ആത്മഹത്യ

എ. വി April 30, 2015

ചിത്രീകരണം: ഷമ്മി


ചിത്രീകരണം: ഷമ്മി

സ്വീകരണമുറിയിൽ
ഫാൻ അഴിച്ചു മാറ്റിയ കൊളുത്തിൽ
അഴുക്ക് പോകാതെ
അലക്കിയ വിഴുപ്പ് പോലെ
ഞാൻ എന്നെ തൂക്കി ഇട്ടിട്ടുണ്ട്.

തൂക്കിയിടുമ്പോൾ ചോദ്യചിഹ്നം പോലെയും
അഴിച്ചിടുമ്പോൾ 'ഗ' പോലെയും
നേർരേഖയോട് പിണങ്ങാനുള്ള ആഗ്രഹം
പതിവുപോലെ പരാജയം ആയത് അറിയാതെ,
ഞാൻ എന്നെ തൂക്കി ഇട്ടിട്ടുണ്ട്.

അടക്കമില്ലാതെ പുറത്തേക്ക് തുറിച്ച,
അഴുകി തുടങ്ങിയ നാവിൽ വന്നിരുന്ന
ഒരു ഈച്ചയോട് മാത്രം
ഒളിപ്പിച്ചു വച്ച പ്രണയം പോലെ
തിരിച്ചടയ്ക്കാത്ത കടത്തെ പറ്റി
ഞാൻ ഒരു കുറ്റസമ്മതം നടത്തി.

അഴിച്ചിറക്കി ചിതയിൽ വച്ച്
സ്പുടം ചെയ്തെടുത്താലും
പൊതിഞ്ഞു കെട്ടി ഞാൻ നട്ട
ചെടികൾക്ക് വളമാക്കിയാലും
നഗ്നമായ ശരീരം ക്ഷേത്രഗോപുരത്തിലെ
കഴുകനെ കൊണ്ടു് തീറ്റിച്ചാലും
ഞാൻ ഒരു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

സ്വീകരണ മുറിയിലെ
ഫാൻ അഴിച്ചുമാറ്റിയ കൊളുത്തിൽ?
അഴുക്ക് പോകാതെ
അലക്കിയ വിഴുപ്പു പോലെ
ഇതേ പോലെ മറ്റൊരാളെ
അയാൾ തൂക്കിയിടും വരെ
അനേകം ഈച്ചകൾ കൂട്ടിനെത്തുന്നതു വരെ
ഒരൊറ്റ ഈച്ച മൂളി കൊണ്ടിരിയ്ക്കും.

poem, Literature, Poem Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments