കണ്ണില്‍പ്പെടാത്ത ഭീകരതകള്‍

രാജീവ് ചേലനാട്ട് July 20, 2011

Image Credit : Apoorva Guptay


ഒരു സ്ഫോടനം കൊണ്ട്‌ ഒരു മഹാനഗരത്തിനെയും, അതിലെ ജനത്തെയും ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താമെന്നു കരുതുന്ന ഭീകരവാദത്തിന്റെ ബുദ്ധിക്ക്‌ കാര്യമായ എന്തെങ്കിലും തകരാറുണ്ടായിരിക്കണം. ഭീകരവാദത്തിന്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്‌. ചില നിരപരാധികളെയും അവരുടെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തെയും ഇല്ലാതാക്കാന്‍ അതിനു സാധിക്കും. ജീവിച്ചിരിക്കുന്നവര്‍ക്കുമേല്‍ സ്റ്റേറ്റിന്റെ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടുതല്‍ കര്‍ക്കശമാക്കാനും, സമൂഹത്തിലെ ഒരു വിഭാഗത്തെ സംശയദൃഷ്ടിയോടെ കാണാന്‍ മറ്റൊരു വിഭാഗത്തെ പ്രേരിപ്പിക്കാനും അതിനു സാധിച്ചേക്കാം. എന്നാല്‍ അതിനപ്പുറം, മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒരു സ്വാസ്ഥ്യത്തെയും അത്‌ അലോസരപ്പെടുത്തുന്നില്ല. കാരവന്‍ നീങ്ങിക്കൊണ്ടേയിരിക്കും. കടകളും കമ്പോളങ്ങളും ആള്‍ത്തിരക്കിന്റെ ബഹളങ്ങളും കൊടുക്കല്‍ വാങ്ങലുകളും പിന്നെയും ബാക്കിയാകും. അപ്പോഴൊക്കെ, അവിടെയൊക്കെ ഭീകരവാദം നിസ്സംശയമായും തോല്‍ക്കുകയും ചെയ്യുന്നുണ്ട്‌.

പക്ഷേ ഭീകരവാദത്തിന്റെ പേരില്‍ നമ്മള്‍ നമ്മെത്തന്നെ തോല്‍പ്പിക്കുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്‌. ഇക്കഴിഞ്ഞ ജൂലായ്‌ 14 അത്തരമൊരു മുഹൂര്‍ത്തമായിരുന്നു. മറ്റൊരു സ്ഫോടനപരമ്പരയിലൂടെ നമ്മുടെ സ്വന്തം സര്‍ക്കാര്‍ വീണ്ടും നമ്മളെ തോല്‍പ്പിച്ചിരിക്കുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ രണ്ടര വര്‍ഷത്തിനുശേഷം എവിടെ ചെന്നെത്തിനില്‍ക്കുന്നു? അന്ന്‌ ഇന്ത്യന്‍ മാധ്യമങ്ങളും ഇന്ത്യയിലെ ഉന്നതനീതിപാലകരും സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ വിശ്വസനീയമായ ഒരു ഉത്തരം കൊടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനു കഴിഞ്ഞുവോ? 26/11-ലെ ആക്രമത്തില്‍ പങ്കുവഹിച്ച ഐ.എസ്‌.ഐ.-എഫ്‌.ബി.ഐ ഏജന്റ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ കോലാഹലത്തോടെ പുറപ്പെട്ട്‌ കപ്പലില്‍ പോയ കൂറകള്‍ക്ക്‌ എന്തുപറ്റി? കാര്‍ക്കറയും സലാസ്ക്കറും കാംതെയും കൊല്ലപ്പെട്ടതിലെ നിഗൂഢത പുറത്തുകൊണ്ടുവരുന്നതില്‍ നമ്മള്‍ ശൂരപരാക്രമികള്‍ എത്രമാത്രം വിജയിച്ചു? രാം പ്രധാന്‍ കമ്മിറ്റിയുടെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നില്ലേ? എന്തായി ആ റിപ്പോര്‍ട്ട്‌ ? ഏറ്റവുമൊടുവില്‍, പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലെ രണ്ടുപേര്‍ സ്വന്തം രാജ്യത്ത്‌ സുഖവാസം നടത്തുന്ന വിവരം പുറത്തായപ്പോള്‍ ആരാണ്‌ ജയിച്ചത്‌? ആരാണ്‌ തോറ്റത്‌? ആര്‍ ആരെയാണ്‌ തോല്‍പ്പിച്ചത്‌?

ഏതൊരു സ്ഫോടനത്തിനും ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്ന ഞാഞ്ഞൂളുകളുള്ളിടത്തോളം കാലം നമുക്ക്‌ രക്ഷയുണ്ട്‌. 'അയലത്തെ അദ്ദേഹ'ത്തിനു നേരെ വിരല്‍ ചൂണ്ടിയാല്‍ മതി. എന്തുകൊണ്ടീ ഭീകരാക്രമണങ്ങള്‍ ഒരു തുടര്‍ക്കഥയാകുന്നു എന്ന അസുഖകരമായ ആ ചോദ്യം സ്വയം ചോദിക്കേണ്ടിവരുന്നില്ല. വല്ല്യേട്ടനുമായി ചേര്‍ന്ന്‌ അയല്‍ രാജ്യങ്ങളില്‍ നടത്തുന്ന നമ്മുടെ സ്വന്തം യുദ്ധക്കളിയെ കാണണ്ട. തീരദേശത്തെ സംരക്ഷിക്കാന്‍ വാങ്ങിക്കൂട്ടിയ കാവല്‍ബോട്ടുകള്‍ ഉപയോഗശൂന്യമാക്കി തട്ടിന്‍പുറത്തുവെച്ച്‌, കടല്‍ കടന്നെത്തുന്ന ഭീകരരെ കണ്ടെത്തുന്ന ചുമതല പാവപ്പെട്ട മുക്കുവന്‍മാരെ ഏല്‍പ്പിക്കുന്ന നമ്മുടെ പിടിപ്പുകേട്‌ സാരമാക്കേണ്ടതില്ല. ഒഴിയാബാധപോലെ പിന്തുടരുന്ന കോഴക്കളികളില്‍നിന്ന്‌ പൊതുജനഗര്‍ദ്ദഭത്തിന്റെ ശ്രദ്ധ തിരിക്കാന്‍ തനിച്ചോ, കൂട്ടാളികളോടൊത്തോ നമ്മള്‍ തന്നെ കളിക്കുന്ന കളികളാണോ ഇതൊക്കെയെന്നും ഒന്നും ചോദിക്കേണ്ടിവരുന്നില്ല.

Manipur Protest Image Credit: Flickr@ Akshay Mahajan

നമ്മള്‍ തെളിവുകളും അവശേഷിപ്പിക്കുന്നില്ല. 26/11-ന്റെ മുഴുവന്‍ ചുമതലയും ആ കിറുക്കന്‍ കസബിന്റെ ചുമലില്‍ വെച്ച്‌, ശേഷിച്ച ഒമ്പതുപേരില്‍ ആരെയും ജീവനോടെ പിടികൂടാന്‍ കഴിയാതെ, കൊന്ന്‌, ഇരുചെവിയറിയാതെ അടക്കം ചെയ്തു. തങ്ങള്‍ക്ക്‌ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിനെക്കുറിച്ച്‌ പറയത്തക്ക ഒരു രഹസ്യവിവരങ്ങളും കിട്ടാതെ അതിനെ ഒരു കടങ്കഥയാക്കി മാറ്റി നമ്മളെ നമ്മള്‍ സ്വയം തോല്‍‌പ്പിച്ചു.. ഇപ്പോള്‍ വീണ്ടുമിതാ, ജൂലായ്‌ 14-ലെ പ്രതിയെന്ന്‌ സംശയിക്കപ്പെട്ട് പിടിക്കപ്പെട്ടവനെയും കസ്റ്റഡിയിലിട്ട്‌ നമ്മള്‍ അവസാനിപ്പിച്ചിരിക്കുന്നു. ആരും ഒന്നും അറിയുന്നില്ല. കഥ ഇനിയും ഏറെക്കുറെ ഇതേവിധത്തില്‍ ഇനിയും തുടരുകയും ചെയ്തേക്കാം. ആര്‍ ആരെയാണ്‌ തോല്‍പ്പിച്ചുകൊണ്ടേയിരിക്കുന്നത്‌?

ചില ഭീകരവാദം നമുക്ക്‌ പഥ്യമാണെന്നും ചിലത്‌ വര്‍ജ്ജ്യമാണെന്നും വരുമോ? ആയിരിക്കണം. സല്‍‌വാ ജുദൂമും, മണിപ്പൂരും, ചത്തീസ്‌ഗഢുമൊക്കെ അതാണല്ലോ നമ്മെ പഠിപ്പിക്കുന്നത്. അതെന്തുമായിക്കൊള്ളട്ടെ. ചില ഭീകരവാദത്തിന്‌ അനുമതി നല്‍കുകയും ചില ഭീകരവാദത്തിനെതിരെ നിഴല്‍യുദ്ധം നടത്തുകയും ചെയ്യുന്ന നമ്മുടെ സ്വന്തം ഭീകരതയൊഴിച്ച് മറ്റൊരു ഭീകരവാദത്തിനും ഇന്ത്യയെ ഒരു കാലത്തും തോല്‍‌പ്പിക്കാനാവില്ല.

blast, bomb, Essay, mumbai, state, terror, terrorism, India Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments