വേങ്ങേരി ഒരു മാതൃക മാത്രമല്ല ഒരു പാഠം കൂടിയാണ്

ഷിബു ജോസഫ് June 18, 2011

കടപ്പാട് : Malayal.am


തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ ഒരു നാടുമുഴുവന്‍ വയലിലിറങ്ങിയ ചരിത്രമാണ് വേങ്ങേരിയുടേത്. വേങ്ങേരി ഇപ്പോള്‍ അറിയപ്പെടുന്നതും ഗ്രീന്‍വേള്‍ഡ് എന്നാണ്. ഭൂമിയുടെ പച്ചപ്പിനായും കാര്‍ഷിക സംസ്കാരത്തിന്റെ ഉണര്‍വ്വിനായും കുട്ടികള്‍ മുതല്‍ മുത്തച്ഛന്മാര്‍വരെ മണ്ണിലിറങ്ങിയ ചരിത്രമാണ് വേങ്ങേരിയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവില്‍ വേങ്ങേരിയുടെ മണ്ണിനെ ജൈവകൃഷിക്കായി പാകപ്പെടുത്തിയെടുത്തിരിക്കുകയാണ് ഇന്നാട്ടുകാര്‍.

വേങ്ങേരി എന്ന് കേള്‍ക്കുമ്പോള്‍ ഏതോ കുഗ്രമമാണെന്ന് ധരിക്കേണ്ട. കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴാം വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശമാണിത്. അതായത് കോഴിക്കോട് നഗരത്തിനുള്ളിലെ ആയിരത്തെണ്ണൂറോളം വീട്ടുകാര്‍ നടത്തുന്ന നിശബ്ദവിപ്ലവമാണ് വേങ്ങേരിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത് എന്നര്‍ത്ഥം.

നെല്‍പ്പാടം മണ്ണിട്ട് നികത്തി കെട്ടിടം പണിയുന്ന കാഴ്ചയാണ് കേരളീയര്‍ക്ക് പരിചിതം. എന്നാല്‍ കെട്ടിടം വയ്ക്കാന്‍ നികത്തിയ പാടത്തുനിന്ന് മണ്ണ് കോരി മാറ്റി വീണ്ടും കൃഷിയിറക്കിയതിനെക്കുറിച്ച് അറിയണമെങ്കില്‍ വേങ്ങേരിയിലെത്തണം. വേങ്ങേരിയിലെ കണ്ണാടിക്കല്‍-പറമ്പില്‍ ബസാര്‍ റോഡരികില്‍ ഒരു സെന്റ് സ്ഥലത്തിന് നാല് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ഈ റോഡരികിലുള്ള അമ്പത് സെന്റ് നികത്തിയ നിലമാണ് വീണ്ടും കൃഷിയിറക്കാനായി മണ്ണ് കോരിമാറ്റിയത്. വയലിന്റെ ആത്മാവിനെ തിരിച്ചുപിടിച്ച ഈ മണ്ണില്‍ ഇപ്പോള്‍ രണ്ട് തവണ കൃഷിയിറക്കിക്കഴിഞ്ഞു.

കോഴിക്കോട് നഗരത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള വേങ്ങേരി നേതാജി ലൈബ്രറി പരിസരത്തുള്ള നൂറ്റൊന്ന് കുടുംബങ്ങളുടെ കൂട്ടായ്മയാണ് 'നിറവ്' റസിഡന്‍സ് അസോസിയേഷന്‍. സാധാരണ റസിഡന്‍സ് അസോസിയേഷനുകളുടെ സ്ഥിരം കലാപരിപാടികളെല്ലാം വേണ്ടെന്ന് വച്ച് കൃഷിഭൂമിയിലേക്ക് ഇറങ്ങിയ 'നിറവി'ന്റെ കണ്‍വീനര്‍ പി പി മോഹനന്റേതാണ് മണ്ണ് കോരിമാറ്റിയ പാടം. നിറവിലെ അംഗങ്ങളുടെ സ്വന്തം പറമ്പും വീട്ടുമുറ്റവും കൂടാതെ എല്ലാവര്‍ക്കും ഒത്തൊരുമിച്ച് കൃഷി ചെയ്യുന്നതിന് പൊതുവായ കൃഷിയിടവും ഇവിടെയുണ്ട്.

Vengery Photo: Malayal.am

മണ്ണെടുത്തുമാറ്റിയ പാടത്തിന്റെ കരയിലാണ് 'നിറവ്' കൂട്ടായ്മയുടെ പൊതു കൃഷിയിടം. ഇവിടെ വാഴ, വഴുതന, വെണ്ട, കോളിഫ്‌ളവര്‍, കാബേജ്, പച്ചമുളക്, പയര്‍, പീച്ചിങ്ങ, പടവലം, പാവല്‍, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്.

ഇത്തരത്തില്‍ സജീവമായ 11 റെസിഡന്റ്‌സ് അസോസിയേഷനുകളാണ് വേങ്ങേരിയില്‍ ഉള്ളത്. വിഷമില്ലാത്ത പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളും നെല്ലും ഉത്പാദിപ്പിച്ച് പരസ്പരം പങ്കുവയ്ക്കുകയും വിപണിയിലെത്തിക്കുകയും ചെയ്യുകയെന്ന സ്വപ്നമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി 'നിറവ്' ഉള്‍പ്പെടെയുള്ള വീട്ടുകൂട്ടായ്മകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വയലും തോടും സമതലവുമുള്ള ഇവിടെ ഭൂപ്രകൃതിക്ക് അനുസരിച്ച് കൃഷിയിടങ്ങളെ തിരിച്ച് അതാത് പ്രദേശത്തെ മണ്ണിന് അനുയോജ്യമായ ഉത്പന്നങ്ങളാണ് ഓരോ റെസിഡന്റ്‌സ് അസോസിയേഷനുകളും കൃഷി ചെയ്യുന്നത്. ബി ടി വഴുതനയ്‌ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ പരിപാടികളും വിവിധതരത്തിലുള്ള സമരമുറകളും അരങ്ങേറിയപ്പോള്‍ വേങ്ങേരിക്കാരും വെറുതെയിരുന്നില്ല. രാജ്യത്തിനാകമാനം മാതൃകയാക്കാവുന്ന ഒരു സമരമുറയാണ് അവര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. നാട്ടില്‍ പ്രചരിച്ച വിവിധയിനത്തിലുള്ള വഴുതനങ്ങകളുടെ വിത്തുകള്‍ ശേഖരിച്ച് ഒരു ലക്ഷം തൈകള്‍ നട്ടുമുളപ്പിച്ച് വിളവെടുത്തു. ഒരടിയിലേറെ നീളമുള്ള വഴുതനങ്ങയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

വേങ്ങേരിയിലെ എല്ലാ വീടുകളിലും വഴുതനയുടെ വിത്ത് മുളപ്പിച്ച് അടുക്കളത്തോട്ടതിലും പൊതുകൃഷിയിടങ്ങളിലും വളര്‍ത്തി വിളവെടുത്ത് വേങ്ങേരിയിലും പരിസരത്തും വിപണനം നടത്തി. മലപ്പുറത്തുനിന്നും കണ്ണൂരില്‍ നിന്നും വരെ വേങ്ങേരിയിലെ ജൈവ വഴുതനങ്ങ വാങ്ങാന്‍ ആളുകള്‍ എത്തിയിരുന്നു. ഗീത ദേവദാസ് എന്ന വീട്ടമ്മ പതിനായിരം വഴുതന തൈകളാണ് നട്ടുമുളപ്പിച്ച് വിതരണം ചെയ്തത്. വേങ്ങേരിയിലെ 18 ഏക്കര്‍ വരുന്ന നെല്‍പ്പാടം ഒരുദശകത്തിലേറെക്കാലം കൃഷിയില്ലാതെ കിടന്നിരുന്നത് ഈ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിളവിറക്കി. ഒരുതരി രാസവളമോ ഒരുതുള്ളി കീടനാശിനിയോ ഉപയോഗിക്കാതെ സമ്പൂര്‍ണ ജൈവകൃഷി പത്തേക്കര്‍ പാടത്ത് നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. അഞ്ചേക്കറില്‍ ജനകീയ കൂട്ടായ്മയും ബാക്കി അഞ്ചേക്കറില്‍ സ്വകാര്യവ്യക്തികളുമായിരുന്നു കൃഷി നടത്തിയത്. സുഗതകുമാരി ടീച്ചറായിരുന്നു വിത്ത് വിതയയ്ക്കാന്‍ എത്തിയത്. വേങ്ങേരിയുടെ ജനകീയ ഉത്സവമായിരുന്നു കൊയ്ത്ത് വരെയുള്ള നാളുകള്‍.

കോര്‍പ്പറേഷന്‍ ഏഴാം വാര്‍ഡില്‍പ്പെട്ട 1800 ഓളം വീടുകളില്‍ നിന്ന് കുറഞ്ഞത് ഓരോരുത്തരെങ്കിലും ഈ പാടത്തിറങ്ങി കൃഷി ചെയ്യുന്നതിന് സഹായിച്ചു. വേങ്ങേരിയിലെ മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളുടെയും കൃഷിക്കാരുടെയും മേല്‍നോട്ടത്തില്‍ കുട്ടികളും യുവാക്കളും യുവതികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും എല്ലാം കൃഷിയില്‍ പങ്കാളികളായി. വേങ്ങേരിക്ക് സമീപമുള്ള പ്രൊവിഡന്‍സ് കോളെജ് കുട്ടികള്‍ പാടം ഒരുക്കാനും ഞാറ് വിതയ്ക്കാനും നടാനും നനയ്ക്കാനും കളപറിക്കാനും നെല്ല് കൊയ്യാനും നാട്ടുകാരോടൊപ്പം കൂടി. കൊയ്‌തെടുത്ത നെല്ലിന്റെ ഒരോഹരി എല്ലാ വീടുകളിലും എത്തിച്ചു. അന്യനാടുകളില്‍ നിന്നെത്തുന്ന അരി വാങ്ങി ചോറുണ്ടിരുന്ന വേങ്ങേരിക്കാര്‍ക്ക് തങ്ങളുടെ വിയര്‍പ്പിന്റെ രുചിയറിയാന്‍ മാത്രമല്ല ഒരു കൂട്ടായ്മ തിരിച്ചുപിടിച്ച കാര്‍ഷികപാരമ്പര്യത്തിന്റെ മഹത്വം മറ്റുള്ളവരെ അറിയിക്കാനും സാധിച്ചു. മേധാ പട്കറും സുന്ദര്‍ലാല്‍ ബഹുഗുണയും അടക്കമുള്ള ലോകപ്രശസ്തരായ ആളുകള്‍ ഇതിനിടെ വേങ്ങേരിയിലെ 'ഗ്രീന്‍ വേള്‍ഡി'ലെത്തി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നല്‍കി.

കൃഷിയിറക്കുക മാത്രമല്ല വരും കാലത്തേയ്ക്കുള്ള വിത്തുകള്‍ തയ്യാറാക്കി സൂക്ഷിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. നെല്ല് കൊയ്ത ശേഷം ഇതേ പാടത്ത് തന്നെ 12 ഏക്കറില്‍ പച്ചക്കറി കൃഷിയും നടത്തി. ഓരോ ഭാഗങ്ങളായി തിരിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ക്കും സീനിയര്‍ സിറ്റിസണ്‍ ഫോറത്തിനും സ്‌കൂള്‍ കുട്ടികള്‍ക്കും കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം നല്‍കിയാണ് പച്ചക്കറി കൃഷി നടത്തിയത്. പയറും പാവലും പടവലവും ചീരയും വെള്ളരിയുമൊക്കെ നട്ട് വിളവെടുത്തുകഴിഞ്ഞു. കഴിഞ്ഞ വിഷുവിന് ഒന്നരലക്ഷത്തിലേറെ രൂപയുടെ പച്ചക്കറികളാണ് സ്വന്തം ആവശ്യം കഴിഞ്ഞ് വേങ്ങേരിക്കാര്‍ വിറ്റഴിച്ചത്. ഇത്തവണ 18 ഏക്കര്‍ പാടത്തും നെല്‍കൃഷിയിറക്കാനും ഇവര്‍ക്ക് കഴിഞ്ഞു. കൊയ്തുമാറിയ പാടത്ത് പച്ചക്കറി കൃഷികളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവര്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പതിനയ്യായിരം നാടന്‍ വാഴകളാണ് വേങ്ങേരിയുടെ വിവിധ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നത്. ഏത്തവാഴയും ഞാലിപ്പൂവനും കദളിയും പാളയംതോടനുമെല്ലാം കുലച്ചുവിളവെടുത്തത് വന്‍ നേട്ടമായി. റെസിഡന്റ്‌സ് അസോസിയേഷനുകളെ കൂടാതെ സീനിയര്‍ സിറ്റിസണ്‍ സംഘടനയും കൃഷിയില്‍ സജീവമായുണ്ട്.

വേങ്ങേരിയിലെ കൃഷിയിടങ്ങള്‍ക്ക് ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ഇവിടെത്തന്നെയാണ്. 1800 വീടുകളുള്ള ഈ വാര്‍ഡില്‍ അറുപത് കുടുംബങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നുണ്ട്. ഇവിടെ നിന്നാണ് ചാണകവും ഗോമൂത്രവും ശേഖരിക്കുന്നത്. ചാണകത്തിന് പകരം ഈ വീടുകളിലേക്ക് പച്ചക്കറിയും നെല്ലുമെത്തും. കൊയ്ത്തുകഴിഞ്ഞാല്‍ ഈ പശുക്കളെല്ലാം വേങ്ങേരി പാടത്താണ്. ഇവയ്ക്ക് ആവശ്യമായ പുല്ലും വൈക്കോലും ഈ പാടത്തുനിന്നും കിട്ടും. മിക്ക വീടുകളിലും ഖരമാലിന്യ സംസ്‌കരണത്തിനായി മണ്ണിര കമ്പോസ്റ്റ് ഒരുക്കിയിട്ടുണ്ട്. അതിനാല്‍ വേങ്ങേരിയില്‍ മാലിന്യമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. അവരവരുടെ അടുക്കളത്തോട്ടത്തിലേക്ക് ആവശ്യമായ ജൈവവളം ഈ മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകളില്‍ നിന്നും ലഭിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെയും ഇവിടുത്തുകാര്‍ പരമാവധി നിയന്ത്രിക്കുന്നുണ്ട്. വേങ്ങേരിയുടെ ജൈവ ആവാസവ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നത് പൂനൂര്‍ പുഴയാണ്. അഞ്ച് വര്‍ഷം മുമ്പ് വരെ മാലിന്യം കുമിഞ്ഞുകൂടിയിരുന്ന പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനി പ്രഫ. ടി ശോഭീന്ദ്രനാണ്. സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷമിത്ര പുരസ്‌കാരം നേടിയ ശോഭീന്ദ്രന്‍ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിലൂടെ പുഴയില്‍ മാലിന്യം തള്ളുന്ന പതിവ് നാട്ടുകാര്‍ ഉപേക്ഷിച്ചു. കൂടാതെ പുഴവക്കില്‍ നിരത്തി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി. ഇന്ന് മാനംമുട്ടെ നില്‍ക്കുന്ന വലിയ മരങ്ങളാണ് പൂനൂര്‍ പുഴയുടെ ഇരുവശത്തും കാണാനാവുക.

Poonur Puzha&Grama muttam Photo: Malayal.am

പുഴയിലെ വെള്ളം കണ്ണുനീര്‍ പോലെ തെളിഞ്ഞു. വേങ്ങേരിക്കാരില്‍ മിക്കവരും കുളിമുറിയിലെ കുളി ഒഴിവാക്കി പൂനൂര്‍ പുഴയിലെത്തിത്തുടങ്ങി. സ്ഥിരമായി നീന്തല്‍ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. വേങ്ങേരിയിലെ കുട്ടികള്‍ സമ്പൂര്‍ണ നീന്തല്‍ സാക്ഷരത നേടിക്കഴിഞ്ഞു. പുഴക്കരയിലെ അര കിലോമീറ്റര്‍ നീളത്തിലുള്ള പുല്‍മേട് മനോഹരമായി സൂക്ഷിക്കാനും ഈ ജനകീയ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഗ്രാമമുറ്റം എന്ന് പേരിട്ടിരിക്കുന്ന ഇവിടം കൊടും ചൂടിലും കുളിരുപകരുന്നയിടമാണ്. വേങ്ങേരിയിലെ പൊതുപരിപാടികളെല്ലാം ഇവിടെയാണ് നടക്കുക.

വേങ്ങേരിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രൊവിഡന്‍സ് കോളെജിലെ കുട്ടികള്‍ ഈ നാടിന്റെ വികസനത്തിനായി ഒട്ടേറെ സാമൂഹിക സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൃഷിയെ തിരിച്ചുപിടിക്കാനുള്ള യത്‌നത്തിലും ഇവര്‍ നാട്ടുകാരോടൊപ്പം പങ്കാളികളായി. വേങ്ങേരിയിലെ വീട്ടുകാര്‍ക്കെല്ലാം ഈ കുട്ടികള്‍ സ്വന്തം കുട്ടികളെപ്പോലെയാണ്. കൃഷിയിടത്തിലെത്തുന്ന പല കുട്ടികളും ഇതൊരു പുതിയ ലോകമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.

2009 മെയില്‍ വേങ്ങേരിയില്‍ നടത്തിയ ചക്ക മഹോത്സവത്തില്‍ ചക്കയില്‍ നിന്നും നൂറോളം വിഭവങ്ങളാണ് ഉണ്ടാക്കിയത്. 2009ലെ കേരളപ്പിറവി ദിനത്തില്‍ തെങ്ങില്‍ നിന്നുള്ള 53 വസ്തുക്കളുടെ പ്രദര്‍ശനം നടത്തി. ഈ വര്‍ഷം വേങ്ങേരിയിലെ എല്ലാ വീട്ടിലും മുരിങ്ങയും പപ്പായയും നട്ടുവളര്‍ത്താനുള്ള പദ്ധതിയാണൊരുക്കുന്നത്. കൂടാതെ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായ ചതുരപ്പയര്‍ വ്യാപകമായി കൃഷി ചെയ്യുന്നതിന് വിത്ത് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ചതുരപ്പയറിന്റെ പതിനായിരം വിത്തുകള്‍ ശേഖരിച്ച് മുളപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ചതുരപ്പയറില്‍ നിന്ന് വിളവെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ വേങ്ങേരിക്കാര്‍.

ഏതാനും വീട്ടുകാര്‍ മുന്നിട്ടിറങ്ങി തുടങ്ങിവച്ച സംരംഭമാണ് ഇന്നൊരു ജനകീയ പ്രസ്ഥാനമായി മാറിയത്. സംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പിന്‍ബലമില്ലാതെ തന്നെ വേങ്ങേരിക്കാര്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. വേങ്ങേരി മുഴുവന്‍ ഇപ്പോള്‍ കൃഷിയിടമാണ്. ഒരു തുണ്ട് സ്ഥലം പോലും ഇപ്പോഴിവിടെ തരിശായി കിടക്കുന്നില്ല. ആയിരത്തോളം വീടുകളില്‍ അടുക്കളത്തോട്ടവും 11 റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ചുമതലയില്‍ പൊതുവായ കൃഷിയിടങ്ങളും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും എത്തുന്ന വിഷം പുരണ്ട പച്ചക്കറികളൊന്നും തന്നെ ഇപ്പോള്‍ വേങ്ങേരിക്കാര്‍ക്ക് ആവശ്യമില്ല. എല്ലാത്തരം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും നെല്ലും എന്തിന് കറിവേപ്പില വരെ സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.

കേരളത്തില്‍ കൃഷി നഷ്ടമാണെന്നും സമ്പൂര്‍ണ ജൈവകൃഷി ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നും വാദിക്കുന്നവര്‍ക്ക് വേങ്ങേരി ഒരു ചുട്ട മറുപടി തന്നെയാണ്. ഇവിടെ ഉണ്ടാകുന്ന ഓരോ സാധനങ്ങളും സമ്പൂര്‍ണ ജൈവ ഉത്പന്നങ്ങളാണ്. കൃഷിക്ക് ആവശ്യമായ ജൈവവളവും ജൈവ കീടനാശിനിയും ഇവിടെ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ണിര കമ്പോസ്റ്റ് യൂണിറ്റും വേങ്ങേരിക്ക് സ്വന്തമാണ്.

വേങ്ങേരി നിവാസികള്‍ പരീക്ഷിച്ച് വിജയിച്ച ഈ കാര്‍ഷിക മാതൃകയെ പിന്തുണയ്ക്കാന്‍ സംസ്ഥാന കൃഷിവകുപ്പും തയ്യാറായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ജൈവകൃഷി നയപ്രഖ്യാപനം 2010 മെയ് ഒമ്പതിന് വേങ്ങേരിയില്‍ വച്ച് കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയതും വേങ്ങേരിക്കാര്‍ക്കുള്ള അംഗീകാരമായിരുന്നു. കൃഷിയുടെ സംസ്‌കാരം തിരികെ കൊണ്ടുവരിക, പുതിയ തലമുറയെ മണ്ണിലേക്കിറക്കുക, വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുക, സ്വയംപര്യാപ്തതയിലേക്ക് ഒരു നാടിനെ വളര്‍ത്തിയെടുക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളാണ് വേങ്ങേരിയെന്ന നഗരവത്കൃത ഗ്രാമം നേടിയെടുത്തിരിക്കുന്നത്. സാധാരണക്കാരന്‍ മുതല്‍ ഐ എസ് ആര്‍ ഒയില്‍ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞന്‍ വരെ കൈക്കോട്ടുമായി മണ്ണിലിറങ്ങുന്ന മറ്റൊരു നാടും ഇന്ന് കേരളത്തിലില്ലെന്ന് പറയാം.

വേങ്ങേരിയുടെ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖന്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ടി ശോഭീന്ദ്രനാണ്. കോഴിക്കോട് പട്ടണം അതിവേഗം വേങ്ങേരിയിലേക്കും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നഗരവത്കരണം ഒഴിവാക്കാനാവില്ലെങ്കിലും അതിന്റെ പല ദൂഷ്യങ്ങളും ഒഴിവാക്കാനാവുമെന്നും പച്ചപ്പ് നിലനിര്‍ത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുമെന്നുമുള്ള അദ്ദേഹത്തിന്റെ നിരന്തരമായ ഉപദേശം പ്രാവര്‍ത്തികമാക്കാന്‍ വേങ്ങേരിക്കാര്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു.

ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സജീവാംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ബാബു പറമ്പത്ത്, കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കെ സി അനില്‍കുമാര്‍, നിറവിന്റെ പ്രവര്‍ത്തകരായ പി പി മോഹനന്‍, പി പി രാമനാഥന്‍, നെല്‍കൃഷി കൂട്ടായ്മയുടെ കണ്‍വീനര്‍ പി ടി ഗോപാലകൃഷ്ണന്‍, ചെയര്‍മാന്‍ എം അപ്പൂട്ടി, പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്ന പി ശിവാനന്ദന്‍ നായര്‍ തുടങ്ങിയവരാണ് വേങ്ങേരിയുടെ പുതിയ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്.

മണ്ണിലിറങ്ങിയാല്‍ വേങ്ങേരിക്കാരെല്ലാം വെറും കൃഷിക്കാര്‍ മാത്രം. ഇവര്‍ക്കിടയില്‍ ജാതിയും മതവും രാഷ്ട്രീയവും ലിംഗഭേദവും വിദ്യാഭ്യാസ യോഗ്യതയുമെല്ലാം മാറിനില്‍ക്കും. ഗള്‍ഫ് കുടിയേറ്റവും വൈറ്റ് കോളര്‍ ജോലികളും നഷ്ടപ്പെടുത്തിയ കൃഷിയുടെ സംസ്‌കാരത്തെയും അതിലധിഷ്ഠിതമായ ജീവിതത്തെയും ആഹാരക്രമത്തെയും തിരിച്ചുപിടിക്കാനുള്ള ഈ നാട്ടുകാരുടെ ശ്രമം സമ്പൂര്‍ണ വിജയത്തിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ കുട്ടികളും ചെറുപ്പക്കാരും മണ്ണിലിറങ്ങാന്‍ മടിയില്ലാത്തവരായി മാറി. വെറും അഞ്ചുവര്‍ഷം കൊണ്ട് കൃഷിയെ തിരിച്ചുപിടിക്കാനും കൃഷി അസാധ്യമായ ഒന്നല്ലെന്ന് തെളിയിക്കാനും വേങ്ങേരിക്കാര്‍ക്ക് കഴിഞ്ഞു.


  • കടപ്പാട് : മലയാളം പോര്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനം അനുമതിയോടെ ബോധി കോമൺസ് പുന പ്രസിദ്ധീകരിക്കുന്നു.

  • ജനയുഗം ദിനപത്രം ഞായറാഴ്ച പതിപ്പില്‍ മുമ്പു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്കൃതരൂപം


Agriculture, Essay, Kozhikode, Organic Farming, Vengery, Environment, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

Thanks for writing this

Thanks for writing this article.. Let us hope that green 'islands' like vengeri can show us the way forward towards the path of sustainable and resilient development and environment protection.There is a place called Kanjikuzhi in Alleppy District which is alos treading the same path as of Vengeri..