രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയം

TK Sujith March 2, 2016

"ബ്രീട്ടീഷ് ഭരണാധികാരികളുടെ കാലത്ത് നൂറുകണക്കിന് സ്വാതന്ത്ര്യ സമര പോരാളികൾക്കെതിരെ പ്രയോഗിച്ച അതേ ആയുധം തന്നെയാണ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഓരോ തവണയും രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ പ്രയോഗിക്കപ്പെടുന്നത്. അവര്‍ ചെയ്തതിനെ നാം അറിഞ്ഞോ അറിയാതെയോ വീണ്ടും ന്യായീകരിക്കുകയാണ്."


(ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124A എന്ന വകുപ്പിന്റെ ചരിത്രത്തെയും അധികാരവര്‍ഗത്തിന്റെ ശത്രുക്കളെ ഒതുക്കുവാനുള്ള ഒരു രാഷ്ട്രീയ ആയുധമെന്ന നിലയ്ക്കുമുള്ള അതിന്റെ പ്രയോഗത്തെയും പറ്റി അഡ്വക്കേറ്റ് റ്റി.കെ. സുജിത്ത് എഴുതുന്നു.)

ബാലഗംഗാധര തിലകൻ, മഹാത്മാ ഗാന്ധി, ഭഗത് സിങ്ങ്, രാജ്ഗുരു, സുഖദേവ് മുതല്‍ കന്‍ഹയ്യ കുമാർ, ഉമര്‍ ഖാലിദ്, സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി, അരവിന്ദ് കെജ്രിവാൾ വരെ. ഇവർ വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചവരാണ്. വിവിധ ആശയഗതികളുയർത്തിപ്പിടിച്ചവർ. എന്നാൽ, ഇവർക്കെല്ലാം പൊതുവായിട്ടുള്ള ഒന്നുണ്ട്; ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124A എന്ന വകുപ്പിന്റെ ഇരകളാണ് ഇവരെല്ലാം എന്നതാണത്. എല്ലാവരും അതത് കാലത്തെ ഇന്ത്യാ സർക്കാരിന്റെ ദൃഷ്ടിയിലെ രാജ്യദ്രോഹികളാകുന്നു. ആദ്യം പറഞ്ഞ കൂട്ടർ ‘രാജ്യദ്രോഹം’ നടത്തുമ്പോൾ രാജ്യത്തിന്റെ തലപ്പത്ത് ബ്രിട്ടീഷുകാരനായ ഗവർണർ ജനറലായിരുന്നെങ്കിൽ രണ്ടാമത്തെ കൂട്ടർ ‘രാജ്യദ്രോഹം’ നടത്തുമ്പോൾ നരേന്ദ്ര മോദിയാണ് തലപ്പത്ത് എന്ന വ്യത്യാസമേയുള്ളു. ചുമത്തപ്പെട്ട വകുപ്പിനും കുറ്റാരോപണത്തിനും നടപടിക്രമങ്ങൾക്കും അണുവിട മാറ്റമില്ല. ബ്രീട്ടീഷ് ഭരണാധികാരികളുടെ കാലത്ത് നൂറുകണക്കിന് സ്വാതന്ത്ര്യ സമര പോരാളികൾക്കെതിരെ പ്രയോഗിച്ച അതേ ആയുധം തന്നെയാണ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഓരോ തവണയും രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ പ്രയോഗിക്കപ്പെടുന്നത്. അവര്‍ ചെയ്തതിനെ നാം അറിഞ്ഞോ അറിയാതെയോ വീണ്ടും ന്യായീകരിക്കുകയാണ്.

രാജ്യദ്രോഹ വകുപ്പിൽ ഇങ്ങനെ പറയുന്നു :

124A. Sedition. — Whoever, by words, either spoken or written, or by signs, or by visible representation, or otherwise, brings or attempts to bring into hatred or contempt, or excites or attempts to excite disaffection towards, the Government established by law in India, shall be punished with imprisonment for life, to which fine may be added, or with imprisonment which may extend to three years, to which fine may be added, or with fine.


Explanation 1. — “disaffection” includes disloyalty and all feelings of enmity.


Explanation 2. — Comments expressing disapprobation of the measures of the Government with a view to obtain their alteration by lawful means, without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.


Explanation 3. — Comments expressing disapprobation of the administrative or other action of the Government without exciting or attempting to excite hatred, contempt or disaffection, do not constitute an offence under this section.


ഇതിന്റെ ഏകദേശ മലയാളം ഇങ്ങനെ : ഒരാൾ, അയാളുടെ എഴുത്തിലൂടെയോ, സംസാരത്തിലൂടെയോ, സൂചനകളിലൂടെയോ, ഏതെങ്കിലും തരത്തിലുള്ള പ്രത്യക്ഷ പ്രതിനിധാനങ്ങളിലൂടെയോ, മറ്റേതെങ്കിലും തരത്തിലോ, ഇന്ത്യയിൽ നിയമപരമായി നിലനിൽക്കുന്ന സർക്കാരിനെതിരായ വിരോധം ഉത്തേജിപ്പിക്കുകയോ, അതിനായി ശ്രമിക്കുകയോ, നിന്ദയോ വെറുപ്പോ വളർത്തിയെടുക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്താൽ ആയത് രാജ്യദ്രോഹമാകുന്നു. അത് പിഴയോടുകൂടിയ ജീവപര്യന്തം തടവോ അല്ലെങ്കില്‍ മൂന്നുവർഷം വരെ തടവോ ലഭിക്കാവുന്ന കുറ്റമാകുന്നു.

വിശദീകരണം 1 - “വിരോധം" എന്ന പ്രയോഗം കൂറില്ലായ്മയും ശത്രുതയുളവാക്കുന്ന എല്ലാ വികാരങ്ങളും ഉൾച്ചേർന്നതാകുന്നു.

വിശദീകരണം 2 - സർക്കാർ നടപടികളോടുള്ള വിയോജിപ്പും അവയ്ക് മാറ്റം വരുത്തുന്നതിനായി നിയമവിധേയമായ ഉപാധികൾ സ്വീകരിക്കുന്നതും - സർക്കാരിനെതിരായി വെറുപ്പും നിന്ദയും വിരോധവും ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യാത്തതരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് - ഈ വകുപ്പ് പ്രകാരം കുറ്റകരമാകുന്നില്ല.

വിശദീകരണം 3 - സർക്കാരിന്റെ ഭരണപരമായതോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ പ്രവർത്തനങ്ങൾക്കെതിരായ നിയമവിധേയമായ ഉപാധികൾ സ്വീകരിക്കുന്നത് - വെറുപ്പും നിന്ദയും വിരോധവും ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യാത്തതരത്തിലുള്ള ഉപാധികൾ - ഈ വകുപ്പ് പ്രകാരം കുറ്റകരമാകുന്നില്ല.

ആരോടെന്നില്ലാത്ത നിങ്ങളുടെ പ്രവർത്തി പോലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരാം. അത് സർക്കാരിന്റെ നയപരിപാടികൾക്കും ഭരണരീതികൾക്കും എതിരെയുളള ക്രിയാത്മകവും മൗലികവുമായ വിമർശനങ്ങളാണെങ്കിൽ പോലും, രാജ്യത്തിനെതിരായ വെറുപ്പും നിന്ദയും വിരോധവും ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുക്കയോ ചെയ്യുന്നതാണെന്ന് സ്ഥാപിക്കപ്പെട്ടാൽ നിങ്ങളുടെ കഥ കഴിഞ്ഞു.

ഇവിടെ ശ്രദ്ധേയമായ സംഗതി സർക്കാരിനെതിരായി ജനങ്ങളെ ഇളക്കിവിടുവാൻ ശ്രമിച്ചുകൊണ്ട് നിങ്ങൾ വ്യക്തിപരമായി എന്തെങ്കിലും പ്രത്യക്ഷത്തിൽ ചെയ്താൽ മാത്രം മതി രാജ്യദ്രോഹിയായി നിങ്ങൾ മുദ്രകുത്തപ്പെടുവാൻ എന്നതാണ്. അഥവാ ചെയ്യണമെന്നുമില്ല, ചെയ്യുവാൻ ശ്രമിച്ചാലും മതി. ഒരു പുസ്തകമെഴുതി കയ്യിൽവെച്ചിരുന്നാൽ മാത്രം മതി, അത് പ്രസിദ്ധീകരിക്കുകയോ, മറ്റൊരാൾക്ക് വായിക്കുവാൻ കൊടുക്കുകയോ പോലും വേണ്ടെന്നർത്ഥം! എത്ര മാരകമാണ് ഈ വകുപ്പെന്ന് നോക്കൂ! സർക്കാരിനെതിരായി ജനക്കൂട്ടത്തെ ഇളക്കി വിട്ട് അവർ രാജ്യദ്രോഹം ചെയ്താൽ മാത്രമല്ല നിങ്ങൾ കുറ്റക്കാരനാകുന്നതെന്ന് ചുരുക്കം. ദേശവിരുദ്ധ പ്രവർത്തനത്തിന് പിടികൂടുന്ന എല്ലാവരുടെയും കൈകളിൽ നിന്നും ലഘുലേഖകളും നോട്ടീസുകളും പുസ്തകങ്ങളും സ്ഥിരമായി പോലീസ് കണ്ടെടുക്കുന്നതിന്റെ “രഹസ്യം” ഇതാണ്.

ഇത്തരത്തിൽ നിശ്ചിതമായി പൂർത്തിയായ പ്രവർത്തിക്ക് പകരം നിയമപരമായി നിലനിൽക്കുന്ന സർക്കാരിനെതിരായ, അതേത് തരം സർക്കാരുമായിക്കോട്ടെ - കൊളോണിയൽ സർക്കാരാകാം, ഫാസിസ്റ്റുകളുടെ സർക്കാരാകാം, ജനാധിപത്യ സർക്കാരാകാം - അതിനെതിരായ, ഒരു ‘മനോഭാവം’ പോലും നിങ്ങൾ വെച്ച് പുലർത്തുവാൻ പാടില്ല എന്നതാണ് രാജ്യദ്രോഹ വകുപ്പിന്റെ മര്‍മ്മം. ആരോടെന്നില്ലാത്ത നിങ്ങളുടെ പ്രവർത്തി പോലും രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരാം. അത് സർക്കാരിന്റെ നയപരിപാടികൾക്കും ഭരണരീതികൾക്കും എതിരെയുളള ക്രിയാത്മകവും മൗലികവുമായ വിമർശനങ്ങളാണെങ്കിൽ പോലും, രാജ്യത്തിനെതിരായ വെറുപ്പും നിന്ദയും വിരോധവും ഉത്തേജിപ്പിക്കുകയോ അതിനായി ശ്രമിക്കുക്കയോ ചെയ്യുന്നതാണെന്ന് സ്ഥാപിക്കപ്പെട്ടാൽ നിങ്ങളുടെ കഥ കഴിഞ്ഞു.

ആദ്യമായി രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖൻ ബാലഗംഗാധര തിലകനായിരുന്നു. പൂനെയിൽ പ്ലേഗ് പടർന്നു പിടിച്ച കാലത്ത് ശിവജി, അഫ്സൽഖാനെ കൊന്നതിനെ ന്യായീകരിച്ച് അദ്ദേഹം തന്റെ പത്രമായ കേസരിയിൽ ഒരു ലേഖനം എഴുതിയിരുന്നു. തുടർന്ന് പ്ലേഗ് പടർന്നു പിടിക്കുന്നതിനെ തടയുന്നതിൽ പരാജയപ്പെട്ട കളക്ടർ റാൻഡിനെയും മിലിട്ടറി ഓഫീസർ ലെഫ്. ഐറസ്റ്റിനെയും സഹോദരങ്ങളായ രണ്ട് യുവാക്കൾ വെടിവെച്ച് കൊന്നു. തിലകൻ ശിവജിയെക്കുറിച്ച് എഴുതിയ ഈ ലേഖനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇപ്രകാരം ഇവർ ചെയ്തതെന്നാരോപിച്ചാണ് ‘ഇന്ത്യാ സർക്കാർ’ 1897-ൽ തിലകനെ ആദ്യമായി രാജ്യദ്രോഹത്തിന് വിചാരണ ചെയ്യുന്നത് 1. അതായത്, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിനാണ് അദ്ദേഹത്തെ 18 മാസം തടവിലിടുന്നത്. രണ്ടാമത് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണചെയ്യുന്നത് 1909 ലാണ് 2. ബംഗാളിൽ പ്രഫുല്ല ചക്കി, ഖുദിറാം ബോസ് എന്നീ രണ്ട് ‘ഭീകരവാദികളായ’ യുവാക്കൾ മുസാഫർപൂർ മജിസ്ട്രേറ്റിനെതിരായി ബോംബെറിയുകയും ഉന്നം പിഴച്ച് രണ്ട് ബ്രിട്ടീഷ് വനിതകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇത്തരം ‘ഭീകരവാദ’ പ്രവർത്തനങ്ങളെ അതിനിശിതമായി വിമർശിച്ച് കേസരിയിൽ തിലകൻ ലേഖനമെഴുതി. എന്നാൽ ഭരണാധികാരികൾ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും റഷ്യയിലെ ഭരണമാണ് ഇന്ത്യയിൽ കാഴ്ചവെയ്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ റഷ്യൻ മാതൃകയിലുള്ള വിപ്ലവരീതികൾ അനുവർത്തിക്കുവാൻ ഇന്ത്യയിലെ ജനങ്ങളും നിർബന്ധിതരാകുമെന്നനും അതില്‍ കൂട്ടിച്ചേർത്തു. ഫലം, രാജ്യദ്രോഹത്തിന് നാടുകടത്തപ്പെട്ട് റംഗൂണിൽ 7 വർഷത്തെ തടവ് ശിക്ഷയായിരുന്നു. പുറത്തിറങ്ങി നടത്തിയ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തെ വീണ്ടും ദേശദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. 1916 ലായിരുന്നു ഈ വിചാരണ 3. എന്നാൽ ബർമ്മയിലെ ജയിലിൽ കിടന്ന് ഭരണകൂടത്തോട് സന്ധിയാകുവാന്‍ൻ തീരുമാനിച്ച തിലക് ഇത്തവണ ബ്രിട്ടീഷ് രാജ്ഞിയുടെ അധികാരത്തെ അംഗീകരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്. ബ്രിട്ടീഷുകാർ വിവരവും വിദ്യാഭ്യാസവുമുള്ളവരാണെങ്കിലും അവർ ഇന്ത്യാക്കാരാൽ തെരഞ്ഞെടുക്കപ്പെട്ടവരല്ലാത്തതിനാൽ ഇന്ത്യയെ ഭരിക്കാൻ അവർക്ക് അവകാശമില്ലെന്ന സന്ദേശം ഉൾക്കൊള്ളുന്ന മൂന്ന് പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്. പക്ഷേ, രാജ്ഞിയെ അംഗീകരിച്ച് പ്രസംഗിച്ചിട്ട് പോലും അവയും രാജ്യദ്രോഹമാണെന്ന് കണ്ട് അദ്ദേഹത്തെ വിചാരണ നടത്തി. 20,000 രൂപ ബോണ്ട് വെയ്കുവാൻ ശിക്ഷിച്ചുവെങ്കിലും ഹൈക്കോടതി ആ ശിക്ഷ റദ്ദാക്കുകയുണ്ടായി.

"രാജ്യദ്രോഹ നിയമം ഉണ്ടാക്കിയവരുടെ നാടായ ബ്രിട്ടനില്‍ അവ‌‌ര്‍ ഈ വകുപ്പ് എടുത്തുകളഞ്ഞു. ഈ വകുപ്പ് ഇന്ത്യയിലെ നിയമപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുവാനോ അതിന്റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കുവാനോ കഴിയുന്ന രാഷ്ട്രീയ - നിയമ സാഹചര്യമല്ല ഇപ്പോഴുള്ളത്."

ഇങ്ങനെ ഇന്ത്യാ മഹാരാജ്യത്തിനെതിരായ മനോഭാവമുള്ളയാളാണ് നിങ്ങളെന്ന് ഒരു സാദാ പോലീസുകാരനു പോലും അറിയാമെങ്കിൽ രാജ്യത്തിനെതിരായി നിങ്ങളൊന്നും ചെയ്തില്ലെങ്കിൽ കൂടി നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ചുരുക്കം. 124A എന്ന വകുപ്പ് 1860ൽ മെക്കാളെ എഴുതിയുണ്ടാക്കിയ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഇല്ലായിരുന്നു. പിന്നീട്, പത്തുവർഷത്തിന് ശേഷം 1870 ആഗസ്റ്റ് 2ന് സിംലയിൽ കൂടിയ ഗവർണർ ജനറലിന്റെ കൗണ്‍സിലിൽ അവതരിപ്പിക്കപ്പെട്ട ഭേദഗതിയിലൂടെ, സർ. ജെയിംസ് ഫിറ്റ്സ് അത് എഴുതിച്ചേർക്കുകയായിരുന്നു. പത്രമാധ്യമങ്ങളിലൂടെയുള്ള സർക്കാർ വിരുദ്ധ പ്രചരണങ്ങളെ നിയന്ത്രിക്കുക, ഹിന്ദു-മുസ്ലീം അസ്വസ്ഥതകളെ വളർത്തുന്ന തരത്തിലുള്ള പ്രചരണങ്ങളെ തടയുക, വഹാബിസം പോലുള്ള പ്രവണതകളെ തടയുക എന്നതൊക്കെയായിരുന്നു അത് ഉൾപ്പെടുത്തുവാനുള്ള ന്യായമായി അന്ന് പറഞ്ഞത്. എന്നാൽ അവരുദ്ദേശിച്ചതെന്താണെന്ന് മുകളിൽ തിലകന്റെ കേസുകളിൽ നാം കണ്ടു കഴിഞ്ഞു. ഗാന്ധിയെ 1922ൽ വിചാരണ ചെയ്ത് തടവിലിടുമ്പോഴും ഇത് തന്നെയാണ് തെളിയിക്കപ്പെട്ടത്. ഇന്ന് നാം രാഷ്ട്രപിതാവായി ആദരിക്കുന്നയാൾ അന്ന് രാജ്യദ്രോഹിയായിരുന്നു എന്നതാണതിലെ വിരോധാഭാസം. എന്നാൽ രാജ്യദ്രോഹവകുപ്പിനെ പറ്റി സ്വാതന്ത്ര്യ സമരകാലത്തുയർന്നു വന്ന വിമർശനങ്ങളൊന്നും പില്‍ക്കാലത്ത് അധികാരവർഗം മുഖവിലക്കെടുത്തിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ജവഹർലാൽ നെഹ്രു വികരോജ്വലങ്ങളായ പ്രസംഗങ്ങൾ രാജ്യദ്രോഹ വകുപ്പിനെതിരായി നടത്തിയിരുന്നെങ്കിലും അദ്ദേഹവും ആ വകുപ്പ് എടുത്തു കളയുവാൻ തയ്യാറായിരുന്നില്ല. പരമാധികാരി അഥവാ ചക്രവർത്തിക്കെതിരായ അപകീർത്തിയാണ് കൂറില്ലായ്മ അഥവാ രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെട്ടിരുന്നത്. നെഹ്രുവിന്റെ തന്നെ കാഴ്ചപ്പാടിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു പരമാധികാരിയല്ല ഉള്ളത്, ജനങ്ങളെന്ന പരമാധികാരിയാണുള്ളത്. ജനാധിപത്യമാണ് ആ പരമാധികാരത്തെ നിർവചിക്കുന്നത്. മന്ത്രിസഭകൾ വരുകയും പോകുകയും ചെയ്യാം. എന്നാൽ ജനങ്ങളുടെ പരമാധികാരം ഇന്ത്യയിൽ സ്ഥിരമായി നിലനിൽക്കും. ഭൂരിപക്ഷമാണ് ജനാധിപത്യത്തിൽ പരമാധികാരത്തെ നിർണ്ണയിക്കുന്ന രീതി. ജനങ്ങളിൽ പല തരക്കാരുണ്ടാകാം, അഭിപ്രായക്കാരുണ്ടാകാം. ഒരാൾക്ക് വെറുപ്പും നിന്ദയും വിരോധവും ദ്യോതിപ്പിക്കുന്ന നിലപാടുകൾ മറ്റൊരാൾക്ക് അങ്ങനെ ആവണമെന്നില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ‘നിങ്ങൾ ഇന്ത്യാക്കാർ’, ‘ഇന്ത്യയിൽ നിന്നും വരുന്നവർ’ എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് സാധാരണമാണെങ്കിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ളവർക്ക് അങ്ങനെ പറഞ്ഞുകേൾക്കുന്നത് തന്നെ അരോചകമായി തോന്നാം. ഇങ്ങനെ വ്യത്യസ്താഭിപ്രായങ്ങൾ നിലനിൽക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ മൗലിക സ്വഭാവം, വ്യത്യസ്താഭിപ്രായങ്ങളെ ജയിലിലടയ്കുക എന്നതല്ല. വ്യത്യസ്താഭിപ്രായങ്ങൾ നിലനിന്നാലെ അതിൽ നിന്നും ഭൂരിപക്ഷാഭിപ്രായം ഉരുത്തിരിഞ്ഞുവരൂ. അതായത് ഒരു ജനാധിപത്യ സമൂഹത്തിൽ രാജ്യദ്രോഹ മനോഭാവം നില നിൽക്കാം എന്നാൽ അതിനെ നിയന്ത്രിക്കാനൊരു വകുപ്പിന് പ്രസക്തിയില്ല. ഒരു വ്യക്തിയുടെയോ ഒരുകൂട്ടം വ്യക്തികളുടെയോ ഏതെങ്കിലും മനോഭാവംകൊണ്ട് തകരുന്നതല്ല ഒരു ജനാധിപത്യ സമൂഹത്തിന്റെ മുൻകൈയ്യിലുള്ള രാജ്യം. എന്നാല്‍ ജനാധിപത്യ രാജ്യങ്ങൾ അല്ലാത്തവ അങ്ങനെ തകർന്നതിന്റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്.

ഈ വിഷയത്തില്‍ നിലവിലുള്ള ഏതെങ്കിലും കേസ് സുപ്രീംകോടതിയില്‍ എത്തുന്ന സാഹചര്യത്തില്‍ ദേശദ്രോഹ വകുപ്പിന്റെ ഭരണഘടനാ സാധുത പുനഃപരിഗണിക്കുവാന്‍ വിപുലമായ ഭരണഘടനാബഞ്ച് രൂപീകരിക്കുകയെന്നതാണ് മറ്റൊരു സാദ്ധ്യത. അതും ഒരു സ്വപ്നംമാത്രമാകാനേ വഴിയുള്ളു. നിലനില്‍ക്കുന്ന ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുകയാണ് കോടതികളുടെ പൊതുസ്വഭാവം. അപൂര്‍വ്വം ഘട്ടങ്ങളിലൊഴികെ ഇന്ത്യന്‍ നിയമചരിത്രം നമ്മെ അത് ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്.

ഒരു സ്വതന്ത്ര സമൂഹത്തിന് അപമാനമായ, രാജ്യദ്രോഹ വകുപ്പ് പക്ഷേ, ഇന്ത്യയുടെ പരമോന്നത കോടതിയും ശരിവെയ്കുകയാണുണ്ടായത്. Kedarnath Singh v. State of Bihar (AIR 1962 SC 955) 4 എന്ന കേസിൽ സുപ്രീം കോടതി അർത്ഥ ശങ്കയ്കിടയില്ലാത്ത വിധം പറഞ്ഞുവെച്ചത്, മൗലിക സ്വാതന്ത്ര്യങ്ങളെ പ്രതിപാദിക്കുന്ന അനുച്ഛേദം 19ൽ തന്നെ സ്വാതന്ത്ര്യങ്ങളുടെ മേൽ "യുക്തിസഹമായ നിയന്ത്രണം" ആവാമെന്ന് പറഞ്ഞിട്ടുണ്ടെന്നും (അനുച്ഛേദം 19(2)) രാജ്യദ്രോഹ നിയമം അപ്രകാരമുള്ളതാണെന്നുമാണ്. പൊതു സമാധാനം നിലനിർത്തുവാനായി ഉപയോഗിക്കാവുന്ന വകുപ്പ് എന്ന നിലയിൽ കൊളോണിയൽ നിയമമാണെങ്കിലും അതിന് ഭരണഘടനാ പരിരക്ഷയുണ്ടെന്നാണ്. ‘ഫോർവേഡ് കമ്മ്യൂണിസ്റ്റ് പാർടിയുടെ’ ആഭിമുഖ്യത്തിൽ ബീഹാറില്‍ നടന്ന ഒരു യോഗത്തിൽ കേദാർനനാഥ് നടത്തിയ പ്രസംഗം കോണ്‍ഗ്രസ് ഗുണ്ടായിസത്തിനെതിരായിരുന്നെങ്കിലും അദ്ദേഹം മുന്നോട്ട് വെച്ച വിപ്ലവ സങ്കല്പത്തിന്റെ അന്തസത്ത ഗവണ്‍മെന്റിനെ മറിച്ചിടുക എന്ന ഉദ്ദേശം ഉൾക്കൊള്ളുന്നതാകയാൽ അത് രാജ്യദ്രോഹ വകുപ്പിൽ പെടുന്നുവെന്നാണ് അന്ന് കോടതി കണ്ടെത്തിയത്. വിപ്ലവം എന്നത് രാജ്യദ്രോഹമാണെന്നും ഇതിലൂടെ കോടതി പരോക്ഷമായി കണ്ടെത്തുന്നുണ്ട്. ഭരണഘടനയുടെയും അതിലുൾച്ചേർത്തിരിക്കുന്ന മൗലികാവകാശങ്ങളുടെയും ലോകമെമ്പാടും ഉയർന്നുവരുന്ന മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെയും അന്തസത്ത ശരിയാംവണ്ണം ഉൾക്കൊള്ളാതിരുന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബാല്യകാലത്താണ് സുപ്രീം കോടതി ഇത്തരത്തിൽ ഈ വകുപ്പിനെ ശരി വെച്ചതെന്നത് ഓർക്കേണ്ടതുണ്ട്. കാലികമായ പുനർനിർവ്വചനം അതാവശ്യപ്പെടുന്നു എന്നാണ് സമകാലിക സാഹചര്യം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. തിലകൻ അധികാരത്തിലിരുന്ന ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചു. കേദാർനാഥ് അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ വിമർശിച്ചു. കനയ്യ സംഘപരിവാറിനെ വിമർശിച്ചു. ഇതൊന്നും ഏതെങ്കിലും വിഭാഗത്തെയോ ആളുകളെയോ ദേശവിരുദ്ധ പ്രവർത്തനത്തിലേക്ക് വഴിതിരിച്ച് വിട്ടില്ല. പക്ഷേ, അവരിൽ അത്തരം വികാരം ഉളവാക്കി എന്നതാണാരോപണം. കേവലമായ മുദ്രാവാക്യം വിളി ദേശദ്രോഹമാകില്ലെന്ന് സുപ്രീം കോടതി പിന്നീട് പറഞ്ഞിട്ടുണ്ടെങ്കിലും (Balwant SIngh V. State of Punjab; AIR 1995 SC 1785) 5 കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഭരണകൂടത്തിനും പോലീസിനും ഒരു നിരപരാധിയെ, നിലപാടുള്ള വ്യക്തിയെ അഴിക്കുള്ളിലാക്കാൻ അത് മതിയെന്നതാണ് യാഥാർത്ഥ്യം. വ്യാജവീഡിയോകളും തെളിവുകളുമായി ഗീബല്‍സുമാരുടെ പുതിയ തലമുറ അരങ്ങുവാഴുമ്പോള്‍, ബസ്സിയെപോലുള്ള ഇടുങ്ങിയ ചിന്താഗതിക്കാര്‍ പോലീസ് ഓഫീസര്‍മാരായിരിക്കുമ്പോള്‍ ഇനിയും കന്‍ഹയ്യമാരുണ്ടാകും.

രാജ്യദ്രോഹ നിയമം ഉണ്ടാക്കിയവരുടെ നാടായ ബ്രിട്ടനില്‍ അവ‌‌ര്‍ ഈ വകുപ്പ് എടുത്തുകളഞ്ഞു. ഈ വകുപ്പ് ഇന്ത്യയിലെ നിയമപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുവാനോ അതിന്റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കുവാനോ കഴിയുന്ന രാഷ്ട്രീയ - നിയമ സാഹചര്യമല്ല ഇപ്പോഴുള്ളത്. നെഹ്രുവിന്റെ കാലത്ത് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വരുത്താതിരുന്ന ഭേദഗതി മോഡി വരുത്തുമെന്ന് കരുതേണ്ടതില്ലല്ലോ. അതിതീവ്രദേശീയത ആളിക്കത്തിക്കുന്ന സംഘപരിവാറിന് ദേശദ്രോഹവകുപ്പ് കൂടുതല്‍ ശക്തമായി നിലനില്‍ക്കേണ്ടത് അനിവാര്യവുമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപയോഗിച്ചതിന് സമാനമായി ആ വകുപ്പ് വലിയ രൂപത്തില്‍ ദുരുപയോഗം ചെയ്യാനാണ് സാദ്ധ്യതയുള്ളത്.

ഈ വിഷയത്തില്‍ നിലവിലുള്ള ഏതെങ്കിലും കേസ് സുപ്രീംകോടതിയില്‍ എത്തുന്ന സാഹചര്യത്തില്‍ ദേശദ്രോഹ വകുപ്പിന്റെ ഭരണഘടനാ സാധുത പുനഃപരിഗണിക്കുവാന്‍ വിപുലമായ ഭരണഘടനാബഞ്ച് രൂപീകരിക്കുകയെന്നതാണ് മറ്റൊരു സാദ്ധ്യത. അതും ഒരു സ്വപ്നംമാത്രമാകാനേ വഴിയുള്ളു. നിലനില്‍ക്കുന്ന ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുകയാണ് കോടതികളുടെ പൊതുസ്വഭാവം. അപൂര്‍വ്വം ഘട്ടങ്ങളിലൊഴികെ ഇന്ത്യന്‍ നിയമചരിത്രം നമ്മെ അത് ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്. അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലും പട്യാല കോടതിയില്‍ അരങ്ങേറിയിട്ടും സുപ്രീം കോടതി ഇടപെട്ടിട്ടും കന്‍ഹയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരമാവധി വൈകിപ്പിച്ചും ഇടക്കാല ജാമ്യം മാത്രം നല്‍കിയും വിധിന്യായത്തില്‍ അദ്ദേഹത്തിനും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കും അപമാനകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുമുണ്ടായ ജാമ്യ ഉത്തരവ് തന്നെ കോടതികള്‍ സ്വീകരിക്കുന്ന വ്യവസ്ഥാനുകൂല നിലപാടിന്റെ ഉത്തമോദാഹരണമാണ്. ഈ സാഹചര്യത്തില്‍ നമുക്കാകെ ചെയ്യാനാവുന്നത്, രാജ്യദ്രോഹവകുപ്പ് പോലുള്ള അമാനവികമായ നിയമ വ്യവസ്ഥകള്‍ക്കെതിരായ സമരം ശക്തമാക്കുകയെന്നതാണ്. അവ വീണ്ടും ദേശദ്രോഹമാകാം. അങ്ങനെ രാജ്യത്തെ ജയിലുകള്‍ വീണ്ടും രാജ്യദ്രോഹികളെക്കൊണ്ട് നിറയുകയും കോടതികളില്‍ രാജ്യദ്രോഹക്കുറ്റവിചാരണ വലിയ ചര്‍ച്ചയാകുകയും ചെയ്തേക്കാം.

124A, british laws in India, colonial laws in India, criminal laws in India, Essay, indian penal code, section 124(a) ipc, sedition, sedition laws, India, Secularism, Struggles Share this Creative Commons Attribution-ShareAlike 2.5 India

Reactions

Add comment

Login to post comments