വയലാര്‍ അനുസ്മരണം - മനുഷ്യ വിമോചനത്തിന്റെ സര്‍ഗ്ഗ സംഗീതം

നറോദിന്‍ October 27, 2011

Image Credits: MKCM


അവന്‍ സ്നേഹിച്ചത് മനുഷ്യനെ ആയിരുന്നു. ആ തൂലിക അഴിച്ചു വിട്ടത് മാനവിക സര്‍ഗ്ഗശക്തിയുടെ കുതിരയെയായിയുന്നു‌.ആ കുതിരയുടെ കുളമ്പടി താളം തെറ്റിച്ചത്, മര്‍ദ്ദകരുടെയും ചൂഷകരുടെയും ഹൃദയമിടിപ്പുകളെയായിരുന്നു. ആ വരികളുടെ പ്രകമ്പനം തകര്‍ത്തെറിഞ്ഞത്, സാമ്രാജ്യത്തിന്റെ കറുത്ത കോട്ടകളെ ആയിരുന്നു.ആ ഗാനങ്ങളുടെ അകമ്പടിയാല്‍ ഉയര്‍ന്ന പതാകള്‍ക്ക് നിറം, പ്രതിരോധത്തിന്റെ ചുവപ്പ് ആയിരുന്നു. ആ അശ്വമേധത്തില്‍ തകര്‍ക്കപ്പെട്ടത്, മനുഷ്യനെ ബന്ധിക്കാന്‍ ദൈവം യുഗങ്ങളാല്‍ വാര്‍ത്തെടുത്ത ചങ്ങലകളായിരുന്നു.

അവന്‍ കെട്ടുകഥകളില്‍ മനുഷ്യത്വം തിരഞ്ഞപ്പോള്‍, ആര്യവംശം ഞെട്ടി. രാവണന്‍ അച്ഛനായി! സീത മകളായി! രാമന്‍ കാമുകനായി! താടക എന്ന ദ്രാവിഡ രാജകുമാരി, ആദ്യം രാമന്റെ ആദ്യാഭിനിവേശമായി. പിന്നെ ആര്യവംശാധിപത്യത്തിനെ ചോദ്യം ചെയ്തതിന്, നിഷ്കരുണം കശക്കി എറിയപ്പെട്ട വാടാമല്ലി ആയി. താടക വേറൊരു കാലഘട്ടത്തിലെ റോസയാണെന്നും, മനുഷ്യന്റെ ക്രിയാത്മകമായ ഇടപെടലുകളുടെ അഭാവത്തില്‍ ചരിത്രം ഒരു ക്രൂരമായ തമാശ പോലെ പുനരാവര്‍ത്തികുമെന്നും മലയാളി തിരിച്ചറിഞ്ഞു. അങ്ങനെ വര്‍ഗ്ഗീയതയുടെ കോട്ടകളായി നിലകൊണ്ട കെട്ടുകഥകളില്‍ സര്‍ഗ്ഗാത്മകയുടെ കൊടി പാറി.ചരിത്രത്തിന്റെ നോക്കുകുത്തികളായി നിലകൊണ്ട ബിംബങ്ങള്‍ അന്നു തകര്‍ക്കപ്പെട്ടു.

ആ വരികള്‍ കാല്പനികതയുടെ സഹായത്തോടെ സംസാരിച്ചത് മനുഷ്യ മസ്തിഷ്കത്തോടൊ മാംസത്തോടൊ ആയിരുന്നില്ല , മനുഷ്യമനസ്സുകളോട് ആയിരുന്നു. കാല്പനികത പോലും മനുഷ്യനെ വിപ്ലവകാരിയാക്കി മാറ്റാന്‍ കഴിവുള്ള ഒരു മാര്‍ഗ്ഗമാണെന്ന് അന്ന് തെളിഞ്ഞു. കാലത്തിന്റെ തനൂജകളാം ഋതുകന്യകളും,അവര്‍ ലാളിച്ചു വളര്‍ത്തിയ വൃക്ഷങ്ങളും, ആ വൃക്ഷങ്ങള്‍ക്ക് ചുറ്റും മിന്നിക്കെടുന്ന മിന്നാമിനുങ്ങി തിരികളുമായി അലയുന്ന കാനനകന്യകളും, അവരെ ഓര്‍ത്ത് വനനദീതീരത്ത് സുരഭിയാം തെന്നലിന്‍ തലോടല്‍ ഏറ്റ് സ്വപ്നം കണ്ട് ഉറങ്ങുന്ന കാമുകന്‍മാരും, മനുഷ്യന്റെ സര്‍ഗ്ഗശക്തി പടുത്തുയര്‍ത്തിയ സംസ്കാരത്തിന്റെ അളകാപുരികളും, കലയുടെ അമരാവതികളും മലയാളിക്ക് സുപരിചിതമായി.

ആ തൂലിക മലയാളിയുടെ മനസ്സിനു ചിറകുകള്‍ സമ്മാനിച്ചു. പ്രപഞ്ചഗോപുര വാതില്‍ തുറന്നു അത് സ്വതന്ത്രമായി പാറി നടന്നു. ഗംഗയും, യമുനയും, ബ്രഹ്മപുത്രയും, വോള്‍ഗയും, നൈലും, യൂഫ്രെറ്റീസും, യാങ്ങ്ത്സിയും എല്ലാം മാറ്റത്തിന്റെ സന്ദേശവാഹകരാം സഖാക്കളായി. ഗന്ധമാദനഗിരിയും, വിന്ധ്യാചലനും, ഹിമവാനും ദൈവത്തിനെതിരെയുള്ള മനുഷ്യന്റെ ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളായി. മലയാളിയുടെ വിപ്ലവബോധം മനുഷ്യനിര്‍മ്മിതമാം അതിര്‍വരമ്പുകള്‍ ഭേദിച്ചു. അറിയാത്ത നാടുകളില്‍, കാണാത്ത കുടിലുകളില്‍, അറിയപ്പെടാതെ വളര്‍ന്ന്, മരണത്തിന്നപ്പുറം വാഗ്ദാനം കിട്ടിയ മധുരത്തിനായി മരിച്ചവരെ ഓര്‍ത്ത് വിലപിച്ച് എഴുതിയ ഗാനങ്ങള്‍ വിപ്ലവത്തിന്റെ ശംഖൊലിയായി. ആ കവിതകളിലും ഗാനങ്ങളിലും നിറഞ്ഞ വര്‍ഗ്ഗവര്‍ണ്ണരഹിതമായ ഒരു നാളെയെക്കുറിച്ചുള്ള ചിന്ത തോക്കിനേയും ലാത്തിയേയും വക വയ്ക്കാതെ, ഒരു പറ്റം കയര്‍തൊഴിലാളികള്‍ക്ക് കുതിക്കാനുള്ള ശകതി നല്‍കി. മുദ്രാവാക്യങ്ങള്‍ മുഴക്കി, രക്തം ചീന്തി, മനുഷ്യന് തലചായ്ക്കാന്‍ ഇടം കൊടുക്കാത്ത അടിമത്തത്തിന്റെ വ്യവസ്ഥിതിക്ക് എതിരെ അവര്‍ പ്രതികരിച്ചു. ആ വ്യവസ്ഥിതിയുടെ തകര്‍ച്ച അവിടെ തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു.

മനുഷ്യന് കണ്ണ് തുറക്കാത്തെ ദൈവങ്ങളുടെ മേല്‍ മേല്‍ക്കൈ നേടി തന്നിട്ട് അവന്‍ ഇന്ദ്രധനുസ്സിന്റെ തീരം തേടി യാത്രയായി. അവന്റെ ചൈതന്യവീചികള്‍ മായുന്നില്ല! മായാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല!

Kerala, obituary, Literature, Remembrance Share this Creative Commons Attribution-ShareAlike 3.0 Unported

Reactions

Add comment

Login to post comments

Comments

സമാനമായ ലേഖനങ്ങള്‍