മരവിച്ച ക്യാമ്പസുകളിലും മുഷ്ടികള്‍ ഉയരുന്നുണ്ട്

ശ്രീരാഗ് തളിപ്പൊയില്‍ June 14, 2016

“ജെ.എന്‍.യു വിലെ ദേശദ്രോഹികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ക്യാമ്പസിനകത്തു കയറി ഞങ്ങള്‍ അവരെ വെടിവെച്ചുകൊല്ലും.” ജെ.എന്‍.യുവിലെ സംഭവവികാസങ്ങളെത്തുടര്‍ന്ന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ സതേന്ദര്‍ അവാന പറഞ്ഞതാണിത്. ഇന്ത്യയിലെ രണ്ട് പ്രധാന കേന്ദ്ര സര്‍വകലാശാലകളില്‍ അവിടത്തെ വിദ്യാര്‍ഥി യൂണിയനുകള്‍ ഭരണകൂടത്തിന്റെ സ്വേച്ഛാപരമായ കടന്നാക്രമണങ്ങള്‍ക്കെതിരെ ചരിത്രപ്രധാനമായ സമരങ്ങളില്‍ ഏര്‍പ്പെടുകയാണ്. അതേ സമയത്ത് തലസ്ഥാനത്തിന്റെ ഹൃദയമായ, 80 ഓളം കോളെജുകളിലായി ഏതാണ്ട് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഡല്‍ഹി കേന്ദ്രസര്‍വകലാശാലയുടെ വിദ്യാര്‍ഥി യൂണിയന്‍ അതേ ഭരണകൂടത്തിന്റെ പോരാളികളാണ്. മോഡി അധികാരത്തില്‍ വന്നതിനു ശേഷം രണ്ടു വര്‍ഷങ്ങളായി എ ബി വി പി മുഴുവന്‍ സീറ്റുകളിലും ജയിച്ച യൂണിയന്റെ സംഭാവനകളില്‍ ചിലത് ‘മുസാഫര്‍ നഗര്‍ ബാക്കി ഹേ’ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൈയേറ്റം ചെയ്തതും, ഹിന്ദുത്വവികാരത്തെ മുറിവേല്‍പ്പിക്കുന്ന നാടകം കളിച്ചതിന് ഒരു തീയേറ്റര്‍ സൊസൈറ്റിയെ നിരോധിച്ചതുമൊക്കെയാണ്. ക്യാമ്പസില്‍ ഹിന്ദുത്വരാഷ്ട്രീയത്തിനുള്ള സ്വാധീനത്തെ ചരിത്രപരമായി തന്നെ മനസിലാക്കേണ്ടതുണ്ട്.

മണ്ഡലും കമണ്ഡലും

എല്ലാ കാലത്തും ഉത്തരേന്ത്യയിലെ പൊതുവായ രാഷ്ട്രീയചലനങ്ങള്‍ വലിയ സ്വാധീനമുണ്ടാക്കുന്ന ഒരു സര്‍വകലാശാലയാണ് ഡല്‍ഹി സര്‍വകലാശാല. അതുകൊണ്ടുതന്നെ ക്യാമ്പസുകളില്‍ സവര്‍ണ ഹൈന്ദവ ശക്തികള്‍ വളര്‍ന്നു വരികയും കൃത്യമായ ആധിപത്യം ഉറപ്പിച്ചെടുക്കുകയും ചെയ്ത നിര്‍ണായകമായ രാഷ്ട്രീയപ്രക്രിയ പൊടുന്നനെ ഉണ്ടായ ഒരു സംഭവവികാസമല്ല മറിച്ച്, ചരിത്രപരമായി രൂപപ്പെട്ട ഒന്നാണ്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ്. വി. പി. സിംഗ് ഗവണ്മെന്റ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ ഉടനെ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ അതിനെതിരെ വലിയ മുന്നേറ്റം ഉണ്ടായി വന്നു. ‘ആന്റി മണ്ഡല്‍ കമ്മീഷന്‍ ഫോറം’ എന്ന സംവരണ വിരുദ്ധ കൂട്ടായ്മയ്ക്ക് പിന്നിലായി വിദ്യാര്‍ഥികള്‍ അണിനിരക്കുകയും ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് 1990 ഒക്ടോബറില്‍ രാജീവ് ഗോസ്വാമി എന്ന വിദ്യാര്‍ഥി സമരത്തിനിടയില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിയ്ക്ക് ശ്രമിച്ചത്. അത് സംവരണവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരുകയും ഉത്തരേന്ത്യയില്‍ അങ്ങോളമിങ്ങോളമായി ആത്മാഹൂതിശ്രമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാവുകയും ചെയ്തു. അടുത്ത തവണത്തെ (1991) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച രാജീവ് ഗോസ്വാമി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. സവര്‍ണ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് അത്രമേല്‍ സംവരണവിരുദ്ധമായ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു.

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ്. വി. പി. സിംഗ് ഗവണ്മെന്റ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ ഉടനെ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ അതിനെതിരെ വലിയ മുന്നേറ്റം ഉണ്ടായി വന്നു. ‘ആന്റി മണ്ഡല്‍ കമ്മീഷന്‍ ഫോറം’ എന്ന സംവരണ വിരുദ്ധ കൂട്ടായ്മയ്ക്ക് പിന്നിലായി വിദ്യാര്‍ഥികള്‍ അണിനിരക്കുകയും ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമായാണ് 1990 ഒക്ടോബറില്‍ രാജീവ് ഗോസ്വാമി എന്ന വിദ്യാര്‍ഥി സമരത്തിനിടയില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിയ്ക്ക് ശ്രമിച്ചത്. അത് സംവരണവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജം പകരുകയും ഉത്തരേന്ത്യയില്‍ അങ്ങോളമിങ്ങോളമായി ആത്മാഹൂതിശ്രമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാവുകയും ചെയ്തു.

മണ്ഡല്‍വിരുദ്ധ വികാരത്തിന്റെ മറ പറ്റിയാണ് എ ബി വി പി എന്ന സംഘപരിവാര്‍ സംഘടന ക്യാമ്പസിലെ വലിയൊരു ശക്തിയായി വളര്‍ന്നു വരുന്നത്. അതിനു മുമ്പും എത്രയോ തവണ വിദ്യാര്‍ഥി യൂണിയനില്‍ എ ബി വി പിയ്ക്ക് പ്രാതിനിധ്യം ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനവും ക്യാമ്പസില്‍ അപ്രമാദിത്വവും നേടുന്നതില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം വലിയ പങ്കു വഹിച്ചു. ക്യാമ്പസിലെ മറ്റൊരു വലിയ ശക്തിയായിരുന്ന എന്‍ എസ് യു ഐ-യും മണ്ഡല്‍ കമ്മീഷനെതിരായ നിലപാട് തന്നെയാണ് കൈക്കൊണ്ടത്. താരതമ്യേന ചെറുതെങ്കിലും ഇടതു വിദ്യാര്‍ഥി സംഘടനയായ എസ് എഫ് ഐയും ക്യാമ്പസില്‍ സജീവമായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന് അത്രമേല്‍ മേല്‍ക്കോയ്മയുള്ള ഈ സര്‍വകലാശാലയില്‍ 1979-ല്‍ ഒരേയൊരിക്കല്‍ എസ് എഫ് ഐയുടെ അമിതാബ് റോയ് ചൌധരി വിദ്യാര്‍ഥി യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, മണ്ഡല്‍ വിരുദ്ധ മുന്നേറ്റങ്ങളുടെ പ്രഹരമേറ്റ് വ്യക്തമായ സംവരണാനുകൂല നിലപാട് കൈക്കൊണ്ട എസ് എഫ് ഐ പിന്നിലേക്ക് തള്ളപ്പെട്ടു. (ഈ ഘട്ടത്തിൽ തീവ്രഇടതുസംഘടന എന്ന് അവകാശപ്പെടുന്ന ഐസ (AISA) ജെ എൻ യുവിൽ ‘നോ മണ്ഡൽ, നോ കമണ്ഡൽ‘ എന്ന മുദ്രാവാക്യം ഉയർത്തി സംവരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കുടപിടിക്കുകയാണുണ്ടായത്!)

ഇതിന്റെ തുടര്‍ച്ചയായാണ് രാമജന്മഭൂമി മൂവ്മെന്റ് ശക്തിപ്പെടുന്നത്. സംവരണത്തില്‍ നിന്നും ദേശീയ ശ്രദ്ധ അയോധ്യയിലേക്ക് തിരിച്ചുവിടാനുള്ള സംഘപരിവാര്‍ അജണ്ട വളരെ തന്ത്രപരമായി നടപ്പിലാക്കി. 1990 സെപ്തംബറില്‍ മണ്ഡല്‍ വിരുദ്ധ സമരങ്ങള്‍ ശക്തിയാര്‍ജിച്ച സമയത്ത് തന്നെ ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി എല്‍. കെ. അദ്വാനി രഥയാത്ര ആരംഭിച്ചു. സംവരണ വിരുദ്ധ സവര്‍ണ പൊതുബോധത്തെ രാമജന്മഭൂമി ക്ഷേത്രത്തിനു വേണ്ടിയുള്ള അഭിപ്രായം സ്വരൂപിക്കലായി രൂപാന്തരപ്പെടുത്തുക വളരെ എളുപ്പമായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹിന്ദുക്കളെ വിഭജിക്കാനുള്ള തന്ത്രമാണെന്ന്‍ പ്രചരിപ്പിച്ചുകൊണ്ട് സംഘപരിവാര്‍ ചരിത്രവിരുദ്ധമായ വിശാലഹിന്ദു എന്ന സ്വത്വം നിര്‍മിച്ചെടുക്കുകയും മുസ്ലിമിനെ അതിന്റെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. അങ്ങനെ സാമൂഹ്യമായ അസമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ നിന്നും പിന്നോക്ക ജാതിവിഭാഗങ്ങളെ മോചിപ്പിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ലക്ഷ്യംവെച്ച, ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ രാഷ്ട്രീയ ഇടപെടലായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അരികിലേക്ക് തള്ളിക്കൊണ്ട് ബ്രാഹ്മണികയുക്തിയും ഹൈന്ദവരാഷ്ട്രീയവും അധീശത്വം നേടി. സംവരണ വിരുദ്ധതയ്ക്കൊപ്പം ഉയര്‍ന്നു വന്ന രാമജന്മഭൂമി മുന്നേറ്റവും തുടര്‍ന്നുള്ള ബാബറി മസ്ജിദ് തകര്‍ക്കലും ക്യാമ്പസുകളില്‍ വളരെ ഭീതിദമായ തരത്തിലുള്ള ഒരു ഹൈന്ദവ സാമൂഹ്യബോധ്യമാണ് രൂപപ്പെടുത്തിയത്. അതിന്റെ പ്രകടമായ രാഷ്ട്രീയരൂപമായി എ ബി വി പി വളരുകയും വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിലേക്ക് ചെന്നെത്തുകയും ചെയ്തു.

മണ്ഡല്‍ വിരുദ്ധ മുന്നേറ്റങ്ങളുടെ പ്രഹരമേറ്റ് വ്യക്തമായ സംവരണാനുകൂല നിലപാട് കൈക്കൊണ്ട എസ് എഫ് ഐ പിന്നിലേക്ക് തള്ളപ്പെട്ടു. ഈ ഘട്ടത്തിൽ തീവ്രഇടതുസംഘടന എന്ന് അവകാശപ്പെടുന്ന ഐസ (AISA) ജെ എൻ യുവിൽ ‘നോ മണ്ഡൽ, നോ കമണ്ഡൽ‘ എന്ന മുദ്രാവാക്യം ഉയർത്തി സംവരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കുടപിടിക്കുകയാണുണ്ടായത്!

ഹൈന്ദവരാഷ്ട്രീയത്തിന്റെ പ്രകടമായ മുന്നേറ്റങ്ങളെപ്പോലെ തന്നെ പ്രധാനമാണ് അവ അദൃശ്യമായി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ബോധ്യങ്ങള്‍. സവര്‍ണഹൈന്ദവതയ്ക്ക് വളരാന്‍ അനിവാര്യമായും നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടുന്ന അപരത്വത്തോടുള്ള വെറുപ്പ് വളരെ അരക്ഷിതമായൊരു സാമൂഹ്യ സാഹചര്യമാണ് ഈ ക്യാമ്പസില്‍ സൃഷ്ടിച്ചത്. മുസ്ലിം വിരുദ്ധവും കീഴാള വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രകടവും അദൃശ്യവുമായ മേല്‍ക്കോയ്മ ക്യാമ്പസ് രാഷ്ട്രീയത്തെയും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പ്രതിലോമകരമായി ബാധിച്ചു. ഹിന്ദുത്വശക്തികളുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന്‍ ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസില്‍ നിന്ന്‍ എ. കെ. രാമാനുജന്റെ ‘300 രാമായണങ്ങള്‍’ എന്ന പ്രബന്ധം ഒഴിവാക്കുകവരെ ചെയ്തു. ചരിത്രത്തെ തങ്ങളുടെതാക്കുകയും തങ്ങളുടെതല്ലാത്ത ചരിത്രത്തെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് സവര്‍ണ ഹൈന്ദവ ഫാഷിസത്തിന് വേരുറപ്പിക്കാന്‍ അനിവാര്യമായും ചെയ്യേണ്ടത്. അതിനായി അവര്‍ അക്കാദമിക ഇടങ്ങളെ ലക്ഷ്യം വെക്കുന്നു.
ഈ തരത്തില്‍ ഒരു ഭാഗത്ത് ഹിന്ദുത്വ രാഷ്ട്രീയം വേരുറപ്പിക്കുമ്പോള്‍, മറുഭാഗത്ത് മാറിവന്ന സര്‍ക്കാരുകളുടെയും സര്‍വകലാശാല അധികാരികളുടെയും അതാത് കോളേജ് മാനേജ്മെന്റുകളുടെയും ഇടപെടലുകളിലൂടെ വിദ്യാര്‍ത്ഥിപക്ഷരാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങളും നടക്കുന്നു.

ചെറുത്തുനില്‍പ്പുകളുടെ നിശബ്ദീകരണം

തൊണ്ണൂറുകള്‍ക്ക് ശേഷം ഡല്‍ഹി സര്‍വകലാശാല സാക്ഷ്യം വഹിക്കുന്നത് വലിയ തോതിലുള്ള ക്യാമ്പസ് അരാഷ്ട്രീയവല്‍ക്കരണത്തിനാണ്. നവലിബറല്‍ നയങ്ങളുടെ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ പടിപടിയായി കോളേജുകളിലെ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഖ്യാപിതമായോ അപ്രഖ്യാപിതമായോ വിലക്കു വീഴുന്നു. പരമാധികാരമുള്ള ഒരു സ്വതന്ത്ര സംഘടന എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഡ്മിനിസ്ട്രേഷന്റെയും പാവയായി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മാറുന്നു. അരാഷ്ട്രീയവല്‍ക്കരണത്തിന്റെ രാഷ്ട്രീയം നടപ്പിലാക്കപ്പെടുന്നത് ഭരണവര്‍ഗത്തിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ്. ഭരണവര്‍ഗത്തിന്റെയും ഹൈന്ദവ അധീശത്വശക്തികളുടെയും മുതലാളിത്തത്തിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ എല്ലാവിധ രാഷ്ട്രീയ ഇടപെടലുകളും നടത്തി ക്യാമ്പസുകളില്‍ സജീവമായി. ഇതിനൊക്കെ എതിരെ രൂപപ്പെട്ട ഇടത്-പിന്നോക്ക-സ്ത്രീപക്ഷ-തൊഴിലാളിവര്‍ഗ-വിദ്യാര്‍ഥി രാഷ്ട്രീയ മുന്നേറ്റങ്ങളെ ഏതു വിധേനയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചു.

ഒ. ബി. സി. സംവരണം നടപ്പിലാക്കിയതിനു ശേഷമാണ് പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട ഒട്ടേറെ വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഡല്‍ഹി സര്‍വകലാശാലയിലും പഠനത്തിനായി എത്താന്‍ തുടങ്ങിയത്. ഒരു ക്യാമ്പസ് എല്ലാക്കാലവും ഉപരിവര്‍ഗത്തിന്റെ ഇടം മാത്രമായി നിലനില്‍ക്കാന്‍ വിടാതെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിപ്പെടാന്‍ കഴിയുന്ന തരത്തില്‍ ജനാധിപത്യപരമായ ഒന്നാക്കി മാറ്റുക വളരെ പ്രധാനമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആ ദിശയില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍, സര്‍വകലാശാല അഡ്മിനിസ്ട്രേഷനും കോളേജ് മാനേജ്മെന്റുകളും ഇപ്പോഴും ബ്രാഹ്മണ്യത്തിന്റെ അധീശബോധ്യത്തില്‍ നിന്നും മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെ, സംവരണം നടപ്പാക്കല്‍ പ്രയാസമുള്ളതാക്കാനും അസാധ്യമാക്കാനും അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംവരണം ചെയ്യപ്പെട്ട അത്രയും ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ പിന്നോക്കവിഭാഗങ്ങളില്‍ നിന്നും പ്രവേശിപ്പിച്ചിട്ടുള്ളു എന്ന്‍ അധികാരികള്‍ ഉറപ്പ് വരുത്തുന്നു. സംവരണത്തിന് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ജനറല്‍ കാറ്റഗറിയിലൂടെ പ്രവേശനം നിഷേധിക്കുന്നു. ചുരുക്കത്തില്‍ സംവരണം എന്ന ആശയത്തിന്റെ ചരിത്രപരമായ ഉള്ളടക്കത്തെ, ഉദ്ദേശത്തെ അട്ടിമറിക്കുന്നു. ഭരണവര്‍ഗത്തിന്റെ വിവേചനപരമായ നയങ്ങളും നടപടികളും ഏറ്റവുമധികം ബാധിക്കുന്ന, നിരന്തരം രാഷ്ട്രീയവല്ക്കരിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന, പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധപൂര്‍വം പ്രവേശനം നിഷേധിച്ചുകൊണ്ട് ക്യാമ്പസ് രാഷ്ട്രീയത്തിന് തടയിടാന്‍ ശ്രമിക്കുന്നു. ഒ. ബി. സി. സംവരണത്തിന്റെ ഭാഗമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ യു ജി സി അനുവദിച്ച പണം വിനിയോഗിക്കുന്നതില്‍ പോലും ഗുരുതരമായ ക്രമക്കേടാണ് അഡ്മിനിസ്ട്രേഷന്‍ കാണിച്ചത്.

ക്യാമ്പസുകള്‍ അരാഷ്ട്രീയവല്ക്കരിക്കുന്നതില്‍ നവലിബറല്‍ നയങ്ങള്‍ക്കുള്ള പ്രാധാന്യവും എടുത്തുപറയേണ്ടതുണ്ട്. 2000-ല്‍ ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ ഗവണ്മെന്റ് നിയോഗിച്ച ബിര്‍ള-അംബാനി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനുമുള്ള തടസ്സമായാണ് വിദ്യാര്‍ഥി യൂണിയനുകളെയും ക്യാമ്പസ് രാഷ്ട്രീയത്തെയും കണ്ടത്. ഈ നിയോ ലിബറല്‍ അജണ്ടകള്‍ക്കെതിരെ വലിയ പ്രതിരോധം തീര്‍ക്കാന്‍ ബാധ്യതപ്പെട്ട, എ ബി വി പി-യും എന്‍ എസ് യു ഐ-യും മാറിമാറി അധികാരത്തില്‍ വന്ന ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍, പക്ഷേ ഭരണവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ കുട പിടിക്കുകയാണ് ചെയ്തത്. അതിന്റെ ഭാഗമായി കോളേജ് മാനേജ്മെന്റുകള്‍ തോന്നിയ പോലെ അക്കാദമിക ഫീസും ഹോസ്റ്റല്‍ ഫീസും വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ വിദ്യാര്‍ഥി യൂണിയന്‍ മൌനം പാലിച്ചു.

ഡല്‍ഹി സര്‍വകലാശാലയില്‍ സെമസ്റ്റര്‍ സിസ്റ്റം നടപ്പില്‍ വരുത്തിക്കൊണ്ട് 2010-ല്‍ അന്നത്തെ വൈസ് ചാന്‍സലര്‍ ദീപക് പെന്റല്‍ പറഞ്ഞത് ഇങ്ങനെയാണ്: “സെമസ്റ്റര്‍ സിസ്റ്റത്തില്‍ അക്കാദമിക ഷെഡ്യൂളുകള്‍ വളരെ കണിശമായതുകൊണ്ട് തന്നെ സമരങ്ങള്‍ക്ക് ഇടമില്ല.” സമരങ്ങള്‍ ഇല്ലാതാക്കാനുള്ള, ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും തൊഴിലാളികളുടെയും മുന്നേറ്റങ്ങളെ ചെറുക്കുക എന്ന വ്യക്തമായ അജണ്ടയായിരുന്നു സെമസ്റ്റര്‍വല്‍ക്കരണത്തിനു പിന്നില്‍ ഉണ്ടായിരുന്നത്. സെമസ്റ്റര്‍ സിസ്റ്റത്തില്‍ സമരം ചെയ്യാന്‍ സമയമില്ല. സംവരണത്തിന്റെ ആനുകൂല്യങ്ങളിലൂടെ സര്‍വകലാശാലയിലെത്തുന്ന പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് അക്കാദമിക ഇടവുമായി പൊരുത്തപ്പെടാനും മുന്നോക്ക വിഭാഗങ്ങളിലെ കുട്ടികളോടൊപ്പം പൊരുതിനില്‍ക്കാനുള്ള പാകപ്പെടലിനുമുള്ള സമയം പോലും സെമസ്റ്റര്‍ സിസ്റ്റത്തില്‍ ഇല്ല. വിദ്യാഭ്യാസത്തെ തൊഴില്‍ പോലെ യാന്ത്രികമാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നില്‍. അക്കാദമിക ഇടങ്ങളുടെ വലിയ സാധ്യതകളെ അത് ഇല്ലാതാക്കുന്നു. എല്ലാവിധ വിദ്യാര്‍ത്ഥി പ്രതിരോധങ്ങളെയും നിശബ്ദീകരിക്കാന്‍ അധികാരിവര്‍ഗം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അതിന്റെ തുടര്‍ച്ചയായി നാല് വര്‍ഷ ബിരുദ പ്രോഗ്രാം വന്നു. വലിയ സമരത്തിലൂടെ അത് പിന്‍വലിക്കപ്പെട്ടു. അതിനു ശേഷം ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് സിസ്റ്റം (CBCS) എന്ന മറ്റൊരു പരിഷ്കരണം വന്നു. എത്രയൊക്കെ നിശബ്ദമാക്കാന്‍ ശ്രമിച്ചാലും നവ ഉദാര അക്കാദമിക പരിഷ്കരണങ്ങളുടെ പരീക്ഷണശാലയിലെ ഗിനിപ്പന്നികളാകാന്‍ ഞങ്ങളില്ല എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് ഇടതു വിദ്യാര്‍ഥി-അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ തുടരുന്നു.

പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല!!

തികച്ചും വിദ്യാര്‍ഥിവിരുദ്ധവും, ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന നയങ്ങളും നടപടികളും ഭരണവര്‍ഗം നിരന്തരം കൈക്കൊള്ളുമ്പോഴും അതിനെതിരെയുള്ള പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല. പ്രതിരോധങ്ങളെ എല്ലാവിധ ഭരണകൂടോപാധികളും ഉപയോഗിച്ചുകൊണ്ട് അടിച്ചമര്‍ത്താന്‍ ഗവണ്മെന്റ് ശ്രമിക്കുന്നു. ഗവണ്മെന്റിനെ വിമര്‍ശിക്കുന്ന ആളുകളെ മുഴുവന്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. ജനാധിപത്യപരമായ സ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരില്‍ കന്നയ്യ കുമാറും ഉമര്‍ ഖാലിദും അനിര്‍ബനും എസ്. എ. ആര്‍. ഗീലാനിയും രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ പോകുന്നു. നൂറ്റാണ്ടുകളുടെ ജാതീയമായ ഹിംസയ്ക്കു നേരെ മുഷ്ടി ചുരുട്ടി ചോദ്യം ചോദിച്ചതിന് രോഹിത് വെമുലയെ തൂക്കിക്കൊല്ലുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനു മേല്‍ അതിക്രമിച്ചുകടക്കുന്നു. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് വേണ്ടി എന്ന പച്ചക്കള്ളം പറഞ്ഞ് ക്യാമ്പസുകളെ പോലീസിനു വിഹരിക്കാനുള്ള ഇടങ്ങളാക്കാന്‍ ശ്രമിക്കുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പോലീസിനെയും ആര്‍ എസ് എസ് കാരെയും വിട്ട് തല്ലിച്ചതയ്ക്കുന്നു. മുസ്ലിംങ്ങളെയും ദളിതരെയും നിരന്തരം വേട്ടയാടുന്നു. ഹൈന്ദവ രാഷ്ട്രീയത്തിന്റെ എതിരാളികളായ ഇടതുരാഷ്ട്രീയത്തെയും കീഴാളരാഷ്ട്രീയത്തെയും ക്യാമ്പസുകളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനെയൊക്കെ അതിജീവിച്ചുകൊണ്ട് വിദ്യാര്‍ഥി-ബഹുജന മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്നു.

പലപ്പോഴും പോലീസുകാരെ നോക്കുകുത്തികളാക്കിക്കൊണ്ട് എ ബി വി പി പ്രവര്‍ത്തകര്‍ സമരക്കാരെ ആക്രമിച്ചു. ദേശദ്രോഹികളെ കൊല്ലാനും പാക്കിസ്ഥാനിലേക്ക് അയക്കാനും ആഹ്വാനം ചെയ്തുകൊണ്ട് എ ബി വി പി യുടെ വലിയ റാലികള്‍ പല തവണ ക്യാംപസിലൂടെ കടന്നുപോയി. തികച്ചും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും വിമതശബ്ദങ്ങള്‍ നിലയ്ക്കുന്നില്ല. കന്നയ്യയ്ക്കും രോഹിതിനും ഉമറിനും അനിര്‍ബനും ഗീലാനിയ്ക്കും വേണ്ടിയും, രോഹിത് ആക്റ്റ് നടപ്പിലാക്കണം എന്ന ആവശ്യമുയര്‍ത്തിയും നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചുകളിലും മറ്റു പൊതുവായ പ്രതിഷേധപരിപാടികളിലും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പങ്കെടുത്തത്.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള വിദ്യാര്‍ഥിരാഷ്ട്രീയമുന്നേറ്റങ്ങളുടെ ഭാഗം തന്നെയാണ് ഡല്‍ഹി സര്‍വകലാശാലയും. ക്യാമ്പസിലെ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തിനുണ്ടായ ഉണര്‍വായിരുന്നു 2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോഡി ശ്രീ റാം കോളേജ് ഓഫ് കോമേഴ്സില്‍ വന്നതിനെതിരെ നടന്ന വലിയ പ്രതിഷേധസമരം. 25 വര്‍ഷങ്ങള്‍ക്കുശേഷം 2016-ല്‍ വീണ്ടും രാമജന്മഭൂമിയുമായി ഒരു ഹിന്ദുത്വ സംഘടന ഇതേ സര്‍വകലാശാലയില്‍ കടന്നുവന്നു. വ്യക്തമായ ആര്‍ എസ് എസ് ബന്ധം വെളിവായിട്ടും, സുബ്രഹ്മണ്യസ്വാമി അദ്ധ്യക്ഷനായ ‘അരുന്ധതി വസിഷ്ട് അനുസന്താന്‍ പീട്’ (എ വി എ പി) എന്ന സംഘടനയ്ക്ക് രാമജന്മഭൂമിയ്ക്ക് വേണ്ടിയുള്ള ഒരു സെമിനാര്‍ നടത്താന്‍ സര്‍വകലാശാല അധികൃതര്‍ അനുമതി കൊടുത്തു. ആയുധധാരികളായ വലിയ സംഘം പോലീസ് സേനയുടെ മുന്നില്‍ ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ വലിയ സമരം നടത്തി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെയും ജെ എന്‍ യുവിലെയും വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡല്‍ഹി സര്‍വകലാശാലയിലും പ്രതിഷേധസമരങ്ങള്‍ നടന്നു. രോഹിത് വെമുലയുടെ നീതിയ്ക്ക് വേണ്ടി ഇടതു സംഘടനകളും യൂത്ത് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പോലുള്ള മറ്റു കൂട്ടായ്മകളും ക്യാമ്പസില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. പലപ്പോഴും പോലീസുകാരെ നോക്കുകുത്തികളാക്കിക്കൊണ്ട് എ ബി വി പി പ്രവര്‍ത്തകര്‍ സമരക്കാരെ ആക്രമിച്ചു. ദേശദ്രോഹികളെ കൊല്ലാനും പാക്കിസ്ഥാനിലേക്ക് അയക്കാനും ആഹ്വാനം ചെയ്തുകൊണ്ട് എ ബി വി പി യുടെ വലിയ റാലികള്‍ പല തവണ ക്യാംപസിലൂടെ കടന്നുപോയി. തികച്ചും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും വിമതശബ്ദങ്ങള്‍ നിലയ്ക്കുന്നില്ല. കന്നയ്യയ്ക്കും രോഹിതിനും ഉമറിനും അനിര്‍ബനും ഗീലാനിയ്ക്കും വേണ്ടിയും, രോഹിത് ആക്റ്റ് നടപ്പിലാക്കണം എന്ന ആവശ്യമുയര്‍ത്തിയും നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചുകളിലും മറ്റു പൊതുവായ പ്രതിഷേധപരിപാടികളിലും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് പങ്കെടുത്തത്.

ഒരു സമരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് ഞാന്‍ ഇതെഴുതുന്നത്. ഹിന്ദു കോളേജില്‍ പുതുതായി വരുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍പരം രൂപ ഫീസ്‌ വാങ്ങാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നു. അതിനെതിരെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു. സമരപ്രവര്‍ത്തകരെ പ്രിന്‍സിപ്പലിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. “നിങ്ങളെന്തിനാണ് സമരം ചെയ്യുന്നത്? ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതെന്തിന്?”. അവര്‍ പറഞ്ഞു: “ഈ വലിയ ഫീസ്‌ വര്‍ദ്ധനയുടെ പിന്നില്‍ വിവേചനത്തിന്റേതായ വലിയൊരു രാഷ്ട്രീയമുണ്ടെന്ന്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ക്ക് വേണ്ട എന്ന്‍ പറയുന്ന രാഷ്ട്രീയം. സംവരണത്തെ അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയം. പതിയെ പതിയെ ഈ കലാലയത്തെ ഉപരിവര്‍ഗത്തിന്റെതു മാത്രമാക്കി മാറ്റാനുള്ള, ഒരു വാണിജ്യസ്ഥാപനം മാത്രമായി ചുരുക്കാനുള്ള രാഷ്ട്രീയം. അതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. വിജയം വരെ സമരം തുടരുക തന്നെ ചെയ്യും.” പിറ്റേ ദിവസം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ ക്യാംപസിലെത്തിയ ഏതാണ്ട് എഴുപതോളം പോലീസുകാര്‍ക്കു മുന്നില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തു. വര്‍ഷങ്ങളായി വിദ്യാര്‍ഥിരാഷ്ട്രീയം മരവിച്ചുകിടക്കുന്ന കലാലയങ്ങളില്‍ പ്രതിരോധങ്ങളുടെ നാമ്പുകള്‍ മുളച്ചുതുടങ്ങുന്നു!! മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്ന വലിയ പോരാട്ടങ്ങള്‍ മാത്രമല്ല, ഓരോ ചെറിയ ക്യാമ്പസിലും അസ്വസ്ഥതകളുടെ മുറുമുറുക്കങ്ങള്‍ കേള്‍ക്കുന്നുണ്ട്. മുഷ്ടികള്‍ ഉയരുന്നുമുണ്ട്!! ബ്രെഹ്ത് എഴുതുന്നു: “In the dark times, Will there also be singing? Yes, there will also be singing. About the dark times.”

(ബി അരുന്ധതി എഡിറ്റ് ചെയ്ത 'കലാലയങ്ങൾ കലഹിക്കുമ്പോൾ' എന്ന ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നുള്ള ലേഖനം) ഡൽഹി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ.

Delhi University, Essay, hyderabad central university, jawaharlal nehru university, Mandal commission, Politics, Students politics, India Share this Creative Commons Attribution-ShareAlike 4.0 International

Reactions

Add comment

Login to post comments