളോക്ക്തല ഉദ്യോഗസ്ഥര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ ഭാഗമായി. പൊതു ഉദ്യോഗസ്ഥ കേഡറിനുളള നടപടികളുമാരംഭിച്ചു. ഇന്ന് വീണ്ടും ഗ്രാമവികസനവകുപ്പിനെ വേര്‍പെടുത്തുമ്പോള്‍ ഇവയെല്ലാം അട്ടിമറിക്കപ്പെടും.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ - സംയോജനത്തിനു മുമ്പും പിമ്പും

കേന്ദ്രാവിഷ്കൃത പദ്ധതിനടത്തിപ്പിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉദാഹരണമായി പിഎംജിഎസ് വൈ പദ്ധതിയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാള്‍ കുറവു പണമേ കേരളം ഈ പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നുളളൂ എന്നത് ശരിയാണ്. പദ്ധതി നിബന്ധനകള്‍ കേരളത്തിന് അനുയോജ്യമല്ല എന്നതാണ് അതിനു കാരണം. എട്ടു മീറ്റര്‍ വീതി കൂടിയേ തീരൂ എന്ന നിബന്ധന കേരളത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് പ്രതിബന്ധമാണ്.

എങ്കിലും 2001-06കാലത്തെ യുഡിഎഫിന്റെ പ്രകടനത്തെക്കാള്‍ മെച്ചമായിരുന്നു ഇക്കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിന്റെ കാലം. യുഡിഎഫ് ഭരണകാലത്ത് 375 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 194 റോഡുകളാണ് പണി തീര്‍ത്തത്. 2006-11ലെ എൽഡിഎഫിന്റെ ഭരണകാലത്ത് (ഡിസംബര്‍ 31 വരെ) 692 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 376 റോഡുകള്‍ തീര്‍ത്തു.

യുഡിഎഫ് കാലത്ത് 78 കോടി ചെലവാക്കിയപ്പോള്‍ എൽഡിഎഫ് കാലത്ത് ചെലവ് 361 കോടിയായി. യുഡിഎഫിന്റെ കാലത്ത് 195 കോടി രൂപയുടെ റോഡിന് അംഗീകാരം വാങ്ങിയപ്പോള്‍ എൽഡിഎഫിന്റെ ഭരണകാലത്ത് അത് 750 കോടി രൂപയുടേതായി. ഗ്രാമവികസന വകുപ്പ് സ്വതന്ത്രമായിരുന്ന യുഡിഎഫ് ഭരണകാലത്തെക്കാള്‍ എന്തുകൊണ്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ എൽഡിഎഫിന്റെ കാലത്തെ സംയോജിത വകുപ്പിന് കഴിഞ്ഞിരുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

Kerala Panchayat Image Credit: Flickr@ Quapan

എസ്ജിഎസ്വൈ, ഹരിയാലി പദ്ധതികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. സംസ്ഥാന വിഹിതമടക്കം 117 കോടി രൂപയാണ് യുഡിഎഫ് ഭരണകാലത്ത് ഇവയ്ക്ക് ലഭിച്ചത്.. എൽഡിഎഫ് ഭരണകാലത്താവട്ടെ (ആദ്യത്തെ നാലുവര്‍ഷം) 215 കോടി രൂപയും. രണ്ടു ഭരണകാലത്തും ഈ തുക പൂര്‍ണമായി ചെലവഴിച്ചിട്ടുണ്ട്. ഗ്രാമവികസന വകുപ്പിന്റെ സംയോജനം ഒരു തിരിച്ചടിയും സൃഷ്ടിച്ചില്ല.

ഇതു തന്നെയാണ് സമ്പൂര്‍ണ ശുചിത്വ മിഷന്റെയും അനുഭവം. ഐഎവൈ വീടുകള്‍ക്ക് യുഡിഎഫ് ഭരണകാലത്ത് 306 കോടി രൂപ ലഭിച്ചതിൽ 298 കോടി രൂപ ചെലവഴിച്ചു. എൽഡിഎഫിന്റെ ആദ്യ നാലുവര്‍ഷത്തിനിടെയിൽ 599 കോടി രൂപ ലഭിച്ചതിൽ 576 കോടി രൂപ ചെലവഴിച്ചു. ഐഎവൈ പദ്ധതിയുടെ 63 മുതൽ 88 ശതമാനം വരെ പണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് മുടക്കുന്നതെന്നോര്‍ക്കണം.

ഏകോപനം എങ്ങനെ?

മന്ത്രിമാര്‍ മൂന്നുപേരെ ഏകോപിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉപസമിതിയും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നു വകുപ്പിനും കൂടി ഒരു പ്രിന്‍സിപ്പൽ സെക്രട്ടറിയും. ഈ സംവിധാനം അപ്രായോഗികമാണെന്ന് അനുഭവജ്ഞാനമുളള ആര്‍ക്കും മനസിലാകും. മൂന്നും ഒറ്റ വകുപ്പായിരിക്കുന്ന കാലത്തുപോലും ഏകോപനം ഒരു പ്രശ്നമായിരുന്നു. അതിപ്പോള്‍ മൂന്നാക്കുമ്പോഴോ? പ്രശ്നങ്ങളും മൂന്നു മടങ്ങാവും. തദ്ദേശഭരണവകുപ്പിലെ വിവിധ ഏജന്‍സികള്‍ തമ്മിൽ മാത്രമല്ല, മറ്റു വകുപ്പുകളുമായിട്ടുളള ഏകോപനവും പ്രധാനമാണ്. കാരണം മറ്റു വികസന വകുപ്പുകളുടെ കീഴ്ത്തല ഉദ്യോഗസ്ഥര്‍ തദ്ദേശഭരണവകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പിന്റെയും ദ്വിമുഖ നിയന്ത്രണത്തിന് വിധേയമാണ്. ഇതിന് ആഴ്ചതോറും യോഗം ചേരുന്ന തദ്ദേശഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായുളള കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു. മൂന്നും നാലും മണിക്കൂര്‍ നീണ്ടുനിൽക്കുന്ന യോഗങ്ങളാണിവ. ഇനി അവിടെ ചര്‍ച്ച ചെയ്യുന്ന പ്രശ്നങ്ങളിൽ നല്ലപങ്കും മുഖ്യമന്ത്രി അധ്യക്ഷനായുളള ഏകോപനസമിതിയിലേയ്ക്കു കൊണ്ടുപോകേണ്ടി വരും. തീരുമാനങ്ങളെടുക്കുന്നത് ദുഷ്കരമായിരിക്കും.

തദ്ദേശഭരണ വകുപ്പിന് ഒരു പൊതു ഉദ്യോഗസ്ഥ കേഡര്‍ സൃഷ്ടിക്കുന്നതിനുളള ശ്രമം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടങ്ങിയിരുന്നു. എഞ്ചിനീയര്‍മാരുടെ കാര്യത്തിൽ പൊതുകേഡര്‍ നിലവിൽ വന്നു കഴിഞ്ഞു. മിനിസ്റ്റീരിയൽ എക്സിക്യൂട്ടീവ് ലെവലിൽ പൊതുകേഡറിനുളള സ്പെഷ്യൽ റൂളുകള്‍ തയ്യാറാക്കി വരികയാണ്. ഇവയുടെ ഗതിയെന്തായിരിക്കും? മുനിസിപ്പാലിറ്റികളിലെ ഉദ്യോഗസ്ഥരെ പഞ്ചായത്തിലേയ്ക്ക് മാറ്റാന്‍ നഗരവകുപ്പു മന്ത്രിയ്ക്ക് സമ്മതമായിരിക്കുമോ? നിലവിൽ വന്നു കഴിഞ്ഞ പൊതു എഞ്ചിനീയറിംഗ് കേഡര്‍ വേണ്ടെന്നു വെയ്ക്കുമോ?

പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പൊതുവായുളള സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടു വരികയായിരുന്നു. ഇതിലേറ്റവും പ്രധാനം കുടുംബശ്രീയാണ്. നഗര-ഗ്രാമവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ നടത്തിപ്പിന് വകുപ്പു വിഭജനം പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഓംബുഡ്സ്മാന്‍, അപ്പലേറ്റ് അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നു തുടങ്ങിയവയുടെ നിലയും പരുങ്ങലിലാകും.

യഥാര്‍ത്ഥ ഉന്നം എന്ത്?

തദ്ദേശഭരണ വകുപ്പ് വിഭജനത്തിന് പറയുന്ന ന്യായങ്ങള്‍ക്കൊന്നിനും അടിസ്ഥാനമില്ല. വീണേടത്തു കിടന്നുരുളുകയാണവര്‍. മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങളുടെ പരിമിതി മനസിലാക്കണമെന്ന് മണിശങ്കര്‍ അയ്യര്‍ക്കു പോലും തുറന്നു പറയേണ്ടി വരുന്നു. യുഡിഎഫ് സര്‍ക്കാര്‍ സാമുദായിക സമ്മര്‍ദ്ദശക്തികളുടെ ഒരു ഒത്തുതീര്‍പ്പു സര്‍ക്കാരാണ് എന്ന് കോണ്‍ഗ്രസിന്റെ ദേശീയനേതാക്കള്‍ പോലും പരസ്യമായി അംഗീകരിക്കുന്നു. പങ്കുവെപ്പ് രാഷ്ട്രീയത്തിന്റെ യുക്തിയുടെ അടിസ്ഥാനത്തിലേ മന്ത്രിമാരുടെ തെരഞ്ഞെടുപ്പും വകുപ്പുകളുടെ വിഭജനവും വിശദീകരിക്കാന്‍ കഴിയൂ. അഴിമതിയും മണക്കുന്നു.

നഗരസഭകളും പഞ്ചായത്തുകളും കൈകാര്യം ചെയ്യുന്നത് ലീഗിന്റെ രണ്ടുമന്ത്രിമാരാണ്. ഒരു മന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിന് എന്തു വിഷമമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. മിസ്റ്റര്‍ മുനീറിന് ചുമക്കാനാവാത്ത ഭാരമാണെങ്കിൽ എന്തിന് നഗരഭരണം എടുത്തു മാറ്റണം? സാമൂഹ്യക്ഷേമം മാറ്റിയാൽ പോരെ. ഇതല്ലേ കൂടുതൽ യുക്തിസഹമായ വിഭജനം? യുക്തിരഹിതമായ ഇന്നത്തെ തീരുമാനത്തിന് യുഡിഎഫിന്റെ മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാരണമേ കണ്ടെത്താനാവൂ. നഗരസഭകളിലെ ബിൽഡിംഗ് പ്ളാന്‍ എക്സംപ്ഷന്‍ ഒരു കറവപ്പശുവാണ്. അഴിമതിയുടെ സാധ്യതകളാണ് ഗൂഢലക്ഷ്യം എന്ന് സംശയിച്ചാൽ എങ്ങനെ തെറ്റു പറയാന്‍ കഴിയും?

ഗ്രാമവികസന വകുപ്പ് കോണ്‍ഗ്രസിനാണ്. ഗ്രാമവികസനവകുപ്പു വഴിയുളള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിയന്ത്രണം കൈക്കലാക്കുകയാണ് ലക്ഷ്യം. ഗ്രാമവികസന വകുപ്പിന്റെ സ്കീമുകള്‍ സന്നദ്ധസംഘടനകള്‍ വഴി നൽകുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ടതാണ് ദാരിദ്യനിര്‍മ്മാര്‍ജനത്തിനായുളള ദേശീയ തൊഴിലുറപ്പ് പദ്ധതിപോലെ എന്‍ആര്‍എൽഎമ്മിന്റെ നേതൃത്വത്തിലുളള വിപുലമായ സ്വയംതൊഴിൽ പരിപാടി. ഇതോടെ എസ്ജിഎസ്വൈ നിര്‍ത്തലാക്കും. അയൽക്കൂട്ടങ്ങള്‍ വഴിയാണ് പുതിയ സ്കീം നടപ്പാക്കുന്നത്. കേരളത്തിലെ കുടുംബശ്രീയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സ്കീം ആവിഷ്കരിച്ചിട്ടുളളത്. പഞ്ചായത്തുകളും കുടുംബശ്രീകളും വഴി പുതിയ സ്കീം നടപ്പാക്കാനാണ് എൽഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാൽ സന്നദ്ധ സംഘടനകളെയും അവയുടെ നിയന്ത്രണത്തിലുളള സ്വയംസഹായ സംഘങ്ങളെയുമാണ് മറ്റു സംസ്ഥാനങ്ങള്‍ ആശ്രയിക്കുന്നത്. ജനശ്രീ പോലുളള ബദൽ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ഗ്രാമവികസനവകുപ്പിനെ വെട്ടിമുറിച്ച് കയ്യടക്കിയതിനു പിന്നിലുണ്ട്.

ജനകീയാസൂത്രണ പ്രസ്ഥാനത്തോടെ അധികാരവികേന്ദ്രീകരണം അനുക്രമമായ പുരോഗതിയാണ് കൈവരിച്ചത്. ജനകീയാസൂത്രണം രൂപം നൽകിയ സംവിധാനങ്ങളെ, 1991ൽ ജില്ലാ കൌണ്‍സിലിനെ ഗളഹസ്തം ചെയ്തതുപോലെ 2001ലെ ആന്റണി സര്‍ക്കാരിന് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. പുരോഗതിയുടെ വേഗത ഗണ്യമായി കുറയുകയും ദുര്‍ബലപ്പെടുകയും ചെയ്തു. പക്ഷേ, ഇന്ന് ഉണ്ടായിരിക്കുന്നത് ഒരു തിരിച്ചു പോക്കാണ്. അതാണ് ഇന്നത്തെ അപകടകരമായ സാഹചര്യം. അധികാരവികേന്ദ്രീകണത്തോട് പ്രതിബദ്ധതയുളള മുഴുവന്‍പേരും യുഡിഎഫിന്റെ ഈ ദുഷ്ടനീക്കങ്ങളെ ചെറുക്കാന്‍ ഒന്നിക്കേണ്ടതുണ്ട്.

Administration, Essay, Kerala Government, Local Administration, Politics, Kerala Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും

നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും എവിടെ നടക്കുന്ന രാഷ്ട്രീയ കച്ചവടത്തിൽ എല്ലാ പര്ട്ടികല്ക്കും നല്ല പങ്കു ഉണ്ട് ... എല്ലാവരുംകയിട്ടു വരി നാട് നശിപ്പിക്കും ഒരു പുതിയ ഭരണ സംവീധാനം എവിടെ വരണ്ടത് അത്യവിശം ആണ്