പനിയുടെ കച്ചവടവും, ഒരല്പം രാഷ്ട്രീയവും

മഴക്കാലം വന്നതോടെ കേരളത്തിലെ ചില പത്രങ്ങളിലെങ്കിലും പനി വീണ്ടും വാര്‍ത്തയാകുന്നു. പനി ബാധിച്ച രോഗികളെ മാത്രമല്ല, സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും, എന്തിനേറെ മന്ത്രിക്കസേരകളെ തന്നെ കിടുകിടാ വിറപ്പിക്കാന്‍ പനിക്കു കഴിഞ്ഞിരിക്കുന്നു. ഡെങ്കു, ചിക്കുന്‍ ഗുനിയ, എലിപ്പനി, വൈറല്‍ പനി, low platelet fever, typhus fever എന്നിങ്ങനെ പലപേരിലും തരത്തിലുമുള്ള പനികള്‍ കണ്ടുവരുന്നുണ്ട്. കൊതുകുകള്‍, അവ പരത്തുന്ന പല പനികള്‍, അവക്കു കാരണമായ വൈറസുകള്‍, രോഗലക്ഷണങ്ങള്‍, പനികളുടെ രോഗപ്രതിരോധം, ചികിത്സ എന്നിവയൊക്കെ ഒരിടവേളക്കു ശേഷം വീണ്ടും ചര്‍ച്ചാവിഷയമാകുന്നു. ഇതൊക്കെ കണ്ടും കേട്ടും ഓരോ സാധാരണക്കാരും ഭാഗഭാക്കായ നമ്മുടെ ആരോഗ്യകേരളം മിഴിച്ചു നില്ക്കുന്നു.

പനി ഏറ്റവും രൂക്ഷമായ തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഓരോന്നിലും പതിനായിരക്കണക്കിനു പനിബാധിതരാണ് ഈ മണ്‍സൂണ്‍ സീസണില്‍ ചികിത്സക്കെത്തുന്നത്. തിരുവനന്തപുരത്തു ഓരോ ദിവസവും ആയിരത്തിനു മേലേ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനംതിട്ടയില്‍ ജൂണ്‍ പകുതി വരെയുള്ള കണക്കു വച്ചു പനിക്കു ചികിത്സ തേടിയവരുടെ എണ്ണം പതിനായിരം കഴിഞ്ഞു. ആശങ്കാജനകമായ മറ്റൊരു കാര്യം സംസ്ഥാനത്തെ മൊത്തം പനിബാധിതരില്‍ ആയിരത്തിനു മേലെ പേര്‍ ഡെങ്കുബാധിതരാണ്.. ഇതൊക്കെ സര്‍ക്കാരിന്റെ ഔദ്യോഗികകണക്കായി നില്കെ യഥാര്‍ഥകണക്കുകള്‍ ഇതിനേക്കാള്‍ എത്രയോ ഭീതിദമാണ്. ഔദ്യോഗികകണക്കുകള്‍ ഇങ്ങനെയിരിക്കവേ, ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ് , കാരണം പ്രൈവറ്റ് ആശുപത്രികള്‍, ക്ലിനിക്കുകള്‍, പ്രൈവറ്റ് കണ്‍സള്‍ട്ടന്റുകള്‍, ആയുര്‍വേദ-ഹോമിയോ സ്ഥാപനങ്ങള്‍ ഇവയിലൊന്നും ചികിത്സ തേടുന്നവരുടെ എണ്ണമെടുക്കാനുള്ള സംവിധാനം സര്‍ക്കാരിനില്ല. സര്‍ക്കാരാശുപത്രികളില്‍ തന്നെ ഒരു ഏരിയയില്‍ പത്തില്‍ കൂടുതല്‍ പനിക്കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്താല്‍ പ്രത്യേക "പനിക്ലിനിക്കും" മറ്റൂം തുടങ്ങേണ്ട തലവേദന മുന്നില്‍ കണ്ടു ചില ഉദ്യോഗസ്ഥരെങ്കിലും പനിയുടെ എണ്ണം കുറച്ചു റിപ്പോര്‍ട്ട് ചെയ്യാറുണ്ടത്രെ. 2012-ല്‍ സംസഥാനത്തു മൊത്തം എട്ടു ലക്ഷത്തിലധികം പേര്‍ പനിബാധിച്ചെന്നും ഈ മാസം മാത്രം എടുത്തു നോക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിച്ച് അതു തൊണ്ണൂറായിരം വരെ വരുമെന്നുമാണു ചില അനൌദ്യോഗിക കണക്കുകള്‍.. ചുരുക്കത്തില്‍ പനിയുടെ യഥാര്‍ത്ഥ ഭീകരത തിരശ്ശീലക്ക് പിന്നില്‍ നില്കുമ്പോഴാണ് ഒരു മുഖംമൂടി കണ്ടു നാം ഭയപ്പെടുന്നത്.

പനിയുടെ ഭീതി മുതലെടുത്ത്, ജലദോഷപ്പനിയുമായി വരുന്നവരെ 50000 രൂപ വരെ ചിലവഴിപ്പിക്കുന്ന പ്രൈവറ്റ് ആശുപത്രികള്‍ നമ്മുടെ നാട്ടിലുണ്ട് .

പനിയുടെ യഥാര്‍ഥ ഭീകരത എവിടെയെന്ന് പരിശോധിച്ചാല്‍ നാം കാണുന്നത് ശാരീരികാസ്വാസ്ഥ്യത്തിനു പുറമേ സാധരണക്കാരന് താങ്ങാനാവാത്ത ചികിത്സച്ചെലവിലും, നഷ്ടപ്പെട്ട പ്രവൃത്തിദിവസങ്ങളിലും (വിശേഷിച്ചും ദിവസക്കൂലിക്കു പണിക്കു പോക്കുന്നവരുടെ കാര്യത്തില്‍) സര്‍വോപരി കുടുംബത്തിന്റെ ദൈനംദിനബഡ്ജറ്റ് താറുമാറായി ഉണ്ടാവുന്ന സാമ്പത്തിക അസന്തുലിതാവസ്ഥയിലുമാണ്. ഇത് തരണം ചെയ്യേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് നാം തിരിച്ചറിയണം. അതു നിര്‍വഹിക്കേണ്ടത് ഒരു സം‌ഘടിതപ്രവര്‍ത്തനത്തിലൂടെയാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനമാണ്. അതോടൊപ്പം ചികിത്സക്കായി ആശുപത്രിസംവിധാനങ്ങള്‍ എല്ലാ പഞ്ചായത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഇതൊക്കെ ശരിയായ രീതിയില്‍ നടന്നോ, നടക്കുന്നുണ്ടോ എന്നതു പ്രധാന ഒരു ചോദ്യമാണ്. പക്ഷെ അതിനു ഇവിടെ മുതിരുന്നില്ല. പകരം കാര്യമാത്രമായ പൊതുജനശ്രദ്ധക്കു (public accountability) വിധേയമാകാത്തതിന്റെ സൌകര്യം മുതലെടുത്തുള്ള, പനിയുടെ കച്ചവടസാധ്യതകള്‍ എന്തൊക്കെ എന്നു നോക്കാം.

പകര്‍ച്ചപ്പനി (short febrile disease) എങ്ങനെ ചികിത്സിക്കണം എന്ന് വ്യക്തമായ ഒരു മാര്‍ഗരേഖ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്നു ദിവസം പനി, ശരീരവേദന, ചര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ക്കു ചികിത്സ നല്‍കുക. തീരെ അവശതയില്ലാത്തവര്‍ക്കു IV-fluids കൊടുക്കേണ്ട ആവശ്യമില്ല. പനിക്കുള്ള ഇഞ്ചകക്ഷനുകള്‍ പരമാവധി കുറക്കണം. ഡെങ്കു, ചിക്കുന്‍ ഗുനിയ തുടങ്ങിയ വൈറല്‍ പനികള്‍ക്കു ആന്റിബയോട്ടിക് ഗുളികകളുടെ ആവശ്യമില്ല. എലിപ്പനിയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രക്തപരിശോധയും കിടത്തിചികിത്സയും ആവശ്യമായി വരാം. എലിപ്പനി, Scrub Typhus fever എന്നിവക്കു വേണ്ടിയുള്ള Doxycyclin-ഉം ഇനി ഏറി വന്നാല്‍ Crystalline Pencilline-ഉം ആണു ഉപയോഗിക്കേണ്ടി വരുന്ന ആന്റിബയോട്ടിക് മരുന്നുകള്‍. ഡെങ്കുപനിയെങ്കില്‍ platelet count താഴ്ന്നു പോകുന്നോ എന്നു നിരീക്ഷിക്കേണ്ടി വരും. ഡെങ്കു പോലെ മറ്റു ചില പനികള്‍ക്കും platelet count താഴ്ന്നു പോകാറുണ്ട്. ഏറെ താഴ്ന്നു പോയാല്‍ ആന്തരികരക്തസ്രാവം ഒഴിവാക്കാന്‍ platelet transfusion നടത്തേണ്ടി വന്നേക്കാം. എന്നാല്‍ ഇതിന്റെ സാധ്യത പലപ്പോഴും കുറവാണ്. ഈ treatment protocols ഒക്കെ നിലവിലിരിക്കെ ആണ് പ്രൈവറ്റ് ആശുപത്രികള്‍ പനിയുടെ "പ" കേള്‍ക്കുമ്പോള്‍ തന്നെ രോഗിക്കു കിടക്കാന്‍ മുറി ഒരുക്കുന്നത്. അല്പം ഡെങ്കുവിന്റെ ലക്ഷണം കൂടിയുണ്ടങ്കില്‍ വിരളമായ platelet transfusion എന്ന സാധ്യതയെ മുതലെടുത്ത് ICU-ല്‍ തന്നെ കിടത്തുന്നു. ലോകത്തിലുള്ള സകല പരിശോധനയും രോഗിയെ കൊണ്ടു ചെയ്യിപ്പിക്കുന്നു. പനിയുടെ ഭീകരതകളെ പറ്റി ദൈനംദിനവര്‍ണനകള്‍ നടത്തി അവര്‍ രോഗികളെയും വീട്ടുകാരെയും പാട്ടിലാക്കുന്നു. വില കൂടിയ injection, ആന്റിബയോട്ടിക് മരുന്നുകള്‍ നല്കി അവര്‍ ലാഭമുണ്ടാക്കുകയും മരുന്നുകമ്പനിക്കാരെ സഹായിക്കുകയും ചെയ്യുന്നു. ഈ മരുന്നുകള്‍ രോഗിയുടെ ശരീരത്തിന്റെ സ്വയംപ്രതിരോധസംവിധാനത്തെ താറുമാറാക്കുന്നു എന്ന കാര്യം അവര്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്നു. പനിയുടെ ഭീതി മുതലെടുത്ത്, ജലദോഷപ്പനിയുമായി വരുന്നവരെ 50000 രൂപ വരെ ചിലവഴിപ്പിക്കുന്ന പ്രൈവറ്റ് ആശുപത്രികള്‍ നമ്മുടെ നാട്ടിലുണ്ട് (എല്ലാം അങ്ങനെ ആണെന്നല്ല).

ഈ പനിക്കാലത്തു ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പോലും രോഗികള്‍ ചെന്നതായോ മരിച്ചതായോ ഒരു പത്രവും അച്ചടിച്ചു കണ്ടില്ല - പരസ്യവരുമാനം നിലക്കുമെന്ന പേടികൊണ്ടാണൊ ഈ പക്ഷപാതം?

മത്സരത്തില്‍ ഒട്ടും പിന്നിലല്ല മരുന്നുകമ്പനിക്കാര്‍. രോഗികള്‍ക്കു അനാവശ്യമായി വില കൂടിയ ആന്റിബയോട്ടിക് മരുന്നുകള്‍ നല്കുമ്പോള്‍ മരുന്നുകമ്പനിക്കാര്‍ കൊള്ളലാഭം ഉണ്ടാക്കുന്നു. പ്രൈവറ്റ് ആശുപത്രികളില്‍ മാത്രമല്ല ഇവരുടെ ഇടപെടലുകള്‍. സര്‍ക്കാര്‍ മേഖലയിലെ ചില ഡോക്ടര്‍മാരും ഇവരുടെ വലയില്‍ വീഴുന്നത്രെ. മരുന്നു കമ്പനിക്കാര്‍ക്കു ലാഭമുണ്ടാക്കാനുള്ള മറ്റൊരു വേദിയാണ് "fever camps" എന്ന പേരില്‍ നടത്തപ്പെടുന്ന പ്രഹസനങ്ങള്‍. തത്വത്തില്‍ fever camps എന്ന ആശയം നല്ലതു തന്നെ. ലകഷംവീടു കോളനികള്‍ പോലെ സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്കുന്നവര്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ fever camps നടത്തുന്നത് വളരെ ഉപയോഗപ്രദമായ കാര്യമാണ്. എന്നാല്‍ പലയിടങ്ങളിലും നടക്കുന്നതോ, ഏതെങ്കിലും ആശുപതികളില്‍ ചികിത്സയിലിരിക്കുന്നവരോ, പനിയില്ലാത്തവരോ ആയ ആളുകളെ കൊണ്ടു വന്ന് ആശുപത്രിക്കു സമീപമുള്ള പൊതുനിരത്തിലോ, അടുത്തുള്ള സ്കൂളിലോ വച്ചു കൊണ്ടാടുന്ന ക്യാമ്പുനാടകം. ആരോഗ്യരംഗം നല്ലൊരു പരിധി വരെ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ രാഷ്ട്രീയ/സന്നദ്ധസംഘടനകളുടെ തദ്ദേശീയനേതൃത്വമുമായി മരുന്നുകമ്പനിക്കാര്‍ നടത്തുന്ന ഒത്തുകളിയുടെ ഇരയായി മാറുന്നു ഈ fever camps. വന്‍ തുകകളാണ് ഇവിടെ മറിയുന്നത്.

മൂന്നാമത്തെ തല്പരകക്ഷികള്‍ ആരോഗ്യമാസികകളും ചില മാധ്യമങ്ങളുമാണ്. കേരളത്തിലെ പല പ്രമുഖപത്രങ്ങള്‍ക്കും ഇന്നു നനുത്ത പേജുകളില്‍ അച്ചടിക്കുന്ന ആരോഗ്യമാസികകളുണ്ട്. വൈറല്‍ പനി മുതല്‍ എയ്ഡ്സ് വരെയുള്ള രോഗങ്ങള്‍ക്കു ചികിത്സ വീട്ടിലെങ്ങനെ, നാട്ടിലെങ്ങനെ, എപ്പോള്‍ ആശുപത്രിയില്‍ പോകണം, എപ്പോള്‍ നാട്ടുവൈദ്യനെക്കാണണം, ആശുപത്രിയില്‍ എന്തൊക്കെ ചെയ്യിക്കണം തുടങ്ങി എല്ലാ അഭിപ്രായങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കുഴച്ചു അച്ചടിച്ച്‌ വില്കുന്ന ഇവര്‍ക്ക് പനി നല്ലൊരു കച്ചവടച്ചരക്കാണ്. പത്രങ്ങളാകട്ടെ, ദൈനംദിന പനിക്കണക്കുകളും സര്‍ക്കാരാശുപത്രികളിലെ തല്ലും മറ്റു ദുരനുഭവങ്ങളും മരുന്നിന്റെ ദൌര്‍ലഭ്യവും പോലുള്ള ചേരുവകള്‍ സമാസമം ചേര്‍ത്ത് രചിച്ചു ഒരു കുറ്റാന്വേഷണകഥക്കു സമാനമായി ഉദ്വേഗം വായനക്കാരില്‍ ഉണര്‍ത്തുന്നു. എന്നാല്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചെന്നെത്തുന്ന ബഹുഭൂരിഭാഗത്തില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന സാമ്പത്തികഅരക്ഷിതാവസ്ഥ, കടക്കെണി, പണപ്പിരിവിനു ശേഷമോ മരണം ഉറപ്പായതിനു ശേഷമോ ആശുപത്രിയുടെ പേരുദോഷം ഒഴിവാക്കാന്‍ സര്‍ക്കാരാശുപത്രിയിലേക്കു നിഷ്കരുണം തള്ളി വിടപ്പെടുന്ന സാധാരണക്കാരന്റെ കഷ്ടതകള്‍ ഒന്നും ഒരു മാധ്യമങ്ങളും വെളിപ്പെടുത്തുന്നില്ല, ഈ പനിക്കാലത്തു ഒരു പ്രൈവറ്റ് ആശുപത്രിയില്‍ പോലും രോഗികള്‍ ചെന്നതായോ മരിച്ചതായോ ഒരു പത്രവും അച്ചടിച്ചു കണ്ടില്ല - പരസ്യവരുമാനം നിലക്കുമെന്ന പേടികൊണ്ടാണൊ ഈ പക്ഷപാതം?

പനിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തില്‍ കൊതുക് നിവാരണം, എലിനശീകരണം, മഴക്കാലപൂര്‍വശുചീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ശരിയായ ചികിത്സാരീതിയെക്കുറിച്ചു ബോധവത്കരണം നത്തുകയും ആശങ്ക അകറ്റുകയും വേണം. നാം തിരിച്ചറിയേണ്ടൊരു വസ്തുത സര്‍ക്കാര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, രാഷ്ട്രീയപാര്‍ടികള്‍, സന്നദ്ധസംഘടനകള്‍, ആശുപത്രികള്‍ ഇവയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്വം നമ്മളേവരുടേതുമാണ് എന്നതാണ്. അതോടൊപ്പം മേല്പറഞ്ഞ കള്ളനാണയങ്ങളെ തിരിച്ചറിയാനും വൈകരുത്.