നിങ്ങൾ ഏത് കോണ്‍ഗ്രസിനെ പറ്റിയാണ് പറയുന്നത് ബലറാം?

പ്രതീഷ് പ്രകാശ് August 12, 2015

Image Courtesy: Wikimedia Commons.


​​​ഈ കുറിപ്പെഴുതുന്നയാള്‍ നിഷ്പക്ഷനൊന്നുമല്ല. ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഏറ്റവും യോജിച്ച പ്രസ്ഥാനം സി.പി.ഐ. (എം) ആണെന്ന് കരുതുന്ന ആളാണ് ലേഖകന്‍. എന്നിരുന്നാലും പൊതുവായ ഇടത്-പുരോഗമന നിലപാടുകളോടും, സി.പി.ഐ. (എം)‌-വിരുദ്ധ ചേരിയിലുള്ളവരുടെ ജാതിവിരുദ്ധ-മതേതര, ഫാസിസ്റ്റ് വിരുദ്ധ, സ്ത്രീപക്ഷ നിലപാടുകളോടും ഇതെഴുതുന്ന വ്യക്തിക്ക് അനുഭാവമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹിന്ദുത്വ രാഷ്ട്രീയത്തിനെ എതിര്‍ത്തിരുന്നത് കൊണ്ട് തന്നെ തൃത്താലയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ആയ വി.റ്റി. ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകള്‍ കൗതുകത്തോടും ആവേശത്തോടും കൂടിയാണ് ഞാന്‍ വായിച്ചു കൊണ്ടിരുന്നത്.

ചാവക്കാട് എ.സി. ഹനീഫ വധക്കേസുമായി ബന്ധപ്പെട്ട് സഖാവ് പിണറായി വിജയന്‍ ഉയർത്തിയ ചോദ്യങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും മറുപടിയായി വി.റ്റി. ബലറാം ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വായിക്കുവാനിടയായി. സഖാവ് പിണറായി വിജയന്‍ സി.പി.ഐ. (എം) പ്രവര്‍ത്തകനും, പാര്‍ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമായത് കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ നിലപാടുകളെ "ഒരു സി.പി.എം.-കാരന്‍" എന്ന മുന്‍വിധിയോടെ വി.റ്റി. ബലറാം സമീപിച്ചിരിക്കുന്നത്. ഈ മുന്‍വിധി രണ്ട് പ്രധാന പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

  1. സഖാവ് പിണറായി വിജയന്റെ പോസ്റ്റില്‍, സി.പി.ഐ. (എം) സ്തുതികളോ, കോണ്‍ഗ്രസിനെക്കാള്‍ മെച്ചമാണെന്ന അവകാശവാദങ്ങളോ ഇല്ല എന്നിരിക്കെ മറുവാദങ്ങള്‍ എല്ലാം സി.പി.എമ്മില്‍ കൊണ്ട് കെട്ടുന്നത് വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. പ്രസ്തുത അഭിപ്രായം ഒരു സി.പി.എം. നേതാവിന്റെ ഫേസ്‌ബുക്ക് പേജില്‍ വന്നത് കൊണ്ട് മാത്രമാണ് വി.റ്റി. ബലറാമിന്റെ മറുപടിയില്‍ സി.പി.എമ്മിനെതിരെയുള്ള അദ്ദേഹത്തിന്റെ മുന്‍വിധികളും വിശ്വാസങ്ങളും കയറിക്കൂടിയിരിക്കുന്നത്. വി.റ്റി. ബലറാമിന്റെ വിശ്വാസങ്ങളെ തിരുത്തുവാനോ, സി.പി.ഐ. (എം)-നെതിരെയുള്ള ആരോപണങ്ങളെ ന്യായീകരിക്കുവാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കക്ഷിരാഷ്ട്രീയഭേദങ്ങള്‍ക്കതീതമായി വി.റ്റി. ബലറാമിന്റെ നിലപാടുകള്‍ അറിയുവാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക്, അദ്ദേഹത്തിന്റെ വിശ്വാസസ്ഥാപന ശ്രമങ്ങളെക്കാള്‍ വിലപ്പെട്ടത് വിഷയപ്രസക്തമായി അദ്ദേഹത്തിന് പറയുവാനുള്ളത് എന്തൊക്കെ എന്നതാണ്.
  2. വി.റ്റി. ബലറാമിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളോട് അനുഭാവം പുലര്‍ത്തുന്ന, കോണ്‍ഗ്രസിതര രാഷ്ട്രീയമുള്ളവര്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്റെ പോസ്റ്റിലില്ല. വിഷയ സംബന്ധിയായിട്ടുള്ള അഭിപ്രായങ്ങള്‍​ തന്നെ​ പലതും അവ്യക്തവുമാണ്. ബാക്കിയായുള്ളത് പ്രത്യാരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്നു.

ഈ രണ്ട് പ്രധാന പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ, വി.റ്റി. ബലറാമിന്റെ പോസ്റ്റ് ഒരു പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതാണ് എന്നതാണ് എന്റെ ബോധ്യം.

ക്രിമിനല്‍ രാഷ്ട്രീയത്തോടും, അതിനോടുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളെയും സംബന്ധിച്ചുള്ള വി.റ്റി. ബലറാമിന്റെ അഭിപ്രായങ്ങള്‍ - പോസ്റ്റില്‍ നിന്നും അല്പമെങ്കിലും മനസ്സിലാക്കുവാന്‍ സാധിച്ച കാര്യങ്ങള്‍ - ഇവയൊക്കെയാണ്.

  1. കോൺഗ്രസ്സില്‍ ചില ക്രിമിനലുകളും അവരെ സഹായിക്കുന്ന ചില നേതാക്കളുമുണ്ടാവാം.
  2. ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാകുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് യാതൊരുവിധ പിന്തുണയും പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയിട്ടില്ല.
  3. ഇനി അഥവാ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടാലും, കോണ്‍ഗ്രസ് അവരെ തിരികെ സ്വീകരിച്ചിട്ടില്ല.
  4. കോണ്‍ഗ്രസിനുള്ളിലെ ക്രിമിനലുകളും അവരെ സഹായിക്കുന്ന നേതാക്കളും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നടത്തുമ്പോള്‍, അവര്‍ എത്ര ഉന്നതരാണെങ്കിലും അപ്പഴപ്പോള്‍ നടപടികള്‍ എടുക്കും.
  5. കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പൊലീസ് സംവിധാനവും, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും കോണ്‍ഗ്രസുകാര്‍ കുറ്റാരോപിതരായിരിക്കുന്ന ക്രിമിനല്‍ കേസ് നീതിയുക്തമായി അന്വേഷിക്കും.

പ്രിയ ശ്രീ. പിണറായി വിജയൻ സാർ,അക്രമ രാഷ്ട്രീയത്തേക്കുറിച്ചുള്ള താങ്കളുടെ ഈ ഫേസ്ബുക്ക്‌ പോസ്റ്റ്‌ അടുത്തകാലത്ത്‌ കേട്ടത...

Posted by VT Balram on Sunday, August 9, 2015

വി.റ്റി. ബലറാം എഴുതിയിരിക്കുന്നതില്‍ നിന്നും വളരെ വ്യത്യസ്തമാണ് കോണ്‍ഗ്രസിന്റെ ചരിത്രം പഠിച്ചാല്‍ മനസ്സിലാകുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുവാന്‍ ഉള്ള ശ്രമങ്ങളുടെ കഥകള്‍ ഒരുപാടാണ്. ഇവരില്‍ പലര്‍ക്കും രാഷ്ട്രീയ സംരക്ഷണവും നല്‍കുവാന്‍ ഒരിക്കലും കോണ്‍ഗ്രസ് പ്രസ്ഥാനം മടിച്ചിരുന്നില്ല. കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന ഇപ്പോഴത്തെ ആഭ്യന്തര വകുപ്പും ഒട്ടും വ്യത്യസ്തമല്ല. ​വി.റ്റി. ബലറാമിന്റെ പ്രസ്താവനകളും പ്രതീക്ഷകളും യാഥാര്‍ഥ്യവുമായി എത്രമാത്രം ഒത്തു പോകുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍, ​കോണ്‍ഗ്രസുകാര്‍​ പ്രതികളായിട്ടുള്ള കൊലപാതക​ കേസുകള്‍ക്ക്​ എന്ത് സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ മതിയാവും.

1976 ജൂണ്‍ 5-ന് കൊല്ലപ്പെട്ട കൊളങ്ങേരത്ത് രാഘവന്‍. കൊന്നതെന്ന് പൊലീസും കോടതിയും പറഞ്ഞ കോണ്‍ഗ്രസുകാരനായ മമ്പറം ദിവാകരന്‍ ഏഴു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചു കഴിഞ്ഞ് വി.റ്റി. ബലറാം ഫേസ്‌ബുക്കില്‍ മഹനീയമായ കോണ്‍ഗ്രസ് മാതൃകയെ പറ്റി പ്രഘോഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തും കോണ്‍ഗ്രസില്‍ ഉന്നത പദവിക‌ള്‍ അലങ്കരിച്ചു നടക്കുകയാണ്.

1993 മാര്‍ച് 4-ന് കോണ്‍ഗ്രസ് നേതാവായ കെ. സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് സി.പി.ഐ. (എം)-ന്റെ പ്രവര്‍ത്തകനായ നാല്പാടി വാസു കൊല്ലപ്പെടുകയുണ്ടായി. അന്ന് കോണ്‍ഗ്രസിന്റെ ഭരണകാലം. 2000-ല്‍ പന്ത്രണ്ടാം പ്രതിയായ കെ. സുധാകരനെ കോടതി വെറുതെ വിടുന്നു. 2012 ജൂണില്‍ കെ. സുധാകരന്‍ പരസ്യമായിത്തന്നെ നാല്പാടി വാസുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയുമുണ്ടായി. കെ. സുധാകരന്റെ ഡ്രൈവര്‍ ആയിരുന്ന, കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പ്രശാന്ത് ബാബു, നാല്പാടി വാസു വധത്തെ സംബന്ധിച്ച് സുപ്രധാനമായ വെളിപ്പെടുത്തലുകള്‍ നടത്തുകയും അങ്ങനെ പുനരന്വേഷണത്തിന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയരുകയും ചെയ്തു. പ്രിയപ്പെട്ട വി.റ്റി. ബലറാം എം. എല്‍. എ. വ്യക്തമാക്കണം, നല്പാടി വാസു വധക്കേസ് ഉള്‍പ്പടെ, സേവറി ഹോട്ടല്‍ ആക്രമണം/നാണു വധക്കേസ്, പി. ജയരാജന്‍ വധശ്രമക്കേസ് എന്നിങ്ങനെ കണ്ണൂരിലെ സി.പി.എമ്മുകാരെ ഇല്ലാതെയാക്കുവാന്‍ നടത്തിയ ശ്രമങ്ങളിലെല്ലാം ആരോപണവിധേയനായ കെ. സുധാകരന് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും സീറ്റ് നല്‍കിയല്ലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംരക്ഷിച്ചത്? പുനരന്വേഷണങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല എന്ന നിലപാടല്ലേ ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്?

Photograph of a Sikh man being beaten to death.
Image Credits: Wikimedia Commons

1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പ്രതികാരമായി കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന സിഖ് വംശഹത്യയില്‍ കൊല്ലപ്പെട്ടത് ഏകദേശം 3500 മനുഷ്യരായിരുന്നു. 'വന്മരങ്ങൾ കടപുഴകുമ്പോൾ ചെറുസസ്യങ്ങൾ വീണു പോകുന്നത് സ്വാഭാവികം' എന്ന വാചകം ഉപയോഗിച്ചല്ലേ താങ്കളുടെ നേതാവ് രാജീവ് ഗാന്ധി സിഖ് വംശഹത്യയെ ന്യായീകരിച്ചത്? സിഖ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നോ? എന്ത് മാതൃകയാണ് കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത്?

1987 മാര്‍ച്ച് 23, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന ദിവസം. നായനാര്‍ മല്‍സരിച്ച തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനിയില്‍ തിരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞു പാ‌ര്‍ടി ഓഫീസിൽ വിശ്രമിക്കുകയായിരുന്നവരെ പാ‌ര്‍ടി ഓഫീസിനു തീയിട്ടും രക്ഷപെടാൻ ഓടിയവരെ വെട്ടിയും കൊല്ലുകയായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകർ. അന്നവിടെ പിടഞ്ഞു വീണു മരിച്ചത് സി.പി.ഐ. (എം)-ന്റെ അഞ്ചു സഖാക്കളാണ്. കേരളത്തിലെ ജാലിയന്‍ വാലാബാഗ് എന്നാണ് ചീമേനി കൂട്ടക്കൊല അറിയപ്പെടുന്നത്.

ഈ സര്‍കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗ്രൂപ്പു വഴക്കിന്റെ പേരില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ കോണ്‍ഗ്രസുകാരനല്ല ചാവക്കാടുകാരനായ എ.സി. ഹനീഫ. 2013 ജൂണ്‍ 1-ന് കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ മണ്ഡലം സെക്രട്ടറി ആയിരുന്ന മധു ഈച്ചരത്ത് കൊല്ലപ്പെടുകയുണ്ടായി. ആ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുഖ്യ പ്രതി പ്രേംജി കൊള്ളന്നൂര്‍ കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് ആയിരുന്നു. ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായിട്ട് തന്നെ ആയിരുന്നു രണ്ട് മാസങ്ങള്‍ക്ക് ശേഷം 2013 ഓഗസ്റ്റ് 16-ന് തൃശൂരില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജി കൊള്ളന്നൂരിന്റെ കൊലപാതകം. ഇപ്പോഴത്തെ മന്ത്രിസഭയില്‍ അംഗമായ സി.എന്‍. ബാലകൃഷ്ണനും, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയ്ക്കും ലാല്‍ജിയുടെ വധത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ദ്രുതഗതിയില്‍ നീങ്ങേണ്ടുന്ന അന്വേഷണം എവിടെയുമെത്താത്ത രീതിയില്‍ പോകുന്നത് സര്‍കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും വിശ്വാസ്യതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്.

അക്രമരാഷ്ട്രീയത്തെ നേരിടുവാനുള്ളതെന്ന് വി.റ്റി. ബലറാം പറയുന്ന കോണ്‍ഗ്രസ് മാതൃക എന്താണെന്ന് ആദ്യകാല കോണ്‍ഗ്രസ് നേതാവും ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് ചരിത്രകാരനുമായിരുന്ന മൊയാരത്ത് ശങ്കര‌ന്‍ കേള്‍കാതെയിരിക്കുന്നതായിരിക്കും നല്ലത്. പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ അദ്ദേഹത്തെ കായികമായി ഇല്ലായ്മ ചെയ്യുക ആയിരുന്നു ഗാന്ധിയന്‍ ദേശരക്ഷാസമിതി എന്ന പേരുള്ള കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘം. അങ്ങനെ തുടങ്ങിയ കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധ അക്രമരാഷ്ട്രീയം പിന്നീട് വിമോചനസമരത്തിലേക്കും എഴുപതുകളില്‍ അടിയന്തരാവസ്ഥയിലേക്കും എത്തപ്പെട്ടു. ഇതേ അക്രമരാഷ്ട്രീയം ഇന്ന് കോണ്‍ഗ്രസിനെ ഉള്ളില്‍ നിന്ന് കാര്‍ന്ന് തിന്ന് ഇല്ലാതെയാക്കുമ്പോള്‍ ബലരാമന്മാര്‍ ഫേസ്‌ബുക്കില്‍ ലൈക്കിന്റെയും ഷെയറിന്റെയും കണക്കും ലാഭവുമെടുത്ത് കളിക്കുകയാണ്. പ്രിയപ്പെട്ട ബലറാം. കളിച്ചു കൊള്ളൂ. സ്കോര്‍ ചെയ്തുകൊള്ളൂ. അത് ചരിത്രത്തെ മറന്ന് കൊണ്ടാകരുതെന്ന് മാത്രം.

(ഈ ലേഖനം എഴുതുവാന്‍ സഹായിച്ച ആദര്‍ശ് വി.സി.-ക്കും വിവരങ്ങള്‍ തന്ന് സഹായിച്ച മറ്റ് സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.)

K. Sudhakaran, KPCC, Pinarayi Vijayan, Politics, V. T. Balram, Ideology, Kerala, Note Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments