സാഹസികനായ ലോകസഞ്ചാരി വിടചൊല്ലി

സുചാന്ദ് സംഗീത് March 20, 2011

മരണത്തിന്റെ തലേന്ന് RRI-ല്‍ നടന്ന ഒരു ശില്പശാലയുടെ ഇടവേളയില്‍ വെച്ച് RRI ഫോട്ടോഗ്രാഫര്‍ ശ്രി. രാജു എടുത്ത ചിത്രം.


പ്രശസ്ത ജ്യോതിശാസ്ത്രഞ്ജനും രണ്ട് പതിറ്റാണ്ടിലേറെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (RRI, Bangalore) ഡയറക്റ്ററുമായിരുന്ന പ്രൊഫസര്‍ വെങ്കട്ടരാമന്‍ രാധാകൃഷ്ണന്‍ (82 വയസ്സ്) മാര്‍ച്ച് മൂന്നാം തീയതി അന്തരിച്ചു. നോബല്‍ സമ്മാനജേതാവായ സര്‍. സി. വി. രാമന്റെ മകനായിരുന്നു അദ്ദേഹം. ലോകപ്രശസ്തനായ അച്ഛന്റെ പ്രശസ്തിയുടെ തണലില്‍ ഒതുങ്ങിക്കൂടാതെ ശാസ്ത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു പ്രൊഫ.രാധാകൃഷ്ണന്‍. പ്രൊഫ.രാധാകൃഷ്ണന്റെ മരണവിവരം ഞാന്‍ അറിയുന്നത് നാട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍; RRIയിലെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ചേട്ടന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. പ്രായം ബാധിക്കാത്ത മനസുമായി ചുറുചുറുക്കോടെ ഓടി നടന്നിരുന്ന അദ്ദേഹത്തെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് RRIല്‍ കണ്ട ഓര്‍മ്മയില്‍ ഈ മരണവാര്‍ത്ത തികച്ചും അവിശ്വസനീയമായിരുന്നു. ചേട്ടന്‍ പറഞ്ഞത് മരണത്തിന്റെ തലേദിവസം കൂടി ഒരു വര്‍ക്ക്ഷോപ്പില്‍ അദ്ദേഹം വളരെ സജീവമായിരുന്നു എന്നാണ്. (വര്‍ക്ക്ഷോപ്പിനിടെ എടുത്ത ഫോട്ടോഗ്രാഫ് പിന്നീട് പ്രൊഫ. റെജി അയച്ചു തരികയുണ്ടായി).

റാഡിനെ (RRI യിലുള്ളവരും അടുപ്പമുള്ളവരും പ്രൊഫ.രാധാകൃഷ്ണനെ സ്നേഹപൂര്‍വ്വം അങ്ങനെ വിളിച്ച് പോന്നു) ആദ്യമായി കാണുന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, RRIല്‍ വച്ചാണ്. ചേട്ടന്റെ ലാബില്‍ പോയതായിരുന്നു ഞാന്‍. അവിടെ ബാഡ്മിന്റന്‍ കോര്‍ട്ടിനടുത്ത് ഒരു താല്‍ക്കാലിക ഷെഡില്‍ കുറച്ച് ജോലിക്കാരോടൊപ്പം തന്റെ പായ്‌കപ്പലിന്റെ അവസാന മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റാഡിനെ ചേട്ടന്‍ കാട്ടിത്തന്നു. ഭാരം കുറഞ്ഞ(light weight) ആ ബോട്ട് അദ്ദേഹത്തിന്റെ സ്വന്തം നിര്‍മ്മിതിയായിരുന്നു. സൌരഫലകങ്ങള്‍ (solar panels) ഘടിപ്പിച്ച് ഒരു ലോകയാത്രയ്ക്കൊരുങ്ങുകയാണ്‌ റാഡ്. എന്നാല്‍ കൊച്ചിയില്‍ നിന്ന് തുടങ്ങിയ തന്റെ ബോട്ട് യാത്ര രണ്ടാഴ്ചകള്‍ക്കകം യെമന്‍ തീരത്ത് വച്ച് അദ്ദേഹത്തിനു അവസാനിപ്പിക്കേണ്ടി വന്നു. അവിചാരിതമായി യെമന്‍ തീരത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടര്‍ന്ന്. അതിനിടെ റാഡിനെ കാണാതായി എന്ന അഭ്യൂഹവും പടര്‍ന്നു.

Rad at Kochi Marina പായ്‌കപ്പലുമായി ലോകസഞ്ചാരത്തിന് ഒരുങ്ങുന്ന റാഡ് കൊച്ചി മറീനയില്‍. Photo: H. Vibhu, The Hindu, Oct 4, 2010

1929ല്‍ മദ്രാസില്‍ ജനിച്ച രാധാകൃഷ്ണന്‍ അവിടത്തെ സ്കൂള്‍ ജീവിതത്തിനു ശേഷം മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം (B.Sc. Hon.) പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭൌതികശാസ്ത്രത്തില്‍ ഗവേഷണവിദ്യാര്‍ത്ഥിയായാണ്‌ തന്റെ ഗവേഷണജീവിതം ആരംഭിക്കുന്നത്. പി എച്ഡിക്ക് ശേഷം സ്വീഡനിലെ ചാള്‍മേഴ്സ് യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി (Chalmers University of Technology), അമേരിക്കയിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി (California Institute of Technology) എന്നിവിടങ്ങളിലെ ഗവേഷണജീവിതത്തിനുശേഷം ആസ്ട്രേലിയയിലെ ഓര്‍ഗനൈസേഷന്‍ (Commonwealth Scientific and Industrial Research Organisation) -ലെ റേഡിയോ ഫിസിക്സ് വിഭാഗത്തില്‍ കുറച്ച് വര്‍ഷങ്ങളോളം ഗവേഷണശാസ്ത്രജ്ഞനായിരുന്നു. അച്ഛന്റെ മരണശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ റാഡ് 1972-ല്‍ RRI യുടെ ഡയറക്റ്ററായി സ്ഥാനമേറ്റു (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് വിരമിച്ചതിനു ശേഷം 1949 ലാണ്‌ സിവി രാമന്‍ RRI സ്ഥാപിക്കുന്നത്. 1970ല്‍ തന്റെ മരണം വരെ സി. വി. രാമനായിരുന്നു RRI ഡയറക്റ്റര്‍) 1972 മുതല്‍ 94 വരെ ഡയറക്റ്ററായി സേവനമനുഷ്ഠിച്ച പ്രൊഫ.രാധാകൃഷ്ണന്‍, RRIയെ നല്ലൊരു ഗവേഷണസ്ഥാപനമായി ഉയര്‍ത്തുന്നതില്‍ അവിസ്മരണീയമായ പങ്ക് വഹിച്ചു. തീരുമാനങ്ങളെടുക്കാനും, അതു നടപ്പിലാക്കാനും മുന്നില്‍ നിന്നു നയിക്കുന്ന ഒരാള്‍ എന്ന് റാഡിനെ വിശേഷിപ്പിക്കാം. ഇക്കാലയളവിലാണ്‌ RRI-ല്‍ ലിക്വിഡ് ക്രിസ്റ്റല്‍, റേഡിയോ ജ്യോതിശാസ്ത്രം എന്നീ മേഖലകളിലെ ഗവേഷണം ലോകനിലവാരത്തിലേക്കുയര്‍ന്നത്. പള്‍സാറുകളെപ്പറ്റിയുള്ള പഠനത്തിനു റാഡിന്റെ സംഭവനകള്‍ വിലപ്പെട്ടവയാണ്‌. വിരമിച്ച ശേഷം RRI-ല്‍ എമിററ്റസ് പ്രൊഫസറായിരുന്ന അദ്ദേഹം മരണം വരെ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റീലെ അംഗമായിരുന്നു.

ഒരു റേഡിയോ അസ്ട്രോണമിസ്റ്റ് എന്നതിലുപരി ഒരു എഞ്ചിനീയര്‍ എന്ന വിശേഷണമാവും റാഡിനു യോജിക്കുക എന്നു തോന്നുന്നു. റാഡിനെപ്പറ്റി പറഞ്ഞുകേട്ടൊരു കാര്യമിങ്ങനെ: RRIല്‍ ചേരുന്ന സമയത്ത് അദ്ദേഹത്തിനൊരു മെഴ്സിഡസ് കാറുണ്ടായിരുന്നു. അക്കാലത്ത് മെഴ്സിഡസിന്‌ ഇന്ത്യയില്‍ വേരോട്ടം തുടങ്ങിയിട്ടില്ലെന്നോര്‍ക്കണം. അതിനാല്‍ കാറിന്റെ അറ്റകുറ്റപ്പണികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരുടെ സഹായത്തോടെ റാഡ് സ്വയം ചെയ്തു പോന്നു. പിന്നീട് ഭാരം കുറഞ്ഞ വിമാനങ്ങള്‍, പായ്‌കപ്പലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും റാഡിന്റെ സഹായികള്‍ പ്രധാനമായും ഇന്‍സ്റ്റിറ്റ്യൂട്ടിലെ വര്‍ക്ക്ഷോപ്പ് ജോലിക്കാര്‍ ആയിരുന്നു. തങ്ങളില്‍ ഒരാളായി അവര്‍ റാഡിനെ സ്നേഹിച്ചു പോന്നു. തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട സെമിനാറുകളില്‍ പോലും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് തന്റെ വിവരം പ്രകടിപ്പിക്കുന്ന ജാഡ അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്ന് എടുത്ത് പറയാനാഗ്രഹിക്കുന്നു. കാര്യമാത്രാപ്രസക്തങ്ങളായ ചോദ്യങ്ങള്‍, അതും സ്വന്തം അറിവിലേക്കൊരു മുതല്‍ക്കൂട്ടാകാന്‍ വേണ്ടി മാത്രം ചോദിച്ചു പോന്ന അപൂര്‍വ്വം പ്രൊഫസര്‍മാരിലൊള്‍, അതായിരുന്നു റാഡ്.

കടല്‍സഞ്ചാരത്തില്‍ ഐന്‍സ്റ്റീനെ മാതൃകയായി കണ്ടിരുന്ന റാഡിന്റെ മറ്റൊരു വിനോദം ഹാങ്ങ് ഗ്ലൈഡേഴ്സ് (hang gliders) രൂപകല്പന ചെയ്യുകയും അവ പറത്തുകയുമായിരുന്നു. അങ്ങനെയൊരു പറത്തലിനിടെ അപകടത്തില്‍ പെട്ടാണ്‌ കാലിനു സാരമായ പരിക്ക് പറ്റുന്നതും. അതിനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്‌ തന്റെ പായ്‌കപ്പലില്‍ കയറി ലോകം ചുറ്റാനദ്ദേഹം ഒരുങ്ങുന്നത്. പ്രകൃതിക്ഷോഭങ്ങള്‍ പാതിവഴിക്ക് വച്ച് മുടക്കിക്കളഞ്ഞ ആ മോഹം അവശേഷിപ്പിച്ചാണ്‌ പ്രൊഫ. രാധാകൃഷ്ണന്‍ വിടപറയുന്നത്.

obituary, RRI, v radhakrishnan, Remembrance, Science & Education Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ആദരാഞ്ജലികള്‍ !! എനിക്ക്

ആദരാഞ്ജലികള്‍ !!

എനിക്ക് അദ്ദേഹത്തെ പറ്റി ഒരു നല്ല കാര്യം ഓര്‍ക്കാനുണ്ട്. ആര്‍ ആര്‍ ഐ യില്‍ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്ന സമയത്ത് ചില സുഹൃത്തുക്കളില്‍ നിന്നുകം റാഡ് മുന്കൊപക്കരനാണ്, അദ്ദേഹത്തോട് വല്ലതും സംസാരിക്കാന്‍ നിന്നാല്‍ പെട്ടെന്ന് ദേഷ്യം പിടിക്കുമെന്നും കേട്ടു . ഒന്ന് പരീക്ഷിച്ചു നോക്കാന്‍ അദ്ദേഹം സ്വന്തം മേല്‍നോട്ടത്തില്‍ ഉണ്ടാക്കിക്കൊണ്ടിരുന്ന ബോട്ട്നടുത് വച്ചു ഞാന്‍ അദ്ദേഹത്തോട് അതി നെ പറ്റി ചോദിച്ചു. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി വളരെ സന്തോഷതോടെ കുറെ നേരം അതിനെ കുറിച്ച് വിശദീകരിച്ചു തന്നു. എന്നെ അത്ഭുതപ്പെടുത്തിയത് ഇത്രയും സൌമ്യനായ ഒരു മനുഷ്യനെയല്ലേ മുന്കൊപക്കാരന്‍ എന്ന് പറഞ്ഞു സുഹൃത്തുക്കള്‍ വിശ്വസിച്ചു പോന്നത് എന്നതാണ്.

സുചാന്ദ്, റിപ്പോര്‍തിനു നന്ദി.

പ്രിയ യാസര്‍,റാഡ് നെ

പ്രിയ യാസര്‍,റാഡ് നെ ക്കുറിച്ച് നല്ലൊരു ഓര്‍മ്മ പങ്കു വച്ചതില്‍ ഒരുപാട് സന്തോഷം..