കേരളത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച്, ബഹുമാനപ്പെട്ട ധനമന്ത്രി കെ.എം. മാണി ഇന്ന് ധവളപത്രം പുറത്തിറക്കുകയുണ്ടായി. 10197 കോടി രൂപയുടെ കമ്മിറ്റഡ് ചെലവുകള്‍ക്കായി 5133 കോടി രൂപയേ വകയിരുത്തിയിട്ടുളളൂ എന്നാണ് ധവളപത്രത്തിലെ ഗൗരവമായ ആരോപണം. ഏപ്രില്‍ 1-ന്റെ ട്രഷറി മിച്ചം 3884 കോടി രൂപയായിരുന്നു എന്ന് ധവളപത്രം സമ്മതിക്കുന്നുണ്ട്. തലേവര്‍ഷം കൊടുത്തു തീര്‍ക്കേണ്ട കുറച്ചു ഡ്രാഫ്‌റ്റുകള്‍ ഏപ്രില്‍ മാസത്തിലാണ് മാറിക്കൊടുക്കുക. ഇതിനു വേണ്ടി വരുന്ന തുക മാറ്റിവെച്ചാല്‍ പോലും ചുരുങ്ങിയത് 2500 കോടിയെങ്കിലും ട്രഷറിയില്‍ മിച്ചമായി പുതിയ ധനമന്ത്രിയ്‌ക്ക് കിട്ടിയിട്ടുണ്ട്.
എണ്ണ വിലവര്‍ദ്ധനയെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിച്ചുപറിയ്ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഇരമ്പുമ്പോള്‍ സംസ്ഥാനത്തിന്റെ അധികവരുമാനം വേണ്ടന്നു വെച്ച തന്റെ തോളില്‍ തട്ടി ആരും നല്ല വാക്കു പറയുന്നില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപ കൂട്ടിയപ്പോള്‍ രണ്ടിനും കൂടി 1.97 രൂപയാണ് കേരളം വേണ്ടെന്നു വെച്ചത്. എന്നാലും കേന്ദ്രം വര്‍ദ്ധിപ്പിച്ച തുക മുഴുവനും ജനം നല്‍കിയേ പറ്റൂ. നാമമാത്രമായ നികുതി ഇളവിന്റെ ആളാംപ്രതി ആനുകൂല്യം കേന്ദ്രത്തിന്റെ വര്‍ദ്ധനയുമായി തട്ടിക്കുമ്പോള്‍ എത്രയോ തുച്ഛമാണ്.
അധികാരം വികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണ വകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരാവട്ടെ അതതു തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു കീഴില്‍. ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍; മൂന്നു ഉദ്യോഗസ്ഥ കേഡറുകള്‍; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു സമാന്തരമായി ഗ്രാമവികസന വകുപ്പ്. പ്രത്യക്ഷത്തില്‍ തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍.