കുട്ടനാട്ടിലെ ചേറ്റുമണൽ ചുവന്നു തുടുത്ത കഥ

ഷാരോണ്‍ വിനോദ് May 23, 2015

തെങ്ങിൽ കെട്ടിപ്പിടിച്ച് അവൻ തല്ലുകൊള്ളുന്നു. ചെയ്ത വേലക്ക് കൂലി ചോദിച്ചതാണ് കുറ്റം. ചോദിക്കാൻ ചെന്ന യൂണിയൻ പ്രവർത്തകരോട് ശിവരാമപ്പണിക്കർ കാരണം പറഞ്ഞു. "എന്റെ കരിക്കും കാടിയുമാണ് അവന്റെയും അവന്റെ അച്ഛന്റെയും ശരീരം. ആ അവനാണ് എന്നോട് കാര്യം പറയാൻ വന്നിരിക്കുന്നത്." ശരിയാണ്, അരുതായ്കയാണ് അവൻ ചെയ്തത്. നാളെ ഈ പുലയനോടൊപ്പം ശട്ടം കെട്ടിയിറക്കിയ കന്നുകൾ കൂടി കാര്യം പറഞ്ഞു തുടങ്ങില്ലെന്നാരു കണ്ടു? ആ നാവുകൾ ജന്മികളോട് സംസാരിക്കാൻ ഉള്ളതായിരുന്നില്ല. സംസാരം മനുഷ്യർ തമ്മിലാണ് നടത്തേണ്ടത്. മനുഷ്യർ പ്രസവിച്ച് വീഴുമ്പോൾ അവരെ അമ്മമാർ പള്ളവീർത്ത് കുരങ്ങിടുകയായിരുന്നു. മനുഷ്യർ കഴിക്കുമ്പോൾ അവൻ കരിക്കാടി മോന്തി. അവർ കുളിക്കുമ്പോൾ അവൻ ചേറുനനച്ചു. അങ്ങനെ ഒരുനാൾ മരിക്കുന്നതിനു പകരം കുറ്റം പഴിച്ചു കഥകൾ അവസാനിപ്പിച്ചു.

ആ ജീവിതത്തിലേക്കാണ് "തല്ലിയാൽ ഞങ്ങൾ തിരിച്ച് തല്ലും" എന്നൊരു മുദ്രാവാക്യം തെറിച്ചു വീണത്, കേരളത്തിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തെതുമായ കർഷകത്തൊഴിലാളി പ്രസ്ഥാനം പൊന്തിവന്നത്.

"പാലക്കാട്ടെ പാടങ്ങൾ പോലെ ആയിരുന്നില്ല കുട്ടനാടൻ പാടങ്ങൾ. പാലക്കാട്ടെ സമൃദ്ധി പ്രകൃതി നിർമ്മിതമായിരുന്നു. കുട്ടനാട്ടിൽ നീണ്ടു നിവർന്നു കിടന്ന പച്ച പരവതാനികൾ മുരിക്കൻ നിർമ്മിതമായിരുന്നു." ടി. ജെ. എസ് ജോർജ്ജിന്റെ ഘോഷയാത്ര എന്ന ഓർമ്മക്കുറിപ്പിൽ ഇങ്ങനെ തുടങ്ങുന്ന ഭാഗം വായിച്ചപ്പോൾ അത്ഭുതം ഒട്ടും തന്നെ തോന്നിയില്ല. കുട്ടനാട്ടിൽ ജനിച്ച് വളർന്നവൻ കുഞ്ഞായിരുന്നപ്പോൾ മുതൽ കേട്ടു വളരുന്ന കഥയാണ്‌ കുട്ടനാടിനെ കഞ്ഞി കുടിപ്പിച്ച ജന്മിമാരുടെ കഥ. അവരുടെ വിയർപ്പിന്റെ വില തട്ടിയെടുത്ത് ഇല്ലാണ്ടാക്കിക്കളഞ്ഞ സഖാക്കളുടെ കഥ. ആ ദുരന്തത്തിൽ ചങ്കുപൊട്ടി മരിച്ച, ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണു തെണ്ടിയ 'പാവം' ജന്മിമാർ.

ചരിത്രത്തിലെ ഏതൊരു കർഷക വിപ്ലവത്തിന്റെയും പിന്നാമ്പുറം ചികഞ്ഞാൽ കാണാൻ കഴിയുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. ആഗോള മുതലാളിത്തത്തിന്റെ നുഴഞ്ഞുകയറ്റം സമൂഹത്തിൽ വലിയതോതിൽ സൃഷ്ടിച്ച വിള്ളലുകൾക്ക് നേരെയുണ്ടായ പ്രതികരണങ്ങളായിരുന്നു അവയൊക്കെയും.

പക്ഷെ, വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്ന കുട്ടനാട് എന്ന ചതുപ്പിൽ തറകൾ കെട്ടിപ്പൊക്കി കുടിയേറി പാർത്ത യഥാർത്ഥ അവകാശികളുടെ കഥകൾ ആ മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടില്ല. കായൽ നികത്തി ചിറകെട്ടി തറ പൊക്കി താമസയോഗ്യമാക്കിയത് കഥകളിൽ എങ്ങും കാണാത്ത പുലയരായിരുന്നു. മുണ്ടടിത്തറയും നാരകത്തറയും വാലടിത്തറയും കൊച്ചുതറയും ഒക്കെ ഒഴിഞ്ഞുകൊടുത്ത് സവർണ്ണതമ്പുരാക്കന്മാരെ വാഴിച്ച ചരിത്രവും ഒരിടത്തും കുറിക്കപ്പെട്ടില്ല.

കുട്ടനാടിന്റെ കർഷകത്തൊഴിലാളി സമരങ്ങളുടെ പൂർണമായ ചരിത്രം ഈ ചെറുകുറിപ്പിൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. നിരന്തരമായ സമരങ്ങളിലൂടെ, ഇന്നും നിലയ്ക്കാത്ത പൊരുതി നില്പ്പിലൂടെ തുടരുന്ന കുട്ടനാടൻ കർഷക ജീവിതത്തെ അങ്ങനെ വരച്ചിടുക ബുദ്ധിമുട്ടാണ്. ഈ ചെറുത്തു നിൽപ്പുകൾക്ക് വളരാൻ ഭൂമി ഉഴുതുമറിക്കപ്പെട്ടതെങ്ങനെ, വിത്ത്‌ പാകിയതെങ്ങനെ എന്നുള്ള അന്വേഷണങ്ങൾ - പുസ്തകാന്വേഷണങ്ങൾ - മാത്രമാണിത്.

"മുരിക്കൻ നിർമ്മിത" കുട്ടനാടിന്റെ ഗതകാല പ്രൌഡി പാടുന്നവർ കാണാത്ത ചരിത്രങ്ങളുണ്ട്, കഥാപാത്രങ്ങളുണ്ട്. ജന്മിക്കു വേണ്ടി കൊള്ളക്കാരാവാനും, പാടത്ത് പകലറുതി ഇല്ലാതെ പണിയെടുക്കാനും വിധിക്കപ്പെട്ടവർ ആത്മാഭിമാനം തിരിച്ചു പിടിച്ച കഥയുണ്ട്. കൂലി ചോദിച്ചപ്പോൾ ധിക്കാരത്തോടെ കരിക്ക് കുടിച്ച് നിന്ന കവലക്കൽ മത്തൻ മുതലാളിയുടെ കരിക്ക് തട്ടിപ്പറിച്ച് കുടിച്ച മുണ്ടകത്തിൽ തങ്കമ്മയുടെ കഥയുണ്ട്. "കമ്യൂണിസ്റ്റ്" ആയതിന്റെ പേരിൽ തെമ്മാടിക്കുഴിയിൽ തള്ളാൻ വിധിച്ച സ. കുര്യന്റെയും "പാവങ്ങളുടെ മിശിഹാതമ്പുരാനായ എന്റെ മോനെ ഈ വീട്ടുമുറ്റത്ത് കുഴിച്ചിട്ടാൽ മതി" യെന്ന് പറഞ്ഞ അമ്മ തങ്കമ്മയുടെയും കഥയുണ്ട്.

ചരിത്രത്തിലെ ഏതൊരു കർഷക വിപ്ലവത്തിന്റെയും പിന്നാമ്പുറം ചികഞ്ഞാൽ കാണാൻ കഴിയുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. ആഗോള മുതലാളിത്തത്തിന്റെ നുഴഞ്ഞുകയറ്റം സമൂഹത്തിൽ വലിയതോതിൽ സൃഷ്ടിച്ച വിള്ളലുകൾക്ക് നേരെയുണ്ടായ പ്രതികരണങ്ങളായിരുന്നു അവയൊക്കെയും. ഈ വ്യവസ്ഥിതിയിലെ അവസാന കണ്ണി എന്ന നിലയിൽ അവികസിത രാജ്യങ്ങളിലെ ഭൂവുടമയല്ലാത്ത, ഗ്രാമീണ തൊഴിലാളി വർഗ്ഗത്തിലേക്കാണ് മുതലാളിത്ത വികസനങ്ങളുടെ ആഘാതങ്ങൾ വന്നു പതിക്കുക. ഈ നുഴഞ്ഞുകയറ്റം നിരുപാധികം തുടർന്നു പോരുമ്പോൾ ഈ അധസ്ഥിത വിഭാഗങ്ങൾ എണ്ണത്തിൽ വർദ്ധിക്കുക മാത്രമല്ല അവർ അസ്വസ്ഥരാവുകയും രാഷ്ട്രീയമായി ഒന്നിക്കുകയും ചെയ്യുന്നു.

1859 ൽ ബംഗാളിൽ നടന്ന ഇന്റിഗോ കലാപം (The Blue Mutiny), 1872 ലെ പാബ്ന കർഷക പ്രക്ഷോഭം, 1907 ഇൽ നടന്ന പഞ്ചാബ് കർഷക സമരങ്ങൾ, 1930 കളിൽ നടന്ന ബീഹാർ (1933 - 1942) ഖേദ, ബർദോളി (1928 - 1934) കർഷക ലഹളകൾ, തെലങ്കാന പ്രക്ഷോഭം (1946 - 1951) ഇവയൊക്കെയും ഇതിന്റെ ഉദ്ദാഹരണങ്ങളാണ്. ഈ ഒരു പരിസരത്തിൽ നിന്ന് കൊണ്ട് വേണം കുട്ടനാടിന്റെയും തിരുവിതാംകൂർ കർഷക മുന്നേറ്റങ്ങളുടെയും ചരിത്രം പരിശോധിക്കാൻ. ജോസഫ്‌ താരമംഗലം എഴുതിയ "കാർഷിക വർഗ്ഗ സമരം : കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ രാഷ്ട്രീയ ഏകോപനം” (Agrarian Class Conflict: The Political Mobilization of Agricultural Labourers in Kuttanad, South India) എന്ന ഗ്രന്ഥത്തിൽ ആഗോള തലത്തിൽ കാർഷിക കലാപങ്ങളിൽ കണ്ടു വരുന്ന ചില പൊതു സ്വഭാവങ്ങൾ എണ്ണി പറയുന്നുണ്ട്.

1) മുതലാളിത്ത വ്യവസ്ഥിതിയിലുള്ള കൃഷിത്തൊഴിൽ
2) ഉയർന്ന ജനസാന്ദ്രത
3) ജനസമൂഹത്തിന്റെ തീവ്രമായ ധ്രുവീകരണം
4) ഭൂരഹിതരുടെ അനുപാതത്തിലുള്ള വർദ്ധന
5) ബോധവത്കരിക്കപ്പെട്ട ജനത

ഈ പൊതു സ്വഭാവങ്ങൾ മൂർത്തമായി കാണാൻ കഴിയുന്ന ഒരു സാംസ്ക്കാരിക പരിസരത്തു നിന്നാണ് കുട്ടനാടൻ കർഷക മുന്നേറ്റങ്ങൾ രൂപം കൈവരിക്കുന്നത്.

തിരുവിതാങ്കൂർ രാജ്യത്തെ കൃഷിഭൂമികൾ ഏകദേശം പൂർണമായി തന്നെ സർക്കാർ നിലങ്ങൾ അല്ലെങ്കിൽ പണ്ടാരവക നിലങ്ങൾ ആയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിനോട് കൂട്ടി ചേർക്കപ്പെട്ട രാജ്യത്തെ ഭൂമികൾ കൂടാതെ 378 ക്ഷേത്രങ്ങൾ കൂടി സർക്കാർ ഏറ്റെടുത്ത് നാടിന്റെ ജന്മി സർക്കാരായി മാറി. ഈ ഭൂമി പണ്ടാരവക പാട്ടമായി കൃഷിക്കാർക്ക് നൽകിപ്പോന്നു. ആലപ്പുഴ ഒരു തുറമുഖ നഗരമായി രൂപാന്തരപ്പെട്ടതോടു കൂടി നാഞ്ചിനാടിനു പുറമേ മറ്റൊരു നെല്ലറ കൂടി ആവശ്യമായിരുന്ന സർക്കാർ കുട്ടനാടൻ കൃഷിക്ക് കാര്യമായ പ്രോത്സാഹനം നല്കി വന്നു. 1860 കളിലെ ജന്മി കുടിയാൻ നിയമവും പണ്ടാരപ്പാട്ട വിളംബരവും ജന്മി ബാധ്യതകളിൽ നിന്നും കുടിയാന്മാരെ മോചിപ്പിച്ചെങ്കിലും അത് പിന്നീട് വഴിവച്ചത് ജന്മിത്തത്തിന്റെ പുതിയ മാനങ്ങളിലേക്കായിരുന്നു.

ജന്മി വ്യവസ്ഥിതിയുടെ ആരംഭം എങ്ങനെ എന്നത് പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ള വിവരിക്കുന്നത് ഇങ്ങനെയാണ്.

"ജീവിത കാലത്തേക്ക് മാത്രം അവകാശമുള്ള വസ്തുക്കൾക്ക് ജന്മഭൂമി എന്നും ജീവിതഭൂമി എന്നും പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്ക് ശമ്പളം പണമായി കൊടുക്കുന്ന രീതി അക്കാലത്തുണ്ടായിരുന്നില്ല. പകരം ചെറിയ ഒരു ഭൂവിഭാഗം വിട്ടു കൊടുക്കുക ആയിരുന്നു പതിവ്. അവയ്ക്ക് "ജീവിതം" എന്ന് പറയും.ജീവിത വസ്തുക്കളിൽ പാരമ്പര്യാവകാശം ഉണ്ടായിരുന്നില്ലെന്ന് പഴയ ചരിത്രത്തെ പറ്റി സാമാന്യജ്ഞാനമുള്ള ഏവർക്കും അറിയാം. ഉദ്യോഗസ്ഥന്മാർക്ക് ഉദ്യോഗത്തിൽ തുടരുന്നിടത്തോളം കാലം മാത്രമാണ് 'ജീവിതങ്ങളിൽ' അവകാശം ഉണ്ടായിരുന്നത്. എന്നാൽ ജീവിച്ചിരിക്കുന്നിടത്തോളം ആരോഗ്യം ഉണ്ടെങ്കിൽ ഉദ്യോഗത്തിൽ തുടരാമായിരുന്നു. ഒരാൾ അയാളുടെ വസ്തുക്കൾ ക്ഷേത്രത്തിലേക്കോ ബ്രാഹ്മണർക്കോ എഴുതി കൊടുത്തിട്ട്, അതിന്റെ കാരാണ്മയവകാശം സ്വയം അനുഭവിക്കുകയാണെങ്കിൽ അതിനു 'കുടി നീങ്ങാ കാരാണ്മ' എന്ന് പറയും. ആ വസ്തുക്കളിൽ അയാൾക്ക് പൂർണാവകാശം ഉണ്ടെന്നു വ്യക്തമാക്കാൻ അവയ്ക്ക് കാണവസ്തുക്കൾ എന്ന് പറഞ്ഞു പോന്നു. ഊരാളന്മാർ കാരാണ്മയായി കാരാളന്മാരെ കൃഷിക്ക് എല്പ്പിച്ചിരുന്ന വസ്തുക്കൾക്കും പില്ക്കാലത്ത് കാണവസ്തുക്കൾ എന്ന് പറഞ്ഞു തുടങ്ങിയപ്പോൾ ഒഴിപ്പിക്കത്തക്കതാണെന്ന് തോന്നൽ ഉണ്ടാക്കി വയ്ക്കാൻ ഊരാളന്മാർക്ക് കഴിഞ്ഞു. അതോടുകൂടി ജന്മത്തിന്റെ അർത്ഥത്തിലും മാറ്റം വന്നിരിക്കും. അങ്ങനെ യഥാർത്ഥത്തിൽ ഉടമയായിരുന്ന കാണക്കാരൻ ക്രമേണ അടിമയായി, ജീവനാനുഭവം മാത്രം ഉണ്ടായിരുന്ന ജന്മി ഉടമയുമായി."

പൂജയും വൈദ്യവുമായി കുട്ടനാട്ടിലെത്തിയ നമ്പൂതിരിമാർക്ക് കരമൊഴിവായി ധാരാളം ഭൂമി ലഭിച്ചിരുന്നു. ക്ഷേത്ര പൂജയുടെ പ്രതിഫലമായി കിട്ടിയിട്ടുള്ള ഭൂമി ഇതിനു പുറമേ ആയിരുന്നു. നമ്പൂതിരിമാരോടൊപ്പം തന്നെ അവർക്ക് ആശ്രിതരായി തമിഴ്നാട്ടിൽ നിന്ന് വന്ന ബ്രാഹ്മണരുടെ ഒരു സംഘവും കുട്ടനാട്ടിൽ ഭൂരാജക്കന്മാരായി. ജന്മി സമ്പ്രദായത്തെ നിയമം കൊണ്ട് തടഞ്ഞിരുന്ന തിരുവിതാംകൂറിൽ പുതുനിര ജന്മികളുടെ ആവിർഭാവം എങ്ങനെ എന്ന് ഇ. എം. എസ്. വരച്ചു കാട്ടുന്നുണ്ട്.

“തിരുവിതാംകൂറിൽ ഭൂമിയിലൊരു മുഖ്യഭാഗം പണ്ടാരവക ആയിരുന്നു. ഈ പണ്ടാരവക ഭൂമി കൈവശം വയ്ക്കുന്നവർക്ക് ഗവണ്മെന്റ് നികുതിയടയ്ക്കാനുള്ള ബാധ്യത മാത്രമേയുള്ളൂ. ജന്മികളുടെ കീഴിലുള്ള കുടിയാന്മാരെ പോലെ അവരെ ഒഴിപ്പിക്കുകയില്ല. അതുകൊണ്ട് അവർ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെ റയത് വാരി-പട്ടയദാർമാരെ പോലെയും മലബാറിലെ ഏറ്റവും ചെറിയ ജന്മികളെ പോലെയും കൃഷി ചെയ്യുന്ന ഭൂമി ഉടമസ്ഥന്മാരായിരുന്നു. ഈ വർഗ്ഗമാകട്ടെ, ഓരോ കൊല്ലം കഴിയുംതോറും പാപ്പരായി വന്നു. കൃഷിയിൽ നിന്നുള്ള ആദായം കൊണ്ട് ജീവിക്കാൻ മതിയാകാതെ വരിക, കൃഷിക്കേടുകൾ തുടർച്ചയായി പറ്റുന്നത് താങ്ങാൻ കഴിയാതെ വരിക; കുടുംബങ്ങളുടെ എണ്ണം അധികമധികം വര്ദ്ധിച്ചു വരിക, അതിനനുസരിച്ച് കൃഷി അഭിവൃദ്ധിപ്പെടുത്താത്തതിനാൽ ആളുകളുടെ എണ്ണത്തിനോത്ത ആദായമാർഗ്ഗമില്ലാതെ കഷ്ടപ്പെടുക - ഇതെല്ലാമാണ് ഈ പാപ്പരത്തത്തിന്റെ കാരണങ്ങൾ. ഇതിന്റെ ഫലമായി ആദ്യം വായ്പ്പയായും പിന്നെ വസ്തു ചൂണ്ടി പണയം കൊടുത്തും പിന്നെ കൈവശപ്പണയം കൊടുത്തും ഒടുവിൽ ഭൂമി തന്നെ തീറുകൊടുത്തും അവർ മുടിയുന്നു. ഇങ്ങനെ പൊലിയുന്ന ചെറു കൃഷിക്കാരുടെ ഉടമാവകാശമെല്ലാം അടുത്തുള്ള ഹുണ്ടികക്കാരോ കച്ചവടക്കാരോ മറ്റു പണക്കാരോ വാങ്ങുന്നു. ഇങ്ങനെ അനേകായിരം ചെറുകൃഷിക്കാരുടെ ഭൂവുടമയവകാശം ഒരുപിടി കൃഷി ചെയ്യാത്തവരുടെ കയ്യിൽ വരുന്നു. ഇങ്ങനെ ഭൂവുടമകളായവരാണ് മങ്കൊമ്പിൽ പട്ടന്മാരും ചാഴിക്കാടനെ പോലെയുള്ള കൃസ്ത്യൻ പണക്കാരും.”
( ഇ. എം. എസ്. - “കേരള ചരിത്രം മാർക്സിസ്റ്റ്‌ വീക്ഷണത്തിൽ”)

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കായൽ നിലങ്ങൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങുന്നതും പുതിയ കുട്ടനാടിന്റെ കാർഷിക ചരിത്രം തുടങ്ങുന്നതും.

കായൽ നിലങ്ങൾ കുത്തിയെടുക്കുന്നതിൽ തുടങ്ങുന്ന കായികാധ്വാനം കൃഷി കയറി കളമൊഴിയുന്നത് വരെ തുടർന്ന് പോരേണ്ട ഒന്നായിരുന്നു. അടിമത്തം തിരുവിതാംകൂറിൽ നിയമപ്രകാരം നിർത്തലാക്കിയെങ്കിലും "ഓണപ്പണിക്കാർ" എന്ന പേരോടെ അത് തുടർന്ന് പോന്നിരുന്ന ചരിത്രമാണ് കുട്ടനാട്ടിലേത്. കൃഷി തുടങ്ങുന്നതിനു മുൻപ് ഏതാനും പറ നെല്ലും കാശും കടം (വേലക്കടം) കൊണ്ട് പുലയകുടുംബങ്ങൾ ജന്മിക്കു മുന്നിൽ അടിമ കൊള്ളുന്നു. കൃഷിപ്പണികൾ കഴിയും വരെ വിളിപ്പുറത്തുണ്ടാവാനും, കൃഷിഭൂമിക്കടുത്ത് പന്ത കെട്ടി താമസിച്ച് കൃഷി സംരക്ഷിക്കാനും ഈ കുടുംബങ്ങൾ ബാധ്യസ്ഥരാണ്.

കായൽ നിലങ്ങൾ വീണ്ടെടുത്ത് കൃഷി ചെയ്യാൻ വേണ്ട എല്ലാ പ്രോത്സാഹനങ്ങളും തിരുവിതാംകൂർ സർക്കാർ ചെയ്തു പോന്നിരുന്നു. കായൽ കുത്തലിനു വേണ്ടി 4% നിരക്കിൽ ലോണ്‍, വീണ്ടെടുത്ത നിലങ്ങൾക്ക്‌ ആദ്യ അഞ്ചു വർഷത്തേക്ക് നികുതി ഇളവ് എന്നിങ്ങനെ ആയിരുന്നു സഹായങ്ങൾ. ഇതിനെ തുടർന്നാണ്‌ മാണിക്യമംഗലം, ചെറുകാലി, ആറ്റുമുട്ട് കായൽ നിലങ്ങൾ കൃഷി യോഗ്യമായത്. കായൽ കുത്തൽ മൂലമുള്ള മണ്ണ് അടിയുന്നത് കൊച്ചി തുറമുഖത്തിന് ക്ഷീണം വരുത്തുന്നതായുള്ള മദ്രാസ്‌ പ്രസിഡെൻസിയുടെ പരാതിയെ തുടർന്ന് 1902 ൽ താല്ക്കാലികമായി നിർത്തലാക്കിയത് പുനരാരംഭിച്ചത് 1912 ഓടെയാണ്.അതിനു ശേഷം റാണി ചിത്തിര മാർത്താണ്ഡം കായൽ നിലങ്ങൾ ഉൾപ്പടെ പന്തീരായിരം ഏക്കറിന് മുകളിൽ ഈ ഘട്ടത്തിൽ കുത്തിയെടുത്തു.

മുരിക്കുംമൂട്ടിൽ ഔതച്ചൻ, ചാലയിൽ ഇരവി കേശവ പണിക്കർ, ചിറയിൽ തൊമ്മൻ എന്നിങ്ങനെ ചുരുക്കം പേരുകളിലെക്ക് ഈ കായൽ നിലങ്ങൾ കൃഷിക്കായി വീണ്ടെടുക്കൽ കൃത്യത്തെ ചുരുക്കി വയ്ക്കുകയാണ് ലഭ്യമായ ചരിത്ര രചനകൾ ഒക്കെയും. അതിരൂക്ഷമായ അന്തരീക്ഷത്തിൽ, വരും വരായകളെ വകവെയ്ക്കാതെ ആയിരക്കണക്കിന് തൊഴിലാളികൾ കൂട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് കുട്ടനാട്ടിലെ കായൽ നിലങ്ങൾ ഒക്കെയും.

കായൽ കുത്തൽ എന്ന മനുഷ്യാധ്വാനത്തിന്റെ കൃത്യമായ രേഖകൾ എൻ. കെ. കമലാസനൻറെ "കുട്ടനാടും കർഷകത്തൊഴിലാളി പ്രസ്ഥാനവും" എന്ന കൃതിയിൽ നമുക്ക് കാണാം.

"മുള കീറി ചതച്ച് ചെറ്റകൾ ഉണ്ടാക്കി തെങ്ങ് മുറിച്ച് നീളത്തിൽ കുറ്റികൾ ഉണ്ടാക്കി കൊമ്പും ചവറും ആവശ്യമുള്ള പാര, തൂമ്പ തുടങ്ങിയ പണിയായുധങ്ങളും പണിക്കാരായ തൊഴിലാളികളും ആവശ്യമുള്ള മറ്റ് അനുസാരികളുമായി വലിയ കെട്ടുവള്ളങ്ങളിൽ കായലുകളിലെക്ക് നീങ്ങും. അലറിവിളിക്കുന്ന തിരകളെയും ഊതിയടുക്കുന്ന കാറ്റിനെയും വകവയ്ക്കാതെ സാഹസികരായ തൊഴിലാളികളുടെ കഠിനാധ്വാനവും നിശ്ചയദാർഡ്യമുള്ള കര്ഷകന്റെ പ്രയത്നത്തിന്റെ പ്രതീകങ്ങളുമാണ് ഇന്നത്തെ കായലുകൾ. അങ്ങനെ ആയിരങ്ങളുടെ കഠിനാധ്വാനം കൊണ്ട് കുട്ടനാട്ടിൽ നിരവധി കായലുകൾ കുത്തിയെടുത്തു." "കായലുകൾ കുത്തുന്നതിന് ആവശ്യമുള്ള കൊമ്പും ചവറും പാതിരാമണൽ, വെട്ടക്കൽ തുരുത്തുമ്മെൽക്കരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകള് ചേർന്ന് വെട്ടി വലിയ കെട്ടുവള്ളങ്ങളിൽ കയറ്റിയാണ് കൊണ്ടുവരുന്നത്. ഇതിനാവശ്യമുള്ള കട്ട വെള്ളത്തിൽ മുങ്ങി ചേടിയെടുത്ത് വള്ളത്തിൽ കയറ്റിയിറക്കുന്നു. ആധുനിക സൌകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലത്ത് കായലുകൾ കുത്തുന്നത് അതിസാഹസികമായ പ്രയത്നം തന്നെ ആയിരുന്നു. കുത്തിയെടുക്കാനുള്ള സ്ഥലം നിശ്ചയിച്ചാൽ അതിന്റെ ചുറ്റും നാലോ അഞ്ചോ അടി അകലത്തിൽ കീറിയ തെങ്ങിന കുറ്റികൾ ഏരികളായി നാട്ടുന്നു. നാലോ അഞ്ചോ അടി വീതിയിലാണ് വരമ്പുകുത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ അത്രയും അകലത്തിൽ രണ്ടു വശത്തും ഇങ്ങനെ ഏരികൾ അടിച്ചു താഴ്ത്തും. തുടർന്ന് ഇരുവശത്തും മുള കീറി ചതച്ച ചെറ്റകൾ അടിമുതൽ മുകൾ പരപ്പുവരെ വെച്ചുകെട്ടും. രണ്ടു വശത്തും ഇതുപോലെ കെട്ടിയതിനു ശേഷമാണ് വരമ്പുകുത്ത് ആരംഭിക്കുന്നത്. മണൽ വിരിച്ചതിന് ശേഷം കട്ട അതിനുള്ളിൽ ഇറക്കി കൊമ്പും ചവറും ഇടയ്ക്കുവച്ച് ചവിട്ടി ഉറപ്പിക്കുന്നു. ഇങ്ങനെയാണ് കായൽ ബണ്ടുകൾ നിർമ്മിക്കുന്നത്."

കായൽ നിലങ്ങൾ കുത്തിയെടുക്കുന്നതിൽ തുടങ്ങുന്ന കായികാധ്വാനം കൃഷി കയറി കളമൊഴിയുന്നത് വരെ തുടർന്ന് പോരേണ്ട ഒന്നായിരുന്നു. അടിമത്തം തിരുവിതാംകൂറിൽ നിയമപ്രകാരം നിർത്തലാക്കിയെങ്കിലും "ഓണപ്പണിക്കാർ" എന്ന പേരോടെ അത് തുടർന്ന് പോന്നിരുന്ന ചരിത്രമാണ് കുട്ടനാട്ടിലേത്. കൃഷി തുടങ്ങുന്നതിനു മുൻപ് ഏതാനും പറ നെല്ലും കാശും കടം (വേലക്കടം) കൊണ്ട് പുലയകുടുംബങ്ങൾ ജന്മിക്കു മുന്നിൽ അടിമ കൊള്ളുന്നു. കൃഷിപ്പണികൾ കഴിയും വരെ വിളിപ്പുറത്തുണ്ടാവാനും, കൃഷിഭൂമിക്കടുത്ത് പന്ത കെട്ടി താമസിച്ച് കൃഷി സംരക്ഷിക്കാനും ഈ കുടുംബങ്ങൾ ബാധ്യസ്ഥരാണ്. അധ്വാനിച്ച് കിട്ടുന്ന നെല്ല് രാത്രി പാടത്തിന്റെ തിട്ടയ്ക്ക് കൂട്ടുന്ന അടുപ്പിൽ പുഴുങ്ങി വറുത്തു കുത്തിയാണ് കഞ്ഞി വയ്ക്കാറുള്ളത്.

കുട്ടനാട് ഒരു പൊട്ടിത്തെറിയിലേക്ക് നീങ്ങിയതിന്റെ സാമ്പത്തിക രേഖ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിൽ നമുക്ക് വായിച്ചെടുക്കാം. 1931 ലെ കണക്കനുസരിച്ച് കൃഷി ചെയ്യാത്ത ജന്മികളും ഇടക്കുടിയാന്മാരും കൂടി ഒരു കൊല്ലത്തിൽ പാട്ടമായി പിരിച്ചെടുത്തത് 117.1 ലക്ഷം രൂപയാണ്. കൃഷി ചെയ്യുന്നവർക്ക് ആദായമായി കിട്ടിയത് 713.1 ലക്ഷം രൂപയും, കാർഷിക തൊഴിലാളികൾക്ക് കൂലിയായി കിട്ടിയത് 160.9 ലക്ഷം രൂപയുമാണ്. ആകെ വരവിൽ മൂന്നിൽ രണ്ട് കൃഷി ചെയ്യുന്നവർക്കും എട്ടിലൊന്ന് കൃഷി ചെയ്യാത്തവർക്കും കിട്ടുമ്പോൾ തൊഴിലാളികൾക്ക് ലഭിച്ചത് ആകെ വരവിന്റെ ആറിലൊന്നു ഭാഗമാണ്.

ജാഗ്രതയോടും കണിശത്തോടും കൂടി പാട്ടപ്പിരിവ് നടത്തുക, വിലയിടിവ് കാലത്ത് പൊലിയുന്ന കർഷകരുടെ ഭൂമി വിലയ്ക്ക് വാങ്ങുക, ക്ഷാമകാലത്തെ വിലക്കയറ്റം തക്കമാക്കി മുതൽ വർദ്ധിപ്പിക്കുക എന്ന നിലയിൽ വളർന്ന പുതിയ ജന്മിത്തം കുട്ടനാടിന്റെ ദുരിതം വിറ്റ് കൊഴുക്കുകയായിരുന്നു. ഇങ്ങനെ സാമ്പത്തികമായും സാംസ്ക്കാരികമായും കുട്ടനാട്ടിൽ വന്ന തീവ്രധ്രുവീകരണം നവോത്ഥാനത്തിന് ആക്കം കൂട്ടുന്നതായിരുന്നു.

കുട്ടനാട്ടിൽ നിലനിന്നിരുന്ന ജാതീയമായ വേർതിരിവുകൾക്കെതിരെ നടന്ന പോരാട്ടങ്ങളിലൂടെയാണ് പുരോഗമനചിന്തയുടെ കാറ്റ് വീശിത്തുടങ്ങിയത്. ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും, കുമാരനാശാന്റെ കവിതാശകലങ്ങളും, പിന്നോക്ക വിഭാഗക്കാർക്ക് വേണ്ടി ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും കുട്ടനാട്ടിലെ യുവത്വത്തെയും സ്വാധീനിച്ചു. എസ്. എൻ. ഡി. പി സ്ഥാപിതമാകുന്നതിനു മുൻപ് തന്നെ ശ്രീനാരായണ സേവാ സമിതി, ശ്രീനാരായണ പ്രകാശിനി, ആനന്ദ പ്രദായിനീ സഭ എന്നിങ്ങനെ വിവിധ സംഘടനകൾ കുട്ടനാട്ടിൽ ഉയർന്നു. നാട് ആദ്യമായി പണിമുടക്കം എന്ന് കേൾക്കുന്നു, പ്രതിഷേധ പ്രകടങ്ങൾ കാണുന്നു. കാവാലം കുന്നുമ്മയിൽ ഒരു ഈഴവസ്ത്രീയെ ക്രിസ്ത്യൻ മുതലാളി കൈയ്യേറ്റം ചെയ്ത സംഭവത്തെ തുടർന്നാണ്‌ കർഷകത്തൊഴിലാളികൾ സംഘടിച്ചത്. കുട്ടനാട്ടിലെ പല സ്ഥലങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ടി. കെ മാധവനും പങ്കാളിയായി. ടി. കെ. മാധവൻ കർഷകമുതലാളിയെ നേരിട്ട് കാണുകയും, സ്ത്രീയോടും നാട്ടുകാരോടും പരസ്യമായ മാപ്പ് അഭ്യർത്ഥന നടത്തിക്കുകയും ചെയ്തത് കുട്ടനാടിന്റെ ചരിത്രത്തിലെ വലിയൊരു ഏടാണ്. ഈ സംഭവത്തോടെയാണ് ധർമപരിപാലന സംഘം കുട്ടനാടിന്റെ ഭാഗമാകുന്നത്. 1903 ൽ നാരായണഗുരു ആലപ്പുഴയിൽ വച്ച് ശാഖാ നമ്പരുകൾ വിതരണം ചെയ്ത് സംഘടനയുടെ പ്രവർത്തനം ശക്തമാക്കി. കുട്ടനാട്ടിലെ ജാതീയമായ അസമത്വങ്ങൾക്കെതിരെ എസ്. എൻ. ഡി. പി. നടത്തിയ പോരാട്ടങ്ങൾ കർഷക ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കുന്നവയായിരുന്നു. ഇതോടൊപ്പം തന്നെ അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘം പോലെയുള്ള ദളിത്‌ സംഘടനകളും സാമൂഹിക പ്രശ്നങ്ങളെ ഏറ്റെടുക്കാൻ തുടങ്ങി. തിരുവിതാംകൂർ കര്ഷക തൊഴിലാളി സംഘടനയുടെ ആദ്യ പ്രസിഡന്റായ സഖാവ് ശീതങ്കൻ സാധുജന പരിപാലന സംഘത്തിന്റെ നേതാവ് എന്ന നിലയിൽ പൊതുപ്രവർത്തകനായതാണ്. പന്തിഭോജനം, കളിവള്ളങ്ങൾ പിടിച്ചെടുത്ത് വള്ളംകളിയിൽ പങ്കെടുക്കുക, തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിർണായക ശക്തിയായി മാറുക, എന്നിങ്ങനെ സാംസ്ക്കാരികമായ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിരുന്നു നവോത്ഥാന കാലഘട്ടം നാടിനു നല്കിയത്.

സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ഇത്തരം പ്രസ്ഥാനങ്ങൾ വലിയൊരു മാറ്റത്തിലേക്ക് ജനതയെ എത്തിക്കുമ്പോഴും ജീവിത പ്രാരാബ്ധങ്ങളുടെയും സാമ്പത്തിക ഏറ്റക്കുറവുകളുടെയും നിത്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഇവയ്ക്ക് കഴിയാതെ വന്നു. ഇത്തരം സാംസ്ക്കാരിക മുന്നേറ്റങ്ങളെ തൊഴിലാളി വർഗ്ഗത്തിന്റെ സംഘടിതമായ പ്രവർത്തനത്തിനുള്ള ആദ്യ പടിയായി തിരിച്ചറിഞ്ഞ് ഒരു മൂർത്തരൂപം കൈവരിച്ചത് കയർ തൊഴിലാളികൾക്കിടയിൽ ആയിരുന്നു. 1922 ൽ രൂപം കൊണ്ട ട്രാവൻകൂർ ലേബർ അസോസിയേഷൻ ആലപ്പുഴയിലെ തൊഴിലാളികൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചു. അഴിമതിക്കെതിരെയുള്ള സമരങ്ങൾ, തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പോരാട്ടങ്ങൾ തുടങ്ങിയ മുന്നേറ്റങ്ങളിലൂടെ പ്രസ്ഥാനം വളർന്നു. കൂലിക്കൂടുതലിനും അപ്പുറം ഉത്തരവാദഭരണം പോലെയുള്ള രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും പോരാട്ടങ്ങളെ വികസിപ്പിക്കാൻ ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കഴിഞ്ഞു. പള്ളാത്തുരുത്തി, കൈനകരി തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ആലപ്പുഴയിലെ കയർ ഫാക്ടറികളിൽ തൊഴിൽ ചെയ്തിരുന്ന ജനങ്ങൾ വഴി ഈ സംഘടനാബോധം കുട്ടനാട്ടിലെ കർഷക ജനതയിലേക്കും സ്വാഭാവികമായി കുടിയേറി.

സംഘടിതമായി ചെറുക്കാനും തല്ലിയാൽ തിരിച്ചു തല്ലാനും തീരുമാനിച്ചുറപ്പിച്ച് യൂണിയൻ മുൻപോട്ടുള്ള യാത്ര തുടർന്നു. സഖാവ് എസ്. കെ. ദാസിനെതിരെ വധശ്രമങ്ങൾ വരെ ഈ നീക്കങ്ങൾ മൂലം നടന്നു. അതിനെതിരെ നടന്ന പണിമുടക്കുകളും പല ഭാഗങ്ങളിൽ നടന്ന ജാഥകളും കുട്ടനാട്ടിലെ ചേറിനെ ഒന്നിനൊന്നു ചുവപ്പിക്കുകയാണ് ഉണ്ടായത്.

കർഷകത്തൊഴിലാളികളെ ഒന്നിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് കോണിശേരിൽ ശങ്കു കേശവദാസ് എന്ന സഖാവ് എസ്. കെ. ദാസ് ആയിരുന്നു. തൊഴിലാളി നേതാക്കളായ വി. കെ. പുരുഷോത്തമൻ, കൊല്ലം ജോസഫ്‌ തുടങ്ങിയ സഖാക്കളുമായി കൂടിയാലോചനകൾ നടത്തിയ ശേഷം അദ്ദേഹമാണ് കർഷക തൊഴിലാളികളുടെ സംഘടിത നീക്കങ്ങൾക്ക്‌ അടിത്തറയിട്ടത്. ഹരിജൻ നേതാവും സാധുജന പരിപാലന സംഘം പ്രവർത്തകനുമായ സഖാവ് ശീതങ്കനും ചേർന്ന് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ ഒരു യോഗം വിളിച്ചു ചേർത്തു. തൊഴിലാളി ഭവനങ്ങളിൽ കയറിയിറങ്ങി നടന്നായിരുന്നു യോഗത്തിലേക്ക് ആളുകളെ ക്ഷണിച്ചത്. 1939 ഡിസംബർ 8 ന് പള്ളാത്തുരുത്തിയിലെ ഒരു ചായക്കടയിൽ നടന്ന രാത്രി യോഗത്തിലാണ് കുട്ടനാട്ടിലെ ആദ്യ കർഷകത്തൊഴിലാളി സംഘടന രൂപം കൊള്ളുന്നത്. കൊല്ലം ജോസഫിന്റെയും എസ്. കെ. ദാസിന്റെയും പ്രഭാഷണങ്ങളിൽ അവർ ആവേശഭരിതരായി. സഖാവ് ശീതങ്കൻ പ്രസിഡന്റും എസ്. കെ. ദാസ് സെക്രട്ടറിയുമായി ഒരു കമ്മിറ്റി രൂപീകരിച്ചു. യൂണിയന്റെ വളർച്ച കർഷക തൊഴിലാളികൾക്ക് സമ്മാനിച്ചത് ഒരു പുത്തൻ ഉണർവ്വാണ്. വഴിമാറി നടന്നവരും മുഖത്ത് നോക്കി സംസാരിക്കാത്തവരും തലയിൽ കെട്ടിയ തോർത്ത് അഴിക്കാതെ കണ്മുന്നിൽ വരുന്നത് കുറച്ചൊന്നുമല്ല മുതലാളിമാരെ ചൊടിപ്പിച്ചത്.

"ചെറുപ്പക്കാർ മേൽമീശ വച്ചും ഷർട്ടിട്ടും കൂസലില്ലാതെ സംഘടിതമായി നടന്നു തുടങ്ങി. മുതലാളിയെ കണ്ടാൽ ചിലർ തലയിലെ കെട്ടെടുക്കുന്നില്ല. പ്രകടമായ ഈ മാറ്റങ്ങൾ മുതലാളിമാരെ വിറളിപിടിപ്പിച്ചു. അവർ ഗുണ്ടകളെ സംഘടിപ്പിച്ചും പോലീസിനെ സ്വാധീനിച്ചും തൊഴിലാളികളെ തല്ലിച്ചതയ്ക്കാൻ തുടങ്ങി. ഭാര്യയും ഭർത്താവും വേലയ്ക്കു പോയി തിരികെ തറയിൽ എത്തുമ്പോൾ കൂര കാണില്ല. കുട്ടികൾ വാഴയുടെയോ തെങ്ങിന്റെയൊ ചുവട്ടിൽ ഇരിക്കും. കുടുംബത്തോടെ വഴിയാധാരമാകുന്നു."

ഇതിനെയൊക്കെ സംഘടിതമായി ചെറുക്കാനും തല്ലിയാൽ തിരിച്ചു തല്ലാനും തീരുമാനിച്ചുറപ്പിച്ച് യൂണിയൻ മുൻപോട്ടുള്ള യാത്ര തുടർന്നു. സഖാവ് എസ്. കെ. ദാസിനെതിരെ വധശ്രമങ്ങൾ വരെ ഈ നീക്കങ്ങൾ മൂലം നടന്നു. അതിനെതിരെ നടന്ന പണിമുടക്കുകളും പല ഭാഗങ്ങളിൽ നടന്ന ജാഥകളും കുട്ടനാട്ടിലെ ചേറിനെ ഒന്നിനൊന്നു ചുവപ്പിക്കുകയാണ് ഉണ്ടായത്.

1941 ൽ ചെറുകാലിൽ വച്ചു നടന്ന കർഷകത്തൊഴിലാളി യോഗത്തിലാണ് "തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ" എന്ന പേരില് യൂണിയൻ രജിസ്റ്റർ ചെയ്യാൻ തീരുമാനം എടുക്കുന്നത്.കുട്ടനാട്ടിലെ ഈ പ്രവർത്തനങ്ങളിൽ മറക്കാൻ കഴിയാത്ത വ്യക്തിയാണ് ടി. കെ. വർഗീസ്‌ വൈദ്യൻ. കുട്ടനാട്ടിലെ കർഷകജനതയെ ആവേശം കൊള്ളിക്കാൻ പോന്നവയായിരുന്നു വൈദ്യന്റെ വാക്കുകൾ.

വർഗീസ്‌ വൈദ്യൻ ഒറ്റയ്ക്ക് ഒരു പ്രസ്ഥാനമായിരുന്നു. "പുലയൻ കുപ്പമാടത്തിൽ പട്ടിണി കൊണ്ട് പൊറുതി മുട്ടുന്നത് കൊണ്ടാണ് നീയൊക്കെ - എന്ന് പറഞ്ഞാൽ ജന്മിമാരോക്കെ - പത്തായത്തിൽ നെല്ല് കൂമ്പാരം കൂട്ടുന്നത്. ഒരു ദിവസം ഈ പുലയൻ നിന്റെ മണിമേടകൾ തകർക്കും." ഇങ്ങനെ പോകും വൈദ്യന്റെ പ്രസംഗം. പ്രസംഗം കേട്ട് കർഷകത്തൊഴിലാളികൾ ആവേശഭരിതരായി തുള്ളിച്ചാടുന്നതിന്റെ മധ്യത്തിൽ വൈദ്യൻ അണച്ചണച്ച് പ്രസംഗം അവസാനിപ്പിക്കും. ഏതാനും മാസങ്ങൾ കൊണ്ട് കർഷകത്തൊഴിലാളി പ്രസ്ഥാനം അലയടിച്ചുണർന്നു. - എം.ടി ചന്ദ്രസേനൻ (“പുന്നപ്ര വയലാർ ജ്വലിക്കുന്ന അദ്ധ്യായങ്ങൾ”)

വർഗീസ്‌ വൈദ്യനോടൊപ്പം തന്നെ എടുത്തു പറയേണ്ട പേരാണ് വി. എസ്. അച്യുതാനന്ദന്റേത്. കൈനകരിയിൽ ഒരു ജൗളിക്കടയിൽ തയ്യൽക്കാരനായിരുന്ന അച്യുതാനന്ദൻ ജോലിയുപേക്ഷിച്ച് കർഷകത്തൊഴിലാളികളുടെ ഇടയിൽ മുഴുവൻ സമയ പ്രവർത്തകനായതും അക്കാലത്താണ്.

വർഗീസ്‌ വൈദ്യൻ പ്രസിഡന്റും സി. കെ. കേശവൻ, വി എസ് അച്യുതാനന്ദൻ, എം. സി. മണി എന്നിവർ വൈസ് പ്രസിഡന്റുമാരും എസ്. കെ. ദാസ് ജനറൽ സെക്രട്ടറിയുമായി ആദ്യ യൂണിയൻ കമ്മിറ്റി ചെറുകാലിൽ യോഗത്തിൽ വച്ച് തീരുമാനിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ കെടുതികൾ കുട്ടനാടിനെയും വലിയ രീതിയിൽ ബാധിച്ചു. ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും ജനങ്ങളെ വലച്ചു. വിലയിടിവിൽ ഭൂമി വിലയ്ക്ക് വാങ്ങുക ഭക്ഷണക്ഷാമം മൂലം ഉണ്ടാകുന്ന വിലക്കയറ്റത്തിൽ മുതൽകൂട്ടുക എന്ന ജന്മി മുതലെടുപ്പ് തന്ത്രം കുട്ടനാട്ടിലെ ജനജീവിതം ഒന്നിനൊന്നു കഷ്ടത്തിലാക്കുകയായിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്തെ അമ്പലപ്പുഴ താലൂക്കിലെ നെൽവില നോക്കുക.1

നെല്ലിന്റെ വില ഒരുരൂപക്ക് മുകളിലായി വർദ്ധിച്ചപ്പോൾ കൂലി നെല്ലായി കൊടുക്കുന്നതിനു പകരം പണമായി കൊടുത്ത് തുടങ്ങി. പണമായി കിട്ടുന്ന കൂലി കൊണ്ട് ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ തൊഴിലാളികൾ പ്രക്ഷോഭം ആരംഭിച്ചു. കൂലിയായി നെല്ല് കിട്ടാനും കൂലി വർദ്ധിപ്പിക്കാനുമായി നടത്തിയ സമരത്തിനു ചുക്കാൻ പിടിച്ചത് എസ്. കെ. ദാസും സി. കെ. കേശവനും ആയിരുന്നു. കുപ്പപ്പുറം പാടത്ത് കവലയ്ക്കൽ മത്തൻ മുതലാളിയെ തൊഴിലാളി സ്ത്രീകൾ ചേർന്ന് വളഞ്ഞു വച്ചതും. സംസാരിക്കാൻ കൂട്ടാക്കാതെ കരിക്ക് കുടിച്ച് നിന്ന മത്തന്റെ കൈയ്യിലെ കരിക്ക് മുണ്ടകത്തിൽ തങ്കമ്മ എന്ന തൊഴിലാളി തട്ടിപ്പറിച്ചു കുടിച്ചതും ഈ സമരത്തിലെ കഥയാണ്‌. പുളിങ്കുന്ന് പോലീസിന്റെ സാന്നിധ്യത്തിൽ സമരം ഒത്തു തീർന്നതും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതും കുട്ടനാട് ആവേശത്തോടെയാണ് സ്വീകരിച്ചത്.

യുദ്ധത്തെ ഫാസിസത്തിനെതിരെയുള്ള പോരാട്ടമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ഭൂമി തരിശിടാതെ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും ഉള്ള പ്രചരണ പരിപാടികൾ യൂണിയൻ ഏറ്റെടുത്തു നടത്തി. നെൽവില ക്രമാതീതമായി വർദ്ധിച്ച് പറയൊന്നിനു രണ്ടു രൂപയോളം എത്തിയപ്പോൾ കുട്ടനാട്ടിൽ പട്ടിണി മരണങ്ങൾ ഏറി. കോളറ പോലെയുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ യൂണിയൻ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി. ചികിത്സയും ഭക്ഷണവും ജനങ്ങളിലേക്ക് എത്തിക്കാൻ യൂണിയൻ പ്രവർത്തകർ സജീവമായി മുന്നോട്ടു വന്നു.സർക്കാർ നിയന്ത്രണങ്ങൾ വകവയ്ക്കാതെ കരിഞ്ചന്തയിൽ നെല്ല് വിൽക്കാൻ നടന്ന ശ്രമങ്ങളെ യൂണിയൻ ചെറുത്തത് കളങ്ങളിൽ കാവൽ കിടക്കാൻ വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്തായിരുന്നു. കായൽ നിലങ്ങളിലെ തൊഴിലാളികളുടെ പന്തകളിൽ വോളണ്ടിയർമാർ ജാഗ്രതയോടെ കാവൽ കിടന്നു. 'കൃഷിരാജനായ' മുരിക്കൻ ആയിരപ്പറ നെല്ല് രണ്ടര രൂപ വിലക്ക് കരിഞ്ചന്തയിൽ നീലമ്പേരൂർകാർക്ക് വിൽക്കാൻ ശ്രമിച്ചതും നാട്ടുകാർ നെല്ല് പിടിച്ചെടുത്ത് ഒരു രൂപ വിലയിൽ നാട്ടുകാർക്ക് വിറ്റതും, അതെ തുടർന്ന് സ. അച്യുതാനന്ദനെ പോലീസ് പിടിച്ചതും ഇക്കാലത്താണ്.

കാവാലം കുന്നുമ്മ ഡി ബ്ലോക്ക് കായലിൽ ഒരു മാസം നീണ്ടു നിന്ന ഓണപ്പണിക്കാരുടെ അവകാശ സമരം, പൂപ്പള്ളി കൂലി വർദ്ധനവിനായി നടന്ന സമരം, കൈനടി കണ്ടക്കുടി ആപ്പുകായൽ സമരം തുടങ്ങിയവ ഇക്കാലത്ത് വിജയം കണ്ട മറ്റു സമരങ്ങളാണ്. ഓരോ സമരവിജയങ്ങളും തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടങ്ങളുടെ ശക്തി കൂട്ടിക്കൊണ്ടിരുന്നു. തകഴിയിൽ പുലിമുഖത്ത് തുപ്പായിമാർക്ക് എതിരെ നടന്ന സമരം വർഗ്ഗീസ് വൈദ്യൻ എസ്. കെ. ദാസ് തുടങ്ങിയവർ നേരിട്ട് ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച സമരങ്ങളാണ്. മർദ്ദന മുറകൾ വഴിയും കൊലപാതകങ്ങൾ വഴിയും തൊഴിലാളികളെ ഭയപ്പെടുത്തി നിർത്തിയിരുന്ന പുലിമുഖത്ത് തുപ്പായിമാർക്കെതിരെ തൊഴിലാളികൾ ധൈര്യത്തോടെ ഒന്നിച്ചു. ഒരു മണിക്കൂർ ഉച്ച വിശ്രമം അനുവദിച്ച് കിട്ടാൻ മങ്കൊമ്പിൽ നടന്ന സമരം സ. എൻ. സി. ജോസഫ്‌, മൈക്കിൾ കണിയാമ്പറമ്പിൽ തുടങ്ങിയ യൂണിയൻ പ്രവർത്തകരുടെ നേതൃത്വത്തിലാണ് നടന്നത്. ഉച്ച സമയത്ത് ബലമായി തൊഴിലാളികളെ പാടത്ത് നിന്ന് കയറ്റിയത് ഗുണ്ടാ ആക്രമണങ്ങളിലെക്കും പോലീസ് ഇടപെടലിലെക്കും കൊണ്ടെത്തിച്ചു.

ഇരുപത്തിനാലായിരം കായലിൽ നടന്ന ഓണപ്പണിക്കാരുടെ അവകാശ സമരം പന്ത്രണ്ടു ദിവസം നീണ്ടു നിന്ന കളം പിടിച്ചടക്കൽ സമരമായി. കളത്തിൽ നിന്ന് സാധനങ്ങൾ പുറത്തേക്ക് കൊണ്ട് പോകാനോ കൂളികൂട്ടാൻ വിസമ്മതിച്ച കണ്ടക്കുടി പീ. ജെ. ജോസഫിനെ കളം വിട്ടു പോകാനോ അനുവദിച്ചില്ല. അതിനെത്തുടർന്ന് ഉണ്ടായത് കൊടിയ പോലീസ് മർദ്ദനമാണ്. സ. കോട്ടയം ഭാസി പോലീസ് മർദ്ദനത്തിന് ഇരയായപ്പോൾ ആയിരങ്ങളുടെ പ്രതിഷേധപ്രകടനം ഉണ്ടായപ്പോൾ അതിനു നേതൃത്വം കൊടുത്ത് മുൻനിരയിൽ നിന്ന സ. കെ. ജെ. കുര്യൻ കുട്ടനാടിന്റെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നില്ക്കുന്ന കഥാപാത്രമാണ്. ഒളിവു ജീവിതം നയിക്കുമ്പോൾ ഇരുപത്താറാം വയസ്സിൽ മഞ്ഞപ്പിത്തത്തിനു കീഴടങ്ങുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ ശവം മറവു ചെയ്യാൻ ചങ്ങനാശ്ശേരി അതിരൂപത വിലക്കി. ചർച്ചകൾക്കൊടുവിൽ തെമ്മാടിക്കുഴിയിൽ അടക്കാൻ സമ്മതം നേടി. പാവങ്ങളുടെ മിശിഹാ തമ്പുരാനായ തന്റെ മകനെ എടാട്ടുവീടിന്റെ മുറ്റത്തടക്കിയാൽ മതി എന്ന ധീരമായ നിലപാടെടുത്ത തങ്കമ്മ എന്ന അമ്മ കുട്ടനാടിന്റെ തൊഴിലാളി നവോത്ഥാന ചരിത്രത്തിലെ മറക്കാൻ പാടില്ലാത്ത ജീവിതമാണ്.

ഈ സമരത്തിന്റെ അലയൊലികൾ നാൽപതുകളുടെ അവസാനപാദങ്ങളിൽ അപ്പർ കുട്ടനാട്ടിലേക്കും വ്യാപിച്ചു. നിരണം, എടത്വ, ചേർത്തല തുടങ്ങിയ ഭാഗങ്ങളിൽ നടന്ന സമരങ്ങളിൽ രക്തം ചൊരിയപ്പെട്ട സംഭവങ്ങളും ഏറെയുണ്ട്. ചേർത്തലയിലെ അറിയപ്പെട്ട ജന്മിയായ മാളികയിൽ കൊച്ച എന്ന ജൂതപ്രമാണിക്കെതിരെ നടന്ന സമരങ്ങൾ വഴിവച്ചത് കൊച്ചയുടെ കാര്യസ്ഥൻ രാമന്റെ കൊലപാതകത്തിലെക്കാണ്. ഈ സമരങ്ങളിൽ ഒക്കെയും ആലപ്പുഴയിലെ സുശക്തമായ കയർ തൊഴിലാളി സംഘടനയുടെയും പിൻബലം ഉണ്ടായിരുന്നു. ഈ സമരങ്ങൾ രാഷ്രീയ മാനം സ്വീകരിച്ചത് തിരുവിതാംകൂർ പൊതു പണിമുടക്കിലാണ്. രാജവാഴ്ച അവസാനിപ്പിക്കാനും ഉത്തരവാദഭരണത്തിനുമായി നടന്ന സമരങ്ങളിൽ മറ്റു തൊഴിലാളികളോടൊപ്പം കർഷകത്തൊഴിലാളികളും ഒന്നിച്ചു.

ഇത് പൂർണമല്ല, ഇന്നും തുടരുന്ന ജീവിത സമരങ്ങളുടെ തുടക്കത്തിലെ ഏതാനും ചില ഏടുകൾ മാത്രമാണ്. കുട്ടനാടിന്റെ ചരിത്രം തൊഴിലാളികൾ കാലത്തിന്റെ മൂശയിൽ വാർത്തതെങ്ങനെ എന്ന പുസ്തകാന്വേഷണങ്ങളിൽ തപ്പിയെടുത്ത ചില എടുത്തെഴുതലുകളാണ്. വെള്ളപ്പൊക്ക കെടുതികളിൽ മുങ്ങിയും പൊങ്ങിയും ജീവിക്കുന്ന ഇന്നത്തെ കുട്ടനാട്ടിൽ, ജലജന്യരോഗങ്ങളും കെടുതികളും കൃഷിനാശങ്ങളും വാർത്ത അല്ലാതെ പോകുന്ന നാട്ടിൽ മറ്റൊരു നവോത്ഥാനം കാലം ആവശ്യപ്പെടുന്നുണ്ട്.


എഴുത്തിനു സഹായിച്ച രചനകൾ:

1) കുട്ടനാടും കർഷകത്തൊഴിലാളി പ്രസ്ഥാനവും - എൻ. കെ. കമലാസനൻ
2) കേരളചരിത്രം മാര്‍ക്സിസ്റ്റു വീക്ഷണത്തില്‍ - ഇ. എം. എസ്. നമ്പൂതിരിപ്പാട്
3) വർഗീസ്‌ വൈദ്യന്റെ ആത്മകഥ - വർഗീസ്‌ വൈദ്യൻ, ചെറിയാൻ കല്പകവാടി
4) ഗൗരിയമ്മയുടെ ആത്മകഥ - കെ. ആർ ഗൗരിയമ്മ
5) Agrarian Class Conflict: The Political Mobilization of Agricultural Labourers in Kuttanad, South India - Joseph Tharamangalam
6) Social and Economic Aspects of Attached Labourers in Kuttanad Agriculture - Alex George
7) Agricultural Labourers in Colonial Travancore - Dr. R. Ramakumar
8) ചരിത്രത്തിൽ വിലയം പ്രാപിച്ച വികാരങ്ങൾ - ആണ്ടലാട്ട്


 1. വർഷം വില രൂപ നിരക്കിൽ
  1939 - 40 0.42
  1940 - 41 0.68
  1941 - 42 0.68
  1942 - 43 0.86
  1943 - 44 1.76

Agrarian Movements, Essay, Kuttanad, May Day, mayday, Struggles Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments