സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഞങ്ങള്‍ മുഴക്കിയിരിക്കും

സീതാറാം യെച്ചൂരി February 28, 2016

"സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഞങ്ങളും മുഴക്കും. വിശപ്പിൽ നിന്ന് സ്വാതന്ത്ര്യം വേണം, മനുവാദത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം, ദാരിദ്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം, ഈ രാജ്യത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസം നിൽക്കുന്ന എന്തിൽ നിന്നും സ്വാതന്ത്ര്യം വേണം."

ചിത്രത്തിന് കടപ്പാട്: ദേശാഭിമാനി


കേന്ദ്ര സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും നടക്കുന്ന പൗരസ്വാതന്ത്ര്യ ലംഘനങ്ങളെയും വിദ്യാര്‍ഥി സമരങ്ങളെയും സംബന്ധിച്ച് സി.പി.ഐ. (എം) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും രാജ്യസഭയിലെ എം.പി.-യുമായ സീതാറാം യെച്ചൂരി 2016 ഫെബ്രുവരി 26-ന് രാജ്യസഭയില്‍ നല്‍കിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

നമ്മുടെ രാജ്യത്തിന് എന്ത് സംഭവിക്കും എന്നതില്‍ എനിക്കുള്ള വേദനയും ആകുലതയും രേഖപ്പെടുത്തിക്കൊണ്ടാണ് താങ്കള്‍ തന്ന നോട്ടീസിന് മേലുള്ള ചര്‍ച്ച ഞാൻ തുടങ്ങി വയ്ക്കുന്നത്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്നതോ ജെ.എന്‍.യു.-വിൽ നടന്നതോ ആയ സംഭവങ്ങൾ രാജ്യത്തിലെ ഒന്നോ രണ്ടോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒതുങ്ങി നിൽക്കുന്നവയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും ജെ.എന്‍.യു.-വിലും മാത്രമല്ല, പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടതാണ്, ഐ.ഐ.റ്റി. മദ്രാസിൽ എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടതാണ്, ജാദവ്പൂരിൽ എന്താണ് നടക്കുന്നതെന്ന് നിങ്ങൾ കാണുന്നതാണ്, അലഹാബാദിൽ എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടതാണ്, ബര്‍ദ്വാനിൽ എന്താണ് നടന്നതെന്നും നിങ്ങൾ കണ്ടതാണ്. പല സ്ഥലങ്ങളിലും ഇതേ രീതിയിലുള്ള സംഭവങ്ങൾ നടക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും മാത്രമല്ല, ICHR, ICSSR, നെഹ്രു മെമ്മോറിയൽ മ്യൂസിയം തുടങ്ങിയിടങ്ങളിലും നിയമവിരുദ്ധമായ ഇടപെടലുകൾ നടന്നിട്ടുള്ളതായി സഭയെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സെൻട്രൽ യൂണിവേഴ്സിറ്റികളും പാര്‍ലമെന്റ് രൂപംകൊടുത്ത നിയമങ്ങളിലൂടെ സ്ഥാപിതമായതാണ്. പാര്‍ലമെന്റ് രൂപംകൊടുത്ത നിയമങ്ങൾക്കനുസരിച്ചാണ് ഈ സ്ഥാപങ്ങൾ പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റ് രൂപംകൊടുത്ത ഈ നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിൽ ഇടപെട്ട് അവയ്ക്ക് അറുതിവരുത്തുക എന്നത് നമ്മുടെ കടമയാണ്. സര്‍, ഇവിടെ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും ജെഎൻയുവിലും നടന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കുവാനായി ഒരു പാര്‍ലമെന്റ് കമ്മിറ്റിക്ക് രൂപം കൊടുക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.

ഇനി മുഖ്യവിഷയത്തിലേക്ക് വരാം. വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഉന്നത വിദ്യഭ്യാസരംഗത്ത് ഒരു ഉദ്യമം നടക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. വിവിധ ദര്‍ശന സമ്പ്രദായങ്ങളിൽനിന്നും ഗുണകരമായവ സ്വാംശീകരിക്കുന്ന തരത്തിലുള്ള ഇന്ത്യാ ചരിത്രത്തിന്റെ പരിണാമത്തിന്, നമ്മെ വാര്‍ത്തെടുത്ത ആ ചരിത്രത്തിന്, പകരമായി ഹിന്ദു പുരാണങ്ങളെ പ്രതിഷ്ഠിക്കാനുള്ള ഉദ്യമമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. ചരിത്രത്തിന് ബദലായി ഹിന്ദു പുരാണങ്ങളെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു, സമ്പന്നമായ ഇന്ത്യൻ തത്വചിന്തയ്ക്ക് ബദലായി ഹിന്ദു ദൈവശാസ്ത്രത്തെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നു. ഇത്തരം ഒരു ആസൂത്രിതപദ്ധതിയാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് നിലവിലുള്ളതിനൊക്കെ രൂപമാറ്റം വരുത്തി പലതും കൂട്ടിച്ചേര്‍ക്കുന്ന ഈ പദ്ധതിയിലൂടെ, ഹിന്ദുരാഷ്ട്രം എന്ന് ഇവര്‍ വിളിക്കുന്ന പദ്ധതിയുടെ രക്ഷാകര്‍തൃത്വത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ഇത് ഇന്ത്യയുടെ ഭരണഘടനക്കു മേലെയുള്ള ബലപ്രയോഗമാണ്. ദൗര്‍ഭാഗ്യവശാൽ ഇന്ത്യയുടെ ഭരണഘടനക്കു നേരെയുള്ള ഹിംസാത്മകമായ ഈ കടന്നുകയറ്റത്തിനു നേതൃത്വം കൊടുക്കുന്നത് ഈ സര്‍ക്കാരാണ്. ഇന്ത്യൻ റിപ്പബ്ലിക്കിനു നേരെയുള്ള കടന്നുകയറ്റത്തിനു സര്‍ക്കാര്‍ തന്നെയാണു നേതൃത്വം നൽകുന്നത്.

ഒരു അമ്മ തനിയെ വളര്‍ത്തിക്കൊണ്ടുവന്ന ദളിത് വിദ്യാർത്ഥി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ എത്തുന്ന അവസ്ഥയിലേക്ക് ഏകാവലംബയായ ഒരു അമ്മ വളര്‍ത്തിക്കൊണ്ടുവന്ന രണ്ടു മക്കൾ. നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ രാജ്യത്തു ദളിതര്‍ക്കു ചെയ്യുവാൻ കഴിയുന്ന ചുരുക്കം ചില തൊഴിലുകളെപ്പറ്റി. അത്തരം വേല ചെയ്ത് ആ അമ്മ വളര്‍ത്തിയ മക്കൾ, അവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകൾ നിര്‍ത്തലാക്കുക എന്നുപറഞ്ഞാൽ അവരെ കൊല ചെയ്യുക എന്നു തന്നെയാണ് അതിനര്‍ഥം.

എന്തുകൊണ്ടാണു ഞാൻ ഈ ആരോപണം ഉന്നയിക്കുന്നത് എന്നത് വിശദമാക്കാം. ആദ്യം ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ സംഭവങ്ങൾ എടുക്കാം. ഇന്ന് നമുക്ക് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എന്താണു സംഭവിച്ചതെന്നും, എങ്ങനെയാണു ദളിത് വിദ്യാർത്ഥികളെ കൈകാര്യം ചെയ്തിരുന്നതെന്നതും. ഒരുപാട് ദളിത് വിദ്യാർത്ഥികളുടെ ആത്മഹത്യ അവിടെ നടന്നിട്ടുണ്ട്. എന്തൊക്കെയാണ് ഇന്നലെകളിൽ സംഭവിച്ചത് എന്നതും നമുക്കറിവുള്ള കാര്യമാണ്. എന്നാൽ അത്തരം ആത്മഹത്യകൾ കൊണ്ടൊന്നും മറച്ചുപിടിക്കാവുന്നതല്ല രോഹിത് വെമുലയുടെ ദാരുണമായ ആത്മഹത്യയുടെ വിഷയം. ഈ വിദ്യാർത്ഥികൾക്കു നേരെ നടപടികൾ എടുത്തു, സാമൂഹികമായി ബഹിഷ്കൃതരാക്കി, അവരുടെ സ്കോളര്‍ഷിപ്പുകൾ നിര്‍ത്തലാക്കി. ഒരു അമ്മ തനിയെ വളര്‍ത്തിക്കൊണ്ടുവന്ന ദളിത് വിദ്യാർത്ഥി, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുവാൻ എത്തുന്ന അവസ്ഥയിലേക്ക് ഏകാവലംബയായ ഒരു അമ്മ വളര്‍ത്തിക്കൊണ്ടുവന്ന രണ്ടു മക്കൾ. നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ രാജ്യത്തു ദളിതര്‍ക്കു ചെയ്യുവാൻ കഴിയുന്ന ചുരുക്കം ചില തൊഴിലുകളെപ്പറ്റി. അത്തരം വേല ചെയ്ത് ആ അമ്മ വളര്‍ത്തിയ മക്കൾ, അവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകൾ നിര്‍ത്തലാക്കുക എന്നുപറഞ്ഞാൽ അവരെ കൊല ചെയ്യുക എന്നു തന്നെയാണ് അതിനര്‍ഥം. അതു നിങ്ങൾ ചെയ്തു. ആ സ്കോളര്‍ഷിപ്പുകൾ നിര്‍ത്തുന്നതിലൂടെ നിങ്ങൾ ഈ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കു തള്ളുന്ന ഒരു അവസ്ഥയാണു സംജാതമാക്കിയത്. അതേ നമ്മളോടു പറഞ്ഞതാണ്, ഈ സര്‍ക്കാരിലെ ഒരു ബഹുമാനപ്പെട്ട മന്ത്രി രണ്ടു വിദ്യാർത്ഥിഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനത്തിൽ ഇടപെട്ട് ഒരു കത്തെഴുതിയ കാര്യം. യൂണിവേഴ്സിറ്റി അധികാരികൾ അന്വേഷണം നടത്തി പ്രശ്നങ്ങൾ പരിഹരിച്ചു. അതിനു ശേഷവും ഇടപെടലുകൾ നടന്നു. ഞങ്ങളോടു പറഞ്ഞത് എല്ലാവരും മന്ത്രിക്കു കത്തെഴുതാറുണ്ടെന്നായിരുന്നു. അതെ, ഞങ്ങളെല്ലാം മന്ത്രിക്കു കത്തെഴുതാറുണ്ട്. അതിൽ തെറ്റൊന്നും ഇല്ല. ഞാനും മന്ത്രിമാര്‍ക്കു കത്തെഴുതിയിട്ടുണ്ട്. രാജ്യത്തെ പല യൂണിവേഴ്സിറ്റികളിലും നടക്കുന്ന സംഭവങ്ങളെപ്പറ്റി ഞാനും മന്ത്രിക്കു കത്തെഴുതിയിട്ടുണ്ട്. എന്റെ നിയോജകമണ്ഡലത്തിന് പുറത്തുള്ള സെൻട്രൽ സ്കൂളിൽ അഡ്മിഷൻ ചോദിച്ചുമൊക്കെ ഞാൻ കത്തെഴുതിയിട്ടുണ്ട്. മന്ത്രിക്കു കത്തെഴുതുന്നത് നമ്മളെല്ലാം ചെയ്യുന്ന കാര്യമാണ്. അതിൽ തെറ്റായിട്ടൊന്നുമില്ല. നിങ്ങളുടെ കത്തു കൈപ്പറ്റുന്നു, ആ വിഷയത്തിൽ നടപടി സ്വീകരിക്കുന്നതാണ് എന്നുള്ള മറുപടിയും നമുക്കു കിട്ടാറുണ്ട്. മന്ത്രിയുടെ ജോലിയുടെ ഭാഗമാണു കത്തു കിട്ടി എന്ന കാര്യം അറിയിച്ചുകൊണ്ടുള്ള കുറിപ്പു നൽകുന്നതും. പക്ഷേ ഇവിടെ വെറും സാധാരണ കത്തെഴുതുകയോ മറുപടി കിട്ടുകയോ അല്ല സംഭവിച്ചിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിലെ അഞ്ചു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെടുകയും യൂണിവേഴ്സിറ്റിയോടു നടപടി എടുക്കുവാൻ ആവശ്യപ്പെട്ടു കത്തെഴുതുകയും ചെയ്തു. അത് പക്ഷപാതപരമായ ഇടപെടലാണ്. ആ പക്ഷപാതപരമായ ഇടപെടൽ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നീതികരിക്കുവാൻ കഴിയാത്ത തെറ്റാണ്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് സര്‍ക്കാര്‍ അവരുടെ അധികാര പരിധി ലംഘിച്ചു എന്ന്. പതിവുപോലെ എഴുതുന്ന ഒരു കത്താണ് ഇതെന്നോ അല്ലെങ്കിൽ മറുപടി നല്കുക മാത്രമാണ് ചെയ്തതെന്നോ ഉള്ള വാദം തെറ്റാണ്. നമ്മളെല്ലാം പൊതുപ്രവര്‍ത്തകര്‍ ആയിരിക്കുന്നിടത്തോളം മന്ത്രിമാര്‍ക്ക് ആ നിലയിൽ കത്തുകളെഴുതാറുണ്ട്. അതുകൊണ്ട് ഇവിടെ ഉണ്ടായിരിക്കുന്ന പ്രശ്നം അധികാര ദുര്‍വിനിയോഗത്തിലൂടെ ഉണ്ടാക്കിയ സ്ഥിതിവിശേഷമാണ്. അതാണ്‌ ഈ മരണമെന്ന ദുരന്തത്തിൽ അവസാനിച്ചത്.

ബാബാ സാഹേബ് അംബേദ്കര്‍ക്ക് ആദരവ് അര്‍പ്പിക്കാൻ രണ്ടുദിവസത്തെ പാർലമെന്റ് സെഷൻ ചേര്‍ന്നപ്പോൾ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു വെറും പ്രകടനപരമായ പ്രസംഗങ്ങളും വാചക കസര്‍ത്തുകളും പോരാ ആദരവര്‍പ്പിക്കുവാൻ എന്ന്. ശക്തമായ നിയമനിര്‍മ്മാണത്തിനുള്ള കാര്യപരിപാടിയുമായി വരിക. എന്തുകൊണ്ട് 60 വര്‍ഷങ്ങൾക്കു ശേഷം ഇത്തരം ഒരു കാര്യപരിപാടി നടത്തേണ്ടി വരുന്നു എന്നതിനെപ്പറ്റി സംവദിക്കൂ. സംവരണത്തിന്റെ പരിമിതിമായ ലക്ഷ്യങ്ങൾ പോലും നേടുവാൻ എന്തുകൊണ്ടു കഴിഞ്ഞില്ല എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുവാനുള്ള കാര്യപരിപാടി തയ്യാറാക്കൂ. സ്വകാര്യവല്‍കരണവും, ഉദാരവല്‍കരണ സാമ്പത്തിക നയങ്ങളും മൂലം പൊതുമേഖല തകരുന്നത്, പൊതുമേഖലയുടെ തകര്‍ച്ചയിലൂടെ തൊഴിൽ സംവരണം ദിനേന ചുരുങ്ങിവരുന്നത്, സ്വകാര്യമേഖലയിൽ സംവരണത്തിന്റെ ആവശ്യകത എന്നിവയെപ്പറ്റി ചര്‍ച്ചചെയ്യൂ. എസ്.സി., എസ്.ടി നിയമങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങളുയർത്തുവാനും, ആ നിയമങ്ങളെ കൂടുതൽ ശക്തമാക്കുവാനും ഞങ്ങൾ പറഞ്ഞു. പക്ഷെ അത്തരം ഒരു കാര്യവും ചെയ്തിട്ടില്ല. അംബേദ്കര്‍ അനുസ്മരണം നടത്തുമ്പോൾ നിങ്ങൾ വാസ്തവത്തിൽ ദളിതരുടെ റോളിനെപ്പറ്റി ആശങ്ക ഉള്ളവരാണെങ്കിൽ ഇതൊക്കെയാണ് ചെയ്യേണ്ടത്.

ഒരു സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിൽ നമ്മൾ എവിടെയാണു നിൽക്കുന്നത്? ജാതിക്കും, മതത്തിനും ലിംഗത്തിനുമതീതമായ തുല്യത ഭരണഘടന വാഗ്ദാനംചെയ്യുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആ തുല്യതയാണ് ലംഘിച്ചിരിക്കുന്നത്. ഇതു വളരെ ഗുരുതരമായ പ്രശ്നമാണ്. ഇതു ഏതെങ്കിലും ചില യൂണിവേഴ്സിറ്റിയിലെയോ വിദ്യാലയങ്ങളിലെയോ പ്രശ്നങ്ങൾക്കുമപ്പുറത്തേക്ക് പോകുന്നതാണ്.

എന്താണു സര്‍ ഞാൻ കഴിഞ്ഞ തവണ പറഞ്ഞത്? ആ വാക്കുകൾ ഞാൻ പലതവണ ഉദ്ധരിച്ചതാണ്. ആ വാക്കുകൾ മുഴുവൻ വീണ്ടും ആവര്‍ത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് ഒരു രാഷ്ട്രീയ ഘടനയുണ്ട് അവിടെ നമ്മൾ എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യുവാനുള്ള അവകാശം കൊടുത്തിട്ടുണ്ട്, ഓരോ വോട്ടിനും തുല്യ വിലയാണുള്ളത്. ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിനു ഒരു മൂല്യം. ഡോ. അംബേദ്കര്‍ മുന്നറിയിപ്പ് തന്നിരുന്നു, ഒരു വോട്ട് ഒരു മൂല്യം എന്നതില്‍ നിന്നും എല്ലാ വ്യക്തികൾക്കും ഒരേ മൂല്യം എന്നതിലേക്കു നമ്മൾ വേഗത്തിൽ പരിവര്‍ത്തിക്കുന്നില്ലെങ്കിൽ ഈ രാഷ്ട്രീയചട്ടക്കൂടു നിലനിൽക്കില്ല, എറിഞ്ഞുടക്കപ്പെടും എന്ന്. അതാണു ഡോ. അംബേദ്കര്‍ തന്ന മുന്നറിയിപ്പ്. ആ ലക്ഷ്യത്തിലേക്കെത്താനായി നമ്മളെന്താണു ചെയ്യുന്നത്? പ്രസിഡന്റിനുള്ള നന്ദി പ്രമേയം വരുമ്പോൾ അല്ലെങ്കിൽ ബജറ്റ് വരുമ്പോൾ നമ്മളെന്താണു ചെയ്യുന്നതെന്നതിനെപ്പറ്റി നമുക്കു സംവാദം നടത്താം. ഒരു സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിൽ നമ്മൾ എവിടെയാണു നിൽക്കുന്നത്? ജാതിക്കും, മതത്തിനും ലിംഗത്തിനുമതീതമായ തുല്യത ഭരണഘടന വാഗ്ദാനംചെയ്യുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആ തുല്യതയാണ് ലംഘിച്ചിരിക്കുന്നത്. ഇതു വളരെ ഗുരുതരമായ പ്രശ്നമാണ്. ഇതു ഏതെങ്കിലും ചില യൂണിവേഴ്സിറ്റിയിലെയോ വിദ്യാലയങ്ങളിലെയോ പ്രശ്നങ്ങൾക്കുമപ്പുറത്തേക്ക് പോകുന്നതാണ്. പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ സ്റ്റേറ്റിന്റെ റോൾ എന്താണെന്നുള്ള വലിയ വിഷയമാണിത്. ആ യൂണിവേഴ്സിറ്റിക്കു രൂപം നൽകുന്ന നിയമം ഈ പാര്‍ലമെന്റിൽ നിങ്ങളും ഞാനുമാണു നിര്‍മ്മിച്ചത്. അതുകൊണ്ട് ഭരണകൂടം തങ്ങളൂടെ ഇടപെടൽ ദളിത് വിരുദ്ധമായിട്ടാണു കൊണ്ടുപോകുവാൻ തീരുമാനിക്കുന്നതെങ്കിൽ, പാര്‍ലമെന്റിലുള്ള ഞങ്ങൾക്കു അതിൽ അഭിപ്രായം രേഖപ്പെടുത്തേണ്ടിവരും.

ഇനി ജെ.എന്‍.യു. പ്രശ്നത്തിലേക്ക് വരാം. നമ്മളിൽ പലരും ജെ.എന്‍.യു.-വിന്റെ ഉല്പന്നങ്ങളാണ്, മന്ത്രിമാരിൽ പലരും ജെ.എന്‍.യു.-വിന്റെ ഉല്പന്നങ്ങളാണ്. പ്രശ്നങ്ങളുടെ തുടക്കത്തിൽ തന്നെ, ഞാൻ ഡി. രാജയും കെ. സി. ത്യാഗിയുമൊത്ത് ആഭ്യന്തരമന്ത്രിയെ കാണുകയും ദേശവിരുദ്ധമായി ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നിരപരാധികൾ ശിക്ഷിക്കപ്പെടില്ലെന്ന് നിങ്ങൾ ഞങ്ങൾക്ക് ഉറപ്പ് നൽകിയതാണ്. അപ്പോൾ ഹാഫിസ് സയിദിന്റേതായി, ബി.ജെ.പി. ഗവണ്മെന്റ് വിട്ടയച്ച പ്രസിദ്ധനായ ഭീകരൻ ഹാഫിസ് സയിദിന്റേതായി, വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതായ ട്വീറ്റ് വരുന്നു. സര്‍, രാജ്യത്തെ എല്ലാ ഇന്റലിജൻസ് ഏജൻസികളിൽ നിന്നും വിവരങ്ങൾ ലഭിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ഈ ട്വീറ്റിനെക്കുറിച്ച് പറയുകയും പിന്നീട് പിൻവലിക്കുകയും ചെയ്തുന്നുവെന്നത് താങ്കൾക്ക് സങ്കല്പിക്കുവാൻ കഴിയുമോ? ഇതൊരു വ്യാജ ട്വിറ്റര്‍ അക്കൗണ്ട്‌ ആണെന്ന അറിയിപ്പ് വന്നത് ഡൽഹി പോലീസിന്റെ ഭാഗത്ത് നിന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണോ നിങ്ങൾ മുന്നോട്ട് പോകുന്നത്? ഈ സഭയിൽ നിരവധി തവണ പറഞ്ഞിട്ടുള്ളത് പോലെ, രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങൾക്കെതിരെ, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾക്കെതിരെ ഏറ്റവും കര്‍ശനമായ നടപടികൾ ഉണ്ടാവണം എന്ന് ഞാൻ സഭയിൽ പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ അതിന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റിയുടെ മേൽ കുറ്റം ചാര്‍ത്തുന്നത് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യമാണ്. കാരണം ഈ ചെറുപ്പക്കാരാണ് സര്‍, ഒരിക്കൽ സര്‍ദാര്‍ പട്ടേൽ പറഞ്ഞതു പോലെ, ഇന്ത്യയുടെ ഉരുക്ക് ചട്ടക്കൂട്. ഭരണരംഗത്തിന്റെ, വിദേശകാര്യങ്ങളുടെ, പോലീസ് സേവനങ്ങളുടെ, മാധ്യമങ്ങളുടെ, അക്കഡമിയയുടെ, ഇന്റലിജൻസിന്റെയെല്ലാം ഉരുക്ക് ചട്ടക്കൂട് ഈ ചെറുപ്പക്കാരാണ്. ഇന്നീ ഗവണ്മെന്റിനെ നയിക്കുന്ന, ജെ.എന്‍.യു.-വിന്റെ ഉല്പന്നങ്ങളായ പല ഉദ്യോഗസ്ഥരുടെയും പേരുകൾ എനിക്ക് പറയുവാൻ കഴിയും. വിദേശകാര്യമന്ത്രി ഇവിടെയുണ്ട്. വിദേശകാര്യ സെക്രട്ടറി ജെ.എന്‍.യു.-വിൽ നിന്നാണ്. ആഭ്യന്തര മന്ത്രി ഇപ്പോഴിവിടെയില്ല. ISSൽ നിന്നും മറ്റുമുയരുന്ന തീവ്രവാദഭീഷണികൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ സെല്ലിനെ നയിക്കുന്നത് ഒരു ജെ.എന്‍.യു. പൂര്‍വവിദ്യാര്‍ത്ഥിയാണ്. ജെ.എന്‍.യു. വിദ്യാര്‍ത്ഥികൾ പ്രാഗത്ഭ്യം തെളിയിക്കാത്ത ഒരു മേഖലയുമില്ല. എന്നാൽ ഇപ്പോൾ യൂണിവേഴ്സിറ്റിയെ മൊത്തമായി ദേശവിരുദ്ധമായി ചിത്രീകരിച്ച് ശിക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിദ്യാര്‍ത്ഥികൾ രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് നിങ്ങൾ പറയുന്നത്.

അന്ന് ഞങ്ങൾ ജെ.എൻ.യു.-വിൽ മുഴക്കിയ മുദ്രാവാക്യം എന്തായിരുന്നു? “ഞങ്ങളുടെ ശരീരം കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടാലും ഈ രാജ്യത്തെ വെട്ടിമുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല, ഞങ്ങൾ തീവ്രവാദത്തിന് എതിരാണ്” എന്നായിരുന്നു അത്. ഇന്ന് ഞങ്ങളുടെ രാജ്യസ്നേഹത്തെപ്പറ്റി നെടുങ്കൻ പ്രസംഗങ്ങൾ നടക്കുന്നു. ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ അതിനുള്ള പരിഹാരം കാണാൻ ശ്രമിക്കൂ.

സര്‍, എന്താണ് സംഭവിക്കുന്നത്? നാഥുറാം ഗോഡ്സെ ഒരു ദേശീയനായകൻ ആക്കപ്പെടുന്നു, സീതാറാം യെച്ചൂരിയും താങ്കളുമൊക്കെ ദേശവിരുദ്ധരും. സര്‍, ഇതാണോ നമുക്ക് വേണ്ട ദേശീയത? വിദ്യാര്‍ത്ഥികളിൽ ദേശീയത ഉൾപ്രവേശിപ്പിക്കുവാനായി 217 അടിയുള്ള ഒരു ഭീമൻ ദേശീയ പതാക എല്ലാ കേന്ദ്ര യൂണിവേഴ്സിറ്റികളിലും സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. വളരെ നല്ലത്. നിങ്ങൾ അത് രാജ്യമെമ്പാടും സ്ഥാപിക്കൂ. പക്ഷേ സര്‍, ഞങ്ങളുടെ ഹൃദയത്തിലുള്ള ത്രിവര്‍ണ്ണ പതാക ഇവര്‍ സ്ഥാപിക്കുവാന്‍ പോകുന്ന എല്ലാ കൊടികളേക്കാളും വലുതാണ്. നിങ്ങൾ ഞങ്ങളെ ദേശഭക്തി എന്താണെന്ന് പഠിപ്പിക്കേണ്ട. ഇത്തരം ഇരട്ടത്താപ്പുകാരുടെ കയ്യിൽ നിന്ന് ഞങ്ങൾക്ക് രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. ജെ.എൻ.യു.-വിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിൽ നിന്നാണ് ഞാൻ വരുന്നത്, ഞാനാണതിനെ ഒരിക്കൽ നയിച്ചിരുന്നത്. അഭിമാനത്തോടെയാണ് ഞങ്ങളിത് പറയുന്നത്. അസ്സമിൽ ഞങ്ങളുടെ ഒരു സഖാവിനെ ഭീകരവാദികൾ കൊലപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പേര് നിരഞ്ജൻ താലൂക്ദാര്‍ എന്നാണ്, അദ്ദേഹം വര്‍ഷങ്ങൾക്ക് മുന്നേ രക്തസാക്ഷി ആയി. അദ്ദേഹത്തിന്റെ ശരീരം കഷണങ്ങളായി വെട്ടി മുറിച്ച്, ചാക്കിൽ കെട്ടി ഒരു കിണറ്റിലിട്ടു. ഒരു മാസത്തോളം അദ്ദേഹത്തെ കണ്ടെത്താനായില്ല. ദന്തഘടനയിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. സര്‍, അന്ന് ഞങ്ങൾ ജെ.എൻ.യു.-വിൽ മുഴക്കിയ മുദ്രാവാക്യം എന്തായിരുന്നു? “ഞങ്ങളുടെ ശരീരം കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടാലും ഈ രാജ്യത്തെ വെട്ടിമുറിക്കാൻ ഞങ്ങൾ അനുവദിക്കില്ല, ഞങ്ങൾ തീവ്രവാദത്തിന് എതിരാണ്” എന്നായിരുന്നു അത്. ഇന്ന് ഞങ്ങളുടെ രാജ്യസ്നേഹത്തെപ്പറ്റി നെടുങ്കൻ പ്രസംഗങ്ങൾ നടക്കുന്നു. ഇവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ അതിനുള്ള പരിഹാരം കാണാൻ ശ്രമിക്കൂ.

രാജ്യദ്രോഹക്കുറ്റനിയമം. അതുപയോഗിച്ചാണ് ഗാന്ധിജിയെ ജയിലിലടച്ചത്. അതുപയോഗിച്ചാണ് ബാലഗംഗാധര തിലകനെ ജയിലിലടച്ചത്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഈ രാജ്യദ്രോഹക്കുറ്റനിയമത്തെ നമ്മുടെ നിയമസംഹിതയിൽ നിന്ന് ഒഴിവാക്കുമെന്ന് നമുക്ക് വാക്ക് തന്നിരുന്നതാണ്. പക്ഷേ അത് ഒഴിവാക്കപ്പെട്ടില്ല. ഈ നിയമമുപയോഗിച്ചാണ് ഭഗത് സിംഗിനെ തൂക്കിക്കൊന്നതും അദ്ദേഹം രക്തസാക്ഷിയായതും. ഇന്നിവര്‍ ഇതേ രാജ്യദ്രോഹക്കുറ്റനിയമം നമ്മുടെ വിദ്യാര്‍ത്ഥികളുടെ മേലാണ് പ്രയോഗിക്കുന്നത്. അവര്‍ സ്വന്തം അഭിപ്രായം പറയുമ്പോളാകട്ടെ ആക്രമിക്കപ്പെടുന്നു. ശ്രീമാൻ അഭ്യന്തരമന്ത്രി, ഡൽഹിയിലെ പോലീസ് താങ്കളുടെ കീഴിലാണല്ലോ. ഡൽഹിയിലെ പോലീസ് കമ്മിഷണര്‍ പറയുന്നത് അവരുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ അവര്‍ [അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികൾ] കുറ്റവാളികളാണെന്നാണ്. പോലീസ് കമ്മീഷണര്‍ ആണിത് പറയുന്നത്. പോലീസ് കമ്മീഷണര്‍ നിയമത്തിന്റെ തത്വസംഹിതയെ കീഴ്മേൽ മറിക്കുകയാണ്. രാജ്യസഭാകക്ഷി നേതാവ് ബഹുമാന്യനായൊരു വക്കീലാണ്. ഇതെവിടുത്തെ ന്യായമാണ്, സര്‍? അവിടെ അവര്‍ ആക്രമിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെ നാമിതെല്ലാം കാണുന്നു. സര്‍ക്കാരിന്റെ കയ്യിലുള്ള തെളിവുകളാകട്ടെ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെടുന്നു. ശബ്ദമുയര്‍ത്തുകയാണെങ്കിൽ കോടതിയിൽ വെച്ച് പോലും തല്ലുന്നു. പട്യാലകോര്‍ട്ടിൽ നടക്കുന്ന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി ഒരു അഭിഭാഷകസംഘത്തെ അയച്ചു, അതിൽ ഒരു മുൻരാജ്യസഭാംഗവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന ആളും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തെയും തല്ലി. രാജ്യത്ത് എന്തൊക്കെയാണ് സര്‍ നടക്കുന്നത്? ശ്രീമാൻ ആഭ്യന്തരമന്ത്രിയോടും ഞാൻ ഇത് തന്നെയാണ് ചോദിക്കാൻ ആഗ്രഹിക്കുന്നത് എന്തൊക്കെയാണ് നടക്കുന്നത്? ന്യായാലയങ്ങളിൽ നീതി നടപ്പാക്കൂ. അതിന് പകരം തല്ലുകയാണോ വേണ്ടത്? ഈ ആക്രമണം നടത്തിയ ആളുകളെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. ഡൽഹിയിലെ ബി.ജെ.പി.-യുടെ ബഹുമാനപ്പെട്ട എം.എൽ.എ. അഭിമാനത്തോടെ പറഞ്ഞിരുന്നത് പ്രതിപക്ഷം ഒരു സിറ്റി ബസിൽ കൊള്ളുവാനുള്ളതേ ഉള്ളൂ എന്നാണ്. ഡൽഹി തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഞങ്ങൾ പറഞ്ഞു, ഡൽഹിയിലെ ബി.ജെ.പി. എം.എല്‍.എമാര്‍ ഒരു ഓട്ടോറിക്ഷയിൽ കൊള്ളുവാനുള്ളതേ ഉള്ളൂ എന്ന്. അതിലൊരു എം.എൽ.എ ആക്രമണത്തിൽ പങ്കെടുക്കുന്നു, എന്നിട്ട് പറയുന്നു താൻ ദേശഭക്തനാണെന്നും തനിക്ക് തല്ലുവാനുള്ള അനുമതിയുണ്ടെന്നും.

"ഈ ഭരണഘടന പൗരര്‍ക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഈ ഭരണഘടനയുടെ മേൽ സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ഞാനും നിങ്ങളുമൊക്കെ ഇവിടെ ഇരിക്കുന്നത്. ഈ ഭരണഘടനയുടെ മേൽ സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയത്. നിങ്ങൾക്കെതിരെ ആരെങ്കിലും മുദ്രാവാക്യം മുഴക്കുകയാണെങ്കിൽ അവര്‍ രാജ്യദ്രോഹികളാകുമോ?"

ചിത്രത്തിന് കടപ്പാട്:ഗണശക്തി

നമ്മുടെ പ്രധാനമന്ത്രി എത്രയോ രാജ്യങ്ങളിൽ യാത്ര ചെയ്തു വന്നിരിക്കയാണ്. ന്യൂ യോര്‍ക്ക്‌ റ്റൈംസിന്റെ എഡിറ്റോറിയൽ അങ്ങ് വായിച്ചു നോക്കൂ. സര്‍, ഞാൻ ന്യൂ യോര്‍ക്ക്‌ റ്റൈംസിന്റെ എഡിറ്റോറിയൽ വായിച്ചു കേൾപ്പിക്കട്ടെ. അത് പത്രങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതാണ്. “...സംസാരസ്വാതന്ത്ര്യവാദികളും, ഭിന്നാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനുറച്ചുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗവണ്മെന്റും അവരുടെ ഹിന്ദു വലതുപക്ഷകൂട്ടാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി ഇന്ത്യയിന്ന് കഠിനയാതന അനുഭവിക്കുന്നു... വക്കീലന്മാരും ബി.ജെ.പി. പ്രവര്‍ത്തകരും “ഭാരത്‌ മാതാ കി ജയ്‌” എന്നും “രാജ്യദ്രോഹികൾ ഇന്ത്യ വിടുക” എന്നുമുള്ള മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ട് ജേര്‍ണലിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും ആക്രമിച്ചു. പോലീസ് ഇടപെടുവാൻ വിസമ്മതിച്ചു…” സര്‍, ഇത് ന്യൂ യോര്‍ക്ക്‌ റ്റൈംസാണ്. ലെ മോന്ദ്, യൂറോപ്പിലെ ഏറ്റവും ബഹുമാന്യമായ പത്രങ്ങളിലൊന്ന്, ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി എഡിറ്റോറിയൽ എഴുതി. ഇതാണ് ഇവിടെ നടക്കുന്നതെങ്കിൽ ഈ വിദേശപര്യടനങ്ങളും ഇന്ത്യയ്ക്ക് വേണ്ടിയുള്ള സഹായാഭ്യര്‍ത്ഥനയുമൊക്കെ കൊണ്ടെന്ത് കാര്യം?

സര്‍, അതുകൊണ്ടാണ് ഈ സംഭവങ്ങൾ എങ്ങനെ ഭരണഘടനാ വിരുദ്ധമാകുന്നത് എന്നതിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്. ഭരണഘടന എനിക്ക് അവകാശങ്ങൾ അനുവദിച്ച് തന്നിട്ടുണ്ട്. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്, ആ ഇന്ത്യയിലാണ് ഞാൻ ജനിച്ചത്. ഇവിടെയിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും അങ്ങനെയാണെന്നാണ് ഞാൻ കരുതുന്നത്. സര്‍, നമ്മുടെ ഗീതയും ബൈബിളും ഖുറാനുമെല്ലാം ഈ ഭരണഘടനയാണ് (ഭരണഘടനയുടെ കോപ്പി ഉയര്‍ത്തിക്കാട്ടുന്നു). ഈ ഭരണഘടന പൗരര്‍ക്ക് ചില അധികാരങ്ങൾ നൽകുന്നുണ്ട്. ഈ ഭരണഘടനയുടെ മേൽ സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ഞാനും നിങ്ങളുമൊക്കെ ഇവിടെ ഇരിക്കുന്നത്. ഈ ഭരണഘടനയുടെ മേൽ സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയത്. നിങ്ങൾക്കെതിരെ ആരെങ്കിലും മുദ്രാവാക്യം മുഴക്കുകയാണെങ്കിൽ അവര്‍ രാജ്യദ്രോഹികളാകുമോ? സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഉയര്‍ന്നു എന്നാണ് ഞാൻ കേട്ടത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ തീര്‍ച്ചയായും ഉയരും. ഞങ്ങളും ആ മുദ്രാവാക്യങ്ങൾ വിളിക്കാറുണ്ട്. ഞങ്ങളെയും അറസ്റ്റ് ചെയ്യൂ. ഞങ്ങൾ വിശപ്പിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, നിഷ്ക്രിയത്വത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, ഞങ്ങൾ മനുവാദത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു, ഞങ്ങൾ സംഘവാദത്തിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഈ സ്വാതന്ത്ര്യം ഞങ്ങൾ ആഗ്രഹിക്കുന്നു, അതിന് വേണ്ടി ഞങ്ങൾ പോരാടുകയും ചെയ്യും. അതിനുള്ള അധികാരം എനിക്ക് ഈ ഭരണഘടന നൽകുന്നുണ്ട്.

ഇന്ത്യയെന്നാലെന്താണ് സര്‍? നമ്മുടെ രാജ്യത്തിന്റെ മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ തന്നെ പുരോഗതിയുടെ കളിത്തൊട്ടിലായിരുന്നു നമ്മുടെ ഈ നാട്. നാം ലോകത്തിന് ധാരാളം സംഭാവനകൾ നൽകിയത് കൊണ്ട് കൂടിയാണ് ലോകസംസ്കാരം ഇന്നീ രീതിയിൽ നിലനിൽക്കുന്നത്. ഇതെല്ലാം ഹിന്ദു സംസ്കാരത്തിന്റെ ഉല്പന്നങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. ഈ പുരോഗതിയിലേറെയും സംഭവിച്ചത് ബുദ്ധമതത്തിന് ആധിപത്യം ഉണ്ടായിരുന്ന കാലത്താണ്. ഈ പുരോഗതി നിലച്ചതാകട്ടെ, വര്‍ഗശ്രേണീബദ്ധമായ മനുവാദം ആധിപത്യം ഉറപ്പിച്ചപ്പോഴാണ്. ഈ മനുവാദത്തിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്.

ഗുരുദേവ് രവീന്ദ്രനാഥ ടഗോറിന്റെ ദേശീയതയെപ്പറ്റിയുള്ള പുസ്തകം വായിച്ചു നോക്കൂ. അദ്ദേഹമെഴുതിയ ജനഗണമനയാണ് നാം ദേശീയഗാനമായി അംഗീകരിച്ചത്. അദ്ദേഹം ദേശീയതയെപ്പറ്റി എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസുമെല്ലാം ദേശീയതയെപ്പറ്റി എഴുതിയിട്ടുണ്ട്. ഇന്ത്യയെന്നാലെന്താണ് സര്‍? നമ്മുടെ രാജ്യത്തിന്റെ മാത്രമല്ല, മനുഷ്യ സംസ്കാരത്തിന്റെ തന്നെ പുരോഗതിയുടെ കളിത്തൊട്ടിലായിരുന്നു നമ്മുടെ ഈ നാട്. നാം ലോകത്തിന് ധാരാളം സംഭാവനകൾ നൽകിയത് കൊണ്ട് കൂടിയാണ് ലോകസംസ്കാരം ഇന്നീ രീതിയിൽ നിലനിൽക്കുന്നത്. ഇതെല്ലാം ഹിന്ദു സംസ്കാരത്തിന്റെ ഉല്പന്നങ്ങളാണെന്ന് പറയുന്നത് തെറ്റാണ്. ഈ പുരോഗതിയിലേറെയും സംഭവിച്ചത് ബുദ്ധമതത്തിന് ആധിപത്യം ഉണ്ടായിരുന്ന കാലത്താണ്. ഈ പുരോഗതി നിലച്ചതാകട്ടെ, വര്‍ഗശ്രേണീബദ്ധമായ മനുവാദം ആധിപത്യം ഉറപ്പിച്ചപ്പോഴാണ്. ഈ മനുവാദത്തിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം വേണ്ടത്. ദാരാ ഷിക്കോയെ പറ്റി പറയുകയാണെങ്കിൽ ഇക്കൂട്ടര്‍ ‘ബാബര്‍ കി ഔലാദ്’ [ബാബറിന്റെ സന്തതികൾ] എന്ന് പറയും. അദ്ദേഹം സംസ്കൃതം പഠിച്ച് ‘മജ്മാ-ഉൽ-ബഹറൈൻ’ [‘രണ്ട് സമുദ്രങ്ങളുടെ സംഗമം’] എന്ന ഗ്രന്ഥം രചിച്ചു. നിങ്ങളുടെ വേദങ്ങളും ഉപനിഷത്തുകളും ഇന്ന് ലോകം അറിയുന്നുണ്ടെങ്കിൽ അത് ദാരാ ഷിക്കോ കാരണമാണ്. അദ്ദേഹത്തെയാണ് ഇവര്‍ ‘ബാബര്‍ കി ഔലാദ്’ എന്ന് വിളിക്കുന്നത്. ‘മജ്മാ-ഉൽ-ബഹറൈൻ’, ഇസ്ലാമിക്‌ സൂഫിസം, വേദാന്തത്തിലധിഷ്ഠിതമായ ഇന്ത്യൻ പാരമ്പര്യം എന്നീ രണ്ട് സമുദ്രങ്ങളുടെ സംഗമമാണ്. ഇന്ത്യ ആത്മീയൗന്നത്യത്തിലേക്ക് അഭിവൃദ്ധിപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. അത് തടസ്സപ്പെടുത്തപ്പെട്ടു. അതുകൊണ്ടാണ് ഒന്നോ രണ്ടോ പ്രശ്നങ്ങളിൽ മാത്രം അധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കരുതെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുന്നത്.

ഏതെങ്കിലും രീതിയിൽ, ആരെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിൽ അവര്‍ക്കെതിരെ നടപടി എടുക്കൂ. പക്ഷേ അതിന്റെ പേരിൽ നിങ്ങൾക്കെങ്ങനെയാണ് ഒരു സര്‍വകലാശാലയുടെ മേൽ കുറ്റം ആരോപിക്കാൻ സാധിക്കുക? ഞാനീ സഭയിൽ നിരവധി തവണ പറഞ്ഞിട്ടുള്ളത് പോലെ, സര്‍ നമ്മുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ഈ അശോകസ്തംഭം, അതിനടിയിൽ കൊത്തിവെച്ചിരിക്കുന്നത് ‘ഒരാളുടെ വര്‍ഗമോ മതമോ കണക്കിലെടുക്കാതെ, അയാളുടെ വിശ്വാസത്തെ സംരക്ഷിക്കുക എന്നതാണ് രാഷ്ട്രത്തിന്റെ കടമ’ എന്നാണ്. ഭഗവദ്ഗീതയിൽ കൃഷ്ണൻ എന്താണ് പറഞ്ഞത്. ബഹുമാനപ്പെട്ട വിദേശകാര്യമന്ത്രി ഗീതയെ ദേശീയഗ്രന്ഥമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നല്ലോ. അതിലെന്താണ് പറയുന്നത്? ‘എല്ലാ വ്യക്തികളുടെയും അവര്‍ തെരെഞ്ഞെടുക്കുന്ന എല്ലാ രൂപങ്ങളിലുമുള്ള വിശ്വാസത്തെയും ഞാൻ സംരക്ഷിക്കും’ എന്നാണ് കൃഷ്ണൻ പറയുന്നത്. നാം അത് ചെയ്യുന്നുണ്ടോ?

ഇന്ത്യയ്ക്ക് എന്തായി തീരുവാൻ കഴിയും എന്നതിനെക്കുറിച്ച് നമുക്ക് ധാരണയുണ്ടോ? നിങ്ങളതിനെ ഇടുങ്ങിയ വീട്ടുചുമരുകൾക്കുള്ളിൽ ഒതുക്കുവാൻ നോക്കുകയാണ്. ഇടതു പക്ഷക്കാര്‍ മന്ത്രവാദിനികളെപ്പോലെയാണെന്നാണ് പറയുന്നത്. ഷേക്സ്പിയര്‍ എന്ന മഹാനുഭാവന്റെ നാനൂറാമത് ജന്മദിനം ഈ വര്‍ഷം ആഘോഷിക്കുകയാണ്. ഇത്രയുമധികം സാഹിത്യം ഒരാളാണോ എഴുതിയതെന്ന് ഞാൻ അദ്ഭുതപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ മാക്ബത്തിൽ Song of Witches എന്ന ഭാഗമുണ്ട്. നിങ്ങൾ ഞങ്ങളെ മന്ത്രവാദിനികളോടാണ് താരതമ്യപ്പെടുത്തുന്നതെങ്കിൽ ഈ ഭാഗം കേട്ടു നോക്കൂ. അതിൽ പറയുന്നതിങ്ങനെയാണ്:

“Double, double toil and trouble;
Fire burn and caldron bubble.”
“For a charm of powerful trouble,
Like a hell-broth boil and bubble.”

അതേ സര്‍, ഞങ്ങൾ മന്ത്രവാദിനികളാണ്, ഞങ്ങൾ എന്താണ് സംഭവിക്കാൻ പോകുന്നതിനെപ്പറ്റി മുന്നറിയിപ്പ് തരുന്നവരാണ്. മന്ത്രവാദിനികൾ മാക്ബത്തിന് മുന്നറിയിപ്പ് കൊടുത്തത് അയാൾ രാജാവാകുമെങ്കിലും രാജപരമ്പര ഉണ്ടാകുവാൻ പോകുന്നത് ബാൻക്വോയിൽ നിന്നാണെന്നാണ്. അതുപോലെ നിങ്ങൾ ഇന്ന് രാജാവായിരിക്കാം, പക്ഷേ ഇന്ത്യയിലെ രാജപരമ്പര ഉണ്ടാകാൻ പോകുന്നത് മറ്റൊരു ബാൻക്വോയിൽ നിന്നായിരിക്കും. നിങ്ങൾ ഞങ്ങളെ മന്ത്രവാദിനികളെന്നാണ് വിളിക്കുന്നതെങ്കിൽ, മന്ത്രവാദിനികളുടെ പ്രവചനത്തെപ്പെറ്റിയും മനസ്സിലാക്കണം. അത് സത്യമായി ഭവിക്കുന്നതാണ്. മുന്നറിയിപ്പ് തരികയെന്നാൽ സജ്ജരായിരിക്കുക എന്ന് കൂടിയാണ് അര്‍ത്ഥം. അതുകൊണ്ടാണ് ഞങ്ങൾ ജനങ്ങളോട് ദേശീയതയുടെ പേരിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ സജ്ജരായിരിക്കാൻ പറയുന്നത്. ഇത്തരം ദേശീയത മതകീയതയുടെ ഒരു പ്രത്യേക ബ്രാൻഡാണ്.

ഞാനും നിങ്ങളുമൊക്കെ മുസ്ലീം സ്വാധീനവും ക്രിസ്ത്യൻ സ്വാധീനവുമുള്ള ഈ രാജ്യത്ത് ജനിച്ച് വളര്‍ന്നവരാണ്. ഞാൻ ജനിച്ചത് ഒരു പരമ്പരാഗതമായ ഹിന്ദുകുടുംബത്തിലാണ്. എന്റെ വേദപഠനവും ഉപനയനവും പതിനൊന്നാം വയസ്സിൽ കഴിഞ്ഞതാണ്. സീതാറാം എന്ന പേരുണ്ടായിട്ടു പോലും വേദപഠനത്തിന് ശേഷവും നിങ്ങളെങ്ങനെയാണ് കമ്മ്യൂണിസ്റ്റായതെന്ന് ചോദിച്ചേക്കാം. അവയെല്ലാം എന്താണെന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാനൊരു കമ്മ്യൂണിസ്റ്റായത്.

സര്‍, ഞാനും നിങ്ങളുമൊക്കെ മുസ്ലീം സ്വാധീനവും ക്രിസ്ത്യൻ സ്വാധീനവുമുള്ള ഈ രാജ്യത്ത് ജനിച്ച് വളര്‍ന്നവരാണ്. ഞാൻ ജനിച്ചത് ഒരു പരമ്പരാഗതമായ ഹിന്ദുകുടുംബത്തിലാണ്. എന്റെ വേദപഠനവും ഉപനയനവും പതിനൊന്നാം വയസ്സിൽ കഴിഞ്ഞതാണ്. സീതാറാം എന്ന പേരുണ്ടായിട്ടു പോലും വേദപഠനത്തിന് ശേഷവും നിങ്ങളെങ്ങനെയാണ് കമ്മ്യൂണിസ്റ്റായതെന്ന് ചോദിച്ചേക്കാം. അവയെല്ലാം എന്താണെന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാനൊരു കമ്മ്യൂണിസ്റ്റായത്. അതുകൊണ്ട് ഞങ്ങളെ ഇതൊന്നും പഠിപ്പിക്കാൻ വരണ്ട. നിങ്ങൾക്ക് ഇക്കാര്യങ്ങളിൽ സംവാദത്തിന് താല്പര്യമുണ്ടെങ്കിൽ, വരൂ. സംവാദത്തിലൂടെയാണ് നമ്മുടെ തത്വചിന്ത വളരുന്നത്. ഇത്തരം സംവാദങ്ങളെയാണ് ഇന്നിവര്‍ അടിച്ചമര്‍ത്താൻ നോക്കുന്നത്.

പ്രധാനമന്ത്രി ഈയിടെ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിന് പോയിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും ബിരുദദാന ചടങ്ങിന് പോയിട്ടുണ്ട്, അലഹബാദ് സര്‍വകലാശാലയില്‍. അദ്ദേഹം അലഹബാദ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സര്‍വകലാശാലകളെ സംബന്ധിച്ച് പറഞ്ഞത് എന്തായിരുന്നു?

"ഒരു സര്‍വകലാശാല നിലകൊള്ളുന്നത് മാനവികതയ്ക്ക് വേണ്ടിയും, സഹിഷ്ണുതയ്ക്ക് വേണ്ടിയും, ആശയങ്ങളുടെ സാഹസികതകള്‍ക്ക് വേണ്ടിയും, സത്യാന്വേഷണങ്ങള്‍ക്ക് വേണ്ടിയുമാണ്. കൂടുതല്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങളിലേക്കുള്ള മനുഷ്യരാശിയുടെ മുന്നോട്ട് പോക്കിന് വേണ്ടിയാണ് അത് നിലകൊള്ളുന്നത്. സര്‍വകലാശാലകള്‍ അവരുടെ കടമകള്‍ കൃത്യമായി നിര്‍വഹിക്കുകയാണെങ്കില്‍ രാജ്യവും ജനതയും സംതൃപ്തരായിരിക്കും."

സഹിഷ്ണുതയ്ക്ക് വേണ്ടി, മാനവികതയ്ക്ക് വേണ്ടി, ആശയങ്ങളുടെ സാഹസികതയ്ക്ക് വേണ്ടി! നിങ്ങള്‍ ഒരു സര്‍വകലാശാലയെ മുഴുവനും നിന്ദിക്കുകയാണ്. അവര്‍ ദേശവിരുദ്ധരാണെന്നും അടച്ചുപൂട്ടപ്പെടേണ്ടതുമാണെന്നാണ് നിങ്ങള്‍ പറയുന്നു. നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായിരുന്നു എഡിറ്റോറിയലുകളില്‍. ഓര്‍ഗനൈസര്‍ പറയുന്നത് ജെ.എന്‍.യു. ദേശവിരുദ്ധരുടെ കൂടാരമാണെന്നും അത് അടച്ചുപൂട്ടണമെന്നുമാണ്. ഇന്ന് ഭരണകക്ഷിയുടെ നേതാക്കളും പറയുന്നു അടച്ചുപൂട്ടുവാന്‍. (അവ്യക്തം). അടിയന്തരാവസ്ഥക്കാലത്ത് ജെ.എന്‍.യു.-വിന്റെ ഉള്ളില്‍ ഞങ്ങള്‍ യൂണിവേഴ്സിറ്റി കോര്‍ട്ട് നടത്തുവാന്‍ സമ്മതിച്ചിരുന്നില്ല. കാരണം ഇന്ദിരാ ഗാന്ധി ആയിരുന്നു അന്ന് ചാന്‍സലര്‍. അടിയന്തരാവസ്ഥയ്ക്കെതിരെ ഞങ്ങള്‍ സമരം നടത്തുകയാണ്, അത് കൊണ്ട് സര്‍വകലാശാലയ്ക്കുള്ളില്‍ വച്ച് നടത്തുവാന്‍ സമ്മതിക്കുകയില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നീട് വിജ്ഞാന്‍ ഭവനിലാണ് ആ മീറ്റിങ്ങ് നടത്തപ്പെട്ടത്. ജനാധിപത്യത്തിന് മേലുള്ള അതിക്രമങ്ങള്‍ക്ക് എതിരെ ഞങ്ങള്‍ പൊരുതി. അത് പോലെ, ഇന്ന് നവപ്രഭാവത്തോടെ മതനിരപേക്ഷതയ്ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പോരാട്ടം നടത്തുകയാണ്. അത് കൊണ്ട് തന്നെ ഭിന്നതകളെ അടിച്ചമര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടണനയ്ക്കോ ഇന്ത്യന്‍ ജനാധിപത്യത്തിനോ അനുസൃതമല്ല. അത് കൊണ്ട് സര്‍, പാര്‍ലമന്റ് പാസാക്കിയ ആക്റ്റുകളിലൂടെ - ഓരോ സ്ഥാപനത്തിനും പ്രത്യേകമായ ആക്റ്റുകള്‍ ഉണ്ട് - സ്ഥാപിതമായ കേന്ദ്ര സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കുവാന്‍ ഒരു സഭാ സമിതിയെ നിയോഗിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. ഇവിടങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ രാജ്യത്തിനോട് ഉത്തരം പറയുവാനുള്ള ബാദ്ധ്യത അന്തിമമായി നമ്മുക്ക് ആണ് ഉള്ളത്.

"മനുവാദത്തില്‍ നിന്ന് സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യം നിലനില്‍ക്കും. അത് കാരണം അങ്ങയ്ക്ക് എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. ഞാനാ മുദ്രാവാക്യം വിളിക്കും. "വിശപ്പില്‍ നിന്ന് സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യവും ഞാന്‍ വിളിക്കും, സര്‍. ലോകത്ത് വിശപ്പ് മൂലം ദിവസേന മരിക്കുന്ന അഞ്ച് കുട്ടികളില്‍ മൂന്ന് പേര്‍ ഇന്ത്യയില്‍ നിന്ന് ആണ് എന്നുള്ളത് എനിക്ക് അപമാനകരമാണ് സര്‍.

നിങ്ങളും എഴുത്തുകള്‍ എഴുതാറില്ലേ എന്ന് ചോദിക്കരുത്. എല്ലാവരും എഴുത്തുകള്‍ എഴുതാറുണ്ട്. ഞങ്ങളും എഴുതാറുണ്ട്. അത് പറയുന്നതില്‍ എനിക്ക് നാണക്കേടൊന്നുമില്ല. പക്ഷെ ഞങ്ങളുടെ എഴുതുന്ന എഴുത്തുകള്‍ക്ക് ഒന്നും, അത് ലഭിക്കുന്ന, നിങ്ങളുടെ സഹപ്രവര്‍ത്തകയായ മന്ത്രി ശ്രദ്ധ കൊടുത്തിട്ടില്ല. രോഹിത്തിനെതിരെ നടപടികളുമായി മുന്നോട്ട് പോകണമെന്ന് സര്‍വകലാശാലകളോട് ആവശ്യപ്പെടുവാന്‍ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമുണ്ട്. രോഹിത് വെമുലയുടെ മരണം ഈ ഇടപെടലിന്റെ ഫലമാണ്. അത് കൊണ്ട് തന്നെ, സര്‍, "മനുവാദത്തില്‍ നിന്ന് സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യം നിലനില്‍ക്കും. അത് കാരണം അങ്ങയ്ക്ക് എന്നെ അറസ്റ്റ് ചെയ്യണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. ഞാനാ മുദ്രാവാക്യം വിളിക്കും. "വിശപ്പില്‍ നിന്ന് സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യവും ഞാന്‍ വിളിക്കും, സര്‍. ലോകത്ത് വിശപ്പ് മൂലം ദിവസേന മരിക്കുന്ന അഞ്ച് കുട്ടികളില്‍ മൂന്ന് പേര്‍ ഇന്ത്യയില്‍ നിന്ന് ആണ് എന്നുള്ളത് എനിക്ക് അപമാനകരമാണ് സര്‍. ഈ വിദ്യാർത്ഥികളെ പുറത്താക്കരുത് എന്ന് താഴ്മയോടെ ഞാന്‍ എല്ലാ സര്‍വകലാശാലകളോടും അപേക്ഷിക്കുന്നതും അത് കൊണ്ടു തന്നെയാണ്. നിങ്ങള്‍ പ്രചരിപ്പിക്കുന്ന തരം ദേശീയത വിറ്റഴിച്ചു കൊണ്ട് സെക്യുലര്‍ ഡെമോക്രാറ്റിക്‍ റിപബ്ലിക്‍ ഓഫ് ഇന്ത്യയെ, തിയോക്രാറ്റിക്ക് ഫാസിസ്റ്റിക്‍ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തനം ചെയ്യുവാന്‍ ഉദ്ദേശം വച്ചു കൊണ്ട് വിദ്യാർത്ഥികള്‍ക്കെതിരെ നിങ്ങള്‍ നടത്തിവരുന്ന നിന്ദാഭാഷണം ദയവായി നിര്‍ത്തുക എന്ന് ഞാന്‍ ആത്മാര്‍ഥമായി അപേക്ഷിക്കുന്നു. അത് കൊണ്ട് ഞാന്‍ അങ്ങയിലൂടെ ഗവണ്‍മെന്റിന് ചില നിവേദനങ്ങള്‍ സമര്‍പ്പിക്കുകയാണ്. നാനാവിധ വിശ്വാസങ്ങളില്‍ നിന്നും, ജാതികളില്‍ നിന്നും, ഭാഷകളില്‍ നിന്നും, സംസ്കാരങ്ങളില്‍ നിന്നും വരുന്ന നമ്മളോരോരുത്തരുമടങ്ങുന്ന നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ സമൃദ്ധി വിളക്കിച്ചേര്‍ത്തെടുക്കപ്പെട്ടതാണ് ഇന്ത്യയെന്ന നമ്മുടെ മഹത്തായ രാജ്യം. എനിക്ക് എന്റേതായതും, നിങ്ങള്‍ക്ക് നിങ്ങളുടേതും, അവര്‍ക്ക് അവരുടേതുമായ വീക്ഷണകോണുകളുണ്ട്. സംവാദങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ നാം ഉന്നത തലങ്ങളിലേക്ക് ഉയരുകയുള്ളൂ.

അത് കൊണ്ട് ബഹുമാന്യ സഭയോടും എന്റെ സഹപ്രവര്‍ത്തകരോടും എനിക്ക് പറയുവാനുള്ളത്, എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുവാനുള്ള ഒരു സഭാ സമിതിയെ നിയോഗിക്കണമെന്നതാണ്. ഇപ്പോള്‍ ചെയ്യുന്നത് പോലെ ദുരുപയോഗപ്പെടുത്തുവാന്‍ സാധ്യതയുള്ള സെഡീഷന്‍ ക്ലോസുകള്‍ പിന്‍വലിക്കുവാനുള്ള നമ്മുടെ പ്രതിജ്ഞ നമ്മുക്ക് പാലിക്കാം. പൊലീസിന്റെ ജോലി ക്രമസമാധാന ലംഘനത്തിന് കൂട്ടു നില്‍ക്കലല്ല, മറിച്ച് ക്രമസമാധാനപാലനം ആണ് എന്നത് നമ്മുക്ക് ഉറപ്പ് വരുത്താം. ഭരണഘടനയോട് നമ്മുക്കുള്ള ഉത്തരവാദിത്തം തകരാതെ കാത്തു സൂക്ഷിക്കാം. അതാണ് എന്റെ ദൃഢമായ വിശ്വാസം.

അതുകൊണ്ട്, ക്ഷമിക്കണം, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ ഞങ്ങളും മുഴക്കും. വിശപ്പിൽ നിന്ന് സ്വാതന്ത്ര്യം വേണം, മനുവാദത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം, ദാരിദ്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യം വേണം, ഈ രാജ്യത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസം നിൽക്കുന്ന എന്തിൽ നിന്നും സ്വാതന്ത്ര്യം വേണം. അതുകൊണ്ടാണ് ഞാൻ പറയുന്നത് ബാബാ സാഹേബിന്റെ മുന്നറിയിപ്പ് ഇപ്പോഴും പ്രസക്തമാണെന്ന്. അത് ഓർമ്മിച്ചോളൂ. ഓരോ മനുഷ്യനും ഓരോ വോട്ട്, എല്ലാ വോട്ടിനും ഒരേ മൂല്യം. എന്നാൽ എല്ലാ മനുഷ്യർക്കും ഒരേ മൂല്യമെന്നത് സാധ്യമാകുന്നില്ലെങ്കിൽ ഈ രാജ്യം നിലനിൽക്കുവാൻ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് നിങ്ങളോടുള്ള എന്റെ അപേക്ഷയാണ്, നമ്മുടെ വിദ്യാര്‍ത്ഥികളുടെ നേരെയുള്ള ഇത്തരം ഗൂഢാലോചനകളും ആക്രമണങ്ങളും അവസാനിപ്പിക്കണം. ഈ വിദ്യാര്‍ത്ഥികളാണ് നമ്മുടെ ഭാവി ഭാരതം നിർമ്മിക്കുവാൻ പോകുന്നത്. അവരെ നിങ്ങൾ രാജ്യദ്രോഹികളെന്നു വിളിച്ചാൽ, ഞാനും നിങ്ങളുമൊക്കെ പിന്നെയെന്തു ചെയ്യും? നമ്മുടെ രാജ്യത്തിന്റെ മുക്കാൽഭാഗവും ചെറുപ്പക്കാരാണ്. അവർക്ക് ആരോഗ്യം കൊടുക്കുകയാണെങ്കിൽ, വിദ്യാഭ്യാസം കൊടുക്കുകയാണെങ്കിൽ, അവർക്ക് തൊഴിൽ കൊടുക്കുകയാണെങ്കിൽ; അവർ ഒരു മെച്ചപ്പെട്ട ഭാരതം നിർമ്മിക്കും. എന്റെയോ നിങ്ങളുടെയോ ആവശ്യമുണ്ടാകില്ല. നമ്മുടെ ജോലി അവർക്കിതെല്ലാം ലഭ്യമാക്കുക എന്നതാണ്. അതുകൊണ്ട് എനിക്ക് പറയാനുള്ളതെന്തെന്നാൽ, നിങ്ങൾ ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കൂ, നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി സാമൂഹികമായ രീതികളിലൂടെ മുന്നോട്ട് പോകൂ. നന്ദി.

പ്രസംഗത്തിന്റെ വീഡിയോ ഇവിടെ നിന്നും കാണാം.

Caste, cpim, CPM, Essay, india, JNU, Kanhaiya Kumar, left politics, malayalam translation, Politics, rajyasabha speech, Rohith Vemula, SFI. student protests, Sitaram Yechuri, Stand with JNU, Ideology, India, Labour, Poverty, Secularism, Struggles Share this Creative Commons Attribution-ShareAlike 2.5 India

Reactions

Add comment

Login to post comments