വാള്‍മാര്‍ട്ടും ദാസനും

Deepak R. December 2, 2011

ദാസനും വിജയനും. കടപ്പാട്: ദി ഹിന്ദു


ചില്ലറവ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരു തീരുമാനം എടുത്തിട്ട് കേന്ദ്രമന്ത്രിസഭ മുറീന്ന് പുറത്തിറങ്ങീല്ല, അതിനു മുന്‍പേ പാര്‍ളമെന്‍റ്റില്‍ പ്രതിഷേധവും, നാട്ടില്‍ മുഴുവന്‍ ഹര്‍ത്താലും, ഫേസ്ബുക്കില്‍ വിപ്ലവവും! അല്ലെങ്കില്‍ സദാസമയവും എന്തിനെ നിരോധിക്കാം (ഗാന്ധിയെക്കുറിച്ചുള്ള പുസ്തകമായാലും, രാമാനുജന്റെ മുന്നൂറു രാമായണങ്ങളായാലും) എന്നാലോചിച്ച് നടക്കുന്ന നമ്മുടെ സര്‍ക്കാര്‍ ഒടുവില്‍ എന്തെങ്കിലും അനുവദിക്കാം എന്നു തീരുമാനിച്ചപ്പോ എന്തിനാ ഇത്ര പുകില്? ഒരു ദരിദ്രരാജ്യമായ ഇന്ത്യയിലേക്കു നല്ല കാശുകാരായ ചില വിദേശമുതലാളിമാര്‍ വന്നു വെടിപ്പായിട്ട് കച്ചവടം നടത്താമെന്നു പറയുമ്പോള്‍ അതു വേണ്ടാന്നു പറയുന്നത് മണ്ടത്തരമല്ലേ? ഇവിടുത്തുകാര്‍ കച്ചവടം ചെയ്യുന്നത് മന്ത്രിസഭ നിരോധിച്ചതൊന്നും ഇല്ലല്ലോ?

എതിര്‍ക്കുന്നവരുടെ പട്ടിക ചെറുതൊന്നുമല്ല -- വ്യാപരിവ്യവസായികള്‍, ബി.ജെ.പി, ഇടതു പാര്‍ട്ടികള്‍, പരിസ്ഥിതി സ്നേഹികള്‍, മമതേച്ചി, ചെന്നിത്തല & ജയറാം രമേഷേട്ടന്‍മാര്‍, ഹസാരെയണ്ണന്‍, ... അങ്ങിനെ തുടങ്ങി ഒരു നീണ്ട നിര. എതിര്‍പ്പിന്റെ കാരണങ്ങളോ? - നിലവിലുള്ള ചെറുകിട വ്യാപാരിമാരുടെ ജീവിതപ്രശ്നം, കുത്തകവല്‍ക്കരണത്തിനുള്ള സാധ്യത, കുത്തകവല്‍ക്കരണത്തിനു ശേഷമുണ്ടായേക്കാവുന്ന വിലയിടിവും (കര്‍ഷകന്) വിലക്കയറ്റവും (ഉപഭോക്താവിന്), കുത്തകകള്‍ അമിതോല്‍പാദനത്തിനായി ഭൂമിയെ കുത്തിപിഴിഞ്ഞു ഒടുവില്‍ കുട്ടിച്ചോറാക്കാനുള്ള സാധ്യത, ദീര്‍ഘനാളത്തേക്കുള്ള സംഭരണത്തിനും ദീര്‍ഘദൂരത്തേക്കുള്ള ചരക്കുകടത്തിനും വേണ്ടിവരുന്ന അമിത ഊര്‍ജ്ജോപയോഗവും അതുവഴി ഉണ്ടാവുന്ന പരിസ്ഥിതി മലിനീകരണവും, കച്ചവടത്തിനെന്നും പറഞ്ഞു വന്നിട്ടു ഒടുവില്‍ രാജ്യം മുഴുവന്‍ പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യാ കമ്പനി പഠിപ്പിച്ച പാഠം, ... പട്ടിക നീളുന്നു.

അനുകൂലിക്കുന്നവരോ? - മന്‍മോഹനേട്ടന്‍, പ്രണബേട്ടന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് എന്നിങ്ങിനെ രണ്ട് മൂന്ന് വലിയ പുലികളും ചില പത്രകേസരിമാരും. ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപെട്ട രണ്ട് പ്രശ്നങ്ങളായ ഭക്ഷ്യവിലകയറ്റത്തിനും കര്‍ഷക ആത്മഹത്യക്കുമുള്ള ഒറ്റമൂലിയാണ് ഈ തീരുമാനം എന്നാണ് അനുകൂലികളുടെ നിലപാട്. ഒരു വെടിക്കു രണ്ട് പക്ഷി!

എന്തായാലും ഈ പുതിയ നീക്കം നല്ല ഉശിരന്‍ ഒരു വെടി ആണന്നതിന് സംശയമില്ല. കണ്ടില്ലേ തോക്കെടുത്തപ്പോഴത്തെ പുകില്. പക്ഷെ സംശയം ചക്കിനു വെച്ചത് കൊക്കിനിട്ട് കൊള്ളുമോ എന്നതാണ്. രണ്ട് പക്ഷികളും വീഴും എന്ന് അനുകൂലികള്‍ പറയുന്നത് ഇതുകൊണ്ടാണ് -- ഇന്ന് നമ്മുടെ നാട്ടില്‍ ഒരേ സമയം ഭക്ഷണസാധനങ്ങളുടെ കമ്പോളവില ഇത്ര കൂടിനില്‍ക്കുന്നതിന്റെയും എന്നാല്‍ കര്‍ഷകനു ലഭിക്കുന്ന വില ഇത്ര കുറഞ്ഞിരിക്കുന്നതിന്റെയും കാരണം ഇടനിലക്കാരുടെ ചൂഷണവും പിടിപ്പുകേടുമാണ്.

  1. അനേകം തട്ടില്‍ ഇടനിലക്കാരുള്ളത്തുകൊണ്ട് അവരുടെയെല്ലാം ലാഭം വിലയില്‍ ചേര്‍ക്കപ്പെടുന്നതിന്റെ നഷ്ടം ഉപഭോക്താവിന്;
  2. വിപുലമായ ശീതീകരിച്ച സംഭരണശേഷിയോ ശീതികരിച്ച ഗതാഗതമാര്‍ഗ്ഗങ്ങളോ കൃഷിയിറക്കുന്നതിനു മുന്‍പേ തന്നെ വില്പനസാധ്യതയും വിലയും പ്രവചിക്കാനുള്ള കഴിവോ ചെറുകിടക്കാര്‍ക്ക് ഇല്ലാതതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ പാഴായി പോകുന്ന നഷ്ടം കര്‍ഷകനും

അങ്ങിനെയുള്ള നമ്മുടെ നാട്ടിലേക്കു വാള്‍മാര്‍ട്ടും, ടെസ്ക്കോയും, കാരാഫോറും പോലുള്ള വിദേശഭീമന്മാര്‍ കൊണ്ടുവരാന്‍ പോകുന്നത് ആനയെ കേറ്റാവുന്ന ഫ്രിഡ്ജും ജി.പി.എസ്സും ഘടിപ്പിച്ച ലോറികളും, ഡ്രൈവ്-ഇന്‍ മാളുകളും, ഓഹരിവിപണി പ്രവചിക്കുന്നതു പോലെ ഭക്ഷ്യവിലയും ആവശ്യകതയും പ്രവചിക്കുന്ന അല്‍ഗരിതങ്ങളുമാണ്. അടുത്ത കൊയ്ത്ത്കാലത്ത് ഒരോ ഭക്ഷ്യവസ്തുവും ഓരോ പ്രദേശത്ത് എത്ര ചിലവാകും എന്ന് അല്‍ഗരിതം പ്രവചിക്കുന്നു; അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഭീമന്മാര്‍ കര്‍ഷകര്‍ക്കു നല്കുന്നു; ഓരോ വിളയ്ക്കും ഓരോ പ്രദേശത്ത് അവര്‍ നല്കാന്‍ തയ്യാറുള്ള വിലയും മുന്‍കൂട്ടി അറിയിക്കുന്നു; കര്‍ഷകര്‍ അതിനനുസരിച്ചുള്ള കൃഷിയിറക്കുന്നു; കൊയ്ത്ത് കഴിയുന്നതോടെ ഭീമന്‍ ഫ്രിഡജുള്ള ലോറിയുമായി വന്നു പറഞ്ഞവില എണ്ണിക്കൊടുത്ത് സാധനം വാങ്ങുന്നു; ഇങ്ങനെ പലയിടത്തു നിന്നായി വാങ്ങിയ സാധനങ്ങള്‍ ഭീമന് മുന്‍കൂട്ടി അറിയാവുന്ന പ്രാദേശിക ആവശ്യകതയനുസരിച്ച് അവിടുങ്ങളിലെ അവന്റെ വിപണനശാലകളില്‍ (മാളുകളില്‍) എത്തിക്കുന്നു; അടുത്ത കൊയ്ത്ത്കാലം വരെ ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ ദിനോസര്‍ ഫ്രിഡ്ജുകള്‍ ഇവിടെയോ ഗോഡൗണിലോ ഉണ്ടാവും; അതാതു നാട്ടിലെ ആളുകള്‍ കാറില്‍ക്കേറി മാളില്‍ വന്നു ഉപ്പു തോട്ട് കര്‍പ്പൂരം വരെ എല്ലം ഒറ്റയടിക്കു മേടിച്ച് ഡിക്കിയിലാക്കി തിരിച്ചു പോകുന്നു. കര്‍ഷകന് അവന്റെ മുഴുവന്‍ വിളയും വില്‍ക്കാന്‍ കഴിയുന്നു, മാളില്‍ വരുന്നവര്‍ക്കു ഏതു നാട്ടിലെ സാധനവും ഏതു കാലത്തും ന്യായവിലയ്ക്കു ലഭിക്കുന്നു (കൃസ്തുമസ്സിന് കൊന്നപൂവും, പട്ടത്ത് ഒട്ടകയിറച്ചിയും ഉള്‍പ്പടെ), ഭീമന് പിടിച്ച് നില്‍ക്കാനുള്ള ലാഭവും ലഭിക്കുന്നു, ഭക്ഷ്യവസ്തുകള്‍ അല്പം പോലും പാഴായിപ്പോകാതെ തീന്‍മേശകളിലെത്തുന്നു.

ആശയം മോശമല്ലല്ലോ. അപ്പോ പിന്നെ എന്താ ദാസാ ഈ ബുദ്ധി ആര്‍ക്കും നേരത്തെ തോന്നാത്തത്?

ഇന്റര്‍മിഷന്‍

നമുക്കെ ഉള്ളൂ വിജയാ ഈ ബുദ്ധി ഇതുവരെ തോന്നാത്തത്. അമേരിക്കയിലും, മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളിലും, ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും, മറ്റുചില ഏഷ്യന്‍ രാജ്യങ്ങളും ഈ പരിപാടി നേരത്തെ നടപ്പാക്കിയതാണ്. അവിടങ്ങളിലെ മാളുകളിലെ വിലനിലവാരത്തെയും, കര്‍ഷകരുടെയും ചെറുകിടകച്ചവടക്കരുടെയും അവസ്ഥയേയും കുറിച്ചുള്ള ചില കണക്കുകള്‍ ഇപ്രകാരമാണ്.

Walmart versus the 99% വാള്‍മാര്‍ട്ടും 99 ശതമാനവും. കടപ്പാട്: www.cdn-wac.emirates247.com

1. മാളുകളിലെ വില - സംഭരിക്കാന്‍ അധികം ചിലവുവരാത്ത ധാന്യങ്ങള്‍ പോലെയുള്ള വസ്തുക്കളുടെ വില മാളുകളില്‍ കുറവാണെങ്കിലും വലിയ ശീതികരിച്ച സംഭരണശേഷി വേണ്ട പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമെല്ലാം വില, ചെറുകിട കച്ചവടക്കാരില്‍ നിന്നും മിക്കവാറും കൂടുതലാണ്. തായ്ലാന്റ്, അര്‍ജന്റീന, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നത് അവിടുത്തെ മാളുകളിലെ പഴം-പച്ചക്കറി വില ചെറുകിടക്കാരേക്കാള്‍ 10 മുതല്‍ 14 ശതമാനം വരെ അധികമാണെന്നാണ്. ഒന്നോ രണ്ടോ വന്‍കിട ഭി-ഭീമന്മാര്‍ പിടിമുറുക്കിക്കഴിഞ്ഞ അമേരിക്കയില്‍ 1994 മുതല്‍ 2004 വരെ കര്‍ഷകര്‍ക്കു തക്കാളിക്കു നല്കുന്ന വില 25% കുറഞ്ഞപ്പോള്‍ തക്കാളിയുടെ വില മാളുകളില്‍ 46% വര്‍ദ്ധിക്കുകയാണുണ്ടായത്.

2. കര്‍ഷന്റെ അവസ്ഥ - അര്‍ജന്റീനയില്‍ ക്ഷീരകര്‍ഷകരുടെ എണ്ണം 1983-നും 2001-നും ഇടയ്ക്ക് 40,000-ല്‍ നിന്നും 15,000-ലേക്കു ഇടിഞ്ഞു, തെക്കേ ആഫ്രിക്കയിലെ ആപ്പിള്‍ കൃഷിക്കാര്‍ക്കും, ഫ്ലോറിഡയിലെ തക്കാളി കര്‍ഷകര്‍ക്കും അവര്‍ക്കു ലഭിക്കുന്ന വിലയില്‍ 25-30% ഇടിവാണ് നേരിടേണ്ടി വന്നത്. ഭീമന്മാര്‍ അവരുടെ മാളുകളില്‍ ഉത്സവനാളുകളിലും മറ്റും കൊടുക്കുന്ന വിലക്കിഴിവിന്റെ ഭാരം കര്‍ഷകരിലേക്കു അപ്പാടെ പകര്‍ന്നു കൊടുക്കുന്ന നടപടികളും, കര്‍ഷകര്‍ക്കുള്ള പണം കൊടുക്കുന്നത് പരമാവധി വൈകിക്കുന്നതും, തക്കാളിക്കു നിറം പോരാ, ആപ്പിളിനു ഷെയിപ്പ് പോരാ എന്നൊക്കെ പറഞ്ഞ് തഴയുന്നതും വളരെ പ്രബലമാണ് ഈ രാജ്യങ്ങളില്‍. ഭീമന്മാരുടെ ജന്മനാടായ അമേരിക്കയില്‍ കര്‍ഷകന്റെ നിലനില്‍പ്പ് വലിയ സബ്സിഡികളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

3. ചെറുകിടക്കാരുടെ അവസ്ഥ - ബ്രസീല്‍, അര്‍ജന്‍റ്റീന, ചിലെ, ഇന്തോനേഷ്യ എന്നിവടങ്ങളില്‍ ഭീമന്മാര്‍ കളിതുടങ്ങി 10 വര്‍ഷത്തിനകം ചെറുകിട കച്ചവടക്കാരുടെ എണ്ണത്തിലും അവരുടെ മൊത്തം വിറ്റുവരവിലും 25 മുതല്‍ 50 ശതമാനം വരെ കുറവു വന്നതായാണ് കണക്കുകള്‍. ലാറ്റിന്‍ അമേരിക്കയിലും, ചൈന ഒഴികെയുള്ള പടിഞ്ഞാറേ ഏഷ്യയിലും ഭക്ഷ്യവസ്തു വ്യാപാരത്തിന്റെ 60% ഭീമന്മാരുടെ കയ്യിലമര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന് അമേരിക്കന്‍ ചില്ലറവ്യാപാരത്തിന്റെ 51% വാള്‍മാര്‍ട്ട് എന്ന ഒറ്റ ഭീമന്റെ കയ്യിലാണ്. UK-യിലെ ചില്ലറവ്യാപാരത്തിന്റെ 30% ടെസ്ക്കോ എന്ന ഭീമന്റെ കയ്യിലാണ്. ടെസ്ക്കോയോടൊപ്പം സെയിന്‍സ്ബെറി, അസ്ദ, മോറിസ്സണ്‍സ് എന്ന മൂന്നു ഭീമന്മാരെ കൂടി ചേര്‍ത്താല്‍ അതു UK-യിലെ ചില്ലറവ്യാപാരത്തിന്റെ 75% വരും.

Wall Mart Cartoon

4. പ്രകൃതിയുടെ അവസ്ഥ - ഇമ്മാതിരി ഭീമന്മാര്‍ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യവിപണിയില്‍ അവര്‍ വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ 50% പാഴായിപോകുന്നു എന്നാണ് കണക്കുക്കള്‍. ഭീമന്മാരുടെയും അവരുടെ അല്‍ഗരിതങ്ങളുടെയും ഉപദേശമനുസരിച്ച് രാസവളങ്ങളുടെ അമിതോപയോഗവും, ചില പ്രത്യേകയിനം വിത്തുകളുടെ ഉപയോഗവും നടത്തിയ കര്‍ഷകര്‍ കാലക്രമേണ അവരുടെ ഭൂമി കൃഷിയോഗ്യമല്ലാതാകുന്നതും, ഭീമന്മാര്‍ പൊടിയും തട്ടി അവരുടെ അല്‍ഗരിതങ്ങളും പെറുക്കി അടുത്ത ദേശത്തെ കര്‍ഷനെ ഉപദേശിച്ച് നന്നാക്കാന്‍ പോകുന്നതും കണ്ടുനില്‍ക്കേണ്ടി വരുന്ന അവസ്ഥ അനേകമാണ്. ഭീമന്മാര്‍ക്കെതിരെ വെള്ളത്തിന്റെയും ഊര്‍ജ്ജത്തിന്റെയും അമിതോപയോഗം ആരോപിച്ചുള്ള പരാതികള്‍ക്കും പഞ്ഞമില്ല. ഒരുകിലോഗ്രാം അരി ഉല്പാദിപ്പിക്കാന്‍ ഫിലിപ്പീന്‍സിലെ കര്‍ഷന്‍ ഉപയോഗിക്കുന്നതിന്റെ ഊര്‍ജത്തിന്റെ 80 ഇരട്ടിയാണ് അമേരിക്കയിലെ ഉപയോഗം. അമേരിക്കയില്‍ ഗതാഗത മേഖലയില്‍ മൊത്തം ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 20% ഭക്ഷ്യവസ്തുക്കളുടെ കടത്തിനാണ് ചിലവാകുന്നത്.^

5. കണക്കില്‍ പെടാത്തവ - ഭീമന്മാര്‍ക്കു താല്പര്യം രുചിയും ഗുണവുമുള്ള പഴങ്ങളും പച്ചക്കറികളുമല്ല, മറിച്ചു ഭംഗിയും, മണവുമുള്ളവയാണ്. ഇതിന്റെ ഉത്തരവാദി ഭീമനല്ല, മറിച്ചു ഉപഭോക്താക്കളുടെ മണ്ടത്തരമാണ് എന്നതു സത്യം. (തോരനു ക്യാരറ്റായതു കൊണ്ട് മ്യാച്ച് ചെയ്യാന്‍ ചുവന്നഴുകിയ പച്ചമുളക് തിരഞ്ഞ്പെറുക്കി വാങ്ങിക്കുന്ന വനിതയിലെ യേശുദാസന്റെ മിസ്സിസ് നായരെ ഓര്‍ത്തുപോകുന്നു ;-). പക്ഷെ നാട്ടുകാരുടെ ഈ മണ്ടത്തരം മുതലെടുക്കാനായി ഹോര്‍മോണുകളടക്കമുള്ള രാസവസ്തുകളുടെ അശാസ്ത്രീയമായ പ്രയോഗവും ഈ ഭീമന്മാര്‍ ഒരുപാടു കൂട്ടുമത്രെ. ചെറുകിടക്കാര്‍ വഴിമാറുന്നതോടെ പാവപെട്ടവനു പരിചയത്തിന്റെ പുറത്ത് ചെറിയ കടകളില്‍ നിന്നും ലഭിച്ചിരുന്ന കടവും, പറ്റും ഒക്കെ നിന്നു പോകും എന്നതും കണക്കില്‍ വരാത്ത ഒരു പ്രശ്നമാണ്. നഗരപ്രദേശങ്ങളില്‍ പടുകൂറ്റന്‍ മാളുകള്‍ കെട്ടുന്നതിന്റെ പിന്നിലുള്ള റിയല്‍എസ്റ്റേറ്റ് കളിയും കണക്കിലില്ല.)

6. ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകള്‍ - 120 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യയില്‍ 4 കോടി ആള്‍ക്കാരാണ് ചില്ലറവ്യപാരരംഗത്ത് ജോലിചെയുന്നത്. ഏതാണ്ട് 16 കോടി ജനങ്ങളുടെ ഉപജീവനം ഈ മേഖലയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഈ രംഗത്തെ 95% വ്യാപാരവും അസംഘടിത (unorganised) മേഖലയിലാണ്. 3 കോടി ജനങ്ങളുള്ള കേരളത്തില്‍ ഈ രംഗത്ത് 10 ലക്ഷം പേര്‍ നേരിട്ടും, 50 ലക്ഷം പേര്‍ അതിനെ ആശ്രയിച്ചും ജീവിക്കുന്നു. അതായത് കേരളത്തില്‍ ആറുപേരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ മേഖലയുടെ തണലിലാണ്.

അതെന്താ ദാസാ അങ്ങിനെ? ദിനോസറേ കേറ്റാവുന്ന ഫ്രിഡ്ജുള്ള ലോറി എന്താ ഒടുവില്‍ കര്‍ഷകന്റെയും പാവപെട്ടവന്റെയും നെഞ്ചത്തൂടെ ഇങ്ങനെ ഓടിച്ചു കേറ്റിയത്?

അതെന്താ ദാസാ അങ്ങിനെ? ആനെ കേറ്റാവുന്ന ഫ്രിഡ്ജുള്ള ലോറി എന്താ ഒടുവില്‍ കര്‍ഷകന്റെയും പാവപെട്ടവന്റെയും നെഞ്ചത്തൂടെ ഈ കച്ചവട ഭീമന്മാര്‍ ഓടിച്ചു കേറ്റിയത്?

താത്വികാവലോകനം

ചില്ലറവ്യാപാരത്തില്‍ വിദേശഭീമന്മാരെ ക്ഷണിച്ചു വരുത്തിയ ബ്രസീലിന്റെയും, ചിലെയുടെയും, വിയറ്റ്നാമിന്റെയും ഇന്തോനേഷ്യയുടെയും ഒക്കെ കഥ എന്തുകൊണ്ടിങ്ങനെയായി എന്നു മനസ്സിലാവണമെങ്കില്‍ ആദ്യം മുതലാളിത്തം എന്താണെന്നറിയണം, മുതലാളിത്തതിന്റെ മതമെന്താണെന്നറിയണം, ചാലകശക്തിയെന്താണെന്നറിയണം, കുത്തകവല്‍ക്കരണം എന്താണെന്നറിയണം, ക്രോണീയിസം എന്താണെന്നറിയണം, മുതലാളിത്തതിന്റെ ഏറ്റവും വികസിച്ച രൂപമായ സാമ്രാജ്യത്ത്വം എന്താണെന്നറിയണം, സാമ്രാജ്യത്തതിന്റെ സാമ്പത്തിക പദ്ധതിയായ ഉദാരവല്‍ക്കരണം എന്താണെന്നറിയണം. അതൊക്കെയറിയണമെങ്കില്‍ കൃത്യമായി പാര്‍ട്ടിയുടെ സ്റ്റഡീ-ക്ലാസ്സുകളില്‍ പങ്കെടുക്കണം വിജയാ.

സഖാവ് ദാസന്‍ സ്റ്റഡി-ക്ലാസ്സിനൊക്കെ കൃത്യമായി പങ്കെടുത്തതല്ലെ? ദാസനു മനസ്സിലായോ? എന്നാ പിന്നെ മനസ്സിലായ പോലെ ഒന്നു പറഞ്ഞു താ, ലോറിയെന്താ നെഞ്ചത്ത് കേറിയതെന്നു?

1. മുതലാളിത്തത്തിന്റെ മതം - മുതലാളിയുടെ (ഭീമനായാലും വാമനനായാലും) ഏകമതം ലാഭം പരമാവധി കൂട്ടുകയെന്നത്താണ്. ശക്തമായ മത്സരം, പൂര്‍ണമായ സുതാര്യത തുടങ്ങിയ ചില പ്രത്യേക ഗ്രഹങ്ങള്‍ ചില പ്രത്യേക സ്ഥാനത്ത് കൃത്യമായി നിന്നാല്‍ ഈ ലാഭേച്ച തന്നെ ഫലത്തില്‍ വില കുറച്ചു കൊണ്ടുവരാനും, വാങ്ങുന്നവനും വില്‍ക്കുന്നവനും ന്യായമായ ഒരു കരാറിലെത്തിപെടാനും ഉള്ള കാരണമായേക്കും. എന്നാലും ഇങ്ങനെ വന്നുചേര്‍ന്ന ഘടകങ്ങളെ തകിടം മറിച്ച്, പറ്റുമെങ്കില്‍ കൊള്ളലാഭം ലഭിക്കാനുള്ള മാര്‍ഗ്ഗം മുതലാളിത്തം എപ്പോഴും തേടിക്കൊണ്ടിരിക്കും.

കുത്തകവല്‍ക്കരണം, തൊഴിലാളി ചൂഷണം തുടങ്ങി മുതലാളിത്തത്തിന്റെ പ്രിയപെട്ട അടവുകള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹത്തിന്റെ കൂടെനില്‍ക്കേണ്ടത് ഭരണകൂടവം നിയമങ്ങളുമാണ്. എന്നാല്‍ ഈ ഭരണകൂടത്തെയും, നിയമങ്ങളെയും തനിക്കനുകൂലമായി വളയ്ക്കാന്‍ മുതലാളി വ്യക്തിബന്ധങ്ങള്‍ വഴിയും, പണമുപയോഗിച്ചും നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും.

2. മുതലാളിത്തത്തിന്റെ ചാലകശക്തി - മുതലാളിത്തത്തിന്റെ കൂരപൊട്ടിച്ചുള്ള പന്തലിക്കലിന്റെ പ്രധാനകാരണം കൂട്ടമായുള്ള ഉല്‍പാദനം വഴിയും, തൊഴില്‍വിഭജനം വഴിയും, യന്ത്രവല്‍ക്കരണം വഴിയും അവന്‍ ഉല്‍പാദനക്ഷമതയില്‍ വരുത്തുന്ന വിസ്മയകരമായ വളര്‍ച്ചയാണ്. ഇതിനോടു മല്ലിടാന്‍ പഴയ ഉല്‍പാദനരീതികള്‍ക്കു തീരെ കഴിയില്ലാത്തതിനാല്‍ അവയൊക്കെ കാലക്രമേണ കാലയവനികയ്ക്കുള്ളില്‍ മറയും. അതുകൊണ്ടാണ് ഈ ഭീമന്മാര്‍ അവര്‍ക്കു പുറകെ കൊണ്ടുവരുന്ന കമ്പനികൃഷി (കോര്‍പ്പറേറ്റ് ഫാര്‍മിങ്ങ്) വ്യാപിക്കുന്നതോടെ ഇടത്തരം കര്‍ഷകരെല്ലാം നഷ്ടത്തിലാവുന്നതും ക്രമേണ ഭീമന്മാരുടെ കൃഷിയിടങ്ങളിലെ ദിവസക്കൂലിക്കാരായി മാറുന്നതും. യന്ത്രവല്‍ക്കരണം കൂടുന്നതോടെ ആ തൊഴിലവസരങ്ങളും കുറഞ്ഞ് അവരില്‍ പലരും നഗരങ്ങളിലേക്കു ചേക്കേറി, ചേരികളില്‍ ജീവിതം കഴിക്കേണ്ട അവസ്ഥയിലെത്തുന്നതും മുതലാളിത്ത വളര്‍ച്ചയില്‍ സ്വാഭാവികം മാത്രം. ഇന്ത്യയിലെ കര്‍ഷകരുടെ പ്രശ്നങ്ങളെകുറിച്ച് ഏറ്റവും അടുത്തു പഠിച്ചിട്ടുള്ള പി. സായിനാഥ് ആവര്‍ത്തിച്ച് എഴുതുന്നത് കഴിഞ്ഞ 16 വര്‍ഷത്തില്‍ (1995-2010) ഇന്ത്യയില്‍ നടന്ന 2.5 ലഷം കര്‍ഷക ആത്മഹത്ത്യകളുടെ പ്രധാനകാരണം കമ്പനികൃഷിയാണെന്നാണ്. നാണ്യവിളകളിലേക്കു തിരിഞ്ഞ കര്‍ഷകരാണ് കൂടുതല്‍ ദുരിതമനുഭവിക്കുന്നതും, ആതമഹത്ത്യയിലേക്ക് തള്ളിവിടപെടുന്നതും. യന്ത്രവല്‍കരണത്തിനു വലിയ ചിലവു വരുന്ന ചില മേഖലകളില്‍ വളരെ ഭീകരമായ തോതില്‍ ഒന്നിച്ചുല്‍പ്പാദിപ്പിച്ചാലെ മുതലാളിക്കു അവന്റെ ചിലവു തിരിച്ചുപിടിക്കാനാവൂ എന്നതു കൊണ്ടാവണം ദിനോസര്‍ ഫ്രിഡ്ജുകള്‍ വേണ്ട പഴം-പച്ചക്കറി വിപണിയില്‍ അവനു ഇന്നും കാലിടറുന്നത്.

3. കുത്തകവല്‍ക്കരണം - അന്തമില്ലാത്ത ലാഭേച്ച, അവശ്യസാധനങ്ങളുടെ ഭീകരമായ വിലക്കയറ്റത്തില്‍ കലാശിക്കാതിരിക്കണമെങ്കില്‍ മുതലാളിമാര്‍ തമ്മില്‍ ശക്തമായ മത്സരം നിലനില്‍ക്കണം. എന്നാല്‍ ഗോദയിലെ ചില വലിയ മുതലാളിമാര്‍ മറ്റു ചെറുകിട മുതലാളികളെ വിലയ്ക്കെടുക്കുകയും, അങ്ങിനെ ഒടുവില്‍ അവശേഷിക്കുന്ന ചുരുക്കം ചില വമ്പന്‍ സ്രാവുകള്‍ ഒന്നിച്ചു കൂടി ധാരണയിലെത്തി വിലകൂട്ടി വില്‍ക്കുകയും ചെയ്യുന്ന പ്രവണതയാണ് കുത്തകവല്‍ക്കരണം. ഏഷ്യാനെറ്റ് കേബിള്‍ സര്‍വീസ് നേരിട്ടു തുടങ്ങിയപ്പോള്‍ നാട്ടിലെ ചെറിയ കേബിള്‍ ഓപ്പറേറ്റര്‍മാരെ മുഴുവന്‍ വിഴുങ്ങിയതു മുതല്‍ ഇന്നു മൈക്രോസോഫ്റ്റ് യാഹുവിനെ വിലയ്ക്കു മേടിക്കാന്‍ നടത്തുന്ന ശ്രമം വരെ എല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍. റിലയന്‍സും, ബിര്‍ളയും ഒന്നും വിചാരിച്ചിട്ട് ഇതുവരെ നടക്കാതിരുന്ന ചില്ലറവ്യാപാര രംഗത്തെ കുത്തകവല്‍ക്കരണത്തിനു ആക്കം കൂട്ടാന്‍ സര്‍ക്കാര്‍, അമേരിക്കന്‍ അങ്ങാടിയില്‍ നിന്നു കൊണ്ടു വരുന്ന വന്‍കിട ഗുണ്ടയാണ് വാള്‍മാര്‍ട്ട്. ഇന്ത്യയുടെ ചില്ലറവ്യാപാരമേഖലയിലെ മൊത്തം വാര്‍ഷിക വിറ്റുവരവ് 11 ലക്ഷം കോടി രൂപയാണെങ്കില്‍ വാള്‍മാര്‍ട്ടിന്റെ മാത്രം 2011-ലെ ആഗോളവിറ്റുവരവ് ഏതാണ്ട് അതിന്റെ ഇരട്ടിയാണ് (21 ലക്ഷം കോടി രൂപ - അതായത് ഏതാണ്ട് ഇന്ത്യാരാജ്യത്തിന്റെ GDP-യുടെ നാലിലൊന്ന് ). ഈ കുത്തകവല്‍ക്കരണമാണ് ബ്രസീലിലെയും അര്‍ജന്റീനയിലെയുമൊക്കെ ഇടനിലക്കാരെയും, ഒടുവില്‍ കര്‍ഷകരെയും തന്നെ ചവിട്ടിയരച്ചത്. ഇത്ര വലിയ ഭീമനെപ്പോലും വല്ലാതെ കൊതിപ്പിക്കുന്നതാണ് ഇന്ത്യ എന്ന വിപുലമായ കമ്പോളം. അതിനാല്‍ കുത്തകവല്‍ക്കരണത്തിന്റെ പുതിയമാനങ്ങളിലേക്ക് അവന്‍ കടക്കുന്നത് ഇന്ത്യയന്‍ ചില്ലറവില്പനക്കാരന്റെയും ചെറുകിട കര്‍ഷകന്റെയും നെഞ്ചത്ത് ചവിട്ടിയായിരിക്കും.

4. ക്രോണീയിസം - കുത്തകവല്‍ക്കരണം, തൊഴിലാളി ചൂഷണം തുടങ്ങി മുതലാളിത്തത്തിന്റെ പ്രിയപെട്ട അടവുകള്‍ ചെറുത്തു തോല്‍പ്പിക്കാന്‍ സമൂഹത്തിന്റെ കൂടെനില്‍ക്കേണ്ടത് ഭരണകൂടവം നിയമങ്ങളുമാണ്. എന്നാല്‍ ഈ ഭരണകൂടത്തെയും, നിയമങ്ങളെയും തനിക്കനുകൂലമായി വളയ്ക്കാന്‍ മുതലാളി വ്യക്തിബന്ധങ്ങള്‍ വഴിയും, പണമുപയോഗിച്ചും നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. കുത്തകളും, കുത്തകകളാവാന്‍ സാധ്യതയുള്ളവരുമായ ഭീമന്മാരാണ് ഈ ശ്രമത്തിന്റെ മുന്‍പന്തിയില്‍. അങ്ങിനെ ഭരണകൂടവും നിയമങ്ങളും അവര്‍ക്കു വഴങ്ങുന്ന അവസ്ഥയാണ് ക്രോണീയിസം. SEZ-കള്‍ സ്ഥാപിക്കുന്നതും, തൊഴിലാളി-അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതും, വളത്തിനും, ഭക്ഷണത്തിനുമുള്ള സബ്സിഡി വെട്ടിച്ചുരുക്കുന്ന ബജറ്റില്‍ തന്നെ വന്‍കിടകമ്പനികളുടെ നികുതികുടിശ്ശിക എഴുതിതള്ളുന്നതുമെല്ലാം ക്രോണീയിസത്തിന്റെ ലക്ഷണങ്ങളാണ്. നീരാ റാഡിയാ ടേപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത് അതിന്റെ ഇന്നത്തെ ഭീകരാവസ്ഥയുടെ തെളിവും. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിദേശനിക്ഷേപം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ കുത്തകവല്‍ക്കരണം തടയാനെന്ന പേരില്‍ എഴുതിചേര്‍ത്തിരിക്കുന്ന മിക്ക കരുതലുകളും, ഒന്നുകില്‍ നിഷ്ഫലമോ അല്ലെങ്കില്‍ തികച്ചും വിപരീതഫലമോ ഉള്ളതായി മാറുന്നത് ഈ ക്രോണീയിസം കൊണ്ടാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 കോടി രൂപ ആയിരിക്കണം എന്ന നിബന്ധന ഭീമന്‍ പറഞ്ഞെഴുതിച്ചാണെന്നു തോന്നിപ്പോകുന്നു.

5. സാമ്രാജ്യത്ത്വം - കുത്തകകളുടെ വളര്‍ച്ചാകൊതിയില്‍ അവര്‍ക്കു അങ്കം വെട്ടാന്‍ ഒരു രാജ്യത്തിന്റെ അങ്കതട്ട് പോരാതെവരുമ്പോളാണ് അവര്‍ ബഹുരാഷ്ട്രകുത്തകകളായി മാറുന്നത്. ബഹുരാഷ്ട്രകുത്തകള്‍ക്കു അവരുടെ വളര്‍ച്ച തുടരാനായി നടത്തുന്ന ക്രോണീയിസമാണ് ഇന്നത്തെ ലോകരാഷ്ട്രീയത്തിന്റെ മുഖമുദ്ര. രാജ്യങ്ങളുടെ വിദേശനയത്തില്‍ ആദ്യം പരോക്ഷമായും, ഒടുവില്‍ ഒരുപക്ഷെ സൈനികമായും ഇടപെടുകുതന്നെ അവരതിനു ചെയ്യും. അമേരിക്ക എന്ന രാജ്യത്തിന്റെ പട്ടാളവും നാറ്റോ എന്ന സംഘടനയുമൊക്കെ അവരുടെ കയ്യിലെ ആയുധങ്ങള്‍ മാത്രം. കഴിഞ്ഞ നൂറ്റാണ്ടിന്റെ കൊളോണിയല്‍ ചരിത്രം യൂറോപ്യന്‍ മുതലാളിമാരുടെ ബഹുരാഷ്ട്ര കുത്തകവല്‍ക്കരണത്തിന്റെ ബാക്കിപത്രം തന്നെ. അതുകൊണ്ടാണ് വാള്‍മാര്‍ട്ടിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉപമിക്കുന്ന അന്നാ ഹസാരെയുടെ പരാമര്‍ശം അസ്ഥാനത്തല്ലാതാകുന്നത്. സാമ്രാജ്യത്തത്തിന്റെ ഇന്നത്തെ അവസ്ഥയിലെ രാജാവായ അഗോളസാമ്പത്തികമൂലധനം ഒരു രാജ്യത്തില്‍ പരിമിതപെട്ടതോ, ഒരു രാജ്യത്തിന്റെ നിയന്ത്രണത്തില്‍ വരുന്നതോ അല്ല. അതിനാല്‍ ഭരണകൂടങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ പോലും അവരുടെ വേട്ടയാടലിനെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. അതുകൊണ്ടാവണം ഒരുപക്ഷെ വിയറ്റ്നാം പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രത്തിനുപോലും ഈ ഭീമന്മാരെ തടഞ്ഞുനിറുത്താന്‍ കഴിയാത്തത്.

6. ഉദാരവല്‍ക്കരണം - സാമ്രാജ്യത്തത്തതിനു വേണ്ടി സാമ്രാജ്യത്തം അടിച്ചേല്‍പിക്കുന്ന സാമ്പത്തികനയമാണ് ഉദാരവല്‍ക്കരണം. കമ്പനികളുടെ പ്രവര്‍ത്തനത്തിലും, ലാഭത്തിലുമൊന്നും സര്‍ക്കാരോ കോടതിയോ ഒരുതരത്തിലും ഇടപെടരുത് (അവര്‍ അത്യാഗ്രഹം കാണിച്ച് കുത്തുപാളയെടുക്കുമ്പോളോഴികെ) എന്നതാണ് ഈ സാമ്പത്തികനയത്തിന്റെ പ്രധാനഭാഗം. അതുകൊണ്ടു തന്നെ മരുന്നിനും, ഭക്ഷണത്തിനും, കോളേജുഫീസിനും ഉള്‍പടെ ഒന്നിനും വിലനിയന്ത്രണമുണ്ടാവരുതെന്നും, കമ്പോളത്തിലിടപെട്ട് വിലകുറച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളായ നീതി സ്റ്റോറുകളും, റേഷന്‍കടകളും, എന്തിനു സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പോലും അടച്ചുപൂട്ടണമെന്നും ഈ നയം ആവശ്യപെടുന്നു. ഉദാരവല്‍കരണത്തെ ശിരസ്സാവഹിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ (നമ്മുടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും, ബി.ജെ.പ്പിയും പോലെ) അധികാരത്തിലിരിക്കുന്ന രാജ്യങ്ങളില്‍ അതുകൊണ്ടു തന്നെ ഈ ചില്ലറഭീമന്മാര്‍ കുത്തകവല്‍ക്കരണത്തിലൂടെ വരുത്തിവെച്ചേക്കാവുന്ന കനത്ത വിലകയറ്റത്തിനു തടയിടാനോ, കര്‍ഷകര്‍ക്കു താങ്ങുവില ഉറപ്പാക്കാനോ അവിടുത്തെ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യില്ല എന്നതും സ്പഷ്ടമാണ്.

ദാസാ, ലോറി എന്താ നെഞ്ചത്തു കയറിയതെന്നു പറഞ്ഞില്ല.

ഈ തൊഴില്‍നഷ്ടം തൊഴില്‍നഷ്ടം എന്നു പറഞ്ഞല്ലെ ദാസാ പണ്ട് നമ്മള്‍ ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത്? കാലം മാറുന്നതിനനുസരിച്ച് തൊഴിലുകളും മാറില്ലെ?

തൊഴിലുകള്‍ മാറും എന്നതിനു തര്‍ക്കമില്ല. മുതലാളിത്തത്തിന്റെ വളര്‍ചയെ കുറിച്ചുള്ള സ്റ്റഡി-ക്ലാസ്സില്‍ നമ്മള്‍ അതു പഠിച്ചതുമാണ്. പുതിയ സാങ്കേതിക വിദ്യകളില്‍ സസ്റ്റെയിനബിള്‍ ആയവ സ്വീകരിക്കുക തന്നെ വേണം. പക്ഷെ വെള്ളം ഒഴുകും എന്നു കരുതി മലവെള്ളപ്പാച്ചില്‍ ക്ഷണിച്ച് വരുത്തണോ? ഇത്രയും പേരുടെ ജീവിതപ്രശ്നമാകുമ്പോള്‍ അല്പം കരുതലോടു കൂടി വേണ്ടേ തീരുമാനമെടുക്കാന്‍?

അതല്ലേ വിജയാ പറഞ്ഞു വരുന്നത്. ഇങ്ങനെ ദിനോസറിന്റെ പേരൊക്കെ പറഞ്ഞ് വിപണിയില്‍ കയറിപ്പറ്റുന്ന ചില്ലറ(രംഗത്തെ) ഭീമന്മാര്‍ ചെയ്യുന്നത് ആദ്യമേ തന്നെ പരസ്പരം ധാരണയിലെത്തി വിപണിയെയും ഗ്രാമങ്ങളെയും വീതിച്ചെടുക്കുകയെന്നതാണ്. അങ്ങിനെ ഓരോ പ്രദേശത്തെയും കര്‍ഷകനെ സമീപിക്കുന്നത് ഒരു ഭീമനായായിരിക്കും. പഴം-പച്ചക്കറി വിപണനത്തിനു വേണ്ട ശീതികരണസൗകര്യങ്ങള്‍ക്കു (ദിനോസറുകള്‍ക്ക്) വളരെ വലിയ മൂലധനം ആവശ്യമായതു കൊണ്ട് ആദ്യം അതൊഴികെയുള്ള വസ്തുക്കളിലാവും (ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ) പ്രധാന ശ്രദ്ധ. അതുകൊണ്ടാണ് പഴം-പച്ചക്കറി വില മാളുകളില്‍ ഉയര്‍ന്നിരിക്കുന്നത്. ധാന്യങ്ങളുടെയും പയറു വര്‍ഗ്ഗങ്ങളുടെയും കാര്യത്തില്‍ തുടക്കത്തില്‍ പറഞ്ഞതു പോലെ അവന്‍ കര്‍ഷകരില്‍ നിന്നു നേരിട്ട് വാങ്ങി മാളുകളില്‍ എത്തിക്കുന്നതു വഴി കര്‍ഷകനു കൂടുതല്‍ വിലയും, ഉപഭോക്താവിന് കുറഞ്ഞ വിലയും ലഭ്യമാക്കുന്നു. അങ്ങിനെ ആ മേഖലയിലെ ചെറുകിടക്കാരുടെ എണം കുറഞ്ഞുകഴിയുന്നതോടെ അവന്‍ കര്‍ഷകനു നല്‍കുന്ന വില കുറക്കുകയും, പണം നല്കാന്‍ താമസിപ്പിക്കുകയും ചെയ്തു തുടങ്ങും. ഒപ്പം തന്നെ കമ്പനികൃഷി വഴി ചെറുകിട കര്‍ഷകവൃത്തി ലാഭകരമല്ലാത്ത അവസ്ഥയില്‍ എത്തിക്കുകയും ചെയ്യും. നേരത്തെ ഉണ്ടായിരുന്ന ചെറുകിട വ്യാപാരികളില്‍ പലരും അപ്രത്യക്ഷമാവുന്നതോടെ, കര്‍ഷകനു ഭീമന്റെ ഈ ചൂഷണം സഹിക്കുകയെ മാര്‍ഗ്ഗമൂള്ളു. അതവനെ കൂടുതല്‍ ദരിദ്രനാക്കുകയും, ചിലരെ കൃഷിയില്‍നിന്നു അകറ്റുകയും, ചിലരെ ആതമഹത്ത്യ വരെ കൊണ്ടെത്തിക്കുകയും ചെയ്യും. വിപണിയില്‍ ഒരു വലിയ പങ്ക് കയ്യടക്കി കഴിഞ്ഞാല്‍ പിന്നെ വലിയ മുതല്‍മുടക്കി അവര്‍ പഴം-പച്ചക്കറി വിപണിയിലും ഇതേ അടവിറക്കും. ഇതിനൊന്നും ഒരു നിയന്ത്രണവും കൊണ്ടുവരാതിരിക്കാന്‍ തന്റെ ദല്ലാളന്മാരെ സര്‍ക്കാരിലും നിയോഗിക്കും. ഇങ്ങനെയാണ് ആ ദേശങ്ങളിലെ കര്‍ഷകരെയും ചെറുകിട കച്ചവടക്കാരും ലോറിക്കടിയില്‍ പെട്ടത്.

ദാസാ ഈ കുത്തകവല്‍ക്കരണം സംഭവിക്കണമെന്നുറപ്പുണ്ടോ? നമ്മുടെ നാട്ടിലെ മൊബൈല്‍ കമ്പനികള്‍ ഇപ്പോഴും തമ്മില്‍ നല്ല മത്സരത്തിലല്ലേ?

ഇതുവരെ അങ്ങിനെ ആയിരുന്നു എന്നത് ശരി. അതിനുള്ള രണ്ടു കാരണങ്ങള്‍ - (1) സാമാന്യം ശക്തമായ ഒരു നിയന്ത്രണസംവിധാനം (TRAI) നിലനില്‍ക്കുന്നു എന്നതും (2) ബി.എസ്.എന്‍.എല്‍. എന്ന ശക്തമായ ഒരു പൊതുമേഖലാ സ്ഥാപനം മത്സരത്തിലുണ്ടായിരുന്നു എന്നതുമാണ്. ടെലിക്കോം രംഗത്തുള്ളതിന്റെ ഏഴയലത്തു പോലുമുള്ള നിയന്ത്രണങ്ങളില്ലാതെയാണ് ചില്ലറവ്യാപാരരംഗത്ത് ഭീമന്മാരെ ക്ഷണിച്ചു വരുത്തുന്നത്. ഒരു നഗരത്തില്‍ ഇത്ര മാളുകള്‍ മാത്രം, അതില്‍ ഒരു ഭീമനു ഇത്ര പങ്ക് മാത്രം (സ്പെക്ട്രം വിതരണം പോലെ), കര്‍ഷകനു താങ്ങ് വില, മത്സരം കൊല്ലുന്ന തരത്തിലുള്ള വിലകുറയ്ക്കല്‍ തടയുക തുടങ്ങിയ യുക്തമായ നിയന്ത്രണങ്ങള്‍ക്കു പകരം, കുറഞ്ഞ മുതല്‍മുടക്കിനു പരിധി വെക്കുകയും, ഭീമന്മാര്‍ക്കു ഏറ്റവും താല്‍പര്യമൂള്ള നഗരങ്ങളില്‍ മാത്രമേ മാളുകള്‍ പാടുള്ളു എന്നുമുള്ള ഉപയോഗശൂന്യമായ നിയന്ത്രണങ്ങളാണ് ഉത്തരവില്‍ (ഭീമനിച്ചിച്ചതും സര്‍ക്കാര്‍ കല്പിച്ചതും ...). ഈ രംഗത്ത് വരാനിരിക്കുന്ന ഭീമന്മാര്‍ മിക്കവരും കുത്തകവല്‍ക്കരണത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണെന്നതും മറക്കരുത്.

ഇതു തന്നെ ഇന്ത്യയിലും സംഭവിക്കണമെന്നുണ്ടോ ദാസാ? പണക്കാരെന്റെ അമേരിക്ക പോലെയാണോ പാവപെട്ടവന്റെ ഇന്ത്യ? പണക്കാരല്ലേ വലിയ ഡിക്കിയുള്ള കാറുമായി മാളുകളില്‍ പോകൂ? ഇത്തിരി ഇത്തിരിയായി വാങ്ങുന്ന പാവപെട്ടവന്‍ അവന്റെ തൊട്ടടുത്തുള്ള, കണ്ടാല്‍ ചിരിക്കുന്ന, ഇടയ്ക്കു കടം കൊടുക്കുന്ന ചെറിയകടയിലല്ലേ പോകൂ? അതുകൊണ്ടു തന്നെ ചെറുകിടക്കാര്‍ അധികംപേരും രക്ഷപെടില്ലേ?

ബ്രസീല്‍, അര്‍ജന്‍റ്റീന, ചിലെ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും കാറില്ലാത്ത അനേകം പാവങ്ങളുണ്ട്. എന്നിട്ടും അവിടെ ഭീമന്മാര്‍ 60% വ്യാപാരം കയ്യടക്കിയതു ഓര്‍ത്തുനോക്കു. ഇന്ത്യയില്‍ ഇന്നു അത് 5 ശതമാനത്തില്‍ താഴെയാണ്. ഭീമന്മാര്‍ക്കറിയാം കൂടുതല്‍ കൂടുതല്‍പ്പേരെ എങ്ങിനെ മാളുകളിലേക്കു എത്തിക്കണമെന്നു. തുടക്കത്തിലുള്ള സൗജന്യങ്ങളും, പരസ്യവും, നറുക്കെടുപ്പും, വാള്‍മാര്‍ട്ട് തൃതീയയുമെല്ലം കാണും - വിപണി കയടക്കി കഴിയുന്നതു വരെ.

പിന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കടകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ - 1000 പേര്‍ക്ക് 11 കട എന്നതാണ് കണക്ക്. 11 ലക്ഷം കോടി രൂപയുടെ ചില്ലറവ്യാപാരരംഗത്ത് ഇന്തയില്‍ ഇന്ന് 4 കോടി ആളുകള്‍ പണിയെടുക്കുമ്പോള്‍ 21 ലക്ഷം കോടി രൂപയുടെ വ്യാപാരം നടത്തുന്ന വാള്‍മാര്‍ട്ടില്‍ 21 ലക്ഷം തൊഴിലാളികള്‍ മാത്രമാണുള്ളത്. അതായത് 36 ചെറിയകച്ചവടക്കാര്‍ക്കു പകരം ഒരു വാള്‍മാര്‍ട്ട് തൊഴിലാളി മതി. ആനന്ദ് ശര്‍മ പറയുന്നതു പോലെ 3 കൊല്ലത്തിനുള്ളില്‍ പുതിയ 1 കോടി തൊഴിലവസരങ്ങള്‍ ഈ ഭീമന്മാര്‍ സൃഷ്ടിക്കുമെങ്കില്‍ അതു ഇന്ത്യയിലെ വിപണിയെ മുഴുവനായി ഒരു പത്തു തവണ വിഴുങ്ങിയിട്ടാവണം.

ഈ തൊഴില്‍നഷ്ടം തൊഴില്‍നഷ്ടം എന്നു പറഞ്ഞല്ലെ ദാസാ പണ്ട് നമ്മള്‍ ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും എതിര്‍ത്ത്? കാലം മാറുന്നതിനനുസരിച്ച് തൊഴിലുകളും മാറില്ലെ?

തൊഴിലുകള്‍ മാറും എന്നതിനു തര്‍ക്കമില്ല. മുതലാളിത്തത്തിന്റെ വളര്‍ചയെ കുറിച്ചുള്ള സ്റ്റഡി-ക്ലാസ്സില്‍ നമ്മള്‍ അതു പഠിച്ചതുമാണ്. പുതിയ സാങ്കേതിക വിദ്യകളില്‍ സസ്റ്റെയിനബിള്‍ ആയവ സ്വീകരിക്കുക തന്നെ വേണം. പക്ഷെ വെള്ളം ഒഴുകും എന്നു കരുതി മലവെള്ളപ്പാച്ചില്‍ ക്ഷണിച്ച് വരുത്തണോ? ഇത്രയും പേരുടെ ജീവിതപ്രശ്നമാകുമ്പോള്‍ അല്പം കരുതലോടു കൂടി വേണ്ടേ തീരുമാനമെടുക്കാന്‍? ഈ പറയുന്ന സാങ്കേതികവിദ്യകള്‍ കുത്തകള്‍ക്കുമാത്രം കൊണ്ടുവരാന്‍ കഴിയുന്നതാണോ? നമ്മുടെ നാട്ടിലെ സഹകരണ സംഘങ്ങളായ മില്‍മ്മയും, സപ്ലൈ-കോയും ഒക്കെ സര്‍ക്കാര്‍ സഹായത്തോടെ ചെറിയതോതില്‍ ഇതു ചെയ്യുന്നില്ലെ? മേല്‍പറഞ്ഞ ഭീഷണികളൊന്നുമില്ലാതെ തന്നെ അവ ന്യായവില കര്‍ഷകര്‍ക്കും, ഉപഭോക്താവിനും നല്‍കുന്നില്ലേ? അതുപോലുള്ള സംരംഭങ്ങള്‍ എന്തുകൊണ്ട് കൂടുതല്‍ വിപുലപെടുത്തിക്കൂടാ?

നിനക്കു കടയടക്കാന്‍ സമയമായില്ലേ ദാസാ? ഒരു 100 വെളിച്ചെണ്ണയും, കാല്‍കിലോ സവാളയും ഇങ്ങെടുത്തോ. വീട്ടിലിത്തിരി ചീര പറിച്ചതിരിപ്പൊണ്ട് കറിവെക്കാന്‍.

അപ്പോ നാളെക്കാണാം. പറ്റിലെഴുതിക്കോ.


^ മേല്‍പറഞ്ഞ കണക്കുകള്‍ ശങ്കര്‍ ഗോപാലകൃഷണനും പ്രിയ ശ്രീനിവാസയും ചേര്‍ന്നെഴുതി EPW 2009-ല്‍ പ്രസ്സിദ്ധീകരിച്ച "Corporate Retail: Dangerous Implications for India’s Economy" എന്ന പ്രബന്ധത്തില്‍ നിന്നും, ഈ ആഴ്ച്ച കാഫിലയില്‍ പ്രസിദ്ധീകരിച്ച അതിന്റെ ഒരു പരിഷ്കരിച്ച സംഗ്രഹത്തില്‍ നിന്നുമാണ് ഉദ്ധരിച്ചിരിക്കുന്നത്

Agriculture, Essay, FDI, imperialism, Monopoly Capital, Retail, Walmart, Globalisation, India, Labour, Neo-liberalism Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

nalla lekhanam. covered the

nalla lekhanam. covered the multi dimensional aspects of retail globalisation with facts and figures. The promoters of this idea never display the true face to the public. As always it is the "job increase", "price reduction", "availability" piece that is always highlighted.
One piece that should also been highlighted in this essay is the real estate control that these giants manage to get - "subsidized" or "SEZ" land and property from Govt. for their stores, distribution centers, warehouses in very strategic locations, which could be billions of dollars worth of land.
The idea is to attract common people with the gimmics of "multi floor elevetors and escalators", "take 3 get 1 free" ads, "tata nano car bumper prizes" and 89.99INR price cut offers. And then slowly get on them without even them knowing

nice one...

nice article...

Brilliant!!

Brilliant!!

you talk about price rise and

you talk about price rise and you talk about things like this reducing price. finally the users will go for place where they can get cheaper items.

its always easy to play devils advocate and keep showing "budhi jeevi" type articles.
but reality bites.

also rather than just playing politics, try doing something good for people.

Know before you talk

Ok bro..so what is the solution? The author has clearly stated with facts and figures, his side of the story. You may agree or disagree, but if you have a point, put some facts, else there won't be any difficulty to understand that you are someone or politically inclined to someone who is going to get some cheap benefits out of the retailers coming in.
Walmart is the biggest retailer in the US, they give cheap prices. But do you know that they are not known for quality? People go to Costco, Safeway, Albertsons, HEB, Ralphs for better quality grocery products, Amazon for better quality electronics items and Kohls, JCP and Macys for better quality clothing. As the saying goes - "you get what you pay for" is true with Walmart. The low prices come with cheap quality "made in china" products most of the time - how often have you heard about Emerson TV, Microwaves, RCA Refridgerator, George shirts and pants. These are only found in Walmart - basically made and distributed for Walmart.
With a consumer culture like in the US - where every summer they buy summer clothes and give it away in winter as "garage sales" or "Charity groups for tax benefits, every winter buy woolen, jackets gloves and throw them away after 6 months, buy a new tv every 2 years, get a new iphone every year, etc, a cheaper Quality is okay for those masses. Whereas in India, you use te same shirt probably 4 years, same tv for 5-10 years, refridgerators for 10-15 years, YOU NEED Quality. And the model of Walmart will not work AND IF IT NEED TO WORK, they need to raise their quality - which is higher prices and dumped back to common man.
So Understand teh facts before you talk

I think he made his point by

I think he made his point by comparing the telecom market. We need proper control from the govt. which is lacking right now. I am not sure about where did you get the facts about US, when you look from a very high altitude you may think what you have told about US people or market is true, but when you go deep there are more facts you need to learn before commenting.

Solution

Solution: is to talk about what you just said in this blog than talking about something not relevant to common people.

Wall mart should not be stopped.

But rather , you go and make people understand quality of the goods etc.

you are right..
people will not go for chinese items now. ( earlier there was lot of rush) , but now its not.

so rather than bringing in gloabalisation, capitalism etc , talk in normal sense that wall mart's quality is cheap.( if thats the reason).
make it simpler than just misusing sentiments...

Very Good Article!!

Very Good Article!! Excellent!! സാമ്രാജ്യത്വ കുത്തകശക്തികള്‍ ഈ രാജ്യം വിഴുങ്ങുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്തേ മതിയാകൂ.. ഇതിന്‍റെ വിപത്തുകള്‍ പലര്‍ക്കും അറിഞ്ഞു കൂടാ.. ഒരു ട്രെയിന്‍ യാത്രക്കിടയില്‍ ചില ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ ഒരു ചര്‍ച്ച കേള്‍ക്കുവാനിടയുണ്ടായി. അവര്‍ പോലും ഈ ഭീമന്മാരുടെ വരവും കാത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഒരു കടയില്‍ നിന്നു തന്നെ എല്ലാം കിട്ടുമല്ലോ ഗുണമേന്മയുള്ള സാധനങ്ങള്‍ കിട്ടുമല്ലോ എന്നൊക്കെ അവര്‍ പറയുകയുണ്ടായി. നമ്മുടെ ആളുകളെ ഇതിന്‍റെ വിപത്തുകളെ പറ്റി ബോധവല്‍ക്കരിക്കേണ്ടത് അത്യന്താപേക്ഷിതം തന്നെ..

super one......

super one......

Opposing is one part, demonstrating the alternative(s) the next

Deepak,
Novel presentation; very impressive.

You do mention about Triveni and the need to promote more of its clones. Do we have a P/L account and Balance sheet that Triveni comes out with and how does it shape up financially..

Can a small case study be developed around them?

Cheers,
Naga.

Triveni

Thanks Naga.

Triveni is a project by ConsumerFed.

http://www.consumerfed.net/more.php?page=Home

After the gap of more than 10 years Consumerfed has earned profit during 2007-08, 2008-09 and 200910 as per audited accounts.

The website is pretty

The website is pretty informative.
Their objectives sounds like the objectives behind bringing in FDI in retail!!!
It is for all practical purposes a PSU only, right? as the State Govt has 99% of the share.
And consistent performnace over the years with a steady growth.
Hope it doesn't get derailed under the new regime!

While if companies like Subhiksha gets launched and achive early success, we see them all over the place in the print and electronic media but such initiative barely get the coverage.

Can something be done about it? Say for example, Business Line or The Hindu, Deshabhimani write a big piece on them?
Can any of the Magazines - Outlook, Tehelka or The Open do a coverage!
Can we get the Kairali channel interested?
Especially in the current context of FDI in retail.

Cheers,
Naga.

More on FDI in retail Debate

Jagdish Bhagwati and Rajeev Kohli air their frustration in ToI.
http://timesofindia.indiatimes.com/home/opinion/edit-page/Selling-the-wr...

Sainath paints his side of the story in The Hindu.
http://www.thehindu.com/opinion/lead/article2706988.ece?homepage=true

Cheers,
Naga.

Jayati Gosh also has a very

Jayati Gosh also has a very informative article on the issue:
http://triplecrisis.com/multinational-retail-firms-in-india/

Inhumane policy

Must-read on FDI from Prabhat patnaik - http://www.thehindu.com/opinion/lead/article2750054.ece?homepage=true

പ്രതികരണങ്ങള്‍

#6. super one......, Anonymous, 5 years ago