തെറിയുടെ മാനിഫെസ്റ്റോ

ശ്രീഷമീം April 6, 2016

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മാഗസിന്റെ പുറംചട്ട


ജഡ്ജി: അതാണു നിയമമെങ്കിൽ, ഞാനെന്റെ നിയമപുസ്തകങ്ങൾ കത്തിക്കും.

വക്കീൽ: വേണ്ട സാർ, അങ്ങതു വായിച്ചാൽ നന്നായിരിക്കും.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ മാഗസിൻ തീയിട്ടുകൊണ്ട് അക്ഷര വിരോധികളായ സംഘി കുട്ടികൾ ഒരിക്കൽ കൂടി അവർ ഇന്ന് ഇന്ത്യ മുഴുവൻ ഊട്ടി ഉറപ്പിക്കുന്ന ഫാസിസത്തോടുള്ള പ്രതിബദ്ധത വിളിച്ചോതുന്നു. ഈ മാഗസിനിന് എതിരെ അവര്‍ ആരോപിക്കുന്നത് മൂന്നു കാര്യങ്ങളാണ്: ഇതില്‍ തെറിയുണ്ട്, അശ്ലീലമുണ്ട്, രാജ്യവിരുദ്ധത ഉണ്ട്. ഈ ആരോപണങ്ങളെ സംബന്ധിച്ചു ചില ചോദ്യങ്ങൾ ചോദിക്കട്ടെ? ചോദ്യങ്ങൾ നിങ്ങൾക്ക് അലർജി ആണെന്ന് അറിയാം. എങ്കിലും ചോദിക്കട്ടെ. ചെറ്റ, പുലയാടിമോൻ, തുടങ്ങിയ ചെറിയ തെറികൾ മുതൽ മലയാള ഭാഷയിൽ ഇതുവരെ അംഗത്വം പോലും ലഭിക്കാത്ത വലിയ പെരുത്ത തെറികൾ വരെ ഭാഷയിൽ സ്വയം ഉണ്ടായി വന്നതാണോ? നിങ്ങളുടെ അഭിപ്രായത്തില്‍ ആ തെറികൾ ഉണ്ടായി വന്നത് എങ്ങിനെയാണ്? ആ വാക്കുകൾക്കു ഒരു ചരിത്രമുണ്ടെന്നു നിങ്ങളും സമ്മതിക്കുന്നുവോ? ആ ചരിത്രം പഠിക്കുക എന്നതും കൂടി അല്ലേ വിദ്യാർത്ഥികൾ എന്ന രീതിയിൽ നമ്മുടെ ദൌത്യം. ചെറ്റ കുടിലിൽ താമസിക്കുന്നവരെ അധഃകൃതനായി നൂറ്റാണ്ടുകളോളം നിലനിർത്തി അടിമവേല ചെയ്യിച്ച സവർണ്ണന്റെ പദങ്ങൾ മാത്രം വായിച്ചാൽ മതിയോ. ആ പദങ്ങൾ ഉപയോഗിച്ചെഴുതിയ ചരിത്രം മാത്രം വായിക്കുന്ന നമ്മൾ ഏകപക്ഷീയമായി ചിന്തിക്കുകയല്ലേ? ചരിത്രത്തിന്റെ മറുപുറത്തെ വെളിച്ചം നിഷേധിച്ചതും, ത്യഗപൂർണ്ണവും ആയ ഒരിടത്തെ നിങ്ങൾ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? വേവലാതിപ്പെടുന്നത്?

കഴുവേറി എന്ന വാക്കിന് ചരിത്രമില്ലേ? ആ ചരിത്രം, ഈ രാജ്യത്തെ സവർണ്ണ തമ്പുരാക്കന്മാർ കഴുവേറ്റി കൊന്നുകളഞ്ഞ രോഹിത് വെമുലമാരിലെത്തി നിൽക്കുന്നവരുടെ ചരിത്രമല്ലേ?

കഴുവേറി എന്ന വാക്കിന് ചരിത്രമില്ലേ? ആ ചരിത്രം, ഈ രാജ്യത്തെ സവർണ്ണ തമ്പുരാക്കന്മാർ കഴുവേറ്റി കൊന്നുകളഞ്ഞ രോഹിത് വെമുലമാരിലെത്തി നിൽക്കുന്നവരുടെ ചരിത്രമല്ലേ? ദേഷ്യം തോന്നിയവരെ നിങ്ങൾ കഴുവേറി എന്ന് വിളിച്ചാൽ അവർ കഴുമരത്തിലേക്ക് ഏറാൻ യോഗ്യതയുള്ള, നിലനില്ക്കുന്ന നിയമങ്ങളെ അനുസരിക്കാത്തവർ എന്നല്ലേ അർത്ഥം? നിങ്ങൾ കഴുവേറിയെ എന്നത്തെയും പോലെ അധികാരത്തിന്റെ ഭാഗത്തുനിന്നു നോക്കുന്നു. ഞങ്ങൾ അതിനെ കഴുവേറ്റപ്പെടുന്ന വെറും മനുഷ്യരുടെ ഭാഗത്തുനിന്നും. അങ്ങിനെ കഴുവേറി ചരിത്രം വഴിതിരിച്ച ആളല്ലേ ഭഗത് സിംഗ്? ഭഗത് സിംഗ് കഴുവേറിയപ്പോളും ‘ഭാരത മാതാ’ എന്ന് വിളിക്കാതെ ‘ഇങ്കിലാബ് സിന്ദാബാദ്’ എന്നാണ് വിളിച്ചത് എന്ന് തികച്ചും സാന്ദർഭികമായി ഓർമ്മ പ്പെടുത്തുന്നു. ഇങ്ങു കേരളത്തില്‍ ചിരുകോടനും അപ്പുകുട്ടനും അബൂബക്കറും അടക്കം പേരറിയാത്തവരും അറിയുന്നവരുമായി പലരും അങ്ങിനെ കഴുവേറി ചരിത്രം മാറ്റിയവർ തന്നെ. അപ്പോള്‍ തെറി വിളിക്കാനാണോ നിങ്ങൾ ഉത്ബോധിപ്പിക്കുന്നത് എന്ന് തിരിച്ചു ചോദിക്കാം. അല്ല, അല്ലേ.. അല്ല. തെറികൾ ഉണ്ടായ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കണം. അവ ഭാഷയിൽ നിന്നെങ്ങനെ മാറ്റി നിരത്തപ്പെട്ടു എന്നറിയണം. അതാരെ ആദ്യം അഭിസംബോധന ചെയ്തു എന്നറിയണം. ഔദ്യോഗിക ഭാഷ എങ്ങിനെ ഈ രാജ്യത്തെ വലിയൊരു വിഭാഗത്തെ മാറ്റി നിർത്തി, സവർണ്ണന്റെ ചരിത്രം മാത്രമെഴുതുന്ന പദാവലി മാത്രമായി മാറിയെന്നറിയണം. അതറിഞ്ഞാൽ, പഠിച്ചാൽ, വിശകലനം ചെയ്‌താൽ, വായിച്ചാൽ, തെറിച്ച വാക്കുകൾ എത്ര കൊടിയ പാർശ്വവത്കരണത്തിന്റെ, അവഗണനയുടെ, അവസര നിഷേധത്തിന്റെ, ആത്മഹത്യാ കാരണങ്ങളുടെ താക്കോൽ ആണെന്ന് തിരിച്ചറിയും. ആ ബോധമുള്ളവർ ആ വാക്കുകൾ ഇനി ഉപയോഗിക്കുമ്പോൾ അതിന്റെ ചരിത്രത്തെ ഓർത്തു വ്യാകുലപ്പെടും. അതിനുള്ള ഒന്നാം പടിയാണ് ഈ മാഗസിൻ.

അശ്ലീലം

മലയാള സാഹിത്യത്തിൽ അശ്ലീലം എന്ന് നിങ്ങൾ ആരോപിക്കുന്ന ചില കവിതാ ശകലങ്ങൾ എന്നും ഉണ്ടായിട്ടുണ്ട്. വൈശിക തന്ത്രവും ഉണ്ണിയച്ചീ ചരിതവും മറ്റു പല അച്ചീ ചരിതങ്ങളും ഉണ്ടായത് മലയാളത്തിൽ അല്ലേ? പുനത്തിൽ കുഞ്ഞബ്ദുള്ള, ഒ.വി. വിജയൻ (ധർമ്മ പുരാണം) എസ്. കെ. പൊറ്റക്കാട് (വിഷകന്യക), ബഷീർ, എം. മുകുന്ദൻ, സക്കറിയ തുടങ്ങിയവരുടെ കൃതികളിൽ അശ്ലീലം (എന്ന് നിങ്ങൾ വിളിക്കുന്ന) പദങ്ങൾ ഇല്ലേ? കാമസൂത്രം എന്ന ഗ്രന്ഥം ലോകത്തിനു സംഭാവന ചെയ്ത സമൂഹമല്ലേ നമ്മുടേത്‌? നമ്മുടെ ക്ഷേത്ര മതിലുകളിലും ഗോപുരങ്ങളിലും അവ ആലേഖനം ചെയ്തിട്ടില്ലേ? പിന്നീട് വിദേശ അധിനിവേശ ഫലമായി വിക്ടോറിയൻ സദാചാര ബോധത്തിന് കീഴ്പെട്ടപ്പോൾ അല്ലേ നമ്മൾ ഈ പദങ്ങൾ അശ്ലീലം എന്നും മറ്റും പറഞ്ഞു മാറ്റി നിർത്തിയത്. സദാചാര സങ്കൽപ്പങ്ങൾ ചില ഉദാഹരണങ്ങൾ ഉദ്ധരിക്കുമ്പോൾ വീണ്ടും അശ്ലീലം പറഞ്ഞു എന്ന് ദയവു ചെയ്ത് ആക്ഷേപിക്കരുത്.മാഗസിനിൽ നിന്ന്
"വേലപ്പെണ്ണിൻ മുലയിൽ മരുവും ചന്ദനാമോദാരമ്യെ
ചലചീറ്റം പെരുകിയുരുകീടിന്റെ വിശ്വംഭാരായ:
കോലക്കണ്ണിൻ മുന കനകമയം പുക്കു നിൻ മറവിൽ മന്ദം
നീലക്കല്ലാൽ വിലസിന മണികൌസ്തുഭം വെല്‍വതാക"
(ഉണ്ണുനീലി സന്ദേശം)


"മുത്തണി സ്ഥനയുഗം പതിഞ്ഞതിൻ
മെത്തമേലരിയ പാടു കാണ്മു ഞാൻ
ചിത്തമോഹിനി കമിഴ്ന്നതിൽ കിട
ന്നത്തൽ പോക്കിയതിനുണ്ട് ലക്ഷണം."
“പീനസ്തനിക്കുടയ ചാരുകുജോത്തരീയം
ദൂനത്വശംസി നെടുവീർപ്പുകളാലുടഞ്ഞും”
(വള്ളത്തോൾ )

ഇനിയും ഉദാഹരണങ്ങൾ ഉണ്ട്. ഞാനൊരു മലയാള സാഹിത്യ വിദ്യാർത്ഥിയല്ലാത്തതിനാൽ എനിക്കവ പലതും ക്രോഡീകരിക്കാനുള്ള സമയം ലഭിച്ചില്ല. ഇതെല്ലാം മലയാള സാഹിത്യത്തിൽ വിവിധ കാലങ്ങളിൽ ഇറങ്ങിയ കൃതികളിൽ ഉള്ള ശ്ലോകങ്ങൾ ആണ്. ഇതൊന്നും ഇതുവരെ കേട്ടിട്ടില്ല എങ്കിൽ ഗുരുവായൂരപ്പൻ കോളേജിൽ തന്നെയുണ്ട് നല്ലൊരു മലയാളവിഭാഗവും ഏറെ പ്രതിഭാധനരായ കുറെ അധ്യാപകരും. അവരെ കണ്ടാലും നിങ്ങൾക്ക് ഈ കാര്യങ്ങൾ ചോദിച്ചു പഠിക്കാം. പഠിക്കുക എന്നത് അത്ര മോശം കാര്യമൊന്നുമല്ല സംഘികളേ. ഇനി ഈ കോളേജ് മാഗസിനിനെ കുറിച്ചാണെങ്കിൽ, ഇതൊരു ലക്ഷണമൊത്ത സാഹിത്യ സൃഷ്ടി ഒന്നുമല്ല. അങ്ങനെയാക്കാൻ ഉദ്ദേശവുമില്ല. ഇതിനൊരു തീം ഉണ്ട്; ആ തീമിന് ഒരു രാഷ്ട്രീയവും. അത് അധ്വാനിക്കുന്നവരുടെയും, തൊഴിലെടുക്കുന്നവരുടെയും, ദളിതരുടെയും, വേശ്യയെന്നു നിങ്ങൾ വിളിക്കുന്നവരുടെയും, മൂന്നാംലിംഗക്കാരെന്ന് നിങ്ങൾ വിളിക്കുന്നവരുടെയും, എല്ലാം രാഷ്ട്രീയമാണ്, ഇല്ലാത്തവരുടെ ജീവിതമാണ്. ജാതീയമോ വര്‍ഗ്ഗീയമോ അല്ല അതിന്‍റെ ആത്മാവ്. അധ്വാന വർഗ്ഗത്തിന്റെ, ചരിത്രം നിഷേധിച്ചവരുടെ രാഷ്ട്രീയമാണത്. അതിനെ എന്തിനാണ് നിങ്ങൾ കത്തിച്ചു കളയുന്നത്. വരൂ സുഹൃത്തെ നമുക്ക് സംസാരിക്കാം, ചര്ച്ച ചെയ്യാം, യോജിക്കാൻ പറ്റാത്ത ഇടങ്ങളെ വിശദമായി തിരിച്ചറിയാം, യോജിക്കാവുന്ന ഇടങ്ങൾക്കായി സന്ധിയില്ലാതെ ഒരുമിച്ചു സമരം ചെയ്യാം. ചില വിമർശനങ്ങള്‍ക്ക് കൂടി അഭിപ്രായം രേഖപ്പെടുത്തി ഈ കുറിപ്പ് നിർത്താം. ഇതിനൊരു കോളേജ് മാഗസിന്റെ സെറ്റപ്പ് ഇല്ലെന്ന ഒരു വിമർശനം കണ്ടു. ശരിയാണ്. കോളേജിൽ "കുട്ടികൾ" ഇന്നതേ ചർച്ച ചെയ്യാവൂ പോലും. പുതിയ കാര്യങ്ങൾ ഒന്നും ഉൾകൊള്ളിക്കരുത്. മുതലാളിത്തവും, വർഗ്ഗീയതയും കൂട്ടുപിടിച്ച ഹിന്ദു ഫാസിസത്തിന് അഹിതമായതൊന്നും അരാഷ്ട്രീയ മദ്ധ്യവർഗ്ഗ നാഗരിക യുവത്വത്തിന് അസ്വീകാര്യമായതൊന്നും ചെയ്യരുത് എന്ന് വിവക്ഷ. പ്രണയം, വിരഹം, വേർപാട് എന്നൊക്ക എഴുതുന്ന പൈങ്കിളി തട്ടിക്കൂട്ട് സെറ്റപ്പ് മതിപോലും. ഈ മാഗസിൻ തീഷ്ണമായ ജീവിത യാഥാർത്ഥ്യവും അതിന്റെ രാഷ്ട്രീയവും ചർച്ച ചെയ്യുന്നു. ഇതു തന്നെയാണ് ഒരു വിദ്യാർത്ഥി ചർച്ച ചെയ്യണ്ടത് എന്ന് ഞങ്ങൾ കരുതുന്നു.

ദേശീയതയും രാഷ്ട്ര ബോധവും ഒന്നല്ല. രാഷ്ട്രം എന്നത് ഒരു രാജ്യത്തെ അതിരിനെ മാത്രം സൂചിപ്പിക്കുന്ന ഏറെ ഭൂമി ശാസ്ത്രപരമായ ഒരു സംജ്ഞ ആണ്. എന്നാൽ ദേശീയത അതിരുകൾക്ക് അകത്ത് ജീവിക്കുന്ന മനുഷ്യരെയും ഉൾക്കൊള്ളുന്നു. അതു കൊണ്ട് ദേശീയത ബഹുസ്വരത ഉള്ള പദമാണ്.

രണ്ടാമത്തെ വാദം കണ്ടത് മാഗസിൻ ഉപരിപ്ലവമായി വിഷയങ്ങളെ സമീപിക്കുന്നു എന്നാണ്. പൂർണ്ണമായും അംഗീകരിക്കുന്നു. ഏറ്റവും മുന്തിയ തെറികളിലേക്ക് മാഗസിൻ നടന്നിട്ടില്ല. അത്തരം പദങ്ങളിൽ ആഴത്തിലുള്ള ഗവേഷണം നടത്തിയിട്ടില്ല. അതുകൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സവർണ്ണ ഫാസിസ്റ്റുകളുടെ സകല നിയന്ത്രണങ്ങളും പോയേനെ. അതുപോട്ടെ, ആ വിമർശനം ഈ രംഗത്തെ പുതിയ നാമ്പുകൾക്ക് വെള്ളവും വെളിച്ചവും വളവും നല്കട്ടെ.

മൂന്നാമത് മാഗസിനിലെ ഒരു ലേഖനം എഴുതുകയും പിന്നീട് സ്വന്തം അക്ഷരം തന്നെ കത്തിക്കാൻ നേതൃത്വം നല്‍കുകയും ചെയ്ത എന്റെ സുഹൃത്തിന്റെ എഫ്.ബി.യിലെ ഒരു കമന്റ് ആണ്. ഞങ്ങൾ (അദ്ദേഹവും കൂട്ടരും) വ്യക്തമായ രാഷ്ട്രബോധം ഉള്ളവരാണെന്ന് അദ്ദേഹം വാദിക്കുന്നു. അപ്പോൾ കേവലം രാഷ്ട്രവാദികൾ മാത്രമാണ് നിങ്ങളെന്ന് നിങ്ങൾ തന്നെ അംഗീകരിച്ചല്ലോ? ദേശീയതയും രാഷ്ട്ര ബോധവും ഒന്നല്ല. രാഷ്ട്രം എന്നത് ഒരു രാജ്യത്തെ അതിരിനെ മാത്രം സൂചിപ്പിക്കുന്ന ഏറെ ഭൂമി ശാസ്ത്രപരമായ ഒരു സംജ്ഞ ആണ്. എന്നാൽ ദേശീയത അതിരുകൾക്ക് അകത്ത് ജീവിക്കുന്ന മനുഷ്യരെയും ഉൾക്കൊള്ളുന്നു. അതു കൊണ്ട് ദേശീയത ബഹുസ്വരത ഉള്ള പദമാണ്. ആ ബഹുസ്വരതയെ ഇന്നത്തെ ഭരണകൂടം അംഗീകരിക്കുന്നില്ല. ഇടുങ്ങിയ ദേശീയ സങ്കല്‍പ്പങ്ങള്‍ വച്ചു പുലർത്തി ഒരു ചെറിയ വിമർശനം പോലും രാജ്യദ്രോഹമാക്കി മാറ്റും. ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന ദേശീയത ഈ ബഹുസ്വരതകളെ ഇല്ലാതാക്കുന്ന ഒന്നാണ്. ഉദാഹരണമായി സവർണ്ണരിൽ നിന്നുള്ള ദളിത് പീഡനം. ഇതൊക്കെ, ആരൊക്കെ, എത്ര എഴുതിയതാണ്! വായിക്കില്ല എന്നാണെങ്കിൽ, സംവാദാത്മകമായി കാര്യങ്ങളെ സമീപിക്കില്ലെങ്കിൽ, പിന്നെന്ത്‌ ചെയ്യും?

ഒരു മാഗസിനെ നിങ്ങൾ കത്തിച്ചു. അതിൽ ഞങ്ങൾക്ക് അത്ഭുതമില്ല. ദളിതരെ ഇന്ത്യ മുഴുവനുമുള്ള ഗ്രാമ ഗ്രാമാന്തരങ്ങളിൽ നിങ്ങൾ കത്തിക്കുകയായിരുന്നില്ലേ? അവരുടെ കുഞ്ഞുങ്ങളെ നിങ്ങൾ രാജസ്ഥാനിൽ കത്തിച്ചതു ഈ അടുത്ത കാലത്തല്ലേ? പശുമാംസത്തിന്റെ പേര് പറഞ്ഞു, മേല്ക്കൊയ്മാ ദേശീയത കെട്ടി ഉയർത്തി നിങ്ങൾ തല്ലി കൊല്ലുന്നത് ഈ രാജ്യത്തെ ദളിതനേയും, മുസ്ലീമിനെയും, സ്ത്രീകളെയും ഒക്കെ അല്ലെ? പശുവിനെ കൊണ്ട് പോയവരെ കെട്ടി കൊന്നു സ്വന്തം രാജ്യത്തെ തന്നെ മരത്തിൽ തൂക്കിയ നിങ്ങൾക്ക് ഒരു മാഗസിന്റെ എളുപ്പം തീ പിടിക്കുന്ന താളിൽ ഒരു തീപ്പെട്ടി ഉരച്ചിടാൻ എന്ത് ആലോചന വേണം? പക്ഷെ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്, ഞങ്ങളുടെ മാഗസിൻ ഇതാ ചർച്ച ആകുന്നു, അതുകൊണ്ട് സംഘികളെ നന്ദി, നിങ്ങൾക്ക് ഒരായിരം നന്ദി! ഞങ്ങളുടെ ഈ ചെറിയ സൃഷ്ടിയിലും നിങ്ങൾക്ക് അസഹിഷ്ണുത ഉണ്ടെന്നു തെളിയിച്ചതിന്, ഞങ്ങൾ ആർക്ക് വേണ്ടിയാണോ ഈ ചരിത്ര ദൌത്യം നിർവഹിച്ചത്, അവരുടെ സൃഷ്ടിയായ ആ മാഗസിൻ കത്തിച്ച (ആ)ചാരത്തിന്, ജനാധിപത്യ ഇന്ത്യയിൽ നിങ്ങളുടെ സവർണ്ണ അക്ഷരങ്ങളേക്കാൾ തിളക്ക മേറെ ഉണ്ടെന്നു കാണിച്ചു തന്നതിന്. കത്തിച്ചു തീരുമ്പോള്‍ വരൂ ഗുരുവായൂരപ്പൻ കോളേജിലേക്ക്. നമുക്ക് ചർച്ച ചെയ്യാം എന്തുകൊണ്ട് ഈ മാഗസിന്‍ കത്തിക്കപ്പെടണം/ കത്തിക്കപ്പെടേണ്ട, നിരോധിക്കപ്പെടണം/ നിരോധിക്കപ്പെടേണ്ട എന്ന്.

Caste, Essay, Politics, student politics, Literature, Kerala, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments