പാമൊലിന്‍ തോണിയില്‍ ഒരു സുഖചികില്‍സ

പ്രതീഷ് പ്രകാശ് August 10, 2011

Image Credits: World Economic Forum @ Flickr


രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ പാമൊലിന്‍ കേസില്‍ സംസ്ഥാന വിജിലന്‍സ്, കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിക്കളയുകയും, ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നിലവിലുള്ള എട്ട് പേരുടെ പ്രതിപട്ടികയില്‍ ഇനിയാരുടെയും പേര് ചേര്‍ക്കേണ്ട കാര്യമില്ലെന്നും, ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിട്ട് നല്‍കുകയും ചെയ്ത റിപ്പോര്‍ട്ട് ആണ് വിജിലന്‍സ് കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്.

1991-92 കാലഘട്ടത്തില്‍ അന്ന് അധികാരത്തിലിരുന്ന കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരാണ് സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന മലേഷ്യന്‍ കമ്പനിയായ പവര്‍ & എനര്‍ജി Ltd. വഴി അന്താരാഷ്ട്രവിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പാമൊലിന്‍ ഇറക്കുമതി ചെയ്ത് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയത്. മെട്രിക് ടണ്ണിന് 392.25 ഡോളര്‍ നിരക്കില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന പാമൊലിന്‍ 405 ഡോളറിനാണ്, അന്ന് 15000 ടണ്ണോളം പാമൊലിന്‍ ഇറക്കുമതി ചെയ്തത്. ഇത് മൂലം സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ [അന്നത്തെ നിരക്കില്‍] നഷ്ടമുണ്ടായി.

യാതൊരു വിധ ടെന്‍ഡറും വിളിക്കാതെ നടപ്പില്‍ വരുത്തിയ ഈ ഇടപാടില്‍ ഒപ്പ് വച്ചത്, ഈയിടെ കേന്ദ്ര ചീഫ് വിജിലന്‍സ് കമ്മീഷണര്‍ തസ്തികയില്‍ നിന്നും സുപ്രീംകോടതിയാല്‍ പുറത്താക്കപ്പെട്ടതും, അഴിമതി നടന്ന കാലഘട്ടത്തില്‍ കേരളത്തിലെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയുമായിരുന്ന പി.ജെ. തോമസ് (കേസിലെ എട്ടാം പ്രതി) ആണ്. കരാറിന്മേല്‍ തീരുമാനമെടുത്ത മന്ത്രിസഭായോഗം ചേര്‍ന്ന നവംമ്പര്‍ 27, 1991-ന് തലേ ദിവസം മറ്റൊരു മലേഷ്യന്‍ കമ്പനിയായ നളിന്‍ ഇന്‍ഡസ്ട്രീസ് മെട്രിക് ടണ്ണിന് 390 ഡോളര്‍ നിരക്കില്‍ പാമൊലിന്‍ ഇടപാടിന് തയ്യാറായിരുന്നു എന്ന് മാത്രമല്ല അന്താരാഷ്ട്ര ധാരണകള്‍ ഒപ്പ് വയ്ക്കുമ്പോള്‍ പാലിക്കേണ്ട ചില ഔദ്യോഗിക ചട്ടങ്ങള്‍ ലംഘിച്ചിരുന്നതായുമുള്ള ആരോപണങ്ങള്‍ ഇന്നും സാധുവായി നിലനില്‍ക്കുമ്പോള്‍ തന്നെ ഈ ഇടപാടില്‍ അഴിമതി നടന്നിരുന്നു എന്ന് സംശയിക്കുന്നതില്‍ യാതൊരുവിധ തെറ്റുകളുമില്ല.

പവര്‍ ആന്‍ഡ് എനര്‍ജി കേരള സംസ്ഥാനത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആയിരുന്ന സഖറിയ മാത്യു നല്‍കിയ നോട്ട്, കരുണാകരന്‍ വഴി ധനമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിക്കും, ഭക്ഷ്യമന്ത്രി ആയിരുന്ന ടി.എച്ച്. മുസ്തഫയ്ക്കും നല്‍കിയിരുന്നു. രണ്ട് കാര്യങ്ങളിന്മേല്‍ തീരുമാനമെടുക്കുവാനാണ് മൂവരോടും അഡീ. ചീഫ് സെക്രട്ടറി ആ നോട്ടിലൂടെ ആവശ്യപ്പെട്ടിരുന്നത്.

  1. പവര്‍ ആന്‍ഡ് എനര്‍ജിയില്‍ നിന്നും പാമൊലിന്‍ ഇറക്കുമതി ചെയ്യണമോയെന്നും,
  2. 15 ശതമാനം അധികം സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കി ഈ ഇടപാട് നടത്തേണമോ എന്നും.

ഈ ഫയലിന്മേല്‍ ഉമ്മന്‍ ചാണ്ടി എതിരഭിപ്രായം രേഖപ്പെടുത്തിയില്ല എന്ന് മാത്രവുമല്ല, ആ വര്‍ഷം അവസാനത്തോട് കൂടി ഈ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന മുറവിളി തുടങ്ങിയപ്പോള്‍ പോലും ഇതില്‍ നിന്നും പിന്മാറുവാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. സ്റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ നിശ്ചയിച്ച നിരക്കില്‍ മാത്രമേ ഇറക്കുമതി നടത്താവുള്ളൂ എന്ന് അറിയിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എഴുതിയ രണ്ട് കത്തുകളും ഉമ്മന്‍ ചാണ്ടി അവഗണിച്ചിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാതെ പ്രസ്തുത കമ്പനിയില്‍ നിന്ന് നേരിട്ട് പാമൊലിന്‍ ഇറക്കുമതി ചെയ്യുവാനുള്ള ചര്‍ച്ച, മന്ത്രിസഭായോഗത്തില്‍ അസാധാരണ ഇനമായി പരിഗണിക്കുവാന്‍ ശുപാര്‍ശ ചെയ്തത് അദ്ദേഹത്തിന്റെ പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നുവെന്നും പാമൊലിന്‍ കേസിലെ 22-ആം സാക്ഷിയായ ഉമ്മന്‍ ചാണ്ടി, പില്‍ക്കാലത്ത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തെളിവ് നല്‍കിയിരുന്നു.

അന്നത്തെ മുഖ്യമന്ത്രി, ഈയിടെ അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് കെ. കരുണാകരന്‍ ഒന്നാം പ്രതിയായും, മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ടി.എച്ച്. മുസ്തഫ രണ്ടാം പ്രതിയായും ആയി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് പിറ്റേ വര്‍ഷത്തെ (1992) ബജറ്റ് സമ്മേളനത്തില്‍ സി.പി.ഐ. (എം) നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാമോലിന്‍ ഇടപാടിനെക്കുറിച്ചുള്ള രേഖകള്‍ ഹാജരാക്കി, ആരോപണമുന്നയിച്ചതിന്റെ പിന്തുടര്‍ച്ചയായിട്ടാണ്. വി.എസിന്റെ ആരോപണങ്ങളെയെല്ലാം ശരിവച്ചു കൊണ്ടാണ് അന്നത്തെ അക്കൗണ്ടന്റ് ജനറലായിരുന്ന ജയിംസ് ജോസഫും (1993-ല്‍), പിന്നീട് കോണ്‍ഗ്രസ്സ് നേതാവായ എം.എം. ഹസ്സന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയും (1996 മാര്‍ച്ച് 19-ന്) അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം 1997 മാര്‍ച്ച് 21-ന് സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും കരുണാകരന്‍ ഉള്‍പ്പടെയുള്ള എട്ട് പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെന്നും കോടതിയില്‍ അറിയിച്ചത്. ഈ കേസ് ഇത്രയും നാള്‍ നീണ്ടു പോകുവാന്‍ കാരണം ഒന്നാം പ്രതിയായ കെ.കരുണാകരന്‍ കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഉന്നയിച്ചു പോന്ന വിവിധങ്ങളായ തടസ്സവാദങ്ങളാണ്. കരുണാകരന്റെ മരണത്തോട് കൂടിയാണ്, അന്വേഷണത്തിന് തടസ്സമായ സ്റ്റേയുടെ സാധുത ഇല്ലാതായതും അതിന്മേലുള്ള നടപടിക്രമങ്ങള്‍ പുനരാരംഭിച്ചതും.

ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്ക് മാത്രമേ ഈ ഇടപാടില്‍ തനിക്കുമുള്ളൂ എന്നതിനാല്‍, ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാത്തത് പോലെ തന്നെയും വെറുതെ വിടണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും കോണ്‍ഗ്രസ്സ് നേതാവുമായ ടി.എച്ച്. മുസ്തഫ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ്, ഫെബ്രുവരി പത്തിന് നല്‍കിയ ഹര്‍ജിയിന്മേലാണ് ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപറ്റിയും അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന വിജിലന്‍സ് അഭിപ്രായപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ ആദ്യം ഉണ്ടായിരുന്ന എട്ട് പ്രതികളെക്കൂടാതെ ഇനിയുമാരെയും പ്രതി ചേര്‍ക്കേണ്ടതില്ലായെന്നാണ് വിജിലന്‍സ് എസ്.പി. കോടതിയില്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന 2011 മേയ് 13-ആം തീയ്യതി അറിയിച്ചത്. വിജിലന്‍സിന്റെ നിലപാട് പ്രഥമദൃഷ്ട്യാതന്നെ രാഷ്ട്രീയ പ്രേരിതമാണിതെന്നും, ഉമ്മന്‍ ചാണ്ടിക്ക് മേല്‍ സംശയത്തിന്റെ കറ പുരണ്ടതില്‍ അസ്വഭാവികതയൊന്നുമില്ലെന്നും കേസിന്റെ ചരിത്രം വ്യക്തമായി പഠിച്ചാല്‍ മനസ്സിലാകും.

പാമൊലിന്‍ കേസിനെ നിയമക്കുരുക്കുകളില്‍ പെടുത്തി നീതിനിര്‍വ്വഹണം തടസ്സപ്പെടുത്തുവാനേ കോണ്‍ഗ്രസ്സ് നേതാക്കളും ഗവണ്‍മെന്റുകളും എന്നും ശ്രമിച്ചിട്ടുള്ളൂ. 2001-ല്‍ അധികാരത്തിലേറിയ അന്നത്ത യു.ഡി.എഫ്. സര്‍ക്കാര്‍ പാമൊലിന്‍ കേസന്വേഷണത്തിനെ ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കുവാന്‍ പോലും തയ്യാറായി. സഖാവ്: വി.എസ്. അച്യുതാനന്ദന്റെ നിരന്തരമായ, വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളിലൂടെയാണ് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കിയ ഒരു ഇടപാടില്‍ ഇന്നും അന്വേഷണം നടക്കുന്നത്.

മുഖ്യമന്ത്രി എന്ന ഭരണഘടനാപദവി അലങ്കരിക്കുന്ന ഒരു വ്യക്തിയുടെ നേര്‍ക്കുള്ള ആരോപണത്തെക്കുറിച്ച് തുടരന്വേഷണം ആവശ്യമാണ് എന്ന് സധൈര്യം വിധിച്ച കോടതിയെ അനുമോദിക്കുമ്പോഴും, അദ്ദേഹം ഈ പദവിയില്‍ ഇരുന്നാല്‍ അന്വേഷണത്തെ അത് ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുവാന്‍ കഴിയുമെന്ന കാര്യം തള്ളിക്കളഞ്ഞ വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുന്നത് കൊണ്ട് കോണ്‍ഗ്രസ്സിന്റെയും ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയുടെയും രാഷ്ട്രീയവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയുക എന്നത്.

നമ്മുടെ മാദ്ധ്യമങ്ങളെല്ലാം വിസ്മരിച്ച മറ്റൊരു കാര്യമുണ്ട്. ആഗോള ടെന്‍ഡര്‍ വിളിക്കാതെ ഉറപ്പിച്ച ഒരു ധാരണാപത്രത്തിന്റെ പേരില്‍, ആ പദ്ധതിയുടെ ദൈര്‍ഘ്യം കൊണ്ട് അടുത്ത സര്‍ക്കാരിന് - അവര്‍ ധാരണാപത്രാടിസ്ഥാനത്തിലുള്ള ഇടപാടുകളെ നയപരമായി എതിര്‍ത്തിട്ട് പോലും - അതിന്റെ തുടര്‍ച്ചാനടപടികള്‍ നിയമബാദ്ധ്യതകള്‍ മൂലം സ്വീകരിക്കേണ്ടി വന്നതിനാല്‍ സര്‍വ്വരാലും ക്രൂശിക്കപ്പെട്ട വന്ന ഒരു നേതാവിനെ പറ്റി ഈയവസരത്തില്‍ ഒരാളും ഓര്‍മ്മിച്ചില്ല. ആ നേതാവിന്റെ പേര് പിണറായി വിജയന്‍ എന്നാണ്. അദ്ദേഹം 1996-ലെ നായനാര്‍ സര്‍ക്കാരില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയും ആയിരുന്നു.

ലാവലിനും പാമോലിനും തമ്മിലുള്ള ബന്ധം കേവലം പ്രാസത്തില്‍ ഒതുങ്ങുന്നതല്ല. രണ്ടും ആഗോള ടെന്‍ഡര്‍ വിളിക്കാതെ തുടങ്ങിയ പദ്ധതികളാണ്. അവ രണ്ടും തുടങ്ങിയത് 1991-ലെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്താണ്. ഇവ രണ്ടും ധാരണാപത്രത്തില്‍ [MoU] അധിഷ്ഠിതമായ ഇടപാടുകളാണ്. ലാവലിനും പാമൊലിനും ഒപ്പ് വച്ചപ്പോള്‍ ഉള്ള അവസ്ഥ - അല്ലെങ്കില്‍ അവയിലെ ധാരണകള്‍ - അവ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് എതിരായിരുന്നു. പാമൊലിന്‍ കേസിനെ പറ്റി മുകളില്‍ പറഞ്ഞു കഴിഞ്ഞു. ലാവലിന്‍ കരാറില്‍ ജി. കാര്‍ത്തികേയന്‍ ഒപ്പിട്ട പ്രകാരമുള്ള കരാറും, എല്‍.ഡി.എഫ്. കാലത്ത് പുനഃനിര്‍വ്വചിച്ച കരാറും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ കൊടുത്തിട്ടുണ്ട്.

ഇനം യു.ഡി.എഫ് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ്. കാലത്തെ മാറ്റങ്ങള്‍
സാധന സാമഗ്രികള്‍ 182 കോടി രൂപ 131 കോടി രൂപ
കണ്‍സള്‍ട്ടന്‍സി ഫീസ് 24 കോടി രൂപ 17 കോടി രൂപ
പലിശ 7.8% 6.8%
കമിറ്റ്‌മെന്റ് ചാര്‍ജ്ജ് 0.5% 0.375%
അഡ്മിനിസ്ട്രേഷന്‍ ഫീസ് 0.75% 0.5%
എക്സ്പോഷര്‍ ഫീസ് 6.25% 4.76%
സാമൂഹികാവശ്യങ്ങള്‍ക്കുള്ള ഗ്രാന്റ് 46 കോടി രൂപ 98 കോടി രൂപ

ഇനിയാണ് ആന്റി-ക്ലൈമാക്സ്. ലാവലിനുമായി ധാരണാപത്രം ഒപ്പിട്ട ജി. കാര്‍ത്തികേയന്‍ ഇന്ന് കേരള നിയമസഭയിലെ സ്പീക്കറാണ്, പവര്‍ ആന്‍ഡ് എനര്‍ജിയുമായുള്ള ധാരണയ്ക്ക് അംഗീകാരം നല്‍കുവാന്‍ അനാവശ്യ ധൃതി കാണിച്ച ഉമ്മന്‍ ചാണ്ടി ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അഴിമതിക്കറ പുരണ്ട വ്യക്തികളാണ് നിയമസഭയെയും മന്ത്രിസഭയെയും നയിക്കുന്നതെന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയായിരിക്കും.

അവ തമ്മിലുള്ള സാമ്യങ്ങള്‍ അവിടെ തീരുന്നു. ലാവലിന്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ആരോപണമുണ്ടായപ്പോള്‍ [സി.ഏ.ജി. റിപ്പോര്‍ട്ട്] സംസ്ഥാന വിജിലന്‍സ് പ്രസ്തുത കേസ് അന്വേഷിക്കുകയുണ്ടായി. അന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. വിജിലന്‍സിന്റെ അന്വേഷണത്തില്‍, സി.ഏ.ജി ആരോപിക്കും പോലെയുള്ള ക്രമക്കേടുകള്‍ ഒന്നും തന്നെ നടന്നിട്ടില്ലായെന്നാണ് കണ്ടെത്തിയത്. പാമൊലിന്‍ കേസില്‍ എന്തൊക്കെ നിയമനടപടികളാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്ന് മുകളില്‍ സൂചിപ്പിക്കുകയുണ്ടായി. 2005-ല്‍ പാമൊലിന്‍ കേസിന്മേലുള്ള അന്വേഷണം മരവിപ്പിക്കുവാന്‍ ഒരുമ്പെട്ട ഉമ്മന്‍ ചാണ്ടിയാണ് 2006-ല്‍ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. ഗൗരവമുള്ളതായിട്ടൊന്നും തന്നെ ലാവലിന്‍ കേസിലില്ല എന്ന് അഭിപ്രായപ്പെട്ട സി.ബി.ഐ.-യുടെ നിലപാട് മാറിയത് പൊടുന്നനെയാണ് - യു.പി.ഏ. സര്‍ക്കാരിനുള്ള പിന്തുണ ഇടതുകക്ഷികള്‍ പിന്‍വലിച്ചപ്പോള്‍! തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തിയ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ - പാമൊലിന്‍ കേസന്വേഷണം മരവിപ്പിക്കുവാന്‍ ശ്രമിച്ചതിനെതിരെയും പോലും - ഒരു നിഷ്പക്ഷ/സ്വതന്ത്ര മാദ്ധ്യമവും, ഒരു സാംസ്കാരിക പ്രവര്‍ത്തകനും ഒന്നും മിണ്ടിയിരുന്നില്ല എന്നത് ഇവിടെ പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. അതേ സമയം നീചമായ രാഷ്ട്രീയപകപോക്കലിന്റെ ഇരയായ പിണറായി വിജയനെ, നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന, അല്ലെങ്കില്‍ അങ്ങനെ ആയിരിക്കേണ്ട മാദ്ധ്യമങ്ങളും പൊതുസമൂഹവും എത്ര നികൃഷ്ടമായിട്ടാണ് വേട്ടയാടിക്കൊണ്ടിരുന്നത്, ഇന്നുമതിന്റെ പേരില്‍ പിണറായി വിജയനേയും, സി.പി.ഐ. (എം)-നേയും - ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത്. ഇന്ന് അതേ സ്ഥാനത്ത് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്, എന്തിന്റെ പേരിലാണ് അനര്‍ഹമായ ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നത്? അദ്ദേഹത്തിന്റെ രാഷ്ട്രീയം വലത് ആയത് കൊണ്ടാണോ, അതോ ഉമ്മന്‍ ചാണ്ടി ഉന്നതകുലജാതനായത് കൊണ്ടോ?

ഇന്ന് തന്റെ പൊള്ളത്തരങ്ങളുടെ ചെമ്പ് തെളിഞ്ഞിരിക്കുന്ന ഈ അവസരത്തില്‍, ഉമ്മന്‍ ചാണ്ടിയെ തോളില്‍ താങ്ങി നിര്‍ത്തുവാന്‍ എത്രയാള്‍ക്കാരുടെ നിരയാണ്. 'മ' പത്രങ്ങള്‍ക്കിടയില്‍ തന്നെ ഉമ്മന്‍ ചാണ്ടിയെയും സഹപ്രതികളെയും വിശുദ്ധവല്‍ക്കരിക്കുന്നതിന് ആരോഗ്യപരമായ ഒരു മല്‍സരം ഉണ്ടെന്ന് തന്നെ പറയാം. ഉമ്മന്‍ ചാണ്ടി രാജി വയ്ക്കേണ്ടത് കേവലം പാമൊലിന്‍ കേസില്‍ പുതുതായുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമല്ല - എന്നാലതിന്റെ പ്രാധാന്യമൊട്ട് കുറയുന്നുമില്ല. ഒന്ന്, ലാവലിന്‍ കേസില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നടത്തിയ രാഷ്ട്രീയപ്രേരിതമായ നീക്കങ്ങള്‍. രണ്ട്, തനിക്കെതിരെയുള്ള പാമൊലിന്‍ കേസിനെ ദുര്‍ബലപ്പെടുത്തുവാനും അന്വേഷണനടപടികള്‍ മരവിപ്പിക്കുവാനും നടത്തിയ അധികാരദുര്‍വിനിയോഗങ്ങള്‍. അതായത് ചരിത്രം ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ക്ക് പ്രതികൂലമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍, അതിനെ ബാധിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഇടപെടലുകള്‍ ഉണ്ടാകാതെയിരിക്കുവാന്‍, അദ്ദേഹം വിജിലന്‍സ് വകുപ്പില്‍ നിന്ന് മാറിയാല്‍ മാത്രം മതിയാകില്ല, മറിച്ച് മന്ത്രിസഭയില്‍ നിന്നും മാന്യമായി മാറി നിന്ന് അന്വേഷണത്തെ സധൈര്യം നേരിടുകയാണ് വേണ്ടത്.

എന്നാല്‍ നാണം കെട്ട രാഷ്ട്രീയ പൊറാട്ട് നാടകങ്ങളുടെ സംവിധായകനും മുഖ്യ നടനുമൊക്കെ ആയി ഗംഭീര നടനം കാഴ്ചവച്ച കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി - ലാവലിന്‍ കേസ് മാദ്ധ്യമങ്ങളില്‍ കത്തിച്ച് വിട്ട ശേഷം ഒരു പാര്‍ട്ടിയുടെ സെക്രട്ടറി മാത്രമായിരുന്ന (ഭരണഘടനാ പദവി അല്ല) പിണറായി വിജയന്‍ തല്‍സ്ഥാനം രാജി വയ്ക്കണമെന്ന് യാതൊരു ഉളുപ്പുമില്ലാതെ ആവശ്യപ്പെട്ട ഉമ്മന്‍ ചാണ്ടി - [അധികാരത്തിന്റെ] ലഹരി തലയ്ക്ക് പിടിച്ച്, കുഴഞ്ഞാടി ഒരു കോപ്പ കള്ളിന് കൂടി ഇരക്കുന്ന കള്ളുകുടിയനെപ്പോലെ, മുഖ്യമന്ത്രിക്കസേരയില്‍ (ഭരണഘടനാ പദവി) കടിച്ചു തൂങ്ങി കിടക്കുവാന്‍ ബദ്ധപ്പെടുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. “ഞാനാണ് വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടത്” എന്ന മുഖമന്ത്രിയുടെ നിലപാട് കൂടുതല്‍ അപഹാസ്യം. 2005-ല്‍ താന്‍ മുഖ്യമന്ത്രി ആയപ്പോള്‍ നിര്‍ത്തി വയ്ക്കുവാന്‍ ശ്രമിച്ച പാമൊലിന്‍ കേസ് അന്വേഷണത്തെക്കുറിച്ച് തന്നെയാണോ ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത്? ഇന്ത്യയില്‍ തന്നെ രാഷ്ട്രീയബോധത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിലെ ജനങ്ങളോട് താങ്കള്‍ക്ക് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍, അല്പമെങ്കിലും ഉളുപ്പ് അങ്ങയില്‍ ബാക്കി നില്പുണ്ടെങ്കില്‍ ഇവിടെ താങ്കള്‍ രാഷ്ട്രീയപ്രേരിതമായിട്ടല്ല പ്രവര്‍ത്തിക്കേണ്ടത്, മറിച്ച് ജനഹിതമനുസരിച്ചാണ്.

corruption, karunakaran, oommen chandy, palm oil, palmolein, Politics, vigilance, അഴിമതി, ഉമ്മന്‍ ചാണ്ടി, പാമൊലിന്‍, പാമോയില്‍, വിജിലന്‍സ്, Globalisation, Kerala, Note Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

ഈ കണക്കുകളുടെ സ്രോതസ്സ്

ഈ കണക്കുകളുടെ സ്രോതസ്സ് ഏതൊക്കെയാണെന്ന് എഴുതുന്നതു നല്ലതാണെന്ന് തോന്നുന്നു. ഒരു പാട് കണക്കുകള്‍ ഉള്ള സ്ഥിതിക്ക് അവയുടെ ആധികാരിത വായനക്കാര്‍ക്ക് ബോധ്യമാവേണ്ടതുണ്ട് . എക്സ്പോഷര്‍ ഫീസ്, കമിറ്റ്‌മെന്റ് ചാര്‍ജ്ജ് ഇവ എന്താണെന്ന് വ്യക്തമാക്കാമോ ?

Arum, please read both parts

Arum, please read both parts of this article http://jagrathablog.blogspot.com/2009/07/blog-post_24.html വലതുപക്ഷ ഏജന്റിന്റെ സംശയരോഗം

A factual error

It is the vigilance court that has ordered a reinquiry into the Palmolein deal. Not the High

Court.

Please correct the error in the otherwise well argued piece.

haha... ithoru asambndham

haha... ithoru asambndham aanennu thonunnu. ingane okke sambavikkumo?