വികസനത്തിന്‌ പിന്നിൽ അദൃശ്യരാക്കപ്പെടുന്ന ദരിദ്രര്‍

ഹമീദ സി. കെ. August 26, 2015

Approach road to Kothi Bridge work in progress.
Image Credits: The New Indian Express


ഈ അടുത്ത കാലത്ത്, ഒരു വൈകുന്നേരം, പള്ളിക്കണ്ടിയിലുള്ള റേഷന്‍ കടയില്‍ നിന്ന് തിരികെ ഓട്ടോയില്‍ വീട്ടിലേക്കു പുറപ്പെടാന്‍ ഒരുങ്ങുമ്പോഴാണ് കടപ്പുറത്തുണ്ടാക്കിയ പുതിയ ഗോതിറോഡ്‌ വഴി പോകാന്‍ ഉമ്മ ഡ്രൈവറോടാവശ്യപ്പെട്ടത്‌. “നല്ല ഭംഗിയുണ്ട് പുതിയ റോഡ്‌, കാണേണ്ട കാഴ്ചയാണ്, രാത്രിയില്‍ നിലത്ത് തിളങ്ങുന്ന ലൈറ്റ്കളുളള റോഡ്‌”. ഉമ്മയുടെ കണ്ണില്‍ സന്തോഷവും ആശ്ചര്യവുമായിരുന്നു.

പറഞ്ഞപോലെ വിശാലമായ റോഡ്‌, പടിഞ്ഞാറുവശം കരകാണാക്കടല്‍ മാത്രം; കിഴക്ക് ആ പ്രദേശത്തെ ദരിദ്രരും ധനികരും മണ്ണായിമാറുന്ന കണ്ണംപറമ്പ് ശ്മശാനം, പിന്നെ ഇടതിങ്ങി നില്‍ക്കുന്ന കുറെ പുരയിടങ്ങളും. റോഡില്‍ കൂടി ഉത്സാഹത്തോടെ ഓടുന്ന വാഹനങ്ങള്‍, വികസനം കൊണ്ട് സാധ്യമാക്കിയ പുതു കാഴ്ച. തെക്ക്, അരീക്കാട് നിന്നോ, മീഞ്ചന്തയില്‍ നിന്നോ ഉള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പെണ്‍കുട്ടികളുടെ വെള്ളശീരോവസ്ത്രങ്ങള്‍ പാറിപ്പിച്ചു കൊണ്ട് ഒരു വാഹനം ഞങ്ങളുടെ ഓട്ടോയെ കടത്തിവെട്ടി മുന്നോട്ടുപോയി. പുതിയ റോഡ്‌ സമ്മാനിച്ച, കടല്‍ക്കരയിലെ സായാഹ്നത്തിലെ ഇളംവെയിലും കുളിര്‍ക്കാറ്റും നല്‍കിയ ഉത്സാഹം അവരുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. ഉമ്മയെ പോലെ ആ റോഡിലൂടെയുള്ള യാത്ര എല്ലാവരും ആഗ്രഹിക്കുന്നതുപോലെ തോന്നി.

പക്ഷെ അടക്കമൊതുക്കമില്ലാത്ത എന്‍റെ ഓര്‍മകള്‍ക്കും ചിന്തകള്‍ക്കും മുകളിലുടെയാണ്‌ ഈ വാഹനങ്ങളുടെയെല്ലാം ചക്രങ്ങള്‍ ഉരുണ്ടു കൊണ്ടിരിക്കുന്നെതെന്നു തോന്നി. വല്ല്യാപ്പാ പറഞ്ഞു തന്ന കഥകളിലെ പള്ളിക്കണ്ടി കടപ്പുറത്തെ കോഴിക്കുഞ്ഞുങ്ങളുടെയും തള്ളയുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന നിലത്തറ്റം തലമുടിയുള്ള യക്ഷികളുടെയും, ഒറ്റമുലച്ചികളുടേയും തലയിലൂടെയും ആ ചക്രങ്ങള്‍ ഉരുണ്ടു; പിന്നെ സ്ത്രീധന പ്രശ്നം കാരണം ഭര്‍തൃ വീട്ടില്‍ നിന്നും തിരിച്ചെത്തിയ അസ്മത്താത്തയുടെ പത്താമത്തെ അനിയത്തി സ്വയം തീകൊളുത്തി ചാടി മരിച്ച കിണറിനു മുകളിലൂടെയും.

കറുത്ത്‌ തിളക്കമാര്‍ന്ന ആരോഗ്യ ദൃഢഗാത്രരായ മുഖദാര്‍ കടപ്പുറത്തെ മുക്കുവർ ചുവന്ന മീന്‍വല നെയ്യുന്ന വിശാലമായ മണല്‍ പരപ്പും അവരുടെ ഓലമേഞ്ഞ പണിയായുധ സൂക്ഷിപ്പ്പുരകളും പിന്നെ വൈകുന്നേരങ്ങളില്‍ വട്ടമിട്ടിരുന്നു പരസ്പരം പേന്‍ നോക്കുന്ന പെണ്ണുങ്ങളും, എവിടെപ്പോയെന്നറിയില്ല. കല്യാണപ്പുരകളില്‍ ഒപ്പന കളിക്കാന്‍ പോകുന്ന പെണ്‍കുട്ടികളുടെ കൂട്ടായ്മകളുണ്ടായിരുന്നു അവിടെ. ആദ്യമായി നാടിനെ പ്രധിനിധാനം ചെയ്തു റഷ്യയിലേക്ക് പോയ ഒപ്പന സംഘത്തിലെ പെണ്‍കുട്ടികളും അവിടെയായിരുന്നു ജീവിച്ചിരുന്നത്. അപ്പവാണിഭ കടപ്പുറത്തേക്ക് നേര്‍ച്ചയപ്പങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്നതും അവരായിരുന്നു. അവിടെ എന്തല്ലാമോ ഉണ്ടായിരുന്നു; ദഫ്മുട്ട്കാർ, കുത്തുറാത്തീബുകാര്‍, മാപ്പിളപ്പാട്ടുകാര്‍, അച്ചടി സബീനക്കാര്‍ (പുസ്തക വിലപ്പനക്കാര്‍), നിറപ്പകിട്ടാര്‍ന്ന പാനൂസ്‌ നിര്‍മാതാക്കള്‍, കോഴിക്കോട്ടെ നല്ല പന്തുകളിക്കാര്‍ അങ്ങിനെ ഒരു പ്രദേശത്തിന്റെ ജീവന്‍ മുഴുവനും.

പ്രവാസിസ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കുറച്ചു ദിവസം ബിന്ദു ലക്ഷ്മിയുടെ കൂടെ അവിടെ പോയിരുന്നു. പിന്നീട് കോഴിക്കോട്ടെ അറബിക്കല്ല്യാണത്തെ ബന്ധപെടുത്തി അവിടെയുള്ള സ്ത്രീകളുമായി കൂടിക്കാഴച നടത്തുന്നതിനായിരുന്നു അവസാനമായി പോയത്. “ആദ്യകാലങ്ങളില്‍ വല്യരേല്‍ വീട് പണിക്ക് പോകുമ്പോ പുറത്തു കമിഴ്ത്തിയിട്ട ചകിരിയിലിരുന്നു വേണമായിരുന്നു തിന്നേണ്ടത്,” അവിടെയുള്ള ഒരു സ്ത്രീ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.

ഓട്ടോ മുന്‍പോട്ടു പോകുന്നതിനിടെ ഉമ്മയോട് ചോദിച്ചു “ഇവിടുള്ളവരൊക്കെ എവിടെപ്പോയിമ്മാ?”

“അവരൊക്കെ നല്ല തുക കൈപറ്റി എവിടേയ്ക്കോ പോയി”

“കഷ്ടം, ഇതവരുടെ ഇടമായിരുന്നു. അവരവിടെ വേണമായിരുന്നു, അവരുടെ തോണികള്‍, വലകള്‍, കടലില്‍ നിന്നും മീന്‍ പിടിച്ചു വിശന്നു വലഞ്ഞു വരുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അവിടെ ആരെങ്കിലും വേണമായിരുന്നു”

“മഴക്കാലത്ത്‌ കടലടി വന്നു ഓലെ പോരേം, ഓലും ഒക്കെ ഒലിച്ചു പോകുന്നതിലും നല്ലത് അവരിവിടുന്നു പോകുന്നതാ”, ഉമ്മ അരിശത്തോടെ പറഞ്ഞു.

പക്ഷെ അനേകം കടലടികളുണ്ടായിട്ടും, അവരെല്ലാം അവിടെ തന്നെയാണ് താമസിച്ചിരുന്നത്. “നമ്മളെ മക്കളൊക്കെ മീന്പുടുത്തക്കരല്ലേ, ഓല് കടലിന്നു കൊയങ്ങി വരുമ്പോ വെള്ളംകൊടുക്കാന്‍ ഞമ്മളും കടപ്പോര്‍ത്തു മേണം, അതോണ്ട് ഞമ്മള്‍ മാറൂല” കുടിയൊഴിപ്പിക്കല്‍ പ്രശ്നം വന്നപ്പോള്‍ മന്‍സൂറിന്റെ ഉമ്മ എന്നോട് പറഞ്ഞ വാക്കുകള്‍.

Photo: S. Ramesh Kurup.
Image Courtesy: The Hindu

“അവരൊക്കെ കച്ചറ കൂട്ടരാ, അവരൊക്കെ പോയാലെ ഈ പ്രദേശം നന്നാവു” ഓട്ടോകാരനും ഇടയില്‍ കയറി പറഞ്ഞു. ഓട്ടോകാരന്റെ അഭിപ്രായം കുറ്റിച്ചിറയിലെ പ്രമാണിമാരുടെ വകയായുള്ളതാണ്. അവര്‍ക്കായിരുന്നു റോഡ്‌ നിര്‍മാണത്തിനുള്ള വെമ്പല്‍. മന്ത്രിമാരെ സന്തോഷിപ്പിക്കാന്‍ അവരും ബാനറുമേന്തി റോഡിലിറങ്ങിയിരുന്നു. പിന്നെ കുറ്റിച്ചിറയില്‍ നിന്നും പയ്യാനക്കല്‍, അരക്കിണര്‍, പന്നിയങ്ങിര, എന്നീ ഭാഗങ്ങളിലേക്ക് പുതിയ വീട് വാങ്ങി താമസ്സം മാറിയ പ്രമാണിമാര്‍ക്ക്, പെട്ടന്ന് അവരവരുടെ വീടുകളില്‍ എത്താന്‍ ഇങ്ങിനൊരു റോഡ്‌ ആവശ്യമായിരുന്നു.

ഈ പ്രമാണിമാരോടായിരുന്നു ഞാന്‍ കടപ്പുറത്തെ ഒരു കുട്ടിക്ക് (കടലില്‍ ജീവനൊടുങ്ങിയ മത്സ്യ തൊഴിലാളിയുടെ കുട്ടി) കോളേജ് അഡ്മിഷന്‍ ശുപാര്‍ശയ്ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം വാദിച്ചത്. അവരെല്ലാം മെറിറ്റ്‌ വിശ്വാസികള്‍ ആയിരുന്നു. സെക്കന്റ്‌ ക്ലാസ്സുള്ളവര്‍ക്ക് അഡ്മിഷന്‍ കൊടുക്കില്ലത്രേ!!! മത്സ്യ തൊഴിലാളിസമൂഹത്തിന്റെ പാര്‍ശ്വ വല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ രസമാണ്, മെറിറ്റിലില്ലാതെ, സാമുദായ ഉന്നമനത്തിനു വേണ്ടി നിര്‍മിച്ച കോളേജുകളില്‍ ഇത്തരക്കാരെ കയറ്റില്ലത്രെ. മുസ്ലിം സമുദായത്തിലെ ഏതു വിഭാഗക്കാരുടെ ഉന്നമനമാണോ ഈ സമുദായ പരിഷ്‌കര്‍ത്താക്കള്‍ ഉദേശിക്കുന്നത് ?

ഉമ്മ പിന്നേം തുടര്‍ന്നു “ഉത്ഘാടനത്തിന്‍റ്ന്നു എത്ര മന്ത്രിമാരാ ഇവിടെ വന്നേന്നറിയോ, പാട്ടും, പ്രസംഗോം, പിന്നെ രാത്രി മുഴുമനും പലതരം കൊറേ പടക്കങ്ങളും ആകാശത്ത് പൊട്ടി, ബിരിയാനും കൊടുത്തു നാട്ടാര്‍ക്ക്, ഇയ്യി മാര്‍ക്സിസം പറഞ്ഞു കുത്തിര്‍ന്നോ”

റോഡ്‌ ഒരുപക്ഷെ നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരമായിരിക്കാം. പക്ഷെ അരികുവല്കൃത ദരിദ്ര ജനവിഭാഗത്തിന്‍റെ നെഞ്ചിലൂടെ ഉരുണ്ടു കൊണ്ടിരിക്കുന്ന ആ വികസന ചക്രം എന്നെ എന്തുകൊണ്ടോ സുഖിപ്പിച്ചില്ല. വികസനം ആര്‍ക്കുവേണ്ടിയാണ്? ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ? ആരാണ് ഈ ജനങ്ങള്‍? ഇവിടെ നിന്നും പണം നല്‍കി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഈ ജനങ്ങളില്‍ പെടുമോ എന്തോ ആവോ.

Development, environment, Fisherfolks, Kothi Road, Kozhikkode, Politics, Kerala, Note Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments

സമാനമായ ലേഖനങ്ങള്‍