പ്രപഞ്ചം ശൂന്യതയില്‍ നിന്നുണ്ടായതാണ് : സ്റ്റീഫന്‍ ഹോക്കിംഗ്

രോഹിത് കെ ആര്‍ March 8, 2011

പ്രപഞ്ചോല്പത്തിയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ. വിവര്‍ത്തനം: രോഹിത് കെ ആര്‍. ചിത്രം: ഫ്ലിക്കര്‍ / nasa hq photo


മധ്യ ആഫ്രിക്കയിലെ ബോഷോങ്കോ വര്‍ഗ്ഗക്കാര്‍ക്കിടയിലെ വിശ്വാസം, ആരംഭത്തില്‍ ഇരുളും വെള്ളവും അവരുടെ ദൈവമായ ബുംബയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ഒരിയ്ക്കല്‍ സഹിയ്ക്കാനാവാത്ത വയറുവേദന കാരണം ബുംബ സൂര്യനെ ചര്‍ദ്ദിച്ചു. കുറച്ചു ജലം ആവിയാക്കി സൂര്യന്‍ കരയെ സൃഷ്ടിച്ചു. വീണ്ടും വേദന സഹിയ്ക്കാനാവാതെ ബുംബ ചന്ദ്രനെ ചര്‍ദ്ദിച്ചു, പിന്നെ നക്ഷത്രങ്ങളെ, പിന്നെ ജന്തുജാലങ്ങളെ... പുള്ളിപ്പുലി, മുതല, ആമ തുടങ്ങി... ഒടുവിലായി മനുഷ്യനെയും.

ഉല്‍പ്പത്തിയുടെ ഈ കഥ, മറ്റു പല കഥകളെയും പോലെതന്നെ നമ്മെളെല്ലാം ചോദിക്കുന്ന ചോദ്യത്തിനുത്തരം തേടുകയാണ് . നാം എന്ത് കൊണ്ട് ഇവിടെ? നമ്മള്‍ എങ്ങനെ ഇവിടെയെത്തി? പൊതുവായി പറയാറുള്ള ഉത്തരം മനുഷ്യന്റെ ഉല്പത്തി താരതമ്യേന അടുത്ത കാലത്തായി ഉണ്ടായതാണ് എന്നാണ്. അതൂഹിക്കാവുന്നതെയുള്ളൂ, കാരണം തുടക്കം മുതലേ തന്നെ മനുഷ്യന്‍ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പുരോഗതിയുടെ പാതയിലാണ്. അത് കൊണ്ട് മനുഷ്യോല്‍പ്പത്തി അധികം മുന്‍പാവാന്‍ വഴിയില്ല, എങ്കില്‍ നമ്മള്‍ കുറേക്കൂടി പുരോഗതി കൈവരിച്ചേനെ. ഉദാഹരണത്തിന് ബിഷപ്പ് അഷറിന്റെ(Usher) അഭിപ്രായത്തില്‍ "ഉല്പത്തിയുടെ  പുസ്തകം" പറയുന്ന പ്രകാരം ലോകം സൃഷ്ടിയ്ക്കപ്പെട്ടത് B.C. 4004 ഒക്ടോബര്‍ 27 നു രാവിലെ 9 മണിക്കാണ്. പക്ഷെ, ചുറ്റുപാടും നാം കാണുന്ന മലകളും പുഴകളും ഒക്കെ ഒരു മനുഷ്യായുസ്സില്‍ വളരെ കുറച്ച് മാത്രമേ മാറുന്നുള്ളൂ. അതുകൊണ്ട് തന്നെ, എന്നെന്നേക്കുമായി നില നിന്നു പോന്നതോ, അല്ലെങ്കില്‍ മനുഷ്യനൊപ്പം സൃഷ്ടിക്കപ്പെട്ടതോ ആയ സ്ഥിരമായ ഒരു പശ്ചാത്തലമായി അവ കരുതിപ്പോന്നു.

പ്രപഞ്ചത്തിനു ഒരു ആരംഭം ഉണ്ടെന്ന ആശയം തന്നെ പലര്‍ക്കും സ്വീകാര്യമായിരിന്നില്ല. ഉദാഹരണത്തിന് പ്രാചീന ഗ്രീക്ക് തത്വചിന്തകനായ അരിസ്ടോട്ടില്‍ വിശ്വസിച്ചിരുന്നത് പ്രപഞ്ചം എന്നും നില നിന്നിരുന്നു എന്നാണ്. അനാദിയായി നിലകൊള്ളുന്ന ഒന്ന് സൃഷ്ടിയ്ക്കപ്പെട്ട ഒന്നിനെക്കാളും പൂര്‍ണതയുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നാം കാണുന്ന നിരന്തരമായ പുരോഗതി, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യസംസ്കാരത്തെ പിറകോട്ടു വലിക്കുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. ആദിയും അന്തവും ഇല്ലാത്ത ഒരു പ്രപഞ്ചത്തില്‍ വിശ്വസിക്കാനുള്ള പ്രചോദനം, സ്രഷ്ടാവും സ്ഥിതിപാലകനുമായ ദൈവത്തിന്റെ സാന്നിധ്യം തിരസ്കരിക്കുക എന്നതായിരുന്നു. നേരെ മറിച്ചു പ്രപഞ്ചത്തിനു ഒരു ആരംഭം ഉണ്ട് എന്ന് വിശ്വസിച്ചിരുന്നവര്‍ അത് ഒരു സൃഷ്ടാവും സംരക്ഷകനുമായ ദൈവം ഉണ്ട് എന്ന വാദത്തിനായും ഉപയോഗിച്ചു. 

പ്രപഞ്ചത്തിനു ആരംഭമുണ്ടെന്നു വിശ്വസിച്ചാല്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യമിതാണ്. അങ്ങനെയെങ്കില്‍ അതിനു മുന്‍പ് എന്തായിരുന്നു? പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം എന്ത് ചെയ്യുകയായിരുന്നു? ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ശിക്ഷിക്കാന്‍ ഉള്ള നരകം സൃഷ്ടിക്കുകയായിരുന്നോ? ഇമ്മാനുവല്‍ കാന്റ് എന്ന ജര്‍മ്മന്‍ തത്ത്വചിന്തകനെ ഒരുപാട് അലട്ടിയ ചോദ്യമാണ് പ്രപഞ്ചത്തിനു ആരംഭമുണ്ടോ ഇല്ലയോ എന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ടു രീതിയിലായാലും വൈരുധ്യങ്ങളുണ്ട്. പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടെങ്കില്‍, അങ്ങനെ ഒരു ആരംഭത്തിന് വേണ്ടി, പ്രപഞ്ചം എന്തിനു കാത്തു നിന്നു, അതും അനന്തമായ കാലത്തോളം? ഇനി പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നുവെങ്കില്‍, അത് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്താന്‍ എന്തിനു അനന്തമായ സമയം എടുത്തു? ആദ്യത്തെ ചോദ്യം വാദവും രണ്ടാമത്തേത് പ്രതിവാദവും. കാന്റും മറ്റും പലരും ഉന്നയിച്ച മേല്പറഞ്ഞ വാദവും പ്രതിവാദവും സമയം നിരപേക്ഷം (time is absolute) ആണ് എന്ന സങ്കല്പത്തെ ആധാരമാക്കി ഉള്ളതാണ് .അതായത് സമയം അനന്തമായ ഭൂതകാലത്തില്‍ നിന്നു അനന്തമായ ഭാവിയിലേക്ക് സഞ്ചരിക്കുന്നു, പശ്ചാത്തലത്തില്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു പ്രപഞ്ചത്തില്‍ നിന്നും നിരപേക്ഷമായി.

ഇന്നും പല ശാസ്ത്രജ്ഞന്മാരുടെയും മനസ്സിലുള്ള പ്രപഞ്ചത്തിന്റെ ചിത്രം ഇതാണ്. എന്നാല്‍ 1915 -ല്‍ ഐന്‍സ്ടീന്‍ തന്റെ വിപ്ലവകരമായ ആപേക്ഷികതാസിദ്ധാന്തം അവതരിപ്പിച്ചു. അത് പ്രകാരം സ്ഥലവും കാലവും നിരപേക്ഷമല്ല, അതായത് സംഭവങ്ങള്‍ക്ക് സ്ഥിരമായ ഒരു പശ്ചാത്തലം.ഇല്ല മറിച്ചു ദ്രവ്യവും (matter) ഊര്‍ജ്ജവും (energy) ചേര്‍ന്ന് രൂപപ്പെടുത്തുന്ന ചലനാത്മകമായ ഭൌതിക മാനകങ്ങള്‍ (dynamic quantities) മാത്രമാണ് സ്ഥലവും കാലവും. അവ പ്രപഞ്ചത്തിനകത്ത് മാത്രം നിര്‍വചിയ്ക്കപ്പെട്ടവയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചം തുടങ്ങുന്നതിനു മുന്‍പുള്ള സമയത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല. അത് ദക്ഷിണധ്രുവം കഴിഞ്ഞുള്ള തെക്കേ അറ്റത്തെപ്പറ്റി ചോദിക്കുന്നത് പോലെയാണ്. അത് നിര്‍വചിക്കാനാവില്ല.

1920 കള്‍ക്ക് മുന്‍പ് കരുതിയിരുന്നത് പോലെ, പ്രപഞ്ചം കാലത്തിനനുസരിച്ച് മാറാത്തത് ആയിരുന്നുവെങ്കില്‍, സമയത്തെ അനിയന്ത്രിതമാം വണ്ണം പിന്നോട്ടേക്ക് നിര്‍വചിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പ്രപഞ്ചത്തിന്‍റെ പറയപ്പെടുന്ന പോലെയുള്ള ഏത് ആരംഭവും കൃത്രിമവും ആയേനെ. കാരണം സമയത്തെ ആര്‍ക്കും പുറകോട്ടെക്ക് വ്യാപിപ്പിക്കാമല്ലോ. അതായത് പ്രപഞ്ചം ഒരു പക്ഷെ കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ടതായിരിക്കാം, പക്ഷെ ഭൗതികമായ തെളിവുകളും സ്മരണകളും വച്ച് അതിനെ കുറേക്കൂടി പഴക്കമുള്ളത് പോലെ തോന്നിക്കാം. ഇത് പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെപ്പറ്റി ആഴത്തിലുള്ള തത്ത്വശാസ്ത്രപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. ഞാന്‍ ഇവയെ ശുഭോദര്‍ക്കവാദപരമായി സമീപിക്കുന്നു (positivist approach). അതിന്‍റെ ആശയമെന്താണെന്നു വെച്ചാല്‍ നമ്മുടെ ഇന്ദ്രിയങ്ങളില്‍ അനുഭവപ്പെടുന്നതില്‍ നിന്ന്  നാം  ലോകത്തിന്‍റെ ഒരു മാതൃക ഉണ്ടാക്കുന്നു. ആ മാതൃകയ്ക്ക് എത്രത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടെന്നു ചോദിക്കരുത്. മാതൃക പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതിയാകും. ഒന്നാമതായി വിശാലമായ നിരീക്ഷണങ്ങളെ ലളിതമായും ഭംഗിയായും വിശദീകരിക്കാന്‍ ആ മാതൃകയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍, രണ്ടാമതായി പരീക്ഷിച്ചും നിരീക്ഷിച്ചും നിര്‍ണ്ണയിക്കാന്‍ സാധിക്കുന്ന  കൃത്യമായ പ്രവചനങ്ങള്‍ നല്‍കാനും  ആ മാതൃകയ്ക്ക് സാധിക്കുമെങ്കില്‍, അതൊരു നല്ല മാതൃകയാണ്. 

ശുഭോദര്‍ക്കവാദപരമായി, പ്രപഞ്ചത്തിന്‍റെ രണ്ടു മാതൃകകളെയും നമുക്ക് പരിശോധിക്കാം. ഒന്നാമത്തേത്, പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണെന്ന് ഉള്ള വാദവും, പിന്നെ പ്രപഞ്ചം വളരെ മുന്‍പേ നിലനിന്നിരുന്നു എന്നാ വാദവും. ഒരു വര്‍ഷത്തിനും മുന്നേ പ്രപഞ്ചം നിലനിന്നിരുന്നു എന്ന മാതൃകയ്ക്ക്, സര്‍വസമഇരട്ടകള്‍ (identical twins) തുടങ്ങിയ കാര്യങ്ങളെ വിശദീകരിക്കനാകും, കാരണം ഒരു വര്‍ഷം മുന്‍പ് അവയ്ക്ക് ഒരു പൊതു കാരണം ഉണ്ടാകാമല്ലോ. നേരെ മറിച്ചു പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണ് എന്ന മാതൃകയ്ക്ക് അത്തരം കാര്യങ്ങളെ വിശദീകരിയ്ക്കാന്‍ ആവില്ല. അപ്പോള്‍ ആദ്യത്തെ മാതൃകയാണ് നല്ലത്. പ്രപഞ്ചം ഒരു വര്‍ഷം മുന്‍പ് സൃഷ്ടിയ്ക്കപ്പെട്ടതാണോ അതോ അങ്ങനെ തോന്നിയതാണോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കാരണം ശുഭോദര്‍ക്കവാദത്തില്‍ രണ്ടും ഒന്ന് തന്നെയാണ്.

മാറ്റമില്ലാത്ത ഒരു പ്രപഞ്ചത്തിനു ഒരു ഉത്ഭവസ്ഥാനം ഉണ്ടാവില്ല. ഈ കാഴ്ചപ്പാട് മൌലികമായി മാറിയത്, 1920 ഇല്‍ മൌണ്ട് വില്‍‌സണ്‍ന്‍റെ മുകളില്‍ നിന്ന് 100 ഇഞ്ച്‌  ടെലിസ്കോപ് ഉപയോഗിച്ച് ഹബിള്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയതോടെയാണ് . 

നക്ഷത്രങ്ങള്‍ ബഹിരാകാശത്തെമ്പാടുമായി ഏകതാനമായി ചിതറിക്കിടക്കുകയല്ല, മറിച്ചു ഗാലക്സികള്‍ എന്ന കൂട്ടങ്ങള്‍ ആയാണ് കിടക്കുന്നത് എന്ന് ഹബിള്‍ കണ്ടെത്തി.

ഗാലക്സികളില്‍ നിന്നുള്ള പ്രകാശത്തെ അളന്നു ഹബിള്‍ അവയുടെ പ്രവേഗം (velocity) കണ്ടെത്തി. അദ്ദേഹം കരുതിയിരുന്നത് നമ്മുടെ നേര്‍ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അത്ര തന്നെ ഗാലക്സികള്‍ നമ്മില്‍ നിന്നും അകലുന്നുമുണ്ടെന്നാണ്. കാരണം കാലത്തിനനുസരിച്ച് മാറ്റമില്ലാതെ നില്‍ക്കുന്ന പ്രപഞ്ചത്തില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നതും ഇത് തന്നെയാണ്. പക്ഷെ അദ്ദേഹത്തെ തന്നെ വിസ്മയിപ്പിച്ചു കൊണ്ട്, ഏതാണ്ടെല്ലാ ഗാലക്സികളും നമ്മില്‍ നിന്നും അകലുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. മാത്രമല്ല നമ്മില്‍ നിന്നും അകലും തോറും ഗാലക്സികള്‍ക്ക് വേഗവും കൂടുന്നു. അതായത് മുന്‍പ് മറ്റെല്ലാവരും കരുതിയിരുന്നത് പോലെ പ്രപഞ്ചം കാലത്തിനനുസരിച്ച് മാറ്റമില്ലാതെ നില്‍ക്കുകയല്ല. മറിച്ചു പ്രപഞ്ചം വികസിക്കുകയാണ്. ഗാലക്സികള്‍ തമ്മിലുള്ള ദൂരം കാലം ചെല്ലും തോറും കൂടുകയുമാണ്.

പ്രപഞ്ചത്തിന്റെ വികാസം എന്നത് ഇരുപതാം നൂറ്റാണ്ടിലെ എന്നല്ല ഏതു നൂറ്റാണ്ടിലെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ബൌദ്ധികമായ കണ്ടെത്തലാണ് . പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടോ എന്ന ചര്‍ച്ചയെത്തന്നെ അത് മാറ്റിമറിച്ചു. ഇപ്പോള്‍ ഗാലക്സികള്‍ എല്ലാം തമ്മില്‍ത്തമ്മില്‍ അകന്നു കൊണ്ടിരിക്കുകയാണെങ്കില്‍ മുന്‍പ് അവ പരസ്പരം അടുത്ത്‌ ആയിരുന്നിരിക്കണം. അവയുടെ വേഗത സ്ഥിരമായിരുന്നെങ്കില്‍, ഏകദേശം 15 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് അവ ഒന്നിച്ചായിരുന്നിരിക്കണം. അങ്ങനെയെങ്കില്‍ അത് പ്രപഞ്ചത്തിന്റെ ആരംഭമായിരുന്നോ?

പല ശാസ്ത്രജ്ഞരും പ്രപഞ്ചത്തിനു ഒരു ആരംഭമുണ്ടായിരുന്നുവെന്ന ആശയത്തില്‍ തൃപ്തരല്ല. കാരണം അത് ഭൌതികശാസ്ത്രം തകര്‍ന്നുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് നിശ്ചയിക്കാന്‍ ഒരു ബാഹ്യശക്തിയെ - തല്‍കാലം സൗകര്യത്തിന് വേണ്ടി നമുക്കതിനെ ദൈവമെന്നു വിളിക്കാം - ആശ്രയിക്കേണ്ടി വരും. അത് കൊണ്ടവര്‍ പ്രപഞ്ചം ഒരേ സമയം വികസിച്ചു കൊണ്ടിരിക്കുകയും എന്നാല്‍ ആരംഭമില്ലാത്തതുമാണെന്ന് സ്ഥാപിക്കാനുള്ള സിദ്ധാന്തങ്ങള്‍ മുന്നോട്ടു വച്ചു. അതിലൊന്നാണ് ബോണ്ടി, ഗോള്‍ഡ്‌, ഹോയില്‍ എന്നിവര്‍ ചേര്‍ന്ന് 1948-ല്‍ മുന്നോട്ടു വച്ച സ്ഥിരസ്ഥിതി വാദം (steady state theory).

സ്ഥിരസ്ഥിതി വാദം മുന്നോട്ടു വച്ച ആശയം ഗാലക്സികള്‍ തമ്മില്‍ത്തമ്മില്‍ അകലുമ്പോള്‍ തന്നെ പ്രപഞ്ചത്തില്‍ നിരന്തരമായി സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ദ്രവ്യത്തില്‍ നിന്നും പുതിയ ഗാലക്സികള്‍ ഉണ്ടായി വരുന്നു എന്നതാണ്. പ്രപഞ്ചം ചിരകാലമായി നിലനിന്നിരിക്കാം, എപ്പോഴും അത് ഒരേപോലെ തന്നെ കാണപ്പെട്ടുമിരിക്കാം. ശുഭോദര്‍ക്കവാദവീക്ഷണത്തില്‍, അവസാനം പറഞ്ഞ ഗുണത്തിന് ഒരു വിശിഷ്ടതയുണ്ട്. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന പ്രവചനത്തെ നിരീക്ഷണത്തിലൂടെ തെളിയിക്കാമെന്ന ഗുണം. മാര്‍ട്ടിന്‍ റയലിന്റെ കീഴിലുള്ള കേംബ്രിഡ്ജിലെ റേഡിയോ ആസ്ട്രോണോമി ഗ്രൂപ്പ് 1960 -ല്‍ ദുര്‍ബലമായ റേഡിയോ തരംഗങ്ങളുടെ ഒരു സര്‍വ്വേ നടത്തുകയുണ്ടായി. അത് കണ്ടെത്തിയത് ഈ തരംഗങ്ങള്‍ മിക്കവാറും ഒരേതോതിലാണ് ആകാശത്തെമ്പാടും അന്തര്‍ലീനമായിരിക്കുന്നത് എന്നാണ്. ഇത് സൂചിപ്പിക്കുന്നത് ഭൂരിഭാഗം സ്രോതസ്സുകളും നമ്മുടെ ഗാലക്സിക്ക് പുറത്താണെന്നാണ്.  അതിലും ദുര്‍ബലമായ സ്രോതസ്സുകള്‍ അതിലും ദൂരെയായിരിക്കും.

ഓരോ നിശ്ചിത തരംഗോല്പാദനശക്തിയുമുള്ള റേഡിയോ സ്രോതസ്സുകള്‍ പ്രപഞ്ചത്തില്‍ എത്ര എണ്ണം വീതമുണ്ട് എന്നു കാണിക്കുന്ന ഗ്രാഫിന്റെ രൂപം സ്ഥിരസ്ഥിതി വാദം പ്രവചിക്കുകയുണ്ടായി. പക്ഷെ നിരീക്ഷണങ്ങള്‍ തെളിയിച്ചത് ദുര്‍ബലമായ സ്രോതസ്സുകളുടെ എണ്ണം പ്രവചിയ്ക്കപ്പെട്ടതിലും കൂടുതല്‍ ആണെന്നാണ്. സ്രോതസ്സുകളുടെ സാന്ദ്രത മുന്‍പ് കൂടുതലായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് സ്ഥിരസ്ഥിതി വാദം മുന്നോട്ടു വയ്ക്കുന്ന എല്ലാം സമയത്തിനനുസരിച്ച് മാറ്റമില്ലാതെ നില്കുന്നുവെന്ന അടിസ്ഥാന സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കാരണവും, മറ്റു കാരണങ്ങളാലും സ്ഥിരസ്ഥിതി വാദം ഉപേക്ഷിയ്ക്കപ്പെട്ടു.

പ്രപഞ്ചോല്പത്തിയെ തിരസ്കരിക്കാനുള്ള മറ്റൊരു ഉദ്യമം പ്രപഞ്ചത്തിനു മുന്‍പ് മറ്റൊരു സങ്കോചഘട്ടമുണ്ടായിരുന്നു (contracting phase) എന്ന നിര്‍ദ്ദേശമായിരുന്നു. പക്ഷെ ഭ്രമണവും ക്രമരാഹിത്യവും (local irregularities) കാരണം ദ്രവ്യം ഒരിയ്ക്കലും പൂര്‍ണമായും ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിക്കപ്പെടുന്നില്ല. സങ്കോചഘട്ടത്തിലും സാന്ദ്രത അനന്തതയിലേക്കു പോകാതെ തന്നെ, പരസ്പരം വിഘടിതമായി നില്ക്കുന്ന ദ്രവ്യത്തിന്റെ വേറിട്ട അംശങ്ങള്‍, പിന്നീട് വികാസഘട്ടത്തിലേക്കു കടക്കുന്നു. കൃത്യമായ സമമിതി ഇല്ലാത്ത (asymmetric) ഒരു സാമാന്യസങ്കോചം, സാന്ദ്രത അനന്തതയിലേക്കു പോകാതെ, ഒരു 'വികാസക്കുതിപ്പി'ന് (bounce) കാരണമാകുമെന്ന് തെളിയിച്ചതായി രണ്ടു റഷ്യക്കാര്‍, ലിഫ്ഷിറ്റ്സും (Lifshitz) ഖലട്നികോവും (Khalatnikov), അവകാശപ്പെട്ടു. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ് വൈരുദ്ധ്യാത്മക ഭൌതികവാദത്തിനു ഈ വിശദീകരണം വളരെ സൗകര്യമായിരുന്നു, കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റിയുള്ള കുഴപ്പം പിടിച്ച ചോദ്യങ്ങളെ ഈ വിശദീകരണം ഒഴിവാക്കുന്നു. അത് കൊണ്ട് തന്നെ ഒരുപാട് സോവിയറ്റ്‌ ശാസ്ത്രജ്ഞന്മാരുടെ വിശ്വാസപ്രമാണമായി ഇത് മാറി.

ലിഫ്ഷിറ്റ്സും ഖലട്നികോവും അവരുടെ അവകാശവാദം പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ എന്റെ പിഎച് ഡി പ്രബന്ധം പൂര്‍ത്തിയാക്കാനായി എന്തെങ്കിലും അന്വേഷിച്ചു നടക്കുന്ന 21 വയസ്സായ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. അവരുന്നയിച്ച തെളിവുകളെ ഞാന്‍ വിശ്വസിച്ചില്ല. അതിനാല്‍  റോജര്‍ പെന്‍റോസുമൊത്ത് ഈ പ്രശ്നം പഠിക്കാന്‍ പുതിയ ഗണിതശാസ്ത്രരീതികള്‍ അന്വേഷിച്ചിറങ്ങി. പ്രപഞ്ചത്തിനു അത്തരം വികാസക്കുതിപ്പ് സാധ്യമല്ലെന്നു ഞങ്ങള്‍ തെളിയിച്ചു. ഐന്‍സ്റ്റീന്റെ സാമാന്യആപേക്ഷികതാസിദ്ധാന്തം (general theory of relativity) ശരിയാണെങ്കില്‍ ഒരു ഏകബിന്ദുത്വം (singularity) ഉണ്ടായിരിക്കും, അനന്തമായ സാന്ദ്രതയുടെയും സ്ഥലകാലവക്രതയുടെയും (space time curvature) ഒരു ബിന്ദു. കാലം തുടങ്ങുന്ന ഒരു ബിന്ദു.   പ്രപഞ്ചത്തിനു അതിസാന്ദ്രമായ ഒരു തുടക്കമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചത് 1965 ഒക്ടോബറില്‍ ആണ്, എന്റെ ആദ്യത്തെ ഏകബിന്ദുത്വത്തെ സംബന്ധിച്ച ഗണിതശാസ്ത്രതെളിവ് പുറത്തു വന്നതിനു ശേഷം. പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന നേര്‍ത്ത മൈക്രോവേവ് പശ്ചാത്തലവികിരണങ്ങളുടെ കണ്ടുപിടിത്തമായിരുന്നു അത്. ഈ മൈക്രോവേവ് തരംഗങ്ങള്‍ നിങ്ങളുടെ മൈക്രോവേവ് അവനിലെ തരംഗങ്ങള്‍ തന്നെയാണ്, പക്ഷേ വളരെ ശക്തി കുറഞ്ഞതാണെന്ന് മാത്രം. അവയ്ക്ക് നിങ്ങളുടെ പിസയെ -273.15 ഡിഗ്രി സെന്റിഗ്രേഡ് വരെ മാത്രമേ ചൂടാക്കാന്‍ സാധിക്കൂ. അതിനു പിസയുടെ ഐസ്‌ മാറ്റാന്‍ പോലും സാധിക്കില്ല, പിന്നെയല്ലേ പാചകം ചെയ്യുന്ന കാര്യം. നിങ്ങള്‍ക്ക് ശരിക്കും ഈ മൈക്രോവേവ് തരംഗങ്ങള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ ടിവിയില്‍ ശൂന്യമായ ഒരു ചാനല്‍ വയ്ക്കൂ. ഒരല്‍പം മഞ്ഞു പോലെ നിങ്ങള്‍ സ്ക്രീനില്‍ കാണുന്നത് ഈ മൈക്രോവേവ് തരംഗങ്ങളുടെ പശ്ചാത്തല വികിരണം കൊണ്ടാണ്. ഈ പശ്ചാത്തലത്തിന്‍റെ ഒരേയൊരു യുക്തിസഹമായ വ്യാഖ്യാനം, അവ വളരെ മുന്‍പേയുള്ള സാന്ദ്രതയേറിയതും ചൂടുള്ളതുമായ ഒരു അവസ്ഥയില്‍ നിന്നും അവശേഷിപ്പിക്കപ്പെട്ടവയാണെന്നതാണ്. പ്രപഞ്ചം വികസിച്ചപ്പോഴേക്കും ഈ വികിരണങ്ങള്‍ തണുത്ത് ഇന്നത്തെ ഈ നേര്‍ത്ത അവസ്ഥയിലായി.

എന്റെയും പെന്‍റോസിന്‍റെയും മറ്റു ഏകബിന്ദുത്വസിദ്ധാന്തങ്ങള്‍ (singularity theorems) പ്രപഞ്ചത്തിനു ആരംഭമുണ്ടാകാമെന്ന് പ്രവചിച്ചെങ്കിലും എങ്ങനെ ആരംഭിച്ചുവെന്നു പറഞ്ഞില്ല. സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ സൂത്രവാക്യങ്ങള്‍ എകബിന്ദുത്വത്തില്‍ (singularity) തകരും. അത് കൊണ്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തിനു പ്രപഞ്ചം എങ്ങനെ ആരംഭിച്ചു എന്ന് പറയാന്‍ സാധിക്കില്ല, മറിച്ചു ആരംഭശേഷം എങ്ങനെ ഇപ്പോഴത്തെ രൂപത്തിലെത്തി എന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.  എന്റെയും പെന്‍റോസിന്‍റെയും ഗവേഷണഫലങ്ങളോട് രണ്ടു തരത്തിലുള്ള നിലപാടാകാം, ഒന്ന് പ്രപഞ്ചം എങ്ങനെ ആരംഭിക്കണമെന്ന്  നമുക്ക് മനസിലാക്കാന്‍ കഴിയാത്ത കാരണങ്ങള്‍ കൊണ്ട് ദൈവം തീരുമാനിച്ചു. ഇതായിരുന്നു പോപ്‌ ജോണ്‍ പോള്‍ രണ്ടാമന്റെ വീക്ഷണം. വത്തിക്കാനില്‍  കോസ്മോളജിയെപ്പറ്റിയുള്ള ഒരു സമ്മേളനത്തില്‍ പ്രതിനിധികളോട് പോപ്‌ പറഞ്ഞത് പ്രപഞ്ചം ഉത്ഭവിച്ചതിനു ശേഷം അതിനെപ്പറ്റി പഠിക്കുന്നത് കുഴപ്പമില്ലെന്നാണ്‌, പക്ഷേ ആരംഭത്തെപ്പറ്റി അന്വേഷിക്കരുത്. കാരണം അത് സൃഷ്‌ടിയുടെ മുഹൂര്‍ത്തമാണ്, ദൈവത്തിന്‍റെ ജോലിയാണ്. ആ സമ്മേളനത്തില്‍ പ്രപഞ്ചം എങ്ങനെ ഉത്ഭവിച്ചിരിക്കാം എന്നതിനെപ്പറ്റി ഞാന്‍ ഒരു പേപ്പര്‍ അവതരിപ്പിച്ചത് ഭാഗ്യത്തിന് അദ്ദേഹം അറിഞ്ഞില്ല. ഗലീലിയോയെപ്പോലെ എന്നെയും മതദ്രോഹവിചാരണയ്ക്ക് വിധേയനാക്കിയേനെ.

റോമന്‍ വിചാരണ നേരിടുന്ന ഗലീലിയോ റോമന്‍ വിചാരണ നേരിടുന്ന ഗലീലിയോ: ക്രിസ്ടിയാണോ ബാന്റിയുടെ പ്രശസ്ത ചിത്രം. കടപ്പാട് : വിക്കിപീഡിയ"

ഞങ്ങളുടെ ഗവേഷണഫലങ്ങളുടെ, ഭൂരിപക്ഷം ശാസ്ത്രജ്ഞരും യോജിക്കുന്ന, മറ്റൊരു വ്യാഖ്യാനം, പ്രപഞ്ചത്തിന്‍റെ പൂര്‍വാവസ്ഥയിലുള്ള അതിശക്തമായ ഗുരുത്വാകര്‍ഷണത്തില്‍ സാമാന്യആപേക്ഷകതാ സിദ്ധാന്തം ഉപയോഗ്യമല്ല എന്നാണ്. അതിനു പൂര്‍ണമായ മറ്റൊരു സിദ്ധാന്തം ആവശ്യമാണ്. അത് പ്രതീക്ഷിക്കാവുന്നതെയുള്ളൂ, കാരണം സാമാന്യആപേക്ഷകതാ സിദ്ധാന്തം ദ്രവ്യത്തിന്‍റെ സൂക്ഷ്മാവസ്ഥ കണക്കിലെടുക്കുന്നില്ല, അത് വിശദീകരിക്കണമെങ്കില്‍ ക്വാണ്ടം സിദ്ധാന്തം ആവശ്യമാണ്‌. സാധാരണ ഇത് വിഷയമാകാറില്ല, കാരണം പ്രപഞ്ചത്തിന്‍റെ വലിപ്പം ക്വാണ്ടം സിദ്ധാന്തത്തിന്റെ സൂക്ഷ്മതലത്തെക്കാള്‍ എത്രയോ വലുതാണ്‌. പക്ഷേ പ്രപഞ്ചം സൂക്ഷ്മാവസ്ഥയിലായിരിക്കുമ്പോള്‍, അതായത് ഒരു സെന്റിമീറ്ററിന്റെ ഒരു ലക്ഷം കോടി കോടി കോടി കോടിയിലൊരംശത്തിന്‍റെ (1/10^35 m) അത്രയും മാത്രം വലിപ്പത്തിലായിരിക്കുമ്പോള്‍ ഈ രണ്ടു തലങ്ങളും ഏകദേശം ഒരു പോലെതന്നെയാണ്, അതായത് നമുക്ക് ക്വാണ്ടം സിദ്ധാന്തം കൂടി കണക്കിലെടുക്കേണ്ടി വരും.

പ്രപഞ്ചോല്പത്തിയെപ്പറ്റി പഠിക്കാന്‍ നമുക്ക് സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിക്കേണ്ടി വരും. അതിനുള്ള ഏറ്റവും നല്ല ഉപായം ഫെയിന്മാന്റെ ചരിത്രങ്ങളുടെ സങ്കലനം എന്ന ആശയമാണ് . റിച്ചാര്‍ഡ്‌ ഫെയിന്മാന്‍ ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു. ഒരേ സമയം പാസഡേനയിലെ നിശാക്ലബിലെ ബോങ്കോ ഡ്രം വായനക്കാരനും കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രഗല്‍ഭനായ ഭൌതികശാസ്ത്രജ്ഞനുമായിരുന്ന വ്യക്തി. ഒരു ഭൌതികവ്യവസ്ഥ (physical system) എ എന്ന അവസ്ഥയില്‍ നിന്ന് ബി എന്ന അവസ്ഥയിലേക്ക് എത്തുന്നത് അതിന് സാധ്യമായ എല്ലാ പരിണാമമാര്‍ഗങ്ങളിലൂടെയും ഒരേ സമയം സഞ്ചരിച്ചു കൊണ്ടാണ്.

ഓരോ സാധ്യമായ മാര്‍ഗ്ഗത്തിനും (path) അല്ലെങ്കില്‍ ചരിത്രത്തിനും (history), ഒരു നിശ്ചിത ആയാമം (amplitude) അഥവാ തീവ്രത (intensity) ഉണ്ട്. വ്യവസ്ഥ എ എന്ന അവസ്ഥയില്‍ നിന്ന് ബി എന്ന അവസ്ഥയിലേക്ക് പോകാനുള്ള സാധ്യത (probability) ഓരോ മാര്‍ഗ്ഗത്തിന്‍റെയും ആയാമങ്ങളുടെ ആകെത്തുകയാണ്. ചന്ദ്രബിംബത്തിലെ കളങ്കം‌ മുയലാകാനിടയുള്ള ഒരു ചരിത്രവും ഉണ്ടാകാം, പക്ഷെ അതിന്റെ ആയാമം വളരെ കുറവാണെന്നു മാത്രം.

പല പല പൂര്‍വാവസ്ഥകളില്‍ നിന്നും ഇപോഴത്തെ അവസ്ഥയിലേക്ക് പ്രപഞ്ചം എത്താനുള്ള സാധ്യത (probability) കണ്ടുപിടിക്കാന്‍, ആ പൂര്‍വാവസ്ഥകളില്‍ നിന്നും ഇപോഴത്തെ അവസ്ഥയിലേക്ക്  എത്താനുള്ള ആയാമങ്ങള്‍ കൂട്ടിയാല്‍ മതിയാകും. പക്ഷെ എപ്പോഴാണ്‌  ഈ പൂര്‍വാവസ്ഥകള്‍ തുടങ്ങിയത്? ഇത് ഉല്‍പത്തിയുടെ ചോദ്യത്തിന്റെ വേറൊരു പതിപ്പ് തന്നെയാണ്.  പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിക്ക്  ഒരു സൃഷ്ടാവിന്റെ കല്‍പ്പന ആവശ്യമാണോ? അതോ പ്രപഞ്ചത്തിന്റെ പൂര്‍വാവസ്ഥകള്‍ ശാസ്ത്രീയ നിയമങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെട്ടതോ? യഥാര്‍ത്ഥത്തില്‍ പ്രപഞ്ചചരിത്രം അനന്തമായ ഭൂതകാലത്തില്‍ നിന്നും തുടങ്ങിയതാണെങ്കില്‍ പോലും ഈ ചോദ്യം പ്രസക്തമാണ് . പക്ഷെ പ്രപഞ്ചം തുടങ്ങിയത്  15 കോടി വര്‍ഷങ്ങള്‍ മുന്‍പാവുമ്പോള്‍ ചോദ്യത്തിനു പ്രസക്തിയേറുകയാണ്. സമയത്തിന്‍റെ ആരംഭത്തില്‍ എന്ത് സംഭവിച്ചു എന്ന ചോദ്യം, ലോകം പരന്നതാണെന്നു ആള്‍ക്കാര്‍ വിശ്വസിച്ചിരുന്ന കാലത്ത് , ലോകത്തിന്‍റെ അറ്റത്തു എന്താണെന്ന ചോദ്യം പോലെയാണ്. യഥാര്‍ത്ഥത്തില്‍ ലോകം പരന്ന ഒരു പാത്രം പോലെയാണോ? ഞാനിത് പരീക്ഷിച്ചറിഞ്ഞതാണ്. ഞാന്‍ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചതാണ് , പക്ഷെ എവിടെയും ഞാന്‍ മറിഞ്ഞു വീണില്ല.

നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്റെ അങ്ങേയറ്റത്ത്‌ എന്ത് സംഭവിയ്ക്കുമെന്ന പ്രശ്നം, ലോകം പരന്നതല്ല ഉരുണ്ടതാണെന്നുള്ള തിരിച്ചറിവ് ആള്‍ക്കാര്‍ക്ക് വന്നപ്പോള്‍ പരിഹരിയ്ക്കപ്പെട്ടു എന്നത് . പക്ഷെ സമയം അഥവാ കാലത്തിന്റെ (time) കാര്യം വ്യത്യസ്തമാണ് . അത് സ്ഥലം (space) എന്നതില്‍ നിന്നും വ്യത്യസ്ഥമാണെന്ന് കരുതപ്പെട്ടു. ഒരു റെയില്‍വേ ട്രാക്ക് പോലെ എന്ന് വേണമെങ്കില്‍ പറയാം. അതിനൊരു തുടക്കമുണ്ടെങ്കില്‍, അവിടെ ആരെങ്കിലും ഉണ്ടായിരുന്നെ പറ്റൂ, ട്രെയിനുകളുടെ ഓട്ടം തുടങ്ങി വെക്കാന്‍.

 ഐന്‍സ്റ്റീന്റെ സാമാന്യആപേക്ഷകതാ സിദ്ധാന്തം സ്ഥലത്തെയും കാലത്തെയും സ്ഥലകാലം (space-time) എന്ന സങ്കല്പത്തില്‍ സംയോജിപ്പിച്ചു, പക്ഷെ അപ്പോഴും സ്ഥലം കാലത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു, ഒരു ഇടനാഴി പോലെ. അതിനു ഒരു പക്ഷെ തുടക്കവും ഒടുക്കവും ഉണ്ടാകാം, അല്ലെങ്കില്‍ അനന്തമായിരിക്കാം. എന്ത് തന്നെയായാലും, ജിം ഹര്‍ട്ടിലും ഞാനും സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിച്ചപ്പോള്‍, ഞങ്ങള്‍ക്ക് മനസിലായത് ചില സവിശേഷ അവസ്ഥകളില്‍ കാലം സ്ഥലത്തിന്റെ മറ്റൊരു ദിശ പോലെ പ്രവര്‍ത്തിക്കുമെന്നാണ്. ഇതിനര്‍ത്ഥം സമയത്തിന് ആരംഭമുണ്ടോ എന്ന ചോദ്യം ലോകത്തിനു അറ്റമുണ്ടോ എന്ന ചോദ്യം പോലെ ഒഴിവാക്കാവുന്നതാണ് എന്നാണ്. അതായത്, പ്രപഞ്ചത്തിന്റെ ഉത്ഭവം ഭൂമിയുടെ ദക്ഷിണധ്രുവം പോലെയാണെന്ന് സങ്കല്‍പ്പിക്കുക, അക്ഷാംശരേഖകള്‍ (latitude) സമയമാണെന്നും. ദക്ഷിണധ്രുവത്തില്‍ പ്രപഞ്ചം തുടങ്ങുന്നു. വടക്കോട്ട്‌ പോകും തോറും അക്ഷാംശരേഖകളാകുന്ന വൃത്തങ്ങള്‍ പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിക്കുന്നത് പോലെ വലുതായി വരുന്നു. പ്രപഞ്ചത്തിന്റെ ഉല്പത്തിയ്ക്ക് മുന്‍പ് എന്തായിരുന്നു എന്ന ചോദ്യം ദക്ഷിണധ്രുവത്തിനു തെക്ക് എന്താണ് എന്ന ചോദ്യം പോലെ അര്‍ത്ഥമില്ലാത്തതാവുന്നു. കാരണം ദക്ഷിണധ്രുവത്തിനു തെക്ക് ഒന്നുമില്ല എന്നത് തന്നെ.

സമയം(ഇവിടെ അക്ഷാംശരേഖകള്‍) ദക്ഷിണധ്രുവത്തില്‍ തുടങ്ങുന്നു. ദക്ഷിണധ്രുവം എന്ന സ്ഥലം മറ്റേതു സ്ഥലവും പോലെയാണ് എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. അന്റാര്‍ട്ടിക്കയില്‍ ഞാന്‍ പോയിട്ടുണ്ട്, പക്ഷെ ദക്ഷിണധ്രുവംവരെ പോയിട്ടില്ല.

മറ്റേതു സ്ഥലത്തെയും എന്നത് പോലെ, ദക്ഷിണധ്രുവത്തിലും പ്രകൃതിനിയമങ്ങള്‍ ഒന്ന് തന്നെയാണ്. ഇത് പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള പ്രാചീനമായ തര്‍ക്കത്തെ അകറ്റുന്നു, അതായത് പ്രപഞ്ചോല്പത്തി എന്നൊരു ബിന്ദു ഉണ്ടെങ്കില്‍ അവിടെ എല്ലാ പ്രകൃതിനിയമങ്ങളും തകര്‍ന്നു വീഴുന്നു എന്ന തര്‍ക്കം. പ്രപഞ്ചോല്പത്തിയും പ്രകൃതിനിയമങ്ങളനുസരിച്ചു തന്നെയാണ്.

ജിം ഹര്‍ട്ടിലും ഞാനും വികസിപ്പിച്ചെടുത്ത പ്രപഞ്ചത്തിന്റെ സ്വയം പ്രവര്‍ത്തിതമായ ക്വാണ്ടം ഉത്ഭവത്തിന്റെ (spontaneous quantum creation of universe) ചിത്രം ഏതാണ്ട് തിളയ്ക്കുന്ന വെള്ളത്തില്‍ നീര്‍ക്കുമിളകള്‍ ഉണ്ടാകുന്നത് പോലെയാണ്. ഇതിന്റെ ആശയം എന്താണെന്ന് വെച്ചാല്‍ പ്രപഞ്ചത്തിന്റെ പല സാധ്യമായ ചരിത്രങ്ങളും കുമിളകളുടെ പ്രതലം പോലെയാണ്. ചെറിയ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും. വികസിക്കുകയും പെട്ടെന്ന് തന്നെ സൂക്ഷ്മാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ തകരുകയും ചെയ്യുന്ന ചെറുപ്രപഞ്ചങ്ങളോട് ഇതിനെ സാദൃശ്യപ്പെടുത്താം. ഇവ സംഭവ്യമായ ഇതര പ്രപഞ്ചങ്ങളാണ് (possible alternative universes). പക്ഷെ ഇങ്ങ് ഒടുവില്‍ ജീവന്‍ പോയിട്ട് ഗാലക്സികളും നക്ഷത്രങ്ങളും പോലും ഉരുത്തിരിയാനുള്ള ആയുസ്സ് പോലും അവയ്ക്ക് ഇല്ലാതിരുന്നതിനാല്‍ അവയെ നമുക്ക് ഗൌനിക്കേണ്ട. പക്ഷേ അവയില്‍ ചില ചെറിയ കുമിളകള്‍ പിന്നീട് ഒരു പതനം സാധ്യമാകാത്ത വിധത്തില്‍ ഒരു നിശ്ചിത വലിപ്പത്തില്‍ കൂടുതല്‍ വളരുന്നു. അവ നിരന്തരമായി വളരുന്ന തോതില്‍ വികസിക്കുന്നത് തുടരുകയും നമ്മള്‍ ഇന്ന് കാണുന്ന കുമിളകളായി മാറുകയും ചെയ്യും. ഇത്തരം കുമിളകള്‍ പോലെയാണ് പ്രപഞ്ചങ്ങള്‍ ഉദ്ഭവിച്ച് നിരന്തരമായി വളരുന്ന തോതില്‍ വികസിക്കുന്നതും. ഇതിനെ എല്ലാ വര്‍ഷവും ഉണ്ടാവുന്ന വിലക്കയറ്റത്തോടും ഉപമിക്കാം.   പണപ്പെരുപ്പത്തിന്റെ ലോക റെക്കോര്‍ഡ്‌ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ജെര്‍മനിയിലാണ് . പതിനെട്ടു മാസത്തിനിടയ്ക്ക് ഒരു കോടിയില്‍പ്പരം വിലവര്‍ധനവുണ്ടായി. പക്ഷെ ഇതൊന്നും പ്രപഞ്ചത്തിന്റെ ആദ്യകാലത്തെ വികാസവുമായി താരതമ്യം ചെയ്യാന്‍ പോലുമാവില്ല. സെക്കന്റില്‍ കോടി  കോടി  കോടി  കോടിയില്‍പരം മടങ്ങ് എന്ന നിരക്കിലാണ് പ്രപഞ്ചം വികസിച്ചു കൊണ്ടിരുന്നത്. പക്ഷെ അത് വിലയുടെ കാര്യത്തിലുള്ള നാണയപ്പെരുപ്പം പോലെയല്ല, വളരെ നല്ലൊരു കാര്യമായിരുന്നു. അത് നമ്മളിന്നു കാണുന്ന പോലെയുള്ള വളരെ വലുതും ഏകതാനവുമായ (uniform) പ്രപഞ്ചം സൃഷ്ടിച്ചു. പക്ഷെ അത് പരിപൂര്‍ണമായും ഏകതാനമായിരുന്നില്ല. ചരിത്രങ്ങളുടെ ആകത്തുകയില്‍, അല്പമാത്രം ക്രമരഹിതമായ ചരിത്രങ്ങള്‍ക്ക്‌ , പൂര്‍ണമായും ഏകതാനമായ ചരിത്രങ്ങളുടെ അത്ര തന്നെ സാധ്യതകള്‍ ഉണ്ടാവും. അതായത് ഈ സിദ്ധാന്തപ്രകാരം ആദ്യകാലത്ത് പ്രപഞ്ചം അല്പം ക്രമരഹിതമായിരുന്നു. അങ്ങനെയെങ്കില്‍ ഈ ക്രമരാഹിത്യം ചില ദിശകളില്‍ മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റെ തീവ്രതയില്‍ ചെറിയ വ്യതിയാനങ്ങള്‍ വരുത്തേണ്ടതാണ്. മാപ് ഉപഗ്രഹം വഴി ഈ മൈക്രോവേവ് പശ്ചാത്തല വികിരണം നിരീക്ഷിക്കുകയും  പ്രവചിയ്ക്കപ്പെട്ടത്‌ പോലെ കൃത്യമായ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ നാം ശരിയായ പാതയിലാണെന്ന് നമുക്ക് ഉറപ്പുണ്ട്.

പൂര്‍വപ്രപഞ്ചത്തിലെ ഈ ക്രമരാഹിത്യങ്ങള്‍ അര്‍ത്ഥമാക്കുന്നത് ചില പ്രദേശങ്ങള്‍ക്ക് മറ്റുള്ളവയെക്കാള്‍ അല്പം സാന്ദ്രത കൂടുതല്‍ ആയിരിക്കുമെന്നാണ്. ഈ അധികസാന്ദ്രതയുടെ ഗുരുത്വാകര്‍ഷണ ബലം ആ പ്രദേശത്തിന്റെ വികാസം കുറയ്ക്കുകയും അന്തിമമായി ആ പ്രദേശത്തെ ഗാലക്സികളും നക്ഷത്രങ്ങളുമായി സങ്കോചിപ്പിക്കുവാന്‍ ഇടയാക്കുകയും ചെയ്യും. അത് കൊണ്ട്  ആ മൈക്രോവേവ് ആകാശത്തിന്റെ മാപിലേക്ക് ശ്രദ്ധിച്ച് നോക്കൂ. അത് പ്രപഞ്ചത്തിന്റെ മുഴുവന്‍ ഘടനയുടെയും ബ്ലൂ പ്രിന്റ് ആണ്. പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിലെ ക്വാണ്ടം ചാഞ്ചാട്ടങ്ങളുടെ ആകെത്തുകയാണ് നാം. അതെ, ദൈവം പകിട കളിക്കാരന്‍ തന്നെയാണ്.  

പ്രപഞ്ചവിജ്ഞാനീയത്തില്‍ (cosmology) കഴിഞ്ഞ നൂറു വര്‍ഷത്തിനിടയ്ക്ക് നമ്മള്‍ ഉണ്ടാക്കിയത് വിപ്ലവകരമായ മുന്നേറ്റങ്ങളാണ്. സാമാന്യആപേക്ഷകതാ സിദ്ധാന്തവും പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്നു എന്ന കണ്ടെത്തലും ആദിയും അന്തവുമില്ലാതെ ചിരകാലം നിലനില്‍ക്കുന്ന പ്രപഞ്ചം എന്ന സങ്കല്‍പ്പത്തെ പാടെ തകര്‍ത്തു കളഞ്ഞു. പകരം സാമാന്യആപേക്ഷകതാ സിദ്ധാന്തം പ്രപഞ്ചവും സമയവും മഹാവിസ്ഫോടനത്തില്‍ (Big Bang) നിന്ന് തുടങ്ങുന്നു എന്ന് പ്രവചിച്ചു. മാത്രമല്ല തമോഗര്‍ത്തങ്ങളില്‍ (Black holes) സമയം അവസാനിക്കുമെന്നും പ്രവചിച്ചു. മൈക്രോവേവ് പശ്ചാത്തല വികിരണത്തിന്റെയും തമോഗര്‍ത്തങ്ങളുടെയും കണ്ടെത്തലുകള്‍ ഈ നിഗമനങ്ങളെ ശരി വെയ്ക്കുകയും ചെയ്തു. പ്രപഞ്ചത്തെപ്പറ്റിയും പരമാര്‍ത്ഥത (reality) യെപ്പറ്റിയുമുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഇതൊരു വന്‍പിച്ച മാറ്റമാണ്.

പ്രപഞ്ചം കടുത്ത വക്രതയുള്ള ഒരു ഭൂതകാലത്തില്‍ നിന്നും വന്നതാണെന്ന് സാമാന്യആപേക്ഷകതാ സിദ്ധാന്തം പ്രവചിയ്ക്കുന്നുണ്ടെങ്കിലും മഹാവിസ്ഫോടനത്തില്‍ നിന്ന് എങ്ങനെ പ്രപഞ്ചം ഉരുത്തിരിഞ്ഞിരിക്കാം എന്നു സിദ്ധാന്തം പറയുന്നില്ല. അതായത് സാമാന്യആപേക്ഷകതാ സിദ്ധാന്തത്തിനു ഒറ്റയ്ക്ക്  പ്രപഞ്ചവിജ്ഞാനീയത്തിലെ പ്രധാന ചോദ്യത്തിനുത്തരം തരാനാവില്ല. എന്ത് കൊണ്ട് പ്രപഞ്ചം ഇങ്ങനെ ആയി എന്നത്.  ഒരു പക്ഷേ സാമാന്യആപേക്ഷകതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സംയോജിപ്പിച്ചാല്‍ പ്രപഞ്ചം എങ്ങനെ ഉരുത്തിരിഞ്ഞിരിക്കാം എന്നു പ്രവചിയ്ക്കാന്‍ പറ്റിയേക്കാം. അത് ആദ്യം വര്‍ദ്ധിച്ചു കൊണ്ടേയിരിയ്ക്കുന്ന തോതില്‍ വികസിക്കും. ഈ കാലഘട്ടത്തില്‍ ഈ രണ്ടു സിദ്ധാന്തങ്ങളുടെയും സംയോജനം പ്രവചിയ്ക്കുന്നത് പോലെ ചില ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അത് ഗാലക്സികള്‍, നക്ഷത്രങ്ങള്‍ പ്രപഞ്ചത്തിലെ മറ്റു ഘടനകള്‍ എന്നിവയ്ക്ക് കാരണമാകും. മൈക്രോവേവ് തരംഗങ്ങളുടെ നേര്‍ത്ത പശ്ചാത്തല വികിരണങ്ങള്‍ കണ്ടുപിടിയ്ക്കപ്പെട്ടതോട് കൂടി, അവയിലെ നേരിയ വ്യതിയാനങ്ങള്‍ സിദ്ധാന്തപ്രകാരം കൃത്യമായി കണക്കുകൂട്ടി പ്രവചിയ്ക്കപ്പെട്ടവയാണെന്നു സ്ഥിരീകരിച്ചതോട് കൂടി ഈ വാദം തെളിയിയ്ക്കപ്പെട്ടു. അതായത് നമ്മള്‍ പ്രപഞ്ചോല്പത്തിയെ മനസിലാക്കാനുള്ള ശ്രമത്തില്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നു വേണം കരുതാന്‍. ബഹിരാകാശവാഹനങ്ങള്‍ തമ്മിലുള്ള ദൂരം കൃത്യമായി അളന്നു   ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കണ്ടെത്താന്‍ നമുക്ക് സാധിച്ചാല്‍ അത് അതിപുരാതന പ്രപഞ്ചത്തിനെപ്പറ്റിയുള്ള അറിവിന്റെ ഒരു പുതിയ ജാലകം തുറക്കും. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ അതിപുരാതന കാലം മുതല്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നവയാണ്. ഇടയില്‍ പെടുന്ന വസ്തുക്കള്‍ അവയ്ക്ക് ഒരു പ്രതിബന്ധവും ആകുന്നില്ല, നേരെ മറിച്ചു പ്രകാശകിരണങ്ങള്‍ പല  തവണ സ്വതന്ത്ര ഇലക്ട്രോണുകളില്‍ തട്ടി ചിതറിപ്പോകുന്നു. 300,000 വര്‍ഷങ്ങളോളമെടുത്ത് ഇലക്ട്രോണുകള്‍ നിശ്ചലമാവുന്നത് വരെ അതു സംഭവിച്ചു കൊണ്ടിരിക്കും.

ചില വന്‍വിജയങ്ങള്‍ നേടാനായെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിയ്ക്കപ്പെട്ടിട്ടില്ല. പ്രപഞ്ചത്തിന്റെ വികാസം ഒരു പാട് കാലം  വളരെ പതുക്കെയായിരുന്നു, പിന്നീട് വേഗത കൂടി. ഇതെന്തു കൊണ്ടാണെന്ന് വ്യക്തമായി മറുപടി പറയാന്‍ നമ്മുടെ സിദ്ധാന്തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അത് മനസ്സിലാക്കാതെ പ്രപഞ്ചത്തിന്റെ ഭാവിയെപ്പറ്റി നമുക്ക് കൃത്യമായി പറയാനാവില്ല. പ്രപഞ്ചം അനന്തമായി വികസിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുമോ? ഈ വികാസം ഒരു പ്രകൃതി നിയമമാണോ? അതോ അന്തിമമായി പ്രപഞ്ചം വീണ്ടും തകര്‍ന്നടിയുമോ? പുതിയ നിരീക്ഷണഫലങ്ങളും സൈദ്ധാന്തിക മുന്നേറ്റങ്ങളും അതിവേഗം വന്നു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചവിജ്ഞാനീയം വളരെ ആവേശമുണര്‍ത്തുന്നതും സജീവവുമായ ഒരു ശാഖയാണ്‌. പണ്ട് മുതല്‍ക്കേ ഉള്ള നമ്മുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളോട് നമ്മള്‍ അടുത്ത് കൊണ്ടിരിക്കുകയാണ്. നമ്മള്‍ എവിടെ നിന്നും വന്നു? നമ്മള്‍ എന്ത് കൊണ്ട് ഇവിടെ?

നന്ദി

Essay, lecture, Science & Society, stephen hawking Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

Awsome man

Excellent ...article !!! you worked with Roger Penrose !!!! Thanks for your article in malayalam. You are a true malayaale.... May god help you to discover more. Thanking you Sijo

good work Rohit....thanks...

good work Rohit....thanks...

Fictional Science or Fiction presented as Science

ചില അനുബന്ധ തത്ത്വശാസ്ത്രപ്രശ്നങ്ങള്‍

1) ഇവിടെ നല്കിയിട്ടുള്ള നിരീക്ഷണങ്ങള്‍ മനസ്സ് എന്ന കാന്റിയന്‍ കാറ്റഗറിയുടെ ഉള്ളില്‍നിന്നുകൊണ്ടുള്ളതോ അതോ മറിച്ചോ? എന്തെന്നാല്‍ കാന്റു പറയുന്നു - "Sensory perception as is processed by the categorical (ie. working in a time-space continuum) mind could find only phenomenal entities and not noumenal. Phenomenon is the-thing becoming and Noumenon is the-thing-in-itself."

2) "Why are there essents rather nothing?" - ഈ ചോദ്യം മാര്‍ട്ടിന്‍ ഹൈദഗറുടേതാണ്. ശൂന്യതയ്ക്കു പകരം എന്തൊക്കെയോ ചിലതുള്ളത് എന്തുകൊണ്ടാണ് എന്ന്. ശൂന്യതയാണ് മൂലതത്ത്വമെങ്കില്‍ അതിനു പരിണാമമോ പരിവര്‍തനമോ ഉണ്ടാകുന്നതിനു കാരണമെന്ത്? ഉള്ളതൊന്നും നശിക്കില്ല എങ്കില്‍ ഇല്ലാത്തതൊന്നും ഉണ്ടാകയുമില്ല. അതായത് വസ്തുലോകത്തില്‍ പുതുമകളില്ല എന്നു സാരം. ആരംഭം എന്നത് അപ്പോള്‍ ആവര്‍തനചക്രത്തിലെ ഒരു ബിന്ദു മാത്രമല്ലേ? അല്ലെങ്കില്‍തന്നെ, പരിണാമം (ആരംഭവും അവസാനവും) നിരന്തരം അനുഭവവേദ്യമാണ്. പരിണാമസന്ദര്‍ങ്ങളുടെ ഒരു വ്യാപകഭൂമികയെയാണ് ഒരു യൂണിവേഴ്സ് എന്നു പറയേണ്ടത്. ഇത്തരം ധാരാളം യൂണിവേഴ്സുകളുണ്ട് (Universe, Anti-universe, multi-verse, matter-antimatter എന്നതൊക്കെ സയന്‍സിന്റെതന്നെ സങ്കല്പനങ്ങളാണല്ലോ). ഇവയില്‍ ഏതിനെപ്പറ്റിയാണ് ശ്രീമാന്‍ ഹോക്കിങ്ങ് വിധി പറയുന്നത്? സംയോഗ-വിയോഗങ്ങളുടെ നിരന്തരതയാല്‍ പ്രവാഹരൂപത്തില്‍ നിത്യമാണ് പ്രപഞ്ചഗതി എന്നാണ് വൈശേഷികദര്‍ശനം പ്രസ്താവിക്കുന്നത്. സാംഖ്യ-വൈശേഷികങ്ങള്‍ ക്വാണ്ടം സൈദ്ധാന്തികരുടെ അംഗീകൃതബാലപാഠങ്ങളാണ് എന്നതുമോര്‍ക്കണം.

3) കാലം (അഥവാ സ്ഥലകാലസീമ) മുന്നോട്ടോ പിന്നോട്ടോ ചലിക്കുന്നു? ഹോക്കിന്‍സിന്റെ പ്രോബബിലിറ്റി തിയറിയോ സര്‍വസമതയോ വച്ചുനോക്കിയാല്‍ ആരംഭംതന്നെ അവസാനമാകില്ലേ? അനന്തതതന്നെ അനന്തതയിലെ ഒരു ബിന്ദുവും?

ഇങ്ങനെ പലതും ചോദിക്കാനുണ്ട്..... തുടര്‍ന്നും അനുവാദമുണ്ടെങ്കില്‍...

പിന്നെ ഇതിലെ 'ഞാന്‍' രോഹിതോ സിജോയോ ഹോക്കിങ്ങോ?