ചില്ലക്ഷരങ്ങളുടെ രാഷ്ട്രീയം.

Deepak R. January 16, 2011

കമ്പ്യൂട്ടറിനു ഒരു നല്ല മലയാളം പേര് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ നന്നായി മലയാളം പഠിച്ചു വരുന്നുണ്ട്. എന്നിരുന്നാലും ചില അക്ഷരങ്ങളുടെ കാര്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍, അവന്‍ ചിലപ്പോള്‍ ചില ചില്ലറ വികൃതികള്‍ കാണിക്കുന്നതു കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. "പാവം. പഠിച്ചു വരുന്നതേയുള്ളു." എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കും. ചിലര്‍ ചില ഫോണ്ടുകളൊക്കെ മാറി മാറി പരീക്ഷിച്ച് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റും. ഒറ്റ നോട്ടത്തില്‍ സാങ്കേതികം എന്നു തോന്നാവുന്ന ഈ പ്രശ്നത്തിനു പിന്നില്‍ ചില്ലറക്കാരല്ലാത്ത ചില കുത്തക കമ്പനിക്കാരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് എന്നു ഈയിടെയാണ് ഈയുള്ളവന് അറിയാന്‍ കഴിഞ്ഞത്.

A screenshot of misrendered chillu

ഈ മാസം ആദ്യം തിരുവനന്തപുരത്ത് നടന്ന കേരളപഠന കോണ്‍ഗ്രസ്സിലെ മലയോളം കമ്പ്യൂട്ടിങ്ങ് എന്ന വിഭാഗത്തില്‍ ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ അവതരിപ്പിച്ച "മലയാളം കമ്പ്യൂട്ടിങ്ങ്‌: യുണീക്കോഡ് പ്രശ്നങ്ങളൂം സാങ്കേതികവിദ്യയും" എന്ന പ്രബന്ധം കാണുക.

ഓരോ മലയാളം വെബ്സൈറ്റും വായിക്കാന്‍ ഓരോരൊ ഫോണ്ട് ഉപയോഗിക്കേണ്ടിയിരുന്ന കാലത്ത് നിന്ന് മാറി ഇന്നു ഭൂരിഭാഗം സൈറ്റുകളും യൂണികോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. (ചില മുഖ്യധാര മാധ്യമങ്ങള്‍ ഇന്നും ഇതറിഞ്ഞിട്ടില്ല എന്നതു സത്യം തന്നെ.) ഭാഷയിലെ ഓരോ അക്ഷരത്തിനും കമ്പ്യൂട്ടറിനു മനസ്സിലാകുന്ന പ്രത്യേകമായ ഒരു കോഡ് നല്‍കുക എന്നതാണ് യൂണികോഡ് ചെയ്യുന്നതു. ഒരു ഭാഷ കമ്പ്യൂട്ടറില്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും (വെബ് ബ്രൗസറുകള്‍ ഉള്‍പ്പടെ) ഒരേ അക്ഷരത്തിന് ഒരേ കോഡ് ഉപയോഗിക്കുന്നതിലാണ് ഇതിന്റെ വിജയം ആശ്രയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോഡുകള്‍ ആരു നിശ്ചയിക്കും എന്ന ചോദ്യവും, എന്തടിസ്ഥാനത്തില്‍ പരിഷ്കരിക്കും എന്ന ചോദ്യവും പ്രസക്തമാകുന്നു.

1991-ല്‍ പ്രസിദ്ധീകരിച്ച യൂണികോഡിന്റെ ഒന്നാം വേര്‍ഷനില്‍ (1.0.0) തന്നെ മലയാളം അക്ഷരങ്ങള്‍ ലഭ്യമാണ്. ഏപ്രില്‍ 2008-ല്‍ പ്രസിദ്ധീകരിച്ച വേര്‍ഷന്‍ 5.1.0 നേരത്തെയുണ്ടായിരുന്ന കോഡ് കൂടാതെ ചില്ലക്ഷരങ്ങള്‍ക്ക് ഓരോ പുതിയ കോഡ് 1 കൂടി അനുവദിച്ചതുമുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കേരള സര്‍വകലാശാല, രചന അക്ഷരവീധി തുടങ്ങിയവയിലെ ഭാഷാ വിദഗ്ധരും, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയും ഈ നീക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും2 ഇതു യൂണികോട് കണ്‍സോര്‍ഷ്യം ചെവിക്കൊണ്ടിരുന്നില്ല. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ചില ഭീമന്മാര്‍ ചെവിക്കു പിടിക്കും എന്ന ഭയമാവണം കാരണം3.

ഭാഷാ കമ്പ്യൂട്ടിങ്ങിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കാന്‍ ഈ ചില്ല് പ്രശ്നം ഒരു ഉദാഹരണം മാത്രം.

  • 1. Unicode 5.1.0: Malayalam Chillu Characters
  • 2. Atomic chillu's are Unacceptable, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്, 2008
  • 3. "ന്റ" എന്ന കൂട്ടക്ഷരം ന്‍ + ചന്ദ്രക്കല + റ എന്നെഴുതണമെന്ന, ഭാഷ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന, യൂണിക്കോഡ് നിര്‍ദ്ദേശം മൈക്രോസോ­ഫ്റ്റിന്റെ കാര്‍ത്തിക എന്ന ഫോണ്ടിനുവേണ്ടി കൊണ്ടുവന്നതാണ് എന്ന് മേല്‍പ്പറഞ്ഞ പ്രബന്ധത്തില്‍ തോട്ടിങ്ങല്‍ വാദിക്കുന്നു.
malayalam computing, Politics, unicode, Technology, Kerala, Science & Education Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

യൂനിക്കോഡിലെ ചില്ല് പ്രശ്നം

യൂനിക്കോഡിലെ ചില്ല് പ്രശ്നം സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗാണ് ഉന്നയിച്ചതെന്നത് വസ്തുതാപരമായി തെറ്റാണ്. ഇപ്പോള്‍ സ്വ.മ.ക ഈ പ്രശ്നം ചര്‍ച്ചചെയ്യുകയും പരിഹാരത്തിനായി അന്വേഷിക്കുകയും ചെയ്യുന്നുവെന്നത് വാസ്തവം.

കേരള സര്‍വ്വകലാശാലയുടെ ലക്സിക്കണ്‍ വിഭാഗത്തിലെ ആര്‍. ചിത്രജകുമാറാണ് ആദ്യമായി ചില്ലക്ഷരങ്ങള്‍ ആറ്റോമിക്കായി എന്‍കോഡ് ചെയ്യുന്നതിന്റെ അശാസ്ത്രീയത വിശദീകരിച്ച് യൂനിക്കോഡ് കണ്‍സോര്‍ഷ്യത്തിന് എഴുതിയത്. അദ്ദേഹത്തോടൊപ്പം പ്രസ്തുതരേഖ തയ്യാറാക്കാന്‍ ലക്സിക്കണിലെ ഗംഗാധരനും ഉണ്ടായിരുന്നു. അക്കാലത്ത് രചന അക്ഷരവേദി എന്ന പേരിലായിരുന്നു കെ. എച്ച്. ഹുസ്സൈന്‍ ഉള്‍പ്പെടെയുള്ള സംഘം പ്രവര്‍ത്തിച്ചിരുന്നത്.

ആദ്യം ആര്?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ ഈ നീക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ...

ഈ വാചകം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന് പ്രതിഷേധത്തിന്റെ exclusivity നല്‍ക്കുന്നതായി ധ്വനിപ്പിച്ചെങ്കില്‍ അത് എന്റെ മാത്രം തെറ്റാണ്. ശ്രീ. സന്തോഷ് തോട്ടിങ്ങല്‍ തന്റെ പ്രബന്ധത്തില്‍ കേരള സര്‍വകലാശാലയുടെയും രചന അക്ഷരവേദിയുടേയും ഇടപെടലിനെ കുറിച്ചു പറയുന്നുണ്ട്. ഹൈപ്പര്‍ ലിങ്ക് ചെയ്യാനുള്ള reference കിട്ടാതതു കൊണ്ട് ഞാനാണ് ആ വെട്ടി ചുരുക്കല്‍ നടത്തിയതു. തെറ്റു ചൂണ്ടി കാണിച്ചതിനു വളരെ നന്ദി മഹേഷ്. ലേഖനത്തില്‍ തിരുത്ത് വരുത്തിയിട്ടുണ്ട്.

എന്റെ രാഷ്ട്രീയം

മലയാളത്തിനു ചില്ലക്ഷരങ്ങളെ ഉപേക്ഷിയ്ക്കുവാൻ സാധിയ്ക്കുകയില്ല എന്നതാണു് എന്റെ രാഷ്ട്രീയം. അതിനു് കുത്തകകളെ ഭയക്കേണ്ട ആവശ്യം എനിയ്ക്കില്ല.

ഇതിന്റെ കൂടെ ഒട്ടിച്ചിരിയ്ക്കുന്ന ചിത്രം നോക്കുക. സ്വതന്ത്രസോഫ്റ്റുവേറായ ഫയർബഗ്ഗിൽ ചില്ലക്ഷരമില്ലാത്ത മലയാളം കാണേണ്ടി വരുന്നതു് ആരുടെ ബലംപിടിത്തം കൊണ്ടാണെന്നു് ഒന്നന്വേഷിച്ചാൽ കൊള്ളാം. zwj എന്ന കോഡിനെ മലയാളം അക്ഷരങ്ങളിലെ അവിഭാജ്യഘടകമാക്കി മാറ്റിയ തെറ്റിനെ തിരുത്തുവാൻ വേണ്ടിയാണു് (ആറ്റമിക് ചില്ലെന്ന വിളിപ്പേരിൽ) വൈകിയെങ്കിലും ചില്ലക്ഷരങ്ങൾക്കു് മലയാളം കോഡ് പേജിൽ സ്ഥാനം കൊടുത്തതു്.

കൂട്ടക്ഷരങ്ങളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന ഒന്നല്ല ചില്ലക്ഷരം. അതു് റെണ്ടറിങ് എഞ്ചിനു സൌകര്യമുണ്ടെങ്കിൽ സൃഷ്ടിക്കേണ്ടതല്ല. അതു് നിർബന്ധമായും ഏതു പരിതസ്ഥിതിയിലും കാണിക്കേണ്ടതാണു്. സോഫ്റ്റുവേറിനു zwj എന്ന കോഡിനെ കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത അവസരങ്ങളിലെല്ലാം ചില്ലക്ഷരമില്ലാതെയാണു് മലയാളം പ്രത്യക്ഷപ്പെടുക. ക് ക എന്നു് പണ്ടു് ടൈപ്പ്റൈറ്ററിൽ അടിച്ചാൽ അതു് ക്ക ആണെന്നു് മനസ്സിലാക്കുന്നതിൽ വലിയ വളിപ്പു് ഇല്ലായിരുന്നു, എന്നാൽ ഇന്നു് ന് zwj എന്നു കണ്ടാൽ അതു് ൻ ആണെന്നു പഠിക്കേണ്ടി വന്നതു് വളരെ കടന്നുപോയി.

ഇതെല്ലാം ചർവ്വിതചർവ്വണം ചെയ്യേണ്ട കാര്യമില്ല. എന്നാലും ഇത്തരം ലേഖനങ്ങൾ കാണുമ്പോൾ പറയാതിരിയ്ക്കുവാൻ മനസ്സുവരുന്നില്ല.

ഏതു മഹാന്മാർ വാദിച്ചാലും മലയാളത്തിനു ചിലക്ഷരങ്ങൾ വേണ്ട എന്ന ന്യായം വിലപ്പോവില്ല.

മലയാളത്തിനു ചില്ലക്ഷരമില്ലാതെ കഴിയില്ല

ചില്ലുകള്‍ തന്നെ പ്രശ്നം

കെവിന്‍, മലയാളത്തിനു് ചില്ലക്ഷരം വേണോ എന്നതല്ലല്ലോ പ്രശ്നം. ചില്ലക്ഷരം ആറ്റോമിക്കായി എന്‍കോഡ് ചെയ്യണമോ എന്നതല്ലേ? ഇന്ത്യന്‍ഭാഷകളുടെ പൊതുഭാഷാശാസ്ത്രതലത്തില്‍ രൂപപ്പെടുത്തിയ ഇസ്ഫോക്‍ കോഡുകളെ ആധാരമാക്കിയാണു് യൂനിക്കോഡിലെ മലയാളത്തിന്റെ കോഡ് പേജ് നിലവില്‍ വന്നത്. നുക്ത എന്ന സംവിധാനത്തിനു് പകരം ചില്ലക്ഷരത്തിനു് എന്തുകൊണ്ടായിരിക്കാം പ്രത്യേകകോഡ് പോയിന്റ് നല്കാതിരുന്നതു് എന്നു മനസ്സിലാക്കിയാല്‍ കണ്ട്രോള്‍ ക്യാറക്ടറിനെക്കുറിച്ചുള്ള പരാതി തീരുമെന്നാണു് എന്റെ വിശ്വാസം. ഇന്ത്യന്‍ ഭാഷകളുടെ എന്‍കോഡിംഗിന്റെ കാര്യത്തില്‍ ഇസ്കിയും ഇസ്ഫോക്കും ചെയ്ത കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് പ്രശ്നം മനസ്സിലാക്കാനായി ചെയ്യേണ്ടതു്.

പ്രബോധചന്ദ്രന്‍നായരെപ്പോലെ, ഇത്തരം കാര്യങ്ങളൊന്നും അറിയാത്തവരെപ്പോലെ കെവിന്‍ സംസാരിക്കുന്നല്ലോ.

മഹേഷ് മാഷേ, ചില്ലക്ഷരം

മഹേഷ് മാഷേ, ചില്ലക്ഷരം ആറ്റമിക്കായി ഉപയോഗിയ്ക്കാതിരിയ്ക്കുന്നിടത്തോളം കാലം, zwj ഉപയോഗിയ്ക്കുന്ന ചില്ലക്ഷരങ്ങൾ പ്രോഗ്രാമുകളെ ആശ്രയിച്ചു കാണുകയോ കാണാതിരിക്കുകയോ ചെയ്യും, പക്ഷേ ചില്ലക്ഷരങ്ങൾക്കു് അങ്ങിനെ ഒരു രണ്ടാംകിട പൌരത്വം കല്പിച്ചു കൊടുക്കേണ്ടതായ യാതൊരു കാര്യവുമില്ലല്ലോ. മലയാളത്തിലെ മറ്റെല്ലാ അടിസ്ഥാന അക്ഷരങ്ങളേയും പോലെ തന്നെ സ്വതന്ത്രമായി നിലനില്ക്കേണ്ട ഒന്നാണു് ചില്ലക്ഷരവും. ചില്ലക്ഷരങ്ങൾ പറ്റുമെങ്കിൽ കണ്ടാൽ മതി, ഇല്ലെങ്കിലും സാരമില്ല എന്ന നിലപാടു് മാറ്റണം എന്നാണു് ഞാൻ പറയുന്നതു്. zwj കൊണ്ടുദ്ദേശിയ്ക്കുന്ന മറ്റേതുഗുണങ്ങളും ഹൈലവൽ പ്രോഗ്രാമിങ്ങിലൂടെ സാധിക്കേണ്ടതാണെന്നു് ഇനിയും ആർക്കും അറിയില്ലെന്നുണ്ടോ, അതോ കണ്ണടച്ചിരുട്ടാക്കുകയാണോ?

ഇന്ത്യൻ ഭാഷകളുടെ എൻകോഡിങ്ങിൽ, ഇസ്കിയിൽ, ദേവനാഗരിയെ മാതൃകയാക്കി എടുത്തു്, മറ്റെല്ലാ ഭാഷകളെയും അതിന്റെ ചട്ടക്കൂടിൽ ഒതുക്കുവാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണു് മലയാളത്തിൽ ചില്ലക്ഷരത്തിനു സംഭവിച്ച ഗതികേടും ഇന്നു് അനുഭവിയ്ക്കുന്നതും. ഇസ്കി രൂപവത്കരിയ്ക്കുമ്പോൾ നേരിട്ടിരുന്ന സങ്കേതികപരിമിതികളുടെ കാലത്തിലല്ല നാം ജീവിയ്ക്കുന്നതെന്ന കാര്യം ആണു് ആദ്യം മനസ്സിലാക്കേണ്ടതു്.

ഇസ്കി

ഇസ്കിയുടെ അടിസ്ഥാനം ദേവനാഗരിയാണെന്നത് ചുരുക്കിപ്പറയലാണു്. എല്ലാ ഇന്ത്യന്‍ഭാഷകളുടെയും അക്ഷരമാലയും ലിപിസഞ്ചയവും പരിഗണിച്ച് അവയുടെ അടിസ്ഥാനപരമായ സവിശേഷതകളെ മുന്‍നിറുത്തിയാണല്ലോ ഇസ്കി ചിട്ടപ്പെടുത്തിയതു്. അതില്‍ ചില്ലക്ഷരങ്ങള്‍ അടിസ്ഥാനാക്ഷരത്തില്‍നിന്നു് നിഷ്പാദിപ്പിക്കുക എന്ന യുക്തി ഭാഷാശാസ്ത്രപരമായി ശരിയുമാണു്.

യൂനിക്കോഡ് കോഡ് പേജ് വന്നപ്പോള്‍, അതിനെക്കുറിച്ചു് പഠിക്കുന്നതിനിടയില്‍, അന്നത്തെ അജ്ഞതകാരണം കെ.എച്ച്.ഹുസ്സൈന്‍ തയ്യാറാക്കിയ ഒരു ഡോക്യുമെന്റ് കൌശലക്കാരായ ചിലര്‍ കാലംതെറ്റി ചോര്‍ത്തിക്കൊടുത്തതിന്റെ ഫലമായി ഉണ്ടായ പ്രശ്നമാണു് ആറ്റോമിക്‍ എന്‍കോഡിംഗിന്റേത് എന്നു് സമ്മതിക്കുവാന്‍ ഇനിയും എത്രകാലം തര്‍ക്കിച്ചുകൊണ്ടിരിക്കണം? അനവസരത്തില്‍ ആ രേഖ സുലോചനാദേവി പൊക്കിക്കൊണ്ടുവന്ന് ഈ തര്‍ക്കത്തിന്റെയെല്ലാം ഉത്തരവാദി രചന അക്ഷരവേദിയാണ് എന്ന് വാദിച്ച കാര്യം ഓര്‍ക്കുക.

കണ്ട്രോള്‍ ക്യാറക്ടറുകളെ ആപ്ലിക്കേഷനുകള്‍ അവഗണിച്ചേക്കാം, അപ്പോള്‍ പ്രശ്നമാവും എന്നത് ഭാവനാത്മകമായ ഒരു സാദ്ധ്യതാവിചാരമാണു്. അത്തരം ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കള്‍ ഉപേക്ഷിക്കും എന്നതിനാല്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചുകൊള്ളും. ആപ്ലിക്കേഷനുകള്‍ വാശിക്ക് ഉണ്ടാക്കുന്നതല്ലല്ലോ, വിറ്റ് ലാഭമുണ്ടാക്കാനല്ലേ. ഉപയോക്താക്കള്‍ക്ക് വേണ്ടാത്തത് ഉണ്ടാക്കാന്‍ സി ഡാക്കിന്റെ തിരുവനന്തപുരം ഓഫീസല്ലല്ലോ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നതു്.

ഒരു ദേശീയ സ്റ്റാൻഡേഡ് എന്ന

ഒരു ദേശീയ സ്റ്റാൻഡേഡ് എന്ന നിലയിൽ ഇസ്കി ഒരു പരാജയമായിരുന്നു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളല്ലാതെ മറ്റാരും ഈ സ്റ്റാൻഡേഡ് ഉപയോഗിച്ചില്ല. ദേവനാഗരി ദേശീയ ലിപിയാക്കണം എന്നുവരെ ലക്ഷ്യമുണ്ടായിരുന്ന ഹിന്ദിബെൽറ്റിലെ സമ്മർദ്ദകേന്ദ്രങ്ങൾ, മറ്റുഭാഷകളുടെ പ്രത്യേകതകൾ കണക്കിലെടുക്കാതെ, എല്ലാ ഭാഷകളേയും ഒരേ നുകത്തിൽ കെട്ടുവാൻ യത്നിച്ചതാണു് ഇസ്കിയുടെ പരാജയത്തിനു കാരണം. തമിഴിനും ഇസ്കിയുടെ കാര്യത്തിൽ തീരെ യോജിപ്പുണ്ടായിരുന്നില്ല. തമിഴർ ഇസ്കിയെ പുറംകാലുകൊണ്ടു് തൊഴിച്ചു് തമിഴിനു് അവരുടെ ആവശ്യപ്രകാരമുള്ള സ്റ്റാൻഡേഡ് ഉണ്ടാക്കി.

കഴിവുള്ള റെൻണ്ടറിങ് എഞ്ചിൻ ഉണ്ടെങ്കിൽ മാത്രം ചില്ലക്ഷരത്തെ കാണിയ്ക്കാം എന്ന സമീപനം ഇസ്കിയിലും അബദ്ധമായിരുന്നു, മറ്റുള്ള കൂട്ടക്ഷരങ്ങളെപ്പോലെ കരുതി നുക്ത എന്ന സൂത്രപ്പണിയിലൂടെ ചില്ലക്ഷരത്തെ കാണിച്ചോളൂ എന്നു ഇസ്കി അനുശാസിച്ചു. ആ അബദ്ധം അതേപടി പകർത്തുകയാണു് യുണീക്കോഡും ചെയ്തതു്.

കണ്ട്രോള്‍ ക്യാറക്ടറുകളെ ആപ്ലിക്കേഷനുകള്‍ അവഗണിച്ചേക്കാം, അപ്പോള്‍ പ്രശ്നമാവും എന്നത് ഭാവനാത്മകമായ ഒരു സാദ്ധ്യതാവിചാരമാണു്.

ഇതു ഭാവനയല്ല, യാഥാർത്ഥ്യമാണു്, വർഷങ്ങളായി മലയാളം ഉപയോഗിയ്ക്കുന്നവർ നേരിടുന്ന പ്രശ്നം. ഇപ്പോഴും നേരിട്ടുകൊണ്ടിരിയ്ക്കുന്നതു്. ഞാൻ ആദ്യത്തെ കമന്റിൽ ഒട്ടിച്ച ചിത്രം എന്റെ ഭാവനയല്ല, ഞാൻ ദിവസേന ജോലി ചെയ്യുന്ന പ്രോഗ്രാമിലെ അവസ്ഥയാണു്. അപ്പോൾ എന്തുകൊണ്ടു് ബഗ് റിപ്പോർട്ട് ചെയ്യുന്നില്ല, ഇതു പ്രോഗ്രാം തിരുത്തിക്കൊണ്ടു് പരിഹരിയ്ക്കാവുന്നതല്ലേ എന്നു ചോദ്യം വരും. ഇതു് തിരുത്തേണ്ടതല്ല, കാരണം, എച്ച്ടിഎംഎൽ കോഡിൽ പണിചെയ്യുമ്പോൾ, കണ്ട്രോൾ കാരക്റ്ററുകൾ എച്ച്ടിഎംഎൽ കോഡിൽ തന്നെ കാണേണ്ടതു് ആവശ്യമാണു്. അതൊരു ബഗ്ഗല്ല. കണ്ട്രോൾ കാരക്റ്ററുകൾ പലതുണ്ടു്. സാധാരണ നിലയിൽ ഇവ കാണപ്പെടാതിരിയ്ക്കുമ്പോൾ, അവ ഏതെല്ലാം എവിടെയെല്ലാം ഉണ്ടു് എന്നറിയുവാൻ, അവയെ കൃത്യമായ സ്ഥാനങ്ങളിൽ ചേർക്കുവാൻ പേജിന്റെ എച്ച്ടിഎംഎൽ സോഴ്സിൽ നേരിട്ടു പ്രവർത്തിയ്ക്കേണ്ടതു് അവശ്യമാണു്.

"രണ്ടാംകിട പൌരത്വം" എന്നൊക്കെ

"രണ്ടാംകിട പൌരത്വം" എന്നൊക്കെ വൈകാരികമായി പറയുകയാണെങ്കില്‍ 'ന്ത' 'ങ്ക' യെല്ലാം ഒന്നാം കിടയാണോ? ഇവയൊക്കെ മലയാളത്തില്‍ അത്യന്താപേക്ഷിതം തന്നെ.

എച്ച്ടിഎംഎല്‍ സോഴ്സ് ടെക്സ്റ്റ് ഫയല്‍ തന്നെയാണു്.മാര്‍ക്കപ്പ് അടങ്ങിയിട്ടുണ്ടെന്നു് മാത്രം. അതൊക്കെ കാണിക്കാത്തതു് ബഗ്ഗ് തന്നെ.

ഒരോതവണയും ആണവനു് ഒരോ ന്യായികരണങ്ങള്‍ പറയുന്നു എന്നു മാത്രം.വന്യയവനികയൊക്കെ വിട്ടു് ക്ലച്ച് പിടിക്കാത്ത എച്ച്ടിഎംഎല്‍ സോഴ്സ് കൊണ്ടുവരുന്നതു് അതുകൊണ്ടാണു്.രണ്ടുതരം സ്പെല്ലിങ് എന്ന വിഷയം എങ്ങനെ അഡ്രസ്സ് ചെയ്യുമെന്നു ചോദിച്ചാല്‍ ബബ്ബബ്ബ തന്നെ! മുഖ്യ പ്രശ്നവും അതുതന്നെ.

നിലവില്‍ എറ്റവും പ്രചാരമുള്ള

നിലവില്‍ എറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റം, ഫോണ്ട് എന്നിവയുടെ നിര്‍മ്മാതാക്കള്‍ തങ്ങള്‍ ചെയ്തുവെച്ച അബദ്ധവും കെട്ടിപ്പിടിച്ചിരിക്കുന്നതു് ആര്‍ക്കും മനസ്സിലാക്കാം. കാരണം അവര്‍ക്കതേ ചെയ്യാന്‍ കഴിയൂ.

നിലവില്‍ എറ്റവും പ്രചാരമുള്ള

നിലവില്‍ എറ്റവും പ്രചാരമുള്ള ഓപ്പറേറ്റിങ് സിസ്റ്റം, ഫോണ്ട് എന്നിവയുടെ നിര്‍മ്മാതാക്കള്‍ തങ്ങള്‍ ചെയ്തുവെച്ച അബദ്ധവും കെട്ടിപ്പിടിച്ചിരിക്കുന്നതും വീറോടെ വാദിക്കുന്നതും ആര്‍ക്കും മനസ്സിലാക്കാം. കാരണം അവര്‍ക്കതേ ചെയ്യാന്‍ കഴിയൂ.

ഉബുന്ദുവിനെയാണോ

ഉബുന്ദുവിനെയാണോ ഉദ്ദേശിച്ചതു്? ഞാൻ മുഴുവൻ സമയവും ഉബുന്ദുവിൽ മലയാളം ഉപയോഗിയ്ക്കുന്ന ആളാണു്, അതിൽ സന്തോഷവുമുണ്ടു്.

kevi- :-)

ദീപക്, ഈ വിഷയം ചര്‍ച്ചയ്ക്കു വെച്ചത് നന്നായി. ഇവിടെ വന്ന കമന്റുകളില്‍ കെവി- (കെവിന്‍?) എഴുതിയതൊഴികെ മറ്റെല്ലാത്തിലും എനിക്ക് ചില്ലക്ഷരങ്ങള്‍ ശരിക്ക് വായിക്കാം.

:) അതൊരു സൂത്രമാണു്.

:) അതൊരു സൂത്രമാണു്.

പ്രതികരണങ്ങള്‍

#10. :) അതൊരു സൂത്രമാണു്., കെവിൻ, 6 years ago