സാം മാത്യുവിന്റെ ബലാൽ‌സ്നേഹവും രേഖീയചിത്രകഥകളും

ശ്രീചിത്രൻ എം ജെ September 21, 2016

"ഒരു മനുഷ്യജീവിതത്തിന്റെ സകലമനുഷ്യാധ്വാനങ്ങളേയും തുടർച്ചയായും സ്ഥിരമായും നിക്ഷേപിക്കാനുള്ള ഒരു സ്ഥാപനമായി കുടുംബത്തെ നാം വായിച്ചെടുത്തിരിയ്ക്കുന്നു, അവിടെ നിലനിൽക്കുന്ന പിതൃകേന്ദ്രീകൃതമായ കുടുംബവ്യവസ്ഥയുടെ വിപുലീകരണമായാണ് പിന്നീട് സമൂഹത്തെ കുട്ടി വായിച്ചെടുക്കുന്നത്. അപ്പോൾ ബീജദാനം മഹാദാനമായിത്തീരുകയും ബലാൽസ്നേഹമെന്ന മാനസികാവസ്ഥ സ്വാഭാവികമായിത്തീരുകയും ചെയ്യുന്നു."


“ ഫെമിനിസം നേരിടുന്ന പ്രധാനവെല്ലുവിളി പുരുഷന്മാരായി സ്വയം തിരിച്ചറിയാൻ പുരുഷന്മാരെ നിർബന്ധിക്കുക എന്നതാണ്. പുരുഷന്മാർ ‘പൊതുജന’മാക്കപ്പെടുന്ന നിലവിലുള്ള വ്യവഹാരം അവർക്കു ലഭിക്കുന്നു. ഭരിക്കപ്പെടുന്നവരെന്ന നിലയിൽ സ്ത്രീകൾ ഈ പൊതുജനത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയോ മാറ്റിനിർത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. തീർച്ചയായും സ്ത്രീകളുൾപ്പെടാത്ത പൊതുജനം പൊതുജനമല്ല. എന്നാൽ സ്ത്രീകളെപ്പറ്റിയുള്ള പുതിയ അർത്ഥങ്ങളെ സാധൂകരിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം, പുരുഷന്മാരെ അവരുടെ പൗരുഷത്തിനു നേർക്കുനേർ നിർത്തുക കൂടിയാണ്. അതായത്, പുരുഷന്മാരെ അവരുടെ യഥാർത്ഥപൗരുഷത്തിന്റെു ഉത്തരവാദിത്വം ഏറ്റെടുപ്പിക്കുക കൂടി നമ്മുടെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.”

- അഡ്രിയൻ റീച്ച്

കവിത, കവിതാലാപനം, കവിതാമോഷണാരോപണം, കവിയാരെന്നറിയാൻ അഭിമുഖം, ബലാൽസ്നേഹകവിതാലാപനം, ബലാൽസ്നേഹന്യായീകരണം, പുസ്തകപ്രസാധനം, പ്രസാധനവിമർശനം – ഇങ്ങനെ വില്ലടിച്ചാമ്പാട്ടും അയ്യപ്പൻവിളക്കുമൊക്കെ ഏതാണ്ട് പൂർത്തിയായ സ്ഥിതിക്ക് ഇനി ചിലതു പറയാനുണ്ട്. ഇപ്പോൾ ഇക്കാര്യമെന്നല്ല, വലുതും ചെറുതുമായ ഏതു സംഭവത്തിനും ഇങ്ങനെ രേഖീയമായൊരു പരിണാമമുണ്ട്. മനോരമയ്ക്കു ചിത്രകഥ വരച്ചു വിശദീകരിക്കാൻ പാകത്തിനാണ് ദുനിയാവിലുള്ള സകലതും സംഭവിക്കുന്നതും നിവർത്തിയാവുന്നതും. ചന്ദ്രശേഖരന്റെ കൊലപാതകമാണെങ്കിലും സൗമ്യയുടെ മരണമാണെങ്കിലും പ്രധാനമന്ത്രിയുടേയോ മുഖ്യമന്ത്രിയുടേയോ അപദാനകീർത്തനമാണെങ്കിലും രേഖീയമായി നിർവ്വഹിക്കാവുന്ന ചിത്രകഥാവൽക്കരണത്തിന്റെ ദുരന്തം സംഭവങ്ങളെ കാത്തിരിക്കുന്നുണ്ട്. കാരണം ലളിതമാണ് – ഏത് അതിക്രമത്തേയും അശ്ലീലത്തേയും ഒരുപോലെ ആസ്വാദ്യകരവും ആകാംക്ഷാഭരിതവുമായി വിളമ്പാൻ തയ്യാറായി നിൽക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളുടെ ജോലിയാണ് മാധ്യമപ്രവർത്തനത്തിന്റേത് എന്ന് നാം തന്നെ തീർപ്പാക്കിക്കഴിഞ്ഞിരിയ്‌ക്കുന്നു. അതെ, നാം തന്നെ – മാധ്യമപ്രവർത്തകരെ മനസംതൃപ്തിക്കു ചീത്തവിളിക്കാമെന്നേയുള്ളൂ. ആർക്കും തലയിൽ കയറാവുന്ന ഏക എസ്റ്റേറ്റ് ആണല്ലോ ഫോർത്ത് എസ്റ്റേറ്റ്. നാം തന്നെയാണ് പാതിവെന്തതും വേവാത്തതും ഇന്നലെത്തന്നെ ചീഞ്ഞതുമായ വാർത്തകളെ തീർമേശയിൽ കാത്തിരുന്നു ശീലിച്ചത്. ശീലിപ്പിച്ചവർക്കൊപ്പം ശീലിച്ചവർക്കു പങ്കില്ലാതെ ലോകത്തെങ്ങും ഒരു ശീലവുമില്ല.

അതുകൊണ്ട്, ചിത്രകഥാപരുവത്തിൽ ലളിതരേഖീയമായി കാര്യങ്ങൾ മനസ്സിലാക്കാൻ നാം ശീലിച്ചെടുത്തതുകൊണ്ട്, ആര്യ ദയാലെന്നൊരു പെൺകുട്ടി പാടിപ്പെരുക്കിയ വീഡിയോ ക്ലിപ്പിൽ നിന്നു തന്നെ കഥ തുടങ്ങണം. നവസാങ്കേതികവിദ്യയുടെ തികഞ്ഞ ഉൽപ്പന്നമായിരുന്നു ആ വീഡിയോ ക്ലിപ്പ്. തികച്ചും അമച്വറായ ഒരു റിക്കോഡിങ്ങിൽ, മേക്കപ്പില്ലാമുഖവും ശോകതന്മയീഭാവവും ചേർന്ന ആര്യയുടെ ക്ലോസപ്പും കാൽപ്പനികമായൊരു ശബ്ദവും ചേർന്ന ആ ഉരുപ്പടി, “മെക്സിക്കൻ അപാരത”യേക്കാൾ അപാരമായ പൊതുബോധനിർമ്മിതിയായിരുന്നു. സഖാവ് അടികൊള്ളുകയും ജയിലിലാവുകയും പെണ്ണ് കാത്തിരിക്കുകയും പെണ്ണിനു പേടിയാവുകയും ചെയ്യുന്ന ഈ പൊതുബോധപ്പടപ്പ് “കേൾക്കാനൊരു കൗതുകമുണ്ടല്ലോ” എന്ന തോന്നലോടെ പെയ്തുതീരുകയല്ല, അത്യുദാത്തമൊരു കാവ്യസൃഷ്ടിയെന്ന പോലെ എഴുതിയതാരെന്ന അന്വേഷണവുമായി പെയ്തുതിമർക്കുകയാണ് ചെയ്തത്. നമ്മുടെ സാംസ്കാരികഭാവുകത്വം എത്രമേൽ വ്യവസ്ഥാനുകൂലമാണ് എന്നു വെളിവാക്കുന്ന ഈ സംഭവത്തിൽ പുതിയ കവിതയുടെ ഭാവുകത്വാനുശീലനം സാദ്ധ്യമായ ആരെങ്കിലും ഇടപെട്ടതായേ കണ്ടില്ല. പൊതുബോധത്തിനു അപായകരമാം വിധം കീഴ്‌പ്പെട്ട, അടിമുടി ഉപരിപ്ലവമായൊരു ഇടതുകാൽപ്പനികത സാം മാത്യുവെന്ന കവിയെ ആഘോഷിക്കുന്നു. ‘സഖാവ്’ ഒരുജ്ജ്വല വിപ്ലവകവിതയാണെന്നും കുരീപ്പുഴയുടെ കവിതകളോട് സാമ്യമുണ്ടെന്നും ചിലർ. ഇതാണോ കവിത എന്നു ചില യുവകവികൾ. എന്തായാലും സാം മാത്യു നക്ഷത്രക്കതിരാവുന്നു. അപ്പൊഴാണൊരു ചെർപ്പുളശ്ശേരിക്കാരിക്കുട്ടിയുടെ രംഗപ്രവേശം. സാം മാത്യുവിന്റെയല്ല കവിത എന്റെയാണെന്നു ‘കുഞ്ഞുഗ്രാമ’ത്തിൽ നിന്നു വന്ന പ്രതീക്ഷ. പിന്നെ ആരാണ് പോൾ ബാർബർ എന്ന ‘അക്കരെയക്കരെയക്കരെ’ സ്റ്റൈൽ വിവാദം.

ഇത്രയും കാണാനൊരു കൗതുകമുണ്ടായിരുന്നു. ആ വരികളാരെഴുതിയാലും സാരമില്ല, ഇപ്പൊഴും അതികാൽപ്പനികതയ്ക്കൊരു വളക്കൂറുണ്ടല്ലോ നമ്മുടെ കൗമാരത്തിന് എന്ന സന്തോഷം അത്ര ചെറുതല്ല. കാരണം അതികാൽപ്പനികതയാണ് പിന്നെപ്പിന്നെ, കാണെക്കാണെ, കാൽപ്പനികതയും കാൽപ്പനികതാനിരാസവും മറ്റു പലതുമായി വളർന്നുവന്നിട്ടുള്ളത്. “കടത്തുവഞ്ചി”യെന്ന ക്ഷുദ്രകൃതിയിൽ നിന്നാണ് “ചെമ്മീനി”ലേക്കു തകഴി തുഴഞ്ഞെത്തിയത്. ഇനി തുഴഞ്ഞെത്തിയാലും മുങ്ങിത്താണാലും ഭാവുകത്വത്തിന്റെ ജലവിതാനത്തെപ്പറ്റിയുള്ള തെളിവാണ് പലപ്പോഴും അതികാൽപ്പനികതയും. അത്രയുമാശ്വാസം. ആവലാതികളല്ലാതെ വേവലാതികളില്ലാതായ ഈ പുറന്തോടുലകത്തിൽ അത്രയൊക്കെ ആശ്വാസം തന്നെ ധാരാളം.

എന്നാൽ ചിത്രകഥയവിടെ തീരുന്നില്ല. ‘കുട്ടികളുടെ തമ്മിലടി’ പരിഹരിക്കാൻ തയ്യാറായി ഒരു ടിവി ഷോ രംഗത്തുവരുന്നു. ഒരു ജനതയുടെ ആത്മാവിഷ്കാരം എന്നു കാൽപ്പനികമായും ഒരു ജനതയുടെ ഭൗതികാവിഷ്കാരം എന്നു പ്രായോഗികമായും പറയാവുന്ന കൈരളിച്ചാനലിലെ ജെ ബി ജങ്ഷൻ. അവതാരകൻ ജോൺ ബ്രിട്ടാസ്. പഴയ എസ്.എഫ്.ഐക്കാരനും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദധാരിയും ജെഎൻയുവിലുള്ള പഠിപ്പും സംസ്ഥാന ടെലിവിഷൻ പുരസ്കാരവും കെ വി ഡാനിയേൽ പുരസ്കാരവും ‘ആഗോളവൽക്കരണത്തിന്റെ അച്ചടിമാദ്ധ്യമങ്ങളിലെ സ്വാധീനം’ എന്ന വിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കിയ ബ്രിട്ടാസിന്റെ അഭിമുഖസംഭാഷണത്തിലേക്കാണ് ‘കുട്ടികൾ’ കയറിയിരിക്കുന്നത്. പരിപാടിയിലേക്ക് സ്വാഗതം പറയുന്ന അവതാരകന്റെ ആദ്യവാചകം:

“നമസ്കാരം. ജെ ബി ജങ്ഷനിലേക്ക് സ്വാഗതം. ‘സഖാവ്’ പറഞ്ഞും ഉപയോഗിച്ചും പതം വന്ന വാക്കാണ്. എന്നാൽ ആ വാക്കിന് പുതിയ സൗരഭ്യം പകർന്നുകൊണ്ടുള്ള ഒരു കവിതയെ മുൻനിർത്തിയുള്ള ജെ ബി ജങ്ഷനിലെക്കാണ് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നത്…” ഇടതുബോധമെന്ന, സഖാക്കൾ കൂടെയുണ്ടെന്നും സഖാക്കളുടെ പണം സഖാക്കൾ ലാഭപ്രതീക്ഷ പോലും മനസ്സിൽ വെക്കാതെ തരും എന്ന ഉറപ്പിന്റെ ഒറ്റ മൂലധനവുമായി തുടങ്ങിയ ചാനലിന്റെ തലപ്പത്തിരുന്ന് ‘സഖാവെന്ന വാക്കിനു പറഞ്ഞും ഉപയോഗിച്ചും പതം വന്നു’ എന്ന ആദ്യവാചകത്തിൽ തുടങ്ങുന്ന അശ്ലീലം, തികഞ്ഞ ആദിമദ്ധ്യാന്തപ്പൊരുത്തത്തോടെ നിലനിർത്തിയാണ് ബ്രിട്ടാസ് അഭിമുഖം പൂർത്തിയാക്കുന്നത്. പീതപുഷ്പങ്ങളുടെ കവിതയെഴുതിയ കുട്ടികൾക്കു പോലും ചിരി ചളിപ്പായിത്തീരുന്ന നിലവാരമില്ലാച്ചോദ്യങ്ങളുടേയും പുന്നാരങ്ങളുടേയും തോരാമഴ. “നീ എന്തിനാ….പഠിക്കുന്നേ” എന്നും “നന്നായി പഠിക്കുവോ” എന്നും “സാമിനെ കണ്ടതോടെ പ്രതീക്ഷക്ക് സഹതാപമായെ”ന്നും “ആര്യ വേറെ കോളേജിലായിപ്പോയി” എന്നും പുളിക്കുന്ന തമാശകൾ. ‘മുരുകൻ കാട്ടാക്കട ഇവിടെ വരേണ്ട ആളല്ല” എന്നതുപോലെയുള്ള ഹൈരാർക്കിവാചകങ്ങൾ. ഇതെല്ലാം കണ്ടും ചിരിച്ചുമിരിയ്ക്കുന്ന ആൺ - പെൺകുട്ടികൾ. ബ്രിട്ടാസിന്റെ കാര്യത്തിൽ ഒരത്ഭുതത്തിനും വകയില്ല. ഇതിനപ്പുറം ചാടിക്കടനന്നവനാണാ കെ കെ ജോസഫ്. മുൻപു ‘നമ്മൾ തമ്മിലും’ ഇപ്പൊൾ ‘ജെ ബി ജങ്ഷനു’മായി ബ്രിട്ടാസ് പറഞ്ഞുകൂട്ടിയ സ്ത്രീവിരുദ്ധതകളുടെ ലിസ്റ്റ് എന്റെ കയ്യിലില്ല. ആകെ കണ്ട അഞ്ചോ ആറോ എപ്പിസോഡുകളിലേത് എഴുതിക്കൂട്ടാൻ തന്നെ ഒരു ദിവസം വേണ്ടി വരും. വിദ്യാഭ്യാസവും വിവരവും തമ്മിലുള്ള സകലബന്ധധാരണകളെയും തകർക്കുന്നത് ഇങ്ങനെ ചില ജന്മങ്ങളാണ്. സ്വന്തം നേതൃസ്ഥാനമുള്ള ഒരു ചാനലിൽ സ്വന്തം പേരിട്ടൊരു പരിപാടി നടത്തുന്നതിലെ അപഹാസ്യത പോലും തോന്നാത്തത്രയും കടുത്ത അബോധം ബ്രിട്ടാസിനു സ്വന്തമാണ്. അതുകൊണ്ട് സെപ്റ്റിക്ക് ടാങ്ക് കുത്തിത്തുറന്നു വിശകലനത്തിൽ ഒരു പ്രസക്തിയുമില്ല. എന്നാൽ, മഹാമാധ്യമപ്രവർത്തകനും കൂട്ടരും അങ്ങു ‘പ്രോൽസാഹിപ്പിച്ച’ സാമിന്റെ ‘കവിത’ അത്ര നിരുപദ്രവകരമല്ല. ആ കവിത സൃഷ്ടിക്കുന്ന പ്രതികരണങ്ങളും.

ജീവിതത്തെ ജീവിതവ്യമാക്കിത്തീർക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ വിറകൊള്ളുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ഇന്നു ജീവിതം ജീവിച്ചുതീർക്കുന്നത്. ഒരുതരത്തിലുള്ള ഇടപെടൽ ശേഷിയുമില്ലാതെ നിസ്സഹായയായി ബലാസംഗം ചെയ്യപ്പെട്ട് റെയിൽവേ ട്രാക്കിൽ എറിയപ്പെട്ട ഒരു പെൺകുട്ടിയുടെ കൊലപാതകി ആരെന്നുപോലും തീർച്ചപ്പെടുത്താൻ പരമോന്നതകോടതിയ്ക്കു കഴിയുന്നില്ല. ഈ സാമൂഹിക ചുറ്റുപാടിലാണ് ഇത്തരമൊരാശയത്തിന് കയ്യടിക്കാൻ തയ്യാറുള്ളവരുടെ കൂട്ടമായി നാം പരുവപ്പെടുന്നത്. ജെ ബി ജങ്‌ഷൻ, ഉള്ളടക്കം ചോർന്നുപോയ നമ്മുടെ സമൂഹപ്പകർപ്പാണ്.

ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് ബലാൽസംഗം ചെയ്തയാളോട് തോന്നുന്ന പ്രണയമാണ് കാവ്യതന്തു. പെൺകുട്ടി ശരിയ്ക്കും കുട്ടിയാണെന്നാണ് പിന്നീട് സാമിന്റെ വിശദീകരണം. എന്തായാലും ബലാൽസംഗം കഴിഞ്ഞു ‘ബീജദാനം’ നടന്നതൊടെ പ്രണയമുണരുന്നു. പിന്നെ ‘അമ്മയാവുന്നു – മാറും നന്മയാവുന്നു.’ കവിത ചൊല്ലിത്തുടങ്ങും മുൻപേ ജെ.എൻ.യു “ബുദ്ധിജീവി” പ്രതീക്ഷയോട് പ്രോൽസാഹിപ്പിക്കാൻ പറയുന്നുണ്ട്. കവിത കഴിഞ്ഞയുടനേ സകലരുടെയും പ്രോൽസാഹനവും കിട്ടുന്നുണ്ട്. അതിനു മുൻപേ സാമിനു സൗജന്യമായൊരുപദേശം – “എന്നുകരുതി നീ ബലാൽസംഗമൊന്നും ചെയ്തേക്കരുത് കേട്ടോ” അതു കേട്ടു മൂന്നു പെൺകുട്ടികൾ ചിരിച്ചുമറിയുന്ന വിഷ്വൽ.

ഇവിടെയാണ് കാതലായ പ്രശ്നം – കാതലിനെ രണ്ടായി തിരിക്കാം. അതിൽ ഒന്നാം ഭാഗം ബലാൽസംഗവും ബലാൽസ്നേഹവുമാണ്. ഈ ബലാൽസംഗം എന്ന പരിപാടിയിൽ മുഖ്യപ്രതി ധർമ്മരാജനും ഗോവിന്ദച്ചാമിയുമൊന്നുമല്ല, അധികാരവ്യവസ്ഥയാണ്. ബലാൽസംഗത്തെ പുരുഷന്റെ ലൈംഗികചോദനകളുടെ ശരി/തെറ്റ് ദ്വന്ദ്വത്തിലേക്ക് ന്യൂനീകരിച്ചു വായിക്കുന്നത് തികഞ്ഞ അധികാരയുക്തിയാണ്. ബലാൽസംഗം എന്നാൽ സാമൂഹ്യശാസ്ത്രപ്രകാരം കേവലരതിയേയല്ല, അധികാരപ്പിടിവലികളുടെ രൂപപരിണാമമാണ്. അധികാരവ്യവസ്ഥ നടത്തുന്ന കുറ്റകൃത്യത്തിലേക്കാണ് ബലാൽസംഗത്തെ ഏതു നവീനചിന്തയും മാറ്റിസ്ഥാപിക്കുന്നത്. ബലാൽസംഗത്തെ സ്ത്രീയുടെ മേലുള്ള പുരുഷന്റെ കേവലമായൊരു കൈയ്യേറ്റമായിപ്പോലും ചെറുതാക്കാത്ത ഇക്കാലത്ത്, ബലാൽസംഗത്തിലൂടെ നടന്ന ‘ബീജദാനം’ വഴി സൃഷ്ടിക്കപ്പെടുന്ന ‘ബലാൽസ്നേഹം’ എന്നൊന്നുണ്ട് എന്ന ഭാവന എത്രമേൽ ശക്തമായൊരു രാഷ്ടീയവൈകൃതമാണ്! തെളിയിക്കപ്പെടാത്ത സ്റ്റോക്ക്ഹോം സിൻഡ്രോമിന്റെ വ്യാഖ്യാനസാദ്ധ്യതകളിലല്ല ഈ ഭാവന വേരൂന്നി നിൽക്കുന്നത്, തികഞ്ഞ പുരുഷാധിപത്യമൂല്യങ്ങളിലാണ്. എങ്ങനെയെങ്കിലും കീഴ്‌പ്പെടുത്തപ്പെടുന്നതോടെ ഉറവെടുക്കുന്ന ഒന്നായി സ്ത്രീക്കു പുരുഷനോടുള്ള സ്നേഹത്തെ കാണുന്ന ഈ വൈകൃതത്തിന് മറ്റൊരു ന്യായീകരണവുമില്ല. രണ്ടാമത്തേത് മാതൃത്വത്തിന്റെ മഹത്വവൽക്കരണമാണ്. സ്ത്രീജീവിതത്തിന്റെ അനേകം ദശകളിൽ ഒന്നാണ് – മകളും സഹോദരിയും കൂട്ടുകാരിയും പങ്കാളിയുമെന്ന പോലെ ഒരവസ്ഥയാണ് അമ്മയും. അതിലൊട്ടും കൂടുതലില്ല, കുറവുമില്ല. അതിനു പകരം അമ്മയ്ക്കു നമ്മൾ നൽകിയ അതികാൽപ്പനികപരിവേഷമാണ് ഇപ്പോൾ ഇത്തരം പടർപ്പുകളിൽ കേരളം കണി കണ്ടുണരുന്ന നന്മയായി അമ്മയെ അവരോധിച്ചത്. കുട്ടി നന്നായാൽ ‘അവൻ/അവൾ എന്റെ കുട്ടിയാ” എന്നഭിമാനിയ്ക്കുകയും കുട്ടി ചീത്തയായാൽ, ‘നിന്റെ വളർത്തുദോഷ’മാണെന്നു അമ്മയെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അമ്മയെന്ന ‘നന്മമര’ത്തിന്റെ വാർപ്പുമാതൃകയെ സാമിന്റെ കവിത ഒറ്റനോട്ടത്തിൽ തന്നെ പങ്കുവെക്കുന്നു.

ഈ രണ്ട് പൊതുബോധസൃഷ്ടികളേയും ഒരു വിമർശനസാന്നിദ്ധ്യം പോലുമില്ലാതെ ചിരിച്ചുപ്രോൽസാഹിപ്പിക്കുന്ന, അവിടെക്കണ്ട അന്തരീക്ഷമാണ് ഏറ്റവും അപായകരവും ഹിംസാത്മകവുമായ വ്യവസ്ഥാനുകൂലലോകം. ഇതു സൃഷ്ടിച്ചെടുത്തത് അങ്ങേയറ്റം പ്രതിലോമകരമായ നമ്മുടെ കുടുംബവ്യവസ്ഥയാണ്. അരക്കെട്ടുകളുടെ ചേർച്ചയും സംബന്ധം കൂടലിനുമപ്പുറം വികസിക്കാനാവാത്ത ദാമ്പത്യങ്ങളുടെ ആകെത്തുകയിൽ നിന്നു വരുന്ന ഓരോരുത്തരിലും ഈ പ്രോൽസാഹനസാദ്ധ്യതയുണ്ട്. നമ്മുടെ കുടുംബങ്ങളിൽ വലതുമില്ല, ഇടതുമില്ല – മുഴുവനായും വലതാണ്. ഒരു മനുഷ്യജീവിതത്തിന്റെ സകലമനുഷ്യാധ്വാനങ്ങളേയും തുടർച്ചയായും സ്ഥിരമായും നിക്ഷേപിക്കാനുള്ള ഒരു സ്ഥാപനമായി കുടുംബത്തെ നാം വായിച്ചെടുത്തിരിയ്ക്കുന്നു, അവിടെ നിലനിൽക്കുന്ന പിതൃകേന്ദ്രീകൃതമായ കുടുംബവ്യവസ്ഥയുടെ വിപുലീകരണമായാണ് പിന്നീട് സമൂഹത്തെ കുട്ടി വായിച്ചെടുക്കുന്നത്. അപ്പോൾ ബീജദാനം മഹാദാനമായിത്തീരുകയും ബലാൽസ്നേഹമെന്ന മാനസികാവസ്ഥ സ്വാഭാവികമായിത്തീരുകയും ചെയ്യുന്നു. കവിതയുടെ ഉടമസ്ഥാവകാശത്തർക്കം ഇനി പ്രശ്നമാവില്ല. മാദ്ധ്യമങ്ങൾക്കെല്ലാം അടുത്ത പരിപാടിവരെ നീളമേ ഈ വാർത്തയ്ക്കൂള്ളൂ. എന്നാൽ ഇടതുപക്ഷം അഭിസംബോധന ചെയ്യേണ്ട ഒഴിവിടങ്ങളെപ്പറ്റി ഈ സംഭവം കൃത്യമായി ഓർമ്മിപ്പിക്കുന്നു. ക്രിമിനൽ മൂലധനത്തിന്റെ ഹിംസാത്മകമായ സാംസ്കാരികലോകം സ്ത്രീജീവിതങ്ങളെ കൂടുതൽ ശക്തമായി തുറുങ്കിലിടുകയാണ്. ജീവിച്ചിരിക്കുക തന്നെ കുറ്റകൃത്യമായിത്തീരുന്ന അവസ്ഥ. ജീവിതത്തെ ജീവിതവ്യമാക്കിത്തീർക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെ വിറകൊള്ളുന്ന ഒരു അന്തരീക്ഷത്തിലാണ് നാം ഇന്നു ജീവിതം ജീവിച്ചുതീർക്കുന്നത്. ഒരുതരത്തിലുള്ള ഇടപെടൽ ശേഷിയുമില്ലാതെ നിസ്സഹായയായി ബലാസംഗം ചെയ്യപ്പെട്ട് റെയിൽവേ ട്രാക്കിൽ എറിയപ്പെട്ട ഒരു പെൺകുട്ടിയുടെ കൊലപാതകി ആരെന്നുപോലും തീർച്ചപ്പെടുത്താൻ പരമോന്നതകോടതിയ്ക്കു കഴിയുന്നില്ല. ഈ സാമൂഹിക ചുറ്റുപാടിലാണ് ഇത്തരമൊരാശയത്തിന് കയ്യടിക്കാൻ തയ്യാറുള്ളവരുടെ കൂട്ടമായി നാം പരുവപ്പെടുന്നത്. ജെ ബി ജങ്‌ഷൻ, ഉള്ളടക്കം ചോർന്നുപോയ നമ്മുടെ സമൂഹപ്പകർപ്പാണ്.

ഇതിനർത്ഥമായി മുൻപ് അതിശക്തമായിരുന്ന സാംസ്കാരികഭാവുകത്വം പുതിയ കുട്ടികളിൽ ചോർന്നുപോയിരിക്കുന്നു എന്നേയല്ല. കൂടുതൽ ദുഷിച്ച കാർണിവലായി മാറുന്ന സാമൂഹ്യാന്തരീക്ഷം രാഷ്ട്രീയ- സാമൂഹികബോധമുള്ള യുവതലമുറയെ പിൻനിർത്തുകയും ഇത്തരം ജനപ്രിയാഘോഷങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ്. നവോത്‌ഥാനഘട്ടം മുതൽ സാമുദായികപ്രസ്ഥാനങ്ങളിലൂടെയും പുരോഗമനപ്രസ്ഥാനങ്ങളിലൂടെയും കടന്നുപോന്ന ആധുനികകേരളത്തിന്റെ നൈതികവിക്ഷോഭങ്ങളുടെ വിശാലഭൂമിയിൽ നിന്ന് ഇടതുപക്ഷത്തെയും, ആധികാരികമായ ഏതുതരം വ്യവഹാരത്തിൽ നിന്നും സ്ത്രീകൾ ഒഴിവാക്കപ്പെടുന്നതിന്റെ നിഷേധവും പ്രതിഷേധവുമായി ഫെമിനിസത്തെയും വായിച്ചെടുക്കാൻ ഇന്നു പ്രയാസമായിട്ടുണ്ട്. അത്തരം പ്രയാസങ്ങളെ ശക്തിപ്പെടുത്തുന്ന വർഗീയതയുടേയും വലതുചിന്തയുടേയും പ്രസരണശേഷി മുൻപെന്നത്തേതിലുമധികം പ്രബലമായിത്തീർന്നിട്ടുമുണ്ട്. ഏതു മൗലികചിന്താപദ്ധതിയേയും കേവലവൽക്കരിക്കുന്ന അധികാരയുക്തിക്ക് അതിവേഗം കീഴടങ്ങുന്ന രാഷ്ടീയപശ്ചാത്തലമാണ് നിലവിലുള്ളത്.

ജാതിയും മതവുമടങ്ങുന്ന സകല വ്യവസ്ഥാപിത സ്ഥാപനങ്ങളും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പരസ്യപ്രഖ്യാപനം നടത്തുന്ന നാട്ടിൽ നിസ്വവർഗ്ഗമായ സ്ത്രിവർഗ്ഗത്തിന്റെ സമരങ്ങൾക്ക് അതിശക്തമായ ധ്വനനശേഷിയുണ്ട്. അപ്പോഴാണ് പരമാവധി വ്യവസ്ഥാനുകൂലിയായ, സ്ത്രീവിരുദ്ധത കൊണ്ട് ചിരിച്ചാർക്കുന്ന, ഇത്തരം അശ്ലീലങ്ങൾ ഇടതു ഭൗതികാടിത്തറയിൽ നിൽക്കുന്ന ചാനലിൽ കാണിക്കുന്നത്. ചിരിച്ചാർക്കുന്നവരും, സാം മാത്യുവും പ്രതീക്ഷയും ആര്യ ദയാലുമല്ല ഇക്കാര്യത്തിലെ കുറ്റവാളികൾ. മികച്ച മാദ്ധ്യമപ്രവർത്തകനെന്ന അഴകിയ രാവണൻ പട്ടം കെട്ടിയിരിക്കുന്ന ബ്രിട്ടാസുമല്ല. ഇത്രമേൽ വിമർശശേഷിയില്ലാത്ത ഒരു തലമുറയെ നിർമ്മിച്ചെടുത്ത നമ്മളാണ്. അതിൽ നിന്നു പരിണമിക്കാത്തിടത്തോളം ഇവയെല്ലാം തുടരും.

Ethical Journalism, John Brittas, Politics, rape culture, Gender, Kerala, Note Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments