കല്‍ക്കരിപാടങ്ങളുടെ പതിച്ച് നല്കല്‍

Prabhat Patnaik September 16, 2012

നവലിബറലിസം വഞ്ചിക്കുന്നത് ഭരണഘടനയെ മാത്രമല്ല, തന്റെ തന്നെ അവകാശവാദങ്ങളെ കൂടിയാണ്. സംരംഭകര്‍ക്കിടയില്‍ തുല്യാവസരമുള്ള മത്സരം ഉറപ്പു വരുത്തുന്നു എന്ന വാദത്തിന്റെ പുറത്ത് സ്വീകാര്യത നേടുന്ന നവലിബറലിസം. വാസ്തവത്തില്‍ ചെയ്യുന്നത് എതാനും ചില കുത്തകകളെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരെ പുറന്തള്ളുകയുമാണ്. ഖജനാവിന് ഉണ്ടായ നഷ്ടത്തെ കുറിച്ച് ആകുലരാകുന്നതിനിടയില്‍ രാജ്യത്തിന് ഉണ്ടാകുന്ന അതിലും വലിയ ഈ നഷ്ടത്തെ കാണാതെ പോകരുത്.

Image: The Hindu


This is a translation of an article by Prof. Prabhat Patnaik titled The Allocation of Coal Blocks that appeared in Macroscan on September 3, 2012.1

കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യമേഖലക്കു ഖനനത്തിനായി അനുവദിച്ചു കൊടുത്ത നടപടി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. പക്ഷെ ഖനനത്തിനുള്ള അനുമതി ലേലം നടത്താതെ നല്‍കിയതുകൊണ്ടു ഖജനാവിനുണ്ടായ നഷ്ടം എന്ന ഒരു ചോദ്യം മാത്രമാണ് അവയില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അവഗണിക്കപ്പെട്ട മറ്റുള്ളവയിലേക്കു കടക്കുന്നതിനു മുമ്പ്, നമുക്കാദ്യം ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യാം.

ഖജനാവിനു വന്‍തോതില്‍ നഷ്ടമുണ്ടായി എന്നതിവിടെ പകല്‍ പോലെ വ്യക്തമാണ്. കോണ്‍ഗ്രസ് പാര്‍ടി അതു നിഷേധിക്കുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ അപമാനിക്കുന്നതിനു തുല്യമാണ്. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് അനുവദിക്കുന്നതിനു പിന്നിലെ ആശയം അവര്‍ ഇപ്പോള്‍ നടത്തുന്ന വ്യവസായത്തിന് ആവശ്യമായ കല്‍ക്കരിയുടെ ലഭ്യത അവര്‍ക്കു ഉറപ്പു വരുത്തുക എന്നതാണ്. സാധാരണഗതിയില്‍ അവര്‍ക്കു പൊതുമേഖലാസ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (CIL) പാടങ്ങളില്‍ നിന്നു ഖനനം ചെയ്തെടുക്കുന്ന കല്‍ക്കരി CIL നിശ്ചയിക്കുന്ന വിലയ്ക്ക് വിലക്കു വാങ്ങേണ്ടി വരും. അതിനു പകരം സ്വകാര്യകമ്പനികള്‍ക്കു ആവശ്യത്തിനുള്ള കല്‍ക്കരി അവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേകം അനുവദിച്ച പാടങ്ങളില്‍ നിന്നു സ്വയമേവ ഖനനം ചെയ്തെടുക്കാം. ഈ ഉല്പാദനച്ചെലവ് CIL-ന്റെ വില്‍പന വിലയേക്കാള്‍ കുറവാണെങ്കില്‍ CIL-നു ലഭിക്കേണ്ടിയിരുന്ന ലാഭം സ്വകാര്യകമ്പനികള്‍ക്കു കൈമുതലാകും. ചുരുക്കത്തില്‍ വിഭവങ്ങള്‍ പൊതുമേഖലയില്‍ നിന്നും "ഇഷ്ടക്കാരായ" ഒരുപിടി സ്വകാര്യകമ്പനികളിലേക്കു (കല്‍ക്കരിപ്പാടങ്ങള്‍ പതിച്ചു കിട്ടിയ കമ്പനികളിലേക്ക്) കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.

ഖജനാവിനു വന്‍തോതില്‍ നഷ്ടമുണ്ടായി എന്നതിവിടെ പകല്‍ പോലെ വ്യക്തമാണ്. കോണ്‍ഗ്രസ് പാര്‍ടി അതു നിഷേധിക്കുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ അപമാനിക്കുന്നതിനു തുല്യമാണ്.

നഷ്ടത്തിന്റെ കണക്ക് കണ്ടെത്താനുള്ള ഒരേ ഒരു മാര്‍ഗം ഇപ്പോഴുള്ള കണക്കുകളെ, കല്‍ക്കരിപ്പാടങ്ങള്‍ പതിച്ചു കൊടുത്തില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന സാങ്കല്പികകണക്കുകളുമായി താരതമ്യം ചെയ്യുക എന്നതാണ്. അതു കൊണ്ടു തന്നെ നഷ്ടത്തിന്റെ കൃത്യമായ അളവിനെ സംബന്ധിച്ചു അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷെ അതിനര്‍ത്ഥം നഷ്ടമേ ഉണ്ടായിട്ടില്ല എന്നല്ല. കൊളോനിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള "സമ്പത്തിന്റെ ഒഴുക്കിന്റെ" അളവില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെന്നു വച്ചു അങ്ങനെ ഒരു ഒഴുക്കുണ്ടായിരുന്നില്ല എന്നു വരില്ലല്ലോ. അത് പോലെ തന്നെ നഷ്ടത്തിന്റെ അളവിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കു ഖജനാവിനുണ്ടായ നഷ്ടം എന്ന യാഥാര്‍ത്ഥ്യത്തെ മറക്കാന്‍ കഴിയില്ല.

മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന, "ഒരു നഷ്ടവുമില്ല" എന്ന പാഴ്‌വാക്കു ഒഴിവാക്കുന്നതില്‍ കാട്ടിയ ശ്രദ്ധ ഒഴിച്ചാല്‍, പുകമറ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. അതിന്റെ ലക്ഷ്യം പ്രശ്നത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടുകയും CAG റിപ്പോര്‍ട്ടിനെ പുലഭ്യം പറയുകയും മാത്രമായിരുന്നു. ഉള്ളു പൊള്ളയായതായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങള്‍. ഉദാഹരണത്തിനു, അദ്ദേഹത്തിന്റെ ഒരു വാദം ഇങ്ങനെ - കല്‍ക്കരിപ്പാടങ്ങളുടെ പുതിയ സ്വകാര്യഉടമകള്‍ അവരുടെ ലാഭത്തിന്റെ 26 ശതമാനം നികുതിയായി തദ്ദേശീയവികസനത്തിനായി അടയ്ക്കണമെന്ന് (പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള) ഖനന-ധാതു വികസന നിയന്ത്രണ (Mining and Minerals Development and Regulation - MMDR) ബില്‍ വ്യവസ്ഥ ചെയ്യുന്നുവെന്നും അതു CAG കണക്കില്‍പെടുത്തിയിട്ടില്ല എന്നുമാണ്. പക്ഷെ ഈ വാദം പൊള്ളയാണ്. കാരണങ്ങള്‍ പലതാണ് - ഒന്ന്, പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള MMDR ബില്‍ ഇപ്പൊഴും ഒരു വിദൂരസാധ്യത മാത്രമാണ്. അതു കണക്കിലെടുക്കാത്തതിന് CAGയെ പഴിച്ചിട്ടു കാര്യമില്ല; രണ്ട്, 26 ശതമാനം ലാഭം നികുതിയായി പിടിച്ചെടുത്താല്‍ പോലും, അവര്‍ അവയില്‍ നിന്നു ലാഭം കൊയ്യുന്ന കാലത്തോളം കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്കു പതിച്ചു കൊടുക്കന്നതിനെ സാധൂകരിക്കാന്‍ കഴിയില്ല. കാരണം ലാഭമായി അവരുണ്ടാക്കുന്ന ഓരോ പൈസയും പൊതുമേഖലാകമ്പനിയുടെ ലാഭത്തിലൂടെ ഖജനാവിലേക്കേത്തേണ്ട പണത്തില്‍ നിന്നു വഴിമാറ്റിക്കിട്ടിയ അനധികൃതസൗജന്യമാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വന്തമായുള്ള കല്‍ക്കരി ഖനനത്തിലൂടെ സ്വകാര്യകമ്പനികള്‍ക്കു കിട്ടുന്ന മുഴുവന്‍ ലാഭവും നികുതിയായി പിടിച്ചെടുക്കാത്തിടത്തോളം അതു ഖജനാവിനു നഷ്ടം തന്നെയാണ്. മൂന്ന്, മന്‍മോഹന്‍ സിങ്ങ് ഇനി കൊണ്ടു വരാന്‍ പോകുന്ന 26 ശതമാനം നികുതിയെപ്പറ്റി വാചാലനാകുമ്പോള്‍ നഷ്ടത്തിന്റെ അളവിനെയാണ് അദ്ദേഹം ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്, അല്ലാതെ നഷ്ടമുണ്ടായില്ല എന്നു പറയുകയല്ല. എന്നാല്‍ ഖജനാവിനു നഷ്ടമുണ്ടായി എന്ന വസ്തുത തുറന്നു സമ്മതിക്കാന്‍ അദ്ദേഹം വിമുഖത കാട്ടുന്നു.

സ്വന്തമായുള്ള കല്‍ക്കരി ഖനനത്തിലൂടെ സ്വകാര്യകമ്പനികള്‍ക്കു കിട്ടുന്ന മുഴുവന്‍ ലാഭവും നികുതിയായി പിടിച്ചെടുക്കാത്തിടത്തോളം അതു ഖജനാവിനു നഷ്ടം തന്നെയാണ്.

ഖജനാവിന് നഷ്ടമുണ്ടയിട്ടുണ്ടെന്നത് പോലെ തന്നെ വ്യക്തമായ കാര്യമാണ് ലേലം വിളിച്ചാണ് ഈ കല്‍ക്കരി പാടങ്ങള്‍ അനുവദിചിരുന്നുവെങ്കില്‍ ഈ നഷ്ടത്തിന്റെ അളവ് കുറയ്ക്കാമായിരുന്നു എന്നത്. ഒരു ആസ്തിക്ക് കല്‍പ്പിക്കുന്ന വില അത് കൈവശം വെക്കുന്നത് വഴി ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വരുമാനത്തിന്റെ ലഭ്യതയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ഊഹക്കച്ചവടത്തിന്റെ അഭാവത്തില്‍ ഈ പ്രതീക്ഷിത വരുമാനത്തിന്റെ ആകെതുകയില്‍ നിന്നും ആ തുക ആദ്യമെ നല്കേണ്ടി വരുന്നതുകാരണമുള്ള പലിശ കിഴിച്ച് ബാക്കിയുള്ളതാവാണം ആ ആസ്തിക്ക് ചുമത്തേണ്ട വില. കല്‍ക്കരിപാടങ്ങള്‍ കയ്യില്‍വെക്കുന്നതു വഴി ലാഭം ഉണ്ടാകും എന്നു വരികില്‍ (ലാഭമുണ്ടാകും എന്നത് നമുക്കു വ്യക്തമാണ്), ലേലത്തിനു വെച്ചിരിന്നെങ്കില്‍ ഒരു നല്ല തുക തീര്‍ച്ചയായും ഖജനാവിനു ലഭിച്ചേനെ.

എന്നാല്‍ ലേലത്തിലൂടെയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നതെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് ഒരു നഷ്ടവും ഉണ്ടാവുമായിരുന്നില്ല എന്നു വിചാരിക്കുന്നതും തെറ്റായിരിക്കും. ഏതൊരു വസ്തുവിന്റെയും ലേലത്തുക അതിന്റെ ഇപ്പോഴത്തെ മൂല്യത്തെ മാത്രമല്ല, മറിച്ച് അതില്‍ നിന്നു ഭാവിയില്‍ എത്ര വരുമാനം പ്രതീക്ഷിക്കാം എന്ന രീതിയില്‍ ഉള്ള കണക്കുകൂട്ടലുകളേയും ആശ്രയിച്ചിരിക്കുന്നു. 2004 വരെ ഒരു ടണ്‍ കല്‍ക്കരിയുടെ വില 25 മുതല്‍ 30 ഡോളര്‍ ആയിരുന്നപ്പോള്‍ അത്രയും കല്‍ക്കരി ഖനനം ചെയ്ത് എടുക്കാന്‍ CIL ന് എതാണ്ട് 30 ഡോളര്‍ ആയിരുന്നു ചെലവു വന്നിരുന്നത്. ആ കാലഘട്ടത്തില്‍ CIL യഥാര്‍തത്തില്‍ വലിയ നഷ്ടത്തിലായിരുന്നു. എന്നാല്‍ 2004നു ശേഷം ചൈനയിലും മറ്റും ഉണ്ടായ വര്‍ദ്ധിച്ച ഉപഭോഗത്തിന്റെ ഭാഗമായി കല്‍ക്കരി വിലയില്‍ ഒരു വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാവുകയും 2008 ജൂലൈയില്‍ വില ടണ്ണിന് 180 ഡോളര്‍ വരെ എത്തുകയും ചെയ്തു. ഇന്ന് ഒരു ടണ്‍ കല്‍ക്കരിയുടെ വില എതാണ്ട് 100 മുതല്‍ 105 ഡോളര്‍ വരെ ആണ്. ഭാവിയില്‍ വിപണിയില്‍ ഉണ്ടായേക്കാവുന്ന ഇത്തരമൊരു കുതിച്ചുചാട്ടം കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്കു കൈമാറുക എന്ന ചര്‍ച്ച തുടങ്ങി വച്ച 2004ല്‍ ലേലത്തില്‍ പങ്കെടുക്കുന്ന ഒരു കക്ഷിയും പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അതിനാല്‍ തന്നെ അന്ന് ലഭിക്കുമായിരുന്ന ലേലത്തുകയും കുറവാണ്. സ്വകാര്യ കമ്പനികള്‍ CIL ല്‍ നിന്നു കല്‍ക്കരി വാങ്ങുക എന്ന പതിവ് തിരുത്തിക്കൊണ്ട് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ കൈമാറുക എന്ന തീരുമാനത്തിന്റെ ഫലമായി ഉണ്ടായ നഷ്ടം, ഒരുപക്ഷെ അന്നൊരു ലേലം നടന്നിരുന്നെങ്കില്‍ പോലും, വളരെ വലുത് തന്നെ ആയിരുന്നേനെ.

കല്‍ക്കരിയുടെ ഒഴുക്കു മാത്രം ആവശ്യമുള്ള കമ്പനികള്‍ക്ക് കല്‍ക്കരിശേഖരം മുഴുവനായി പതിച്ചു നല്‍കുന്നത് ഒരു തരത്തിലും നീതീകരിക്കാവുന്ന നടപടി അല്ല.

ചില പ്രത്യേക സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ സൗജന്യമായി കൈമാറ്റം ചെയ്യുക എന്നതിനേക്കാളും എന്തുകൊണ്ടും മികച്ച രീതിതന്നെയാണ് ലേലം വഴി അവ കൈമാറ്റം ചെയ്യുക എന്നത്. എന്നാല്‍ ലേലം വഴി ആണ് ഈ കൈമാറ്റം നടന്നത് എന്നുണ്ടെങ്കില്‍ പോലും അതു ഖജനാവിനു ഉണ്ടായ നഷ്ടത്തെ ഇല്ലാതാക്കുന്നില്ല. കാരണം, ലേലം ചെയ്തു കിട്ടുന്ന വസ്തുവില്‍ നിന്നു എത്ര ലാഭം ഉണ്ടാക്കാം എന്ന അനുമാനമാണ് ലേലത്തുക നിശ്ചയിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാവുന്ന വരുമാനം നോക്കിയാണ് ഖജനാവിനുണ്ടാകുന്ന നഷ്ടം കണക്കാക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാവുന്ന വരുമാനം അനുമാനത്തെക്കാള്‍ കൂടുതലായിരിക്കുന്ന അവസ്ഥയില്‍ ഖജനാവിന് ഉണ്ടാവുന്ന നഷ്ടം ലേലത്തിലൂടെ നികത്താവുന്ന ഒന്ന് അല്ല.

ഇത് നമ്മളെ ഈ വിഷയത്തിന്റെ മര്‍മ്മത്തില്‍ എത്തിക്കുന്നു. ഇവിടെ കല്‍ക്കരിയുടെ ഒഴിക്കിനെയും ശേഖരത്തെയും (flow and stock) വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ വിവിധ സ്വകാര്യ കമ്പനികള്‍ക്ക് ഓരോ കൊല്ലവും നടത്തുന്ന കല്‍ക്കരിയുടെ വിതരണത്തെയാണ് 'ഒഴുക്ക്' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കല്‍ക്കരിയുടെ സുനിശ്ചിത ലഭ്യത ആവശ്യപ്പെടുന്ന സ്വകാര്യകമ്പനികള്‍ക്ക് എല്ലാം യഥാര്‍ത്ഥത്തില്‍ വേണ്ടത് ഈ ഒഴുക്കാണ്. കല്‍ക്കരിപ്പാടങ്ങളിലുള്ള കല്‍ക്കരിനിക്ഷേപത്തെയാണ് 'ശേഖരം' എന്ന് വിളിക്കുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യുന്നത് വഴി ഗവണ്മെന്റ് അവര്‍ക്ക് കല്‍ക്കരിയുടെ ഒഴുക്ക് ഉറപ്പുവരുത്തുക മാത്രമല്ല, അവയുടെ സേഖരത്തിനു മേലുള്ള നിയത്രണാവകാഷം കൂടി പതിച്ചു നല്‍കുന്നു. കല്‍ക്കരിയുടെ ഒഴുക്കു മാത്രം ആവശ്യമുള്ള കമ്പനികള്‍ക്ക്, ആ ആവശ്യങ്ങള്‍ ന്യായമാണെന്നു കരുതിയാല്‍ തന്നെ, കല്‍ക്കരിശേഖരം മുഴുവനായി പതിച്ചു നല്‍കുന്നത് ഒരു തരത്തിലും നീതീകരിക്കാവുന്ന നടപടി അല്ല.

നമ്മുടെ രാജ്യം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് - ഒരു വശത്ത് ഭീമന്‍ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു, മറുവശത്താകട്ടെ, കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് പതിച്ചു കൊടുത്തതു മൂലം കല്‍ക്കരിയുടെ ദേശീയോല്പാദനം ഗണ്യമായി കുറയുകയും ചെയ്യുന്നു.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം കല്‍ക്കരി ഉപയോഗിക്കുന്ന ചില പ്രമുഖ കമ്പനികള്‍ക്കു കല്‍ക്കരിലഭ്യത ഒരു നിശ്ചിതവിലക്കു ഉറപ്പു വരുത്തുക എന്നതാണെങ്കില്‍ (നിശ്ചിതവിലക്കു കല്‍ക്കരിയെപ്പോലെയൊരു വിഭവത്തിന്റെ ലഭ്യത സ്വകാര്യകമ്പനികള്‍ക്കു ഉറപ്പുനല്കുമ്പോള്‍ അവര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ വില നിയന്ത്രണവിധേയമാക്കുക കൂടി ചെയ്തു കൊണ്ടാവണം എന്നതു മറ്റൊരു വശം.), സര്‍ക്കാരിനു ഈ സ്വകാര്യകമ്പനികളെ CIL-ഉമായി വിതരണകരാറുകളിലേര്‍പ്പെടാന്‍ അനുവദിച്ചാല്‍ മതിയായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, മേല്‍പറഞ്ഞ കമ്പനികള്‍ക്കു വേണ്ട തോതിലുള്ള കല്‍ക്കരി ലഭിക്കുകയും ചെയ്യും (അങ്ങനെ കല്‍ക്കരിപ്പാടങ്ങള്‍ പതിച്ചു കൊടുത്തതിന്റെ പ്രഖ്യാപിത ലക്ഷ്യം നിറവേറുകയും ചെയ്യും), അതോടൊപ്പം കല്‍ക്കരിനിക്ഷേപങ്ങളുടെ നിയന്ത്രണം പൊതുമേഖലാ കമ്പനിയായ CILവഴി സര്‍ക്കാരിന്റെ കൈയ്യില്‍ തന്നെ തുടരുകയും ചെയ്യും..

കല്‍ക്കരിനിക്ഷേപങ്ങളുടെ മേലുള്ള നിയന്ത്രണം നിലനിര്‍ത്തിയാല്‍, സര്‍ക്കാരിനു ഒരു നിശ്ചിത കാലയളവിലെ അവയുടെ ഉപഭോഗത്തിന്റെ നിരക്കും നിയന്ത്രിക്കാന്‍ കഴിയും. കല്‍ക്കരിപ്പാടങ്ങള്‍ ചില കമ്പനികള്‍ക്കു പതിച്ചു കൊടുത്തതിലൂടെ വന്നു ചേര്‍ന്നിരിക്കുന്ന മറ്റൊരു ഗതികേടിതാണ് - ഈ കമ്പനികള്‍ അവരവരുടെ ഉപയോഗത്തിനുവേണ്ടിയുള്ള ഖനനം മാത്രമെ നടത്തുകയുള്ളൂ. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതു പോലെ രാജ്യം കല്‍ക്കരിക്ഷാമം നേരിടുമ്പോള്‍ പോലും ഖനനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ തയ്യാറല്ല. ചുരുക്കിപ്പറഞ്ഞാല്‍, കല്‍ക്കരി ഉല്പാദനത്തെ ദേശീയാവശ്യത്തിനനുസരിച്ച് ചിട്ടപെടുത്തുന്ന രീതിയില്‍നിന്നും ഒരു വ്യവസ്ഥാപിതമായ മാറ്റം സൃഷ്ടിച്ചിരിക്കുന്നു. മന്‍മോഹന്‍ സിങ്ങ് പാര്‍ലമെന്റിലെ തന്റെ പ്രസ്താവനയില്‍ പറഞ്ഞതു പോലെ, ഈ കമ്പനികളില്‍ പലതും അവരുടെ പാടങ്ങളില്‍ നിന്നും വേണ്ടത്ര ഖനനം നടത്തിയിട്ടില്ല. അങ്ങനെ നമ്മുടെ രാജ്യം ഒരു അബദ്ധത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് - ഒരു വശത്ത് ഭീമന്‍ വിലയ്ക്ക് കല്‍ക്കരി ഇറക്കുമതി ചെയ്യുന്നു, മറുവശത്താകട്ടെ, കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്ക് പതിച്ചു കൊടുത്തതു മൂലം കല്‍ക്കരിയുടെ ദേശീയോല്പാദനം ഗണ്യമായി കുറയുകയും ചെയ്യുന്നു.

നിക്ഷേപങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ, അവ ഖനനം ചെയ്താലും ഇല്ലെങ്കിലും, ആ മേഖലയിലെ കുത്തകവല്‍ക്കരണത്തിനു തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്.

നിക്ഷേപങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ, അവ ഖനനം ചെയ്താലും ഇല്ലെങ്കിലും, ആ മേഖലയിലെ കുത്തകവല്‍ക്കരണത്തിനു തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. ലെനിന്‍ ഒരു നൂറ്റാണ്ടു മുമ്പു ചൂണ്ടിക്കാണിച്ച പോലെ, ധാതുനിക്ഷേപങ്ങളെ പിടിച്ചെടുക്കുകയും എതിര്‍ശക്തികളെ അവയില്‍ നിന്നകറ്റുകയും ചെയ്യുന്നത് കുത്തകാധിപത്യം സ്ഥാപിക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണമാണ്. അതു കൊണ്ടു തന്നെ, തങ്ങള്‍ക്കു ഇത്തരുണത്തില്‍ ഉപയോഗമില്ലെങ്കില്‍ കൂടി, ഈ നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ കുത്തക കമ്പനികള്‍ വന്‍ മുടക്കുമുതലുകള്‍ നടത്താന്‍ പോലും മടിക്കില്ല. കാരണം ഭാവിയില്‍ അവരുടെ ഉല്പന്നങ്ങള്‍ വില്ക്കുമ്പോള്‍ അവര്‍ക്കു ലഭിക്കാന്‍ പോകുന്നത് കുത്തകലാഭമാണ്. (അതുകൊണ്ട് കല്‍ക്കരി ഉല്പാദനത്തില്‍ നിന്നുള്ള ലാഭം വെറും പൂജ്യമായിട്ടു കൂട്ടിയാല്‍ പോലും കല്‍ക്കരിപ്പാടങ്ങളുടെ ലേലവില എപ്പോഴും പോസിറ്റീവ് ആയിരിക്കും). എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിരോധാഭാസം, ധാതുനിക്ഷേപങ്ങളുടെ മേലുള്ള കുത്തകാവകാശം സര്‍ക്കാര്‍ നേരിട്ടു ഇഷ്ടക്കാരായ ചില കുത്തകകമ്പനികള്‍ക്കു സൗജന്യ ഇനാമായി പതിച്ചു കൊടുത്തിരിക്കുന്നു എന്നതാണ്.

പ്രശ്നം തുടങ്ങിയത് 2004-ല്‍ അല്ല. അതു 1993-ല്‍ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യകമ്പനികള്‍ക്കു പതിച്ചു കൊടുക്കാനുള്ള നയപ്രഖ്യാപനത്തോടെ തന്നെ തുടങ്ങി. നേരത്തെ സൂചിപ്പിച്ച പോലെ, മുട്ടില്ലാതെയുള്ള കല്‍ക്കരി ലഭ്യത (ഒഴുക്ക്) ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അതു നടപ്പാക്കിയത്. എന്നാല്‍ അതിനോടൊപ്പം അവര്‍ക്കു ഔദാര്യമായി കല്‍ക്കരിയുടെ ശേഖരം തന്നെ അനുവദിച്ചു. കല്‍ക്കരി പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്ന തീരുമാനം 1956-ലെ രണ്ടാം വ്യാവസായികനയപ്രഖ്യാപനത്തിന്റെ ഭാഗമാണ്. ഈ നയത്തിന്റെ മൂലവേരുകള്‍ ചെന്നെത്തുന്നതോ ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യതന്ത്രത്തിന്റെ നിര്‍ദ്ദേശക തത്വങ്ങളിലേക്കും. (Directive Principles of State Policy). സമൂഹത്തിനു മൊത്തം ആവശ്യമായി ആസൂത്രണം ചെയ്തു ശ്രദ്ധയോടെ ഉപയോഗിക്കേണ്ട, ദുര്‍ലഭമായ അമൂല്യവിഭവങ്ങളെ പൊതുമേഖലയുടെ പരിധിയില്‍ നിര്‍ത്തുക എന്ന പ്രാഥമികതത്വം നെഹ്രൂവിയന്‍ നയങ്ങളുടെ അവിഭാജ്യഘടകമായിരുന്നു. ഈ തത്വത്തില്‍ നിന്നുള്ള വ്യതിയാനം, രണ്ടാം വ്യാവസായികനയപ്രഖ്യാപനത്തില്‍ നിന്നുള്ള വ്യതിയാനം, ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുടെ ലംഘനം, അതിലൂടെ രാജ്യത്തിന്റെ അമൂല്യവിഭവങ്ങള്‍ സ്വകര്യ കുത്തകകമ്പനികള്‍ക്കു തീറെഴുതുന്ന ഈ സമീപനം 1993-ല്‍ നവലിബറല്‍ നയങ്ങളുടെ ഭാഗമായി തന്നെ ഇവിടെ നടപ്പാക്കപ്പെട്ടു.

സമൂഹത്തിനു മൊത്തം ആവശ്യമായി ആസൂത്രണം ചെയ്തു ശ്രദ്ധയോടെ ഉപയോഗിക്കേണ്ട, ദുര്‍ലഭമായ അമൂല്യവിഭവങ്ങളെ പൊതുമേഖലയുടെ പരിധിയില്‍ നിര്‍ത്തുക എന്ന പ്രാഥമികതത്വം നെഹ്രൂവിയന്‍ നയങ്ങളുടെ അവിഭാജ്യഘടകമായിരുന്നു.

നവലിബറലിസം വഞ്ചിക്കുന്നത് ഭരണഘടനയെ മാത്രമല്ല, തന്റെ തന്നെ അവകാശവാദങ്ങളെ കൂടിയാണ്. സംരംഭകര്‍ക്കിടയില്‍ തുല്യാവസരമുള്ള മത്സരം ഉറപ്പു വരുത്തുന്നു എന്ന വാദത്തിന്റെ പുറത്ത് സ്വീകാര്യത നേടുന്ന നവലിബറലിസം. വാസ്തവത്തില്‍ ചെയ്യുന്നത് എതാനും ചില കുത്തകകളെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരെ പുറന്തള്ളുകയുമാണ്. ഖജനാവിന് ഉണ്ടായ നഷ്ടത്തെ കുറിച്ച് ആകുലരാകുന്നതിനിടയില്‍ രാജ്യത്തിന് ഉണ്ടാകുന്ന അതിലും വലിയ ഈ നഷ്ടത്തെ കാണാതെ പോകരുത്.

  • 1. "ദ അലോക്കേഷന്‍ ഓഫ് കോള്‍ ബ്ലോക്സ്" എന്ന പേരില്‍ സെപ്തമ്പര്‍ 3, 2012-ന് മാക്രോസ്കാനില്‍ പ്രസ്സിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ.
coal, Development, Essay, manmohan singh, Politics, UPA, India, Neo-liberalism, Economics Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments