നേര്‍ക്കാഴ്ചകള്‍

ബിരണ്‍ജിത്ത് August 14, 2010

നേര്‍ക്കാഴ്ചകള്‍ സമൂഹത്തിന്റെ നെടുങ്ങനെയുള്ള പരിച്ഛേദങ്ങളാണ്. അവയില്‍ ഇഴ ചേര്‍ക്കപ്പെട്ട ജീവിതങ്ങളില്‍ വിയര്‍പ്പിന്റെ ഉപ്പുരസമുണ്ട്, പ്രതീക്ഷയുടെ ചിറകുകളുണ്ട്, അതിജീവനത്തിന്റെ നിലക്കാത്ത അനുസ്യൂതിയുണ്ട്. ഉപരിപ്ലവങ്ങളായ മഹത്വവല്കരണങ്ങളിലേക്കോ കാല്പനികാവേഗങ്ങളിലേക്കോ വഴിതെറ്റാതെ, ഒരു പിടി പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍.

ഒന്ന്: അച്ചുവേട്ടന്‍

കണ്ണൂരിലെ ഉള്‍പ്രദേശമായ മുല്ലക്കൊടിയിലെ ഒരു ഗ്രാമീണനെ ഇന്ന് നമുക്ക് പരിചയപ്പെടാം.

വിളിപ്പേര്

അച്ചുവേട്ടന്‍.

താമസസ്ഥലം.

കണ്ണൂരിനു 20 കി മി വടക്കു പറശ്ശിനി മുത്തപ്പന്റെ ആവാസസ്ഥാനമാണ്. കള്ളിന്റെയും നനഞ്ഞ മണലിന്റെയും മണം അവിടെ നിന്നു തന്നെ തുടങ്ങുന്നു. പറശ്ശിനിപ്പുഴയുടെ കുറുകെയുള്ള ഭീമമായ പാലം കടന്നു അരിമ്പ്രയിലെത്തി പിന്നെ ഇടത്തോട്ടു 3 അല്ലെങ്കില്‍ 4 കി മി ചെന്നാല്‍ മുല്ലക്കൊടി ആയി. കവലയില്‍ യു പി സ്കൂളുണ്ട്. പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പാറുന്ന ചെങ്കൊടിയുണ്ട്. മണിക്കൂറൊരിക്കല്‍ ഉള്ള ബസ് കവല വരെ മാത്രം. അവിടെ നിന്നും എകദേശം 1 കി മി നടന്നാല്‍ കുത്തനെയുള്ള കയറ്റം. പറങ്കി മാവുകളുടെ ഇടയിലൂടെ ഭീതി ഉറഞ്ഞു കൂടിയ വഴി. വടക്കു വശത്തു പുഴയിലേക്കു നീളുന്ന താഴ്ചയിലേക്ക് നോക്കുന്നത് തന്നെ പ്രയാസം. അങ്ങേയറ്റം എത്തിയാല്‍ ഹരിജന്‍ കോളനി. അതിനു കിഴക്കു വശത്താണു അച്ചുവേട്ടന്റെ വീട്.

ജോലി

പറശ്ശിനിപ്പുഴയില്‍ നിന്നു മണല്‍ വാരല്‍. ഏതാണ്ട് രണ്ടാള്‍പൊക്കത്തില്‍ വെള്ളം ഉണ്ടാകും പറശ്ശിനിപ്പുഴയില്‍. ഒരാള്‍പൊക്കത്തില്‍ ചെയ്തെടുത്ത കഴുക്കോല്‍ വെള്ളത്തില്‍ കുത്തി നിര്‍ത്തി അതിനു മുകളില്‍ തൊണ്ടു വച്ച് കെട്ടി ഒരു തടിപ്പടി ഉണ്ടാക്കി വക്കും. വള്ളത്തില്‍ നിന്ന് ഈ തടിപ്പടിയില്‍ ചവിട്ടി വെള്ളത്തിലേക്കിറങ്ങാം, കുട്ടയും കയ്യിലുണ്ടാകും. കഴയില്‍ തൊണ്ട് വച്ച് കെട്ടിയ തടിപ്പടിയില്‍ ചവിട്ടി, പിന്നെയും താഴെക്ക് പുഴയുടെ അടിതട്ടിലെക്കിറങ്ങും. അപ്പോള്‍ മുഴുവനായി വെള്ളത്തിനടിയില്‍ ആയി. തലയ്ക്കു മുകളില്‍ തന്നെ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. നില തൊട്ടു നില്‍ക്കുക പോലും പ്രയാസം. എന്നിട്ട് കുട്ട വച്ച് മണല്‍ കോരി, അടിത്തട്ടില്‍ കാല്‍ വച്ചമര്‍ന്നു മുകളിലേക്ക് പൊന്തി തടിപ്പടിയില്‍ ചവിട്ടി നിന്നാല്‍ തല മുകളില്‍ ആയി. ഒന്ന് ശ്വാസം എടുക്കാം. എനിട്ട്‌ കുട്ടയിലെ മണല്‍ വള്ളത്തിലേക്ക്‌ തട്ടാം. ഈ അധ്വാനം 8 മുതല്‍ 9 മണിക്കൂര്‍ തുടര്‍ന്നാല്‍, ഒപ്പം 10 ആള്‍ ഉണ്ടെങ്കില്‍ ആറു മുതല്‍ എട്ടും ലോഡു മണല്‍ കിട്ടും ഒരു ദിവസത്തെ പണിയില്‍.

പ്രകൃതിയുമായി നേരിട്ട് മല്ലിടുന്ന പ്രാഥമിക തൊഴിലാണ് മണല്‍ വാരല്‍. പുഴയും ചന്ദ്രനും ആണ് അച്ചുവേട്ടന്റെ ജീവനോപാധികള്‍. ചന്ദ്രന്റെ ഇടപെടല്‍ വേലി ഇറക്കത്തെ നിയന്ത്രിക്കുന്നതില്‍ ആണ്. ഓരോ ദിവസത്തിലും വേലി ഇറങ്ങുന്ന സമയം 40 മിനിട്ട് വച്ച് മാറും, അങ്ങനെ അച്ചുവേട്ടന്റെ പണി സമയവും ഓരോ ദിവസം ഓരോ സമയത്താണ്. ഇന്ന് വെളുപ്പിന് 5 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ ആണെങ്കില്‍ രണ്ടു ആഴ്ച കഴിഞ്ഞാല്‍ ഉച്ച മുതല്‍ വൈകുന്നേരം വരെ ആകാം. ചിലപ്പോള്‍ അര്‍ദ്ധ രാത്രിയിലും ആകാം മണല്‍ വാരല്‍.

കൂലി

ഒരു ദിവസം കൂലി ആയി ശരാശരി 3600 കിട്ടും, 10 പേരുണ്ടെങ്കില്‍ വള്ളക്കൂലിയും കിഴിച്ച് ഒരാള്‍ക്ക്‌ 300 വരെ കിട്ടും, ഇതേ മണല്‍ 25 കി മി അപ്പുറത്ത് മംബറത്തു എത്തുമ്പോള്‍ വില ഇരട്ടിയില്‍ അധികം ആകും. ലോറി വാടക കുറച്ചാല്‍ പോലും മുതലാളിക്ക് കൊള്ളലാഭമാണ് കിട്ടുന്നത്.

കുടുംബം

ശാലിനിയേച്ചി, പിന്നെ മൂന്നു പെണ്‍മക്കള്‍. മൂത്തയാള്‍ മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും, രണ്ടാമത്തെയാള്‍ മുല്ലക്കൊടി യു പി സ്കൂളിലും പഠിക്കുന്നു. മൂന്നാമത്തെയാള്‍ അടുത്തുള്ള ചെറിയ സ്കൂളിലാണ്.

കൃഷി

അച്ചുവേട്ടനു 10 സെന്റു ഭൂമി മാത്രമേ ഉള്ളൂ. അത് കൊണ്ടു കൃഷി അപ്രായോഗികം. മേല്‍ക്കൂരയ്ക്കു മേല്‍ ചാഞ്ഞെങ്കിലും മുറിക്കാതെ നിര്‍ത്തിയിട്ടുള്ള, ഒരു പറങ്കി മാവുണ്ട് - സീസണ്‍ ആയാല്‍ 55 കിലോ ഗ്രാം പറങ്കി അണ്ടി വരെ കിട്ടാറുണ്ട് ആ മാവില്‍ നിന്ന്. ആ വരുമാന സ്രോതസ്സ് മുറിച്ചു മാറ്റാന്‍ എങ്ങനെ കഴിയാന്‍?

ഓരോ നിമിഷവും അച്ചുവേട്ടന്‍ സന്തോഷത്തോടെ ജീവിക്കുകയാണ് - വിജയിയുടേയോ പരാജിതന്റെയോ മുഖാവരണങ്ങളില്ലാതെ.

Portraits Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

sir,you hav potraited a

sir,you hav potraited a common mans lif in simple bt yet powerful words. tho v pity, thm v neve realise hw they sustain in their day 2 day lif. dis woz splendid job indeed :)