ശിവസേന : പിന്തിരിപ്പൻ സ്വത്വ രാഷ്ട്രീയം പിന്തുടരുന്നവർ

Ashok Dhawale November 21, 2012

Bal Thackeray (The Hindu)


ബാല്‍ താക്കറേയുടെ മരണാനന്തരം സി പി ഐ എം മഹാരാഷ്ട്ര സംസ്ഥാനക്കമിറ്റി ശിവ് സേനയോടുള്ള സി പി ഐ എം ന്റെ നിലപാട് വ്യക്തമാക്കികൊണ്ട് പുറത്തിറക്കിയ 'ചരമക്കുറിപ്പി’ന്റെ സ്വതന്ത്ര മലയാള പരിഭാഷ. പരിഭാഷകന്‍: സ:സുനില്‍ കൃഷ്ണന്‍ 1


സി പി ഐ എമ്മിന് ശിവസേനയുമായും അതിന്റെ നേതാവാ‍യ ദിവംഗതനായ ശ്രീ ബാല്‍ കേശവ് താക്കറേയുമായും എല്ലാക്കാലത്തും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ ശിവസേന എല്ലാക്കാലത്തും പിന്തുടര്‍ന്നത് പിന്തിരിപ്പന്‍ സ്വത്വരാഷ്ട്രീയം ആയിരുന്നു. അതു മഹാരാഷ്ട്രയിലെ ജനങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരുന്ന ഗൌരവമായ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിട്ടുകൊണ്ടേയിരുന്നു.

ഒന്നാമതായി, സി പി ഐ എം എന്നും ശിവസേനയുടെയും, ഇപ്പോള്‍ അവരില്‍ നിന്നും പിരിഞ്ഞു പോയ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേനയുടേയും, സങ്കുചിത പ്രാദേശിക വാദത്തിന്റെ അക്രമ സംസ്ക്കാരത്തെ നിശ്ചയദാര്‍ഡ്യത്തോടെ എതിര്‍ത്തിരുന്നു. മുംബൈയിലുള്ള ദക്ഷിണേന്ത്യക്കാര്‍ മഹാരാഷ്ട്രക്കാരുടെ ജോലികള്‍ തട്ടിയെടുക്കുന്നു എന്ന് ചിത്രീകരിച്ചു കൊണ്ടാണു ശ്രീ താക്കറേ രാഷ്ട്രീയത്തിന്റെ തുടക്കം കുറിച്ചത്, അത് പിന്നീട് ഉത്തര്‍ പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നും കുടിയേറിപ്പാര്‍ത്ത തൊഴിലാളികളുടെ നേര്‍ക്കായി.‘വിദ്വേഷ‘മെന്നത് അങ്ങനെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അടിസ്ഥാന പരിപാടിയായി മാറി, അതാകട്ടെ 1950 കളില്‍ കമ്യൂണീസ്റ്റുപാര്‍ട്ടിയും മറ്റു ഇടതു മതേതര പ്രസ്ഥാനങ്ങളായ പ്രജാ സമാജ്‌വാദി പാര്‍ട്ടി, പെസന്റ്സ് ആന്‍ഡ് വര്‍ക്കേഴ്ക് പാര്‍ട്ടി, റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയുമടങ്ങിയ ‘സംയുക്ത മഹാരാഷ്ട്രാ പ്രസ്ഥാനം” മുന്നോട്ട് വച്ച ‘ഐക്യ ഭാവന’യ്ക്കു നേര്‍വിപരീതവുമായിരുന്നു.

രണ്ടാമതായി, ശിവസേനയുടെ പ്രത്യയശാസ്ത്രമെന്നത് ആഴത്തിലുള്ള വര്‍ഗീയതയിലധിഷ്ടിതമായിരുന്നു. അതിനെതിരെ സി പി ഐ എം നിരന്തരമായി സമരം ചെയ്തിട്ടുമുണ്ട്. 1992 ല്‍ ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ടതിനെ മിസ്റ്റര്‍ താക്കറേ സ്വാഗതം ചെയ്തു. തുടര്‍ന്നുണ്ടായ മുംബൈ കലാപത്തിലും മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളിലും നിയമവിരുദ്ധ പ്രവൃത്തികളിലും ശിവസേന പങ്കാളികളായിരുന്നു. കലാപം അന്വേഷിച്ച ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷന്‍ അക്കാര്യം തെളിവുകളോടെ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ തന്നെ അന്നത്തെ ശിവസേന - ബി ജെ പി സര്‍ക്കാര്‍ ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കൈയോടെ തന്നെ തള്ളിക്കളയുകയാണുണ്ടായത്.

മൂന്നാമതായി, ശിവസേനയുടെ രാഷ്ട്രീയം എല്ലാക്കാലത്തും തൊഴിലാളി വിരുദ്ധവും കമ്യൂണീസ്റ്റു വിരുദ്ധവുമായിരുന്നു, അതുകൊണ്ടു തന്നെ അതിനു കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന എല്ലാ കോണ്‍‌ഗ്രസ് സര്‍ക്കാരുകളുടേയും മുംബൈയിലെ വന്‍ മുതലാളിമാരുടേയും നിരന്തര പിന്തുണ ലഭിച്ചിട്ടുണ്ട്. 1960 കളുടെ അവസാന പാദത്തില്‍ മിസ്റ്റര്‍ താക്കറേയുടെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായിരുന്നത് കമ്യൂണിസ്റ്റുകളായിരുന്നു. ഗിര്‍നി കാം‌ഗാര്‍ യൂണീയന്റെ (മില്‍ തൊഴിലാളി യൂണീയന്‍) ഓഫീസുകള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയും കമ്യൂണിസ്റ്റ് നേതാക്കള്‍ മൃഗീയമായി ദേഹോപദ്രവമേല്‍‌പ്പിക്കപ്പെടുകയും ചെയ്തു. 1970 ജൂണില്‍ ഈ അക്രമങ്ങള്‍ അതിന്റെ ഉച്ച സ്ഥായിയില്‍ എത്തുകയും എം എല്‍ എ ആയിരുന്ന സ: കൃഷ്ണ ദേശായി ശിവസേനക്കാരാല്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ശാരീരിക ആക്രമണങ്ങളേയും നിരന്തര ഭീഷണികളേയും മഹാരാഷ്ട്രയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിജീവിയ്ക്കുക തന്നെ ചെയ്തു.

നാലാമതായി, ശിവസേനയുടെ രാഷ്ട്രീയം ശക്തമായ ദളിത് വിരുദ്ധതയിലധിഷ്‌ഠിതമാണ്. 1970 ല്‍ ദളിത് പാന്തേര്‍സ് പാര്‍ട്ടിയെ കായികമായി ആക്രമിച്ച് അവരുടെ പ്രവര്‍ത്തകനായിരുന്ന ഭഗവത് ജാദവിനെ കൊലപ്പെടുത്തിയതിലൂടെയും, ഡോ അംബേദ്‌കറിന്റെ ‘ഹിന്ദുത്വത്തിലെ പ്രഹേളികക‘ളെ എതിര്‍ത്തതിലൂടെയും, ശിവസേന - ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് മറാത്ത്‌വാഡ പ്രദേശത്ത് പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കെതിരെയുള്ള പോലീസ് കേസുകള്‍ പിന്‍‌വലിച്ചതിലൂടെയും, എല്ലാറ്റിനുമുപരിയായി, അതേ കാലത്ത് മുംബൈയിലെ റാം‌ബായ് അംബേദ്‌കര്‍ നഗറില്‍ നിഷ്കളങ്കരായ 11 ദളിതരെ പോലീസ് വെടിവയ്പ്പിലൂടെ കൊലപ്പെടുത്തിയതിലൂടെയുമെല്ലാം ഈ ദളിത് വിരുദ്ധത തെളിഞ്ഞതാണ്.

അവസാനമായി, ശിവസേന ഏകാധിപത്യത്തെ അനുകൂലിക്കുകയും ജനാധിപത്യത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു..അടിയന്തിരാവസ്ഥയെ മി. താക്കറേ അനുകൂലിച്ചതിലൂടെയും, ഹിറ്റ്‌ലറിനെ വാഴ്ത്തിപ്പറഞ്ഞതിലൂടെയും, പത്രപ്രവര്‍ത്തകര്‍, സാഹിത്യ സാംസ്കാരിക നായകര്‍ , വിമര്‍ശനം ഉന്നയിക്കാന്‍ ധൈര്യപ്പെടുന്ന മറ്റുള്ളവര്‍ക്കെതിരെ നടത്തിയ നിരന്തരമായ ആക്രമണങ്ങളിലൂടെയും ഇത് വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്..

Shiv Sena Logo
സങ്കുചിതം, വര്‍ഗീയം, തൊഴിലാളി വിരുദ്ധം, ദളിത് വിരുദ്ധം, ജനാധിപത്യ വിരുദ്ധം.
ചിത്രം: Cotton Market News

പാല്‍ഗറില്‍ നിന്നുള്ള രണ്ടു പെണ്‍‌കുട്ടികള്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടതും അവരുടെ അമ്മാവന്റെ ആശുപത്രിക്കു നേരെ നടത്തപ്പെട്ട അക്രമങ്ങളിലൂടെയും അവസാ‍നം പറഞ്ഞ വസ്തുത ഇന്ന് വീണ്ടും ആവര്‍ത്തിക്കപ്പെട്ടിരിയ്ക്കുന്നു, കഴിഞ്ഞ രണ്ടു ദിവസമായി മുംബൈയില്‍ നടത്തിയ ബന്ദിനെതിരെ അവരുടെ എതിരഭിപ്രായം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പറഞ്ഞു എന്നത് മാത്രമാണു ഈ പെണ്‍‌കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ കാരണം.

ഈ ചെറിയ പെണ്‍‌കുട്ടികളെ അന്യായമായി അറസ്റ്റ് ചെയ്തതിനെ സി പി ഐ എം മഹാരാഷ്ട്രാ സംസ്ഥാന കമിറ്റി അപലപിയ്ക്കുകയും എത്രയും വേഗം അവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍‌വലിച്ച് ഈ അറസ്തിനു കാരണക്കാരായ പോലീസുകാര്‍ക്കെതിരെയും ആശുപത്രി ആക്രമിച്ച ഗുണ്ടകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.കോണ്‍‌ഗ്രസ് - എന്‍ സി പി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിയ്ക്കുണമെന്നും പണ്ട് പലപ്പോളും ചെയ്തതു പോലെ ശിവസേനയുടെ താല്‍ക്കാലിക ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമനുസരിച്ച് തുള്ളുന്ന നയം അവസാനിപ്പിക്കുകയുംചെയ്യണമെന്ന് സി പി ഐ എം ആവശ്യപ്പെടുന്നു.

ഇതു വരെ ചെയ്തിരുന്നതുപോലെ ഭാവിയിലും സി പി ഐ എം ശിവസേനയുടെ സങ്കുചിത പ്രാദേശികവാദാധിഷ്‌ഠിതവും , വര്‍ഗീയവും, ജാതീയവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പൊരുതുന്നതാണ്.

ഡോ.അശോക് ധാവ്‌ലേ,
സെക്രട്ടറി,
മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി,
കേന്ദ്രക്കമ്മിറ്റി അംഗം
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍‌ഡ്യ (മാര്‍ക്സിസ്റ്റ്)

Politics, Note Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments