ഞങ്ങള്‍ 'പീജി'യുടെ കേള്‍വിക്കാര്‍

T K Kochunarayanan December 10, 2012

ചിത്രം: India Vision


P. Govindapilla

ചിത്രം: India Vision


ഞങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകര്‍ എന്നാണ്. 40ല്‍ പരം വര്‍ഷം അലിഞ്ഞ് ചേര്‍ന്ന ഒരു ബന്ധം പേര്‍ത്തെടുക്കുവാനുള്ള ശ്രമം. ഈ ഓര്‍ത്തെടുപ്പില്‍ ഇതെഴുതുന്നവന്റെ കൈയൊപ്പുണ്ടാവുക തികച്ചും സ്വാഭാവികം മാത്രം. ഇതിനൊരു ആദിമധ്യാന്തം ഉണ്ടാവണം എന്ന് ശഠിക്കാനും വയ്യ. അത്തരം അവകാശ വാദങ്ങള്‍ ഒന്നും ഇല്ല. പക്ഷേ തൊട്ടുരുമ്മി നിന്നവര്‍ അനുഭവിച്ച ചൂടും ചൂരും ഉണ്ടാവും. കൂടെ കിടന്നവര്‍ക്കു മാത്രം അറിയാന്‍ സാധിക്കുന്ന രാപ്പനിയുടെ ഉച്ഛ്വാസ നിശ്വാസങ്ങള്‍ പോലെ. മറ്റാര്‍ക്കും പങ്കിടാന്‍ പറ്റാത്ത ബൗദ്ധിക കൊടുക്കല്‍ വാങ്ങലുകള്‍ ഇവിടെ ദര്‍ശിക്കാം. ഒരു പ്രത്യേക പദവി അര്‍ഹിക്കുന്നവരോ അത് പിടിച്ച് വാങ്ങിയവരോ ആണ് പീജിയുടെ ഈ 'ഞങ്ങള്‍കേള്‍വിക്കാര്‍' സംഘം.

ആദ്യകാലത്ത് ചര്‍ച്ചക്കായുള്ള ഞങ്ങളുടെ സംഘത്തില്‍ അഞ്ചൊ, പത്തൊ, അമ്പതൊ... പേരെ ഉണ്ടായിരുന്നുള്ളൂ. പിന്നീടത് അമ്പതിന്റേ യും അതിന്റെ ഗുണിതങ്ങളുടേയും കൂട്ടായ്മയായി വളര്‍ന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍ കേള്‍വിക്കാര്‍ ആയ ഞങ്ങള്‍ പീജിയുടെ പുസ്തക വിശേഷ ചര്‍ച്ചയില്‍ ആദ്യം കേട്ട പുസ്തകം 4 വാള്യങ്ങളിലായി 1954ല്‍ പ്രസിദ്ധീകരിച്ച ജെ. ഡി. ബര്‍ണലിന്റെ കൃതി - സയന്‍സ് ഇന്‍ ഹിസ്റ്ററി (Science in History)യാണ്. പ്രഭാഷണത്തിന്റെ അവസാനം 'ചരിത്രത്തില്‍ ശാസ്ത്രത്തിന് എന്ത് കാര്യം എന്ന കുസൃതി സംശയവും' എനിക്കുണ്ടായി. അന്ന് പി.ജി. യുടെ കൈയില്‍ നിന്നാണ് ആ പുസ്തകം ആദ്യമായി മറിച്ച് നോക്കിയതും . ബര്‍ണലിന്റെ ആ കൃതി പിന്നീട് പരിഷത്ത് പ്രവര്‍ത്തകരില്‍ പലരും സ്വന്തമാക്കി ആ ഊര്‍ജം സംഭരിച്ച് ശക്തരായി. വര്‍ഷങ്ങള്‍ പിന്നിട്ട് 2000ത്തില്‍ ആ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പരിഷത്ത് കൊണ്ടുവന്നത് റിലീസ് ചെയ്തതും പീജി ആയിരുന്നു. എല്ലാം ഒരു നിയോഗം പോലെ.

പിന്നീടൊരിക്കല്‍ ജെ.ഡി.ബര്‍ണലിന്റെ മകന്‍ മാര്‍ടിന്‍ ബര്‍ണല്‍ എഴുതിയ വിവാദ കൃതി ബ്ലാക് അതീന (Black Athena) തിരുവനന്തപുരത്തെ പരിഷദ് പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തിയതും പി.ജി. തന്നെ. അങ്ങിനെ ഒഴുക്കിനെതിരെ നീന്തിയവരുടെ എത്രയോ കൃതികള്‍ അദ്ദേഹം വാചാലമായി പരിഷദ് വേദികളില്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ് ബ്രിട്ടീഷ് ജീവ ശാസ്ത്രജ്ഞനായ ലാന്‍സ്ലോട്ട് ഹോഗ്ബന്റെ പോപുലര്‍സയന്‍സ് വിഭാഗത്തില്‍ പെടുന്ന 1936ല്‍ പ്രസിദ്ധീ കരിച്ച ഗണിതഗ്രന്ഥം മാത്തമാറ്റിക്സ് ഫോര്‍ ദ മില്ല്യണ്‍ (Mathematics for the Million).

പരിഷദ് പ്രവര്‍ത്തക ക്യാമ്പുകളിലും സമ്മേളന വേദികളിലും പി.ജി. ഏറെക്കാലം നിറസാന്നിധ്യ മായിരുന്നത് ഞങ്ങള്‍ ആവേശത്തോടെ ഓര്‍ക്കുന്നു. ആ കൂട്ടായ്മകളില്‍ പരിസ്ഥിതി - ഊര്‍ജ - വികസന - ചര്‍ച്ചകളില്‍ ഒരു വിദ്യാര്‍ഥിയുടെ ശ്രദ്ധയോടെ കുറിപ്പുകള്‍ കുറിച്ചും ചോദ്യങ്ങള്‍ ചോദിച്ചും തന്റെ സജീവസാന്നിധ്യം അദ്ദേഹം അടയാളപ്പെടുത്തിയത് ഓര്‍ക്കുന്നത് കൗതുകം തന്നെ.

വേറൊരിക്കല്‍ ആധുനികബീജഗണിതത്തിന്റെ അപോസ്തുലനായ ജോര്‍ജ് ബൂളിന്റെയും ഭാര്യ മേരിബൂളിന്റെയും മകള്‍ ഏതല്‍ ലിലിയന്‍ വോയ്നിച് (Ethel Lilian Voynich) രചിച്ച ഇംഗ്ലീഷ് വിപ്ലവ നോവല്‍ ദ ഗാഡ്ഫ്ലൈ (The Gadfly) ആയിരുന്നു പരിചയപ്പെടുത്തിയ ഗ്രന്ഥം. തീവ്ര ഇടതുപക്ഷ ചിന്ത കേരളത്തില്‍ ശക്തമായി വേരോടുവാന്‍ തുടങ്ങിയ രാഷ്ട്രീയ കാലമായിരുന്നു അന്ന് എന്നും ഓര്‍ക്കൂക. ഈ നോവല്‍ 'കാട്ടുകടന്നല്‍' എന്നപേരില്‍ പി.ജി. മലയാളവായനക്കാര്‍ക്കായി പിന്നീട് തര്‍ജുമ ചെയ്തു എന്നത് അക്കഥയുടെ മറുപുറം.

പരിഷദ് പ്രവര്‍ത്തക ക്യാമ്പുകളിലും സമ്മേളന വേദികളിലും പി.ജി. ഏറെക്കാലം നിറസാന്നിധ്യ മായിരുന്നത് ഞങ്ങള്‍ ആവേശത്തോടെ ഓര്‍ക്കുന്നു. ആ കൂട്ടായ്മകളില്‍ പരിസ്ഥിതി - ഊര്‍ജ - വികസന - ചര്‍ച്ചകളില്‍ ഒരു വിദ്യാര്‍ഥിയുടെ ശ്രദ്ധയോടെ കുറിപ്പുകള്‍ കുറിച്ചും ചോദ്യങ്ങള്‍ ചോദിച്ചും തന്റെ സജീവസാന്നിധ്യം അദ്ദേഹം അടയാളപ്പെടുത്തിയത് ഓര്‍ക്കുന്നത് കൗതുകം തന്നെ. കേരളത്തിലെ സൈലന്റ് വാലി താഴ്വരയുമായ് പൊന്തിവന്ന പ്രശ്നങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചാവിഷയം ആയപ്പോള്‍ പരിഷദ് ഒരു പൊതുചര്‍ച്ചക്ക് തിരുവനന്തപുരത്ത് വേദിയൊരുക്കി. തിരഞ്ഞെടുക്കപ്പെട്ട 140 ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ടികളേയും പ്രവര്‍ത്തകരേയും സംവാദത്തില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചു. പരിസ്ഥിതിപ്രവര്‍ത്തകന്‍ കൂടി ആയിരുന്ന അന്തരിച്ച ശ്രീ കെ.വി.സുരേന്ദ്രനാഥ് എം.എല്‍.എ.ക്കു പുറമെ ആ യോഗത്തില്‍ പങ്കെടുത്തത് പി.ജി. മാത്രം പ്രൊഫ. എം.കെ .പ്രസാദിന്റെ വിശദീകരണ ക്ലാസില്‍ ഏറ്റവും കൂടുതല്‍ സംശയങ്ങള്‍ ചോദിച്ചതും പലരും പ്രതീക്ഷിച്ചതുപോലെ പി.ജി. തന്നെ. പതുക്കെ പതുക്കെ പരിസ്ഥിതി വാദിയായി മാറിയെ പി.ജി. യെയാണ് ഞങ്ങള്‍ കാണുന്നത്. പരിസ് ഥിതി പ്രവര്‍ത്തകയായ റെയ്ച്ചല്‍ കാര്‍സണിന്റെ വിഖ്യാത ഗ്രന്ഥം സയലെന്റ് സ്പ്രിങ്ങ് (Silent Spring) ചര്‍ച്ച ചെയ്യുന്ന വേദിയില്‍ പി.ജി. നിറഞ്ഞു നിന്നു. അങ്ങിനെ പരിഷദ് പ്രവര്‍ത്തകരായ ഞങ്ങള്‍ ആസ്വദിച്ച ഒട്ടനവധി ഇത്തരം ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവായി പി.ജി. മാറുക പതിവായി. ആശയപരമായി പി.ജി. പരിഷത്തുമായി ഒരിക്കലും കലഹിച്ചതായി അറിയില്ല.

മലയാളിയായ ഡോ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫിന്റെ ദ ക്രെസ്റ്റ് ഓഫ് ദ പീക്കോക്ക് ( The Crest of the Peacock) എന്ന ഗ്രന്ഥത്തേയും ജോസഫ് നീഡ്ഹാമിന്റെ സയന്‍സ് ആന്റ് സിവിലൈസേഷന്‍ ഇന്‍ ചൈന (Science and Civilisation in China) രചനയേയും പറ്റി പരാമര്‍ശിക്കുമ്പോള്‍ യൂറോപ്പ് കേന്ദ്രീകൃതമല്ലാത്ത ഈ വൈജ്ഞാനികവും സാംസ്കാരികവും ആയ സമ്പന്നതയില്‍ പീജി-യ്ക്കുണ്ടാവുന്ന ആവേശം ഒന്നു വേറെ തന്നെയാണ്.

പി.ജി യുടെ അറിവിന്റെ ലോകം ആഴത്തിന്റെയും വ്യാപ്തിയുടെയും ഒക്കെ കാര്യത്തില്‍ എന്നെപോലൊരുത്തന് എത്തിപിടിക്കാവുന്ന ഒന്നല്ല എന്ന് സവിനയം ഓര്‍ക്കുന്നു ഓര്‍മിപ്പിക്കുന്നു. പാരിഷത്തികത പൂര്‍ണമായും ഉള്‍ക്കൊണ്ട ശ്രീ പി. ഗോവിന്ദപിള്ള എന്ന ഞങ്ങളുടെ പീജി യുടെ ശബ്ദം ഇനി കേള്‍ക്കില്ല എന്ന് ഉറപ്പാണെങ്കിലും 'ഞങ്ങള്‍ ഈ കേള്‍വിക്കാര്‍' അതിന്നായി കാതോര്‍ത്തിരിക്കും.

ടി.കെ.കൊച്ചു നാരായണന്‍
തിരുവനന്തപുരം
7 ഡിസംബര്‍ 2012

pg, Politics, Prison Notebooks, Ideology, Literature, Kerala, World, Remembrance Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments