കോമൺസിന്റെ കവി മുല്ലന്‍ മാഷ്

ബിരണ്‍ജിത്ത് October 23, 2011

Credits: mullanezhi.com


പുഴവക്കത്തെ സായാഹ്നക്കൂട്ടങ്ങളുടെയും തെരുവോരത്തെ ചുറ്റുവട്ടങ്ങളുടെയും കവി മുല്ലനേഴി (63) യാത്രയായി. നാടന്‍ ശീലൊത്ത ലളിതമായ കവിതകളിലൂടെ മലയാളകാവ്യശാഖയില്‍ ഒരുമയുടെയും സംഘബോധത്തിന്റെയും പുതിയ അക്ഷരദളങ്ങള്‍ വിടര്‍ത്തിയ കവിയായിരുന്നു അദ്ദേഹം.

വള്ളുവനാടന്‍ ഭാഷയിലൂടെയും മുഖശ്രീയായ താടിയിലൂടെയും കുഞ്ഞുണ്ണിമാഷിനെ ഓര്‍മ്മിപ്പിച്ച അദ്ദേഹം കവി എന്നതിനേക്കാള്‍ ഉപരി, സിനിമാഗാനരചയിതാവ്, നാടക-സിനിമാ അഭിനേതാവ്, സാംസ്കാരികപ്രവര്‍ത്തകന്‍ എന്നീ നിലകളിലായിരിക്കും ഒരു പക്ഷെ, മലയാളിയുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇടതുപക്ഷസഹയാത്രികനായിരുന്ന അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തിയ ലാളിത്യം അദ്ദേഹത്തിന്റെ ഗാനങ്ങളിലും അന്യമല്ല - അതിനു ദൃഷടാന്തമാണ് മലയാളികള്‍ ഒരിക്കലും മറക്കാത്ത "കറുകറുത്തൊരു പെണ്ണാണ്, കടഞ്ഞെടുത്തൊരു മെയ്യാണ്" എന്ന ഗാനം‌ മുതല്‍ ഇങ്ങവസാനം "ഈ പുഴയും സന്ധ്യകളും നീലമിഴികളും" എന്ന ഗാനം വരെ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലെയും തെരുവ് നാടകങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു "മുല്ലന്‍". രചനയും അഭിനയവും മാത്രമല്ല സവിശേഷമായ വേഷ വിധാനവും ആലാപന രീതിയുമൊക്കെ മുല്ലനെ തെരുവോരങ്ങളുടെയും അയല്‍ക്കൂട്ടങ്ങളുടെയും പ്രിയങ്കരനാക്കി തീര്‍ത്തു. തൊണ്ണൂറുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സാക്ഷരതാപ്രസ്ഥാനം സജീവമായിരിക്കെ, പണി കഴിഞ്ഞു വൈകുന്നേരം തിരിച്ചെത്തി പുതിയ പണിയായുധമായ പെന്‍സിലുമെടുത്ത് പ്രായലിംഗഭേദമെന്യേ സാധാരണക്കാര്‍ സാക്ഷരതാക്ളാസ്സുകളിലേക്കു നടക്കുന്ന കാഴ്ച മറക്കാന്‍ കഴിയുന്നതല്ല. അന്നു പാടിയ മുല്ലനേഴിക്കവിത അദ്ദേഹത്തിന്റെ ദീപ്തസ്മരണക്കു മുമ്പില്‍ നമുക്കു ഒന്നു കൂടി ഒരുമിച്ചു പാടാം.

നേരമൊട്ടും വൈകിയില്ല കൂട്ടുകാരേ പോരൂ..
കൂട്ടുകാരേ പോരൂ..
പേരെഴുതാം വായിക്കാം, ലോകവിവരം നേടാം..
ലോകവിവരം നേടാം..

drama, mullanezhi, obituary, Drama, Kerala, Remembrance, Commons Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

വേദനയുടെ വെളിച്ചം - മുല്ലനേഴിയുടെ രാഷ്ട്രീയ ദര്‍ശനം

From Jagratha Blog: http://jagrathablog.blogspot.com/2011/10/blog-post_5051.html

"കാവ്യഭാഷയെ സങ്കീര്‍ണമാക്കുന്ന കവിയല്ല മുല്ലനേഴി. ഭാഷ, രൂപം, ശില്‍പ്പം- എന്നീ ഘടകങ്ങളില്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളെ നിര്‍വ്യാജമായി ആ കവിതകള്‍ അവതരിപ്പിച്ചു. താന്‍ പഠിപ്പിച്ചിരുന്ന സ്കൂള്‍ അന്തരീക്ഷവും അധ്യാപക ലോകവും മുല്ലനേഴിക്കവിതകളില്‍ ആവര്‍ത്തിച്ചുവരുന്ന പ്രമേയങ്ങള്‍ . എന്നും ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടി, ഒരധ്യാപകന്റെ ഡയറിയില്‍നിന്ന്, മറ്റൊരുവിദ്യാലയം- എന്നീ കവിതകളിലെല്ലാം മുല്ലനേഴിയുടെ വിദ്യാഭ്യാസ ദര്‍ശനമുണ്ട്. മനുഷ്യത്വത്തിന്റെ മഹാവിദ്യാലയത്തിലാണ് പുതിയ കുട്ടികള്‍ പഠിച്ചുവളരേണ്ടതെന്ന തിരിച്ചറിവുകളുണ്ട്."

അക്ഷരം തൊട്ടു തുടങ്ങാം

അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ ആകാശം വീണുകിട്ടാന്‍
ഇന്നലെയോളം കണ്ട കിനാവുകള്‍ ഈ ജന്മം തന്നെ നേടാന്‍

ഉള്ളവര്‍ ഇല്ലാത്തവരെന്ന ഭേദമീ ഊഴിയില്‍ ഇല്ലാതെയാക്കാന്‍
ഋതുപരിണാമരഥത്തില്‍വരും കാലം എന്നുമീ നമ്മെ തുണയ്ക്കാന്‍

ഏതുകുലം ഭാഷ ജാതിയെന്നോര്‍ക്കാതെ ഐകമത്യത്തിന്‍ വഴിയില്‍
ഒന്നായി മാനവരെത്തുന്നതും കാത്തൊരോണവില്ലെന്നും മുഴങ്ങും

ഔദാര്യമല്ലാര്‍ക്കും ഭൂവിലെ ജീവിതം അമ്മ നല്‍കുന്ന സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോള്‍ ആകാശമുള്ളില്‍ തെളിയും

മുല്ലനേഴി രചിച്ച ഈ ഗാനം സാക്ഷരത പ്രസ്ഥാന കാലത്ത് കേരളത്തില്‍ എങ്ങും പാടി നടന്ന മനോഹര ഗാനമാണ് . കണ്ണൂരിലെ പരിഷത്ത് പ്രവര്‍ത്തകനായ രഘുനാധിന്റെ റിട്ടയര്‍ മെന്റിന്റെ ഭാഗമായി നടന്ന സ്നേഹ സംഗമത്തില്‍ ഈ ഗാനം വീണ്ടും ആലപിക്കുകയുണ്ടായി. അതിന്റെ വീഡിയോ.